Monday, 25 November 2024

എഴുത്തുകാരൻ

                                     എഴുത്തുകാരൻ കടലാസും പേനയുമായി എഴുതാനിരുന്നിട്ട് മണിക്കൂറുകൾ പിന്നിട്ടു. പക്ഷെ ഒരു വരി പോലും അയാളുടെ തൂലിക ത്തുമ്പിൽ നിന്നും പിറവിയെടുത്തില്ല. ഉറവവറ്റിയ പുഴപോലെ, വരണ്ടു വീണ്ടു കീറിയ വയൽപോലെ. കുറച്ചു നാളുകളായി അയാളുടെ സ്ഥിതി ഇതിൽ നിന്ന് വിഭിന്നമല്ല. പണ്ടൊക്കെ അയാളുടെ മനസ്സിൽ ആശയങ്ങളുടെ പെരുമഴ യായിരുന്നു, കഥാപാത്രങ്ങളുടെ തിരതള്ളലുകളായിരുന്നു, അങ്കം വെട്ടലു കളായിരുന്നു. ആ അങ്കത്തിൽ ജയിക്കുന്നവർ ആദ്യമാദ്യം അയാളുടെ തൂലികത്തുമ്പിലൂടെ പിറന്നു വീണു. ആയാളാ പേറ്റുനോവിൻ്റെ സുന്ദരാലസ്യ ത്തിൽ മതി മറന്നങ്ങനെ കിടക്കുമായിരുന്നു. ഇന്നിതാ കളി തീർന്ന അരങ്ങു പോലെ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ അയാളുടെ മനസ്സ് ശൂന്യമായിരി ക്കുന്നു. അരങ്ങൊഴിഞ്ഞു പോയ കഥാപാത്രങ്ങളുടെ അങ്കം വെട്ടലുകൾ ഏല്പിച്ച പോറലുകൾ നീറുന്ന നൊമ്പരങ്ങളായി പരിണമിച്ചിരിക്കുന്നു.

                                ഇറങ്ങി നടക്കുക തന്നെ, ലക്ഷ്യം നിശ്ചയിക്കാതെ നടക്കുക, കാലുകൾ നയിക്കുന്നിടത്തേയ്ക്ക്. നടത്തത്തിനിടയിൽ തൻ്റെ ചുറ്റുമുള്ള കാഴ്ചകളിൽ നിന്ന് ,തൻ്റെ യുള്ളിൽ ഒരു കഥാബീജം പാകപ്പെടുമെന്നും കഥാപാത്രത്തെ ഗർഭം ധരിക്കുമെന്നും അയാൾ മോഹിച്ചു. തൻ്റെ യുക്തിയുടെ പോഷണത്താൽ ആ ബീജം വളർച്ച പ്രാപിക്കുമെന്നും ഗർഭാലസ്യത്തിനൊ ടുവിലായി ഉത്തമലക്ഷണങ്ങളോടു കൂടിയ ഒരു കഥയുടെ പിറവിയുണ്ടാകു മെന്നും അയാൾ മോഹിച്ചു.

                               മുറ്റത്ത് കിടന്ന വള്ളിച്ചെരുപ്പിലേക്ക് പാദങ്ങൾ തിരുകിക്കയറ്റി അയാൾ നടന്നു. നടത്തം മറന്ന ശൂന്യാകാശ സഞ്ചാരിയേ പോലെ കാലുകൾ നിലയുറയ്കാത്തത് പോലെ. അയാൾ നിരത്തുകളിലൂടെ നടന്നിട്ട് കാലമേറെയാ യിരിക്കുന്നു. കഴിഞ്ഞ വർഷം നഗരഹൃദയത്തിലുള്ള വനിതാകോളേജിലെ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു ശേഷം പൊതുപരിപാടികൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. അതിനുശേഷം കണ്ണുകളുടെ കാഴ്ചയെ പരിശോധിക്കാനും മങ്ങിത്തുടങ്ങിയ കാഴ്ചകൾക്ക് മേൽ പുതിയ ലെൻസിൻ്റെ തെളിച്ചം സ്ഥാപി ക്കാനുമായി ഒരു ഒഫ്താൽമോളജി സ്റ്റിറ്റിനെ കാണാനുമാണ് പിന്നീട് പോയത്.

                         വഴി വിജനമായിരുന്നു. കുറച്ച് നേരം പിന്നിട്ടിട്ടും നിരത്തി ലൊന്നും ആരെയും കാണാത്തതിൽ അയാൾ അദ്ഭുതപ്പെട്ടു. എത്ര നേരം നടന്നെന്നോ എത്രദൂരം താണ്ടിയെന്നോ അപ്പോൾ അയാൾ അറിയുന്നുണ്ടാ യിരുന്നില്ല.ദൂരേയ്ക്ക് നോക്കുമ്പോൾ ആ വഴി ഒരു മതിലിൽ ചെന്നവസാനി ക്കുന്നത് പോലെ തോന്നിയെങ്കിലും നടന്നവിടെയെത്തിയപ്പോൾ അതൊരു വളവാണെന്ന് മനസ്സിലായി.ആ വളവ് തിരിഞ്ഞപ്പോൾ കണ്ടത്, ഒരു വലിയ കയറ്റമാണ്. ആ കയറ്റത്തിലൂടെ നടത്തം തുടരണോ അതോ തിരിഞ്ഞു നടക്കണോ എന്നയാൾ ചിന്തിക്കുമ്പോഴേക്കും അയാളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന വിധത്തിൽ വികൃതമായ ഒരു ശബ്ദം അയാളുടെ കാതിൽ വന്ന് പതിഞ്ഞു.

                            അയാൾ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. ഒരു മുച്ചക്രവണ്ടിയിൽ രണ്ടു കാലുകൾക്കും ഒരു കൈക്കും സ്വാധീനമില്ലാത്ത ഒരാൾ. തൻ്റെ സ്വാധീനമുള്ള ഇടം കൈ കൊണ്ട് തിരിക്കാവുന്ന ഒരു പെടൽ തിരിച്ചാണ് ആ മുച്ചക്രവണ്ടിയിൽ അവിടെ വരെയെത്തിയത്. മുന്നിലുള്ള കയറ്റമെന്ന കടമ്പ കടക്കണമെങ്കിൽ അയാളുടെ ഇടം കയ്യുടെ ബലമോ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനോബലമോ മാത്രം പോര, ആരെങ്കിലും പിന്നിൽ നിന്ന് തള്ളിക്കൊടുത്താലേ പറ്റൂ. മുച്ചക്രവണ്ടിക്കാരൻ അർത്ഥ മില്ലെന്ന് തോന്നിപ്പിക്കുന്ന വികൃതമായ ശബ്ദങ്ങൾ വീണ്ടും പുറപ്പെടുവിച്ചു. അയാളുടെ വായിലെ മുൻനിര പല്ലുകളിലേറെയും പുഴുക്കുത്ത് വീണ് കറുത്തിരുന്നു. എഴുത്തുകാരനോട് അയാൾ തന്നാലാവും വിധം വണ്ടി തള്ളാൻ സഹായം അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എഴുത്തുകാരൻ അയാളോട് വീടെവിടെയെന്ന് ചോദിച്ചു. കേൾവിക്കുറവുള്ള മുച്ചക്രവണ്ടി ക്കാരൻ എഴുത്തുകാരൻ്റെ ചുണ്ടനക്കം കണ്ട് മനസ്സിലാക്കിയിട്ടാവണം വികൃതശബ്ദത്തിൻ്റെ അകമ്പടിയോടെ സ്വാധീനമുള്ള ഇടം കൈ ദൂരേയ്ക്ക് ചൂണ്ടിയത്.

                           മുച്ചക്രവണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയ അയാളുടെ മൂക്കിലേക്ക് മനം പിരട്ടലുണ്ടാക്കുന്ന മൂത്രത്തിൻ്റെ രൂക്ഷഗന്ധം തുളച്ചു കയറി. എഴുത്തുകാരനുണ്ടാകുമെന്ന് സാധാരണക്കാർ പ്രതീക്ഷിക്കുന്ന സഹാനു ഭൂതിക്ക് പകരം വല്ലാത്തൊര് അറപ്പാണ് അയാളിൽ നിറഞ്ഞത്. 'അയാളെ സഹായിക്കേണ്ടത് തന്നെ' എന്ന് ഉള്ളിൽ തോന്നിയെങ്കിലും, ആ നേരം ആരെങ്കിലും അങ്ങോട്ട് കടന്നു വരണമെന്നും മുച്ചക്രവണ്ടിക്കാരനെ സഹായിക്കണമെന്നും പിന്നീട് ആ നല്ല മനസ്സിനുടമയെ പറ്റി, മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് എഴുതണമെന്നും അയാൾ ചിന്തിച്ചു.

ഞൊടിയിടയിൽ എഴുത്തുകാരൻ്റെയുള്ളിൽ ആ മുച്ചക്രവണ്ടിക്കാരൻ്റെ ജീവിതം എങ്ങനെയെന്ന ചിന്തകൾ വന്ന് നിറഞ്ഞ് അവ മനോചിത്രങ്ങളായി. രാവിലെ മുതൽ വൈകിട്ടുവരെ ഭിക്ഷാടനത്തിലേർപ്പെടുന്ന അയാൾക്ക് ഒന്നു മൂത്രമൊഴിക്കണമെങ്കിൽ അതേ വണ്ടിയിലിരുന്നുകൊണ്ട് വസ്ത്രത്തിലൂടെ നനവ് പറ്റിച്ചു കൊണ്ടല്ലാതെ സാധിക്കില്ല. ഒരു പക്ഷേ അയാൾക്ക് വെളിക്കി രിക്കേണ്ട അവസ്ഥ വന്നാലോ. എഴുത്ത് കാരന് അറപ്പ് കൂടി വന്നു.

               മുച്ചക്രവണ്ടിക്കാരൻ വീണ്ടും വികൃതശബ്ദത്തിൽ ദയനീയമായി സഹായമഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആ വളവ് തിരിഞ്ഞ് ഒരാൾ നടന്നെത്തിയത്.ചീകിയൊതുക്കാത്ത ചെമ്പിച്ച ചപ്രത്തലമുടിയും, ഇരുണ്ട ചർമ്മവുമുള്ള , നരച്ച കോളറുള്ള ടീഷർട്ടും ചെളി പറ്റിയ ജീൻസും ധരിച്ച ഒരു കുറിയ മനുഷ്യൻ. മുച്ചക്ര വണ്ടിക്കാരൻ അയാൾക്ക് നേരേ ദൃഷ്ടി പായിച്ചു കൊണ്ട് അയാളെക്കൊണ്ടാകും വിധം സഹായാഭ്യർത്ഥന നടത്തി. ആ കുറിയ മനുഷ്യൻ അതയാൾ ചെയ്യേണ്ടുന്ന കർമം എന്ന കൃത്യമായ ബോധമുള്ളത് പോലെ ആ വണ്ടി കയറ്റം തള്ളിക്കയറ്റി. ആ മുചക്രവണ്ടി ക്കാരൻ്റെ കണ്ണുകളിലെ നന്ദിസൂചകമായ മിഴിനീരിൻ്റെ തിളക്കം എഴുത്തു കാരൻ കണ്ടു. തൻ്റെ ചുറ്റുള്ള മനുഷ്യരിലെ മാത്രമല്ല, സർവചരാചരങ്ങളി ലേയും ഒരോ ചെറു അനക്കങ്ങളും വികാരവിക്ഷോഭങ്ങളും ഒപ്പിയെടുക്കാൻ എഴുത്തുകാരൻ പ്രാപ്തനായിരുന്നല്ലോ.

                              എഴുത്തുകാരൻ ചെറിയ ഒരകലം പാലിച്ചു കൊണ്ട് അവരെ അനുഗമിച്ചു. ആ കയറ്റത്തിൻ്റെ ഉയർന്ന അറ്റം എത്തിയപ്പോൾ തുടർന്നുള്ള ഇറക്കത്തിലേക്ക് ആ മുച്ചക്രവണ്ടിയെ സ്വതന്ത്രമാക്കി കൊണ്ട് ആ കുറിയ മനുഷ്യൻ തൻ്റെ കൈകളെ വശങ്ങളിലേക്ക് വിടർത്തി. മുച്ചക്ര വണ്ടിക്കാരൻ നന്ദി പ്രകടനമായി പുഴുകുത്തു വീണ പല്ലുകൾ വെളിവാകും വിധം ചിരിച്ചു കൊണ്ട് അരോചക ശബ്ദത്തിൻ്റെ അകമ്പടിയോടെ ഇടം കൈ വീശി പിന്നെ വണ്ടിയുടെ ഗതിയെ നിയന്ത്രിക്കാനായി ആ പെടലിൽ പിടിച്ചു.

