Sunday, 25 February 2024

വേര്

                           

                            നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ, ഉരുണ്ടു കൂടിയൊരു ചാലായി ഇരു കവിളുകളിലൂടെ താഴേക്കൊഴുകി, പറ്റെ വെട്ടിയ മുടിയിഴകൾക്കിടയിലൂടെ ഒഴുകിവന്ന വിയർപ്പു ചാലുകളുമായി ചേർന്ന് കുമ്പിട്ടു നിന്നിരുന്ന അയാളുടെ താടിയിലൂടെ മണ്ണിലേക്ക് ഇറ്റു വീണു.പല കൈവഴികൾ ഒന്നായ് ചേർന്നൊഴുകുന്ന പുഴ പോലെയായിരുന്നു അയാളുടെ ശരീരമപ്പോൾ. സൂര്യൻ താപാഗ്നി കൊണ്ട് അയാളെ ദഹിപ്പിക്കാനെന്നവണ്ണം ജ്വലിച്ചു കൊണ്ടേയിരുന്നു. അയാളുടെ എണ്ണക്കറുപ്പുള്ള ശരീരത്തിലൂടെ എണ്ണമില്ലാത്ത വിയർപ്പിൻ്റെ കൈവഴികൾ രൂപപ്പെട്ടു. അയാളുടുത്തിരുന്ന കൈലി പുഴയിൽ മുങ്ങിക്കയറിയത് പോലെ നനഞ്ഞിരുന്നു. മൺവെട്ടി പലവട്ടം ഉയരുകയും ശക്തിയോടെ മണ്ണിൽ പതിയുകയും ചെയ്തു. മണ്ണിളക്കം തീരെ കുറഞ്ഞിരുന്നതിനാൽ അയാളുടെ ദൗത്യം ഏറെ ദുഷ്കരമായി ഭവിച്ചു. അയാളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കുവാൻ അപ്പോൾ സൂര്യനെന്നല്ല യാതൊരു പ്രാപഞ്ചിക ശക്തിക്കും സാധ്യമല്ലായിരുന്നു.

      മൺവെട്ടിയുടെ ഒരോ ഉയർച്ചതാഴ്ചകളിലും അല്പാല്പമായി ഇളകിത്തെറിച്ച മണ്ണ് അയാൾ തൻ്റെ കരങ്ങൾ കൊണ്ട് വശങ്ങളിലേക്ക് മാറ്റി. മണ്ണ് പറ്റിയ കൈത്തലം കൊണ്ടയാൾ നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റി മൺവെട്ടി കൈയിലെടുത്ത് കർമ്മോത്സുകനായി. കഠിനപ്രയത്നത്തിൻ്റെ ഫലമെന്നോണം ,ഒടുവിൽ വന്മരത്തിൻ്റെ തായ് വേര് മണ്ണിലേക്കാണ്ട് കിടക്കുന്നതയാൾ കണ്ടു. ഭ്രാന്തമായ ആവേശത്താൽ അയാൾ വീണ്ടും വീണ്ടും മണ്ണിൽ ആഞ്ഞു വെട്ടി. മണ്ണാഴങ്ങളിലേക്ക് പടർന്നിറങ്ങുന്ന വേരുകൾ, അയാളുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ഓർമ്മകളുടെ വേരുകൾ പടർന്നിറങ്ങിയത് പോലെ.

                           ആളൊഴിഞ്ഞ ആ പറമ്പിനടുത്തു കൂടിയുള്ള മൺവഴിയിലൂടെ നടന്നു വന്ന ചിലർ ഒളികണ്ണിട്ടും മറ്റു ചിലർ  ഒളിക്കാതെയും അയാളുടെ പ്രവർത്തിയെ നോക്കി നിന്നു. അവരുടെ ലക്ഷ്യത്തെ മറന്നു കൊണ്ടോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം തങ്ങൾക്ക് നൽകുന്ന തൃപ്തി നേടിയെടുക്കാൻ വേണ്ടിയോ പരിസരവാസികൾ പൊറുതിമുട്ടി.

