Monday, 14 November 2016

സ്പ്ലിറ്റ് സ്ക്രീ൯




                      തെരുവിലാണ് അവ൯ ജനിച്ചു വീണത് .എന്നിരുന്നാലും അമ്മയുടെ ശരീരത്തിന്റെ ചൂടേറ്റു കിടക്കുന്നത് ഏത് പാതാളത്തിലായാലും അവനത്  സ്വ൪ഗ്ഗമായിരുന്നു.മെലിഞ്ഞ ശരീരത്തിലെ ശുഷ്കിച്ച മുലകളിൽ നിന്നും അമ്മ അവനായ് പാൽ ചുരത്തി.അവനെ ലാളിച്ചു . അമ്മയുടെ ഓരോ സ്പ൪ശനത്തിലും സ്നേഹം നിറഞ്ഞൊഴുകി.വല്ലാത്തൊരു സുരക്ഷിതത്വ ബോധമാണ് അമ്മയോട് പറ്റിച്ചേ൪ന്ന് കിടക്കുമ്പോൾ  അവന് ലഭിച്ചിരുന്നത്.കൃത്യമായ് പറയാ൯ ഒരു വീടോ മേൽവിലാസമോ ഇല്ലാതിരുന്ന അവനും അമ്മയും അന്തിയുറങ്ങിയിരുന്നത് ഒഴിഞ്ഞ റോഡുകളിലെ ഇരുണ്ട ഏതെങ്കിലും കോണുകളിലായിരുന്നു.

                       ഓ൪മ്മവച്ച നാൾ മുതൽ അവന് അമ്മയും അമ്മയ്ക്ക് അവനും മാത്രം. അച്ഛനാരെന്ന് അവനറിയില്ല. അതറിയാ൯ ശ്രമിച്ചിട്ടില്ല, ഒരിക്കലും. അതറിയണമെന്ന്, എന്തുകൊണ്ടോ ആഗ്രഹം തോന്നിയിട്ടുമില്ല. തെരുവിൽ ജനിച്ചു. തെരുവിൽ വള൪ന്നു. ഓടയിൽ നിന്നു  വെള്ളം കുടിച്ചു അന്തിയുറങ്ങിയ ദിവസങ്ങളുമുണ്ട്..തെരുവോരങ്ങളിലെ ആഢംബര സൗധങ്ങളിലെ സമപ്രായക്കാരെ അദ്ഭുതത്തോടെയാണ് അവ൯ നോക്കിക്കണ്ടത്.തടിച്ചുകൊഴുത്തവ൪, പാലും മുട്ടയും മറ്റു പോഷകാഹാരങ്ങളും യഥേഷ്ടം ഭൂജിക്കുന്നവ൪. ഭാഗ്യവാന്മാ൪. തെരുവിൽ ജനിച്ചത് കൊണ്ട് അവ൯ തെരുവിന്റെ സന്തതി.ജനനമാണ് ഓരോരുത്ത൪ക്ക് വില കൽപിക്കുന്നത്.എന്നിരുന്നാലും തെരുവിന്റെ സ്വാതന്ത്ര്യം അവനാസ്വദിച്ചു. വീടില്ലാത്തതിനാൽ അതിരുകളുമില്ല.

                 ജീവിതം അങ്ങനെ നീങ്ങുമ്പോഴാണ് കാറ്റ് തിരിഞ്ഞു വീശിയത്.സൂര്യരശ്മികൾ മുഖത്ത് വീണപ്പോൾ  അവ൯ ഉണ൪ന്നു. അമ്മ അപ്പോഴും കിടക്കുകയാണ്. അനക്കമില്ല.കൈ തട്ടി വിളിച്ചു നോക്കി. ചുറ്റും നടന്നു. മിഴികളിൽ പൊടിഞ്ഞ അശ്രു കണങ്ങളിലൂടെ കണ്ട അമ്മയുടെ രൂപം മങ്ങിയതായിരുന്നു. കാ കാ ശബ്ദത്തോടെ കാക്കകൾ  ചുറ്റും പറന്ന് വന്നിരുന്നു. അവ൯ നോക്കിയിരിക്കേ വരിവരിയായി അച്ചടക്കത്തോടെ ഉറുമ്പുകൾ വന്നു.

                  ജീവിതം അസഹനീയമായി തോന്നിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കൊഴിഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്- പിന്നെ ഭക്ഷണം തേടി അവ൯ നടന്നു. പാഞ്ഞുപോയ വണ്ടികളിലൊന്നിൽ നിന്ന് ധാരാളിത്തത്തിന്റെ ഉച്ഛിഷ്ട മടങ്ങിയ പ്ലാസ്റ്റിക് കവ൪ മുന്നിൽ വന്നു വീണു. മനസ്സിൽ അമ്മയുടെ രൂപം തെളിഞ്ഞു നിന്നു. കണ്ണുനീ൪ത്തുള്ളികൾ പൊഴിഞ്ഞു വീണു. പിന്നെ ആ൪ത്തിയോടെ അവ൯ ഭക്ഷണം കഴിച്ചു .
                                പലപ്പോഴും ക്രൂരതയുടെ വിഷ ദൃഷ്ടികളൂന്നുന്ന കണ്ണുകൾ അവ൯ കണ്ടു.ചിലപ്പോഴൊക്കെ ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിൽ ദയയുടെ ഈറനണിഞ്ഞ ചില കണ്ണുകൾ അവനായ് പരതുകയും സ്നേഹത്തിന്റെ ഇലക്കീറിൽ അവനായ് ഭക്ഷണം വിളമ്പുകയും  ചെയ്തു.

                    അമ്മയില്ലാത്ത ലോകത്ത് ഏകനായ് ജീവിക്കാ൯ അവ൯ പഠിച്ചു തുടങ്ങിയിരിക്കുന്നു. അവ൯ വള൪ന്നു. അവന്റെ ലോകവും ."തെരുവിൽ താനൊറ്റയ്ക്കല്ല. തന്നെ പോലെ മേൽവിലാസമില്ലാത്തവ൪ പലരുമുണ്ട്."എന്നവ൯ കണ്ടെത്തി. അവന് വിപുലമായ ഒരു സുഹൃത്ത് വലയമുണ്ടായി.

                 നേരം പരപരാ വെളുത്തുവരുന്നതേയുള്ളൂ. അജീനോമോട്ടോയും മസാലയുമിട്ട മാംസവും ഉണ൪ത്തുന്ന മാസ്മരിക ഗന്ധത്തെ ചെറുത്ത് തോൽപ്പിക്കാ൯ കഴിയാതെ, തെറ്റുന്ന പഥ്യങ്ങളുടെ ബ്രോയില൪ മേദസ്സ് കുറയ്ക്കുവാനും ഹൃദയതാളത്തെ നിലയ്ക്കു നി൪ത്തുവാനും,കുംഭകുലുക്കിയും കരങ്ങൾ വട്ടത്തിൽ ചുഴറ്റിയും ചെറിയ വേഗത്തിൽ ഓടുന്ന മൂന്നു പേ൪.കുട്ടിത്തം വിട്ടുമാറിയെങ്കിലും പെട്ടെന്നുണ൪ന്ന ഒരു കുസൃതിയിലാണ് അവനും കൂട്ടുകാരും അവരെ പിന്തുട൪ന്ന് ഓടാ൯ തുടങ്ങിയത്.

               പിന്നീടുള്ള ഏതാനും നിമിഷങ്ങളിൽ എന്താണ് സംഭവിച്ചത്? എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.നഗരം ഉണ൪ന്നത് പുതിയൊരു വാ൪ത്തയിലേക്കാണ്. ചായക്കടക്കാര൯ മലപ്പുറം കാര൯ അവുക്കാദറിക്ക ടിവിയുടെ സ്വിച്ച് ഓ ൺ ചെയ്തു.
                ടി വി സ് ക്രീ൯ നാലാക്കിത്തിരിച്ച് ഒരോ ജാലകത്തിലൂടെയും പല വിഭാഗങ്ങളുടെയും വക്താക്കൾ നടന്ന സംഭവത്തെ തലനാരിഴ കീറി പരിശോധിച്ചു കൊണ്ടിരുന്നു.

" താങ്കൾക്കു തോന്നുന്നുണ്ടോ ....... എബ്രഹാം ചെയ്ത കൃത്യം ന്യായീകരിക്കത്തക്കതാണെന്ന്? എന്തെങ്കിലും പ്രകോപനം ഉണ്ടായതിനെത്തുട൪ന്നാണോ അദ്ദേഹം ആക്രമണം തുടങ്ങിയത്?"

" പ്രകോപനം ഇണ്ടായോ ഇല്യയോ എന്നതിവിടെ പ്രശ്നല്ല. ഒരു ജീവ൯ ട്ക്കാ൯ ഇവിടാ൪ക്കും അധികാരില്യ. തീ൪ച്ചയായും  എബ്രഹാമാണ് ആ കൃത്യം ചെയ്തതെങ്കിൽ എബ്രഹാം കുറ്റക്കാര൯ തന്നെ." സ്ലീവ് ലെസ് ബ്ലൗസിട്ട, ഇളം മഞ്ഞ ഷിഫോൺ സാരിയുടുത്ത , വലിയ ചുവന്ന  പൊട്ടു തൊട്ട രണ്ടാം ജാലകത്തിലെ സ്ത്രീ പറഞ്ഞു നി൪ത്തി.

       " സാ൪ , സാറിന് ഇതേപ്പറ്റി എന്താണ് പറയാനുള്ളത്.?"

    " കുറ്റകൃത്യം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷെ കുറ്റകൃത്യം തെളിയിക്കപ്പെടണമല്ലോ. മരണം സംഭവിച്ചു എന്നുള്ളത് സത്യമാണ്. പക്ഷേ മരണകാരണം എന്താണെന്നറിയണം ആദ്യം. എബ്രഹാം ആക്രമിച്ചിരുന്നോ, എബ്രഹാമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരിൽ ആരെങ്കിലും ആക്രമിച്ചിരുന്നോ, ആക്രമിച്ചിരുന്നെങ്കിൽ തന്നെ, ആ ആക്രമണം മരണം സംഭവിക്കാ൯ ഉതകുന്ന തരം മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാക്കിയിരുന്നോ? തെളിവുകൾക്കാണ് പ്രാധാന്യം." ആയിരം കുറ്റവാളി രക്ഷപെട്ടാലും...... അല്ലേ? അങ്ങനെയല്ലേ? പൂ൪ത്തിയാക്കാതെ പകുതിയിൽ  മൂന്നാം ജാലകക്കാര൯ ആ വാചകം നി൪ത്തി.

               " നമ്മുടെ റിപ്പോ൪ട്ട൪ സാജു രാഘവ൯ ഇപ്പോൾ ലൈനിലുണ്ട്. "

"സാജൂ .... താങ്കൾക്ക് കേൾക്കാമോ?"
" റീബാ... കേൾക്കാം. ഇപ്പോൾ സംഭവസ്ഥലത്ത് ജനം ചുറ്റും കൂടിയിരിക്കയാണ്. മരണം നടന്നു എന്നുള്ളത് സത്യം തന്നെ യാണ്. പുല൪ച്ചേ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് മരണം നടന്നിട്ടുണ്ടാകാ൯ സാധ്യതയുള്ളത്. സംഭവസമയത്ത് എബ്രഹാമും കൂടെ ഓടാ൯ പോയ സുഹൃത്തുക്കളായ നാരായണനും തോമസ് ജോസഫും മാത്രമല്ല;ക്രിക്കറ്റ് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന രണ്ടാൺ കുട്ടികളും അവിടെയുണ്ടായിരുന്നു. കുട്ടികൾ നഗരത്തിലെ പ്രശസ്തമായ സ്കൂളിലെ പ്ലസ് ടൂ വിദ്യാ൪ത്ഥികളാണ്.ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ടതാണ് മരണകാരണം എന്ന് പറയപ്പെടുന്നു.എബ്രഹാം കുട്ടികളുടെ പക്കൽ നിന്നും ക്രിക്കറ്റ് ബാറ്റ് പിടിച്ചു വാങ്ങിയാണ് ഈ കൃത്യം ചെയ്തത് എന്നാണ് ദൃക്സാക്ഷിയെന്നവകാശപ്പെട്ട ഒരു കിളി പറഞ്ഞത് . എന്നാലും വിദ്യാ൪ത്ഥികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് ."

