Tuesday, 29 March 2016

ആയേമ്മ

                    കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ട് .ഒരു വലിയ ഇരുട്ടറയിൽ ഭൂമിയെ ബന്ധനസ്ഥയാക്കിയതു പോലെ. ഈ രാത്രിയിൽ നക്ഷത്രങ്ങളും പിൻവാങ്ങിയോ?പാഞ്ഞു പോയിക്കൊണ്ടിരുന്ന വണ്ടിയുടെ ജനാലയിലൂടെ ഋഷി കുമാർ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.ഇരുട്ടിൽ മിന്നിത്തെളിയുന്ന മിന്നാമിനുങ്ങു പോലെ അവിടവിടെ വഴിവിളക്കുകളുടേയും ഒറ്റപ്പെട്ട വീടുകളിലേയും ഇത്തിരി വെട്ടം .
                   ബസിൽ ഇംഗ്ലീഷ് സംഗീതം ചടുലതാളത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. മനം മടുപ്പിക്കുന്നതായിരുന്നു അവന് ആ സംഗീതം.
                   ആ ചടുല സംഗീതം അവനെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ വിട്ടു വന്ന് കഴിഞ്ഞ് അമ്മയും അച്ഛനും വരാനായി കാത്തിരുന്ന ദിവസങ്ങൾ . സ്കൂളിൽ നിന്നും കിട്ടിയ സമ്മാനം അച്ഛനമ്മമാരെ കാണിച്ച് അവരുടെ സ്നേഹവും അംഗീകാരവും കിട്ടാൻ മോഹിച്ച് കാത്തിരുന്ന്, കാത്തിരുന്ന് പിന്നെ ആയയോടൊപ്പം കിടന്നുറങ്ങിപ്പോയ രാത്രികൾ.നിദ്രയെ ഭഞ്ജിക്കുന്ന ദ്രുത സംഗീതം കേട്ടുണർന്നു നോക്കുമ്പോൾ,ലേറ്റ് നൈറ്റ് പാർട്ടികളിൽ കൂട്ടുകാർക്കൊപ്പം ചുവടുവയ്ക്കുന്ന മാതാപിതാക്കൾ. വീട്ടിലെ വിസ്താരമേറിയ ഹാൾ മുറി പലപ്പോഴും ഒത്തുചേരലുകൾക്കുള്ള ഇടമായി.പാതി കൂമ്പിയ മിഴികളോടെ നോക്കി നിന്ന തന്നെ എത്രയോ തവണ സ്നേഹപൂർവ്വം വിളിച്ചു കൊണ്ടുപോയി ഉറക്കിയിട്ടുണ്ട് ആയ,താൻ ആയേമ്മ എന്ന വിളിച്ചിരുന്ന ആയ.

               "ഏയ്, ഋഷീ.... വാ... വന്ന്  ഡാൻസ് കളിക്ക് ".എന്ന സെബാസ്റ്റ്യന്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.
             അവൻ ഇംഗ്ലീഷ് പാട്ടിനൊത്ത് നൃത്തം വയ്ക്കാനോ. ഹ ഹ... നല്ല കാര്യമായി .. അവൻ ഋഷി കുമാരനല്ലേ ... " സുധാകർ പറഞ്ഞു നിർത്തി.
               അച്ഛന് ഹിന്ദി നടൻ ഋഷി കപൂറിനോട് വലിയ ആരാധനയായിരുന്നു. തന്നെയല്ലാ അച്ഛനുമമ്മയും കല്യാണത്തിനു മുൻപ് പ്രണയകാലത്ത് കാലത്ത് കണ്ട സിനിമയാണ് ഋഷി കപൂറും ഡിംപിൾ കപാഡിയയും ഒന്നിച്ചഭിനയിച്ച "ബോബി".ആരാധന മൂത്ത് മകന് ഋഷി കുമാർ എന്ന് പേരിട്ടു. ഇത് അമ്മ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പങ്കു വച്ചതിൽ നിന്നുണ്ടായ അറിവാണ്.
            "കമോൺ ഋഷീ ... ഈ ടൂർ നമുക്ക് എൻ ജോയ് ചെയ്യാനുള്ള സമയമാണ്,വരൂ... "സെബാസ്ത്യൻ വീണ്ടും വിളിച്ചു.ഋഷിയുടെ പ്രതികരണം ഒരു പുഞ്ചിരിയിലൊതുങ്ങി.