                അടക്കിയിട്ടും അടങ്ങാത്ത പൊറുതിമുട്ടൽ സഹിക്കവയ്യാതെ പരിസരവാസികളായ ദേവകിയും ഭർത്താവ് സഹദേവനും കൂടി അയാൾക്കരികിലെത്തി. ദേവകി മുണ്ടിൻ്റെ കോന്തലയിൽ വച്ചിരുന്ന പാക്കും വെറ്റിലയും വായിൽ തിരുകി ചവച്ചു കൊണ്ട് ,  ചുണ്ടിൻ്റെ കോണിലൂടെ ചുവന്ന വായ് നീരൊലിപ്പിച്ച് കൊണ്ട് കണ്ണ് കൂർപ്പിച്ച് ഒരു നീട്ടിത്തുപ്പലോട് കൂടി " ത് ഫുമതീടെ മോനല്ലേയിത്, ഇവനല്ലെ കൽക്കത്തേലെങ്ങാണ്ട് പണി കിട്ടിപ്പോയത്" എന്ന് സഹദേവനോട് ചോദിച്ചു.

അപ്പോഴേക്കും അവരിരുവരെയും പിൻപറ്റി അവിടെയെത്തിയ ചിലർ ഉത്തരം കിട്ടിയ സമാധാനത്തില്. " ഓ, കോമ്പാറക്കുന്നിലെ സുമതീടെ മോൻ"എന്ന് ആത്മഗതം ശബ്ദത്തിലാക്കി.

പക്ഷെ അപ്പോഴുണ്ട് ഒരു ഉപചോദ്യം ശാന്തമായ വെള്ളത്തിനടിയിൽ നിന്നും കുമിള പൊങ്ങി വന്ന് പൊട്ടുന്നത് പോലെ ദേവകിയുടെ കണ്ഠനാളത്തിൽ നിന്നും പൊട്ടി"ഓനെന്തിനാപ്പാ ഈടെയിപ്പോ കെളക്കണത് ?  "

ആ വാക്കുകൾ അയാളിൽ ഒരു നേരിയ ചലനം പോലും ഉണ്ടാക്കിയില്ല. അവ ഒരു ചെവിയിലൂടെ കയറി മറു ചെവിയിലൂടെ വായുവിൽ വിലയം പ്രാപിച്ചു.                 '

       പറഞ്ഞു വന്ന കഥയവിടെ നിക്കട്ടെ. ഇതേ സമയം കൽക്കത്തയിൽ സുമതിയുടെ മോൻ ശിവശങ്കറിൻ്റെ ആത്മസുഹൃത്തായ സജീവൻ സ്റ്റേഷനിൽ നിന്നും വണ്ടികയറുന്നു. അയാളുടെ നാടായ പത്തനംതിട്ടയിൽ പോയിട്ട് കുറച്ചധികം നാളുകളായെങ്കിലും സജീവൻ്റെ യാത്രോദ്ദേശ്യം മറ്റൊന്നായിരുന്നു. ശിവശങ്കർ നാട്ടിലേക്ക് പോയിട്ട് രണ്ടാഴ്‌ചയായിരിക്കുന്നു. അവൻ്റെ യടുത്ത് എത്തണം,എത്രയും പെട്ടെന്ന് .  തീവണ്ടിയാത്രകൾക്കിടയിൽ ജനലിലൂടെ പാഞ്ഞു പോയ കോഴിക്കോടൻ ദൃശ്യങ്ങളല്ലാതെ അയാളുടെ മനസ്സിൽ കോഴിക്കോടിൻ്റെ മറ്റൊരു ചിത്രവും പതിഞ്ഞിട്ടില്ല.എന്നാലും മുൻകൂട്ടിപ്പറയാതെ, ശിവ പ്രതീക്ഷിക്കാത്തൊരു നേരത്ത് അവന് മുന്നിൽ പ്രത്യക്ഷപ്പെടുക"അതാണപ്പോൾ സജീവൻ ആഗ്രഹിച്ചത്.