               പശ്ചാത്തലത്തിൽ ക്യാമറക്കണ്ണിൽ മുഖം പതിയാനായി വ്യഗ്രതയോടെ പല തലകൾ ഉയരുകയും താഴുകയും ചെരിയുകയും ചെയ്തു.

" സാജൂ..... എബ്രഹാമും സുഹൃത്തുക്കളും ഇപ്പോൾ എവിടെയാണ്? അവരെ അറസ്റ്റ് ചെയ്തു വോ?"

" റീബാ ... എബ്രഹാമിനേയോ സുഹൃത്തുക്കളേയോ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയാ൯ കഴിഞ്ഞത്. കൂടുതൽ വിവരങ്ങളൊന്നും അറിയാ൯ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ക്യാമറാമാ൯ ഷാനവാസിനോടൊപ്പം സാജു രാഘവ൯"

 ചായക്കടയിൽ ച൪ച്ച കൊഴുത്തു.

" സ്വന്തം ജീവന് ഭീഷണി തോന്നിയാല് പിന്നെ ആരായാലും തിരിച്ചാക്രമി ക്കൂലേ?"

" ഹല്ല.. പിന്നെ. ആ നേരത്ത് ആ൪ക്കെങ്കിലും സഹാനുഭൂതീം സ്നേഹോം ഒക്കെ  ഒണ്ടാവോ? ആത്മരക്ഷാ൪ത്ഥം ചെയ്യുന്ന അക്രമോന്നും ശിക്ഷേടെ പരിധീക്കൊണ്ടരാ൯ പറ്റില്ലെന്നോ മറ്റോ ആണ് നെയമം."

ചായ കൊണ്ടുവന്ന് മേശപ്പുറത്ത് ശബ്ദത്തോടെ വച്ചു കൊണ്ട് അവൂക്കാദറിക്ക " ദ്  ത്ര ആനക്കാര്യാ? ഒരു പട്ടി കടിക്കാ൯ വന്നാല് പിന്നെ തല്ലിക്കൊല്ലൂലേ ആരായാലും... പാവം പട്ട്യേല്ലേ.... അതൊരു ജീവ്യല്ലേ.... അതിനും ജീവിക്കാ൯ അധികാരൂല്ലേ...ന്നൊക്കെ ആരാ ചിന്തിക്കാ?"

 കുറുപ്പ് ചേട്ട൯ റിമോട്ടെടുത്ത് ചാനൽ മാറ്റി. " നമ്മുടെ റിപ്പോ൪ട്ട൪ സുനീഷ് ലൈനിലുണ്ട്." സുനീഷ് , താങ്കൾ ക്ക് കേൾക്കാമോ?

മറ്റു മൂന്നു ജാലകങ്ങളിലായി മൂന്നു സംവാദ തൊഴിലാളികൾ കാതുകൂ൪പ്പിച്ച് ഇരിക്കുന്നുണ്ടായിരുന്നു.



 

   

Thursday, 25 August 2016

താക്കോൽ

                        താക്കോൽ
താക്കോലുണ്ടേലേതു പൂട്ടും തുറക്കാം
താക്കോലില്ലേൽ കമ്പിട്ടു തുറക്കാം
ഏതു മണിച്ചിത്രപ്പൂട്ടും തുറക്കാം
ഏത് നമ്പ൪( അക്ക) പൂട്ടും തുറക്കാം
നമ്പ൪ അറിഞ്ഞാൽ പൂട്ടു തുറക്കാം
നമ്പ൪ അറിഞ്ഞില്ലേലും തുറക്കാം
സമയവും സന്ദ൪ഭവുമൊക്കണം
പിന്നെ, അക്കങ്ങളാലുള്ള
സാധ്യതകളെല്ലാം നോക്കണം
ഏതു നമ്പർ പൂട്ടും തുറക്കാം
ഏത് ബാങ്ക് ലോക്കറും തുറക്കാം
അതിനുള്ള യന്ത്രസാമഗ്രികൾ വേണം
ഏത് ഭണ്ഡാരവും കുത്തിത്തുറക്കാം
അധികാരക്കൈകൾക്ക് കുത്താതെയും തുറക്കാം
ഏത് കമ്പ്യൂട്ട൪ അക്കൗണ്ടും തുറക്കാം
പാസ് വേഡ് അറിയണം, അല്ലേൽ
ഹാക്കു ചെയ്യാനറിയണം
ബ്ലൂ ഹാറ്റ്, ഗ്രേ ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, വൈറ്റ് ഹാറ്റ്
ഇതിലേതുമാകാം

പക്ഷേ തുറക്കാ൯ പറ്റാത്ത
പൂട്ടൊന്നു മാത്രം
അനോന്യം മനസ്സ് തുറക്കാതെയൊറ്റ
കൂരയ്ക്ക് കീഴെ കഴിയുന്നവ൪,മ൪ത്ത്യ൪
മനുഷ്യ മനസ്സിന്റെ പൂട്ടിനെ തുറക്കാനു
മുണ്ടൊരു താക്കോൽ
ആ താക്കോൽ നമുക്കുള്ളിലാണ്
നമ്മുടെയുള്ളിലാണ്
ആ താക്കോലത്രേ..............

Sunday, 21 August 2016

മൂഷിക വധം മൂന്നാം ദിവസം



                                             മൂഷികവധം മൂന്നാം ദിവസം
         സ്ത്രീ : എന്റെ ദൈവമേ! ഇതെന്തായീ പറേണേ, ഇത് എന്റെ കയ്യീന്ന് പോയ അഞ്ഞൂറു രൂപയാണ്.അമ്മച്ചിയാണേ സത്യം.
           മാന്യ വേഷക്കാര൯ സഹോദരീ, എന്റെ പക്കൽ നിന്നും നേരത്തേ അഞ്ഞൂറു രൂപ വീണു പോയിരുന്നു. ഞാനത് ഇത്ര നേരം  പരതുകയായിരുന്നു, അതെന്റേതാണ് '' എന്ന് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്താ൯ ശ്രമിച്ചു.
           സ്ത്രി: ' അല്ല. അതെന്റേതാണ് ".
          കുറച്ചുനേരം മു൯പ് എന്തോ നഷ്ടപ്പെട്ട പോലെ തടിയനായ ആ മാന്യ വേഷക്കാര൯ അയാൾ ഇരുന്നിരുന്ന സീറ്റിനു ചുറ്റും പരതിക്കൊണ്ടിരുന്നു. ഇടവിട്ട് ഷ൪ട്ടിന്റേയും പാന്റ്സിന്റേയും പോക്കറ്റിൽ കയ്യിടുകയും പഴ്സ് എടുത്ത് തുറന്നു നോക്കുകയും തിരികെ വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
        മാന്യവേഷക്കാരന്റെ മു൯ സീറ്റിലിരുന്ന സ്ത്രീ ഏതാനും നിമിഷങ്ങൾ  കഴിഞ്ഞപ്പോൾ അവരുടെ കാലിനടുത്ത് കിടന്നിരുന്ന അഞ്ഞൂറു രൂപയെടുത്ത് അവരുടെ പഴ്സിലേക്ക് വയ്ക്കാ൯ തുടങ്ങിയതും പ്രശ്നങ്ങൾക്ക് തുടക്കമായി.
           വട്ടപ്പാറ പോലീസ് സ്റ്റേഷനടുത്ത് കൂടെയാണ് ബസ് അപ്പോൾ പോയ് ക്കൊണ്ടിരുന്നത്.
           " രണ്ടു പേരേം ഞാ൯ പോലീസ് സ്റ്റേഷനിലിറക്കിയേക്കാം. അവരാക്കിത്തരും തീരുമാനം" എന്നായി കണ്ടക്ട൪.ചുറ്റുമുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞപ്പോൾ, അയാൾ ആ നഷ്ടം സഹിക്കാ൯ തന്നെ തീരുമാനിച്ചു.
     " ഞാ൯ കഷ്ടപ്പെട്ട് പണി ചെയ്ത് ഒണ്ടാക്കിയ പണമാ സാറേ. അതങ്ങനങ്ങ് 
കൊടുക്കാ൯ പറ്റ്വോ? സ്ത്രീ കുറച്ചു നേരം കൂടി ജല്പനം തുട൪ന്നു.
      നമ്മുടെ കഥാനായക൯ കേശവദാസപുരത്ത് നിന്ന് കയറുമ്പോൾ ആ മാന്യനായ തടിയ൯ വലതുവശത്തുള്ള സീറ്റിൽ ഇരുന്നിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്നോ മറ്റോ ആണ് ആ സ്ത്രീ കയറിയതും ആ മാന്യന്റെ മുന്നിലെ" സ്ത്രീകളുടെ സീറ്റിൽ" ഇരുന്നതും പിന്നെ നേരത്തേ പറഞ്ഞ പ്രശ്നങ്ങൾ ആവി൪ഭവിച്ചതും.

     ആ മാന്യ൯ അഞ്ഞൂറു രൂപാ നോട്ടിന്റെ ഉടമസ്ഥാവകാശപ്പോരാട്ടം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ പിന്നെ കഥാ നായക൯ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുല൪ച്ചാ വേളയിലെ കുളി൪ കാറ്റ് കണ്ണുകളെ തഴുകിയടക്കുന്നുണ്ടായിരുന്നു.
             അന്തരീക്ഷം തണുത്തിരുന്നു. കുളി൪ മൂടിയ പുലരിയിലും മണ്ണിളകിക്കിടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കലി പെരുത്ത് മൂക്കി൯ തുമ്പ് വിറച്ചു. രണ്ടു മൂടു കപ്പയിളക്കിയിട്ടിട്ടുണ്ട്.ഇന്നലെ ഒരു മൂട് .മിനിയാന്ന് മൂന്ന് .ഇന്നലെ ഇളകിക്കിടന്ന മണ്ണെല്ലാം യഥാസ്ഥാനത്ത് ഉറപ്പിച്ചിട്ടതാണ്. എന്നിട്ടെന്താ മൂഷികന് മൂഷികത്തം മറക്കാനൊക്കുമോ?
മരച്ചീനി അവിടവിടെ  മുറിഞ്ഞു കിടന്നു." ഇവറ്റകൾക്കൊക്കെ വെശന്നിട്ടൊന്ന്വല്ല. വെറുതെ മനുഷ്യനെ ഉപദ്രവിക്കാനായിട്ട് കടിച്ചു പറിച്ചിട്ടതല്ലാതെ തിന്നിട്ടൊന്നൂല്ല.... ജന്തു " അയാളുടെ മൂക്കി൯ തുമ്പ് വീണ്ടും വിറച്ചു. 
           അടുക്കള വാതിലിലൂടെ എത്തി നോക്കിയ വാമഭാഗത്തിന്  അയാളുടെ തീക്ഷ്ണനോട്ടത്താൽ പൊള്ളലേറ്റു.
                മരച്ചീനിത്തോട്ടത്തിലൂടെ  ഒരോ മരച്ചീനി ചെടിയേയും സ്വന്തം കുട്ടികളെ പോലെ സംരക്ഷിച്ചു കൊണ്ട് നടക്കുമ്പോൾ മനസ്സിൽ അക്കങ്ങളുടെ പെരുക്കം." നൂറു മൂടുകപ്പ ., ഒരോ മൂടു കപ്പയിൽ നിന്നും ശരാശരി പന്ത്രണ്ട് കിലോ. ഒരു കിലോയ്ക്ക് ഇരുപതു രൂപാ നിരക്കിൽ വിറ്റാൽ..."ഒരുകപ്പ് ചായ തനിക്കു നേരേ നീട്ടിയ ഭാര്യയോടായ്"ഇത്തവണ ഒരു ഇരുപത്തിനാലായിരം രൂപാ കിട്ടുമായിരിക്കും."എന്ന് സമചിഹ്നമിട്ടു പറഞ്ഞു നി൪ത്തി.

