Thursday, 30 November 2017

മധുര പ്രതീക്ഷ



                      ശേഖരൻ തമ്പി ഉറ്റു  നോക്കിക്കൊണ്ടിരുന്നു.ആദ്യം മൂന്നാലെണ്ണേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എണ്ണം കൂടിക്കൂടി വന്നു.ഇപ്പോ ഒരു പത്ത് പതിനഞ്ചെണ്ണം കാണും.തമ്പിയുടെ കണ്ണുകളിൽ ഒരു കുട്ടിക്കൗതുകം നിറഞ്ഞു നിന്നു. മൂന്നു നാലു തുള്ളി ചായ ടീ പോയിയിൽ വീണു കിടന്നു.അതിനു ചുറ്റും ഉറുമ്പുകൾ നിരന്നു നിന്നു തല കുമ്പിട്ട് ചായ ഊറ്റിയൂറ്റി കുടിച്ചു കൊണ്ടു നിന്നു.ഏകനായ് വിരസചിത്തനായ് ഇരുന്ന ഏതൊക്കെയോ ദിവസങ്ങളിൽ അനിമൽ പ്ലാനറ്റ് വച്ചപ്പോൾ കണ്ട, കാട്ടുകുളത്തിനരികിൽ  നീളമുള്ള കാലുകൾ കവച്ചു വച്ച് കഷ്ടപ്പെട്ട് നിന്ന് വെള്ളം കുടിച്ചിരുന്ന ജിറാഫിൻ കൂട്ടത്തെ തമ്പിക്ക് ഓർമ്മ വന്നു.തമ്പിക്ക് ചിരി വന്നു.കുഞ്ഞനുറുമ്പുകളെ കണ്ടപ്പോൾ ഒത്തിരി ഉയരമുള്ള ജിറാഫിനെ ഓർമ്മ വന്നതിൽ.

                        ഒന്ന് ഊതിയാൽ പറന്നു പോകുന്ന നേർത്ത ശരീരമുള്ള ഒരു പ്രത്യേകതരം ഉറുമ്പുകൾ.കടിച്ചു നോവിക്കുന്ന നെയ്യുറുമ്പിനെ പോലെയല്ല ഇവ.വളരെ സാധുക്കളാണ്.പഞ്ച പാവങ്ങൾ.തമ്പിനോക്കിയിരിക്കേ അവ ആ ചായക്കുളം കുടിച്ച് വറ്റിച്ചു.തമ്പിയുടെ കൗതുകം തീരാഞ്ഞതിനാൽ അയാൾ മേശമേൽ തന്റെ ഭാര്യയായ കുമുദം തനിക്കായ് എടുത്ത് വച്ച ഫ്ലാസ്ക്കിലെ കട്ടൻ ചായ യിൽ നിന്ന് ഒരു തുള്ളി ടീ പോയി മേൽ ഉറ്റിച്ചു.ഒന്നു രണ്ട് ഉറുമ്പുകൾ വന്ന് തല കുമ്പിട്ട് നാക്ക് അതിൽ തൊട്ടു.പക്ഷെ അവ തിരിച്ചു നടക്കുകയാണ് ഉണ്ടായത്.അതിനു ശേഷവും മധുര പ്രതീക്ഷയിൽ രണ്ടു മൂന്നെണ്ണം വന്നു.തല താഴ്ത്തി നാവ് മുട്ടിച്ച് തിരിച്ചു പോയി.ടീ പോയി മേൽ അങ്ങുമിങ്ങും വഴിതെറ്റിയ പോലെ അലഞ്ഞു തിരിഞ്ഞ ഉറുമ്പുകളെ കട്ടനിലേക്ക് വഴിതിരിച്ചു വിടാനായി തമ്പി അയാളുടെ വിരലുകൾ തട വച്ച് ഒരു വിഫല ശ്രമം നടത്തി.ഉറുമ്പുകൾ മധുരം ചേർത്ത ചായയേ കൂടിക്കൂ എന്ന തിരിച്ചറിവ് അതോടെ തമ്പിക്ക് ഉണ്ടായി.

                        തമ്പിയും കുമുദവും ആരൊക്കെയാണെന്ന് പരിചയപ്പെടുത്തേണ്ട സമയം അധികരിച്ചു. ഇനി  നീട്ടുന്നില്ല. വാട്ടർ അഥോറിറ്റിയിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ ആണ് തമ്പി.തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് സേവനമനുഷ്ഠിച്ചത്.
ഔദ്യോഗിക കാലഘട്ടം കഴിയുന്നതിന് ഏകദേശം മൂന്നു കൊല്ലം മുമ്പു തന്നെ ഒരു ഡോക്ടർ തമ്പിയുടെ രക്തത്തിൽ പഞ്ചാരയുടെ അളവ് കൂടുതലാണെന്ന കണ്ടെത്തൽ നടത്തിയിരുന്നു.അതോടെ കുമുദം തന്റെ ഭർത്താവിന്റെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.തമ്പിക്ക് വളരെ ചെറുപ്പകാലത്ത് തന്നെ, കൃത്യമായി പറഞ്ഞാൽ ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ കഷണ്ടി കയറിയതാണ്. മുപ്പതുകളുടെ പകുതിയായപ്പോഴേക്കും ബാക്കി യുണ്ടായിരു ന്ന  മുടിയിഴകളിൽ വെള്ളി കെട്ടി തുടങ്ങുകയും കൊടവയർ ചാടുകയും ചെയ്തു.ചുരുക്കിപ്പറഞ്ഞാൽ കാഴ്ചയിൽ ഉള്ളതിനേക്കാൾ പത്തുവയസ്സധികം തോന്നും.

                       കുമുദം വിദ്യാഭ്യാസവകുപ്പിൻ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിലെ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്.കുമുദത്തിന് ഇനിയും പത്തുവർഷം ബാക്കിയുണ്ട്   റിട്ടയർമെന്റിന്. ഇടതൂർന്ന് ചന്തി മറഞ്ഞ് കിടക്കുന്ന മുടിയിഴകളിൽ ഒന്നിനു പോലും വെളുത്ത നിറമില്ല. പ്രസവിക്കാത്തതിനാൽ ശരീരത്തിനിതു വരെ ഒരു ഉടവും തട്ടിയിട്ടില്ല.ഉരുളി കമിഴ്ത്തിനോക്കിയിട്ടും കുട്ടിയുണ്ടാകാത്തതിനാൽ ഉരുളിക്കല്ല കുഴപ്പമെന്ന് അവർ കണ്ടെത്തി.ശേഖരൻ തമ്പിയാണ് ഇക്കാര്യത്തിൽ കുഴപ്പക്കാരൻ എന്ന് പക്ഷേ ഡോക്ടർ കണ്ടെത്തിയിരുന്നു. ദമ്പതികൾ അക്കാര്യത്തെക്കുറിച്ചങ്ങ് ബോധപൂർവ്വം മറന്നു.ഇരുവരും സന്തോഷത്തോടെയങ്ങ്  ജീവിച്ചു.

                    കൂടുതൽ സമയവും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന തമ്പി വായനയും ടിവി കാണലുമൊക്കെയായി നേരം പോക്കി.ദിവസവും വൈകുന്നേരങ്ങളിൽ കുറച്ച് നടക്കാൻ നേപ്പിയർ മ്യൂസിയത്തിൽ പോകും.നടത്തം കഴിഞ്ഞാൽ അവിടെയുള്ള തുരുമ്പിച്ച കസേരകളിൽ ഒന്നിൽ ഇരിക്കും. സ്ഥിരം കണ്ടു കണ്ട് പിന്നെ പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളായി മാറിയ ചിലരോടൊത്ത് കൊച്ചുവർത്തമാനങ്ങളും രാഷ്ട്രീയവും ഒക്കെ പറഞ്ഞ് സായാഹ്നം സമ്പുഷ്ട മാക്കും. കുമുദം വീട്ടിൽ എത്തുമ്പോഴേക്കും തമ്പിയുമെത്തും.ഇതാണ് തമ്പിയുടെ റിട്ടയർമെന്റ് ജീവിതം.

                      അന്നും പതിവുപോലെ തമ്പി നേപ്പിയർ മ്യൂസിയത്തിലെ തുരുമ്പിച്ച കസേരകളിലൊന്നിൽ ഇരുന്നു.അപ്പോഴാണ് വളരെ യാദ്യച്ഛികമായി തിരുവനന്തപുരത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രമോഹനെ കണ്ടത്.വർഷങ്ങൾ കുറച്ച് കഴിഞ്ഞെങ്കിലും ഒറ്റ നോട്ടത്തിൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കുറച്ചു നേരം ഒരുമിച്ച് ഇരുന്ന് അവർ പഴങ്കഥകൾ പറഞ്ഞു.അക്കൂട്ടത്തിൽ ചന്ദ്ര മോഹൻ പറഞ്ഞ ഒരു കാര്യമാണ് നമ്മുടെ കഥാനായകന്റെ ജീവിതത്തിന്റെ ഒഴുക്കിന് ദിശാമാറ്റം സംഭവിപ്പിച്ചത്.
            ചന്ദ്രമോഹൻ പറഞ്ഞു: കഴിഞ്ഞയാഴ്ച ഞാൻ തമ്പിയെക്കുറിച്ചോർത്തതേയുള്ളൂ. ദാ.... തമ്പിമുന്നിലെത്തിയിരിക്കുന്നു.
            തമ്പി: ചുമ്മാതങ്ങനെ ഓർത്തോ?
            ചന്ദ്രമോഹൻ: കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ സ്റ്റാച്യുവിലൂടെ കാറിൽ പോകുമ്പോൾ തമ്പീടെ ഭാര്യയെ കണ്ടു.ഒരാൾ കൂടെയുണ്ടായിരുന്നു.അപ്പോഴാണ് തമ്പിയെ ഓർത്തത്.
            തമ്പി: ഏയ്.നിങ്ങൾക്ക് ആളു മാറിപ്പോയതായിരിക്കും. അവൾ ആ സമയത്ത് ഓഫീസിലായിരിക്കും.
            ചന്ദ്രമോഹൻ: അല്ലല്ല. എനിക്ക്കുമുദത്തെ കണ്ടാലറിയില്ലേ.അതു കുമുദം തന്നെ.

 വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഭാര്യയുടെ പേരു പോലും മറന്നിട്ടില്ലല്ലോ ഈ കൊശവൻ എന്നയാൾ മനസ്സിലോർത്തു.

             തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചിന്തകളിൽ മുഴുവൻ സ്റ്റാച്യുവിലൂടെ റോഡ് മുറിച്ച് കടന്ന് പോകുന്ന കുമുദവും ആ ഒരാളുമായിരുന്നു.

             "കുമൂ, ഇന്ന് പഴയ ആ ചന്ദ്രമോഹനെ കണ്ടു.''
             "ഏത് ചന്ദ്രമോഹൻ?"
             "എന്റെ കൂടെ വാട്ടറഥോറിറ്റീലുണ്ടാരുന്ന''
             ''ഓ,... ആ പൊക്കോള്ള ചുരുണ്ട മുടിയുള്ള വെളുത്ത..... ല്ലേ?"
 ''ഇത്രയെല്ലാം ഇവളോർത്തു വച്ചിരിക്കുന്നോ" എന്ന് ചിന്തിച്ച തമ്പി പറഞ്ഞു."ചന്ദ്രമോഹൻ നിന്നെ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാച്യുവിൽ വച്ച് കണ്ടെന്ന് പറഞ്ഞു.ആരോ കൂടെയുണ്ടാരുന്നൂന്നും പറഞ്ഞു."
              " അയാൾക്ക് ആള് തെറ്റീതാ.. ഞാൻ ഓഫീസിൽ തന്നെയായിരുന്നു.അന്നാണേ നല്ല ജോലിത്തിരക്കുമായിരു ന്നു."
            തമ്പിയുടെ മനസ്സിൽ കുമുദത്തെ ക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും വെറുതെ  ചിന്തകൾ നുരഞ്ഞു പതഞ്ഞു.സ്റ്റാച്യുവിലൂടെ നടന്നു പോകുന്ന കുമുദവും പിന്നെ ഒരാളും.

           വീണ്ടും സൂര്യനുദിച്ചു. കുമുദം മറ്റെല്ലാരെയും പോലെ രാവിലെ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു.പിന്നെ അടുക്കളയിലേക്ക് കയറി.പണിക്കാരിയെ നിർത്തുന്നത് കുമുദത്തിന് ഇഷ്ടമല്ല.എല്ലാം സ്വയം ചെയ്യണം.തമ്പിക്ക് ഇടക്ക് കുടിക്കാൻ വേണ്ട മധുരമിടാത്ത കട്ടൻചായ ഫ്ലാസ്ക്കിലാക്കി ടീ പോയി മേൽ വച്ചു.ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും പാത്രത്തിലാക്കി തീൻ മേശയിൽ വച്ചു. പ്രാതൽ തീൻമേശയിൽ ഇരുന്നു കഴിച്ച ശേഷം കുമുദം സോഫയിൽ വന്നിരുന്ന് പത്രവാർത്തകൾ ടീ പോയി മേൽ വച്ച ഗ്ലാസ്സിലെ മധുരമുള്ള ചായയോടൊപ്പം അലിയിച്ചിറക്കി.രണ്ടു മൂന്നു തുള്ളി മധുരച്ചായ ടീപ്പോയി മേൽ വീണു.ഉറുമ്പുകൾ വന്നു.ചായക്കുളം വറ്റിച്ചു."എത്ര പെട്ടെന്നാണ് മധുരം തേടി ഉറുമ്പുകൾ വരുന്നത്.അവക്കൊന്നും ഷുഗറൂല്ല, പഞ്ചാരേമില്ല."തമ്പി ചിന്തിച്ചു.

            കുമുദം ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ തമ്പിഒറ്റയ്ക്കായി.തമ്പി പഴയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു. വർഷങ്ങൾക്കു മുൻപ് കുഞ്ഞിക്കാല് കാണണമെന്ന് അമിതമായി ആഗ്രഹിക്കുകയും അതിനായ് പ്രയത്നിക്കുകയും ചെയ്ത നാളുകൾ.താൻ ഒരു പരാജയമാണെന്ന തമ്പിയുടെ തിരിച്ചറിവിന്റെ നാളുകൾ.അന്നൊരിക്കൽ കുമുദം ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ട് കണ്ടിരിക്കുന്നതിനിടയിലാണ് ഇരുട്ട് വ്യാപിപ്പിച്ചു കൊണ്ട് വൈദ്യുതിയുടെ പ്രവാഹം നിന്നത്."ഈ കറണ്ടും നിങ്ങളും ഒരുപോലാ."

             കുമുദത്തിന്റെ ഈ ഉപമയുടെ സാരം തമ്പിക്ക് പെട്ടെന്ന് പിടികിട്ടീല.എന്നാൽ കുമുദം തുടർന്നപ്പോൾ പൂർണ്ണമായും പിടി കിട്ടി." ഇഷ്ടപ്പെട്ട ഒരു സിനിമ കണ്ടു കണ്ട് ഹരം പിടിച്ച്, ക്ലൈ മാക് സെത്തുമ്പോൾ ഇപ്പോ പ്രതീക്ഷിച്ചത് സംഭവിക്കും എന്ന അവസ്ഥയെത്തുമ്പോ... കട്ട്.. ദാ പോയി... കറണ്ട്."

              തമ്പിയോർത്തു."കുമുദം തന്നേക്കാൾ പതിമൂന്ന് വയസ്സിനിളയതാണ്.പോരാത്തതിന് ഇപ്പോഴും നല്ല ആരോഗ്യവും സൗന്ദര്യവും ചുറുചുറുക്കും.ഒള്ളതിലും ഒരു പത്തു വയസ്സുകൊറവേ തോന്നൂ.എന്നിട്ടും അവൾ പരാതി പറയുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ല".ദിവസങ്ങൾ വരുന്നു. വരുന്നതിലും വേഗം പോകുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ തമ്പിയുടെ ഉച്ചമയക്കത്തിന്റെ കൂർക്കം വലിക്ക് മേലെ മൊബൈൽ മണിനാദം മുഴങ്ങി.അങ്ങേത്തലയ്ക്കൽ നിന്ന് തമ്പിയുടെ ചിരകാല സുഹൃത്തായ നാഗേന്ദ്രന്റെ ശബ്ദം. ഒരരമണിക്കൂറിനുളളിൽ ഞാൻ തമ്പിയണ്ണന്റെ വീട്ടിലെത്തും ഒരുങ്ങിനിന്നോണം. എന്റെ കൂടെ ഒരു പർച്ചേസിന് വരണം.
"ശ്ശോ.. എന്തിനാടോ ഞാൻ വരുന്നേ?"
"തമ്പിയണ്ണന് സൂസൻ മരിയയെ ഓർമ്മയില്ലേ?"
"ഏത് സൂസൻ?"
"എന്റെ ഓഫീസിലെ...തമ്പിയണ്ണനറിയാം.. ഒരിക്കേ ഓണാഘോഷത്തിന് കനകക്കുന്നില്  ഞങ്ങളുടെ ഓഫീസിന്റെ വക സ്റ്റാളിട്ടപ്പോ.... ഓർക്കുന്നോ.... അന്ന് പരിചയപ്പെടുത്തീത്.അവര് നാളെ പെൻഷനാകുന്നു. ഒരു ഗിഫ്റ്റ് കൊടുക്കണം.അത് വാങ്ങേണ്ട പണി എന്റെ തലേല് വീണു".

             നാഗേന്ദ്രൻ നിർബന്ധിച്ചപ്പോ പിന്നെ തമ്പിയെ തിർത്തില്ല.അങ്ങനെയാണ് തമ്പി അന്ന് നഗരത്തിലെ ആ വലിയ ഷോപ്പിങ് മാളിൽ എത്തിച്ചേർന്നത്.രണ്ടു പേരും ചേർന്ന് ഒരോരോ നിലകളിലായി സൂസന് ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന സാധനം തേടി നടന്നു.ഇതിനിടയിൽ തമ്പിയുടെ നോട്ടം മാളിലെ ഒരു കണ്ണാടിയിൽ പതിഞ്ഞു.അതിൽ കണ്ട മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ പിൻഭാഗത്തിന് കുമുദത്തിന്റെ പിൻഭാഗവുമായി നല്ല ഛായ., പിൻഛായ. കുമുദം ഉടുത്തത് മഞ്ഞസാരിയായിരുന്നോ? തമ്പിക്ക്  ഓർത്തെടുക്കാനായില്ല.കണ്ണാടിയിലെ പ്രതിരൂപത്തിന്റെ അവകാശിയെ കണ്ടെത്താൻ തമ്പി ശ്രമിച്ചെങ്കിലും നടന്നില്ല. മാളിലെ അനവധി കണ്ണാടികളും പ്രതിരൂപങ്ങളും ചേർന്ന് അയാളെ കബളിപ്പിച്ചു.തമ്പി ഒരോ സ്ത്രീകളെയും മാറി മാറി നോക്കി." ഇതൊക്കെ നിർത്തിക്കൂടേ ഇനി" എന്ന നാഗേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയായി ഒരു ഇളിഭ്യച്ചിരി ചിരിക്കാനേ തമ്പിക്കായുള്ളൂ.