         ഒരു ഹെയർ പിൻ വളവ് കഴിഞ്ഞ് കുറച്ച് ദൂരെ മാറി ചെറിയ ഒരു ഞരക്കത്തോടെ വണ്ടി നിർത്തി.ഒരോരുത്തരായി വണ്ടിയിൽ നിന്നും ഇറങ്ങി, ഒടുവിലായി ഋഷിയും.
         തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. ഋഷി അരക്കെട്ടിൽ അലസമായി ചുറ്റിക്കെട്ടിയിരുന്ന ജാക്കറ്റ് എടുത്ത് ധരിച്ചു. സെബാസ്റ്റ്യനും സുധാകറും സിഗററ്റിനു തീകൊളുത്തി.മറ്റ് സുഹൃത്തുക്കളിൽ ചിലർ പാതവക്കിലെ കലുങ്കിൽ ഇരുന്നു. മറ്റു ചിലർ സമീപത്തുണ്ടായിരുന്ന ചെറിയ ഹോട്ടലിൽ കയറിയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ അങ്ങ് താഴെയുള്ള റോഡുകൾ നേർത്ത വരകൾ പോലെ കാണപ്പെട്ടു;ആ റോഡിലൂടെ പോകുന്ന വണ്ടികൾ കളിപ്പാട്ടങ്ങളെപ്പോലെയും.വഴിയരികിലെ വൈദ്യുതി വിളക്കിനു ചുറ്റും ചിറകറ്റു പോകും മുമ്പുള്ള മഴ പാറ്റകളുടെ ചുറ്റിപ്പറക്കൽ.
          സെബാസ്റ്റ്യനും സുധാകറും എരിഞ്ഞു തീരാറായ സിഗററ്റുകുറ്റി താഴെയിട്ട് ഷൂസിട്ട കാലിനാൽ ചവുട്ടിയരച്ചു.ഒരു ചായ കുടിക്കാനായി അവർ ക്ഷണിച്ചപ്പോൾ ഋഷിയും അവരോടൊപ്പം നീങ്ങി.ഋഷിയും കൂട്ടുകാരും ചായക്കടയുടെ വരാന്തയിൽ ഇട്ടിരുന്ന പഴയ ബഞ്ചിൽ സ്ഥാനം പിടിച്ചു. ആ ചായക്കട, വെറുമൊരു ചായക്കട മാത്രമായിരുന്നില്ല. അതൊരു വീടു കൂടിയായിരുന്നു. ഭർത്താവും ഭാര്യയും ചേർന്ന് നടത്തുന്ന ചായക്കട . പകൽ മുഴുവൻ ചായക്കടയിൽ പണിയെടുക്കുന്ന അവർക്ക് ചായക്കടയോട് ചേർന്ന ഒറ്റമുറിയാണ് അന്തിത്താവളം.ചായക്കടയ്ക്കും വീടിനും ചേർന്ന് അടുക്കള ഒന്ന്.
                നല്ല ആവി പറക്കുന്ന ചായ ഊതിയാറ്റി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ അറ്റത്ത് മൂടിപ്പുതച്ചു ക്കിടക്കുന്ന രൂപത്തെ ഋഷി ശ്രദ്ധിച്ചത്.ഒരു വൃദ്ധ .അവർ ഏറെ ബുദ്ധിമുട്ടോടെ എഴുന്നേറ്റിരുന്നു.
" മോനെ, ഒരു ചായയ്ക്കുള്ള പൈസ തര്വോ?" അവരുടെ ശബ്ദും വിറയ്ക്കുന്നുണ്ടായിരുന്നു.