                             ഇറക്കത്തിലേക്ക് നടന്നു തുടങ്ങിയ ആ കുറിയ മനുഷ്യൻ തൻ്റെ കർമം തീർന്നെന്ന പ്രാലെ അടുത്തുള്ള ഇട റോഡിലേക്ക് കയറി നടന്നു മറഞ്ഞു. എഴുത്തുകാരന് അങ്ങനെ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ആ മുച്ചക്രവണ്ടി അങ്ങ് ദൂരെ ഒരു ചെറിയ ബിന്ദുവായിത്തീരുന്നത് വരെ അയാൾ നോക്കി നിന്നു. 

               ഇറക്കത്തിലേക്ക് അല്പചുവടുകൾ മാത്രം വച്ച അയാൾ തിരിഞ്ഞ് ആ കയറ്റം കയറി. വീണ്ടും ഇറക്കം ഇറങ്ങാൻ തുടങ്ങി. അയാൾ ജീവിതത്തിലെ കയറ്റങ്ങളെയും ഇറക്കങ്ങളെയും കുറിച്ച് ചിന്തിച്ചു. ഈ നടത്തം തന്നെ ജീവിതത്തെക്കുറിച്ചൊരു പാഠമാണ്. കയറ്റവും ഇറക്കവും ജീവിതത്തിലെ അനിവാര്യതയാണ്. കുറച്ചു ദൂരം താണ്ടിയപ്പോൾ ആണ് അയാൾ ചുറ്റുപാടു കൾ ശ്രദ്ധിച്ചത്. ആ നിരത്തിനൊരുവശം വലിയ മരങ്ങളും വള്ളിപ്പടർപുകളും മറുവശത്ത് അസാധാരണമായ ഉയരമുള്ള ഒരു മതിൽക്കെട്ടും. കയറ്റം കയറിയപ്പോൾ അയാളുടെ ശ്രദ്ധ മുഴുവൻ ആ മുച്ചക്രവണ്ടിക്കാരനിലായി രുന്നതിനാൽ അത് ശ്രദ്ധിച്ചിരുന്നില്ല. മുന്നോട്ട് നടക്കവേ മതിലിനു മേൽ ഇരുന്ന മൂന്നാലു കാക്കകൾ അസാധാരണമായ ശബ്ദത്തിൽ കരഞ്ഞു. എന്തോ അപകട സൂചനയെന്നപോലെ .എഴുത്തുകാരൻ്റെ  ദൃഷ്ടി അപ്പോൾ ആ നിരത്തിൽ ചത്ത് കിടക്കുന്ന ഒരു കാക്കയിൽ പതിഞ്ഞു.. കാക്കയെ പോലെ ഇത്ര വർഗ്ഗസ്സേഹിയായ ജന്തുക്കൾ വേറേയില്ല. ഒരു പ്രശ്നമുണ്ടായാൽ എത്ര പെട്ടന്നാണ് അവ ഒത്ത് കൂടുന്നത്., എന്ന് ചിന്തിച്ചു നടക്കവേ.... അതാ രണ്ട് മൂന്ന് -... നാല്..അല്ല കുറേ കാക്കകൾ ചത്ത് കിടക്കുന്നു. അയാൾക്ക് അകാരണമായ ഭയമുണ്ടായി. അയാളുടെ നടത്തത്തിന് വേഗത കൂടി. പിന്നിൽ എന്തോ ശബ്ദം കേട്ടത് പോലെ, അയാൾ തിരിഞ്ഞു നോക്കി. ഒന്നുമില്ല ആരുമില്ല. അയാൾക്ക് വിചിത്രമായി തോന്നി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് അയാൾ എതിർ ദിശയിലേക്ക് നടക്കുമ്പോൾ അയാൾ ഈ കാക്കകളെ ശ്രദ്ധിച്ചിരുന്നില്ല, അഥവാ അവ അവിടെയുണ്ടായിരുന്നില്ല. അയാളുടെ കാലുകളെ ചലിപ്പിക്കാ വുന്നത്ര വേഗതയിൽ അയാൾ നടന്നു.

                      നടക്കുന്നതിനിടയിൽ  മതിലിൽ ഒട്ടിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ അയാളുടെ നോട്ടം പതിഞ്ഞു. അവിടത്തെ റെസിഡൻ്റ്സ് അസോസിയേഷൻ പതിച്ചിരിക്കുന്ന മരണ അറിയിപ്പാണ് അത്. എഴുത്തുകാരൻ ആ ചിത്രത്തി ലേക്ക് സൂക്ഷിച്ചു നോക്കി. ആ ചിത്രം മുച്ചക്രവണ്ടിക്കാരൻ്റെ തല്ലേ? അയാൾ ഒന്നുകൂടി സൂഷ്മമായി നോക്കി. അതേ ... മരിച്ച തീയതിലേക്കായി പിന്നെ നോട്ടം.. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.

അയാളുടെ ഭയം അനിയന്ത്രിതമായി വളർന്നു. അയാൾ വിയർത്തു. ചെവി ക്കുള്ളിൽ നിന്ന് ചൂടുകാറ്റ് ബഹിർഗമിക്കുന്നു. നെഞ്ച് പടാപടാ ഇടിക്കുന്നു. കാലുകൾക്ക് തളർച്ച ബാധിക്കുന്നത് പോലെ. മന്തുകാരൻ കാലെടുത്ത് വയ്ക്കാൻ കഷ്ടപ്പെടുന്നത് പോലെ അയാൾ ബുദ്ധിമുട്ടി.

        എങ്ങനെയൊക്കെയോ വീട്ടിൽ തിരിച്ചെത്തിയ അയാൾ എഴുത്ത് മേശമേലെയുള്ള കുപ്പിയിൽ ഇരുന്ന വെള്ളം കുടിച്ചു തീർത്തു. അപ്പോഴും നെഞ്ചകം താളം പെരുക്കുന്നുണ്ടായിരുന്നു. വികൃത ശബ്ദവുമായി പുഴുക്കു ത്തുള്ള പല്ലുകൾ വെളിപ്പെടുത്തുന്ന ചിരിയുമായി മുച്ചക്രവണ്ടിക്കാരൻ അയാളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ, മനസ്സിലേക്ക് ഇടിച്ചു കയറി. അയാൾ കണ്ടത് സത്യമോ മിഥ്യയോ.എഴുത്തുകാരൻ്റെ ബുദ്ധിയേയും യുക്തിയേയും പരീക്ഷിക്കുന്ന വിധത്തിലെ അനുഭവങ്ങളും ചിന്തകളും.

ആ നിമിഷം വീണ്ടും രൂക്ഷമായ മൂത്രഗന്ധം അയാളുടെ നാസികയിലേക്ക് കുത്തിക്കയറി. ആ ഗന്ധം വായുവിൽ നിറഞ്ഞു. ഒരോ അണുവിലും ആ രൂക്ഷഗന്ധം. അയാളുടെ കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ടു. ഭയം നീരാളിയെ പോലെ അയാളെ മുറുകെ പിടിച്ചു.

അപ്പോൾ അയാളുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു. മറുതലയ്ക്കൽ ഭാര്യയാണ്. അയാൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

      അപ്പോഴും മുറിയിൽ രൂക്ഷമായ മൂത്രഗന്ധം തങ്ങി നിന്നിരുന്നു അയാൾ കുറ്റ ബോധത്തിൻ്റെ വല്ലാത്തൊരു നീറ്റലോടെ അകത്തെ മുറിയില്ക്കോടി. മൂത്രഗന്ധം തങ്ങി നിന്നിരുന്ന ആ മുറിയിലെ കട്ടിലിൽ അയാളുടെ അമ്മ ചെറിയ മയക്കത്തിലായിരുന്നു. നെറുകയിൽ തലോടിയപ്പോൾ അമ്മ കണ്ണുകൾ തുറന്നു."നീ എവിടായിരുന്നു. ഞാൻ എത്ര വിളിച്ചു. അയാൾ അമ്മയെ കിടക്കയിൽ നിന്ന് എണിപ്പിച്ച് വീൽ ചെയറിൽ ഇരുത്തുകയും മൂത്രം പറ്റിയ തുണികൾ മാറ്റാനും വൃത്തിയാവാനും എലാം സഹായി ക്കുകയും ചെയ്തു. മുറിയും വൃത്തിയാക്കി വീണ്ടും അമ്മയെ കട്ടിലിൽ കിടത്തുകയും ചെയ്തു.

                സത്യത്തിൽ അപ്പോൾ മാത്രമാണ് അയാൾ ഭാര്യയെക്കുറിച്ചോർത്തത്.             ഒരു ഒഫീഷ്യൽ മീറ്റിംങ്ങിനായി പോയ ഭാര്യ അന്ന്   തിരികെയെത്തേ ണ്ടതാണ്, പക്ഷെ ചില കാരണങ്ങളാൽ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റേണ്ടി വന്നു.

          വീണ്ടും ഭാര്യയുടെ കോൾ വന്നു." നിങ്ങൾ കോൾ കട്ട് ചെയ്തത്?എന്താണ് കോളിങ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാഞ്ഞത്? അവൾ പറഞ്ഞല്ലോ. ഞാൻ എത്ര തവണ വിളിച്ചു.  ഒരഞ്ചു മിനിട്ടിൽ അവൾ വീണ്ടും വരും. കോളിങ്ങ് ബെൽ അടിക്കുന്പോൾ വാതിൽ തുറന്നു കൊടുക്കണം." ഫോൺ കട്ട് ചെയ്യുമ്പോഴേക്കും കോളിങ് ബെൽ ശബ്ദം ഉയർന്നു.

അയാൾ വാതിൽ തുറന്നു" ചിരിക്കുന്ന മുഖവുമായി ഹോം നേഴ്സ്.

ഞാൻ രാവിലെ വന്നിരുന്നു. ബെല്ലടിച്ചു. സർ വാതിൽ തുറന്നില്ല.

"സാരില്ല. ഇപ്പോ പൊയ്ക്കൊള്ളു നാളെ വന്നാൽ മതി. ഇന്ന് ഞാനെല്ലാ കാര്യങ്ങളും നോക്കി നടത്തിയിട്ടുണ്ട്.


                   ഹോം നഴ്സ് പോയിക്കഴിഞ്ഞപ്പോൾ വീണ്ടും മുച്ചക്രവണ്ടിക്കാരൻ അയാളുടെ മനസ്സിലേക്ക് കടന്നു കയറി.. വല്ലാത്ത പരിഭ്രമം. ഇത്തരം സന്ദർഭങ്ങളിൽ അയാൾ പണ്ട് ചെയ്തിരുന്നത് പോലെ....

അയാൾ അമ്മയുടെ മുറിയിലേക്ക് ചെന്ന്, അമ്മയോടൊപ്പം കട്ടിലിൽ, അമ്മയെ ചേർത്ത് പിടിച്ച്, അമ്മയുടെ ചൂടറിഞ്ഞ് അങ്ങനെ....