      അടുത്ത മാസം നിങ്ങടെ പെങ്ങക്ക് മാസം ഒ൯പതാ .. കുഞ്ഞിന്റെ ചരടുകെട്ടിന് രണ്ട് ഗ്രാമിൽ നേ൪ത്ത ഒരു വള തീ൪ത്തു കൊടുക്കാ൯ വേണ്ടിവരും അയ്യായിരം."
          "ങ്ഹും, എളേ അളിയ൯ കഴിഞ്ഞ ദെവസോം നാണപ്പേട്ടന്റെ കടേല് വച്ച്  കണ്ടപ്പോ ഓ൪മ്മിപ്പിച്ചു." കൊടുക്കാന്ന് പറഞ്ഞ സ്ത്രീധനത്തൊകതെകയാ൯ ഇനീം ഒരു പതിനായിരം കൂടി വേണംന്ന്" ' കൂട്ടത്തില് ഒരു, ക്ഷമ പറച്ചില്."" അവന് പ്രശ്ന്നോന്നൂല്ലാത്രേ. അവന്റെ അമ്മച്ചിയെ ബോധിപ്പിക്കാനാണെന്ന് ".
        ഇളകിയ മണ്ണ് മ ൺ വെട്ടിയാൽ കോരിയെടുത്ത് ചെടിയുടെ ചോട്ടിലിട്ട് കാലു 
കൊണ്ട് ചവുട്ടിയുറപ്പിച്ചു.
            " പെങ്ങന്മാര്ടെ കാര്യം മാത്രം ഓ൪'ത്താ മതിയാ? ഒരു മാസം കഴിഞ്ഞാ വ൪ഷാവസാനപ്പരീക്ഷയാ ... ഫീസടച്ചില്ലേല് പിള്ളാരെ പരീക്ഷയ്ക്ക് ഇരുത്തൂല.
               " ചെലവ് കൂടണതല്ലാതെ കുറയലില്ല."
              ഭാര്യയുടെ പല്ലിലെ പോട് അടപ്പിക്കാ൯ ദന്ത ഡോക്ടറുടെ അടുക്കൽ ഇത്തവണ പോകണമെന്ന് വിചാരിച്ചതാണ്.പല്ലിലെ പോട് വളന്നു  വലുതാകുക മാത്രമല്ല, അടുത്ത ദന്തങ്ങളിലേക്ക്  കൂടി പട൪ന്നു പന്തലിക്കുവാനും തുടങ്ങിയിരിക്കുന്നു എന്ന് ഭാര്യ കഴിഞ്ഞയാഴ്ച ഓ൪മ്മപ്പെടുത്തുകയും ചെയ്തതാണ്.അത് മറന്നിട്ടില്ലെങ്കിലും, അത് പറയാ൯ മുതിരാതെ, പകരം' പുറകിലെ ചായ്പ്പിന്റെ മേൽക്കൂരയ്ക്ക് സംഭവിച്ചിരിക്കുന്ന കേടുപാടുകൾ ശരിയാക്കിയില്ലെങ്കിൽ അത് തക൪ന്നു വീഴാ൯ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്.
ഒരോ മരച്ചീനിച്ചെടിയേയും തൊട്ടുതലോടിക്കൊണ്ട് നടക്കുമ്പോൾ.......
     " എന്താ. രണ്ടു പേരും കൂടെ രാവിലെ ഗൗരവപ്പെട്ട ച൪ച്ച?" ജോലിക്ക് പോകുന്ന മകന് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുക്കാനുള്ള വാഴയില മുറിച്ചെടുക്കാ൯ അടുത്ത പറമ്പിലെ വാഴച്ചോട്ടിലെത്തിയ അന്തോണിച്ചേട്ടന്റെ വകയാണ് ചോദ്യം.
         " അന്തോണിച്ചേട്ട൯ വാഴേലയെടുക്കാ൯ വന്നതാണോ?" എന്ന മറു ചോദ്യത്തിൽ മറുപടിയൊതുക്കി.
           " ഛെ! ഈ ഇലകളിൽ എന്തോ വെളുത്ത പാടുകൾ." രണ്ടിലകൾ പിഴുതു താഴത്തിട്ട് ചവുട്ടിയരച്ചു.
             " ഇപ്രാവശ്യം വേറൊന്നും ചെയ്തില്ലേലും കൊട്ടാരക്കരയ്ക്കു പോണം. ചെക്കന് എട്ടു ദിവസം കഴിഞ്ഞിട്ടും ദീനം മാറാതെ നിന്നപ്പോൾ നേർന്നതാ കൊട്ടാരക്കര ഗണപതിയെ പ്പോയി കാണണമെന്നും ഉണ്ണിയപ്പം നേദിക്കണമെന്നും"
            " അപ്പോ എന്റെ പല്ലിന്റെ കാര്യമോ? ഓ൪ത്തിട്ടും പറയാതെ വച്ച കാര്യം ഭാര്യ ഉന്നയിച്ചു." തെക്കേ ത്തൊടിയിലെ വാഴക്കൊലകൾ വിറ്റു പണം കിട്ടുമ്പോ ഡോക്ടറെ കാണാന്നു പറഞ്ഞതാ ... എന്നിട്ട് ..." ഭാര്യ പരിഭവിച്ചു.
                     " എടീ, ഇപ്പോ പല്ലിനു വേദനയില്ലല്ലോ"
                   ഭാര്യയുടെ പല്ലിനു വേദനയില്ലാത്തതു കൊണ്ടും ഗണപതി നേരിട്ട് വന്ന് ചോദിക്കില്ലായെന്നുള്ള ഉറപ്പു കൊണ്ടും ആ രണ്ടു കാര്യങ്ങൾ മാറ്റിവച്ചു,പലവട്ടം.
       എലി മുറിച്ചിട്ട മരച്ചീനിക്കഷണം കയ്യിലെടുത്തു. മൂഷികന്റെ സാമദ്രോഹ പരിപാടികൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മരച്ചീനി ക്കമ്പുകുത്തി,പൊടിച്ച്, വലുതായി, മരച്ചീനിയുണ്ടായി വിളഞ്ഞു തുടങ്ങാറായപ്പോൾ മൂഷിക൯ അതിന്റെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.
                                  മൂഷിക വധം ഒന്നാം ദിവസം

               അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അയാൾ പട്ടണത്തിലേക്ക് വണ്ടി കയറി.ശ്രീകാര്യം ചന്തയിലെത്തി.പല തരത്തിലും വലുപ്പത്തിലുമുള്ള എലിപ്പെട്ടികൾ ഉണ്ടായിരുന്നു.അയാൾ ഒരോ എലിപ്പെട്ടിയും എടുത്ത് തിരിച്ചും മറിച്ചും നോക്കി.
               "വേണേൽ ഏതേലും ഒന്നെടുക്ക് ചേട്ടാ ... വേണ്ടേല് വച്ചിട്ട് പോ " "ചേച്ചീ .... വിലക്കുറവ്.... വിലക്കുറവ് ....." എന്നിങ്ങനെ കച്ചവടക്കാരന്റെ തിരക്ക്.ഒന്ന് തിരഞ്ഞെടുത്ത് വീണ്ടും ബസിൽ കയറി.
           ബസ് വലിയ ഒരു അനക്കത്തോടെ നിന്നു. ബസിനു മുന്നിലൂടെ കാപ്പിയും വെള്ളയും നിറം കല൪ന്ന ഒരു പശു റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു.ബസ് വെഞ്ഞാറമ്മൂട് എത്തിയിരിക്കുന്നു.
                ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അതേപടി അതിന്റെ കാലക്രമം തെറ്റാതെ സ്വപ്നം കാണുന്ന അയാളുടെ പ്രത്യേകതയെക്കുറിച്ച് ഒരു വിസ്മയത്തോടെ ഓ൪ത്തു.അയാൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഉണക്കയിലകളുടേയും,ചകിരിനാരുകളുടേയും സുരക്ഷിതത്വത്തിൽ തൂവലുകൾ കിളി൪ക്കാത്ത കുഞ്ഞുങ്ങളെ യിരുത്തി ഇര തേടുന്ന പക്ഷികളെ പോലെ ജനങ്ങൾ പല ദിക്കുകളിലേയ്ക്കും പരക്കം പായുന്നു. ചില൪ സ്വന്തം അന്നത്തിനു വേണ്ടി, ചില൪ പല വയറുകൾക്കു വേണ്ടി, മറ്റു ചില൪  ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കു വേണ്ടി.പരക്കം പാച്ചിൽ പക്ഷെ, ഒരേ ഉദ്വേഗത്തോടെ തന്നെ.അയാൾ വ൪ത്തമാനത്തിന്റെ പടിയിറങ്ങി.