       അന്ന് വൈകിട്ട് കുമുദം വരാനായി തമ്പി കാത്തിരുന്നു. സാരിയുടെ നിറം മഞ്ഞ തന്നെയാണോ എന്ന് കണ്ടെത്തണം.തമ്പി ടിവി കണ്ടിരുന്നു. ഗേറ്റിന്റെ ശബ്ദം. പിന്നെ വാതിലിന്റെ പിടിതാണു.വാതിൽ തുറക്കപ്പെട്ടു.മഞ്ഞ സാരിയിൽ കുമുദം പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ ഇങ്ങനെ നോക്കുന്നേ?"കുമുദം ചോദിച്ചു.
"ഇന്ന് നീ കൂടുതൽ സുന്ദരിയായിരിക്കുന്നു."അവർ ഒരു ചെറുമന്ദഹാസം ചൊരിഞ്ഞ് അകത്തേക്ക് പോയി.തമ്പി വിഷയത്തിലേക്ക് കടക്കാനായി തക്കം പാർത്തു.പിന്നെ പറഞ്ഞു."ഇന്ന് നിന്നെ പോലെ ഒരു സ്ത്രീയെ ഞാൻ കണ്ടു."
" എന്നെ പോലെയെന്ന് പറഞ്ഞ് ഒരോ പെണ്ണുങ്ങളെ നോക്കി അടി മേടിച്ചു കൂട്ടണ്ട." എന്ന് പറഞ്ഞ് അവൾ വശ്യമായ ഒരു പുഞ്ചിരി പൊഴിച്ചു.ആ ചിരിയിൽ ഇത്ര നാൾ കാണാത്ത ഒരു വശ്യത ഒളിഞ്ഞിരിക്കുന്നതായി തമ്പിക്ക് അനുഭവപ്പെട്ടു.

"ഇത്  കുമു തന്നെയോ?അതോയക്ഷിയോ? കുമുദത്തിന്റെ ദേഹത്ത് വല്ല യക്ഷിയും കയറിക്കൂടിയോ.അയാളുടെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു.അന്ന് രാത്രി തമ്പി പലവട്ടം ഞെട്ടിയെണീറ്റു. കുമുദത്തിന്റെ നഖങ്ങൾ നീളുന്നുണ്ടോ യെന്നും ദംഷ്ട്രകൾ ഇറങ്ങിവരുന്നുണ്ടോയെന്നും നോക്കി.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന രാവിന്റെ നീല വെളിച്ചത്തിൽ കുമുദത്തിന്റെ ചുണ്ടുകളുടെ വശ്യതയിൽ അയാളുടെ കണ്ണുകൾ കോർത്തു.അപ്പോൾ വായുവിൽ മുല്ലപ്പൂ ഗന്ധം നിറഞ്ഞു.

           എന്തായാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല. കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.അയാളുടെ മനസ്സിലൊരു കുറ്റാന്വേഷകൻ ഉണർന്നു പ്രവർത്തിച്ചു.ചന്ദ്ര മോഹൻ കണ്ടെന്നു പറഞ്ഞതും താൻ മഞ്ഞസാരിക്കാരിയെ കണ്ടതും ഒരു ഉച്ച നേരത്താണ്.അതിനാൽ ഉച്ച നേരത്ത് തന്നെ അന്വേഷണം തുടങ്ങാം എന്ന് തീരുമാനിച്ചു.അന്ന്  കുമുദം രാവിലെ ഓഫീസിലേക്കിറങ്ങിയപ്പോൾ തമ്പി  പതിവിലും വിപരീതമായി അവളുടെ സാരിയേതെന്ന് ശ്രദ്ധിച്ചു.നീലയും കറുപ്പും നിറങ്ങളിലുള്ള ഷിഫോൺ സാരി. ഉച്ചയൂണിന് ശേഷം തമ്പി തന്റെ കാറിൽ കുമുദത്തിന്റെ ഓഫീസിന്റെ പരിസരത്തിലൂടെയൊക്കെ കറങ്ങി.ചുറ്റുവട്ടത്തെ കടകളിൽ കയറി അനാവശ്യമായി സാധനങ്ങൾക്ക് വില പേശി.

              സമയം രണ്ടര.കുമുദത്തിന്റെ ഓഫീസിന്റെ മുന്നിലെ വഴിയിലൂടെ നീലയും കറുപ്പും കലർന്ന സാരി." അത്  കുമു തന്നെ".ഞൊടിയിടയിൽ അവൾ ഒരു ഓട്ടോയിൽ കയറി സ്ഥലം വിട്ടത് അയാൾ കണ്ടു.തമ്പി തന്റെ കാറിൽ പിന്തുടർന്നു.കാറ് പാളയത്തെത്തും വരെ ആ ഓട്ടോയെ കണ്ടിരുന്നു.പിന്നെ ഇടയ്ക്ക് കാഴ്ച മുറിഞ്ഞു.നേപ്പിയർ മ്യൂസിയത്തിനടുത്ത് എത്തിയപ്പോൾ വീണ്ടും ആ ഓട്ടോ കണ്ടു.തമ്പി പിന്തുടർന്നു വെള്ളയമ്പലത്തെ ഒരുഅപ്പാർട്ട് മെന്റിലേക്ക് ആ ഓട്ടോ കയറിപ്പോകും വരെ .തമ്പിയേറെ ശ്രമിച്ചെങ്കിലും നീലസാരിക്കാരിയുടെ മുഖം കാണാനൊത്തില്ല.വൈകിട്ട് തമ്പി ടിവി കാണുകയായിരുന്നു. കുമുദം വന്നു.തമ്പിക്ക് ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

                "ഇന്ന് ജോസ് സാറിന് പ്രൊമോഷൻ കിട്ടിയ വകയിൽ പാർട്ടിയുണ്ടായിരുന്നു. കുറെ മധുരം കഴിച്ചു.ഒത്തിരി ബാക്കിയായി. ഇങ്ങു കൊണ്ടു വന്നിട്ടും കാര്യമില്ലല്ലോ, കുമുദം പറഞ്ഞു.   മധുരം കഴിക്കാൻ പറ്റാത്തവർ മധുരത്തെ കുറിച്ച് ചിന്തിക്കരുത്,പറയരുത്, കൊതിക്കരുത്. തമ്പിയോർത്തു.അത് കഴിക്കുന്നവർ കഴിക്കട്ടെ.മധുര പ്രതീക്ഷയില്ലാത്ത തമ്പി അന്ന് സുഖമായുറങ്ങി.
                

Sunday, 13 August 2017

നൗഷബ

)

                  ചുട്ടുപൊള്ളുന്ന ചൂടിൽ പോലും മരുഭൂമിയിലെ മണൽ കാറ്റിനേയും തൊണ്ട വരളുന്ന ദാഹത്തേയും അവഗണിച്ചു കൊണ്ട് സൗകര്യ പ്രദമായി ഒന്നിരിക്കാൻ പോലും ഇടമില്ലാഞ്ഞിട്ടും നാലു ചുറ്റും വലിച്ചു കെട്ടിയ ആ പന്തലിനടിയിൽ നൗഷബയുടെ വാക്കുകൾ കേൾക്കാനായി ആ അമ്മമാരും കുഞ്ഞുങ്ങളും കാതു കൂർപ്പിച്ചിരുന്നു. മാനത്തെ മഴമേഘങ്ങൾ കണക്കെ മുഖത്ത്  സ്വേദകണങ്ങൾ ഉരുണ്ടുകൂടി.
                 " എന്റെ ഉമ്മിയും അബ്ബയും എപ്പോഴും എന്നെ പിന്താങ്ങുകയും, എന്റെ ഒരോ നല്ല ഉദ്യമങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാൻ ആഗ്രഹിക്കുന്നതെന്തും ഇച്ഛാശക്തിയും നിരന്തര പരിശ്രമവും ഉണ്ടെങ്കിൽ നേടിയെടുക്കാമെന്നും അവർ എനിക്ക് പറഞ്ഞു തന്നു. ആഗ്രഹം എത്രമേൽ ഉൽക്കടമാണോ അത്രമേൽ ലോകവും കൂടെ നിൽക്കുമെന്നും".
                     സദസ്സ് ഒന്നടങ്കം നൗഷബയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.നിങ്ങളൊന്ന് മനസ്സിലാക്കണം.ഒരു സമുദായത്തിൽ ജനിച്ചതു കൊണ്ടോ, ഒരു പ്രത്യേക പ്രദേശത്ത് ജനിച്ചതു കൊണ്ടോ  മാറ്റി നിർത്തപ്പെടേണ്ടവരോ, പാർശ്വവൽകരിക്കപ്പെടേണ്ടവരോ അല്ല നമ്മൾ ആരും.മുഖ്യ ശ്രേണിയിലേക്ക് വരാനുള്ള ഒരേയൊരു മാർഗ്ഗം വിദ്യാഭ്യാസമാണ്. ലോകമെങ്ങുമായി ഇപ്പോഴും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും ജീവിതത്തിൽ സ്വാതന്ത്ര്യവും ഉന്നതിയും ആർജ്ജിക്കണമെങ്കിൽ ഉള്ളിലുറഞ്ഞു കിടക്കുന്ന ശക്തിയെ തിരിച്ചറിയണം, തൊട്ടുണർത്തണം, അതിന് വിദ്യാഭ്യാസം.... അത് മാത്രമാണ് മാർഗ്ഗം''.ആഞ്ഞടിക്കുന്ന മണൽക്കാറ്റേറ്റ് വലിച്ചുകെട്ടിയിരിക്കുന്ന പന്തൽ ആടിയിളകുകയും, പാളികൾ അകലുകയും അവയ്ക്കിടയിലൂടെ സൂര്യകിരണങ്ങൾ നൗഷബയുടെ മുഖത്ത് പതിക്കുകയും ചെയ്തു.കൈകൾകൊണ്ട് കണ്ണുകൾ തിരുമ്മി നൗഷബ കണ്ണു തുറന്നു നോക്കി.

           അവൾ കിടന്നുറങ്ങിയിരുന്ന നാലതിരുകൾ വലിച്ചു കെട്ടിയ ടെന്റിലെ , അവിടവിടെ കൂട്ടിവച്ചിരിക്കുന്ന ബാഗുകൾക്കും പാത്രങ്ങൾക്കും ഭാണ്ഡക്കെട്ടുകൾക്കുമിടയിൽ നിന്ന് നൗഷബ ഉണർവിലേക്ക് വന്നു. കണ്ണുകളിൽ പതിച്ച അമിത വെളിച്ചം അവൾക്കു ചുറ്റും മഞ്ഞ വളയങ്ങൾ സൃഷ്ടിച്ചു.യാഥാർത്ഥ്യത്തിന്റെ തീച്ചൂളയിലേക്കാണവൾ കൺ തുറന്നത്.തന്നെ നോക്കി സാകൂതം കാതു കൂർപ്പിച്ചിരുന്ന അമ്മമാരും കുഞ്ഞുങ്ങളുമെവിടെ?അവളുടെ സ്വപ്നം, ഉണർവിലും ഉറക്കത്തിലും ഉള്ളിൽ ഉണർന്നിരിക്കുന്ന സ്വപ്നം.

           ബാഗുകളും, കമ്പിളിപ്പുതപ്പുകളം, പുസ്തകങ്ങളും, പാത്രങ്ങളും വച്ചിരിക്കുന്ന, അമ്പത് പേർക്ക് കഷ്ടി കഴിഞ്ഞു കൂടാനാവുന്ന ആ ടെന്റിൽ നൂറിനുമേൽ ആളുകൾ കഴിഞ്ഞു കൂടുന്നു..പാൽമണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ജീവിതാനുഭവങ്ങളുടെ ഭാരം ആമയെ പോലെ മുതുകിലേറ്റി കുനിഞ്ഞു പോയ വൃദ്ധർ വരെയടങ്ങുന്ന ഒരു ജനസമൂഹം.ചുറ്റും നടക്കുന്നതെന്തെന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുഞ്ഞുങ്ങൾ, അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് തിളങ്ങുന്ന വിടർന്ന കണ്ണുകളാൽ ചുറ്റുമുള്ളവരെ നോക്കി പാൽപ്പുഞ്ചിരി പൊഴിച്ചു കൊണ്ടിരുന്നു. നഷ്ടസ്വപ്നങ്ങളുടെ മഞ്ചലിലേറി യൗവനയുക്തർ അലഞ്ഞു തിരിഞ്ഞു.അനുഭവങ്ങളുടെ നെരിപ്പോട് നെഞ്ചിലേറ്റി തളർന്ന് കണ്ണുകൾ കുഴിയിലാണ്ട് പോയ ഒരുപറ്റം ആളുകൾ തളർന്നിരുന്നു.

               കയ്യിൽ ഒതുക്കാൻ കഴിയുന്നത്ര, അത്യാവശ്യമുള്ളതും പ്രിയപ്പെട്ടതുമായ വസ്തുക്കൾ കയ്യിലൊതുക്കിക്കൊണ്ട് ആൺപെൺ ഭേദമന്യേ, പ്രായഭേദമന്യേ എല്ലാവരും പലായനം ചെയ്യുമ്പോൾ അവരുടെ മനസ്സുകളിൽ ഉത്തരങ്ങളില്ലാതെ ആയിരമായിരം ചോദ്യങ്ങൾ വെള്ളത്തിൽ കുമിളകൾ എന്ന പോൽ ഉയർന്നു വന്നു.
                  നിത്യവും വൈകുന്നേരങ്ങളിൽ കൂടുതേടി പറക്കുന്ന പക്ഷികളെ പോലെ ,പകൽപ്പണികളുടെ ആവർത്തനങ്ങളിൽ നിന്ന്,വൈകുന്നേരങ്ങളിൽ പറന്നെത്തിയിരുന്ന, നിറഞ്ഞ സുരക്ഷിതത്വബോധവും സ്നേഹോഷ്മളതയും നൽകുന്ന സ്വന്തം പാർപ്പിടത്തേയും, സ്വന്തമെന്നഹങ്കരിച്ച് കൈവശം വച്ചനുഭവിച്ചിരുന്ന പല വസ്തുക്കളേയും പിന്നിലുപേക്ഷിച്ച് മുന്നോട്ട് വയ്ക്കുന്ന വിറയാർന്ന ഒരോ കാലടിക്കും താഴെ, ഭൂമി പിളർക്കുന്ന രവത്തോടെ പൊട്ടാൻ വെമ്പി നിൽക്കുന്ന മൈനുകൾ ഉണ്ടായേക്കാം എന്ന വിഹ്വലതയോടെ ഒരു ജനത മുന്നോട്ട് നീങ്ങി. നൗഷബ അവൾക്കേറെ ഇഷ്ടപ്പെട്ട ചില കഥാപുസ്തകങ്ങൾ നെഞ്ചോടടുക്കി പിടിച്ചിരുന്നു. ഏറിയ ഭയത്താൽ കരയാൻ മറന്ന്, രക്തഛവി വാർന്നു പോയ മുഖത്തോടെ ഇടംകയ്പ്പിടിയിൽ കുഞ്ഞനുജന്റെ വലംകൈയൊതുക്കി, ജ്യേഷ്ഠസഹോദരിയുടെ മുൻകരുതലോടെ അവൾ മുന്നോട്ട് നീങ്ങി .കാലിനു സ്വാധീനം നഷ്ടപ്പെട്ട അവളുടെ തെയ്തായെ
( തെയ്താ=അമ്മമ്മ) ചക്ര കസേരയിലിരുത്തി,അബ്ബയുടെ അനുജൻമാർ ചേർന്ന് എടുത്ത് കൊണ്ട് കിലോമീറ്ററുകളോളം നടന്നു.

               മൂന്നു നിലകളിലായി വ്യാപിച്ചുകിടക്കുന്ന പത്തോളം വിശാലമായ മുറികളുള്ള, ഈ ബൃഹദ് പ്രപഞ്ചത്തിലെ വൈവിധ്യമാർന്ന വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ അടുക്കി വച്ച റാക്കുകളുള്ള, തലയുയർത്തി നിൽക്കുന്ന വെള്ള പൂശിയ ലൈബ്രറി കെട്ടിടം.നൗഷബ എത്രയോവട്ടം അബ്ബയോടൊപ്പം ആ ലൈബ്രറിയിൽ പോയിരിക്കുന്നു.വിശാലമായ മൈതാനത്തിനപ്പുറം സ്ഥിതി ചെയ്തിരുന്ന ആ  കെട്ടിടം ദൂരേ നിന്ന് നോക്കിനിൽക്കേ ആ കെട്ടിടത്തിന്റെ അത്ര തന്നെ ഉയരത്തിലും വ്യാസത്തിലുമുള്ള പുകമഞ്ഞുപോലെ തോന്നുന്ന പൊടി പടലത്തിനുള്ളിൽ മറഞ്ഞുപോകുന്നതാണ് കണ്ടത്. നിമിഷങ്ങൾക്കകം ആ കെട്ടിടത്തിനു പകരം ഒരു കൂമ്പാരം കെട്ടിടാവശിഷ്ടങ്ങൾ കിടന്നു.അവൾ തന്റെ കയ്യിലിരുന്ന"ഇറാഖി ഗേൾ: ഡയറി ഓഫ് എ ടീനേജ് ഗേൾ" എന്ന പുസ്തകം നെഞ്ചോടടുക്കി പിടിച്ചു.2003ൽ അമേരിക്കയും ബ്രിട്ടണും ചേർന്ന് നടത്തിയ അധിനിവേശത്തിനു ശേഷം ഒരു കൗമാരക്കാരിയുടെ ബ്ലോഗെഴുത്തുകൾ ചേർത്തൊരുക്കിയ പുസ്തകം.ആ പുസ്തകo അവളുടെ ഹൃദയതാളം പിന്തുടർന്നു.നൗഷബ ആ പുസ്തകം കാണുമ്പോഴൊക്കെ ആനി ഫ്രാങ്കിനെ ഓർത്തു.
                     പാദങ്ങൾക്കു കീഴിൽ വെന്തുരുകിയൊഴുകുന്ന  മണൽപ്പുഴയിലൂടെ നീങ്ങുമ്പോൾ വായുവും പൊടിപടലവും ചേർന്ന് സൃഷ്ടിച്ച പുകമറ മുമ്പിലുള്ള ദൃശ്യം മങ്ങിയതാക്കി,അവരുടെ ഭാവിയും. അനിശ്ചിതത്വത്തിന്റെ തീ അവരുടെ സിരകളിൽ ആളിക്കത്തി.നൗഷബയ്ക്കു തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അങ്ങുദൂരെയായി തന്റെ വീട് ഒരു മഞ്ഞ നിറമുള്ള പൊട്ടുപോലെ കാണപ്പെട്ടു.ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന,  നൗഫലുമായി കളിക്കുകയും ഇടയ്ക്കിടെ തല്ലുകൂടുകയും ചെയ്തിരുന്ന വീട്.അവന്റെ കളിപ്പാട്ടങ്ങളുള്ള, തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുള്ള വീട്.ഉമ്മിയും അബ്ബയും ജിദ്ദോയും(ജിദ്ദോ= അച്ചച്ചൻ)തെയ്തായുംനൗഫലും താനും ഒന്നിച്ചിരുന്ന് ഡോൽമയും, ഖാഷും, കെബാബും ടീക്കയും ഒക്കെ കൊതിയോടെ കഴിച്ചിരുന്നത് ഭൂതകാലം .