                    അവരുടെ ശബ്ദവും രൂപവും ഋഷിയുടെ മനസ്സിൽ ഒരു വിങ്ങൽ ഉളവാക്കി.ഒരു ചായ വാങ്ങി അവൻ അവർക്ക് നൽകുകയും എണ്ണാതെ തന്നെ കുറച്ച് രൂപ അവരുടെ കൈയിൽ വച്ചു കൊടുക്കുകയും ചെയ്തു. ഋഷി അവരോട് ഒരോ കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു. സ്നേഹത്തോടെയുള്ള അവന്റെ സംസാരം കേട്ട് അവരുടെ കണ്ണുകൾ തിളങ്ങി. അവർ ഒരോ കാര്യങ്ങളായി അവനോട് പറഞ്ഞു.
                  "വീട്, മൂന്നാറിനടുത്താണ്.ഇപ്പവിടാരൂല്ല.. എന്നെ കെട്ടിക്കൊണ്ടരുമ്പോ പ്രായം പതിനാറ് .ഒന്നരവർഷം, അത്രേ തന്നുള്ളൂ, കർത്താവ്. പിന്നെ അങ്ങ് വിളിച്ചു. അതിയാനങ്ങ് പോയി."
അവരുടെ കണ്ണുകൾ നിറയുന്നത് ഋഷി കണ്ടു.
               "ഒരു മോനെ തന്നേച്ചാ പോയത്. കൊറേ ബുദ്ധിമുട്ടി, അന്യ വീടുകളിലെ പണി ചെയ്തിട്ടാണേലും ഞാനവനെ ബുദ്ധിമുട്ടിക്കാതെ വളർത്തി. അവന് അങ്ങ് കൊച്ചീലാ പണി. അവനും അവന്റെ പെണ്ണും അവിടാ താമസം ."
                ഡ്രൈവർ വണ്ടിയിൽ കയറി. ഹോൺ മുഴങ്ങി.എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞു. സെബാസ്റ്റ്യൻ ഋഷിയെ ഉച്ചത്തിൽ വിളിച്ചു." ഏയ് ഋഷീ....... കമോൺ ഫാസ്റ്റ്."
                  വൃദ്ധ ആ വരാന്തയിൽ കിടന്നു. അങ്ങിങ്ങ് കീറിയിരുന്ന പുതപ്പെടുത്ത് അവൻ അവരെ പുതപ്പിച്ചു.ഋഷി ആ വൃദ്ധയുടെ കരങ്ങൾ പിടിച്ച് യാത്രാനുമതി ചോദിക്കും ഭാവത്തിൽ തലയാട്ടി. അവന്റെ സിരകളിലൂടെ തരംഗങ്ങളുടെ തേരോട്ടം.ധൃതിയിൽ കൈകൾ തിരികെ വലിച്ച് അവൻ വണ്ടിയിൽ കയറി. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
           " നീയെന്താണിങ്ങനെ?ടൂർ പോകുമ്പോഴെങ്കിലും എൻജോയ് ചെയ്തു കൂടെ നിനക്ക്? " സെബാസ്റ്റ്യന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പായിരുന്നു ഋഷിയുടെ മറുപടി.
           "തിരിച്ചെത്തിയാൽ ഇനിയും ടെൻഷനടിച്ച് ജോലി ചെയ്യാനുള്ളതാണ് സോ റിലാക്സ് നൗ" സെബാസ്റ്റ്യൻ ഓർമ്മപ്പെടുത്തി.
             വണ്ടി മലമ്പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. മരവിച്ച കാറ്റ് ജനലിലൂടെ അകത്തേക്ക് വന്നു കൊണ്ടിരുന്നു. അവൻ അനന്തതയിലേക്ക് നോക്കിയിരുന്നു. നക്ഷത്രങ്ങൾ മിഴി തുറക്കാൻ മറന്ന കറുത്ത രാത്രി.
              ഏറെ നേരത്തെ മൗനത്തിന്റെ കെട്ടഴിച്ച് ഋഷി,സെബാസ്റ്റ്യനോട് മനസ്സു തുറന്നു.
           " നിനക്കറിയ്വോ ത്രേസ്യയെ മറ്റാരേക്കാളുമധികം ഞാൻ സ്നേഹിച്ചിരുന്നു. ത്രേസ്യ എന്നെയും. സുന്ദരിയായിരുന്നു ത്രേസ്യ .ആ മാറിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ഞാൻ അനുഭവിച്ച ആശ്വാസം, സ്വസ്ഥത. ഈ ഭൂഗോളത്തിൽ മറ്റാരുമെന്നെ സ്നേഹിച്ചിട്ടില്ല.
                  മറ്റെല്ലാർക്കും കടമകൾ മാത്രമായിരുന്നു. സ്ഥാനങ്ങൾ നൽകുന്ന കടമകൾ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ അകമ്പടി കൂടാതെ നിർവഹിച്ച് കടമകളുടെ കണക്കു പുസ്തകം കൃത്യമായി സൂക്ഷിച്ച മാതാപിതാക്കൾ.
          ത്രേസ്യയ്ക്ക് എന്നോട് സ്നേഹം മാത്രമായിരുന്നു. ആ ഹൃദയം ഞാൻ കണ്ടിട്ടുണ്ട്. സ്നേഹത്തിന്റെ ആർദ്രതയുള്ള പവിത്രമായ ഹൃദയം .
         ആ സംസാരം കേട്ടിരിക്കാൻ തന്നെ എത്ര രസകരമായിരുന്നു. ആകാശം, ഭൂമി, കടൽ, സൂര്യചന്ദ്രന്മാർ,നന്മ,തിന്മ, രാത്രി, പകൽ..... എല്ലാത്തിനേയും കുറിച്ച് ത്രേസ്യയ്ക്കറിയാം.
  ഓഫീസ് ജോലി, മീറ്റിങ്ങ്, ക്ലബ്ബ് ഇത്യാദി തിരക്കുകളുള്ള അച്ഛൻ.ഫെമിനിസവും സാമൂഹ്യ സേവനവും സ്വന്തം ബിസിനസുമായി സമയം ചിലവഴിക്കുന്ന അമ്മ. മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കൊതിച്ചിരുന്ന ബാല്യം.വിലപിടിപ്പുള്ള കളിക്കോപ്പുകളിൽ അവർ സ്നേഹം നിറച്ചു നൽകി.
            അച്ഛനമ്മമാർക്ക് നേരമില്ലാത്തതു കൊണ്ട് അവർ എന്നെ നോക്കാനായി ഒരു സ്ത്രീയെ നിയമിച്ചു. അവർ എന്നോടൊത്ത് കളിച്ചു. ഒത്തിരിയൊത്തിരി സ്നേഹിച്ചു. അവർ വെറുമൊരു ജോലിക്കാരിയായിരുന്നില്ല. പ്രസവിച്ചില്ലെങ്കിലും അവർ എന്റെ അമ്മയായിരുന്നു. ഗർഭത്തിൽ പത്തുമാസം പേറാതെ നൊന്തു പ്രസവിക്കാതെ അവർ എന്റെ അമ്മയായി. ഞാൻ മകനായി.
               അന്ന്.... അച്ഛനമ്മമാരെ കാത്ത് കാത്തിരുന്ന ഒരു രാത്രി .
"മോനിവിടെ വന്ന് കിടക്ക്"ത്രേസ്യ പറഞ്ഞു.