തീവണ്ടി കുറച്ചു നേരം പതുക്കെ നീങ്ങി, ഇപ്പോൾ അതിവേഗം കൈവരിച്ച് കഴിഞ്ഞു. കൽക്കത്താ കാഴ്ചകൾ അകന്നു പോയ് ക്കൊണ്ടിരുന്നു. അതിവേഗം മിന്നി മറയുന്ന കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് പായുമ്പോഴും , സജീവൻ്റെ  ചിന്തകൾ ശിവയെ ചുറ്റിപ്പറ്റിയായിരുന്നു. ശിവക്ക് എന്നും നൂറുനൂറു കഥകൾ ഉണ്ടായിരുന്നു പറയാൻ.ഓർമ്മച്ചെപ്പുകളിൽ സൂക്ഷിച്ചു വെയ്ക്കാൻ ഉള്ള രസകരമായ ഒരു അനുഭവവും കുട്ടി കാലത്ത് ഇല്ലാതിരുന്ന സജീവന്  ശിവയുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ കൗതുകകരങ്ങളായി അനുഭവപ്പെട്ടു.

 ഉയർന്നു നിൽക്കുന്ന ഒരു പാറപ്പുറത്തുള്ള ശിവയുടെ വീടും, ആ പാറമേൽ ശിവ പല തരം കല്ലുകൾ കൊണ്ട് കോറി വരച്ചിരുന്ന ചിത്രങ്ങളും., ദൂരെ വെള്ളമെടുക്കാൻ പോയിരുന്ന കനാലും , കൂട്ടുകാരൊപ്പം വൈകുന്നേര ങ്ങളിൽ കുളിക്കാനിറങ്ങുന്ന വലിയ  കുളവും എല്ലാം സജീവൻ്റെ മനസ്സിൻ്റെ ക്യാൻവാസിൽ മിഴിവുള്ള ചിത്രങ്ങളായി.ശിവപാറമേൽ വരച്ചിരുന്ന ചിത്രങ്ങൾക്ക് ആരാധകരുണ്ടായിരുന്നത്രേ! ആ പ്രദേശത്തെ ആളുകളൊക്കെ അവൻ്റെ മോഡലുകളായിരുന്നത്രേ! എന്തിനേറെ പറയുന്നു, അവൻ കോമ്പാറക്കുന്നിൻ്റെ രവിവർമ്മയായിരുന്നു.

ശിവ അച്ഛൻ്റെ തോളിലേറി ദൂരെ കുന്നിൻ്റെ താഴ്വരയിലെ കാവിലെ ഉത്സവം കണ്ടിരുന്നതും, അവൻ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്നതും അവന് ഏറ്റവും ഇഷ്ടപ്പെട്ട തേനൂറുന്ന മാമ്പഴം അച്ഛൻ കൊണ്ട് കൊടുക്കുന്നതും ഒക്കെ അവൻ പറയുമ്പോൾ സജീവന് അവനോട് ചെറിയ അസൂയ തോന്നിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ഉത്സവത്തിന് തന്നെ അച്ഛൻ കൊണ്ടുപോയിട്ടില്ല, എന്ന് മാത്രമല്ല, നിസാരകാര്യങ്ങൾക്ക് പോലും കഠിനമായ ശിക്ഷകൾ ആണ് തനിക്ക് അച്ഛൻ തന്നിരുന്നത്..