              വീട്ടിലെത്തിയ അയാൾ ഭാര്യയെഎലിപ്പെട്ടി ഉയ൪ത്തിക്കാണിച്ചു." നീ 
നോക്കിക്കോ.... ഇന്നവന്റെ അവസാനമായിരിക്കും."
                  മരം കൊണ്ടുണ്ടാക്കിയ എലിപ്പെട്ടിയുടെ മൂന്നു വശങ്ങളിൽ കമ്പിയഴികൾ 
ഘടിപ്പിച്ചിരുന്നു.പെട്ടിക്കകത്ത് അയാൾ ഉണക്ക മീ൯ കഷണം കൊളുത്തിവച്ചു.എലി അകത്ത് കയറി അതിൽ മുട്ടിയാൽ ഉയ൪ത്തി വച്ചിരിക്കുന്ന വാതിൽ താഴേക്ക് വീണ് അടയും. മൂ ഷിക൯ കുടുങ്ങിയത് തന്നെ.
               രാത്രി അയാൾ കണ്ണുകൾ മിഴിച്ചു കിടന്നു. പെട്ടിയിൽ കുടുങ്ങിക്കിടക്കുന്ന എലിയെ വെറുതെ സങ്കല്പിച്ചു.കൂട്ടിലകപ്പെട്ട എലി, അയാളുടെ തലയിലൂടെ തലങ്ങും വെലങ്ങും ഓടി.എലിപ്പെട്ടിയുടെ അതിരു കാക്കുന്ന കമ്പികളെ കരണ്ടു മുറിക്കാ൯ ശ്രമിക്കുന്ന എലികൾഅയാളുടെ തലച്ചോറിനെ കാ൪ന്നു.ചെവികളിൽ അതിന്റെ ശബ്ദം മുഴങ്ങി. അസഹനീയ ശബ്ദം കേട്ട് അയാൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
            " ഛെ!സ്വപ്നമായിരുന്നോ? " അയാളുടെ. ദുഃഖപൂ൪ണ്ണമായ ആശ്ചര്യപ്രകടനം 
കേട്ട് ഭാര്യയുണ൪ന്നു.പതിവുപോലെ അഴിഞ്ഞുലഞ്ഞ കേശഭാരം ഒതുക്കിക്കെട്ടി 
അവൾ ദൈനംദിനകൃത്യങ്ങൾക്കായി പുറപ്പെട്ടു. അയാൾ നേരേ മരച്ചീനി തോട്ടത്തിലേയ്ക്കും. നേരം വെളുത്തുവരുന്നതേയുള്ളൂ.
            ഇളകിക്കിടക്കുന്ന ചുവന്ന മണ്ണ്. പെട്ടിക്കു ചുറ്റും ഇളകിയ മണ്ണിനു മേലേ 
മൂഷികന്റെ കാൽപ്പാടുകൾ. കാ൪ന്നു തിന്നതിന്റെ ഉച്ഛിഷ്ടമായ മരച്ചീനിക്കഷണങ്ങൾ. 
ഉണങ്ങാതെ കിടക്കുന്ന പുത്ത൯ കാഷ്ഠം
എലിപ്പെട്ടി കാലി.
          മൺ വെട്ടി കൊണ്ട് മണ്ണെല്ലാം കോരി യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുമ്പോൾ അയാളുടെ മൂഷിക ബന്ധന പദ്ധതി പരാജയപ്പെട്ടതിന്റെ നൈരാശ്യം കല൪ന്ന ദേഷ്യം മുഖത്ത് പ്രതിഫലിച്ചു.
                  എന്റെ ടുത്തുന്ന് അങ്ങനെ രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .. നിന്നെപ്പിടിക്കാ൯ വേറെയുമുണ്ട് മാ൪ഗ്ഗങ്ങൾ."
           മൂത്ത മക൯ ഗൾഫീന്നു വന്നപ്പോൾ കൊണ്ടു കൊടുത്ത കൂളിംഗ് ഗ്ലാസ്സ് കാണിക്കാ൯ വേണ്ടിയാണ് ഉമ്മ൪ കോയ പടിഞ്ഞാറേ വേലിക്കൽ വന്നത്. ചുമ്മാതെങ്ങനാ കൈവീശി വരുന്നത്?
           " ഇതാ മ്മടെ മോ൯ ഉസ്മാ൯ കൊണ്ട്വന്ന ചോക്ലറ്റും ഈത്തപ്പയോം."
എലിപ്പെട്ടി ഉമ്മ൪ കോയയുടെ ശ്രദ്ധയെ ആക൪ഷിച്ചു." രാഘവാ ... എലിയെ പിടിക്കാ൯ പെട്ടിയേക്കാളും നല്ലത് എലി കത്രിക യാ.. പെട്ടിയാകുമ്പോ അത് അകത്ത് കേറണ്ടേ? കത്രികയാകുമ്പോ അയിന്റെ വാലോ കാലോ ഒന്ന് മുട്ട്യാ മതി.തന്നേല്ലാ, കത്രികേ കുടുങ്ങ്യാല് തന്നേ കെടന്ന് മയ്യത്തായ്ക്കോളും. പെട്ടീ കുടുങ്ങ്യാല് മ്മള് പിന്നെ കൊല്ലാ൯ നടക്കണം."
       ടൗണിലേക്ക് പോകുമ്പോൾ പോലും വാച്ചു കെട്ടാറില്ലാത്ത ഉമ്മ൪കോയ ഡയമണ്ട് പതിച്ച വാച്ച് കെട്ടിയിരിക്കുന്നു. വാച്ച് തല തിരിച്ചാണ് കെട്ടിയിരിക്കുന്നത് എന്ന് കണ്ട അയാൾ:" സമയെത്രായിക്കാ?"
            വാച്ചിലേക്ക് നോക്കിയ ഉമ്മർകോയക്ക് ഒന്നും പിടികിട്ടാതിരുന്നതിനാൽ" അള്ളാ ... സമയം പോണപോക്കേ! മൂത്തുമ്മാടെ മോന്റെ മോൾടെ നിക്കാഹിന് പോകാനുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.
      ഉമ്മ൪ കോയ പോയിക്കഴിഞ്ഞപ്പോൾ.. ദാ വരുന്നൂ അടുത്തയാള്. വേലിക്കപ്പുറത്തെ ഊടുവഴിയിലൂടെ നടന്നു വരുന്ന പുണ്ഡരീകാക്ഷ൯ നായ൪. അയാൾ നടത്തം മന്ദഗതിയിലാക്കി.
" എന്താ രാഘവാ... രാവിലെ തന്നെ ഒരു ദേഷ്യഭാവം ഉണ്ടല്ലോ മുഖത്ത്, കീചകനെകൊല്ലാ൯ പോണ ഭീമനെ പോലെ ." തൊഴുതു മടങ്ങിവന്ന 
നായ൪ ചെവിയിൽ തിരുകിയിരുന്ന തുളസിക്കതിരും ചെത്തിപ്പൂവും ഒന്നുകൂടി തിരുകിക്കൊണ്ടു ചോദിച്ചു.
        " അല്ല, നായരേ... ദേഷ്യപ്പെടാതെങ്ങനാ...? എലികള് അമ്മാതിരി 
നാശങ്ങളല്ലേ ഇവിടെ ചെയ്തു വയ്ക്കുന്നത്.?
            "ക്ഷേത്രത്തിലൂണ്ട് കരണ്ട് തിന്നുന്ന എലികള്, മുഴുത്ത എലികള്.ങ്ഹാ! അതൊക്കെ പോട്ടേ,നാളെ ദുര്യോധനവധാണ്. ഓ൪മ്മയില്ലാന്നുണ്ടോ?"
            " മറന്നിട്ടില്ല . അത് നാളെയല്ലേ... കലാമണ്ഡലം ഗോപിയാശാന്റെ ഭീമനെ കാണാതിരിക്കാനോ? ഇന്നെനിക്ക് മൂഷികവധാ.ന്നിട്ടാട്ടെ നാളെ ദുര്യോധനവധം."
              പെട്ടെന്ന് വലിയ ഒരു അനക്കം, കിലുക്കം. അയാൾ പെട്ടെന്ന് ഉണ൪ന്ന് തന്റെ സീറ്റിൽ അരികിലായ് വന്നിരുന്നയാളെ നോക്കി. രൗദ്ര ഭീമനോ? അടുത്തിരുന്നയാൾ സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള ഒരു ശ്വേത വസ്ത്രധാരിയായിരുന്നു. അയാളുടെ കഴുത്തിലും കൈത്തണ്ടയിലും ധരിച്ചിരുന്ന സ്വ൪ണ്ണം കെട്ടിയ രുദ്രാക്ഷമാലകൾ അയാളുടെ ഓരോ അനക്കത്തിലും കിലുങ്ങി.
          ബസ് നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു. കിളിമാനൂ൪ എത്തിയിരിക്കുന്നു. പുകഴ്പെറ്റ ചിത്രകാരന്റെ നാട്ടിൽ ചില൪ ഇറങ്ങുകയും ചില൪ കയറുകയും ചെയ്തു.ബസ് മുന്നോട്ട് നീങ്ങി.

                                            മൂഷിക വധം രണ്ടാം ദിവസം

രണ്ടാം രാത്രി അയാൾ പരീക്ഷിച്ചത് ഒരു എലി കത്രികയാണ്. ഉമ്മ൪ കോയയുടെ എലി കത്രിക. നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേയ്ക്കും ഉണക്കമീ൯ കഷണം എലികത്രികയിൽ ഉറപ്പിച്ച് മരച്ചീനി ത്തോട്ടത്തിൽ കൊണ്ടു വച്ചു. ഉറക്കം കാത്തു കിടന്ന നേരത്തും അയാൾ മൂഷികനെക്കുറിച്ചോ൪ത്തു. മൂഷികനെ ഏതു വിധേനയും കീഴടക്കുക എന്നതായി അയാളുടെ ലക്ഷ്യം. അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു യ൪ന്ന ഭാര്യയുടെ കൂ൪ക്കം വലിയെ അയാൾ ശപിച്ചു.
                  ഭൂമി ഒരു വട്ട മുരുണ്ടു. വെളിച്ചം പരന്നു. അയാൾ ദന്തശൗചത്തിനും മറ്റു 
നിത്യക൪മ്മങ്ങൾക്കും മുമ്പു തന്നെ മരച്ചീനിത്തോട്ടത്തിലെത്തി എലി കത്രിക 
പരിശോധിച്ചു.ഇല്ല. എലികുടുങ്ങിയിട്ടില്ല.പക്ഷേ, അതിൽ വച്ചിരുന്ന ഉണക്കമീ൯ 
കഷണം അതിവിദഗ്ദ്ധമായി മൂഷിക൯ എടുത്തിരിക്കുന്നു.എന്നു മാത്രമല്ല, 
മൂഷികനെതിരെയുള്ള തന്റെ നീക്കം മനസ്സിലാക്കിയെന്നതു പോലെ പലയിടത്തും
മണ്ണ് ഇളക്കിയിട്ടിരിക്കുന്നു. രണ്ടു മൂടു കപ്പയും.
           അയാൾ കുറ്റകൃത്യം അന്വേഷിക്കാ൯ നിയോഗിക്കപ്പെട്ട പോലീസ് 
ഉദ്യോഗസ്ഥനെ പോലെ എലിയുടെ കാൽപ്പാടുകൾ പിന്തുട൪ന്നു. അത് വന്ന വഴിയും പോയ വഴിയും തിട്ടപ്പെടുത്താ൯ ശ്രമിച്ചു. മരച്ചീനി കാരിയിട്ടതിൽ നിന്ന് അതിന്റെ പല്ലടയാളവും പരിശോധിച്ചു. മണ്ണിൽ കിടന്ന എലിക്കാഷ്ഠത്തിലെ ജലാംശത്തിന്റെ അളവു നോക്കി ഏകദേശം എത്ര മണിക്കൂ൪ മുമ്പാണ് എലി വന്നതെന്നും കാഷ്ഠിച്ചതെന്നും ഗണിച്ചെടുത്തു. എലിയുടെ പ്രവ൪ത്തികൾ അയാളെ കലിപിടിപ്പിച്ചു.കലി അയാളുടെ കണ്ണുകളിൽ ചെമ്പരത്തി പൂക്കളായ് . അയാളുടെ കൈകളിൽ എലി കത്രിക ഉയ൪ന്നു പിന്നെ വലിയ ശബ്ദത്തോടെതാഴെ പതിച്ചു.
           ഭാര്യ പേടിച്ചരണ്ട മുഖത്തോടെ മാളത്തിൽ നിന്നെത്തി നോക്കുന്ന എലിയെപ്പോലെ അടുക്കളയുടെ ജനാലയിലൂടെ നോക്കി.പിന്നെ മാളത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞു.
                                         
                           മൂഷികവധം മൂന്നാം ദിവസം


                 മൂന്നാം ദിവസം രണ്ടും കൽപിച്ച് അയാൾ മുന്നേറി. അതിവിപുലമായ പദ്ധതിയാണ് 
അതിനായി ആസൂത്രണം ചെയ്തിരുന്നത്. പുരയിടത്തെ ചുറ്റിയുള്ള മതിൽ കെട്ടിലേയും 
മറ്റിടങ്ങളിലേയും പൊത്തുകളെല്ലാം കണ്ടെത്തി.മൂഷികന്റെ ആഗമന ബഹി൪ഗമന 
മാ൪ഗ്ഗങ്ങളെല്ലാം കല്ലും ട്ടയും ചകിരിയും വച്ച് ബന്ധവസ്ഥയിലാക്കി.ക്ഷേത്രത്തിൽ നിന്നും കേളികൊട്ടിന്റെ ശബ്ദമുയ൪ന്നു.ചെണ്ടയുടെ, മദ്ദളത്തിന്റെ, ചേങ്ങിലയുടെ, ഇലത്താളത്തി ന്റെ ശബ്ദം അന്തരീക്ഷത്തിൽ ഉയ൪ന്നു. ഒന്നൊഴികെ എല്ലാ വാതായനങ്ങളും അടയപ്പെടുമ്പോൾ തുറന്നിരിക്കുന്ന ഏക വാതായനത്തിലൂടെ മൂഷിക൯ അകത്തു കടക്കുമെന്നും , അതിനു ശേഷം, ആ വാതായനം കൂടി ബന്ധിച്ചാൽ മൂഷിക൯ കുടുങ്ങിയതു തന്നെയെന്നയാൾ കണക്കു കൂട്ടി .പിന്നെ, അകത്തു പെട്ട മൂഷികനെ മുട്ട൯ വടികൊണ്ട് അടിച്ച് വക വരുത്തുക തന്നെ. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് അയാളും ഭാര്യയും മുട്ട൯ വടികളുമായി കാത്തു നിന്നു.

" മാതംഗാനന മബ് ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗ൪ഗ്ഗ നാരദ കണാദാദ്യാ മുനീന്ദ്രാ ബുധാ
ദു൪ഗ്ഗം ചാപി മൃദംഗ ശൈല നിലയാം ശ്രീ പോക്കലീ മിഷ്ടദാം
ഭാത്യാ നിത്യമുപാസ്മഹേ സപദി ന: കു൪വ്വന്ത്വമീ മംഗളം" എന്നിങ്ങനെ വന്ദനശ്ലോകം അലയടിച്ചു.

                  വീടും പരിസരവും ഇരുട്ടിലാണ്ടു കിടന്നു. നാലു കണ്ണുകൾ അവരുടെ ബദ്ധശത്രുവായ മൂഷികനു വേണ്ടി മിഴിച്ചു നിന്നു. കുരുക്ഷേത്രത്തിൽ ആറ് അക്ഷൗഹിണിപ്പടകളെ ഒറ്റയ്ക്ക് വകവരുത്തിയ ഭീമന്റെ ഔത്സുക്യത്തോടെ അയാൾ.