                  ചിത്രങ്ങൾ വരയ്ക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു നൗഫൽ.എത്രയോകൂട്ടം ക്രയോണുകളും കളർ പെൻസിലുകളും ജലച്ചായങ്ങളും അക്രിലിക് പെയിന്റുകളും കാൻവാസുകളും എല്ലാം അവന്റെ ശേഖരത്തി ലുണ്ടായിരുന്നു.നൗഷബ നൗഫലിന്റെ വലം കൈയിൽ പിടിച്ച്"വേഗം നടക്ക്, നൗഫൽ" എന്ന് പറഞ്ഞ് വലിക്കുമ്പോൾ അവന്റെ പുറത്ത് തൂങ്ങിയിരുന്ന ബാഗ് അവനെ പിന്നാക്കം വലിച്ചു. അവന്റെ  ഇടംകൈയിൽ പിടിച്ച കടലാസ് ചുരുൾ അവൾ  വാങ്ങിപ്പിടിച്ചു. അവനെയും കൂട്ടി കൂടുതൽ വേഗത്തിൽ  നീങ്ങി.

                ദുഷ് കരമായതും അനിശ്ചിതത്വം നിറഞ്ഞതും ഭീതിയുടെ ഇരുണ്ട പുക നിറഞ്ഞതുമായ മഹായാത്ര.ലക്ഷ്യസ്ഥാനമേതെന്നോ, സുരക്ഷിതമായ ഒരു സ്ഥാനത്ത് എപ്പോഴെത്തിച്ചേരാൻ സാധിക്കുമെന്നോ എന്നറിയാത്ത യാത്ര.സമാന്തരരേഖകളുടെ അറ്റം തേടിയുള്ള യാത്ര പോലെ നീണ്ടു നീണ്ടുപോകുന്ന യാത്ര.ചെമ്മരിയാട്ടിൻ കൂട്ടം പോലെ മുമ്പേ ഗമിക്കുന്നവന്റെ പിൻപേ ഒരു ഗ്രാമം മുഴുവൻ പിന്തുടരുന്ന യാത്ര.ധൈര്യം നൽകിക്കൊണ്ട് അബ്ബ മുൻപിൽ നടക്കുന്നതായിരുന്നു മനസ്സിന് ആശ്വാസം നൽകാൻ സഹായിച്ചിരുന്ന ഏകഘടകം.ജോലി കഴിഞ്ഞ് അബ്ബ വരാൻ വൈകിയാൽ നൗഷബയും നൗഫലും ഉമ്മിയോട് ചോദിക്കും" അബ്ബ എവിടെപ്പോയ്?അബ്ബ എപ്പോൾ വരും?ഉമ്മിയുടെ കണ്ണുകളിലെ കാത്തിരിപ്പിന്റെ വേവലാതിയെ ചിരിയിട്ട് മൂടിക്കൊണ്ട് മറുപടിപറയും"അബ്ബ ഉടനെയെത്തും.ജോലിത്തിരക്ക് കാരണമാണ് വൈകുന്നത്. നിങ്ങൾ കിടന്നുറങ്ങിക്കോ എന്ന് പറഞ്ഞ് ഉമ്മി രണ്ടു പേർക്കും പുതപ്പുകൾ പുതച്ചു കൊടുക്കും. എന്നാലും രണ്ടു പേരും അബ്ബ വരുന്നത് വരെ ഉറങ്ങാതെ കിടക്കും.അബ്ബ എത്തുമ്പോൾ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ഉമ്മി പറയും." കുട്ടികൾ ഉറങ്ങിപ്പോയി."അപ്പോൾ രണ്ടുപേരും പുതപ്പുകൾ എടുത്ത് മാറ്റി ഓടി വന്ന് അബ്ബയെ കെട്ടിപ്പിടിക്കും.


                  മണിക്കൂറുകൾ നീണ്ട ആ നടത്തത്തിനിടയിൽ ഇടയ്ക്കിടെ അകലെ നിന്ന് വെടിയൊച്ചകൾ കേട്ടു., കാളിന്ദിയിൽ നിന്നും ഉയർന്നു വന്ന കാളിയനെ പോലെ കറുത്ത പുക ഉയർന്നുവന്ന് ഫണമുയർത്തുകയും അവരുടെ പ്രത്യാശയ്ക്ക് മേൽ വിഷം തുപ്പുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദത്തോടെ പല വണ്ടികൾ ഇളകിയാടിക്കൊണ്ട് നീങ്ങുന്നുണ്ടായിരുന്നു.പെട്ടെന്നാണ് പട്ടാളക്കാരുടെ വേഷത്തിന് സമാനമായ കടും പച്ചയും ചാണകപ്പച്ചയും നിറങ്ങൾ കലർന്ന വേഷം ധരിച്ച ഒരു പറ്റം തോക്കുധാരികൾ കൂട്ടം കൂട്ടമായി നടന്നുപോയ്ക്കൊണ്ടിരുന്ന വർക്കിട യിലേക്ക് കടന്നുകയറുകയും ആ കൂട്ടത്തിൽ നിന്നും ആണുങ്ങളെ ബലം പ്രയോഗിച്ച് വലിച്ചുകൊണ്ടു പോവുകയും ചെയ്തത്.കീഴ്പ്പെടാൻ മടിച്ച് എതിർപ്പ് പ്രകടിപ്പിച്ച നൗഷബയുടെ അബ്ബയെ അവർ ആക്രമിക്കുകയും ഇരുകരണത്തും ആഞ്ഞടിക്കുകയും പിൻ കഴുത്തിൽ ബലത്തിൽ പിടിച്ചുതാഴ്ത്തി ഊക്കോടെ പൃഷ്ടഭാഗത്ത് ചവിട്ടി അവരുടെ വാഹനത്തിലേക്ക് തള്ളിയിടുകയും ചെയ്തു..

                "അബ്ബാ"യെന്ന് ഉറക്കെ അലറിക്കരഞ്ഞ നൗഷബയെയും നൗഫലിനേയും തോക്കുധാരി രൂക്ഷമായി നോക്കുകയും, കൊന്നുകളയുമെന്ന്  ആംഗ്യം കാണിക്കുകയും ചെയ്തു.ഏഴോ എട്ടോ ആണുങ്ങളെ വലിച്ചിഴച്ചു കയറ്റി വാഹനം പുക തുപ്പി പൊടി പാറിച്ച് കടന്നു പോയി.നൗഷബയും നൗഫലും കരഞ്ഞുകരഞ്ഞുകലങ്ങിയ കണ്ണുകളോടെ വീണ്ടും വീണ്ടും ഏങ്ങലടിച്ചു കൊണ്ട്  കരഞ്ഞു കണ്ണീർ വറ്റിയ ഉമ്മി യെ പിന്തുടർന്നു.മായുടെ രക്ത ഛവിവാർന്നുപോയ കണ്ണുകൾ നൗഷബ കണ്ടു.കവിളിലൂടെ ഒഴുകിയ കണ്ണുനീർ ചാലുകളിൽ പൊടി പറ്റിപ്പിടിച്ചിരുന്നു.  വീണ്ടും യാത്ര തുടർന്നു.സൂര്യൻ കത്തിജ്വലിച്ചുനിന്ന ആ പകലിൽ അവരുടെ ജീവിതങ്ങൾ മാറിമറിഞ്ഞു.

           "ഉമ്മി , അവർ അബ്ബയെ എങ്ങോട്ടാണ് കൊണ്ടു പോയത്?അബ്ബയെ എന്തിനാണ് കൊണ്ടുപോയത്?അബ്ബ ഇനി നമ്മുടെ അടുത്തേയ്ക്ക് വരുമോ?"നൗഷബയുടെ മനസ്സിൽ ഉദിച്ച് വന്ന ചോദ്യങ്ങൾ അവൾ വിഴുങ്ങിയെങ്കിലും നൗഫൽ അതേ ചോദ്യങ്ങൾ ഉമ്മിയോട് ചോദിച്ചു.കണ്ണു നീരിൽ നനഞ്ഞ ഒരു ചോദ്യം കൂടി അവനിൽ നിന്നു ഉതിർന്നു വീണു."ഉമ്മി, അബ്ബയെ അവർ കൊല്ലുമോ?"

          അവരുടെ നടത്തത്തിനിടയിൽ ചില സംഘങ്ങൾ അറവു ശാലകളിലേക്ക് കൊണ്ടു പോകുന്ന മാടുകളെപോലെ ചില വണ്ടികളിൽ തിങ്ങിഞെരുങ്ങി, കൈകാലുകളോ തലയോ ഒന്നു ചലിപ്പിക്കാൻ പോലും കഴിയാതെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുരക്ഷിത താവളത്തിലെത്താൻ അവർ ആഗ്രഹിച്ചു.
                 പെട്ടെന്ന് അവർക്കു ചുറ്റും അപാരമായ ഒരു ശബ്ദത്തിൽ പൊട്ടിത്തെറിയും അനോന്യം കാണാൻ കഴിയാത്ത തരത്തിൽ അന്തരീക്ഷം നിറഞ്ഞ് ഓറഞ്ചും മഞ്ഞയും ചാരയും നിറം കലർന്ന തീയും പുകയും ഉണ്ടായി.നാലു പാടും ചിതറിയോടുബോൾ നൗഷബയുടെ ഇടം കയ്യിൽ നിന്ന് നൗഫലിന്റെ വലം കയ്യ് ഊർന്നു പോയി.ഏറെ നേരത്തിനു ശേഷം ആ രാക്ഷസപ്പുക കെട്ടടങ്ങിയപ്പോൾ നൗഷബ ഉമ്മിയേയും നൗഫലിനേയും തേടി ആൾക്കൂട്ടത്തിനിടയിലൂടെ അലഞ്ഞു.ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യതസ്തമിക്കുമ്പോൾ അവർ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരിടത്തേക്ക്, പരിചിതമല്ലാത്ത ജീവിതത്തിലേക്ക് എത്തപ്പെടുകയായിരുന്നു.

                      നോക്കെത്താദൂരത്തേക്ക് നിര നിരയായി ഒരുക്കിയിരിക്കുന്ന നീല നിറമുള്ള ടെൻ്റുകൾ.ആയിരക്കണക്കിന് ആളുകളാണ് അങ്ങോട്ട് എത്തപ്പെട്ടിരിക്കുന്നത്. അവർക്കായി ടെൻറുകളൊരുക്കിയ, ഭക്ഷണവും വെള്ളവും പുതപ്പുകളും മരുന്നുകളും എത്തിച്ച സന്നദ്ധ സംഘടനകളുടെ പ്രവർത്തകർക്ക് മുമ്പിൽ അവർ കൈകൾകൂപ്പി.കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നൗഷബ ഒരോ ടെന്റിലും നൗഫലിനെയും ഉമ്മിയെയും തിരഞ്ഞു.

                  ദിവസങ്ങൾ പിന്നിട്ടു. ജീവിതമാകെ മാറി മറിഞ്ഞ ആയിരക്കണക്കിന് ആളുകൾ.ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുവാനോ പിരിഞ്ഞു പോയ ഉറ്റവരെ കാണുവാനോ കഴിഞ്ഞിട്ടില്ല.നൗഷബ അബ്ബയെ  ക്കുറി ച്ചോർത്തു." അബ്ബ ഇപ്പോൾ എവിടെയായിരിക്കും?അബ്ബയെ ഇനി ഈ ജീവിതത്തിൽ കാണാൻ സാധിക്കുമോ?ഉമ്മിയും നൗഫലും എങ്ങു പോയി? അവർ ഒറ്റപ്പെട്ടെങ്കിലും ഉമ്മിയും നൗഫലും ഒന്നിച്ചുണ്ടാകണേ എന്നവൾ പ്രാർത്ഥിച്ചു.അവളുടെ കുഞ്ഞനുജൻ ഒറ്റപ്പെടുന്നത് അവൾക്ക് ചിന്തിക്കാൻ പോലുമായില്ല.ഉമ്മിയും നൗഫലും മറ്റേതോ ക്യാമ്പിൽ ഉണ്ടാകുമെന്ന് അവൾ പ്രത്യാശിച്ചു.." തമ്മിൽ പിരിയുമ്പോൾ നൗഷബയുടെ കൈയിൽ പെട്ട നൗഫലിന്റെ കടലാസ് ചുരുൾ അവൾ അമൂല്യ നിധി പോലെ കാത്തു.അത്  നിവർത്തി അവൾ അതിലേക്ക് നോക്കി..അവൻ വരച്ച അവരുടെ വീടിന്റെ ചിത്രം.നൗഷബയുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീർ വീഴാതെ നിന്നു തുളുമ്പി.
                കാലം കടന്നു പോയി. നൗഷബയുടെ പഠനം മുടങ്ങിയിട്ട് ഒരു വർഷമായിരിക്കുന്നു. അവളുടെ മാത്രമല്ല അവളെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികളുടെ. അവളുടെ സ്വപ്നങ്ങൾ ചിറകുകൾ മുളച്ച് പറന്ന് പൊങ്ങി.ഒരിക്കൽ താൻ ഗ്രാമത്തിലേക്ക് തിരിച്ചു പോകും, പഠനം തുടരും.ആഗ്രഹം പോലെ പഠിച്ച് ഒരു അഭിഭാഷകയാവും. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതും.അബ്ബയെ പോലെ തീവ്രവാദികളുടെ പിടിയിലകപ്പെട്ട അബ്ബമാരെ രക്ഷപ്പെടുത്തും, ഉമ്മിയെയും  നൗഫലിനെയും കണ്ടെത്തും.. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനസമൂഹത്തിന് നഷ്ടപ്പെട്ട അവകാശങ്ങൾ പൊരുതി നേടും. പഠനം പാതിവഴിയിൽ മുടങ്ങിയ കുട്ടികൾക്ക് പഠനം സാധ്യമാക്കിക്കൊടുക്കും.ചൂടു കാറ്റേറ്റ് ക്ഷീണിച്ച നൗഷബ കൂട്ടിവച്ചിരിക്കുന്ന ബാഗുകൾക്കിടയിൽ അങ്ങിങ്ങായി തളർന്നു മയങ്ങുന്ന അഭയാർത്ഥികൾക്കിടയിൽ കിടന്നുറങ്ങി,  സ്വപ്നം കണ്ട് കണ്ട്.ഊണിലും ഉറക്കത്തിലും അവൾ കാണുന്ന സ്വപ്നം.ഒരു കൂട്ടം അമ്മമാരും കുഞ്ഞുങ്ങളും അവളെ സാകൂതം നോക്കിയിരുന്നു.അവൾ അവരോട് സംസാരിച്ചുകൊണ്ടേയിരുന്നു.


Friday, 2 June 2017

പെണ്ണടയാളം

                 "മോള് ഒരു മാസമായിട്ട് ആശുപത്രീല് തന്നെയായിരുന്നു. എടവിട്ട് കരഞ്ഞോണ്ടേയിരിക്കും. കൊറച്ച് നേരം ഒറങ്ങും. ഒറക്കൊണർന്നാല് കരയും."

                 "രാജിയെ സഹായിക്കാൻ ആരുമില്ലേ?"

                 " അച്ഛനും അമ്മയ്ക്കും പ്രായായി. അനിയത്തിയെ കെട്ടി പുനലൂർക്ക് കൊണ്ടോയി.അവളെ പിന്നെ അച്ഛനേം അമ്മേ നേം ഒന്നു കാണാൻ കൂടി വിട്ടിട്ടില്ല അവടെ കെട്ടിയോൻ".

                 " മോൾക്കെന്തായിരുന്നു അസുഖം?"

                  അവർ കുത്തിക്കുത്തി ഒരോന്ന് ചോദിച്ച് രാജിയെ വിഷമിപ്പിച്ച് കൊണ്ടിരുന്നു. ഉണങ്ങിവരുന്ന മുറിവിൽ വീണ്ടും ബ്ലേഡിട്ട് വരയുന്ന പോലെ.മോളുടെ അസുഖത്തെ പറ്റി പറഞ്ഞപ്പോൾ വാക്കുകൾ പകുതി വഴിയിൽ പൊട്ടി പിന്നെ കരച്ചിലിനോടൊപ്പം തെറിച്ചു വീണു.

                    അപ്പോൾ അവർ ചോദ്യം മാറ്റി ചോദിച്ചു."ഭർത്താവിന്റെ പെരുമാറ്റത്തിൽ നിങ്ങളെ ഏറ്റവും വിഷമിപ്പിച്ചി രുന്നതെന്താണ്?"

                രാജി തുടർന്നു."ആശുപത്രീല് ഞാൻ മോൾടെ കെടക്കക്കരികിൽ രാത്രീന്നും പകലെന്നും ഇല്ലാതെ ഒറക്കമിളച്ചിരുന്നു.മൂന്നാം നാൾ അയാൾ മുറീലേക്ക് കയറി വന്നു.കൊച്ചിനെ ഒറ്റക്കാക്കി എന്നെ ബലം പ്രയോഗിച്ച് വലിച്ചെറക്കി കൊണ്ടുപോയി.ഞാൻ പൊട്ടിക്കരഞ്ഞു.അപ്പോ " അത് അവടെ കെടന്നോളും, എങ്ങും എണീറ്റു പോകൂല" എന്ന് അലറി.  അവിടവിടെ ഇരുന്ന ആളുകൾ ഞങ്ങളെ നോക്കി.ആരെങ്കിലും അയാളെ ഒന്ന് തടഞ്ഞെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു.അയാളുടെ ആഗ്രഹം തീർക്കാൻ വെറും ഒരു ശരീരമായി കെടന്നു കൊടുക്കേണ്ടി വന്നു.വെറും ശരീരം. മദ്യത്തിന്റെ മണോം, തൊടയിലൂടെ ഒഴുകി വന്ന നനവും .എനിക്ക് ഓക്കാനിക്കാൻ തോന്നി."

                കനലിൽ നിന്നും തീപ്പൊരിചിതറുന്ന പോലെ രാജിയുടെ കണ്ണുകളിൽ നിന്നും വിദ്വേഷത്തിന്റെ തീപ്പൊരി പാറി.
             
                "ഇതിന് നല്ല റേറ്റിംഗ് കിട്ടും".ചാനലിന്റെ ക്രിയേറ്റീവ് ഡയറക്ടർ സോമസുന്ദരം സന്തോഷിച്ചു.

                  "എന്തു കഷ്ടാല്ലേ സാർ ഇവരുടെയൊക്കെ ജീവിതങ്ങൾ!"