Sunday, 18 August 2024

ഒഴുകുന്ന നദി

 

                             പ്രതാപൻ്റെ കൈവിരൽത്തുമ്പ് ജയലക്ഷ്മിയുടെ കവിളിലെ നനുത്ത രോമങ്ങളിലൂടെ മൃദുവായി ഉരുമ്മി. അവൾക്ക് കുളിര് തോന്നി.കണ്ണുകൾ കൂമ്പിയടഞ്ഞു. ഒരു മൃദുസ്പർശനത്തിന് ഇത്രമേൽ ചാലകശക്തിയോ.. നീണ്ട മണിയടി.." ശ്ശേ.... ക്ലാസ്സ് കഴിഞ്ഞല്ലോ" എന്ന് പ്രതാപൻ പരിതപിച്ചു. മിന്നൽ വേഗത്തിലാണ് ഇരുപതിൻ്റെ ചെറുപ്പത്തിൽ നിന്ന് പ്രതാപൻ അൻപത്തെട്ടിൻ്റെ ജരാനരകളിലേക്ക് മിഴികൾ തുറന്നത്.ഭാര്യ മൊബൈലിലെ അലാറം നിർത്തി. ഉച്ചിയിൽ മുടി കെട്ടിവയ്ക്കുന്ന ഭാര്യയുടെ വ്യക്തതയില്ലാത്ത എന്നാൽ കൃത്യതയാർന്ന ആകൃതി വെളിവാകുന്ന ഇരുണ്ട രൂപം ബെഡ്റൂം ലാമ്പിൻ്റെ വെളിച്ചത്തിൽ, സ്വപ്നം കണ്ടു കൊതി തീരാത്ത പ്രതാപൻ പകുതി തുറന്ന കണ്ണുകളോടെ കണ്ടു.

                                   എന്നാലും ജയലക്ഷ്മി സ്വപ്നത്തിൻ്റെ പടി കടന്നിറങ്ങി പ്പോയല്ലോ... വർഷങ്ങൾക്കു മുന്നേ കോളേജിൽ പഠിച്ചിരുന്ന കാലത്തോ തൻ്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. സ്വപ്നത്തിലേത് പോലെ കവിളിൽ തൊടാൻ പോയിട്ട് അടുത്ത് ചെന്നൊന്നിരിക്കാൻ പോലും ഉള്ള ധൈര്യം തനിക്കില്ലാതെ പോയ്. ഇന്നിപ്പോ സ്വപ്നത്തിൽ പോലും തനിക്കതിന് സാധിച്ചില്ലല്ലോ.സ്വപ്നത്തിൽ അവളുടെ കവിളിൽ തലോടിയ കൈവിരലിലേക്കയാൾ പ്രണയാർദ്രമായി നോക്കി. ആ കവിളിലെ മിനുമിനുപ്പ്  ഇപ്പോഴും വിരൽത്തുമ്പിൽ അനുഭവവേദ്യമാണ്. അയാൾ അറിയാത്തത് പോലെ എന്നാൽ അറിഞ്ഞു കൊണ്ട് ആ വിരൽത്തുമ്പ് തൻ്റെ ചുണ്ടുകളോട് ചേർത്തു. കുറച്ച് നേരം കൂടി കൺപോളകൾ അടച്ച് ആ സ്വപ്നത്തിൻ്റെ തുടർച്ച കാണാൻ കഴിഞ്ഞെങ്കിൽ എന്ന വെറുമൊരു മോഹത്തിൽ കിടന്നു.

                                  ചെറുതായൊന്നു മയങ്ങിയുണർന്ന അയാൾ കട്ടിലി നരികിലുള്ള ചെറിയ മേശമേൽ നിന്ന് മൊബൈലെടുത്ത് വാട്സ് ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിച്ചു. പല ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അയാൾ ഏറ്റവും ഇഷ്ടത്തോടെ നോക്കുന്നതും പ്രതികരിക്കുന്നതും കോളേജ് ഗ്രൂപ്പിലാണ്. സ്കൂൾ ഗ്രൂപ്പിനെ അയാൾ പാടെ അവഗണിക്കുകയാണ് പതിവ്. ചിലപ്പോഴൊക്കെ തോന്നും സ്കൂൾ ഗ്രൂപ്പ് ആയത് കൊണ്ട് എല്ലാരുടേയും മനസ്സിൽ മറ്റെല്ലാവരും ആ പഴയ കുട്ടികളാണെന്നും അത് കൊണ്ട് തന്നെ അവരുടെ മനസ്സൊന്നും ഇപ്പോഴും വളർന്നിട്ടില്ലെന്നും. അതിൽ വരുന്ന സന്ദേശങ്ങൾക്കും സംഭാഷണങ്ങൾക്കും ഇപ്പോഴും ഒരു കുട്ടി നിലവാര മാണെന് അയാൾക്ക് തോന്നിയിരുന്നു.

                                അതു കൊണ്ട് തന്നെ അയാൾ കോളേജ് ഗ്രൂപ്പിലേക്ക് കടന്നു. പിന്നെ അതിനു വെളിയിൽ വരണമെങ്കിൽ ഭാര്യയുടെ വിളിയെത്തണം." എന്തോന്നാ മനുഷ്യാ... വന്ന് കൊറച്ച് തേങ്ങാ ചെരണ്ടിത്താ... ആ ഫോണിൽ കുത്തിത്തോണ്ടാതെ.

        അപ്പോ പറഞ്ഞു വന്നത് ഗ്രൂപ്പിലേക്ക് കൈവിരലൂന്നി കടന്നതും കണ്ടത് സേവ്യറുടെ ഒരു ഫോട്ടോയാണ്. അയാൾ എന്നും ഒരു കാര്യമില്ലെങ്കിലും ഗ്രൂപ്പിലെ സന്ദേശങ്ങൾ നോക്കും മുൻപ്  ജയലക്ഷ്മിയുടെ പ്രൊഫൈൽ പിക്ചർ എന്നും നോക്കും. വെറുതെ വെറും വെറുതെ... ഒരു മനസ്സുഖം. ശരീരത്തിന് അൻപത്തെട്ട് എങ്കിലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ ഇപ്പോഴും ഒരിരുപത് കാരൻ പ്രണയാർദ്രമായ സ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ.

              പക്ഷെ ഇന്ന് പതിവിന് വിപരീതമായി സേവ്യറുടെ പാസ്പ്പോർട്ട് സൈസ് ഫോട്ടോ കണ്ടത് കൊണ്ട്" ഇതെന്താ ഇങ്ങനെയൊരു ഫോട്ടോ എന്ന് ഒരാന്തലോടെ സ്ക്രോൾ ചെയ്തു." പ്രണാമം" അയ്യോ എന്നൊരു ഞെട്ടൽ പുറത്തു വന്നു. വല്ലാത്തൊരു നടുക്കത്തോടെയാണ് അയാൾ അത് വായിച്ചു തീർത്തത്. രാത്രി മൂന്നു മണിയടുപ്പിച്ചാണ് സജിയുടെ ഈ മെസേജ് വന്നത്. സജിയും സേവ്യറും ഒരേ ബാറിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്.

                 സേവ്യവുടെ ചിത്രത്തിന് മറുപടിയായി പ്രണാമമെന്നും, പൊതുവി ലായി സേവ്യറിന് എന്താണ് സംഭവിച്ചതെന്നും, താൻ രണ്ടാഴ്ച മുന്നേ സേവ്യറിനെ മൂവാറ്റുപുഴ കോടതിയിൽ വച്ച് കണ്ടതായിരുന്നല്ലോ എന്ന ഗദ്ഗദവും കൂടെ ഒരു കരയുന്ന ഇമോജിയും പോസ്റ്റ് ചെയ്തു.

                  രാജൂ ടൈപ്പിങ്ങ് എന്ന് കാണുന്നുണ്ട്... അയാൾ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. കുറച്ച് നിമിഷങ്ങൾ കടന്നു...പിന്നെ ഒരു അനക്കവു മില്ല"എവിടെ രാജു" അയാൾ അക്ഷമനായി. വീണ്ടും അതാ രാജു ടൈപ്പിങ്ങ്... ങ്ഹാ. വന്നു


         ഇന്നലെ രാത്രിയാണ് സേവ്യർ പോയത്. അവൻ കുറച്ച് നാളുകളായി ടെൻഷനിലായിരുന്നു. ഞാൻ കഴിഞ്ഞയാഴ്ച അവനെ കോടതിയിൽ വച്ച് കണ്ടിരുന്നു. അവന് കേസ് കാര്യങ്ങളിലൊന്നും യാതൊരു ശ്രദ്ധയില്ലാ ണ്ടായിരുന്നു. പല കേസുകളും അവൻ്റെ അശ്രദ്ധ കൊണ്ട് മാത്രം തോറ്റു. അവന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ഒടുവിൽ ഇന്നലെരാത്രി ഒരു മണിയോടെ നിലച്ചു ആ താളം.

              പ്രതാപ നോർത്തു. കഴിഞ്ഞ റീയൂണിയന് അവനെ കണ്ടപ്പോഴേ ശ്രദ്ധിച്ചിരുന്നു. പലരും തമ്മിൽ തമ്മിൽ പറഞ്ഞതല്ലാതെ അവൻ്റെ പ്രശ്നമെന്തെന്ന് ചോദിക്കാനോ പരിഹരിക്കാനോ ആരും ശ്രമിച്ചില്ല.

ജയലക്ഷ്മിയെ സ്വപ്നം കണ്ടുണർന്നതിൻ്റെ സുഖമൊക്കെ പാടെ മറന്ന പ്രതാപൻ, തനിക്ക് അവിടെ വരെ ഒന്ന് പോകാൻ പറ്റാത്ത സന്ദർഭമായി പോയല്ലോ എന്ന് ഖേദിച്ചു. അയാൾക്ക് തൻ്റെ മൂന്നാമത്തെ മകൻ്റെ കോളേജ് അഡ്മിഷൻ്റെ ഭാഗമായി മംഗലാപുരം വരെ പോകേണ്ടത് അത്യാവശ്യമായി ഭവിച്ചു. രണ്ടു ദിവസത്തിനു ശേഷം അഡ്മിഷൻ കാര്യങ്ങൾ ഭംഗിയായി തീർത്ത്, മകനെ ഹോസ്റ്റലിൽ ആക്കി തിരിച്ചെത്തിയ അയാൾ ആദ്യമായി ചെയ്തത് സേവ്യറുടെ വീട് സന്ദർശിക്കുകയെന്നതാണ്. സേവ്യറുടെ വീട്ടിൽ നിശ്ശബ്ദത അതിൻ്റെ ഏറ്റവും ഭീതിതമായ രൂപത്തിൽ നിറഞ്ഞു നിന്നിരുന്നു. മ്ലാനമായ മനസ്സോടെ അയാൾ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേർന്നു.  മൗനമായെ ങ്കിലും ഏറ്റവും സംവേദനക്ഷമമായ  യാത്ര പറയലിനൊടുവിൽ അയാൾ ആ വീടിൻ്റെ പടി കടന്നിറങ്ങുമ്പോൾ വീടിനോട് ചേർന്ന സേവ്യറിൻ്റെ ഓഫീസ് മുറിയിൽ അനാഥമായി ഹാങ്ങറിൽ തൂങ്ങിക്കിടന്നിരുന്ന വക്കീൽഗൗണി ലേക്ക് പ്രതാപൻ്റെ കണ്ണുകൾ പാഞ്ഞു.ഗൗണിട്ട് കോടതി വരാന്തകളിലൂടെ നടക്കുന്ന സേവ്യർ, അയാളുടെ മനസ്സിലേക്ക് നടന്നു കയറി.


         കാലം ഒരു നദിപോലെയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കും, തടസ്സങ്ങൾ വകഞ്ഞു മാറ്റിയും ഏത് പ്രതിബന്ധത്തെയും ആത്മവിശ്വാ സത്തിൻ്റെ ഓളങ്ങളാൽ തള്ളിയകറ്റി ലക്ഷ്യത്തിലേക്ക് കുതിക്കും.

      അങ്ങനെ കാലമാം നദിയുടെ ഒഴുക്കിനൊപ്പം എല്ലാരും ഒഴുകിക്കൊ ണ്ടേയിരുന്നു. ഒഴുക്കിനൊപ്പം ആടിയും ഉലഞ്ഞും ചിലപ്പോ മുങ്ങിയും ഇടക്ക് പൊങ്ങിയും.

കുറച്ച് കാലങ്ങൾക്ക് ശേഷമുള്ള ഒരു ദിവസം പതിവുപോലെ ഉണർന്നെണീറ്റുള്ള വാട്സാപ്പ് ഊളിയിടലിൽ ആണ് ജസ്‌ലിൻ്റെ ആ സന്ദേശം കണ്ടത്.