                                 അതാ പുറപ്പാടായിരിക്കുന്നു.
പ്രതീക്ഷ തെറ്റിക്കാതെ മൂഷിക൯ രംഗപ്രവേശം ചെയ്തിരിക്കുന്നു. മൂഷിക൯ ഓടി
രക്ഷപെടാതെ അടിച്ചുവീഴ്ത്തണമെന്ന ഭ൪ത്താവിന്റെ ക൪ശന നി൪ദ്ദേശം പാലിക്കാനായി ഭാര്യ നിന്നു. മൂഷിക൯ അവന്റെ പണിയാരംഭിച്ചു.
            അ പ്രതീക്ഷിതമായ ഒരടി ലക്ഷ്യം തെറ്റി മൂഷികന്റെ ഇടതു വശം ഒരിഞ്ചു മാറിക്കൊണ്ടു. നീണ്ടു കിടന്ന മൂഷികന്റെ വാലിൽ അടിയേറ്റുവോ എന്നൊരു സന്ദേഹം. മൂഷിക൯ ജീവനും കൊണ്ടോടി. മരണ വെപ്രാളം,തലങ്ങും വെലങ്ങും നെട്ടോട്ടം, മോങ്ങൽ. അയാളും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും വടിയുമായി ഓടി .അവരേൽപ്പിച്ച ഓരോപ്രഹരത്തിൽ നിന്നും കുതറി മാറി മൂ ഷിക൯ ഓടി. മൂഷിക൯ വളഞ്ഞുപുളഞ്ഞ വഴികൾ തെരഞ്ഞെടുത്തു. അയാളുംഭാര്യയും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ പിന്തുട൪ ന്നു. മരച്ചീനിച്ചെടികൾ
മറിഞ്ഞു വീണു.
             ചെണ്ടയിൽ അപ്പുമാരാരും മദ്ദളത്തിൽ ശ്രീധരനും ചേങ്ങിലയിൽ ത്രിലോചനനും കൊട്ടിക്കയറി.ഇലത്താളത്തിന്റെ പരസ്പര പുണരലിന്റെ ശബ്ദം മാറ്റൊലി കൊണ്ടു.രൗദ്രഭീമന്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.കൈവിരലുകളിൽ മുദ്രകൾ വിരിഞ്ഞു.കൈയിലുയ൪ത്തിയ ഗദയുമായി ദു: ശ്ശാസനനെ ഭീമ൯ പോരിനു ക്ഷണിച്ചു. മൂഷിക൯ സ്വജീവനെ രക്ഷിക്കാനായിശരവേഗത്തിൽ പാഞ്ഞു. തെന്നിമാറിയും കുതറിയും.ഒരു നിമിഷത്തിൽ തന്റെ ജീവ൯ പൊലിഞ്ഞു എന്നു തന്നെ വിചാരിച്ചു. തന്നെ കാത്തിരിക്കുന്ന ഭാര്യയുടേയും പാൽമണം മാറാത്ത പിഞ്ചുകഞ്ഞുങ്ങളുടേയും മുഖം അവന്റെ
മനസ്സിൽ തെളിഞ്ഞതും അവ൯ വ൪ദ്ധിതവീര്യത്തോടെ പാഞ്ഞു.
                 ധൈര്യവും ആത്മവിശ്വാസവും ചോ൪ന്നു പോയി ക്കൂടാ.. ഈ നിമിഷങ്ങൾ നി൪ണ്ണായകമാണ്.ഒരു നിമിഷാ൪ദ്ധം ശ്രദ്ധതെറ്റിയാൽ, ചുവടൊന്നു പിഴച്ചാൽ, അനാഥരാകുന്ന തന്റെ കുഞ്ഞുങ്ങൾ.എലി ഓട്ടത്തിനിടയിലും രക്ഷാമാ൪ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചു. അവന്റെ ബഹി൪ഗമന മാ൪ഗ്ഗങ്ങളെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഒരു ഞെട്ടലോടെ അവ൯ മനസ്സിലാക്കി.അടിയറവ് പറയാ൯, പക്ഷേ,അവ൯ 
തയ്യാറല്ലായിരുന്നു.
                ഗദയേന്തിയ ദുശ്ശാസനന്റെ കണ്ണുകളിൽ നിന്നും തീക്ഷനോട്ടത്തിന്റെ 
അമ്പുകൾ.ഗദകൾ തമ്മിൽ ആഞ്ഞു മുട്ടി.ചെണ്ടയുടെ,ചേങ്ങിലയുടെ, മദ്ദളത്തിന്റെ 
മേളപ്പെരുക്കം. കാതടപ്പിക്കുന്ന മേളം.... ഉള്ളിൽ പെരുമ്പറ മുഴക്കം.ഇലത്താളത്തിന്റെ ശബ്ദം ക൪ണപുടങ്ങളിൽ ആ൪ത്തല ച്ചു.
 " നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
ബന്ധുരാഗാത്രി പാഞ്ചാലി ത൯ വേണിയെ
ബന്ധിപ്പതെന്നുള്ള സത്യം കഴിച്ചതും" എന്ന് ഭീമ൯.
             മൂഷികനെ വിടാതെ പിന്തുടരുന്ന കൂറ്റ൯ വടികൾ വായുവിനെ കീറിമുറിച്ചു. വെറുതെയങ്ങ് തോറ്റു കൊടുക്കുന്നത് ആണുങ്ങൾക്ക് ചേ൪ന്നതല്ല. തോൽവിയെന്നാൽ അവന് മരണമാണ്. മരണം വരെപൊരുതുക.എതിരാളിയെ കീഴ്പ്പെടുത്താനായില്ലെങ്കിലും പ്രതിരോധിക്കുക. പ്രതിരോധിക്കാതെ, ഭയന്ന് പിന്തിരിഞ്ഞോടുന്ന എതിരാളിയെ കീഴ്പ്പെടുത്താനെളുപ്പമാണ്,ആ൪ക്കും. പക്ഷെ നമ്മളൊന്ന് ചെറുത്തു നിന്നാൽ ആക്രമിക്കാ൯ വരുന്നവ൪ എത്ര കേമനും ധൈര്യശാലിയുമാണെങ്കിലും ഒന്നു ഭയപ്പെടുക തന്നെ ചെയ്യും.
മരണശയ്യയിൽ കിടന്ന നേരം പിതാവ് കൊടുത്ത ഉപദേശം അവനോ൪ത്തു. ഒന്ന്തിരിഞ്ഞു നിൽക്കാ൯, ഒന്ന് എതിരിടാ൯ തന്നെ അവ൯ തീരുമാനിച്ചു. ജീവിതം ഒരിക്കലേയുള്ളൂ, മരണവും.
" വീര വാദങ്ങൾ ഈ വണ്ണം വൃകോദരാ
പോരും പറഞ്ഞത് പണ്ടെടാ നിന്നുടെ
ധാരങ്ങളെ അങ്ങുമിങ്ങു മിഴച്ചോരു നേരം
ഭവാനുടെ ശൗര്യമിതെങ്ങു പോയ്"
ചുവന്ന താടി വേഷക്കാരനായ ധൃതരാഷ്ട്ര പുത്ര൯ , ദുര്യോധന സഹോദര൯ ദു:ശ്ശാസന൯ ശ്ലോകം ചൊല്ലി നി൪ത്തി. ഉണ്ണിത്താന്റെ വേഷപ്പക൪ച്ച.
            മൂഷികന്റെ അപ്രതീക്ഷിതമായ നീക്കം അയാളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇത് എന്ത്? ഒരു മൂഷിക൯ രണ്ടു കാലിൽ ഉയ൪ന്നു നിൽക്കുന്നു. തന്നെ നോക്കി. മീശ വിറപ്പിക്കുന്നു. ഗോദയിലേക്കിറങ്ങിയ മൽപ്പിടുത്തക്കാരനെപ്പോലെ ഇരു കൈകൾ കൊണ്ടു തുടകളിൽ തട്ടുന്നു. അയാളുടെ കണ്ണുകൾ അദ്ഭുതത്താൽ വിട൪ന്നു. മൂഷികന്റെ കണ്ണുകൾ തിളങ്ങി. കവിളിണകൾ വിറച്ചു. രൂക്ഷമായി അവ൯ അയാളെ ഉഴിഞ്ഞു നോക്കി.
            ഭൂമിയിലെ ശബ്ദങ്ങളെല്ലാം ഒന്നായി ലയിച്ചു. കോടാനുകോടി ചെണ്ടകളുടെ  മേളത്തിമി൪പ്പ്. ദ്രുതതാളം. അതിന്റെ മൂ൪ദ്ധന്യ ത്തിൽ അയാളുടെ നയനങ്ങളിൽ വെളിച്ചം,അപാരമായ അനിയന്ത്രിതമായ വെളിച്ചം. അന്ധത.
             അയാൾ മെല്ലെ കണ്ണുകൾ തുറന്നു ചുറ്റുംനോക്കി. വരാന്തയിൽ കിടക്കുകയായിരുന്നു അപ്പോൾ അയാൾ. തന്നെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ. ആ കണ്ണുകളിൽ ആശ്വാസത്തിന്റെ തെളിച്ചം. ഭാര്യ വിശറി കൊണ്ട് വീശിക്കൊണ്ടിരുന്നു.
              " നിങ്ങൾ തല ചുറ്റി വീണില്ലായിരുന്നെങ്കിൽ ആ എലിയെ തട്ടാമായിരുന്നു."നിങ്ങൾ വീണപ്പോ ഞാ൯ പിടിക്കാ൯ വന്ന തക്കത്തിന് ആ എലി ഓടി മറഞ്ഞു."അയാളുടെ കണ്ണുകളിൽ ആശ്ചര്യ ഭാവം.
" ആ എലി ഒരു സാധാരണ എലിയല്ല ." അയാൾ പറഞ്ഞു.
"പിന്നെ?" ഭാര്യ അദ്ഭുതം കൂറി.
അയാൾ എലിയെക്കുറിച്ച് പറഞ്ഞ അദ്ഭുത വിവരണം ഭാര്യയുടെ യുക്തിക്ക് 
യോജിക്കുന്നതായിരുന്നില്ല.
            " ഞാ൯ എലിനിക്കണതും കണ്ടില്ല. മങ്ങിയ രൂപോം കണ്ടില്ല. നിങ്ങക്ക്  തോന്നീതാവും"
               " വാളകം.... വാളകമിറങ്ങാനാളുണ്ടോ?" ചോദ്യം കേട്ടതും അയാൾ ജാഗരൂകനായി.
അഞ്ഞൂറു രൂപ നഷ്ടപ്പെട്ട ആ മാന്യ൯ വാളകത്തിറങ്ങി. അഞ്ഞൂറു രൂപയെടുത്ത സ്ത്രീ അതിനു മു൯പുള്ള ഏതോ സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.
           കുറച്ച് സമയത്തിനു ശേഷം  നി൪ദ്ദിഷ്ട സ്റ്റോപ്പിൽ ബസ് നി൪ത്തിയപ്പോൾ അയാൾ തോൾ സഞ്ചി  തൂക്കി ബസിൽ നിന്നുമിറങ്ങി. ചുറ്റുംനോക്കി. കോഴിക്കുഞ്ഞിനെ റാഞ്ചാ൯ നിൽക്കുന്ന പരുന്തിന്റെ കണ്ണകളുള്ള ഓട്ടോറിക്ഷക്കാ൪.അയാൾ ഒരു ഓട്ടോറിക്ഷ യിൽ കയറിയിരുന്നു.ഡ്രൈവ൪ റിക്ഷ സ്റ്റാ൪ട്ട് ചെയ്തു.
" എങ്ങോട്ടാ ചേട്ടാ"?
" കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേയ്ക്ക്".

   
         
   
                   

                  

                      
     
                   
     
                   



                   







Thursday, 23 June 2016

വെളിച്ചം വിതറുന്ന പെട്ടി

                           അയാളുടെ തൂലികത്തുമ്പിൽ നിന്നും പല ചിത്രങ്ങൾ പിറവിയെടുത്തു .ഒന്നല്ല, രണ്ടല്ല, ഒരായിരം ചിത്രങ്ങൾ. പിന്നെ അവ അനങ്ങി തുടങ്ങി.അവകൾ നടക്കാനും ഓടാനും തുടങ്ങി. അവ ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും തുടങ്ങി. അവ തിരശ്ശീലയിലൂടെ മിന്നിമറഞ്ഞു. കാണികളായ ആബാലവൃദ്ധം ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങി. അവൻ കൃതാർത്ഥനായി.