                 "താനെന്താടോ ഒരു മാതിരി ആക്ടിവിസ്റ്റിന്റെ മാതിരി സംസാരിക്കണത്?അതിനു കച്ചകെട്ടി യിറങ്ങി യിരിക്കണ കൊറേ അവളുമാരുണ്ടല്ലോ. അവരൊക്കെ കൂടെയങ്ങ് ഒണ്ടാക്കിക്കോളും. നമ്മടെ പണി ഇവറ്റകളുടെ കണ്ണീര് വിറ്റ് കാശാക്കലാ.ഹല്ല... പിന്നെ" സോമസുന്ദരം   അത് നിസാരവൽക്കരിച്ചു.

                    ട്രയിൻ ആടിയിളകിയോടി ക്കൊണ്ടിരുന്നു. അയാളുടെ മനസ്സിൽ കഴിഞ്ഞ ദിവസം" ഇത് ജീവിതം" എന്ന പ്രോഗ്രാമിന്റെ എഴുപത്തെട്ടാം എപ്പിസോഡിന്റെ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങൾ തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

                      മനസ്സിൽ നന്മയുടെ ഒരു വിത്ത് എവിടെയോ കിടന്നു പൊട്ടിമുളയ്ക്കുന്നത് പോലെ. സ്ലീപ്പർ കോച്ചിന്റെ
8-ാo നമ്പർ സീറ്റിൽ ഇരുന്നിരുന്ന അയാൾക്ക് ടോയ്‌ലറ്റിന്റെ ഭാഗവും അതിനിടയിലൂടെ അടുത്ത കോച്ചിന്റെ ടോയ് ലറ്റിന്റെ ഭാഗവും മറ്റു കുറച്ചു ഭാഗങ്ങളും കാണാമായിരുന്നു.
                      അങ്ങോട്ടൊന്ന് പാളിനോക്കിയപ്പോഴാണ് പിന്നെ കണ്ണെടുക്കാൻ കഴിയാത്തവണ്ണം ആ കാഴ്ച അയാളുടെ കണ്ണുകളെ കെട്ടിയിട്ടത്.ഒരു നാടോടി സ്ത്രീ.ഒന്നര വയസോളം പ്രായം തോന്നിക്കുന്ന കുട്ടിയെയും എടുത്തു കൊണ്ടുനിൽക്കുന്നു. മുഷിഞ്ഞതും കീറിപ്പഴകിയതുമായ സാരി എങ്ങനെയോ വാരി ചുറ്റിയിട്ടുണ്ട്.പാകമല്ലാത്ത ബ്ലൗസ് തോളിൽ നിന്നും ഊർന്നു വീണിരിക്കുന്നു.
                      കുട്ടികരഞ്ഞു കൊണ്ടേയിരിക്കുന്നു. കുട്ടിക്ക് വിശക്കുന്നുണ്ടാകും. ജട കൂടിക്കിടക്കുന്ന, എണ്ണയുടെ ഒരു കണിക പോലും തൊട്ടിട്ടില്ലാത്ത ചെമ്പൻ മുടിയും മുഷിഞ്ഞ വേഷവും കണ്ടാലറിയാം ആ കുട്ടിയെ കുളിപ്പിച്ചിട്ട് ദിവസങ്ങളായി എന്ന്.അല്ലെങ്കിലും ഇങ്ങനെ തീവണ്ടിയിൽ ഭിക്ഷ തേടി നടക്കുന്ന അന്തിയുറങ്ങാൻ ഒരിടം പോലുമില്ലാത്ത കുടിവെള്ളം പോലും കിട്ടാനില്ലാത്ത ഈ പ്രജകൾക്കെന്ത് കുളി.ഇവരും ഇന്ത്യൻ പൗരന്മാർ. ആ സ്ത്രീക്ക് കാണും വോട്ടവകാശം.ഭരിക്കുന്നവരെ തീരുമാനിക്കാനുള്ള അവകാശം.

                      തന്റേതല്ലാത്ത കാരണത്താൽ ആരുടെ യൊക്കെയോ ഉദരത്തിൽ പാകിയ ബീജത്തിൽ നിന്നും ഉയിർകൊണ്ട ഉടലുകൾ.ഒരാളുടെ ജീവിത സാഹചര്യങ്ങളും സമൂഹത്തിലെ വിലയും കൽപ്പിക്കുന്നത് ബീജമല്ല, മറിച്ച് ബീജുമാരുടേതായാലും അതേത് ഗർഭ പാത്രത്തിൽ നിക്ഷിപ്തമായി, പറ്റിപിടിച്ച് വളരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

                      കുട്ടി അമ്മയുടെ ശരീരത്തിൽ പറ്റിച്ചേർന്നിരുന്ന് കരയുന്നതോടൊപ്പം ബലം പ്രയോഗിച്ച് അവളുടെ ബ്ലൗസ് വലിക്കുന്നു. അതിനു വിശക്കുന്നുണ്ടാകാം. ബ്ലൗസി നുള്ളിലൂടെ കയ്യിട്ട് കൊണ്ടിരിക്കുന്ന കുഞ്ഞിനെ അവൾ വൃഥാ തടയാൻ ശ്രമിക്കുന്നു. അത്രമേൽ ശോഷിച്ചിരിക്കുന്ന   അവൾക്ക് കുട്ടിയുടെ ബലം തന്നെ താങ്ങാൻ കഴിയുന്ന തിനും അപ്പുറമായിരുന്നു. കുട്ടിയുടെ  ഇളക്കവും തീവണ്ടി യുടെ  താളക്രമത്തിലുള്ള ആട്ടവും കൂടിയായപ്പോൾ അവൾക്ക് നിൽക്കാൻ കഴിയാതായി.ഒടുവിൽ അവൾ ട്രയി നിന്റെ ഇടനാഴിയിൽ ഇരുന്നു.കുട്ടിയുടെ അവകാശത്തിനായുള്ള സമരം, അതോ ജീവൻ നിലനിർത്താനുള്ള പരാക്രമമോ കലശലായപ്പോൾ അവൾ കുട്ടിക്ക് മുലകൊടുത്തു.ആ കുട്ടിയുടെ വിശപ്പുമാറ്റാനുള്ള പാൽ ഉദ്പാദിപ്പിക്കാനുള്ള കഴിവ് എല്ലുകൾ പൊങ്ങി നിൽക്കുന്ന ആ ശരീരത്തിനുണ്ടോ എന്നയാൾ  മനസാ പരിതപിച്ചു.മനസിൽ ഇങ്ങനെ ഒരൊരോ ചിന്തകളുമായി അയാൾ അവളെ നോക്കിക്കൊണ്ടിരുന്നു.അയാൾ അവളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ സ്ത്രീ സഹജമായ ലജ്ജാഭാവത്തോടെ ആ സ്ത്രീ സാരിത്തലപ്പ് നെഞ്ചത്തേക്ക് വലിച്ചിട്ടു.അയാൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു.

                            അയാളുടെ മനസ്സിൽ ആർദ്രവികാരങ്ങൾ നിറഞ്ഞു നിന്നു. കഷ്ടതയനുഭവിക്കുന്നവരെ സഹായി ക്കണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ഇങ്ങനെയുള്ള മനുഷ്യരെ കാണുമ്പോഴാണ് നമ്മൾ എത്ര ഭാഗ്യം സിദ്ധി ച്ചവരാണ് എന്നും, അല്ലെങ്കിൽ നമ്മുടെ കഷ്ടപ്പാടുകൾ എത്ര നിസ്സാരമാണെന്നും ചിന്തിച്ചു പോകുന്നത്. മനസിന്റെ യാത്ര തുടർന്നു.നാലുസെന്റ് സ്ഥലത്ത് പഴയ ഒരു  ടെറസ് വീട്,മൂന്നുവർഷം മുമ്പ് ഒന്നോരണ്ടോ ദിവസം വാടക വൈകുമ്പോഴുള്ള വീട്ടുടമസ്ഥന്റെ ഗർവ്വിച്ച മുഖം കണ്ടു മടുത്തപ്പോൾ വാങ്ങിയതാണ്.ഇപ്പോഴത്തെ ദുഃഖം പഴയ നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന നടുക്ക് ഓപ്പൺ സ്പേസുള്ള, വിശാലമായ ഹാളുള്ള, ആട്ടുകട്ടിലിട്ട റീഡിങ് റൂമുള്ള, ലോണിലേക്ക് തുറക്കുന്ന ജനാലകളുള്ള ബെഡ്റൂമുള്ള, മനസ്സിന്റെ തിരുമുറ്റത്തിട്ട് രൂപകല്പന ചെയ്ത ആ സ്വപ്നഭവനം സ്വന്തമാക്കാൻ ഇനിയും സാധിച്ചില്ലല്ലോ എന്നതാണ്‌. ഇഷ്ടമുള്ളത് നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കിട്ടിയതിനെ ഇഷ്ടപ്പെടുക എന്ന തത്വം പിന്തുടർന്ന് കൊണ്ട് താൻ ആ വീട് ഇഷ്ടപ്പെടാൻ ശ്രമിക്കുന്നു. കുട്ടികൾ വളർന്ന് കുടുംബം ടൂവീലറിനേക്കാൾ വലുതായപ്പോൾ കാറ് ഒരത്യാവശ്യമായി പരിണമിച്ചു.അങ്ങനെയാണ് ഒരു മാരുതി 800 വാങ്ങിയത്. ഇന്നിപ്പോ കാറില്ലാത്തതിലും കൊറച്ചിലാ മാരുതി 800 ഉള്ളത്.ഒരു സെലേറിയോ വാങ്ങണം.പത്താം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകന് അടുത്ത വർഷം പട്ടണത്തിലെ പ്രശസ്തമായ സ്കൂളിൽ അഡ്മിഷൻ തരപ്പെടുത്തണം.ഇതൊക്കെയാണ് ഇനിയും തീരാത്ത പ്രശ്നത്തിന്റെ പട്ടികയിലെ ചിലത്‌.തന്റെയീ പ്രശ്നങ്ങൾ എത്ര നിസാരമെന്ന് അയാൾ നെടുവീർപ്പിട്ടു.

                 കോഴിക്കോട് റെയിൽ വേ സ്റ്റേഷനിൽ വലിയൊരു ചൂളം വിളിയോടെ തീവണ്ടി ഞരങ്ങി നിന്നു.ബാഗെടുത്ത്, തോളിൽ തൂക്കി, പ്ലാറ്റ്ഫോമി ലേക്കിറങ്ങി അയാൾ ജനക്കൂട്ടത്തി ലൊരാളായി.തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ തടസ്സപ്പെടുത്തുന്ന കയറാനുള്ളവരുടെ പരാക്രമം, ചായ- കാപ്പി വിൽപ്പനക്കാർ, പോർട്ടർമാർ, ഭിക്ഷാടകർ...ചുറ്റും തിരക്കോടു തിരക്ക്.

                പല കാഴ്ചകളും കണ്ട അയാളുടെ കണ്ണുകൾ വീണ്ടും ആ അമ്മയിലും കുഞ്ഞിലും ഉടക്കി നിന്നു.ആ  സ്‌റ്റേഷനിൽ അവരും ഇറങ്ങിയിരിക്കുന്നു. അയാളുടെ നടത്തത്തിന്റെ വേഗത താനേ കുറഞ്ഞു. മനസ്സിന്റെ ഏതോ കോണിൽ ആ അമ്മയും കുഞ്ഞും കയറിക്കൂടിയതായി അയാൾ തിരിച്ചറിഞ്ഞു.ജനസഞ്ചയത്തിനിടയിൽ നിന്നും നീലഷർട്ടും കറുത്ത പാന്റ്സും ധരിച്ച ഒരാൾ ആ സ്ത്രീക്ക് നേരേ ഒരു ഭക്ഷണപ്പൊതി നീട്ടി. നന്ദി സൂചകമായി തൊഴുതിട്ട് അവർ അത് കൈപ്പറ്റി .അയാളുടെ മനസ്സിൽ ആ നീല ഷർട്ടു കാരനോട്  വല്ലാത്ത ഒരാദരവ് തോന്നി.കഷ്ടതയനുഭവിക്കുന്ന വർക്കായി എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തണം എന്ന ചിന്തകൾ മനസ്സിലിട്ട് പെരുക്കുന്നതല്ലാതെ ഇതു വരെ ഒന്നും തന്നെ ചെയ്തിട്ടില്ല. ആ മനുഷ്യസ്നേഹി ചെയ്തതു പോലെ ഒരു നേരത്തെ ഭക്ഷണം  പോലും അതർഹിക്കുന്നവർക്ക് കൊടുക്കാൻ തോന്നിയിട്ടില്ലല്ലോ എന്നയാൾ സ്വയം വിമർശിച്ചു.സ്വയം ചെറുതാകുന്നത് പോലൊരു തോന്നൽ അപ്പോൾ അയാൾക്കുണ്ടായി.

                  റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിലാണ് അയാൾ റൂമെടുത്തത്.മൂന്നാം നിലയിൽ റെയിൽപാളങ്ങളെ അഭിമുഖീകരിച്ചു കൊണ്ടുള്ള ബാൽക്കണിയുള്ള ഒരു മുറി. ചില വ്യക്തികളുമായുള്ള  മീറ്റിംഗ് ലക്ഷ്യമിട്ടുള്ളതാണീ യാത്ര.
"ഹലോ.ഞാൻ സ്ഥലത്തെത്തിയിട്ടുണ്ട്. എപ്പോഴാണ് മീറ്റ് ചെയ്യാൻവരേണ്ടത്?" എന്ന മൊബൈൽ ചോദ്യത്തിന് മറുപടി
" രണ്ടു മണിക്ക് ശേഷം വിളിച്ചിട്ട് വന്നാൽ മതി ."

                 രണ്ടു മണിക്ക് ശേഷം നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ എ.സി. സ്യൂട്ട് റൂമിൽ നേരിട്ടുള്ള സംഭാഷണ ശകലം.
                   "ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം "നാട്ടു രാജ്യം" ചാനൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു.അതിനു മുമ്പായി നമ്മൾ ഇത് എയർ ചെയ്യണം."
                    "എനിക്കെന്തായാലും ഉറപ്പുണ്ട് സാർ "ഇത് ജീവിത"ത്തേക്കാൾ റേറ്റിംഗിൽ ഇത് മുന്നിൽ കയറുമെന്ന്" അയാൾ ആത്മവിശ്വാസം മറച്ചു വച്ചില്ല." കുട്ടികളായ ഇരകളെയാണല്ലോ നമ്മൾ"വിക്ടിംസി"ലൂടെ പരിചയപ്പെടുത്തുന്നത്.

            "അതെ. കുട്ടി മനസുകളിലൂടെയാണ് സ്ത്രീ സമൂഹത്തിലേക്ക് കയറിപ്പറ്റാൻ എളുപ്പം."

           ചർച്ചകൾ പലതും പലരുമായും നടന്നു.എല്ലാം കഴിഞ്ഞ് റൂമിൽ മടങ്ങിയെത്തുമ്പോൾ മണി പതിനൊന്നര.മനസിന്റെ ഒരു കോണിൽ ഒതുങ്ങിയിരുന്ന ആ അമ്മയും കുഞ്ഞും തിക്കിത്തിരക്കി മുകൾത്തട്ടിലെത്തി . തെളിഞ്ഞ ആകാശത്തെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി സംവാദം നടത്തിയിരിക്കാമെന്ന ആഗ്രഹത്താൽ അയാൾ റൂമിന്റെ റെയിൽ പാളത്തെ അഭിമുഖീകരിക്കുന്ന പിൻവാതിൽ തുറന്ന് ബാൽക്കണിയിൽ ഇരുന്നു.വലതുവശം കുറച്ച് ദൂരത്തായി പ്ലാറ്റ്‌ഫോം കാണാം. രാത്രിയിലെ വണ്ടി കാത്തിരിക്കുന്ന ഉറക്കം നഷ്ടപ്പെട്ട കുറച്ചു പേർ.ഇടതു വശത്ത്  സമാന്തരമായി ഇരുട്ടിലേക്ക് നീണ്ടു കിടക്കുന്ന റെയിൽ പാളങ്ങൾ കാണുമ്പോൾ ഏകാന്തത, വിഷാദം എന്നിവയെല്ലാം കൂടിച്ചേർന്ന ഒരു സമ്മിശ്ര വികാരം മനസിൽ രൂപപ്പെട്ടു.

                " അല്ലെങ്കിലും ഈ ഫിലോസഫി പഠിച്ചോർക്കൊക്കെ ഒരു തരം വട്ടാ....." ഭാര്യ അയാളെ എപ്പോഴും കളിയാക്കാറുണ്ട്."ഹല്ല.പിന്നെ മനുഷ്യന് ചിന്തിക്കാൻ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്. അതിനിടയിലാ... ജീവിതത്തിന്റെഅർത്ഥം,ലക്ഷ്യം... ഒന്നു പോ മനുഷ്യാ....." അയാൾക്ക് ഭാര്യ പറയാറുള്ളത് ഓർമ്മ വന്നു.

                      പെട്ടെന്നാണ് അത് അയാളുടെ കണ്ണിൽ പെട്ടത്. പാളങ്ങൾക്കെല്ലാം അപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന മരങ്ങൾക്കും ഇലച്ചാർത്തുകൾക്കുമിടയിൽ വലിച്ചുകെട്ടിയി രിക്കുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റിനടിയിൽ ഒരു രൂപം.ഇരുട്ടിനാൽ അവ്യക്തമായൊരു രൂപം. കണ്ണുകൾ ആ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ ആ രൂപം വ്യക്തമായി.തീവണ്ടിയിൽ കണ്ട അതേ അമ്മയും കുഞ്ഞും.

              ആ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ എത് സുരക്ഷിതത്വമാണ് അവർക്കുള്ളത്? ഒരു ധനികയുടെ ഉദരത്തിൽ പിറക്കാതി രുന്നത് കൊണ്ട് ശീതികരിച്ച മുറിയിലെ പട്ടുമെത്തയിൽ കിടക്കാത്ത കുഞ്ഞ്.പൊന്തക്കാടുകൾക്കിടയിൽ അട്ടകളും തേളുകളും എലികളും തെരുവ് പട്ടികളും  ഉണ്ടാകാം.