" ഇല്ല എനിക്കിന്നീ സമ്മാനം കാണിക്കണം" കൈയിലിരുന്ന മെഡലുയർത്തിക്കൊണ്ട് അവൻ പറഞ്ഞു. ഏറെ വൈകിയപ്പോഴാണ് ത്രേസ്യയോടൊപ്പം അന്ന് കിടന്നത്.

. " മോനുറങ്ങിയെങ്കിൽ ഉണർത്തണ്ട. അവിടെക്കിടന്നോട്ടെ" എന്ന അമ്മയുടെ വാക്കുകൾ കുറച്ച് കഴിഞ്ഞപ്പോൾ കേട്ടു . കൈയിൽ പിടിച്ചിരുന്ന മെഡൽ കൈവിട്ട് തറയിൽ പതിച്ചു.
            പിന്നീടുള്ള ദിവസങ്ങളിൽ അച്ഛനമ്മമാരെ കാത്തിരിക്കാതെ ത്രേസ്യയോടൊത്ത് ഉറങ്ങുന്നത് ശീലമാക്കി.പിന്നെ അതൊരു ഇഷ്ടമായി മാറി.
   " എനിക്ക് എട്ടു വയസായപ്പോൾ എന്നെ ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർക്കുകയും ത്രേസ്യയെ പറഞ്ഞു വിടുകയും ചെയ്തു."
      ഋഷി സീറ്റിലേക്ക് തലചായ്ച് കിടന്നു.
      വർഷങ്ങൾ കടന്നു പോയിട്ടും ഇന്ന് ആ ഇരുട്ടിൽ ആ മുഖം, നിർമ്മലമായ ആ മുഖം താൻ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അവർ തന്നെ മോനേയെന്നു വിളിച്ചു. താൻ ആയേമ്മ എന്നു വിളിച്ചിരുന്നത്രേസ്യാമ്മ തന്നെ തിരിച്ചറിഞ്ഞു കാണുമോ?                            ഹൃദയം പിടയ്ക്കുന്നു. മനസ്സു പതറുന്നു,നിസ്സഹായത
.ഹൃദയത്തിൽ ആയേമ്മയോടുള്ള സ്നേഹം കടലിരമ്പലായി.മസ്തിഷ്കം നിസ്സഹായത അറിയിച്ചു കൊണ്ടിരുന്നു. പലവട്ടം തന്നെ ഊട്ടിയുറക്കിയ സ്നേഹം ഇന്ന് ജരാനരകളുമായി...... മസ്തിഷ്കം ഹൃദയത്തെ തോൽപ്പിക്കരുതെന്ന് അവന്റെയുള്ളിൽ നിന്നാരോ പറഞ്ഞു.
         വണ്ടിയോടി കൊണ്ടിരുന്നു. അടുത്തിരുന്ന സെബാസ്ത്യൻ നിദ്രയിലേക്ക് വഴുതി വീഴുന്നത് ഋഷി കണ്ടു. മസ്തിഷ്ക സന്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഋഷി വണ്ടിയിൽ നിന്നിറങ്ങി നടന്നു. മഴ അപ്പോൾ കനത്ത് പെയ്തു കൊണ്ടിരുന്നു.