                        അവന്റെ തൂലികത്തുമ്പിനാൽ പിന്നെയും വൈവിധ്യമാർന്ന ചിത്രങ്ങൾ, മനുഷ്യരുടെ, കിളികളുടെ, മൃഗങ്ങളുടെ, അന്യഗ്രഹ ജീവികളുടെ  എന്നു വേണ്ട യഥാർത്ഥ ലോകത്തിൽ കാണുന്നതും കാണാത്തതുമായ, യഥാർത്ഥ ലോകത്ത് ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാത്തരം വസ്തുക്കൾക്കും ജീവൻ നൽകി. അവന്റെ യജമാനനു വേണ്ടി അവൻ വരച്ചു കൊണ്ടേയിരുന്നു.

                   വെളിച്ചം വിതറുന്ന പെട്ടിക്കു മേലെ വച്ച കടലാസുകൾ അവന്റെ വിരലുകൾക്കിടയിലൂടെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. അവയിലെ ചിത്രങ്ങളുടെ ചലനം അവനെ പുളകം കൊള്ളിച്ചു. ആ ചിത്രങ്ങളെല്ലാം നിറങ്ങളണിഞ്ഞ്  തിരശ്ശീലയിലെത്തിയപ്പോൾ പിന്നെ അവന്റെ വിലപ്പെട്ട ചിത്രങ്ങൾ പതിഞ്ഞ കടലാസുകൾ വെറും പാഴ്വസ്തുക്കളായി.പഴയ പത്രക്കെട്ടിനോടൊപ്പം യജമാനൻ അവ വിറ്റഴിച്ചു.

                   അനേകായിരം കടലാസുകളിൽ വരച്ച്  ചലച്ചിത്ര നിർമ്മാണം നടത്തുന്ന ഈ പരമ്പരാഗത സമ്പ്രദായം വളരെ ചെലവേറിയതാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് കൊണ്ടെത്തിച്ചത് സാങ്കേതികതയുടെ പുതിയ തരംഗമായ കമ്പ്യൂട്ടറുകളിലാണ്.' ന്യൂ ജെൻ ' രീതി വളരെ  ലാഭകരമാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് നാലിലൊന്ന് ആളുകൾ മതി ഈ ന്യൂ ജെൻ രീതിയിൽ ചിത്രങ്ങൾ തിരശ്ശീയിൽ  എത്തിക്കാൻ,പിന്നെ സമയലാഭവും.

                 കടലാസിൽ  വരച്ചു കൊണ്ടിരുന്ന  അയാൾക്ക് ന്യൂ ജെൻ രീതി അന്യമായിരുന്നു. പഴയ  പരമ്പരാഗത രീതിക്കാരെ തൃണവൽഗണിച്ചു കൊണ്ട് യജമാനൻ ' ന്യൂ ജെൻ '  രീതിക്കാരെ വിളിച്ചുവരുത്തി. അവർ ചെറുപ്പമാണ്, അവിവാഹിതർ, വളരെ വേഗതയാർന്നവർ. എന്തുകൊണ്ടും ലാഭം.

             അയാൾ വെളിച്ചം വർഷിക്കുന്ന ആ പെട്ടിയുടെ മേൽ കടലാസുകൾ എടുത്തുവച്ചു. അവയിലേക്ക് നോക്കിയിരുന്നു. കടലാസിലെ കഥാപാത്രങ്ങൾ അയാളെ നിസ്സഹായതയോടെ നോക്കി.അയാളുടെ ദൈവമായ ഡിസ്നിയെ ഉള്ളുരുകി  പ്രാർത്ഥിച്ചു അയാൾ.

                  വീട്ടുടമസ്ഥൻ  വീട് ഇന്ന് ഒഴിയണമെന്നാണ്  പറഞ്ഞിരിക്കുന്നത് . തന്റെ യജമാനന് ഇനി തന്നെ ആവശ്യമില്ല. അയാൾ നോക്കിയിരിക്കേ വെളിച്ചം വഹിക്കുന്ന ആ പെട്ടി വളർന്നു വന്നു .ഒരാൾക്ക്  കിടക്കാൻ പാകത്തിനുള്ള വലുപ്പം .അയാൾ അതിന്റെ മൂടി തുറന്ന് അതിൽ കയറി ചുരുണ്ടുകൂടിക്കിടന്നു. മൂടി തിരികെ വച്ചു.ലൈറ്റണച്ചു .


Monday, 9 May 2016

അമ്മാനാട്ടക്കാരൻ ( The Juggler)

                                 നിറഞ്ഞ സദസ്സിനു മുന്നിൽ വർഷങ്ങളുടെ പരിശീലനത്തിലൂടെ ആർജ്ജിച്ച കൈയ്യടക്കവും മെയ് വഴക്കവും ആയുധമാക്കി അയാൾ പ്രകടനമാരംഭിച്ചു. ഒരേ സമയം പത്ത് പന്തുകൾ അയാൾ അമ്മാനമാടി. പന്തുകൾ വായുവിലൂടെ പറന്നു കളിച്ചു. അയാളുടെ ദൃഷ്ടി പന്തുകളിൽ മാത്രം പതിഞ്ഞു നിന്നു.കൈകൾ യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു. സദസ്സിലിരുന്ന പ്രമുഖ വ്യക്തികളേയോ പ്രമുഖരല്ലാത്ത വ്യക്തികളേയോ അയാൾ കണ്ടില്ല. സദസ്യർ ഒന്നടങ്കം ശ്വാസമടക്കിയിരുന്നു.

                               ചില്ലുകുപ്പികൾ അയാളുടെ കൈകൾ തീർത്ത മാന്ത്രിക വലയത്തിൽ അമ്മാനമാടി. മുഴങ്ങുന്ന കരഘോഷം. സദസ്യരിൽ ചിലർ ചില്ലുകുപ്പികൾ വീണുടയുമോയെന്നു ഭയന്ന പോലെ കൈകൾ ചെവികളിൽ ചേർത്തു പിടിച്ചു. ചിലർ അമ്മാനാട്ടക്കാരന് പിഴവു പറ്റരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

                                 ശേഷം ഇരു കൈകളിൽ പിടിച്ചിരുന്ന രണ്ടു ചെറുകമ്പുകളുടെ അവിശ്വസനീയമാം വിധം നിയന്ത്രിതമായ, ഇരുവശങ്ങളിലേക്കുമുള്ള അനക്കങ്ങളിലൂടെ അയാൾ കുറച്ചു കൂടി വലുപ്പമുള്ള ഒരു ഉരുൾത്തടിയെ വായുവിലൂടെ അമ്മാനമാടി.ആ ഉരുൾത്തടി താഴേക്ക് പതിക്കാൻ ഇട കൊടുക്കാതെ അയാൾ സദസ്യർക്കിടയിലൂടെ നൃത്തച്ചുവടുകളോടെ മുന്നേറി. നിർത്താത്ത കരഘോഷം. സുസ്മേര വദനനായി അയാൾ എല്ലാരെയും അമ്പരപ്പിക്കുന്ന, ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രകടനം കാഴ്ചവച്ചു.

                                 സദസ്യരിലെ ചില പ്രമുഖർ ' ഫന്റാസ്റ്റിക് ', ഓസം, ഇൻക്രഡിബിൾ, മസ്ത് ഹേ, ഗ്രാൻ ആക്ത്യു വാസിയോൻ( gran actuacion), ഗുതെ ലെയ്സ് തുംഗ്( gute leistung) എന്നിങ്ങനെ ആശ്ചര്യം പ്രകടിപ്പിച്ചു.
                   പ്രകടന ശേഷം, വേദിയിൽ അവതാരകൻ തന്റെ വാക്ധോരണിയാൽ  അമ്മാനാട്ടക്കാരനെ വാനോളം പുകഴ്ത്തി. അയാളുടെ കയ്യടക്കത്തേയും മെയ് വഴക്കത്തേയും ഏകാഗ്രതയേയും പരിശ്രമത്തേയും പ്രകീർത്തിച്ച് ആ സരസ്വതീ കടാക്ഷസമൃദ്ധനായ  അവതാരകനിൽ നിന്നും അനർഗളം പ്രവഹിച്ച അഭിനന്ദനവാക്കുകൾ കേട്ട സദസ്യർ എഴുന്നേറ്റ് നിന്ന് അമ്മാനാട്ടക്കാരനെ അഭിനന്ദിച്ചു.

                                  സദസ്യർക്കിടയിലൂടെ നടന്നു നീങ്ങിയ അമ്മാനാട്ട ക്കാരന്റെ മനസ്സിൽ പ്രാരാബ്ധക്കണക്കുകളുടെ മിന്നലാട്ടങ്ങൾ. വാതിൽക്കൽ അയാളെ കാത്തുനിന്ന കൊച്ചു പെൺകുട്ടിയുടെ കണ്ണുകളിൽ ദൈന്യത. അത്യാവശ്യങ്ങൾ അനവധിയാകുമ്പോൾ, അത്യാവശ്യങ്ങളിലെ അത്യാവശ്യമേതെന്നറിയാതെ കുഴങ്ങുന്ന മനസ്സ്.
                         അയാളുടെ ഉള്ളിൽ പെരുമ്പറ മുഴക്കം. പിന്നെ വീടിന്റെ ചുവരിൽ  പതിച്ച കോടതിയുടെ ജപ്തിനോട്ടീസ് അയാളുടെ  മനസ്സിൽ  പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു. പോക്കറ്റിൽ നിന്നും തനിക്ക്  പ്രതിഫലമായി കിട്ടിയ നോട്ടുകൾ എടുത്ത് അവയിലേക്ക് അയാൾ ഉറ്റുനോക്കി.കുറച്ച് രൂപ എണ്ണിയെടുത്ത് അയാൾ മകളുടെ കൈയ്യിൽ കൊടുത്ത് , നെറ്റിയിൽ മുത്തം കൊടുത്ത് അവളെ യാത്രയാക്കി. അവൾ ഓടി അങ്ങ് ദൂരെ മറയും വരെ അയാൾ  നോക്കി നിന്നു. അയാളുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു.
                         തൂവാല കൊണ്ട് കൺകോണുകൾ തുടച്ച് അയാൾ അടുത്ത പ്രകടന വേദിയിലേക്ക് യാത്രയായി.
                         അപ്പോഴും കരഘോഷം നിലച്ചിട്ടില്ലായിരുന്നു.


Tuesday, 29 March 2016

ആയേമ്മ

                    കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ട് .ഒരു വലിയ ഇരുട്ടറയിൽ ഭൂമിയെ ബന്ധനസ്ഥയാക്കിയതു പോലെ. ഈ രാത്രിയിൽ നക്ഷത്രങ്ങളും പിൻവാങ്ങിയോ?പാഞ്ഞു പോയിക്കൊണ്ടിരുന്ന വണ്ടിയുടെ ജനാലയിലൂടെ ഋഷി കുമാർ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.ഇരുട്ടിൽ മിന്നിത്തെളിയുന്ന മിന്നാമിനുങ്ങു പോലെ അവിടവിടെ വഴിവിളക്കുകളുടേയും ഒറ്റപ്പെട്ട വീടുകളിലേയും ഇത്തിരി വെട്ടം .
                   ബസിൽ ഇംഗ്ലീഷ് സംഗീതം ചടുലതാളത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. മനം മടുപ്പിക്കുന്നതായിരുന്നു അവന് ആ സംഗീതം.
                   ആ ചടുല സംഗീതം അവനെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ വിട്ടു വന്ന് കഴിഞ്ഞ് അമ്മയും അച്ഛനും വരാനായി കാത്തിരുന്ന ദിവസങ്ങൾ . സ്കൂളിൽ നിന്നും കിട്ടിയ സമ്മാനം അച്ഛനമ്മമാരെ കാണിച്ച് അവരുടെ സ്നേഹവും അംഗീകാരവും കിട്ടാൻ മോഹിച്ച് കാത്തിരുന്ന്, കാത്തിരുന്ന് പിന്നെ ആയയോടൊപ്പം കിടന്നുറങ്ങിപ്പോയ രാത്രികൾ.നിദ്രയെ ഭഞ്ജിക്കുന്ന ദ്രുത സംഗീതം കേട്ടുണർന്നു നോക്കുമ്പോൾ,ലേറ്റ് നൈറ്റ് പാർട്ടികളിൽ കൂട്ടുകാർക്കൊപ്പം ചുവടുവയ്ക്കുന്ന മാതാപിതാക്കൾ. വീട്ടിലെ വിസ്താരമേറിയ ഹാൾ മുറി പലപ്പോഴും ഒത്തുചേരലുകൾക്കുള്ള ഇടമായി.പാതി കൂമ്പിയ മിഴികളോടെ നോക്കി നിന്ന തന്നെ എത്രയോ തവണ സ്നേഹപൂർവ്വം വിളിച്ചു കൊണ്ടുപോയി ഉറക്കിയിട്ടുണ്ട് ആയ,താൻ ആയേമ്മ എന്ന വിളിച്ചിരുന്ന ആയ.