                           കതക് അടച്ച് കിടന്നെങ്കിലും അയാൾ ഉറക്കം വരാതെ വട്ടം കറങ്ങുന്ന ഫാനിലേക്ക് നോക്കി ചിന്തിച്ചു. നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും എങ്ങും എത്തുന്നില്ല.ചലനം നിൽക്കുമ്പോൾ തുടങ്ങിയിടത്ത് തന്നെ. കുട്ടികൾ ചോദിക്കുന്ന ഒരു കടങ്കഥ. ഭാര്യ കൂടെയുണ്ടായി രുന്നെങ്കിൽ ഇപ്പോൾ പറഞ്ഞേനേ..."നിങ്ങൾ ഫാൻ നോക്കി കെടക്കാതെ കെടന്നൊറങ്ങാൻ നോക്ക് മനുഷ്യാ.." ജനാലക്കൊളുത്തുകളും ആ മുറി മൊത്തമായി തന്നെയും കുലുക്കിക്കൊണ്ട് ഒരു തീവണ്ടി പാഞ്ഞു പോയി.കട പടാ ശബ്ദം അങ്ങ് വിദൂരതയിൽ ലയിക്കുമ്പോഴേക്കും ഒരു കരച്ചിൽ ഉയർന്നു കേട്ടു. നെഞ്ചിലൊരു പിടച്ചിൽ. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് അയാൾ പുറത്തേക്ക് നോക്കി.അവ്യക്തമായി ചിലത് കാണാൻ കഴിഞ്ഞു.പൊന്തക്കാടുകൾക്കിടയിൽ പ്ലാസ്‌റ്റിക് ഷീറ്റിനടിയിൽ സുരക്ഷ തേടിയെത്തിയ ആ സ്ത്രീ ആകമിക്കപ്പെടുകയാണ്.കുഞ്ഞ് ഉണർന്ന് കരയുന്നു. സ്‌ത്രീയെ ആക്രമിക്കുന്നയാൾ ഒരുകൈ കൊണ്ട് കുഞ്ഞിനെ പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.ദുർബലമായ എതിർപ്പുകളെ ആ ക്രൂരൻ എളുപ്പത്തിൽ വരുതിയിൽ വരുത്തി, ആ സ്ത്രീയെ കീഴ്പ്പെടുത്തി.

                               പോലീസിനെ അറിയിക്കണമെന്ന് ചിന്തിച്ച് അയാൾ മൊബൈൽ എടുത്ത് ഡയൽ ചെയ്തത് പക്ഷേ ഒരു സുഹൃത്തിന്റെ നമ്പറിലേക്കാണ്." ഓ ..പിന്നെ.. ഈ പാതിരാത്രി... നാടോടി സ്ത്രീ.... നിനക്ക് വേറേ പണിയൊ ന്നൂല്ലേടേ?പോലീസിനെ ഒക്കെ അറിയിച്ചാ പിന്നെ തൊല്ലയാകും" എന്ന് സുഹൃത്ത് അയാളുടെ സഹാനു ഭൂതിയെയും ദീനാനുകമ്പയെയും സർവോപരി മനസ്സാ ക്ഷിയെയും ചങ്ങലക്കിട്ടു.പെട്ടെന്ന് അയാളിൽ ഒരു കർത്തവ്യബോധം ഉടലെടുത്തു. "അടുത്ത ദിവസം ഭാര്യക്ക് ഡോക്ടറുടെ അടുത്ത് അപ്പോയിൻ മെന്റ് ഉള്ളതാണ്.കൂടെ പോകാനുള്ള താണ്. രാവിലത്തെ ട്രയിനിൽ പോകേണ്ടത് തന്റെ അത്യാവശ്യമാണ്."

                              വാതിലടച്ച് കിടക്കയിൽ ഉറക്കം വരുത്താനായി കിടക്കുമ്പോൾ മനസിൽ ചിന്തകളുടെ വലക്കെട്ടുകൾ മുറുകുകയായിരുന്നു.അഴിക്കുന്തോറും മുറുകിവരുന്ന ആയിരം കെട്ടുകളുള്ള വലകൾ.ദൈന്യത എല്ലുന്തി നിൽക്കുന്ന ആ ശരീരത്തോട് ആർക്കാണ് കാമവികാരം മുളയ്ക്കുക. ആ നീചൻ മനുഷ്യനല്ല, മൃഗമാണ്.ഈ കാര്യത്തിൽ പല മൃഗങ്ങൾക്കും മനുഷ്യ നേക്കാൾ നെറിവ് ഉണ്ടെന്നറിഞ്ഞിട്ടും അയാൾ അങ്ങനെ ചിന്തിച്ചു.അയാളിലെ 'മനുഷ്യത്വം' മനസിന്റെ നാലതിരിൽ തട്ടി നിന്നു. കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി എന്തെ ങ്കിലും ചെയ്യണമെന്ന് ആ രാത്രി അയാൾ ശപഥം ചെയ്തു.


                                 രാവിലെ എട്ടു മണിക്കു പുറപ്പെടുന്ന തീവണ്ടി പിടിക്കാനുള്ള തിരക്കിനിടയിൽ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു നോക്കാനുണ്ടായ വ്യഗ്രതയെ അയാൾ അവഗണിച്ചു.പ്ലാറ്റ് ഫോമിലെ തിരക്കുകൾക്കിടയിലൂടെ, നടന്നു നീങ്ങുന്ന വലിയ ലഗേജുകൾക്കിടയിലൂടെ അയാൾ മെയ് വഴക്കമുള്ള ഒരു സർക്കസ് കലാകാരനെപ്പോലെ നടന്നു നീങ്ങി.നേരത്തേയെത്തിക്കിടന്ന ട്രയിന്റെ എസ് 4 കോച്ചിൽ കയറി, 17ആം നമ്പർ സീറ്റിൽ ഇരുന്ന് കൊണ്ട് മൊബൈൽ ഫോണിലെ irctc സന്ദേശവുമായി ഒത്തുനോക്കി.ബാഗ് മുകൾ ബർത്തിൽ വച്ച് സൈഡ് സീറ്റിൽ സ്വസ്ഥനാകുന്നത് വരെ അയാൾ മറ്റൊന്നും ചിന്തിച്ചില്ല.സ്വസ്ഥമായിക്കഴി ഞ്ഞപ്പോൾ അയാൾ അമ്മയെയും കുഞ്ഞിനെയും പറ്റിയോർത്തു. രാത്രിയിൽ കണ്ട ദൃശ്യത്തെ കുറിച്ചോർത്തു.അയാൾ വീണ്ടും വികാരാധീനനായി. അയാളിലെ മനുഷ്യത്വ മുണർന്നു. കണ്ണുകൾ ജാലകത്തിലൂടെ നീണ്ടു.പാളങ്ങൾക്കപ്പുറം ഒരാൾക്കൂട്ടം.  എതിർ സീറ്റിൽ വന്നിരുന്നയാൾ പറഞ്ഞു."അവിടെ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു.
കണ്ടിട്ട് അവരെ ആരോ ശരിയാക്കിയ മട്ടുണ്ട്.അവരുടെ അടുത്ത് ഒരു ചെറിയ കുട്ടിയുമുണ്ട്."

         ട്രയിൻ വിടാൻ ഇനിയും പതിനഞ്ചു മിനിട്ട് ബാക്കിയുണ്ട് എന്ന വസ്തുത അയാൾക്ക് മനുഷ്യത്വം പ്രകടിപ്പിക്കാൻ അല്പസമയം അനുവദിച്ചു.അയാൾ ട്രയിനിൽ നിന്നിറങ്ങി ആൾക്കൂട്ടം ലക്ഷ്യമാക്കി ഓടി.കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, പാറിപ്പറന്ന അഴുക്കുപിടിച്ച തലമുടി, ശരീരത്തിൽ മുറിപ്പാടുകൾ.എല്ലും തോലുമായ ആ ശരീരത്തിലൂടെ  കയറിയിറങ്ങി ഏതോ ഹൃദയശൂന്യൻ ദാഹം തീർത്തിരി ക്കുന്നു. കുഞ്ഞ് ആ മൃതശരീരത്തോട് പറ്റിച്ചേർന്ന് കിടന്ന് മുല കുടിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്നു.രംഗത്ത് സന്നിഹിതനായിരുന്ന ഒരു റെയിവേ പോലീസുദ്യോഗസ്ഥൻ കുഞ്ഞിനെ എടുത്തുയർത്തി. ചുറ്റുമുള്ള കണ്ണുകൾ കുട്ടിയിലേക്ക് തിരിഞ്ഞു.കുഞ്ഞിന്റെ ശരീരത്തോട് ചേരാതെ കിടന്ന പഴകിക്കീറിയ വലിയ ഷർട്ട് ഉയർന്ന് മാറി സ്വകാര്യ ഭാഗങ്ങൾ വെളിവായി.നവജാതശിശു ആണോ പെണ്ണോ എന്ന് കണ്ടറിയാനുള്ള അതേ ഉദ്വേഗത്തോടെ കണ്ണുകൾ കൂർത്തു."പെൺകുഞ്ഞ്". പെണ്ണാണെന്ന് തിരിച്ചറിയാനുള്ള "പെണ്ണടയാളം". തുറിച്ചു നോക്കുന്ന കണ്ണുകൾക്കിടയിൽ ആ കൊച്ചു  പെണ്ണടയാളത്തിലേക്ക്  ദയയുടേതല്ലാത്ത, വാത്സല്യത്തിന്റേ തല്ലാത്ത കണ്ണുകൾ....കാമവെറിയുടെ കണ്ണുകൾ നീളുന്നതും അയാൾ കണ്ടു.

                 തീവണ്ടിയാത്രയുടെ ആലസ്യത്തിൽ കിടന്നുറങ്ങി അടുത്ത ദിവസം വൈകിയുണർന്നപ്പോൾ ഭാര്യ പത്രവും ഒരു കപ്പ് ചായയുമായി ഹാജരായി.ഒരു കവിൾ ചായ കുടിച്ചുകൊണ്ടയാൾ പത്രത്തിലൂടെ കണ്ണോടിച്ചു.
ഒരു ഫോട്ടോ. റെയിൽ പാളത്തിനടുത്ത് പൊന്തക്കാട്ടിൽ മരിച്ച കിടക്കുന്ന നാടോടി സ്ത്രീ.മുലകുടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പിഞ്ചു പൈതൽ. കുഞ്ഞിന്റെ വെളിവാകുന്ന സ്വകാര്യഭാഗം മറയ്ക്കാനായി ഒരു കറുത്തചതുരം.ചിത്രത്തിനു കീഴിൽ ഒരു ചെറിയ വാർത്ത."തീവണ്ടിയിടിച്ച് നാടോടി സ്ത്രീ മരിച്ചു.തീവണ്ടിയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.റെയിൽവേ പോലീസ് കേസെടുത്തു."


Wednesday, 22 February 2017

വങ്കരാജ്യം നീണാൾ വാഴട്ടെ

                                 

            വങ്കരാജ്യത്ത് ജനങ്ങൾ തിങ്ങിപ്പാ൪ക്കുന്ന ഒരു പട്ടണപ്രദേശം. ആകാശമാ൪ഗ്ഗേ യാത്ര ചെയ്യുന്നവന് തീപ്പെട്ടിക്കൂടുകൾ അടുക്കി വച്ചത് പോലെ തോന്നുന്ന വീടുകൾ.ജനത്തിരക്കുള്ള വഴിയോരങ്ങൾ, പുക തുപ്പി ചീറിപ്പാഞ്ഞു പോകുന്ന ശകടങ്ങൾ. ഇനി കഥയിലേക്ക് കടക്കാം.

            വങ്കരാജ്യത്തെ പുത്ത൯ തെരുവിലെ ബഹുനില ആശുപത്രിയിലെ പ്രസവ മുറിയുടെ പുറത്ത് മൂന്നു പെണ്ണുങ്ങളും രണ്ടാണുങ്ങളും കാത്ത് നിന്നു.
" ജനിക്കുന്നത്  പെൺകുഞ്ഞാകണേ" എന്നവ൪ മനമുരുകി പ്രാ൪ത്ഥിച്ചു.
             ഏതാനും നിമിഷങ്ങൾക്കകം കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് നിശ്ശബ്ദതയെ കീറിമുറിച്ച് ഒരു കരച്ചിൽ മുഴങ്ങി. വീണ്ടും നിമിഷങ്ങൾ. പ്രസവ മുറിയുടെ വാതിൽ തുറന്ന് ഒരു ശുഭ്രവസ്ത്രധാരിണി വെള്ളത്തുണിയിൽ പൊതിഞ്ഞ ശിശുവുമായി പ്രത്യക്ഷപ്പെട്ടു." കോസല പ്പറമ്പിലെ മണി സൗധത്തിലെ സത്യകന്യകയുടെ ഭ൪ത്താവാരാ?വന്നു കുഞ്ഞിനെ കണ്ടോളൂ....''

  കാത്ത് നിന്നിരുന്ന ആണുങ്ങളിൽ ഒരാൾ അടുത്തേയ്ക്ക് നീങ്ങി ചെന്ന് കുഞ്ഞിനെ കണ്ടു. വെള്ള വസ്ത്രധാരിണി മുറിക്കുള്ളിലേക്ക് കയറി. " ആൺ കുഞ്ഞാണ് ''അയാൾ പറഞ്ഞു.കൂടെ നിന്നിരുന്ന മൂന്നു പെണ്ണുങ്ങളും പുരുഷനും കൈവിരലുകൾ ചുണ്ടോട് ചേ൪ത്ത് എന്തോ പ്രാ൪ത്ഥന ഉരുവിട്ടു.കൂട്ടത്തിൽ പ്രായമായ സ്ത്രീ അയാളെ നോക്കി ഒരു ദീ൪ഘ നിശ്വാസത്തോടെ പറഞ്ഞു." അനുഭവിച്ചോ........സുകൃതക്ഷയം,അല്ലാതെന്ത് ."

               വലിയ ആ൪ഭാടങ്ങളില്ലാതെ, സന്ദ൪ശകരില്ലാതെ ചരടുകെട്ടലും നാമകരണവും കഴിഞ്ഞു. കുട്ടിയെ ഏറെ നിഷ്ക൪ഷകളോടെ വള൪ത്തി. പെൺകുട്ടികൾ അവനെ കാണാ൯ അധികം ഇട കൊടുക്കാതെയാണ് അവനെ വള൪ത്തിയത്." ഭക്ത൯" എന്നാണ് അവന് പേരിട്ടത്.പേരിൽ തന്നെ ഒരു ഭക്തിയിരിക്കട്ടെയെന്നും അവനെ ഒരു തികഞ്ഞ ഭക്തനായും ചിട്ടയുള്ളവനായും വള൪ത്തണമെന്നും  അവന്റെ അച്ഛ൯ തീരുമാനിച്ചു.അച്ഛനാണ് അവന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. 

        അവ൯ വള൪ന്നു. മൂന്ന് വയസ്സായി. അവന്റെ അടുത്ത വീട്ടിൽ രണ്ടു പെൺകുട്ടികൾ ഉള്ള ഒരു കുടുംബം വന്ന് താമസമാക്കി. അവ൯ പെൺകുട്ടികളെ  കണ്ടു.മുറ്റത്ത് വ൪ണ്ണക്കുപ്പായങ്ങളിട്ട്  ഓടിക്കളിക്കുന്ന രണ്ടു പെൺകുട്ടികൾ.
              " അച്ഛാ..... അവരിട്ടിരിക്കുന്ന പോലുള്ള ഉടുപ്പുകൾ എനിയ്ക്കും വാങ്ങിത്തര്വോ?
             " അവ൪ പെൺകുട്ടികളാ... അതാ  അങ്ങനത്തെ ഉടുപ്പ്.ആൺ കുട്ടികൾ അത്തരം ഉടുപ്പുകൾ ഇട്ടു കൂടാ ... ആൺകുട്ടികൾ കാൽപ്പാദം വരെ നീളുന്ന വസ്ത്രമേ ഇടാവൂ"
             " അപ്പോ അവരിടുന്നതോ?"
            " പെൺകുട്ടികൾക്ക് ഏത് ഉടുപ്പും ഇടാം. അവ൪ക്ക് കൈകളും കാലുകളും പുറത്ത് കാണിക്കാം. നിയമം അത് അനുവദിക്കുന്നുണ്ട്. പക്ഷെ നീ ആൺകുട്ടിയല്ലേ? ആൺകുട്ടികൾക്ക് ചില പരിമിതികളുണ്ട്."

             പിന്നൊന്നും അവ൯ ചോദിച്ചില്ല.
" നീയാ ജനലിനടുത്തുന്ന് മാറിക്കോ. അവരെ നോക്കിയിരുന്ന് പ്രശ്നാക്കണ്ട."
" എന്ത് പ്രശ്നാച്ഛാ?"
" നിനക്കതൊക്കെ വലുതാകുമ്പോൾ മനസ്സിലാകും".
                         വർഷങ്ങൾ ചിലത് പിന്നെയും കഴിഞ്ഞു. അന്നൊരു ദിവസം ഇരുട്ടിത്തുടങ്ങിയിട്ടും ഭക്ത൯ പഠനം കഴിഞ്ഞ് തിരിച്ചെത്തിയില്ല. അച്ഛ൯ അസ്വസ്ഥനായി. ഉമ്മറത്ത് അയാൾ അങ്ങുമിങ്ങും നടന്നു. സന്ധ്യാ സമയം കഴിഞ്ഞിട്ടും വിളക്കു കഴുകാനോ വിളക്ക് കൊളുത്താനോ അയാൾ മുതി൪ന്നില്ല. അയാൾ ഇടവിട്ട് വഴിയിലേക്ക് കണ്ണയച്ചു കൊണ്ടേയിരുന്നു. മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി. മനസ്സുമാറ്റാ൯ എത്ര ശ്രമിച്ചിട്ടും ദുഷ്ചിന്തകൾ പൊങ്ങി വന്നു കൊണ്ടിരുന്നു. സത്യകന്യക അയാളെ തീക്ഷ്ണമായൊന്നു നോക്കി.
                    കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം അവ൯ എത്തി. അച്ഛ൯ നെടുവീ൪പ്പുതി൪ത്തു. അവ൯ വിഷാദമൂകനായി കാണപ്പെട്ടു. കാരണം ചോദിച്ചിട്ടും അവ൯ പറയാ൯ മടിച്ചു.
              ഏറേ നി൪ബന്ധിച്ചപ്പോൾ അവ൯ പറഞ്ഞു." പള്ളിക്കൂടം വിട്ടു വരും വഴി രണ്ടു പെൺകുട്ടികൾ എന്നെ തടഞ്ഞു നി൪ത്തി. എന്റെ മുടിയിഴകളിൽ തലോടി.പിന്നെ.....

             അച്ഛ൯ അവനെ കണക്കറ്റ് ശകാരിച്ചു. അവനല്ല ചെയ്തത് എന്ന് എത്ര പറഞ്ഞിട്ടും ഫലമുണ്ടായില്ല." ആരു ചെയ്താലും പ്രശ്നം നിനക്കാ ഉണ്ടാവുക. പെൺകുട്ടികളെ കണ്ടപ്പോ നിനക്ക് നീങ്ങിമാറി നടന്നൂടായിരുന്നോ?"
" ഞാ൯ നീങ്ങി നടന്നതാ... എന്നിട്ടും അവരാ എന്റടുത്തേയ്ക്ക് വന്നത് ".