     സ്റ്റേഷനിൽ വന്നിറങ്ങിയ സജീവൻ ആദ്യം കണ്ട ചായക്കടയിൽ നിന്നൊരു കട്ടൻ ചായ കുടിച്ചു. ശിവ പറഞ്ഞ കഥകളിൽ നിന്നും പഠിച്ച വഴികളിലൂടെ സജീവൻ വിളിച്ച ടാക്സികാർ നീങ്ങിക്കൊണ്ടിരുന്നു.
"" സാറേ... സാർ ഇവിടെഇറങ്ങിക്കോ..ഇനിയങ്ങോട്ട്കാറു പോവൂല''പേഴ്സിൽ നിന്നും ഡ്രൈവർ ആവശ്യപ്പെട്ട തുകയെടുത്ത് കൊടുത്തുകൊണ്ട് തോളിൽ ബാഗും  തൂക്കി അയാൾ മുന്നോട്ട് നീങ്ങി.
" അമ്മാവാ...ഇവിടെ ഓട്ടോ കിട്ടുന്ന സ്ഥലമെവിടെയാ?"
കുറച്ചൂടെ മുന്നോട്ട് നീങ്ങി വലത്തോട്ട് തിരിഞ്ഞാ മതി'യെന്ന് എതിരെ വന്ന പ്രായമായയാൾ പറഞ്ഞു.
ഓട്ടോയിൽ, മുന്നോട്ട് നീങ്ങും തോറും ശിവ പറഞ്ഞിരുന്ന കനാലും, പിന്നെ കുളവും ദൂരെയായി കുന്നും ദൃശ്യമായി. ശിവയുടെ വാക്കുകൾ സജീവൻ്റെ മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ , പ്രകൃതിയൊരുക്കിയ ക്യാൻവാസായി അയാൾക്കുമുന്നിൽ.
"ആ ദൂരെ കാണുന്ന കുന്നിൻമേലെ വീട്ടിൽ താമസിക്കുന്ന ശിവശങ്കറിൻ്റെ കൂട്ടുകാരനാ ഞാൻ, ഒരു സുമതീടെ മകൻ. അച്ഛൻ്റെ പേര്, ദിവാകരൻ. അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോ രണ്ടാഴ്ച മുമ്പാ അവൻ്റെ അച്ഛൻ മരിച്ചത്."

"ഓൻ ഇപ്പോ ഇവിടെ ഇല്ലല്ലോ" എന്ന് ഓട്ടോക്കാരൻ. പിന്നെ ഒന്ന് സംശയിച്ച്..." അല്ലാ... സുമതി യേച്ചി രണ്ടു വർഷം മുൻപ് മരിച്ചു. പക്ഷേ ഓൻ്റെ അച്ഛൻ പണ്ടേ മരിച്ചതാ. ഓനിപ്പോ വടക്കെങ്ങാണ്ടാ ജോലി. സുമതിയേച്ചി മരിച്ചേ പിന്നെ വീടു പൂട്ടിയിട്ടേക്കാന്നാ കേട്ടത്.
അപ്പോഴേക്കും ഒരമ്പത് മീറ്റർ കൂടി വണ്ടി നീങ്ങിയിരുന്നു.
"ഇനി ഇങ്ങള് നടന്നു കേറിക്കോളീ '
ഓട്ടോക്കാരൻ മനസ്സിലേക്ക് കുത്തിത്തിരുകിയ ചോദ്യച്ചിഹ്നവുമായി സജീവൻ കല്ലൊതുക്കുകൾ ചവിട്ടിക്കയറി. ആ വീട്ടിലേക്ക് കയറിച്ചെന്നു.

ആഞ്ഞു വീശിയിരുന്ന കാറ്റിൽ കണ്ണിലേക്ക് വീണ മുടിയെ പുറകോട്ടൊതുക്കി അയാൾ ചുറ്റും നോക്കി. അങ്ങിങ്ങായി കുറച്ചു ചെറിയ വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ, ദൂരെ താഴ്വാരത്തിൽ ചെറിയ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നും ചെറിയ ശബ്ദത്തിൽ അലയടിച്ചെത്തുന്ന ഭക്തിഗാനം. അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ  ക്ഷേത്രത്തിൽ കെട്ടിയ തോരണങ്ങൾ തിളങ്ങുന്നുണ്ട്. സമീപത്തെ ചില വീടുകളിലെ കണ്ണുകൾ ചോദ്യ ചിഹ്നങ്ങളായി. ആ വീടിൻ്റെ മുൻവാതിൽ തുറന്നു കിടന്നിരുന്നു.
സജീവൻ ഉമ്മറത്തേക്ക് കയറി, തുറന്ന കിടന്ന വാതിലിലൂടെ അകത്ത് മേശമേൽ വച്ചിരിക്കുന്ന ദൈവത്തിൻ്റെ ചിത്രങ്ങളും, നിലവിളക്കും, മേശക്കടുത്തായി ചുമരിനോട് ചേർത്ത് വച്ചിരിക്കുന്ന ചെറിയ പീഠത്തിന്മേൽ ചുവന്ന തുണികൊണ്ട് വായ് മൂടിക്കെട്ടിയ ചെറിയ മൺകുടവും കണ്ടു.