               "ഏയ്, ഋഷീ.... വാ... വന്ന്  ഡാൻസ് കളിക്ക് ".എന്ന സെബാസ്റ്റ്യന്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.
             അവൻ ഇംഗ്ലീഷ് പാട്ടിനൊത്ത് നൃത്തം വയ്ക്കാനോ. ഹ ഹ... നല്ല കാര്യമായി .. അവൻ ഋഷി കുമാരനല്ലേ ... " സുധാകർ പറഞ്ഞു നിർത്തി.
               അച്ഛന് ഹിന്ദി നടൻ ഋഷി കപൂറിനോട് വലിയ ആരാധനയായിരുന്നു. തന്നെയല്ലാ അച്ഛനുമമ്മയും കല്യാണത്തിനു മുൻപ് പ്രണയകാലത്ത് കാലത്ത് കണ്ട സിനിമയാണ് ഋഷി കപൂറും ഡിംപിൾ കപാഡിയയും ഒന്നിച്ചഭിനയിച്ച "ബോബി".ആരാധന മൂത്ത് മകന് ഋഷി കുമാർ എന്ന് പേരിട്ടു. ഇത് അമ്മ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പങ്കു വച്ചതിൽ നിന്നുണ്ടായ അറിവാണ്.
            "കമോൺ ഋഷീ ... ഈ ടൂർ നമുക്ക് എൻ ജോയ് ചെയ്യാനുള്ള സമയമാണ്,വരൂ... "സെബാസ്ത്യൻ വീണ്ടും വിളിച്ചു.ഋഷിയുടെ പ്രതികരണം ഒരു പുഞ്ചിരിയിലൊതുങ്ങി.

         ഒരു ഹെയർ പിൻ വളവ് കഴിഞ്ഞ് കുറച്ച് ദൂരെ മാറി ചെറിയ ഒരു ഞരക്കത്തോടെ വണ്ടി നിർത്തി.ഒരോരുത്തരായി വണ്ടിയിൽ നിന്നും ഇറങ്ങി, ഒടുവിലായി ഋഷിയും.
         തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. ഋഷി അരക്കെട്ടിൽ അലസമായി ചുറ്റിക്കെട്ടിയിരുന്ന ജാക്കറ്റ് എടുത്ത് ധരിച്ചു. സെബാസ്റ്റ്യനും സുധാകറും സിഗററ്റിനു തീകൊളുത്തി.മറ്റ് സുഹൃത്തുക്കളിൽ ചിലർ പാതവക്കിലെ കലുങ്കിൽ ഇരുന്നു. മറ്റു ചിലർ സമീപത്തുണ്ടായിരുന്ന ചെറിയ ഹോട്ടലിൽ കയറിയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ അങ്ങ് താഴെയുള്ള റോഡുകൾ നേർത്ത വരകൾ പോലെ കാണപ്പെട്ടു;ആ റോഡിലൂടെ പോകുന്ന വണ്ടികൾ കളിപ്പാട്ടങ്ങളെപ്പോലെയും.വഴിയരികിലെ വൈദ്യുതി വിളക്കിനു ചുറ്റും ചിറകറ്റു പോകും മുമ്പുള്ള മഴ പാറ്റകളുടെ ചുറ്റിപ്പറക്കൽ.
          സെബാസ്റ്റ്യനും സുധാകറും എരിഞ്ഞു തീരാറായ സിഗററ്റുകുറ്റി താഴെയിട്ട് ഷൂസിട്ട കാലിനാൽ ചവുട്ടിയരച്ചു.ഒരു ചായ കുടിക്കാനായി അവർ ക്ഷണിച്ചപ്പോൾ ഋഷിയും അവരോടൊപ്പം നീങ്ങി.ഋഷിയും കൂട്ടുകാരും ചായക്കടയുടെ വരാന്തയിൽ ഇട്ടിരുന്ന പഴയ ബഞ്ചിൽ സ്ഥാനം പിടിച്ചു. ആ ചായക്കട, വെറുമൊരു ചായക്കട മാത്രമായിരുന്നില്ല. അതൊരു വീടു കൂടിയായിരുന്നു. ഭർത്താവും ഭാര്യയും ചേർന്ന് നടത്തുന്ന ചായക്കട . പകൽ മുഴുവൻ ചായക്കടയിൽ പണിയെടുക്കുന്ന അവർക്ക് ചായക്കടയോട് ചേർന്ന ഒറ്റമുറിയാണ് അന്തിത്താവളം.ചായക്കടയ്ക്കും വീടിനും ചേർന്ന് അടുക്കള ഒന്ന്.
                നല്ല ആവി പറക്കുന്ന ചായ ഊതിയാറ്റി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ അറ്റത്ത് മൂടിപ്പുതച്ചു ക്കിടക്കുന്ന രൂപത്തെ ഋഷി ശ്രദ്ധിച്ചത്.ഒരു വൃദ്ധ .അവർ ഏറെ ബുദ്ധിമുട്ടോടെ എഴുന്നേറ്റിരുന്നു.
" മോനെ, ഒരു ചായയ്ക്കുള്ള പൈസ തര്വോ?" അവരുടെ ശബ്ദും വിറയ്ക്കുന്നുണ്ടായിരുന്നു.

                    അവരുടെ ശബ്ദവും രൂപവും ഋഷിയുടെ മനസ്സിൽ ഒരു വിങ്ങൽ ഉളവാക്കി.ഒരു ചായ വാങ്ങി അവൻ അവർക്ക് നൽകുകയും എണ്ണാതെ തന്നെ കുറച്ച് രൂപ അവരുടെ കൈയിൽ വച്ചു കൊടുക്കുകയും ചെയ്തു. ഋഷി അവരോട് ഒരോ കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു. സ്നേഹത്തോടെയുള്ള അവന്റെ സംസാരം കേട്ട് അവരുടെ കണ്ണുകൾ തിളങ്ങി. അവർ ഒരോ കാര്യങ്ങളായി അവനോട് പറഞ്ഞു.
                  "വീട്, മൂന്നാറിനടുത്താണ്.ഇപ്പവിടാരൂല്ല.. എന്നെ കെട്ടിക്കൊണ്ടരുമ്പോ പ്രായം പതിനാറ് .ഒന്നരവർഷം, അത്രേ തന്നുള്ളൂ, കർത്താവ്. പിന്നെ അങ്ങ് വിളിച്ചു. അതിയാനങ്ങ് പോയി."
അവരുടെ കണ്ണുകൾ നിറയുന്നത് ഋഷി കണ്ടു.
               "ഒരു മോനെ തന്നേച്ചാ പോയത്. കൊറേ ബുദ്ധിമുട്ടി, അന്യ വീടുകളിലെ പണി ചെയ്തിട്ടാണേലും ഞാനവനെ ബുദ്ധിമുട്ടിക്കാതെ വളർത്തി. അവന് അങ്ങ് കൊച്ചീലാ പണി. അവനും അവന്റെ പെണ്ണും അവിടാ താമസം ."
                ഡ്രൈവർ വണ്ടിയിൽ കയറി. ഹോൺ മുഴങ്ങി.എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞു. സെബാസ്റ്റ്യൻ ഋഷിയെ ഉച്ചത്തിൽ വിളിച്ചു." ഏയ് ഋഷീ....... കമോൺ ഫാസ്റ്റ്."
                  വൃദ്ധ ആ വരാന്തയിൽ കിടന്നു. അങ്ങിങ്ങ് കീറിയിരുന്ന പുതപ്പെടുത്ത് അവൻ അവരെ പുതപ്പിച്ചു.ഋഷി ആ വൃദ്ധയുടെ കരങ്ങൾ പിടിച്ച് യാത്രാനുമതി ചോദിക്കും ഭാവത്തിൽ തലയാട്ടി. അവന്റെ സിരകളിലൂടെ തരംഗങ്ങളുടെ തേരോട്ടം.ധൃതിയിൽ കൈകൾ തിരികെ വലിച്ച് അവൻ വണ്ടിയിൽ കയറി. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
           " നീയെന്താണിങ്ങനെ?ടൂർ പോകുമ്പോഴെങ്കിലും എൻജോയ് ചെയ്തു കൂടെ നിനക്ക്? " സെബാസ്റ്റ്യന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പായിരുന്നു ഋഷിയുടെ മറുപടി.
           "തിരിച്ചെത്തിയാൽ ഇനിയും ടെൻഷനടിച്ച് ജോലി ചെയ്യാനുള്ളതാണ് സോ റിലാക്സ് നൗ" സെബാസ്റ്റ്യൻ ഓർമ്മപ്പെടുത്തി.
             വണ്ടി മലമ്പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. മരവിച്ച കാറ്റ് ജനലിലൂടെ അകത്തേക്ക് വന്നു കൊണ്ടിരുന്നു. അവൻ അനന്തതയിലേക്ക് നോക്കിയിരുന്നു. നക്ഷത്രങ്ങൾ മിഴി തുറക്കാൻ മറന്ന കറുത്ത രാത്രി.
              ഏറെ നേരത്തെ മൗനത്തിന്റെ കെട്ടഴിച്ച് ഋഷി,സെബാസ്റ്റ്യനോട് മനസ്സു തുറന്നു.
           " നിനക്കറിയ്വോ ത്രേസ്യയെ മറ്റാരേക്കാളുമധികം ഞാൻ സ്നേഹിച്ചിരുന്നു. ത്രേസ്യ എന്നെയും. സുന്ദരിയായിരുന്നു ത്രേസ്യ .ആ മാറിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ഞാൻ അനുഭവിച്ച ആശ്വാസം, സ്വസ്ഥത. ഈ ഭൂഗോളത്തിൽ മറ്റാരുമെന്നെ സ്നേഹിച്ചിട്ടില്ല.
                  മറ്റെല്ലാർക്കും കടമകൾ മാത്രമായിരുന്നു. സ്ഥാനങ്ങൾ നൽകുന്ന കടമകൾ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ അകമ്പടി കൂടാതെ നിർവഹിച്ച് കടമകളുടെ കണക്കു പുസ്തകം കൃത്യമായി സൂക്ഷിച്ച മാതാപിതാക്കൾ.
          ത്രേസ്യയ്ക്ക് എന്നോട് സ്നേഹം മാത്രമായിരുന്നു. ആ ഹൃദയം ഞാൻ കണ്ടിട്ടുണ്ട്. സ്നേഹത്തിന്റെ ആർദ്രതയുള്ള പവിത്രമായ ഹൃദയം .
         ആ സംസാരം കേട്ടിരിക്കാൻ തന്നെ എത്ര രസകരമായിരുന്നു. ആകാശം, ഭൂമി, കടൽ, സൂര്യചന്ദ്രന്മാർ,നന്മ,തിന്മ, രാത്രി, പകൽ..... എല്ലാത്തിനേയും കുറിച്ച് ത്രേസ്യയ്ക്കറിയാം.
  ഓഫീസ് ജോലി, മീറ്റിങ്ങ്, ക്ലബ്ബ് ഇത്യാദി തിരക്കുകളുള്ള അച്ഛൻ.ഫെമിനിസവും സാമൂഹ്യ സേവനവും സ്വന്തം ബിസിനസുമായി സമയം ചിലവഴിക്കുന്ന അമ്മ. മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കൊതിച്ചിരുന്ന ബാല്യം.വിലപിടിപ്പുള്ള കളിക്കോപ്പുകളിൽ അവർ സ്നേഹം നിറച്ചു നൽകി.
            അച്ഛനമ്മമാർക്ക് നേരമില്ലാത്തതു കൊണ്ട് അവർ എന്നെ നോക്കാനായി ഒരു സ്ത്രീയെ നിയമിച്ചു. അവർ എന്നോടൊത്ത് കളിച്ചു. ഒത്തിരിയൊത്തിരി സ്നേഹിച്ചു. അവർ വെറുമൊരു ജോലിക്കാരിയായിരുന്നില്ല. പ്രസവിച്ചില്ലെങ്കിലും അവർ എന്റെ അമ്മയായിരുന്നു. ഗർഭത്തിൽ പത്തുമാസം പേറാതെ നൊന്തു പ്രസവിക്കാതെ അവർ എന്റെ അമ്മയായി. ഞാൻ മകനായി.
               അന്ന്.... അച്ഛനമ്മമാരെ കാത്ത് കാത്തിരുന്ന ഒരു രാത്രി .
"മോനിവിടെ വന്ന് കിടക്ക്"ത്രേസ്യ പറഞ്ഞു.