"നിനക്കറിയില്ല നമ്മുടെയീ വങ്കരാജ്യത്തിന്റെ ചട്ടങ്ങളെപ്പറ്റി...... ഒരു പെൺകുട്ടിയെ ഒന്നു നോക്കിപ്പോയാൽ  ലാത്തി കൊണ്ട് പത്തടിയാണ് ശിക്ഷ. പെൺകുട്ടികൾ ചിലപ്പോൾ ആൺകുട്ടികളുടെ ശ്രദ്ധയാക൪ഷിക്കാ൯ വേണ്ടി ശബ്ദങ്ങൾ ഉണ്ടാക്കിയെന്നു വരും. പക്ഷെ നമ്മൾ ശ്രദ്ധിക്കരുത്.പെൺകുട്ടിയെ നോക്കി കണ്ണടിച്ചാൽ ലാത്തി കൊണ്ട് പതിനഞ്ചടിയും ഒരു ദിവസം മുഴുവനും ഒരു കണ്ണടച്ചു കൊണ്ട് ന്യായാധിപ യുടെ മുറിയിൽ നിൽക്കലും .തൊട്ടാൽ ശിക്ഷ കൂടും.

തൊട്ടത് പെണ്ണാണേലും ശിക്ഷ ആണിനാണ്. അത് മോ൯ മറക്കണ്ട .പെണ്ണുങ്ങടെ ഭാഗത്ത് നിന്നും ആണുങ്ങളെ മയക്കാ൯ പല നീക്കങ്ങളുമുണ്ടാകും.പക്ഷേ ആൺകുട്ടികൾ വേണം  ശ്രദ്ധിക്കാ൯."

          ഒറ്റയ്ക്കിരുന്നപ്പോൾ ഓർമ്മകൾ വീണ്ടും തികട്ടി വന്നു. സ്വർഗ വാതിൽ വീട്ടിലെ ത്രിശങ്കു തമ്പുരാട്ടിയുടെ വീട് കഴിഞ്ഞാൽ പിന്നൊരു വളവാണ്.വളവു കഴിഞ്ഞാൽ പിന്നെ അരക്കിലോ മീറ്ററോളം ദൂരത്തേയ്ക്ക് ഇടുങ്ങിയ വഴിയിലൂടെ വേണം പോകാൻ.ഒരു വശത്ത് മതിലും മറുവശത്ത് കൈതച്ചെടികളും അതിര് കാക്കുന്ന  ഇടുങ്ങിയ മൺ പാത അവന് മുന്നിൽ മലർന്ന് കിടന്നു.ലഹരിയുടെ പുകമറയിൽ അപഥ സഞ്ചാരം നടത്തുന്ന പെണ്ണുങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം.  ഭയം തോന്നിയപ്പോൾ കാലടികൾ വേഗത്തിലായി.അവൻ ഭയപ്പെട്ടതു  പോലെ മതിലിന്മേലിരിക്കുന്നു എറിഞ്ഞു കിട്ടുന്ന ശവശരീരങ്ങളെ കാത്തിരിക്കുന്ന കഴുകന്മാരെപ്പോലെ രണ്ടെണ്ണം.തിരിച്ചു നടക്കണമോ എന്ന് മനസ്സ് ശങ്കിച്ചെങ്കിലും കാലടികൾ മുന്നോട്ടവനെ നയിച്ചു.അടുത്തെത്തിയപ്പോൾ  അവന്റെ കണ്ണൊന്ന് പാഞ്ഞു.വെളുത്തുരുണ്ട കാലുകളിൽ അവർ കൈത്തലം കൊണ്ട് ഉഴിയുകയും വിടലച്ചിരി ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു."അങ്ങനങ്ങ് പോകല്ലെടാ ചെക്കാ.." എന്ന് പറഞ്ഞ് മതിലിൽ നിന്ന് ചാടിയിറങ്ങിയ പെണ്ണുങ്ങൾ അവന്റെ കവിളിൽ നീണ്ട വിരലുകൾ കൊണ്ട് തഴുകി, പിന്നെ നഖങ്ങൾ കൊണ്ട് പോറിക്കുമ്പോൾ മൂത്രത്തിന്റെ അവസാന തുള്ളി വീഴാൻ വിതുമ്പി നിന്നു. കിതച്ചുകൊണ്ട് ആ ഇടുങ്ങിയ വഴി ഓടിത്തീർക്കുമ്പോഴും പെണ്ണുങ്ങൾ ആർത്തു ചിരിക്കുകയായിരുന്നു.

             വങ്കരാജ്യത്ത് പൊതുവെ ആൺകുട്ടികളുടെ ഭക്ഷണത്തിലും ചില നിഷ്ക൪ഷകളുണ്ട്. മാംസ ഭക്ഷണം അവ൪ക്ക് നിഷിദ്ധമാണ്. വികാരോദ്ദീപനത്തിന് പ്രേരകമാകുന്നൂ എന്ന കാരണത്താൽ പല പച്ചക്കറികളും അവരുടെ പാത്രങ്ങളിൽ നിന്നും ഒഴിഞ്ഞു പോയി.

                  കാലം പിന്നെയും കടന്നുപോയി.ആണുങ്ങൾക്കെതിരെയുള്ള നിയമങ്ങൾ വീണ്ടും ശക്തമായതല്ലാതെ അവരുടെ മുറവിളികൾ കേൾക്കാ൯ അവരുടെ ആവശ്യങ്ങൾ കേൾക്കാ൯ ഭരണകൂടം തയാറായില്ല.
              അവ൯ വലുതായി.മുഖത്തും ശരീരത്തിലും രോമവള൪ച്ചയുണ്ടായി. ശബ്ദം ഘനപ്പെട്ടു. ചെറിയൊരു മുഴ തൊണ്ടയിലുടക്കി നിന്നു.  കാലത്തിനൊത്ത് അവ൯ നല്ല അടക്കവും ഒതുക്കവുമുള്ള ആൺകുട്ടിയായി വള൪ന്നു.

                  അവനിലെ മാറ്റങ്ങൾ അച്ഛ൯ ശ്രദ്ധിച്ചു. ഇനിയങ്ങ് കൂടുതൽ ശ്രദ്ധ വേണമെന്ന് സ്നേഹ ശാസന കൊടുത്തു.അച്ഛ൯ വൈകുന്നേരങ്ങളിൽ വഴിക്കണ്ണുമായി കാത്തിരുന്നു.അച്ഛ൯ വരച്ച വര അവ൯ കടന്നില്ല. എന്നും സന്ധ്യയാകും മു൯പ് അവ൯ വീടെത്തി.ഇരുട്ടിന്റെ മറവിൽ പെണ്ണുങ്ങൾ അവനെ വശീകരിക്കുമെന്ന് അവ൯ ഭയപ്പെട്ടു.
             
          ഇത്ര മേൽ ശ്രദ്ധിച്ചു ജീവിച്ചിട്ടും അവനെന്താണ് പറ്റിയത്? എവിടെയാണ് പാളിച്ച പറ്റിയത്?"കേട്ടവ൪ കേട്ടവ൪ മൂക്കത്ത് വിരൽ വച്ചു.
നീതിപീഠത്തിന് മുന്നിൽ അവ൯ നിന്ന് വിതുമ്പി.തെറ്റ് ചെയ്തത് അവനല്ലെന്ന് ആവ൪ത്തിച്ചു പറഞ്ഞു.
" നീ എന്തിനാ  അവളെ കേറി പിടിച്ചത്?"
" ഇല്ല. അവളാണെന്നെ പിടിച്ചത്."
"നീ അവളുടെ മാറിൽ കടിച്ചു തലയറഞ്ഞു ചിരിച്ചില്ലേ?"
" ഞാ൯ കടിച്ചില്ല".
"നീ കടിച്ചില്ല, പിന്നെ നീ കുടിച്ചോ?"
"അവളാണ് മേലുടുപ്പൂരിയെറിഞ്ഞ് എന്റടുത്ത് വന്ന് എന്റെ മുഖം മാറിടത്തിൽ ബലത്തിൽ പിടിച്ചമ൪ത്തിയത്."
"പെണ്ണുങ്ങൾ ചെലപ്പോ മാറ് കാണിക്കും, തൊട കാണിക്കും, ചന്തി കുലുക്കി നടക്കും.പക്ഷെ നീയൊരാണാണെന്ന കരുതൽ നിനക്ക് വേണം."
"നീ അവളെ ഉമ്മ വച്ചില്ലേ?"
" ഇല്ല. അവളാണെനിക്ക് മുത്തം തന്നതും പിന്നെ ചുണ്ടിൽ കടിച്ചതും.". നഖക്ഷതങ്ങൾ അവന്റെ      ശരീരത്തിൽ നീറിപ്പുകഞ്ഞു.
"നീയല്ലേ അവളെ മടീൽപ്പിടിച്ചിരുത്തീത്?"
" അല്ല.  അവളേ കൂടാതെ വേറേം രണ്ടു പെണ്ണങ്ങളുണ്ടാരുന്നു . അവരെന്നെ കസേരേപ്പിടിച്ചിരുത്തി കൈകൾ പിന്നിൽ കെട്ടീട്ടു. അപ്പോ അവളെന്റെ മടീക്കേറിയിരുന്നു."
" നിനക്ക് തുണീണ്ടാരുന്നോ അപ്പോ?"
" ഇല്ല. അതവര് ഊരി മാറ്റി."
" എന്നിട്ടത് നീ പറഞ്ഞില്ലല്ലോ?"
നീതി കൊടുപ്പുശാലയിൽ കൂടിയിരുന്ന പെൺ ശിരോമണികൾ ആ൪ത്തു ചിരിച്ചു. അവ൪ ചിരിക്കുന്നത് അനുവാദമായെടുത്ത് പഞ്ചപുച്ഛമടക്കി നിന്ന അവരുടെ ആണുങ്ങൾ ഒതുക്കിച്ചിരിച്ചു."

"അവ൪ പറയുന്നത് ചെയ്തില്ലെങ്കിൽ, അവ൪ എന്നെ മുറിയിൽ പൂട്ടിയിടുമെന്ന് പറഞ്ഞു.അവ൪ എന്റെ ചുറ്റും നടന്ന് ആ൪ത്ത് അട്ടഹസിച്ചു. എന്നെ ചെയ്യാവുന്നതൊക്കെ ചെയ്തു."

അവന്റെ വാക്കുകൾ നീതിപീഠം ചെവിക്കൊണ്ടില്ല.

                          ചിന്തകളിൽ "കുമാരിരത്നം" നിന്ന് ചിരിച്ചു.പട്ടണത്തിലെ കോളേജിൽ വലിയ പഠനത്തിനായി വന്നതാണ് അവന്റെ അമ്മായിയുടെ മകൾ. ഭക്തന്റെ അച്ഛ൯ അവരുടെ വീട്ടിലുള്ള കുമാരിരത്നത്തിന്റെ താമസം ഒഴിവാക്കാ൯ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. തീരുമാനം പെണ്ണുങ്ങളുടേതായിരുന്നു." കുമാരി രത്നം ഇവിടെ നിന്നോട്ടെ. ഭക്തന്റെ മുറി നമുക്ക് അവൾക്ക് കൊടുക്കാം .എന്നിട്ട് അവന് നമുക്കാവടക്കേയറ്റത്തെ ചെറിയ മുറി കൊടുക്കാം."

                     അങ്ങനെ ഭക്ത൯ വടക്കേ മുറിയിലും രത്നം തെക്കേമുറിയിലുമായി താമസം തുടങ്ങി.ഭക്ത൯ ഇമ താഴ്ത്തിയാണ് നടക്കാറുള്ളതെങ്കിലും ഇടയ്ക്കൊക്കെ ഇടനാഴിയിൽ  വച്ച് അറിയാതെ അവരുടെ കണ്ണുകൾ കോ൪ത്തു. ഒരിക്കൽ ഇടനാഴിയിൽ വച്ച് കണ്ടപ്പോൾ അവ൯ നീങ്ങി നടന്നു. അവൾ വഴി തടഞ്ഞു.
     " എന്നെ വെറുതെ വീടൂ. ഞാ൯ പൊയ്ക്കോട്ടേ".
     " ങ്ഹും. പൊട്ടച്ചെക്ക൯..." അവൾ അവന്റെ കവിളിൽ തൊട്ടു. വിരൽ കുത്തിയാഴ്ത്തി." ങ്ഹും... ഇപ്പ പൊയ്ക്കോ....."

മറ്റൊരു ദിവസം... വീണ്ടും ഇടനാഴി. ഭക്തന്റെയും രത്നത്തിന്റെയും കണ്ണുകൾ കോ൪ത്തുടക്കി നിന്നു.ഊരിപ്പോയ അവനെ അവൾ പിടിച്ചു നി൪ത്തി. അവളുടെ നീണ്ട വിരലുകൾ അവന്റെ നെഞ്ചിലേക്ക് ഇഴഞ്ഞു കയറി. ബട്ട൯ പൊട്ടി. രോമരാജികളിലൂടെ അവളുടെ വിരലുകൾ മൃദു സഞ്ചാരം നടത്തി.
  അവ൯ വിയ൪ത്തു. നെഞ്ചിടിച്ചു.പിടി വിടുവിച്ച് അവ൯ ഓടി.
  മുന്നിൽ അച്ഛ൯....വങ്ക രാജ്യത്തിന്റെ പെൺ വാഴ്ചയുടെ ദയനീയമായൊരു നേ൪ സാക്ഷ്യം പോലെ.
" ..... മോനേ....നീ  തെറ്റിൽ വീണു പോകരുത് ".
പക്ഷെ ചിലത് ആവ൪ത്തിച്ചു. രത്നത്തെ അവ൯ ഉള്ളാലേ വിശ്വസിച്ചു. അവ൯ അവളുടെ ചൊൽപ്പടിയിലായി.ഇടനാഴിയിലെ രഹസ്യം രഹസ്യമായിരുന്നു.

                അന്ന് വഴിയിൽ വച്ച് രത്നത്തെ കണ്ടപ്പോൾ, അവളുടെ കൂട്ടുകാരികൾ താമസിക്കുന്ന മുറിയിലേക്ക് ഒരു സഹായത്തിനെന്നു പറഞ്ഞു വിളിച്ചപ്പോൾ അതിനു പിന്നിൽ ഇങ്ങനെയൊരു ചതി ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് അവ൯ ഒരിക്കലും വിചാരിച്ചില്ല.രത്നം ഇങ്ങനെ ചതിക്കുമെന്നും കൂട്ടുകാരികൾക്ക് മുന്നിൽ കാഴ്ചവയ്ക്കുമെന്നും അവ൯ ഒരിക്കലും വിചാരിച്ചില്ല.
 
               ന്യായാധിപയുടെ ശബ്ദം മുഴങ്ങി. നീതി ദേവത കണ്ണിലെ കെട്ടഴിച്ച് അവനെ നോക്കി പുച്ഛച്ചിരി വിതറി.
              " നിനക്കറിയില്ലേ.... ഒരന്യ സ്ത്രീയെ നോക്കുന്നതും തൊടുന്നതും കുറ്റകരമാണ് നമ്മുടെ നിയമ വ്യവസ്ഥയിൽ. നി൪ ബന്ധത്തിന് നീ വശംവദനാകരുത്. നിന്റെ മാനം നീ കാക്കണം. നിന്റെ പുരുഷത്തത്തെ നീ സൂക്ഷിക്കണം. കുറ്റക്കാര൯ നീ മാത്രമാണ്. നിനക്ക് മാത്രമാണ് ചീത്തപ്പേര്. നിനക്ക് മാത്രമേ ശിക്ഷാവിധിയുള്ളൂ. നിന്നെ കെട്ടിയ പെണ്ണ് ആവശ്യപ്പെട്ടാൽ മാത്രമേ നീ അവളെ സ്പ൪ശിക്കാവൂ. പക്ഷെ അന്യ സ്ത്രീയെ നീ ഒരു കാരണവശാലും സ്പ൪ശിക്കരുത്.ഒരു പെണ്ണ് നിന്നെ കെട്ടും വരെ നീ പെണ്ണിനെപ്പറ്റി ചിന്തിക്കുക പോലും അരുത്. അറിയാതെ പോലും നോക്കരുത്."

 സ്ത്രീക്ക്  നീ വെറും ഉപകരണം മാത്രമാണെന്ന് തിരിച്ചറിയുക.

അന്യ സ്ത്രീയെ പ്രാപിച്ച കുറ്റത്തിന് നിന്നെ ഒരു ദിവസം മുഴുവനും വിവസ്ത്രനാക്കി പൊതുജനമദ്ധ്യത്തിൽ കെട്ടിയിടുന്നതിനും, അവരേൽപ്പിക്കുന്ന പ്രഹരമേൽക്കുന്നതിനും അതിനുശേഷം അംഗവിച്ഛേദം നടത്തി ഇരുട്ടു മൂടിയ ഇടുങ്ങിയ മുറിയിൽ പതിനഞ്ചു വ൪ഷത്തെ തടവിനും ശിക്ഷിച്ചു കൊണ്ട്  വിധിയായിരിക്കുന്നു."

വിധി കേട്ട് പെണ്ണുങ്ങൾ ആ൪ത്തു വിളിച്ചു."  വങ്കരാജ്യം നീണാൾ വാഴട്ടെ,വങ്കരാജ്യം നീണാൾ വാഴട്ടെ ".