            

Sunday, 27 March 2016

പുഴ കടന്ന്

                   പുഴസ്വച്ഛന്ദമായിപരന്നൊഴുകിക്കൊണ്ടിരുന്നു.
പുഴയിലെ ഓളങ്ങളെ തൊട്ടുരുമ്മി വന്ന കുളിർക്കാറ്റ് അവളുടെ മിനുമിനുപ്പാർന്ന കവിളിണകളെ തഴുകി.വെള്ളത്തെ ഇരുവശങ്ങളിലേക്കും വകഞ്ഞു മാറ്റി തോണി മന്ദഗതിയിൽ മുന്നേറികൊണ്ടിരുന്നു.തോണിക്കാരൻ കഴക്കോൽ ആഴത്തിൽ കുത്തി, തോണിയുടെ അരികിലൂടെ മുന്നോട്ടും പിന്നെ കഴുക്കോലുയർത്തി, ഒരു പ്രത്യേക താളത്തിൽ തോണിയുടെ അരികിലൂടെ ഒരു സർക്കസ് കലാകാരന്റെ വൈദഗ്ധ്യത്തോടെ പിന്നോട്ടും നടന്നു. അവൾ പക്ഷെ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

                    ഒരു നവോഢയുടെ ഭാവഹാവാദികൾ ഒന്നും പ്രകടമല്ലായിരുന്നു ആ മുഖത്ത്.തന്റെ കൂട്ടുകാരായ രാജിയേയും സുജാതയേയും ദിവാകരനേയും ഇനിയെപ്പോഴാണ് കാണാൻ കഴിയുക? ഇനിയെപ്പോഴാണ് പല്ലാങ്കുഴി കളിക്കാൻ കഴിയുക.ഓടിക്കളിച്ചു നടന്ന തൊടിയും പറമ്പും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി തിന്നാന്നായി ഇരിക്കാറുള്ള ശങ്കരൻ പോറ്റിയുടെ പറമ്പിലെ പാറക്കൂട്ടവും എല്ലാമവൾ ഓർത്തു.അവളേറെയിഷ്ടപ്പെട്ടിരുന്ന തെക്കേപ്പറമ്പിലെ കശുമാവിൻ തോട്ടവും, അവിടെ നിന്നും ഇട വഴിയിലൂടെ നടന്നെത്താവുന്ന വലിയ കുളവും, എല്ലാം വിദൂരതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.