            നമ്മുടെ കൂട്ടത്തിലൊരാൾ ഒരു മാറാരോഗത്തിൻ്റെ പിടിയിലമർന്നു കഴിഞ്ഞിരിക്കുന്നു. രോഗത്തിൻ്റെ ബാല്യദശയിലെപ്പോഴോ അസുഖ ലക്ഷണങ്ങൾ ഉള്ളതായി അവൾ ഭയപ്പെട്ടിരുന്നു. പക്ഷെ ചികിത്സ തേടാൻ മടിച്ചു, അവൾ ഇടക്ക് പെൺസുഹൃത്തുക്കളുടെ മാത്രമായ ഗ്രൂപ്പിൽ  അസുഖകാ ര്യം പങ്കു വച്ചിരുന്നത്രേ. പക്ഷേ അന്ന് എല്ലാരും ചിന്തിച്ചത് ഒക്കെ അവളുടെ തോന്നലുകൾ ആണെന്നാണ്. അവൾ പൊതുവേ കോളേജിൻ്റെ പ്രധാന ഗ്രൂപ്പിൽ സജീവമല്ലായിരുന്നല്ലോ. പിറന്നാളാശംസകൾ, കൂട്ടുകാരുടെ മക്കളുടെ നേട്ടങ്ങൾ, അല്ലെങ്കിൽ ഒരോരുത്തരുടെ പ്രമോഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കുള്ള 'ആശംസകളിൽ ഒതുങ്ങിയിരുന്നു അവളുടെ പങ്കിടലുകൾ.പഠനം പൂർത്തിയാക്കിയ' ആദ്യ വർഷങ്ങളിൽ പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും പിന്നീട് അവൾ വക്കീൽ ഗൗൺ അഴിച്ചു വച്ചു. ഭർത്താവ് തിരക്കുകളേറെയുള്ള ബിസിനസ്സ്കാരൻ ആയിരുന്നത് കൊണ്ട് മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അവളുടെ സാന്നിധ്യം അത്യാവശ്യം ആയിരുന്നു. മക്കൾ വളർന്നപ്പോഴേക്കും അവൾക്കതിലുള്ള താത്പര്യം നഷ്‌ടപ്പെട്ടിരുന്നു.

               കോളേജിൽ ഒരു കിലുക്കാം പെട്ടി പോലെ സംസാരിച്ചിരുന്ന എല്ലാ ആഘോഷങ്ങൾക്കും അഹ്ളാദിച്ച് ഉല്ലസിച്ചിരുന്ന അവൾ വെറുമൊരു വീട്ടമ്മ മാത്രമായി ഒരുങ്ങിയതും എല്ലാം അറിഞ്ഞിരുന്നത് വർഷത്തിലൊരിക്കൽ നടത്തുന്ന റീയൂണിയനുകളിൽ അവളുടെ ഏറ്റവും അടുത്ത സുഹൃത്തായ ജസ്ലിനിൽ നിന്നുമാണ്. അതല്ലാതെ അവൾ ഇതുവരെ ഒരു അവസരത്തിൽ പോലും വന്നിട്ടില്ലല്ലോയെന്ന് പ്രതാപൻ നെടുവീർപ്പുതിർത്തു.ജയലക്ഷ്മിയുടെ ഭർത്താവിൻ്റെ വീട് കോഴിക്കോടാണെന്നും അവൾ അവിടെ ഒരു ആശുപത്രി യിൽ ചികിത്സയിലാണെന്നും ആരെങ്കിലും അവളെ കാണാൻ പോകുന്നുണ്ടെങ്കിൽ ഒന്നിച്ച് യാത്ര പ്ലാൻ ചെയ്യാമെന്നുമാണ് ജസ്‌ലിൻ്റെ സന്ദേശത്തിൻ്റെ സാരം. ഏറ്റവും അടുത്ത ഒരു ദിവസം പോയിലെങ്കിൽ ഒരു പക്ഷേ  അവളെ  ഇനി കാണാൻ സാധിക്കില്ല എന്ന് ഞാൻ ഭയപ്പെടുന്നു എന്ന ജസ്ലിൻ്റെ സന്ദേശത്തിൻ്റെ അവസാന വരികളിലേക്ക് നോക്കിയപ്പോൾ അയാളുടെ കണ്ണകളിൽ നേർത്ത നനവ് പടർന്നിരുന്നു.

പ്രതാപൻ്റെ മനസ്സിലേക്ക് പണ്ട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വന്ന ആ സുന്ദരിക്കുട്ടിയുടെ രൂപം ഓടിക്കയറി. അവളെ കണ്ടിരുന്നെങ്കിൽ കറുപ്പിനേഴല്ല അഴക് പതിനേഴാണ് എന്ന് കവികൾ പാടുമായിരുന്നു. അവൾ അടുത്തുകൂടെ നടന്നു പോകുമ്പോൾ അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പ്രണയാർദ്രമധുരഗാനങ്ങൾ അയാൾ പാടിയിരുന്നു. അവൾ അതൊക്കെ കേട്ടിട്ടുണ്ടാകുമോ... ഒരിക്കൽ പോലും കേട്ടതായി ഭാവിച്ചിട്ടു പോലുമില്ലല്ലോ...പിന്നെ എങ്ങനെ അറിയാനാണ്. അയാളുടെ മനസ്സിലേക്കോടിക്കയറിയ ആ പെൺകുട്ടി ഇപ്പോൾ കിതയ്ക്കുകയാണ്, വേദനയോടെ ഞരങ്ങുകയാണ്, മരണാസന്നയായി കിടക്കുകയാണ്.

          അടിക്കടി പ്രൊഫൈൽ പിക്ചർ മാറ്റാറുണ്ടായിരുന്ന ജയലക്ഷ്മി മൂന്നു മാസത്തോളമായി അത് മാറ്റിയിട്ടില്ല എന്നതയാൾ ശ്രദ്ധിച്ചിരുന്നു. പ്രതാപൻ പലവട്ടം  അതിൻ്റെ കാരണമാരാഞ്ഞ് അവൾക്ക്  പേർസണൽ മെസ്സേജ് ടൈപ്പ് ചെയ്യുകയും ഒരോ തവണയും ഡിലീറ്റ് ചെയ്യുകയുമാണ് ഉണ്ടായത്.  എന്തായാലും ജയലക്ഷ്മിയെ കാണാൻ പോകുന്നിലെന്ന് അയാൾ ഉറച്ചു. അയാളുടെ മനസ്സിലെ ജയലക്ഷ്മിക്ക് ഇരുപതാണ് പ്രായം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നിട്ട് അയാൾ ഗൂഗിളിൽ ആ മഹാമാരിയെ പറ്റി പരതി.

      മൂന്നാം നാൾ ജസ്ലിനടക്കം ഏഴുസുഹൃത്തുക്കൾ ജയലക്ഷ്മിയെ ആശുപത്രിയിൽ പോയി സന്ദർശിച്ചു. പക്ഷെ അയാൾക്ക് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയണമെന്ന് തോന്നിയില്ല, അഥവാ മനസ്സ് അതിന് സജ്ജമായിരുന്നില്ല. ഭയപ്പെട്ടിരുന്നത് പോലെ ഏതാനും ദിവസങ്ങൾക്കകം ജസ്‌ലിൻ്റെ സന്ദേശം വന്നു... ജയലക്ഷ്മി പോയി. ബ്രസ്റ്റ് കാൻസർ സർജറിയൊക്കെ ചെയ്തെങ്കിലും രക്ഷപെടലിന് സാധ്യമായ സമയം കഴിഞ്ഞു പോയിരുന്നു. അയാൾ കാണുവാൻ പോകുകയോ കൂടുതൽ വിവരങ്ങൾ തേടുകയോ ചെയ്തില്ല.

വീണ്ടും നദിക്ക് ഒഴുകിയല്ലേ പറ്റൂ. ഉറവിടത്തിൽ നിന്ന് പുറപ്പെട്ടാൽ പിന്നെ നദിക്ക് ലക്ഷ്യം ഒന്നേയുള്ളൂ. കളകളാരവം പൊഴിച്ചും, ചിലപ്പോൾ ശാന്തമായും, മറ്റു ചിലപ്പോ ആർത്തുല്ലസിച്ചും ഇടക്ക് കൂലം കുത്തിയും നദി ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞു.

 എല്ലാവരെയും പോലെ പ്രതാപനും മൊബൈലിന് അടിമയായിരുന്നു. ഒന്നിനുമല്ലെങ്കിലും ഒരു നിമിഷം വെറുതെയിരിക്കാൻ കിട്ടിയാൽ മൊബൈലിലേക്ക് അറിയാതെ കൈ നീളും. കോളേജ് ഗ്രൂപ്പ് ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. എല്ലാവരും കോടതിയും കേസുമായി തിരഞ്ഞിട്ട ജീവിതങ്ങളിൽ. ഇടക്കിടെ കൂട്ടുകാരുടെ മക്കളുടെ കല്യാണ പാർട്ടികൾ, പ്രൊമോഷൻ പാർട്ടികൾ, അങ്ങനെ ഒരോ ഒത്തുകൂടലുകൾ. അങ്ങനെ യിരിക്കെ ഒരു ദിവസം ഗ്രൂപ്പിലേക്ക് ഷിനോജിൻ്റെ സന്ദേശവും  കുറേ ഫോട്ടോകളും. അവർ അവസാന വർഷ വിദ്യാർത്ഥികളുടെ കൂടെ ടൂർ പോയിരിക്കുന്നു. ഈ വർഷം അവൻ റിട്ടയർ ചെയ്യുന്നത് കൊണ്ട് കുട്ടികൾക്കും നിർബന്ധം അവരുടെ പ്രൊഫസർ ഷിനോജ് സാർ 'ടൂറിന് നിർബന്ധമായും പോകണമെന്ന്. ഷിനോജിന് ഇപ്പോഴും കോളേജ് ' പിള്ളേരോടൊപ്പം ത്രില്ലടിച്ച് ആസ്വദിക്കാം. പ്രതാപൻപഴയ കോളേജ് കാല ടൂറിനെ പറ്റിയൊക്കെ ചിന്തിച്ചു, എത്ര രസകരമായിരുന്നു ആ കാലഘട്ടം. അന്നൊക്കെയായിരുന്നു എല്ലാരും വർത്തമാന കാലത്തിൽ ജീവിച്ചിരുന്നത്. ഇന്നിപ്പോ പലപ്പോഴും ഭൂതകാലത്തിൻ്റെ ഓർമ്മകളിൽ കുടുങ്ങി ക്കിടക്കുകയും ഭൂതകാലത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ചാടുമ്പോൾ പലപ്പോഴും അത് പ്രതീക്ഷിച്ചിരുന്നതിലും അധികം കടന്ന് മിക്കവാറും ഭാവിയുടെ അനിശ്ചിതത്വങ്ങളിലേക്കും തന്മൂലം ആകുലതകളിലേക്കും ആയിപ്പോകുന്നു.  

 ഇങ്ങനെ ചിന്താലോകത്ത് ഇരിക്കുമ്പോഴാണ് വീണ്ടും ഷിനോജിൻ്റെ ചിത്രങ്ങൾ വന്നു വീഴുന്നത്. ഏതോ വെള്ളച്ചാട്ടത്തിൽ കുട്ടികളോടൊത്ത് അസ്വദിക്കുന്ന ചിത്രങ്ങളാണ്. സുന്ദരമായ വെള്ളച്ചാട്ടം. സുന്ദരങ്ങളായ പല വെള്ളച്ചാട്ടങ്ങളും പലപ്പോഴും രാക്ഷ സഭാവങ്ങൾ കൈവരിക്കാറുണ്ടെന്ന് അയാൾ ഓർത്തു. ടൂർ ഒക്കെ പോകുമ്പോൾ പക്വമായി ചിന്തിക്കുന്നവർ പോലും ഒരു കൂട്ടത്തിൻ്റെ മനോഗതിയോടൊപ്പം കൂടി പലപ്പോഴും അപക്വമായി പെരുമാറുകയും അപകടങ്ങളിൽ ചെന്നു ചാടാറുമുണ്ട്.