സജീവൻ്റെ ചിന്തകൾ സങ്കൽപലോകത്തേക്ക് പായുന്നതിന് ഇടവരുത്താതെ വീടിൻ്റെ ഇടതുവശത്തെ മുറ്റത്ത് നിന്ന് ഒരു കൈലിയും കൈയില്ലാത്ത ബനിയനും ധരിച്ച, ശിവശങ്കർ കയറി വന്നു.

"എനിക്കറിയാമായിരുന്നു, നീ വരുമെന്ന്, നമുക്ക് നാളെ പോണം തിരുനെല്ലിയിൽ. അച്ഛൻ്റെ ചിതാഭസ്മം നാളെ ഒഴുക്കണം"
ബ്രഹ്മഗിരിക്കാടുകളിൽ നിന്നു ഒഴുകി വരുന്ന കണ്ണുനീർ തെളിമയുള്ള കുളിർജലം. മരങ്ങളേയും, ഇലകളെയും പാറകളെയും തഴുകിയിറങ്ങി വരുന്ന പുണ്യതീർത്ഥം. പാപനാശിനിയുടെ കുളിരിൽ, നിക്ഷേപിച്ച് കാവേരിയിലേക്ക് ആ ഭസ്മം ഒഴുകുമ്പോൾ ,ആ തീർത്ഥത്തിൽ മുങ്ങി നിവരുമ്പോൾ ശിവശങ്കറിൻ്റെ മനസ്സിലെ കനത്ത് നിന്ന ചിന്താഭാരം ഒഴുകി പോയ് മനസ് ശാന്തമായി.
പ്രശാന്തമായ മനസ്സോടെ ശിവയും , ചിന്താഭാരത്തോടെ സജീവനും തിരിച്ച് യാത്ര ചെയ്തു. ശിവയുടെ വീട്ടിലെ മുൻവശത്തെ മുറിയിലെ കട്ടിലിൽ ഇരിക്കാൻ സജീവനോട് ആംഗ്യം കാണിച്ചു കൊണ്ട് ശിവ അകത്തെ മുറിയിൽ പോയി ഫ്രയിം ചെയ്ത ഒരു ചിത്രം എടുത്ത് കൊണ്ട് വന്ന് ദൈവങ്ങളുടെ ചിത്രങ്ങൾക്കടുത്ത് വച്ചു. അതിൽ ഒരു മാലയിട്ടു. 
"ഇതെന്താണ് ശിവ..എനിക്കൊന്നും മനസ്സിലാകുന്നില്ല"
"എനിക്കറിയാം, നിനക്ക് ഇപ്പോ എന്നോട് ചോദിക്കാൻ ഒരു പതിനായിരം ചോദ്യം കാണുമെന്ന്"

അർദ്ധവിരാമത്തിനു ശേഷം ശിവ തുടർന്നു. എനിക്കന്ന് ആറു വയസ്സ്, ഒന്നാം തരത്തിൽ പഠിക്കുമ്പോഴാണ് എന്നാണ് ഓർമ്മ. ഉച്ചക്ക് സ്കൂളിലെ കഞ്ഞി കുടിക്കാനായി കൈ കഴുകി വന്നിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ നാരായണമാമൻ വന്ന് കൈപിടിച്ച് വലിച്ചോണ്ട് പോണത്. എനിക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലായില്ലെന്നല്ല, എന്നോട് ആരും ഒന്നും പറഞ്ഞില്ല.  പ്രാതൽ കഴിക്കാൻ ഒന്നുമില്ലാതിരുന്നത് കൊണ്ട് നല്ല വിശപ്പായിരുന്നു. കഞ്ഞി കുടിക്കാൻ കഴിയാഞ്ഞതിലെ വിഷമവും വിശപ്പും കൂടി എന്നെ വരിഞ്ഞു മുറുക്കി. വീടെത്തിയപ്പോ അമ്മ കരഞ്ഞോണ്ടിരിക്കുന്നു..ആരും എന്നോടൊന്നും പറഞ്ഞില്ല. ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ഞാനും"
വിശന്നിട്ടാണെങ്കിൽ ഒരു നിവൃത്തിയും ഇല്ല. അടുക്കളയിൽ പോയി കലത്തിൻ്റെ മൂടി തുറന്നു നോക്കി. കാലി. അടുപ്പിനടുത്ത് കമിഴ്ത്തി വച്ചിരുന്ന തേങ്ങാമുറിയെടുത്ത് കടിച്ചു കുറച്ച് കാരിത്തിന്നു. മൺകൂജയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ച് തിരിയെ ഉമ്മറത്തെത്തിയപ്പോഴാണ് ഞാൻകണ്ടത്,"......വേണ്ട ഇനിയതൊന്നും പറഞ്ഞിട്ടു കാര്യമില്ല