                    ആ കുളം അവൾക്ക് വളരെ പ്രിയപ്പെട്ടതാണ്.എന്നും അവൾ ചെറിയച്ഛനോടൊത്ത് കുളത്തിൽ കുളിക്കാൻ പോയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി കുളത്തിൽ കുളിക്കാൻ പോകാതായിട്ട്. അന്ന്, അവൾ പേടിച്ചു കരഞ്ഞു. അമ്മയും ചെറിയമ്മമാരും പറഞ്ഞു: ' പേടിക്കാനൊന്നൂല്ല കുട്ട്യേ ', നീ വലുതായിരിക്കുന്നു. അതിനു ശേഷം പിന്നെ നീണ്ട ഉപദേശമായിരുന്നു. എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലാന്നും. മാറത്ത് രണ്ടാം മുണ്ടിടാതെ ആണായി പിറന്നവരുടെ മുന്നിൽ പോകാൻ പാടില്ല. ദിവാകരന്റെ കൂടെ കളിക്കാൻ പാടില്ല. മരത്തിൽ കയറാൻ പാടില്ല, കാൽ അടുപ്പിച്ച് വച്ചേ ഇരിക്കാവൂ. കൂട്ടത്തിൽ ഏറ്റവും ദുഃഖം തോന്നിയത് ഇതാണ്. ചെറിയച്ഛന്റെ കൂടെ ഇനി കുളത്തിലും പോകരുത്.

                 തോണി മറുകരയടുത്തു. തോണിക്കാരൻ ഇറങ്ങി തോണി തള്ളി കുറച്ചു കൂടി കരയ്ക്കടുപ്പിച്ചു. യാത്രക്കാർ ഇറങ്ങി പല വഴിപിരിഞ്ഞു.തോണി വീണ്ടും ഓളത്തെ മുറിച്ചു കൊണ്ട് മറുകര തേടി.

                   നേരം പുലർന്നതേയുള്ളൂ.കിഴക്കുനിന്നും മേഘപാളികൾക്കി ടയിലൂടെ ബാലാർക്കൻ എത്തി നോക്കി. ഗ്രാമം ഉണർന്നു. ദൂരെ കുളിക്കടവിൽ കുളിക്കാനെത്തിയ ചിലർ.തോണിക്കാരൻ തോണിയുടെ അമരത്ത് ഇരുന്നു. യാത്രക്കാരെ പ്രതീക്ഷിച്ചു കൊണ്ട് .പുഴയിലെ ഓളങ്ങൾക്കൊപ്പം ആ യാനപാത്രം ഇളകിയാടി.
               ദിവസങ്ങൾ കഴിഞ്ഞെങ്കിലുംഅയാളുടെ മനസ്സിന്റെ തിരശ്ശീലയിൽ ആ കൊച്ചു സുന്ദരിയുടെ ചിത്രം മായാതെ നിന്നു.അവളുടെ ദുര്യോഗത്തെക്കുറിച്ചയാൾ ഓർത്തു. മഞ്ഞച്ചരടിൽ അധികാരചിഹ്നം  അണിയിച്ച് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ മദ്ധ്യവയസ്ക്കനെയും.

             പിന്നിൽ ഒരു കാൽ പ്പെരു മാറ്റം. അയാൾ തിരിഞ്ഞുനോക്കി..... അവൾ.തോണിയിൽ കയറിയ അവൾ പടിമേലിരുന്നു. " എന്താണ് ഒറ്റയ്ക്ക്. '? മൗനം."എങ്ങോട്ട് പോകുന്നു?" മൗനം. " എന്തു പറ്റി. "?മൗനമല്ലാതെ അവളിൽ നിന്നുമൊരു മറുപടി കിട്ടിയില്ല.
                 അവൾ ഓളപ്പരപ്പിലേക്ക് നോക്കിയിരുന്നു. നിലയില്ലാത്ത വെള്ളത്തിലേക്ക് അവളെത്തന്നെ അവൾ വലിച്ചെറിയുമോയെന്നയാൾ ഭയപ്പെട്ടു.
                  ' എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുട്ടി .അവൾക്കെന്താണ് സംഭവിച്ചത്? എങ്ങോട്ടാണ് പോകുന്നത്? ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉയർന്നു വന്നു .
               
                   മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും അയാൾ വീണ്ടും ചോദിച്ചു. " മോളെന്താണ് ഒറ്റയ്ക്ക്? " നിശബ്ദത. അവൾ ഇ മകളുയർത്തിയതേയില്ല.
                    അന്ന് - തോണിയിൽ അവളോടൊപ്പം ഉണ്ടായിരുന്ന ബന്ധുജനങ്ങളുടെ കൈവശം നിറയെ പെട്ടികൾ, വലിയ ഭരണികൾ, വലിയ ട്രങ്ക് പെട്ടി എന്നിവയായിരുന്നു. കൂടാതെ ഒരു സിന്ധിപ്പശുവും കിടാവും. അക്കാലത്ത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു ഇതൊക്കെ .കളിപ്രായം കഴിയാത്ത പെൺകൊടിയെ തല നരച്ച പൗരുഷത്തിന് അടിയറ വയ്ക്കുക, വർഷങ്ങളോളം ഉപയോഗിക്കാനുള്ള പാത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സ്ത്രീധനമായി കൊടുക്കുക.സ്ത്രീധനത്തോടൊപ്പം പശുവിനെ കൂടി ഉൾപ്പെടുത്തുന്നത് കൂടുതൽ അന്തസ്സാണ്.