അയാൾ ഒരു ഞെട്ടലോടെയാണ് ഭൂതകാലത്തിൻ്റെ ഒരോർമ്മയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അന്നൊക്കെ മിക്കവാറും ദിവസങ്ങളിൽ ഏതെങ്കിലും ഒരു പിരീഡ് ക്ലാസ്സ് കട്ട് ചെയ്ത് കാമ്പസിൻ്റെ ഏതെങ്കിലും ഒരു കോണിലെ മരച്ചുവട്ടിൽ ഷിനോജും സജിയും സേവ്യറും ജസ്‌ലിനും ജയലക്ഷ്മിയും രാധികയും വിനോജും താനും ഒക്കെ ഒത്തു കൂടിയിരുന്ന് ചുമ്മാ തമാശകൾ പറഞ്ഞ് സമയം പോക്കുമായിരുന്നു. അതൊക്കെയായിരുന്നു കാമ്പസ് ജീവിതത്തിൻ്റെ ഒരു ഹരം എന്ന് പറയാം. അന്നൊക്കെ തൊട്ടടുള്ള വനിതാ കോളേജിലെ പെൺപിള്ളേരുടെ വീട്ടിലേക്കുള്ള വഴി ഗൂഗിൾ മാപ്പിനേക്കാൾ കൃത്യതയോടെ കണ്ടുപിടിച്ച് വരാൻ കേമന്മാരായിരുന്നു സജിയും വിനോജും. അങ്ങനെ സംസാരം സിനിമയും രാഷ്ടീയവും ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കടന്ന് എല്ലാ മേഖലകളിലേക്കും നീളുമായിരുന്നു. അതുപോലുള്ള ദിവസങ്ങളിൽ ഒന്നിലാണ് മരണം ഒരു വിഷയമായി ഞങ്ങൾക്കിടയിലേക്ക് കടന്നുവന്നത്. ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ഞങ്ങൾക്കൊക്കെ അന്ന് മരണമെന്നത് വിദൂരമായ ഒരു അനിവാര്യത മാത്രം ആണല്ലോ. അന്ന് വിനോജാണ് തുടക്കമിട്ടത്." ഒരു മുപ്പത് വർഷങ്ങൾ കഴിഞ്ഞ് നമ്മൾ എവിടെയായിരിക്കും? ഓർത്തു നോക്കി യിട്ടുണ്ടോ.. നമ്മളൊക്കെ തമ്മിൽ കണ്ടാൽ തന്നെ തിരിച്ചറിയോ..?"

രാധിക പറഞ്ഞു, മരിച്ചാ പോലും അറിയില്ല. അപ്പോഴാണ് ഷിനോജ് ഒരു കളിയെന്ന പോലെ പറഞ്ഞത്." ഞാൻ പ്രവചിക്കാം.." സേവ്യർ ഒരറ്റാക്കിലായിരിക്കും തീരുക" 

ജയലക്ഷ്മിയുടെ" അപ്പോ ഞാനോ" എന്ന ചോദ്യത്തിന് "നിനക്ക് കാൻസർ ആയിരിക്കുമെടീ... അപ്പോ ഞാൻ കാണാൻ വരാട്ടാ" എന്നായി ഷിനോജ്.

 അപ്പോഴാണ് താൻ" എന്നാൽ ഷിനോജേ...നീ വെള്ളത്തിൽ പോയി ശ്വാസം മുട്ടി മരിക്കുമെടാ..." ജയലക്ഷ്മിയെ പറ്റി ഷിനോജ് പറഞ്ഞതിൽ പ്രതാപന് ഉള്ളിൽ ഒരു ഇഷ്ടക്കേട് തോന്നിയിരുന്നു.  

ഷിനോജ് പ്രതാപനോട് തിരിച്ചടിക്കാൻ മറന്നില്ല..


''വേണ്ട.. അതൊന്നും  ഓർക്കാനുള്ള മനോധൈര്യം തനിക്കിപ്പോഴില്ല" പ്രതാപൻ മനപ്പൂർവ്വം ചിന്തകളെ മറ്റൊരു ദിശയിലേക്ക് മാറ്റാൻ ശ്രമിച്ചു.

അതിനു കാരണം  സേവ്യറുടേയും ജയലക്ഷ്മിയുടേയും മരണം അന്ന് കളിയായി പറഞ്ഞതാണെങ്കിലും അന്ന് പറഞ്ഞ അതേ പ്രകാരത്തിൽ ആയിരുന്നു നടന്നത് . അയാളുടെ മനസ്സിൽ അനിയന്ത്രിതമായ ഭയം ഉണ്ടായി. അയാൾക്ക് ദൈവവിശ്വാസമോ ലക്ഷണമോ ജ്യോതിഷശാസ്ത്രത്തിലോ ഒന്നിലും തന്നെ ലവലേശം വിശ്വാസമില്ലാതിരുന്നിട്ടും എന്തോ അന്നത്തെ സംഭാഷണ ശകലം ചുമരിൽ ആണിയടിച്ച് തൂക്കിയ ചിത്രം പോലെ മനസ്സിൻ്റെ ചുമരിൽ തൂങ്ങി പിടിച്ചു കിടന്നു. ഷിനോജ് വെള്ളത്തിൽ പോയി മരിക്കുമെന്ന് താൻ തന്നെയാണല്ലോ പറഞ്ഞത്. ഉള്ളിലെ നിരീശ്വരൻ സ്വയം മണ്ടനെന്ന് കളിയാക്കി ആ ചിന്തയിൽ നിന്ന് സ്വയം രക്ഷ നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു.

                      സ്വന്തം ശ്രമത്തെ പിന്താങ്ങാനായി പ്രതാപൻ തൻ്റെ നിത്യകർമ്മങ്ങളിലേക്ക് കടന്നു. അടുത്ത ദിവസം ഹിയറിങ്ങിന് പോസ്റ്റ് ചെയ്തിട്ടുള്ള കേസ് ഫയലുകൾ എടുത്ത് ഒരോന്നായി തുറന്ന് അയാൾ കേസിനു വേണ്ട തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു.

ഇതിനിടെ ഒരോരോ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും വിദ്യാർത്ഥികളോടൊപ്പമുള്ള ഫോട്ടോകൾ ഷിനോജ്  പോസ്റ്റ് ചെയ്യുകയും നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് ഒന്നൊഴിയാതെ പ്രതാപൻ കാണുകയും ചെയ്തു. ഷിനോജ് വെള്ളച്ചാട്ടത്തിലോ നീന്തൽക്കുളത്തിലോ ഉള്ള ഫോട്ടോ കാണുമ്പോൾ പ്രതാപൻ്റെ ഉള്ളിൽ ഒരാന്തലായിരുന്നു. രണ്ടു ദിവസത്തിനു ശേഷം യാത്ര കഴിഞ്ഞ് കോളേജിൽ തിരിച്ചെത്തിയ ചിത്രം ഷിനോജ് പങ്കുവച്ചപ്പോഴാണ് അയാൾക്ക് സമാധാനമായത്.

           ഭയപ്പെട്ടത് പോലെ ഒന്നും സംഭവിക്കായിരുന്നപ്പോൾ പ്രതാപൻ്റെ യുള്ളിലെ യുക്തിവാദി ശക്തി പ്രാപിച്ചു. കുറച്ചു ദിവസമെങ്കിലും തൻ്റെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചിന്തിച്ചതിൽ അയാൾ കുണ്ഠിതപ്പെട്ടു.

      ജീവിതം സാധാരണത്തേത് പോലെ നീങ്ങി കൊണ്ടിരുന്നു. കാലം കടന്നു പോകുന്നു. നരച്ചമുടിയിഴകളുടെ എണ്ണം കൂടുന്നു. കോടതികളിൽ നിന്നും കോടതികളിലേക്കുള്ള വ്യവഹാര ജീവിതം തടസം വിനാ നടക്കുന്നു. കോളേജിൻ്റെ വാട്സാപ്പ് ഗ്രൂപ്പിന് അപ്പോഴും സജീവമായി തുടർന്നു.

ഷിനോജ് ആ വർഷം കോളേജിൽ നിന്നും വിരമിച്ചതിനു ശേഷം വീണ്ടും അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയിരുന്നതും വിനോജ് റിട്ടയർ ആകാൻ ആറുമാസം ബാക്കി നിൽക്കേ രജിസ്ട്രാർ ആയി നിയമിതനായതും ഒക്കെ ഗ്രൂപ്പിലൂടെ അറിഞ്ഞു കൊണ്ടിരുന്നു. 

             അങ്ങനെയിരിക്കെ ഒരു സുദിനമെന്ന് തോന്നി ഉണർന്നെണീറ്റ ദിവസം വാട്ട്സാപ്പ് സന്ദേശം വായിച്ചപ്പോൾ ദുർദിനമായി മാറി. ഷിനോജിൻ്റെ ആകസ്മികമായ വേർപാട്. ഇന്നലെയാണ് സംഭവിച്ചത്. നാലിരട്ടി ചങ്കിടിപ്പ്, കണ്ണിലിരുട്ട്, ആമാശയത്തിലുടെ ഒരു കൊടുങ്കാറ്റ്. അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു."എന്താണ് സംഭവിച്ചതെന്ന് ആരേലും ഒന്ന് പറ, പ്ലീസ്"ഒരഞ്ചു മിനിറ്റിനകം വിനോജിൻ്റെ ഒരു നീണ്ട സന്ദേശം വന്നു. പ്രതാപൻ്റെ മിഴികൾ ആ വരികളിലൂടെ പാഞ്ഞു.

"ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അറിയാലോ ഷിനോജ് റിട്ടയർമെൻ്റിന് ശേഷം പ്രാക്ടീസ് ചെയ്യുകയായിരുന്നല്ലോ. പുതുതായി പ്രാക്ടീസ് തുടങ്ങിയത് കൊണ്ടായിരിക്കാം ബാലകൃഷ്ണൻ വക്കീലിൻ്റെ ഒരു കേസിൽ മുൻസിഫ് ഷിനോജിനെ കമ്മീഷനായി വച്ചത്. ഇന്നലെ ഉച്ചക്ക് കക്ഷികളോടൊപ്പം ഷിനോജ് കേസിൽപെട്ട വസ്തു സന്ദർശിക്കാനായി പോയിരുന്നു അതിരു നോക്കി അളവു തിട്ടപ്പെടുത്തുന്നതിനിടയിലാണ് ശ്രദ്ധിക്കാതെ ഷിനോജ് ആ വസ്തുവിലുണ്ടായിരുന്ന കിണറിലേക്ക് വീണത്. ആശുപത്രിയിലെത്തിക്കും  മുൻപ്...... അർദ്ധോക്തിയിൽ വിനോജ് നിർത്തി.

പ്രതാപൻ്റെ മനസ്സിൽ തൻ്റെ പഴയ വാചകങ്ങൾ മുഴങ്ങി."എടാ.. ഷിനോജേ നീ വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരിക്കുമെടാ..." ശ്ശേ..എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത്.. മനസ്സിൻ്റെ സമാധാനം നഷ്ടപ്പെട്ടു. അടുത്ത നിമിഷം പ്രതാപൻ മറുത്ത് ചിന്തിച്ചു.അങ്ങനെ ഒരാൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി അങ്ങനെ സംഭവിക്കുമോ... ഒരിക്കലുമില്ല. അങ്ങനെ എന്തെല്ലാം പറയുന്നു ഒരോരുത്തർ ഓരോരോ വേളകളിൽ. മാത്രമല്ല, അന്ന് താൻ പ്രവചിച്ചത് പോലെയല്ല ഷിനോജ് മരിച്ചത്. നെഞ്ചൊപ്പം വെള്ളത്തിൽ ഒരാൾ ശ്വാസം മുട്ടി മരിക്കുക അസംഭവ്യം. അപ്പോ വീഴ്ചയിൽ തലയിടിച്ചതാവും കാരണം  എന്ന് പ്രതാപൻ ആശ്വസിക്കാൻ ശ്രമിച്ചു.

                   പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഷിനോജ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും കിണറിൽ വീണതിൻ്റെ ആഘാതവും ഉൾഭയവും നേരത്തെ തന്നെ ഉണ്ടായിരുന്ന രക്ത സമർദവും എല്ലാം കൂടി ചേർന്നപ്പോൾ ഷിനോജിന് ബോധക്കേട് വരുകയും വെള്ളം നെഞ്ചൊപ്പം ഉള്ളുവെങ്കിലും അതിലേക്ക്  മറിഞ്ഞു വീണ് മുങ്ങി ശ്വാസംമുട്ടിയാണ് ഷിനോജ് പോയത് എന്നും അറിയാൻ കഴിഞ്ഞു.