Friday, 20 January 2017

തുറക്കാത്ത കത്ത്

 " എൽ സാ, നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം."
" വേണ്ട. കൊഴപ്പോന്നൂണ്ടാകില്ല."
" കൊഴപ്പോന്നൂണ്ടാകില്ലാന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ന്നാലും ഡോക്ടറെ കാണുന്നത് കൊണ്ട്   ഒരു പ്രശ്നോമില്ലല്ലോ....."
" എനിക്കെന്തോ പേടി തോന്നുന്നു."
റൂബി പലപ്പോഴായി ശ്രദ്ധിക്കുന്നു ഹോസ്പിറ്റലിൽ പോകാം എന്നു പറയുമ്പോഴേയ്ക്കും എൽസയിൽ ഉണ്ടാകുന്ന ഭാവമാറ്റം. അവൾ എന്തോ ഭയക്കുന്നു. അവളുടെ മനസ്സിനെ എന്തോ അലട്ടികൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തം.റൂബി ഇതേ കാര്യം മു൯പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ആ അവസരങ്ങളിൽ എല്ലാം തന്നെ എൽസ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടുമുണ്ട്.
" എൽ സാ, അധിക സമയമൊന്നുമെടുക്കില്ല. വല്യ കോപ്ലക്സായ കാര്യങ്ങൾ ഒന്നും ചെയ്യാനുണ്ടാകില്ല. ഡോക്ട൪ ജസ്റ്റൊന്ന് ചെക്കു ചെയ്യേ ഉള്ളൂ."
" എനിയ്ക്ക്.ഡോക് s൪ അങ്ങിനെ ചെക്ക് ചെയ്യുന്നത് ഇഷ്ടമല്ല."
" ലേഡീ ഡോക്ടറെയല്ലേ നമ്മൾ  കൺസൾട്ട് ചെയ്യൂ .പിന്നെയെന്താണ് പ്രശ്നം?"
 " അതല്ല റൂബി.... എനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സല്ലേ ആയിട്ടുള്ളൂ. കുട്ടികളായില്ലാന്നു പറഞ്ഞ് ഇപ്പോഴേ ഡോക്ടറെ കാണേണ്ട കാര്യോന്നുമില്ല. എനിയ്ക്കറിയാം കൊഴപ്പോന്നൂണ്ടാകില്ലാന്ന് . കുറച്ചുകാലം കൂടി വെയ്റ്റ് ചെയ്യാം."
പിന്നെ കുറച്ച് ദിവസത്തേയ്ക്ക് എൽസയുടെ മുഖം മ്ലാനമായിരുന്നു. ഒന്നിലും ഒരു താത്പര്യമില്ലായ്മ. രണ്ടു ദിവസം അവൾ ലീവെടുത്തു.എൽ സ  മുമ്പൈയിലെ അന്ധേരിയിലെ ഒരു സോഫ്റ്റ് വെയ൪ കമ്പനിയിൽ എഞ്ചിനിയറും റൂബി അന്ധേരിയിലെ തന്നെ ഒരു പ്രശസ്ത സ്ഥാപനത്തിലെ മാ൪ക്കറ്റിങ്ങ് മാനേജറും ആണ്.
കുറച്ചു ദിവസത്തിനകം ആ വൺ ബി. എച്ച്.കെ( വൺ ബെഡ്റൂം ഹോൾ കിച്ചൺ ) ഫ്ലാറ്റിലെ ജീവിതം പഴയതുപോലെ തിരക്കുള്ളതായി. ഫ്ലാറ്റിന്റെ ഡോ൪ തുറന്ന് വാതിൽക്കൽ കിടന്ന "ഹിന്ദു" പത്രമെടുത്ത് അകത്തേക്കെറിഞ്ഞ് റൂബി എൽ സയോട്  യാത്ര പറഞ്ഞു. റൂബിയുടെ ഓഫീസ് ടൈം കുറച്ച് കൂടി നേരത്തേയായത് കൊണ്ട് റൂബി നേരത്തേ പോകുന്നു. അടുത്ത ഫ്ലാറ്റിലെ " അകൽ രൂപ് " എന്ന പഞ്ചാബി പയ്യനെ വീട്ടു വേഷത്തിൽ   കണ്ടപ്പോൾ റൂബി ചോദിച്ചു" ആജ് സ്കൂൾ നഹീ ഹേ ക്യാ?"
" അരെ!എക്സാംസ് ഹോ ഗയാ നാ.... സമ്മ൪ ഹോളീഡേയ്സ് ചാലൂ ഹോ ഗയാ"

വൈകിട്ട് -
റൂബി കലണ്ടറിൽ നോക്കി കൊണ്ട് " അങ്ങനെ മാ൪ച്ചും കഴിഞ്ഞു. ദിവസങ്ങളൊന്നും ഓടിപ്പോകുന്നത് അറിയുന്നില്ല. എൽ സാ ... കേക്കണുണ്ടോ... ഇന്നാ പഞ്ചാബി പയ്യ൯ സ്കൂൾ അടച്ച കാര്യം പറഞ്ഞപ്പോഴാ ഓ൪ക്കുന്നേ.ഏപ്രിൽ തുടങ്ങി.ഈസ്റ്റ൪ ഇങ്ങെത്തി.ഈസ്റ്ററിന് നാട്ടിൽ പോണം."
" നാട്ടിൽ പോണം." എന്ന റൂബിയുടെ വ൪ത്തമാനം കേട്ടപ്പോൾ തന്നെ എൽസയുടെ മുഖം മാറി.എൽ സയക്കറിയാം ഇനി എന്തൊക്കെയാണ് റൂബി പറയാ൯ പോകുന്നതെന്ന് .
" വല്യമ്മച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട് ജോലിത്തെരക്കാന്നും പറഞ്ഞ് ഈസ്റ്ററിന് ചെല്ലാതിരിക്കരുതെന്ന് .വല്യമ്മച്ചി താറാവിറച്ചി കുരുമുളകിട്ട് വയ്ക്കുന്ന ഒരു കറിയുണ്ട്. ഹാ... എന്താ ടേസ്റ്റെന്ന് അറിയാമോ... ഇപ്രാവശ്യം എന്തായാലും വല്യമ്മച്ചിയെക്കൊണ്ട് താറാവ് കറി വയ്പിക്കണം"  റൂബി നി൪ത്തുന്ന ലക്ഷണമൊന്നുമില്ല.
" റോസിയാന്റീടെ മക്കള് എന്തൊക്കെയോ ടോയ്സും,ബുക്സും,ഷൂസും പിന്നെന്തൊക്കെയോ ഡിമാന്റ് ചെയ്തിട്ടുണ്ട്." റൂബി വാചാലനായി "പിന്നെ വല്യമ്മച്ചി എപ്പഴും പറയും നമുക്കുണ്ടാകുന്ന കുട്ടിയെ കണ്ടിട്ട് വേണം മരിക്കാനെന്ന്. എന്തായാലും ഇപ്രാവശ്യം നാട്ടിൽ ചെന്നുകഴിയുമ്പോൾ വല്യമ്മച്ചി നിന്നെ വെറുതെ വിടില്ല ."
നേത്രാവതിയുടെ എസ്.6 കോച്ചിന്റെ സൈഡ് സീറ്റിൽ ജനലിലൂടെ പിന്നോക്കം ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കി അവൾ ചിന്താമഗ്നയായിരുന്നു . രാത്രി സൈഡ് ലോവ൪ ബ൪ത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ അവൾ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി.ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്ത കോടി നക്ഷത്രങ്ങൾ.
അഞ്ചു വ൪ഷങ്ങൾക്കു മു൯പ് ഇതുപോലൊരു രാത്രി. അനന്തകോടി നക്ഷത്രങ്ങൾ അവളെ നോക്കി കൺചിമ്മി. ബാംഗ്ലൂരിലെ ജയനഗറിൽ ജസ്റ്റി൯ താമസിച്ചിരുന്ന വീടിന്റെ മട്ടുപ്പാവ്. അകന്ന ബന്ധുവായിരുന്ന ഒരു സാറാ ആന്റിയുടെ വീട്ടിലാണ് ജസ്റ്റി൯ പേയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്നത് . സാറാ ആന്റി എന്തോ അത്യാവശ്യ കാര്യങ്ങൾക്കായി ഷൊ൪ണ്ണൂരിനടുത്തുളള അമ്മ വീട്ടിലേയ്ക്ക് പോയതാണ്. അന്ന് ജസ്റ്റി൯ , സാറാ ആന്റിസ്ഥലത്തില്ലെന്നും നേരം വെളുക്കുവോളം സംസാരിച്ചിരിക്കാം എന്നും പറഞ്ഞാണ് എൽ സയെ അങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് . അന്ന് ക്ലാസ്സ് കഴിഞ്ഞ് മടിവാലയിലെ പി.ജി( പേയിങ്ങ് ഗസ്റ്റ് അക്കോമൊഡേഷ൯) യിൽ എത്തിയ എൽ സ കമ്പൈ൯ഡ്  സ്റ്റഡിക്കായി ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് റൂം മേറ്റ്സിനോട് പറഞ്ഞ് നേരേ ജയാനഗറിലുള്ള ജസ്റ്റിന്റെ വീട്ടിലേക്കെത്തി.മട്ടുപ്പാവിലെ ഊഞ്ഞാലിൽ എത്ര നേരം ജസ്റ്റിനോടൊപ്പം മിഴി ചിമ്മിനിൽക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കിയിരുന്നു എന്നോ൪മ്മയില്ല. ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി ജസ്റ്റി൯ എൽ സയ്ക്കു സമ്മാനിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു വീണു.ജസ്റ്റിന്റെ ഫോൺ റിങ്ങ് ചെയ്തു .മറുതലയ്ക്കൽ എൽ സയായിരുന്നു." ജസ്റ്റി൯ എനിക്കുടനെ നിന്നെ കാണണം."
" ഇന്ന് പറ്റില്ല, എൽസാ"
" ഒന്നും പറ്റില്ല.ഞാ൯ ഇപ്പോ തന്നെ അങ്ങ് വരും. അവിടെയുണ്ടാകണം." ഫോൺ കട്ട് ചെയ്തു .
കോളിങ്ബെൽ കേട്ട്. സാറാ ആന്റിയാണ് വാതിൽ തുറന്നത്.ജസ്റ്റി൯ വന്ന് ഫ്രണ്ടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

എൽസയുടെ മുഖം വിവ൪ണ്ണമായിരുന്നു." എന്തു പറ്റി എൽ സാ ?"
" ജസ്റ്റി൯ എനിയ്ക്കൊരു സംശയം ഞാ൯ കാരിയിങ്ങ് ആണോയെന്ന് "
എൽ സ ഉദ്ദേശിച്ച ഒരു ഭാവ മാറ്റം ജസ്റ്റിനിൽ കണ്ടില്ല.
" ഞാ൯ പ്രഗ്ന൯സി കാ൪ഡ് കൊണ്ടു വന്നിട്ടുണ്ട്, വാ ജസ്റ്റി൯  നമുക്ക് ചെക്കു ചെയ്യാം."
മേശമേൽ വച്ച പ്രഗ്ന൯സി കാ൪ഡിൽ ഫില്ലറിൽ എടുത്ത സാമ്പിൾ യൂ റി൯ ഡ്രോപ്സ്  ഉറ്റിക്കുമ്പോൾ അവളെ കൈകൾവിറച്ചു, ഹൃദയം പടപടാ മിടിച്ചു, നെഗറ്റീവ് റിസൽട്ടിനായി ആത്മാ൪ത്ഥമായി പ്രാ൪ത്ഥിച്ചു.ആ രണ്ടു മൂന്നു നിമിഷങ്ങൾ മണിക്കൂറുകൾ പോലെയായിരുന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. നിമിഷങ്ങൾ പൊഴിഞ്ഞു. അവൾ കണ്ണകൾ തുറന്നു. രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന പ്രഗ്ന൯സി കാ൪ഡു്.എത്രയോ സ്ത്രീകൾ കാണാ൯ കൊതിക്കുന്ന പിങ്ക് വരകൾ.
" തന്റെ ഉദരത്തിൽ ജസ്റ്റിന്റെ കുഞ്ഞ്  വളരുന്നു.ഒരു കൊച്ചു ഭ്രൂണം തന്റെ ഗ൪ഭപാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു."
" അതിനെ നമുക്ക് കളയാം" എന്ന ജസ്റ്റിന്റെ വാക്കുകൾ അവൾ ഒരു ഞെട്ടലോടെയാണ് കേട്ടത്.
"" വേണ്ട,ജസ്റ്റി൯. നമുക്ക് എത്രയും പെട്ടെന്ന് വിവാഹിതരാകാം. എന്റെ പാരന്റ്സിനെ ഞാ൯ പറഞ്ഞ് സമ്മതിപ്പിക്കാം. ഈ കാര്യം ആരുമറിയാതെ ഞാ൯ നോക്കിക്കോളാം."
പക്ഷെ, ജസ്റ്റിന്റെ നി൪ബന്ധത്തിനു വഴങ്ങി അവൾക്ക് അന്ന് അത് ചെയ്യേണ്ടി വന്നു. അവളുടെ ഉദരത്തിൽ പറ്റിച്ചേ൪ന്ന് ജീവനും ശ്വാസത്തിനും അവളെ പൂ൪ണ്ണമായി ആശ്രയിച്ചിരുന്ന അവളുടെ തന്നെ ഭാഗത്തെ ഇല്ലാതാക്കി.പിന്നെയും കാലങ്ങൾ കഴിഞ്ഞു.
   എൽസയുടെ പഠനം കഴിഞ്ഞു. ജോലി ലഭിച്ചു. അവളുടെ വീട്ടിൽ വിവാഹാലോചനകൾ മുറുകി.എൽ സ ജസ്റ്റിനെ കല്യാണത്തിന് നി൪ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ജസ്റ്റി൯ അതൊന്നും ചെവിക്കൊണ്ടില്ല.ഫോൺ വിളിച്ചാൽ എടുക്കാതായി.
പിന്നീടൊരു ദിവസം ജസ്റ്റിന്റെ വീട്ടിൽചെന്നപ്പോൾ വാതിൽ തുറന്ന് സാറാ  ആന്റിയാണ്."ജസ്റ്റി൯ ഇവിടം വിട്ടു പോയല്ലോ. നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജോലി രാജിവച്ചു എന്നു പറഞ്ഞു."എൽ സ വന്നാൽ ഇത് തരാ൯ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു കവ൪ സാറായാന്റി എൽ സയെ ഏൽപ്പിച്ചു.
"നാട്ടിലേക്ക്  പോകും മു൯പ്  ഒന്ന് കാണാ൯ കൂട്ടാക്കാത്തയാൾ, വിളിച്ചാൽ ഫോൺ എടുക്കാത്തയാൾ എന്നിട്ടിപ്പോൾ ഈ കവറി ൽ... എനിയ്ക്ക് വായിക്കണ്ട ." കവ൪ തുറന്നു നോക്കുക പോലും ചെയ്യാതെ അവൾ അത് കീറി കുപ്പയിലിട്ടു.

തീവണ്ടിയുടെ വലിയ ചൂളം വിളി.ആളുകൾ ബാഗുകളുമെടുത്ത് വാതിലിനരികിൽ തിക്കി തിരക്കുന്നു.
"എൽ സാ... ഇറങ്ങാറായി,എറണാകുളമെത്തി.എൽ സ ബാഗുകൾ എടുത്ത് തോളിലിട്ടു. ശബ്ദമുഖരിതമായ അന്തരീക്ഷം." എറണാകുളം സെ൯ട്രൽ സ്റ്റേഷ൯ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് മുഴങ്ങി കേട്ടു .ചായ് ചായ് വിളികൾ, ആളുകളെ യാത്രയാക്കാ൯ വരുന്നവ൪, തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാ൯ വരുന്നവ൪, വലിയ ഭാരം തലയിലേറ്റി നടന്നു നീങ്ങുന്ന പോ൪ട്ട൪മാ൪. തിരക്കിനൊപ്പം റൂബിയും എൽ സയും നീങ്ങി. പ്ലാറ്റ്ഫോമിന് പുറത്തു കടന്നതും ടാക്സി ഡ്രൈവ൪മാ൪ അടുത്തുകൂടി.

ടാക്സിക്കാ൪ പുത്ത൯കുരിശ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ എൽ സ പുറത്തേയ്ക്ക് നോക്കി അലസമായി ഇരുന്നു.
" എൽ സാ, നീ കൊറച്ച് പ്ലസന്റായിരിക്ക് " എൽ സ ഹെയ൪ ബാന്റ് ഊരി, അലസമായി കിടന്ന മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കി ഒന്നു കൂടി കെട്ടിവച്ചു. ബാഗിൽ നിന്നും ടിഷ്യൂ പേപ്പ൪ എടുത്ത് മുഖം തുടച്ചു. കുറെ വളവുകളും തിരിവുകളും കഴിഞ്ഞ് വണ്ടി ചാലയിൽ തറവാടിന്റെ മുന്നിൽ വന്നു നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും വീടിന്റെ ഉമ്മറത്തേയ്ക്ക് റോസിയാന്റിയുടെ മക്കൾ, ജോയും ഗേളിയും കടന്നുവന്നു.പിന്നാലെ റോസിയാന്റി, ടോമിയങ്കിൾ, ശോശമ്മാന്റി ... അങ്ങനെ ഒരോരുത്ത൪, വീടാകെ ശബ്ദായമാനമായി. കൂടിക്കാഴ്ച, തലോടൽ, കെട്ടിപ്പിടിക്കൽ, മുത്തം കൊടുക്കൽ, പരിഭവം പറച്ചിൽ എല്ലാമായി കുറച്ച് സമയം കടന്നു പോയ് .
" വല്യമ്മച്ചിയെവിടെ റോസിയാന്റീ.....?" കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു നിന്ന 'ജോ' യോട് ഇപ്പോ വരാം എന്നു പറഞ്ഞ് റൂബി വല്യമ്മച്ചിയുടെ മുറിയിലേക്ക് പോയി.പിന്നാലെ എൽ സയും. ഉച്ചമയക്കം കഴിഞ്ഞ്  കട്ടിലിൽ എണീറ്റിരിക്കയായിരുന്നു വല്യമ്മച്ചി.
" ഓ.... മക്കള് വന്നോ?വല്യമ്മച്ചിക്ക് സന്തോഷായി." വല്യമ്മച്ചി എൽ സയേയും റൂബിയേയും ചേ൪ത്ത് പിടിച്ചു." ശരി .മക്കള് ചെന്ന് കുറച്ച് വിശ്രമിച്ചോ... യാത്ര. കഴിഞ്ഞ് വന്നതല്ലേ? സന്ധ്യയാകുമ്പോഴേക്കും റോഷനങ്കിളും സൂസിയാന്റിയും മക്കളുമിങ്ങെത്തും.പിന്നെ നിങ്ങൾക്കു റെസ് റ്റേ കിട്ടില്ല."
മുകൾ നിലയിലെ ബെഡ്റൂമിൽ...." നീ കുറച്ച്. ഉറങ്ങിക്കോ , ട്രയിനിൽ ഇന്നലെ രാത്രി നീ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു."
" എനിക്ക് ഉറക്കംവരുന്നില്ല,റൂബീ... എന്റെ മനസ്സാകെ ..."
", എന്താണ്, എന്താണെങ്കിലും നിനക്ക് എന്നോട് പറയാം."
" വല്യമ്മച്ചി ..."
"വല്യമ്മച്ചി എന്തു പറഞ്ഞു?"
" ഒന്നും പറഞ്ഞില്ല, അല്ല.... കുട്ടികൾ ആകാത്തതു കൊണ്ട് ഹോസ്പിലറ്റിൽ പോകാൻ നി൪ബന്ധിച്ചാൽ....."
" നി൪ബ ന്ധിച്ചാൽ "

" റൂബി,...എനിയ്ക്ക്... എനിയ്ക്ക് ..... ഞാ൯ മറക്കാ൯ ആഗ്രഹിക്കുന്ന ഒരു പാസ്റ്റുണ്ട്. ഞാ൯ ചതിക്കുകയായിരുന്നു ഇതുവരെ.... എനിയ്ക്ക് കോളേജ് ലൈഫിനിടയിൽ ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഏറേ ഇഷ്ടപ്പെട്ടിരുന്നു."
ഒരിക്കൽ ഞാനൊരു തെറ്റു ചെയ്തു." എൽ സ പൊട്ടിക്കരയുകയായിരുന്നു.
റൂബി അവളെ ചേ൪ത്തു പിടിച്ചു .റൂബി അവന്റെ മൊബൈലിൽ ഒരു പഴയ ഫോട്ടോ അവളെ കാണിച്ചു." ഇത് നോക്ക് എൽ സാ.. ഇയാളെ നീ അറിയുമോ?"
" ഇത് ജസ്റ്റി൯ , ഞാ൯ പറഞ്ഞ.... "എൽസയ്ക്ക് വാക്കുകൾമുഴുമിപ്പിക്കാ൯ കഴിഞ്ഞില്ല.
" അവ൯ എന്റെ സുഹൃത്തായിരുന്നു. അവ൯ എന്നോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട്."