" നീ പറ... മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്ക്"

ശിവ തുടർന്നു"പിന്നീടൊരു ദിവസം സ്കൂളിൽ പോകും വഴി എൻ്റെ കൂട്ടുകാരൻ കുട്ടനാണ് പറഞ്ഞത്" എടാ ശിവാ... ഈ മാവിലാടാ.... നിൻ്റെ അച്ഛൻ തൂങ്ങിയത്"
എത്ര നേരം ആ മരത്തിനടുത്ത് നിന്നു എന്ന് എനിക്കോർമ്മയില്ല. ആ മാവിനെ ഞാൻ കെട്ടിപ്പിടിച്ചു. ആ മാവിൽ എൻ്റെ അച്ഛൻ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു.
പിന്നീടങ്ങോട്ട്........ ആ മാവ് ചില്ലകളാൽ എന്നെ ചേർത്ത് പിടിച്ചു, ആ മാവിൻ്റെ ഉയർന്ന കൊമ്പുകളിൽ കയറിയിരുന്ന് ഞാൻ താഴെക്കാവിലെ ഉത്സവം കണ്ടു.


മാവിലെ കിളികളോടും അണ്ണാറക്കണ്ണന്മാരോടും ചങ്ങാത്തം കൂടി. എനിക്ക് വിശക്കുന്നോൾ എനിക്ക് തേനൂറുന്ന മാമ്പഴം പൊഴിച്ചു തന്നു. മാവിൻ്റെ ശിഖരത്തിൽ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങി. എന്നെ ചിലർ ഭ്രാന്തനെന്ന് വിളിച്ചു.അച്ഛൻ്റെ രൂപം എനിക്ക് ഓർമ്മയില്ല, ഒരു ഫോട്ടോ പോലും ഇല്ല.
ഒന്നു നിർത്തി. ശിവ തുടർന്നു. 
രണ്ടാഴ്ചക്കു മുന്നേ എനിക്ക് ഇവിടെ നിന്ന് റേഷൻ കട നടത്തുന്ന കുട്ടൻ്റെ, എൻ്റെ ആ കുട്ടിക്കാല സുഹൃത്തിൻ്റെ കോൾ വന്നു" എടാ.... ആ മാവ് അവര് മുറിച്ചെടാ... ആ പറമ്പിൻ്റെ ഉടമസ്ഥൻ ജോലീന്നൊക്കെ പിരിഞ്ഞു വന്നു. ഇവിടെ വീട് വയ്ക്കാൻ പോണത്രേ. ആ മാവിരിക്കണ സ്ഥാനത്താടാ അവർക്ക് കിണറിന് സ്ഥാനം കണ്ടത്. നീ പെട്ടെന്നിങ്ങ് വാ"

ശിവ സജീവനെ നോക്കി കണ്ണിറുമ്മി കൊണ്ട് " നീയെന്തിനാ കരയുന്നേ?" ഭാഗ്യത്തിന്, അവര് കിണറ് കുഴിക്കും  മുമ്പ് എനിക്കിവിടെ എത്താനും ആ മാവിൻ്റെ വേര് എടുക്കാനും സാധിച്ചു. ഞാനിപ്പോ സന്തോഷവാനാണ്, അച്ഛന് മോക്ഷം കിട്ടിക്കഴിഞ്ഞു."
സജീവൻ മാവിൻ്റെ ഫ്രെയിം ചെയ്ത് മാലയിട്ട ചിത്രത്തിലേക്ക് ഒന്നു കൂടി നോക്കി.





'

No comments:

Post a Comment