എങ്കിലും പ്രതാപൻ തൻ്റെ കാഴ്ചപ്പാടിൽ വിശ്വസിക്കാനും തൻ്റെ നിഗമനത്തിൽ നിന്ന് മാറാതെ നിൽക്കാനും ശ്രമിച്ചു. താനെങ്ങനെയാ ഒരാളുടെ മരണം പ്രവചിക്കുക, തനിക്കെന്നല്ല ആർക്കാണങ്ങനെ സാധിക്കുക. അഥവാ അങ്ങനെ ചെയ്താലും അതിൽ ശാസ്ത്രീയതയില്ലല്ലോ.

ഇങ്ങനെ പ്രതാപൻ്റെ മനസ്സിലൂടെ പല ചിന്തകൾ, തൻ്റെ ഭയങ്ങൾക്ക് ആക്കം കൂട്ടുന്ന നിയന്ത്രണാതീതമായ കാടുകയറുന്ന ചിന്തകൾ നിറഞ്ഞു നിൽക്കുമ്പോഴും തൻ്റെ ഭയങ്ങളെ അടക്കി നിർത്തുവാനായി യുക്തിപരമായ ചിന്തകളെ ബോധപൂർവം മനസ്സിലേക്ക് അയാൾ കടത്തിവിടുകയായിരുന്നു.

      പിന്നീടുള്ള ദിവസങ്ങളിൾ പ്രതാപൻ്റെ ഭയം ഏറിവന്നു.അന്ന് തനിക്ക് മറുപടിയായി ഷിനോജ് തൻ്റെ മരണം പ്രവചിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ മനസ്സിൽ തെളിഞ്ഞു നിന്നു.ആ വാക്കുകൾ മറക്കുവാൻ താൻ എത്ര തന്നെ ശക്തമായി ശ്രമിക്കുന്നുവോ അതിൻ്റെ പതിന്മടങ്ങ് ശക്തിയിൽ ആ വാക്കുകൾ പ്രതാപൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. അയാൾക്ക് തൻ്റെ ജോലിയിൽ ഉള്ള ശ്രദ്ധ കുറഞ്ഞുവന്നു. കേസുകളിൽ ശ്രദ്ധയില്ലാതായി. ഹാജരാകാത്തതിനാൽ കേസുകൾ തള്ളിപ്പോയി. ഉറക്കം നഷ്ടപ്പെട്ടു അഥവാ ഭയം നിമിത്തം അയാൾ ഉറക്കത്തെ അകറ്റി നിർത്താൻ ശ്രമിച്ചു. അയാളുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ ഭാര്യ ശ്രദ്ധിച്ചു. ഭാര്യയുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ സഹിക്കവയ്യാതെ അയാൾ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അയാൾ സ്വയം ചോദിച്ചു: താനെന്തൊരു മണ്ടനാണ്... വർഷങ്ങൾക്കും മുമ്പ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കളിയായി പറഞ്ഞ ഒരു കാര്യം അതും ഒരാളുടെ മരണം എങ്ങനെ ശരിയാകും. എന്നിട്ട് ആ ഒരു സംഭാഷണ ശകലത്തെ തലയിലേക്കെടുത്ത് വച്ച് അനാവശ്യ ഭയങ്ങൾക്ക് അടിപ്പെട്ട് ഇപ്പോഴത്തെ ഒരോ നല്ല നിമിഷവും നഷ്ടപ്പെടുത്തുക..ഇത് താൻ തന്നെയോ...എന്ന് പ്രതാപൻ സ്വയം അൽഭുതപ്പെടാൻ ശ്രമിച്ചു.തനിക്കെങ്ങനെ ഇങ്ങനെയൊരു വിഡ്ഢി യാകാൻ കഴിഞ്ഞു. ഇത്തരം യുക്തിബോധത്തോടെയുള്ള ചിന്തകൾ തലക്കു ള്ളിലേക്ക് ബോധപൂർവ്വം കടത്തിവിട്ട് ഭാര്യയോട് ഇടക്കിടെ തമാശകൾ പറഞ്ഞും ചിരി യുണ്ടാക്കിച്ചിരിച്ചും അയാൾ പഴയപടിയാകാൻ ആവത് ശ്രമിച്ചു. പക്ഷെ അയാൾ മാറിപ്പോയിരുന്നു. ഇത് വരെ ഒരു പിറന്നാളിനു പോലും ക്ഷേത്രങ്ങളിൽ പോകാതിരുന്ന അയാൾ ഒരു പുലർച്ചേ പുറത്ത് പോയി തിരികെയെത്തിയപ്പോൾ നെറ്റിയിൽ ചന്ദനക്കുറി കണ്ട് ഭാര്യ അതിശയിച്ചു. എന്തേ ഇത്ര മാറ്റം ഇതിപ്പോ ആദ്യായാണല്ലോ. എന്തായാലും ഇതിപ്പോ നന്നായി. കുറച്ച് ദൈവഭയം ഒക്കെ ഉള്ളത് നല്ലതാ. പലരീതിയിൽ ശ്രമിച്ചിട്ടും അയാളുടെ ഭയം ദിനം പ്രതികൂടിയതേയുള്ളൂ.

             അയാൾ 'രാത്രിയിൽ ഉറങ്ങാതെ നേരം വെളുപ്പിച്ചു. അയാൾ എന്തിനെയോ ഭയക്കുന്നുണ്ടെന്ന് ഭാര്യക്ക് മനസ്സിലായി." നിങ്ങളെന്തിനാണ് ഇങ്ങനെ ഒറക്കമിളക്കുന്നത്?"

     പ്രതാപൻ എന്തോ ഒരോർമ്മയിലെന്നോണം പറഞ്ഞു തുടങ്ങി. ഒരാൾക്ക് എങ്ങനെയൊക്കെ മറ്റൊരാളെ ആക്രമിച്ചു കൊല്ലാം. ഒന്നുകിൽ ശ്വാസം മുട്ടിച്ച്, അത് ഒന്നുകിൽ കൈകൾ കൊണ്ട് ബലത്തിൽ കഴുത്തിൽ അമർത്തിപിടിച്ച്, അല്ലെങ്കിൽ തലയിണ പോലെയുള്ള വസ്തു കൊണ്ട് മൂക്കും വായും ബലത്തിൽ അമർത്തി, അല്ലെങ്കിൽ കഴുത്തിൽ കയർ മുറുക്കി, അല്ലെങ്കിൽ തലയ്കടിച്ച്, ഒന്നുകിൽ മൂർച്ചയേറിയ എന്തെങ്കിലും വസ്തു വച്ച് അലെങ്കിൽ വടി കൊണ്ട്, അതുമല്ലെങ്കിൽ വെടിവച്ച്, ഇല്ലെങ്കിൽ കത്തി കൊണ്ട് കുത്തി. കൊല്ലാൻ തന്നെ കരുതിക്കൂട്ടി ചെയ്യുന്നൊരാൾ ആണെങ്കിൽ കൃത്യമായ ഒരായുധം കൊണ്ടായിരിക്കും, അതല്ല ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് സംഭവിക്കുന്നതാണെങ്കിൽ കൈയിൽ കിട്ടുന്നതെന്തും ആയുധമായി മാറാം.ഒരു കള്ളനാണ് കൊലപാതകിയെങ്കിൽ അയാളുടെ പക്കൽ മിക്കവാറും കത്തിയായിരിക്കും ഉണ്ടാകുക. ആ കത്തി അധികം മൂർച്ചയില്ലാത്തതാണെങ്കിൽ ഒരു കുത്തിന് മരിക്കില്ല, അപ്പോ നല്ല മൂർച്ചയുള്ള കത്തിയായിരിക്കണം. ഒറ്റ കുത്ത്, അവസാനശ്വാസം, അത് നന്നായിരിക്കും. എന്തായാലും മരണം ഉറപ്പ്. അപ്പോ അത് അനായാസമായിരിക്കണം.

            ഭാര്യ ചോദിച്ചു: ഓ... നാളത്തെ കേസിനുള്ള തയാറെടുപ്പ്? പറഞ്ഞ പോലെ ആ കൊലക്കേസിൻ്റെ കാര്യം എന്തായി?അതാണോ ഈ ടെൻഷൻ്റെയെല്ലാം പിന്നിൽ?

പ്രതാപൻ അവരെയൊന്നു നോക്കി. ഒന്നു ചിരിച്ചു, പിന്നെ ഉറങ്ങാനെന്ന ഭാവേന കിടന്നു. അയാൾ ഭാര്യ ഉറങ്ങുന്നതിനായി കാത്തു കിടന്നു.. ഏതാനും നിമിഷങ്ങൾക്കു ശേഷം ഭാര്യ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അയാൾ ശബ്ദമുണ്ടാക്കാതെ അലമാരയിൽ മടക്കി വച്ച വസ്ത്രങ്ങൾക്കടിയിൽ നിന്ന് നേരത്തെ കരുതി വച്ചിരുന്ന മൂർച്ചയേറിയ കത്തിയെടുത്തു. അയാൾ കട്ടിലിലേക്ക് കണ്ണോടിച്ചു. ഭാര്യ സുഖനിദ്രയിലാണ്.

അയാൾ ശബ്ദമുണ്ടാക്കാതെ പതിയെ അടി വച്ചടിവച്ച് വന്ന് കത്തി, കട്ടിലിന് വശത്തായി കിടക്കുന്ന ചെറിയ മേശമേൽ, വാതിൽ തുറന്നോ, ബാൽക്കണിയിലെ ജനാല ഗ്ലാസ്സ് തുറന്നോ ആരു വന്നാലും കാണാൻ പാകത്തിന് വച്ച് കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.

കള്ളൻ വരും, അകത്ത് കടക്കും, അയാൾ അലമാര തുറക്കാൻ ശ്രമിക്കും, അപ്പോൾ താൻ കണ്ണു തുറക്കും, താൻ കണ്ടെന്ന് കള്ളൻ അറിയും കള്ളൻ്റെ കയ്യിലെ ഉപയോഗിച്ചു പഴക്കം ചെന്ന കത്തി കൊണ്ട് കുത്തിയാൽ കാര്യം നടക്കില്ല. കള്ളൻ തൻ്റെ അടുത്ത് ഇരിക്കുന്ന മൂർച്ചയേറിയ കത്തി കാണും, അയാൾ അതെടുത്ത് തന്നെ കുത്തും. ശുഭം.

     അങ്ങനെ ഷിനോജിൻ്റെ വാക്കുകൾ സത്യമാകും." നിൻ്റെ വീട്ടിൽ കള്ളൻ കയറും...നീ അയാളെ കാണും..പിന്നെയറിയാലോ കള്ളൻ തീർത്തോളും''

    പ്രതാപൻ ഉറക്കത്തിലേക്ക് വഴുതിവീണു പോയി. രാവിലെ ഉണർന്നയുടൻ കോളേജ് ഗ്രൂപ്പിൽ വാട്‌സാപ്പ് സന്ദേശത്തിനായി പരതി.




Sunday, 25 February 2024

വേര്

                           

                            നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ, ഉരുണ്ടു കൂടിയൊരു ചാലായി ഇരു കവിളുകളിലൂടെ താഴേക്കൊഴുകി, പറ്റെ വെട്ടിയ മുടിയിഴകൾക്കിടയിലൂടെ ഒഴുകിവന്ന വിയർപ്പു ചാലുകളുമായി ചേർന്ന് കുമ്പിട്ടു നിന്നിരുന്ന അയാളുടെ താടിയിലൂടെ മണ്ണിലേക്ക് ഇറ്റു വീണു.പല കൈവഴികൾ ഒന്നായ് ചേർന്നൊഴുകുന്ന പുഴ പോലെയായിരുന്നു അയാളുടെ ശരീരമപ്പോൾ. സൂര്യൻ താപാഗ്നി കൊണ്ട് അയാളെ ദഹിപ്പിക്കാനെന്നവണ്ണം ജ്വലിച്ചു കൊണ്ടേയിരുന്നു. അയാളുടെ എണ്ണക്കറുപ്പുള്ള ശരീരത്തിലൂടെ എണ്ണമില്ലാത്ത വിയർപ്പിൻ്റെ കൈവഴികൾ രൂപപ്പെട്ടു. അയാളുടുത്തിരുന്ന കൈലി പുഴയിൽ മുങ്ങിക്കയറിയത് പോലെ നനഞ്ഞിരുന്നു. മൺവെട്ടി പലവട്ടം ഉയരുകയും ശക്തിയോടെ മണ്ണിൽ പതിയുകയും ചെയ്തു. മണ്ണിളക്കം തീരെ കുറഞ്ഞിരുന്നതിനാൽ അയാളുടെ ദൗത്യം ഏറെ ദുഷ്കരമായി ഭവിച്ചു. അയാളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കുവാൻ അപ്പോൾ സൂര്യനെന്നല്ല യാതൊരു പ്രാപഞ്ചിക ശക്തിക്കും സാധ്യമല്ലായിരുന്നു.