                            അവൾക്കെതിരെയുള്ള പടിയിലിരുന്നു ആ മദ്ധ്യവയസ്ക്കൻ. പ്രൗഢഗംഭീരനായ അയാൾ വെറ്റില മുറുക്കി കൊണ്ടിരുന്നു. അയാൾ ഇടയ്ക്കിടെ തുപ്പിയപ്പോൾ പച്ച നിറമുള്ള വെള്ളത്തിൽ ചുവന്ന വികൃതങ്ങളായ എന്തോ രൂപങ്ങൾ തെളിഞ്ഞു വന്നു. അത് പിന്നെ.. വെള്ളത്തിലലിഞ്ഞ് ഇല്ലാതായി.
                    അയാളുടെ കൈയിലിരുന്ന പണക്കിഴി അയാൾ പടിമേൽ വച്ചു.പടി മേലിരുന്ന വെറ്റിലച്ചെല്ലം തുറന്ന് അയാൾ വെറ്റില തുമ്പുകീറി പുരികത്തിന് വശത്തായി ഒട്ടിച്ചു. അയാൾ അർത്ഥഗർഭമായി ചിരിച്ചുകൊണ്ടിരുന്നു. ചുണ്ണാമ്പ് തേച്ച് പുകയില കൂട്ടി വെറ്റില വായിൽ തിരുകുമ്പോൾ അയാളുടെ തീക്ഷ്ണമായ കണ്ണുകൾ അവളെ ഉഴിഞ്ഞു കൊണ്ടിരുന്നു. ശുഭ്ര വസ്ത്രധാരിയായ അയാൾ ഇടയ്ക്ക് തോളിൽ കിടന്നിരുന്ന വേഷ്ടിയഥാസ്ഥാനത്ത് ഒതുക്കിയിട്ടു കൊണ്ടിരുന്നു. അയാളുടെ വാല്യക്കാരൻ എന്നു തോന്നിച്ചിരുന്ന, ആളോട് സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ചിരിക്കുമ്പോൾ വെളിപ്പെട്ടിരുന്ന വെറ്റിലക്കറ പിടിച്ച നിരയൊക്കാത്ത പല്ലുകൾ ഒരു ക്രൂര ഭാവം അയാൾക്കു സമ്മാനിച്ചിരുന്നു.
അതെ . അയാൾ ക്രൂരനായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ -
       മദ്ധ്യവയസ്ക്കൻ തോണിയൊഴുകിക്കൊണ്ടിരിക്കേ എഴുന്നേറ്റ് മുന്നോട്ട് കാലെടുത്ത് വച്ചു. തോണിയൊന്നിളകിയാടി. അയാൾ ഒരു കസർത്ത് കളിച്ച് അവൾക്കരികിൽ വന്നിരുന്നു. അയാൾ തന്റെ ഇടം കയ്യാൽ അവളെ സ്വ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു. മൃഗ രാജനെ  ഭയക്കുന്ന പേടമാന്റെ മിഴികളായിരുന്നു അവൾക്കപ്പോൾ.
     തോണി കരയ്ക്കടുക്കാറായപ്പോഴാണ് തോണിക്കാരൻ ഓർമ്മയിൽ നിന്നുണർന്നത്. തോണിക്കാരൻ ഉത്തരമില്ലാത്ത"" ഒരു ചോദ്യം കൂടി ഉതിർത്തു.
 " ഞാൻ മോളെ വീട്ടിലെത്തിക്കട്ടേ? " മൗനം.
         തോണിയിൽ നിന്നിറങ്ങിയ അവൾ, തിരിഞ്ഞു നോക്കാതെ, എങ്ങോട്ടെന്നില്ലാതെ, ഒരു ഭ്രാന്തിയെ പോലെ .....