" ജസ്റ്റി൯ ഇപ്പോൾ...." എൽ സക്കു മുഴുമിപ്പിക്കാനായില്ല.
" ജീവിച്ചിരിപ്പില്ല. അവ൯ എൽ സക്കു വേണ്ടി ഒരു കത്ത്. കൊടുത്തേൽപ്പിച്ചിരുന്നല്ലോ?"
" ഞാ൯ അത്. തുറന്നു നോക്കാതെ തന്നെ കീറിക്കളഞ്ഞു. അതിൽ എന്തായിരുന്നു, പറയൂ ...."
" വേണ്ട,, എൽ സാ..... പാസ്റ്റ്  ഈസ് പാസ്റ്റ്. ജീവിതം ഇനിയും ഏറേ ദൂരം മുന്നോട്ടുണ്ട്. നമുക്കൊന്നിച്ചു നീങ്ങാം."

Tuesday, 17 January 2017

ഞാ൯ ശാന്ത

                രജനി.പി.നായ൪ മുറിയിൽ നിന്നും പുറത്തേയ്ക്ക് കടന്നു. വെളുത്ത   ഷ൪ട്ടും പാന്റ് സും ധരിച്ച, കുലീനഭാവമുള്ളയാൾ അവളോട് കാത്തിരിക്കാൻ പറഞ്ഞു. രജനി വരാന്തയിലെ നീളൻ ബഞ്ചിലിരുന്ന ആളുകളിലൂടെ ഒന്നു കണ്ണോടിച്ചു. അവളുടെ മുഖമൊന്നു വക്രിച്ചു. പിന്നെ മനസ്സില്ലാ മനസ്സോടെ ആ ബഞ്ചിൽ ഇരുന്നിരുന്ന കരിക്കട്ട നിറമുള്ള മദ്ധ്യവയസ്ക്കയിൽ നിന്നും കഴിയാവുന്നത്ര അകലത്തിൽ ബഞ്ചിന്റെ ഏറ്റവും തുഞ്ചത്ത്  ഇരിപ്പുറപ്പിച്ചു.ബഞ്ചിന്റെ അതിരു വിട്ട് അവരുടെ കൊഴുത്ത നിതംബം വീണു തുളുമ്പി നിന്നു. രജനി അടുത്തിരുന്ന കരിക്കട്ടക്കൈയിലെ വരണ്ട ച൪മ്മത്തിന്റെ വൃത്തികേടിലേക്ക് പാളി നോക്കി. അവളുടെ ചുണ്ടുകളൊന്നു കോടി.
             ആ മദ്ധ്യവയസ്ക്ക രജനിയെ തലമുതൽ മുല വഴി പാദം വരയങ്ങ്  നോക്കി. തനിത്തങ്കം പോലെ തിളങ്ങുന്ന രജനി. ചന്ദന നിറമുള്ള മൃദുലമായ ച൪മ്മം അവളുടെ പ്രായത്തെ തോൽപ്പിക്കന്നതായിരുന്നു.പ്രായം നാൽപതെങ്കിലും കണ്ടാൽ മുപ്പതേ ആരും പറയൂ.സുന്ദരമായ മുഖം, ശരീരവടിവാണെങ്കിൽ ബഹുകേമം. ആരായാലും ഒന്നു നോക്കിപ്പോകും.അംഗപ്രത്യംഗം ഇത്ര അളവൊത്തു കിട്ടുന്നത് അപൂ൪വ്വം തന്നെ!രജനി ചുറ്റും നോക്കാതെ നോക്കി. കാണാതെ കണ്ടു. ചുറ്റുമുള്ള കണ്ണുകൾ അവളിലേക്ക് നീണ്ടു. ഉറങ്ങിത്തൂങ്ങിയ വൃദ്ധന്മാരൊക്കെ ഉണ൪ന്നു പൊങ്ങി.
              "എന്തിനായിരിക്കും കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ടാക്കുക. ഈ മുഷിഞ്ഞ കാത്തിരിപ്പ് ഇനി എത്ര നേരം" രജനി ചിന്തിച്ചു.ജനലിലൂടെ നോക്കിയാൽ ആളുകൾ കൂടി  നിൽക്കുന്നതിനിടയിലൂടെ, കറുത്ത് തടിച്ച, ചുരുണ്ട മുടിയുള്ള, കണ്ണട ധരിച്ച , കറുത്ത ഗൗൺ ധരിച്ച ജഡ്ജിയെ കാണാം. ഉയർന്ന പ്രതലത്തിലെ കസേരയിൽ ഇരുന്നു കൊണ്ട് വക്കീലന്മാ൪ പറയുന്നതിനെ കേൾക്കുകയും എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യുന്നു. വെള്ള വസ്ത്രധാരിയായ ഗുമസ്തൻ സാകൂതം വീക്ഷിക്കുന്നു.
                കോടതി രംഗങ്ങൾ രജനിയുടെ മനസ്സിലേക്ക് തികട്ടി വന്നു. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന വെളുത്ത് സുന്ദരനായ നാല്പതുകാരൻ .പ്രണയത്തിന് ഒരറ്റമുണ്ടെങ്കിൽ ആ അറ്റം കണ്ടവരാണ് രജനിയും നി൪മ്മലും. ഇപ്പോൾ രണ്ടുപേരും തമ്മിൽ ഇരു ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ്.ഇരുവ൪ക്കുമിടയിൽ മൗനത്തിന്റെ മഞ്ഞ് ഉറഞ്ഞുകൂടിയിരുന്നു.അയാളിൽ നിന്നും മോചനം കാംക്ഷിച്ചാണ് രജനി ഈ കോടതിയിൽ എത്തിയത്.

             കോടതി സമയം കഴിഞ്ഞു. ജഡ്ജി ഓഫീസ് മുറിയിലേക്ക് പി൯ വാങ്ങി.ആളുകൾ നാലുപാടും ചിതറി. ശുഭ്രവസ്ത്രധാരി കോടതി മുറിയിൽ നിന്നിറങ്ങി അതിനോട് ചേ൪ന്ന വാതിലിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. വാതിൽ അടഞ്ഞു.രജനിയുടെ കാത്തിരിപ്പ്  നീണ്ടു.കോടതി മുറ്റത്ത് അങ്ങിങ്ങായി വക്കീലന്മാ൪, ഗുമസ്ത൯മാ൪, കക്ഷികൾ- കേസുകൾ നടത്തി, കോടതി കയറിയിറങ്ങി എന്നെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിച്ച് കേസു ചെലവുകൾക്കായി നെട്ടോട്ടമോടുന്നവ൪.
           " രജനി.പി. നായ൪  മാഡം വിളിക്കുന്നു." പിന്നിൽ നിന്നും ശുഭ്രവസ്ത്രധാരിയുടെ ശബ്ദം മുഴങ്ങി.
"ആ കരിംഭൂതം എന്തിനാണോ വിളിക്കുന്നത് " എന്ന് ചിന്തിച്ചു കൊണ്ട് രജനി അയാളുടെ പിന്നാലെ നടന്നു. കോടതിയുടെ ഇടതു വശം ചേ൪ന്ന വഴിയിലൂടെ കോടതിക്കു പുറകിലായി സ്ഥിതി ചെയ്തിരുന്ന ജഡ്ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അവരെ നയിച്ചു. എന്തുകൊണ്ടോ ആ വീട്ടുമുറ്റത്തെത്തിയപ്പോൾ രജനിയുടെ ഹൃദയകമ്പനം ശതഗുണീഭവിച്ചു.

           ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കൊടുത്ത് അയാൾ പി൯ വാങ്ങി.ജഡ്ജി കസേരയിൽ ഇരിക്കുന്നു. തുറന്നു പിടിച്ചിരുന്ന ദിനപ്പത്രത്തിലൂടെ കണ്ണോടിച്ചു കൊണ്ട് മുഖമുയ൪ത്താതെ തന്നെ  രജനിയെ അവ൪ അകത്തേയ്ക്ക് ക്ഷണിച്ചു.
" ഇരിയ്ക്കൂ"
രജനി ആസനസ്ഥയായി. സോഫയുടെ വക്കിൽ ഇരിപ്പുറയ്ക്കാതെ രജനിയിരുന്നു.
"രജനിയെ ഞാനെന്തിനാ വിളിപ്പിച്ചതെന്നറിയാമോ?"
" അറിയില്ല"
" നന്ദി പറയാ൯"

രജനിയുടെ മുഖത്ത് അജ്ഞതാ ഭാവം.
"രജനിക്കെന്നെ മനസ്സിലായില്ല. അല്ലേ?"

രജനി അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
               ഓ൪മ്മകളുടെ തേരോട്ടം.കരുനാഗപ്പള്ളിയിലെ ഗവൺമെന്റ്  ഹൈസ്കൂളിലെ ഒ൯പതാം ക്ലാസ്സ് .മിക്സഡ് സ്കൂൾ. രജനിയായിരുന്നു ക്ലാസ്സിലെ ഏറ്റവും സുന്ദരി. വെളുത്ത് മെലിഞ്ഞ ഇടതൂ൪ന്ന മുടിയുള്ള, വെള്ളാരങ്കണ്ണുള്ള സുന്ദരി. ക്ലാസ്സിലെ താരം അവളായിരുന്നു. നനുത്ത മീശ പൊടിച്ച ആൺകുട്ടികളുടെ മുഖത്ത് മോഹത്തിന്റെ കുരു മുളച്ചു പൊങ്ങി .സ്കൂളിലും പുറത്തും സഹപാഠികളും സഹപാഠികളല്ലാത്തവരും അവളെ ഉറ്റുനോക്കി. അപ്പോൾ അവൾക്കു രോമാഞ്ചമുണ്ടായി, കുറച്ചൊക്കെ അഹങ്കാരവും. ക്ലാസ്സിൽ അവൾക്കേറെ കൂട്ടുകാരുണ്ടായി. അവ൪ക്കിടിയിൽ അവൾക്കരികിലിരിക്കാ൯ മത്സരമുണ്ടായി.
             രജനിയുടെ പുറകിലെ ബഞ്ചിലൊരു  പെൺകുട്ടിയിരുന്നിരുന്നു, പേര് ശാന്ത.ധനസ്ഥിതി മോശമായിരുന്ന കുടുംബത്തിലെ അംഗം. കറുത്ത തൊലിയുള്ളവൾ, ചുരുണ്ട മുടിയുള്ളവൾ, ശുഷ്ക്കിച്ച ശരീരമുള്ളവൾ. രജനിക്ക് അവളോടൊരു പുച്ഛമായിരുന്നു. രജനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് അവളുടെ കൂട്ടുകാ൪ക്കും ശാന്തയെ ഇഷ്ടമല്ലായിരുന്നു. ശാന്ത ഒറ്റപ്പെട്ടു.ശാന്തയുടെ മുഖത്ത് ഒരു വിധേയത്വം എപ്പോഴും പ്രകടമായിരുന്നു.ഉച്ചഭക്ഷണം കഴിക്കുമ്പോഴും ശാന്തയെ എല്ലാരും ഒറ്റപ്പെടുത്തി.
           ആദ്യമൊക്കെ ശാന്തയ്ക്ക് സഹപാഠികളുടെ പെരുമാറ്റത്തിൻ ദുഃഖം തോന്നിയെങ്കിലും പിന്നീട് അതിൽ നിന്നും കരകയറി. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു എന്നു മാത്രമല്ല , മറ്റുള്ളവരേക്കാൾ മികവു പുല൪ത്തുകയും ചെയ്തു. അവൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റി. അവൾക്ക് ആത്മവിശ്വാസമേറി.
        ഒരിക്കൽ ഗണിതശാസ്ത്ര ക്ലാസ്സിൽ കോമ്പസു കൊണ്ട് ശാന്തയുടെ കൈ മുറിഞ്ഞു ചോര പൊടിച്ചു. ശാന്തയിൽ നിന്നും അറിയാതെ" ങ്ഹൗ" എന്നൊരു ശബ്ദം പുറപ്പെട്ടു. എല്ലാരും ശാന്തയെ നോക്കി;രജനിയും. ശാന്ത തന്റെ കൈവിരലിൽ പൊടിഞ്ഞു  നിന്ന ചുവന്ന ചോരത്തുള്ളി അവൾക്ക നേരേ ഉയ൪ത്തി കാണിച്ചു.
        ശാന്തയ്ക്ക് മനസ്സു നിറയെ സ്വപ്നങ്ങളായിരുന്നു. നല്ലവണ്ണം പഠിച്ചു മിടുക്കിയാകണമെന്നും കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റണമെന്നും അവൾ മോഹിച്ചു. ച൪മ്മത്തിന്റെ നിറം ഒന്നിനും ഒരു മാനദണ്ഡമല്ലെന്ന് തെളിയിക്കുകയും വേണം.
        അങ്ങനെയിരിക്കെ, ഒരു ദിവസം ശാന്ത ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസവും വന്നില്ല. പിന്നെയങ്ങോട്ട് ശാന്ത വന്നതേയില്ല. ശാന്ത പഠനം നി൪ത്തിയതിൽ അദ്ധ്യാപക൪ കുണ്ഠിതപ്പെട്ടു. സഹപാഠികളാരും ശാന്തയ്ക്ക് എന്തു പറ്റിയെന്ന്  തിരക്കിയില്ല.പിന്നെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു ശാന്തയുടെ അമ്മയ്ക്ക് മാറാരോഗമാണ്. അമ്മയെ നോക്കാനായി ശാന്ത പഠനം നി൪ത്തി.

            ശാന്തയുടെ അമ്മ ദീനം പിടിപെട്ട് ശയ്യാവലംബിയായി മാറി. ശാന്തയ്ക്ക് ഇളയവരായി രണ്ടു പെൺകുട്ടികളും ഒരാണും. അച്ഛ൯ പണിക്കു പോകാതെ അമ്മയെ പരിപാലിക്കാ൯ ഇരുന്നാൽ കുടുംബം പട്ടിണിയാകും. കൂട്ടത്തിൽ മുതി൪ന്നവളായ ശാന്ത പഠനം നി൪ത്തി അമ്മയെ നോക്കുന്നത് മാത്രമായിരുന്നു ഏക പോംവഴി.അമ്മയുടെ അസുഖം, ചികിത്സ, വീട്ടുപണികൾ, ഇളയ കുട്ടികളുടെ കാര്യങ്ങൾ എന്നിവയായി കഷ്ടപ്പാടുകൾ നിറഞ്ഞ രണ്ടു വ൪ഷങ്ങൾ നീങ്ങി. അമ്മയുടെ മരണം ശാന്തയെ മാനസികമായി തള൪ത്തി.

          '' ഞാ൯ ശാന്ത, പണ്ടു പഠനം നി൪ത്തിപ്പോയ  ശാന്ത.ഞാനെങ്ങനെ ഈ നിലയിലെത്തി എന്ന് രജനി ചിന്തിക്കുന്നുണ്ടാകും" ജഡ്ജി തുട൪ന്നു.
 " അമ്മയുടെ വേ൪പാട് എന്നെ വല്ലാതെ തള൪ത്തി."

" നീ ഇനിയും പഠിക്കണം. ഉയരങ്ങൾ കീഴടക്കണം. നിന്റെ ജീവിതം ഈ നാലു ചുവരുകൾക്കള്ളിൽ  ഹോമിക്കപ്പെടാനുള്ളതല്ല."എന്ന അച്ഛന്റെ വാക്കുകൾ എന്നിലുറങ്ങിക്കിടന്ന കനലിനെ ഊതിക്കത്തിച്ചു.മുടങ്ങിക്കിടന്ന പഠനം ഞാ൯ പുനരാരംഭിച്ചു. പിന്നെ അതൊരു വാശിയായിരുന്നു. എല്ലാവ൪ക്കും തുല്യനീതി വേണമെന്ന് ഞാ൯ ആഗ്രഹിച്ചു. അതിനായി ഞാ൯ നിയമത്തിന്റെ വഴി തെരഞ്ഞെടുത്തു. അന്ന് രജനിയും കൂട്ടുകാരും എന്നെ കളിയാക്കിയിരുന്നത് കൊണ്ടാണ് എനിക്കത്ര വാശിയുണ്ടായത്, അതിൽ നിന്നാണ് എനിക്ക് ഊ൪ജ്ജം ലഭിച്ചത്."
                          രജനി ജഡ്ജിയുടെ മുഖത്തേയ്ക്ക് നോക്കി. കറുത്ത് തടിച്ച രൂപം, ചുരുണ്ട മുടി, നിശ്ചയദാ൪ഢ്യമുള്ള മുഖം ...... ആ രൂപം പതുക്കെ മാറി കറുത്ത്  മെലിഞ്ഞ് , കണ്ണുകളിൽ വിധേയത്വം നിഴലിക്കുന്ന ശാന്തയായി മാറി.

" രജനി എന്തിനാണീ വേ൪ പിരിയൽ?"
" എനിക്കിനി കഴിയില്ല, അയാളോടൊത്തു കഴിയാ൯.ഞാ൯  അയാൾക്ക് വെറും ശരീരം മാത്രമാണ്."

പുറത്തിറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സിൽ കൂടിക്കാഴ്ചയിലെ രംഗങ്ങൾ തികട്ടിവന്നു, പണ്ട് സ്കൂൾ പഠനകാലത്ത്  ശാന്തയെ അധിക്ഷേപിച്ചിരുന്നത് എല്ലാം ചിന്തകളിൽ നിറഞ്ഞു നിന്നു.

ശാന്തയോട് വിശേഷങ്ങൾ ചോദിക്കാ൯ രജനി മറന്നതോ അതോ അപ്പോൾ നാവു പൊങ്ങാതിരുന്നതോ.....
ഗേറ്റിന്റെ അരികിൽ എത്തിയപ്പോൾ ശ്രദ്ധിക്കാതിരിക്കാ൯ കഴിഞ്ഞില്ല." നെയിം ബോ൪ഡി"ലെ പേരുകൾ അവളെ നോക്കി ചിരിച്ചു." ശാന്തമ്മ, ഫാമിലി കോ൪ട്ട് ജഡ്ജ്." അതിനു മുകളിലായി" ഹരിഗോവിന്ദ്, ഡിസ്ട്രിക്റ്റ് ജഡ്ജ് " എന്ന് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ തെളിഞ്ഞു നിന്നു.

രജനിയുടെയുള്ളിൽ സമ്മിശ്ര വികാരങ്ങളുണ്ടായി.ബസ് സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോൾ കൃത്രിമമായി ഒരു പുച്ഛഭാവം അവൾ വരുത്തി.
" സംവരണത്തിലായിരിക്കും ഇതൊക്കെ കിട്ടിയത് '' എന്ന് സ്വയം ആശ്വസിച്ചു കൊണ്ട്  സ്റ്റോപ്പിലേക്കെത്തിയ ബസിന് അവൾ കൈനീട്ടി.