      മൺവെട്ടിയുടെ ഒരോ ഉയർച്ചതാഴ്ചകളിലും അല്പാല്പമായി ഇളകിത്തെറിച്ച മണ്ണ് അയാൾ തൻ്റെ കരങ്ങൾ കൊണ്ട് വശങ്ങളിലേക്ക് മാറ്റി. മണ്ണ് പറ്റിയ കൈത്തലം കൊണ്ടയാൾ നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റി മൺവെട്ടി കൈയിലെടുത്ത് കർമ്മോത്സുകനായി. കഠിനപ്രയത്നത്തിൻ്റെ ഫലമെന്നോണം ,ഒടുവിൽ വന്മരത്തിൻ്റെ തായ് വേര് മണ്ണിലേക്കാണ്ട് കിടക്കുന്നതയാൾ കണ്ടു. ഭ്രാന്തമായ ആവേശത്താൽ അയാൾ വീണ്ടും വീണ്ടും മണ്ണിൽ ആഞ്ഞു വെട്ടി. മണ്ണാഴങ്ങളിലേക്ക് പടർന്നിറങ്ങുന്ന വേരുകൾ, അയാളുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ഓർമ്മകളുടെ വേരുകൾ പടർന്നിറങ്ങിയത് പോലെ.

                           ആളൊഴിഞ്ഞ ആ പറമ്പിനടുത്തു കൂടിയുള്ള മൺവഴിയിലൂടെ നടന്നു വന്ന ചിലർ ഒളികണ്ണിട്ടും മറ്റു ചിലർ  ഒളിക്കാതെയും അയാളുടെ പ്രവർത്തിയെ നോക്കി നിന്നു. അവരുടെ ലക്ഷ്യത്തെ മറന്നു കൊണ്ടോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം തങ്ങൾക്ക് നൽകുന്ന തൃപ്തി നേടിയെടുക്കാൻ വേണ്ടിയോ പരിസരവാസികൾ പൊറുതിമുട്ടി.

                അടക്കിയിട്ടും അടങ്ങാത്ത പൊറുതിമുട്ടൽ സഹിക്കവയ്യാതെ പരിസരവാസികളായ ദേവകിയും ഭർത്താവ് സഹദേവനും കൂടി അയാൾക്കരികിലെത്തി. ദേവകി മുണ്ടിൻ്റെ കോന്തലയിൽ വച്ചിരുന്ന പാക്കും വെറ്റിലയും വായിൽ തിരുകി ചവച്ചു കൊണ്ട് ,  ചുണ്ടിൻ്റെ കോണിലൂടെ ചുവന്ന വായ് നീരൊലിപ്പിച്ച് കൊണ്ട് കണ്ണ് കൂർപ്പിച്ച് ഒരു നീട്ടിത്തുപ്പലോട് കൂടി " ത് ഫുമതീടെ മോനല്ലേയിത്, ഇവനല്ലെ കൽക്കത്തേലെങ്ങാണ്ട് പണി കിട്ടിപ്പോയത്" എന്ന് സഹദേവനോട് ചോദിച്ചു.

അപ്പോഴേക്കും അവരിരുവരെയും പിൻപറ്റി അവിടെയെത്തിയ ചിലർ ഉത്തരം കിട്ടിയ സമാധാനത്തില്. " ഓ, കോമ്പാറക്കുന്നിലെ സുമതീടെ മോൻ"എന്ന് ആത്മഗതം ശബ്ദത്തിലാക്കി.

പക്ഷെ അപ്പോഴുണ്ട് ഒരു ഉപചോദ്യം ശാന്തമായ വെള്ളത്തിനടിയിൽ നിന്നും കുമിള പൊങ്ങി വന്ന് പൊട്ടുന്നത് പോലെ ദേവകിയുടെ കണ്ഠനാളത്തിൽ നിന്നും പൊട്ടി"ഓനെന്തിനാപ്പാ ഈടെയിപ്പോ കെളക്കണത് ?  "

ആ വാക്കുകൾ അയാളിൽ ഒരു നേരിയ ചലനം പോലും ഉണ്ടാക്കിയില്ല. അവ ഒരു ചെവിയിലൂടെ കയറി മറു ചെവിയിലൂടെ വായുവിൽ വിലയം പ്രാപിച്ചു.                 '

       പറഞ്ഞു വന്ന കഥയവിടെ നിക്കട്ടെ. ഇതേ സമയം കൽക്കത്തയിൽ സുമതിയുടെ മോൻ ശിവശങ്കറിൻ്റെ ആത്മസുഹൃത്തായ സജീവൻ സ്റ്റേഷനിൽ നിന്നും വണ്ടികയറുന്നു. അയാളുടെ നാടായ പത്തനംതിട്ടയിൽ പോയിട്ട് കുറച്ചധികം നാളുകളായെങ്കിലും സജീവൻ്റെ യാത്രോദ്ദേശ്യം മറ്റൊന്നായിരുന്നു. ശിവശങ്കർ നാട്ടിലേക്ക് പോയിട്ട് രണ്ടാഴ്‌ചയായിരിക്കുന്നു. അവൻ്റെ യടുത്ത് എത്തണം,എത്രയും പെട്ടെന്ന് .  തീവണ്ടിയാത്രകൾക്കിടയിൽ ജനലിലൂടെ പാഞ്ഞു പോയ കോഴിക്കോടൻ ദൃശ്യങ്ങളല്ലാതെ അയാളുടെ മനസ്സിൽ കോഴിക്കോടിൻ്റെ മറ്റൊരു ചിത്രവും പതിഞ്ഞിട്ടില്ല.എന്നാലും മുൻകൂട്ടിപ്പറയാതെ, ശിവ പ്രതീക്ഷിക്കാത്തൊരു നേരത്ത് അവന് മുന്നിൽ പ്രത്യക്ഷപ്പെടുക"അതാണപ്പോൾ സജീവൻ ആഗ്രഹിച്ചത്.

തീവണ്ടി കുറച്ചു നേരം പതുക്കെ നീങ്ങി, ഇപ്പോൾ അതിവേഗം കൈവരിച്ച് കഴിഞ്ഞു. കൽക്കത്താ കാഴ്ചകൾ അകന്നു പോയ് ക്കൊണ്ടിരുന്നു. അതിവേഗം മിന്നി മറയുന്ന കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് പായുമ്പോഴും , സജീവൻ്റെ  ചിന്തകൾ ശിവയെ ചുറ്റിപ്പറ്റിയായിരുന്നു. ശിവക്ക് എന്നും നൂറുനൂറു കഥകൾ ഉണ്ടായിരുന്നു പറയാൻ.ഓർമ്മച്ചെപ്പുകളിൽ സൂക്ഷിച്ചു വെയ്ക്കാൻ ഉള്ള രസകരമായ ഒരു അനുഭവവും കുട്ടി കാലത്ത് ഇല്ലാതിരുന്ന സജീവന്  ശിവയുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ കൗതുകകരങ്ങളായി അനുഭവപ്പെട്ടു.

 ഉയർന്നു നിൽക്കുന്ന ഒരു പാറപ്പുറത്തുള്ള ശിവയുടെ വീടും, ആ പാറമേൽ ശിവ പല തരം കല്ലുകൾ കൊണ്ട് കോറി വരച്ചിരുന്ന ചിത്രങ്ങളും., ദൂരെ വെള്ളമെടുക്കാൻ പോയിരുന്ന കനാലും , കൂട്ടുകാരൊപ്പം വൈകുന്നേര ങ്ങളിൽ കുളിക്കാനിറങ്ങുന്ന വലിയ  കുളവും എല്ലാം സജീവൻ്റെ മനസ്സിൻ്റെ ക്യാൻവാസിൽ മിഴിവുള്ള ചിത്രങ്ങളായി.ശിവപാറമേൽ വരച്ചിരുന്ന ചിത്രങ്ങൾക്ക് ആരാധകരുണ്ടായിരുന്നത്രേ! ആ പ്രദേശത്തെ ആളുകളൊക്കെ അവൻ്റെ മോഡലുകളായിരുന്നത്രേ! എന്തിനേറെ പറയുന്നു, അവൻ കോമ്പാറക്കുന്നിൻ്റെ രവിവർമ്മയായിരുന്നു.

ശിവ അച്ഛൻ്റെ തോളിലേറി ദൂരെ കുന്നിൻ്റെ താഴ്വരയിലെ കാവിലെ ഉത്സവം കണ്ടിരുന്നതും, അവൻ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്നതും അവന് ഏറ്റവും ഇഷ്ടപ്പെട്ട തേനൂറുന്ന മാമ്പഴം അച്ഛൻ കൊണ്ട് കൊടുക്കുന്നതും ഒക്കെ അവൻ പറയുമ്പോൾ സജീവന് അവനോട് ചെറിയ അസൂയ തോന്നിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ഉത്സവത്തിന് തന്നെ അച്ഛൻ കൊണ്ടുപോയിട്ടില്ല, എന്ന് മാത്രമല്ല, നിസാരകാര്യങ്ങൾക്ക് പോലും കഠിനമായ ശിക്ഷകൾ ആണ് തനിക്ക് അച്ഛൻ തന്നിരുന്നത്..

     സ്റ്റേഷനിൽ വന്നിറങ്ങിയ സജീവൻ ആദ്യം കണ്ട ചായക്കടയിൽ നിന്നൊരു കട്ടൻ ചായ കുടിച്ചു. ശിവ പറഞ്ഞ കഥകളിൽ നിന്നും പഠിച്ച വഴികളിലൂടെ സജീവൻ വിളിച്ച ടാക്സികാർ നീങ്ങിക്കൊണ്ടിരുന്നു.
"" സാറേ... സാർ ഇവിടെഇറങ്ങിക്കോ..ഇനിയങ്ങോട്ട്കാറു പോവൂല''പേഴ്സിൽ നിന്നും ഡ്രൈവർ ആവശ്യപ്പെട്ട തുകയെടുത്ത് കൊടുത്തുകൊണ്ട് തോളിൽ ബാഗും  തൂക്കി അയാൾ മുന്നോട്ട് നീങ്ങി.
" അമ്മാവാ...ഇവിടെ ഓട്ടോ കിട്ടുന്ന സ്ഥലമെവിടെയാ?"
കുറച്ചൂടെ മുന്നോട്ട് നീങ്ങി വലത്തോട്ട് തിരിഞ്ഞാ മതി'യെന്ന് എതിരെ വന്ന പ്രായമായയാൾ പറഞ്ഞു.
ഓട്ടോയിൽ, മുന്നോട്ട് നീങ്ങും തോറും ശിവ പറഞ്ഞിരുന്ന കനാലും, പിന്നെ കുളവും ദൂരെയായി കുന്നും ദൃശ്യമായി. ശിവയുടെ വാക്കുകൾ സജീവൻ്റെ മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ , പ്രകൃതിയൊരുക്കിയ ക്യാൻവാസായി അയാൾക്കുമുന്നിൽ.
"ആ ദൂരെ കാണുന്ന കുന്നിൻമേലെ വീട്ടിൽ താമസിക്കുന്ന ശിവശങ്കറിൻ്റെ കൂട്ടുകാരനാ ഞാൻ, ഒരു സുമതീടെ മകൻ. അച്ഛൻ്റെ പേര്, ദിവാകരൻ. അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോ രണ്ടാഴ്ച മുമ്പാ അവൻ്റെ അച്ഛൻ മരിച്ചത്."

"ഓൻ ഇപ്പോ ഇവിടെ ഇല്ലല്ലോ" എന്ന് ഓട്ടോക്കാരൻ. പിന്നെ ഒന്ന് സംശയിച്ച്..." അല്ലാ... സുമതി യേച്ചി രണ്ടു വർഷം മുൻപ് മരിച്ചു. പക്ഷേ ഓൻ്റെ അച്ഛൻ പണ്ടേ മരിച്ചതാ. ഓനിപ്പോ വടക്കെങ്ങാണ്ടാ ജോലി. സുമതിയേച്ചി മരിച്ചേ പിന്നെ വീടു പൂട്ടിയിട്ടേക്കാന്നാ കേട്ടത്.
അപ്പോഴേക്കും ഒരമ്പത് മീറ്റർ കൂടി വണ്ടി നീങ്ങിയിരുന്നു.
"ഇനി ഇങ്ങള് നടന്നു കേറിക്കോളീ '
ഓട്ടോക്കാരൻ മനസ്സിലേക്ക് കുത്തിത്തിരുകിയ ചോദ്യച്ചിഹ്നവുമായി സജീവൻ കല്ലൊതുക്കുകൾ ചവിട്ടിക്കയറി. ആ വീട്ടിലേക്ക് കയറിച്ചെന്നു.

ആഞ്ഞു വീശിയിരുന്ന കാറ്റിൽ കണ്ണിലേക്ക് വീണ മുടിയെ പുറകോട്ടൊതുക്കി അയാൾ ചുറ്റും നോക്കി. അങ്ങിങ്ങായി കുറച്ചു ചെറിയ വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ, ദൂരെ താഴ്വാരത്തിൽ ചെറിയ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നും ചെറിയ ശബ്ദത്തിൽ അലയടിച്ചെത്തുന്ന ഭക്തിഗാനം. അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ  ക്ഷേത്രത്തിൽ കെട്ടിയ തോരണങ്ങൾ തിളങ്ങുന്നുണ്ട്. സമീപത്തെ ചില വീടുകളിലെ കണ്ണുകൾ ചോദ്യ ചിഹ്നങ്ങളായി. ആ വീടിൻ്റെ മുൻവാതിൽ തുറന്നു കിടന്നിരുന്നു.
സജീവൻ ഉമ്മറത്തേക്ക് കയറി, തുറന്ന കിടന്ന വാതിലിലൂടെ അകത്ത് മേശമേൽ വച്ചിരിക്കുന്ന ദൈവത്തിൻ്റെ ചിത്രങ്ങളും, നിലവിളക്കും, മേശക്കടുത്തായി ചുമരിനോട് ചേർത്ത് വച്ചിരിക്കുന്ന ചെറിയ പീഠത്തിന്മേൽ ചുവന്ന തുണികൊണ്ട് വായ് മൂടിക്കെട്ടിയ ചെറിയ മൺകുടവും കണ്ടു.

സജീവൻ്റെ ചിന്തകൾ സങ്കൽപലോകത്തേക്ക് പായുന്നതിന് ഇടവരുത്താതെ വീടിൻ്റെ ഇടതുവശത്തെ മുറ്റത്ത് നിന്ന് ഒരു കൈലിയും കൈയില്ലാത്ത ബനിയനും ധരിച്ച, ശിവശങ്കർ കയറി വന്നു.

"എനിക്കറിയാമായിരുന്നു, നീ വരുമെന്ന്, നമുക്ക് നാളെ പോണം തിരുനെല്ലിയിൽ. അച്ഛൻ്റെ ചിതാഭസ്മം നാളെ ഒഴുക്കണം"
ബ്രഹ്മഗിരിക്കാടുകളിൽ നിന്നു ഒഴുകി വരുന്ന കണ്ണുനീർ തെളിമയുള്ള കുളിർജലം. മരങ്ങളേയും, ഇലകളെയും പാറകളെയും തഴുകിയിറങ്ങി വരുന്ന പുണ്യതീർത്ഥം. പാപനാശിനിയുടെ കുളിരിൽ, നിക്ഷേപിച്ച് കാവേരിയിലേക്ക് ആ ഭസ്മം ഒഴുകുമ്പോൾ ,ആ തീർത്ഥത്തിൽ മുങ്ങി നിവരുമ്പോൾ ശിവശങ്കറിൻ്റെ മനസ്സിലെ കനത്ത് നിന്ന ചിന്താഭാരം ഒഴുകി പോയ് മനസ് ശാന്തമായി.
പ്രശാന്തമായ മനസ്സോടെ ശിവയും , ചിന്താഭാരത്തോടെ സജീവനും തിരിച്ച് യാത്ര ചെയ്തു. ശിവയുടെ വീട്ടിലെ മുൻവശത്തെ മുറിയിലെ കട്ടിലിൽ ഇരിക്കാൻ സജീവനോട് ആംഗ്യം കാണിച്ചു കൊണ്ട് ശിവ അകത്തെ മുറിയിൽ പോയി ഫ്രയിം ചെയ്ത ഒരു ചിത്രം എടുത്ത് കൊണ്ട് വന്ന് ദൈവങ്ങളുടെ ചിത്രങ്ങൾക്കടുത്ത് വച്ചു. അതിൽ ഒരു മാലയിട്ടു. 
"ഇതെന്താണ് ശിവ..എനിക്കൊന്നും മനസ്സിലാകുന്നില്ല"
"എനിക്കറിയാം, നിനക്ക് ഇപ്പോ എന്നോട് ചോദിക്കാൻ ഒരു പതിനായിരം ചോദ്യം കാണുമെന്ന്"

അർദ്ധവിരാമത്തിനു ശേഷം ശിവ തുടർന്നു. എനിക്കന്ന് ആറു വയസ്സ്, ഒന്നാം തരത്തിൽ പഠിക്കുമ്പോഴാണ് എന്നാണ് ഓർമ്മ. ഉച്ചക്ക് സ്കൂളിലെ കഞ്ഞി കുടിക്കാനായി കൈ കഴുകി വന്നിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ നാരായണമാമൻ വന്ന് കൈപിടിച്ച് വലിച്ചോണ്ട് പോണത്. എനിക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലായില്ലെന്നല്ല, എന്നോട് ആരും ഒന്നും പറഞ്ഞില്ല.  പ്രാതൽ കഴിക്കാൻ ഒന്നുമില്ലാതിരുന്നത് കൊണ്ട് നല്ല വിശപ്പായിരുന്നു. കഞ്ഞി കുടിക്കാൻ കഴിയാഞ്ഞതിലെ വിഷമവും വിശപ്പും കൂടി എന്നെ വരിഞ്ഞു മുറുക്കി. വീടെത്തിയപ്പോ അമ്മ കരഞ്ഞോണ്ടിരിക്കുന്നു..ആരും എന്നോടൊന്നും പറഞ്ഞില്ല. ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ഞാനും"
വിശന്നിട്ടാണെങ്കിൽ ഒരു നിവൃത്തിയും ഇല്ല. അടുക്കളയിൽ പോയി കലത്തിൻ്റെ മൂടി തുറന്നു നോക്കി. കാലി. അടുപ്പിനടുത്ത് കമിഴ്ത്തി വച്ചിരുന്ന തേങ്ങാമുറിയെടുത്ത് കടിച്ചു കുറച്ച് കാരിത്തിന്നു. മൺകൂജയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ച് തിരിയെ ഉമ്മറത്തെത്തിയപ്പോഴാണ് ഞാൻകണ്ടത്,"......വേണ്ട ഇനിയതൊന്നും പറഞ്ഞിട്ടു കാര്യമില്ല

" നീ പറ... മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്ക്"

ശിവ തുടർന്നു"പിന്നീടൊരു ദിവസം സ്കൂളിൽ പോകും വഴി എൻ്റെ കൂട്ടുകാരൻ കുട്ടനാണ് പറഞ്ഞത്" എടാ ശിവാ... ഈ മാവിലാടാ.... നിൻ്റെ അച്ഛൻ തൂങ്ങിയത്"
എത്ര നേരം ആ മരത്തിനടുത്ത് നിന്നു എന്ന് എനിക്കോർമ്മയില്ല. ആ മാവിനെ ഞാൻ കെട്ടിപ്പിടിച്ചു. ആ മാവിൽ എൻ്റെ അച്ഛൻ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു.
പിന്നീടങ്ങോട്ട്........ ആ മാവ് ചില്ലകളാൽ എന്നെ ചേർത്ത് പിടിച്ചു, ആ മാവിൻ്റെ ഉയർന്ന കൊമ്പുകളിൽ കയറിയിരുന്ന് ഞാൻ താഴെക്കാവിലെ ഉത്സവം കണ്ടു.


മാവിലെ കിളികളോടും അണ്ണാറക്കണ്ണന്മാരോടും ചങ്ങാത്തം കൂടി. എനിക്ക് വിശക്കുന്നോൾ എനിക്ക് തേനൂറുന്ന മാമ്പഴം പൊഴിച്ചു തന്നു. മാവിൻ്റെ ശിഖരത്തിൽ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങി. എന്നെ ചിലർ ഭ്രാന്തനെന്ന് വിളിച്ചു.അച്ഛൻ്റെ രൂപം എനിക്ക് ഓർമ്മയില്ല, ഒരു ഫോട്ടോ പോലും ഇല്ല.
ഒന്നു നിർത്തി. ശിവ തുടർന്നു. 
രണ്ടാഴ്ചക്കു മുന്നേ എനിക്ക് ഇവിടെ നിന്ന് റേഷൻ കട നടത്തുന്ന കുട്ടൻ്റെ, എൻ്റെ ആ കുട്ടിക്കാല സുഹൃത്തിൻ്റെ കോൾ വന്നു" എടാ.... ആ മാവ് അവര് മുറിച്ചെടാ... ആ പറമ്പിൻ്റെ ഉടമസ്ഥൻ ജോലീന്നൊക്കെ പിരിഞ്ഞു വന്നു. ഇവിടെ വീട് വയ്ക്കാൻ പോണത്രേ. ആ മാവിരിക്കണ സ്ഥാനത്താടാ അവർക്ക് കിണറിന് സ്ഥാനം കണ്ടത്. നീ പെട്ടെന്നിങ്ങ് വാ"

ശിവ സജീവനെ നോക്കി കണ്ണിറുമ്മി കൊണ്ട് " നീയെന്തിനാ കരയുന്നേ?" ഭാഗ്യത്തിന്, അവര് കിണറ് കുഴിക്കും  മുമ്പ് എനിക്കിവിടെ എത്താനും ആ മാവിൻ്റെ വേര് എടുക്കാനും സാധിച്ചു. ഞാനിപ്പോ സന്തോഷവാനാണ്, അച്ഛന് മോക്ഷം കിട്ടിക്കഴിഞ്ഞു."
സജീവൻ മാവിൻ്റെ ഫ്രെയിം ചെയ്ത് മാലയിട്ട ചിത്രത്തിലേക്ക് ഒന്നു കൂടി നോക്കി.





'

Saturday, 27 January 2024

പിറന്നാൾ ചിന്തകൾ.

 പിറന്നാൾ ചിന്തകൾ.   

വർഷങ്ങൾ തൻ

പക്ഷങ്ങളരിയാനുതകു-

ന്നൊരീർച്ചവാളെ

പക്കലില്ലാതെ പോയ്.

 

ശൈശവം കടന്നു പോയ്,

പിന്നെ ബാല്യവും കൗമാരവും

പിടി തരാതെ ദ്രുതമായ്

പടിയിറങ്ങി യൗവനം.

 

അൻപോടെയെന്നുള്ളി

അമരമായ് നിൽക്കു-

മോർമ്മകളേകിക്കൊ-

ണ്ടമ്പത്തൊന്നാണ്ടും പറന്നു പോയ്.

 

കേവലമോർമ്മകൾ മാത്ര-

മല്ലതെൻ ജീവിത-

പ്പാത തൻ നിമ്നതലങ്ങളിൽ

താങ്ങാകുമൂന്നുവടിയതത്രേ!