" ഇല്ല എനിക്കിന്നീ സമ്മാനം കാണിക്കണം" കൈയിലിരുന്ന മെഡലുയർത്തിക്കൊണ്ട് അവൻ പറഞ്ഞു. ഏറെ വൈകിയപ്പോഴാണ് ത്രേസ്യയോടൊപ്പം അന്ന് കിടന്നത്.

. " മോനുറങ്ങിയെങ്കിൽ ഉണർത്തണ്ട. അവിടെക്കിടന്നോട്ടെ" എന്ന അമ്മയുടെ വാക്കുകൾ കുറച്ച് കഴിഞ്ഞപ്പോൾ കേട്ടു . കൈയിൽ പിടിച്ചിരുന്ന മെഡൽ കൈവിട്ട് തറയിൽ പതിച്ചു.
            പിന്നീടുള്ള ദിവസങ്ങളിൽ അച്ഛനമ്മമാരെ കാത്തിരിക്കാതെ ത്രേസ്യയോടൊത്ത് ഉറങ്ങുന്നത് ശീലമാക്കി.പിന്നെ അതൊരു ഇഷ്ടമായി മാറി.
   " എനിക്ക് എട്ടു വയസായപ്പോൾ എന്നെ ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർക്കുകയും ത്രേസ്യയെ പറഞ്ഞു വിടുകയും ചെയ്തു."
      ഋഷി സീറ്റിലേക്ക് തലചായ്ച് കിടന്നു.
      വർഷങ്ങൾ കടന്നു പോയിട്ടും ഇന്ന് ആ ഇരുട്ടിൽ ആ മുഖം, നിർമ്മലമായ ആ മുഖം താൻ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അവർ തന്നെ മോനേയെന്നു വിളിച്ചു. താൻ ആയേമ്മ എന്നു വിളിച്ചിരുന്നത്രേസ്യാമ്മ തന്നെ തിരിച്ചറിഞ്ഞു കാണുമോ?                            ഹൃദയം പിടയ്ക്കുന്നു. മനസ്സു പതറുന്നു,നിസ്സഹായത
.ഹൃദയത്തിൽ ആയേമ്മയോടുള്ള സ്നേഹം കടലിരമ്പലായി.മസ്തിഷ്കം നിസ്സഹായത അറിയിച്ചു കൊണ്ടിരുന്നു. പലവട്ടം തന്നെ ഊട്ടിയുറക്കിയ സ്നേഹം ഇന്ന് ജരാനരകളുമായി...... മസ്തിഷ്കം ഹൃദയത്തെ തോൽപ്പിക്കരുതെന്ന് അവന്റെയുള്ളിൽ നിന്നാരോ പറഞ്ഞു.
         വണ്ടിയോടി കൊണ്ടിരുന്നു. അടുത്തിരുന്ന സെബാസ്ത്യൻ നിദ്രയിലേക്ക് വഴുതി വീഴുന്നത് ഋഷി കണ്ടു. മസ്തിഷ്ക സന്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഋഷി വണ്ടിയിൽ നിന്നിറങ്ങി നടന്നു. മഴ അപ്പോൾ കനത്ത് പെയ്തു കൊണ്ടിരുന്നു.

            

Sunday, 27 March 2016

പുഴ കടന്ന്

                   പുഴസ്വച്ഛന്ദമായിപരന്നൊഴുകിക്കൊണ്ടിരുന്നു.
പുഴയിലെ ഓളങ്ങളെ തൊട്ടുരുമ്മി വന്ന കുളിർക്കാറ്റ് അവളുടെ മിനുമിനുപ്പാർന്ന കവിളിണകളെ തഴുകി.വെള്ളത്തെ ഇരുവശങ്ങളിലേക്കും വകഞ്ഞു മാറ്റി തോണി മന്ദഗതിയിൽ മുന്നേറികൊണ്ടിരുന്നു.തോണിക്കാരൻ കഴക്കോൽ ആഴത്തിൽ കുത്തി, തോണിയുടെ അരികിലൂടെ മുന്നോട്ടും പിന്നെ കഴുക്കോലുയർത്തി, ഒരു പ്രത്യേക താളത്തിൽ തോണിയുടെ അരികിലൂടെ ഒരു സർക്കസ് കലാകാരന്റെ വൈദഗ്ധ്യത്തോടെ പിന്നോട്ടും നടന്നു. അവൾ പക്ഷെ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

                    ഒരു നവോഢയുടെ ഭാവഹാവാദികൾ ഒന്നും പ്രകടമല്ലായിരുന്നു ആ മുഖത്ത്.തന്റെ കൂട്ടുകാരായ രാജിയേയും സുജാതയേയും ദിവാകരനേയും ഇനിയെപ്പോഴാണ് കാണാൻ കഴിയുക? ഇനിയെപ്പോഴാണ് പല്ലാങ്കുഴി കളിക്കാൻ കഴിയുക.ഓടിക്കളിച്ചു നടന്ന തൊടിയും പറമ്പും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി തിന്നാന്നായി ഇരിക്കാറുള്ള ശങ്കരൻ പോറ്റിയുടെ പറമ്പിലെ പാറക്കൂട്ടവും എല്ലാമവൾ ഓർത്തു.അവളേറെയിഷ്ടപ്പെട്ടിരുന്ന തെക്കേപ്പറമ്പിലെ കശുമാവിൻ തോട്ടവും, അവിടെ നിന്നും ഇട വഴിയിലൂടെ നടന്നെത്താവുന്ന വലിയ കുളവും, എല്ലാം വിദൂരതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.

                    ആ കുളം അവൾക്ക് വളരെ പ്രിയപ്പെട്ടതാണ്.എന്നും അവൾ ചെറിയച്ഛനോടൊത്ത് കുളത്തിൽ കുളിക്കാൻ പോയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി കുളത്തിൽ കുളിക്കാൻ പോകാതായിട്ട്. അന്ന്, അവൾ പേടിച്ചു കരഞ്ഞു. അമ്മയും ചെറിയമ്മമാരും പറഞ്ഞു: ' പേടിക്കാനൊന്നൂല്ല കുട്ട്യേ ', നീ വലുതായിരിക്കുന്നു. അതിനു ശേഷം പിന്നെ നീണ്ട ഉപദേശമായിരുന്നു. എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലാന്നും. മാറത്ത് രണ്ടാം മുണ്ടിടാതെ ആണായി പിറന്നവരുടെ മുന്നിൽ പോകാൻ പാടില്ല. ദിവാകരന്റെ കൂടെ കളിക്കാൻ പാടില്ല. മരത്തിൽ കയറാൻ പാടില്ല, കാൽ അടുപ്പിച്ച് വച്ചേ ഇരിക്കാവൂ. കൂട്ടത്തിൽ ഏറ്റവും ദുഃഖം തോന്നിയത് ഇതാണ്. ചെറിയച്ഛന്റെ കൂടെ ഇനി കുളത്തിലും പോകരുത്.

                 തോണി മറുകരയടുത്തു. തോണിക്കാരൻ ഇറങ്ങി തോണി തള്ളി കുറച്ചു കൂടി കരയ്ക്കടുപ്പിച്ചു. യാത്രക്കാർ ഇറങ്ങി പല വഴിപിരിഞ്ഞു.തോണി വീണ്ടും ഓളത്തെ മുറിച്ചു കൊണ്ട് മറുകര തേടി.

                   നേരം പുലർന്നതേയുള്ളൂ.കിഴക്കുനിന്നും മേഘപാളികൾക്കി ടയിലൂടെ ബാലാർക്കൻ എത്തി നോക്കി. ഗ്രാമം ഉണർന്നു. ദൂരെ കുളിക്കടവിൽ കുളിക്കാനെത്തിയ ചിലർ.തോണിക്കാരൻ തോണിയുടെ അമരത്ത് ഇരുന്നു. യാത്രക്കാരെ പ്രതീക്ഷിച്ചു കൊണ്ട് .പുഴയിലെ ഓളങ്ങൾക്കൊപ്പം ആ യാനപാത്രം ഇളകിയാടി.
               ദിവസങ്ങൾ കഴിഞ്ഞെങ്കിലുംഅയാളുടെ മനസ്സിന്റെ തിരശ്ശീലയിൽ ആ കൊച്ചു സുന്ദരിയുടെ ചിത്രം മായാതെ നിന്നു.അവളുടെ ദുര്യോഗത്തെക്കുറിച്ചയാൾ ഓർത്തു. മഞ്ഞച്ചരടിൽ അധികാരചിഹ്നം  അണിയിച്ച് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ മദ്ധ്യവയസ്ക്കനെയും.

             പിന്നിൽ ഒരു കാൽ പ്പെരു മാറ്റം. അയാൾ തിരിഞ്ഞുനോക്കി..... അവൾ.തോണിയിൽ കയറിയ അവൾ പടിമേലിരുന്നു. " എന്താണ് ഒറ്റയ്ക്ക്. '? മൗനം."എങ്ങോട്ട് പോകുന്നു?" മൗനം. " എന്തു പറ്റി. "?മൗനമല്ലാതെ അവളിൽ നിന്നുമൊരു മറുപടി കിട്ടിയില്ല.
                 അവൾ ഓളപ്പരപ്പിലേക്ക് നോക്കിയിരുന്നു. നിലയില്ലാത്ത വെള്ളത്തിലേക്ക് അവളെത്തന്നെ അവൾ വലിച്ചെറിയുമോയെന്നയാൾ ഭയപ്പെട്ടു.
                  ' എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുട്ടി .അവൾക്കെന്താണ് സംഭവിച്ചത്? എങ്ങോട്ടാണ് പോകുന്നത്? ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉയർന്നു വന്നു .
               
                   മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും അയാൾ വീണ്ടും ചോദിച്ചു. " മോളെന്താണ് ഒറ്റയ്ക്ക്? " നിശബ്ദത. അവൾ ഇ മകളുയർത്തിയതേയില്ല.
                    അന്ന് - തോണിയിൽ അവളോടൊപ്പം ഉണ്ടായിരുന്ന ബന്ധുജനങ്ങളുടെ കൈവശം നിറയെ പെട്ടികൾ, വലിയ ഭരണികൾ, വലിയ ട്രങ്ക് പെട്ടി എന്നിവയായിരുന്നു. കൂടാതെ ഒരു സിന്ധിപ്പശുവും കിടാവും. അക്കാലത്ത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു ഇതൊക്കെ .കളിപ്രായം കഴിയാത്ത പെൺകൊടിയെ തല നരച്ച പൗരുഷത്തിന് അടിയറ വയ്ക്കുക, വർഷങ്ങളോളം ഉപയോഗിക്കാനുള്ള പാത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സ്ത്രീധനമായി കൊടുക്കുക.സ്ത്രീധനത്തോടൊപ്പം പശുവിനെ കൂടി ഉൾപ്പെടുത്തുന്നത് കൂടുതൽ അന്തസ്സാണ്.

                            അവൾക്കെതിരെയുള്ള പടിയിലിരുന്നു ആ മദ്ധ്യവയസ്ക്കൻ. പ്രൗഢഗംഭീരനായ അയാൾ വെറ്റില മുറുക്കി കൊണ്ടിരുന്നു. അയാൾ ഇടയ്ക്കിടെ തുപ്പിയപ്പോൾ പച്ച നിറമുള്ള വെള്ളത്തിൽ ചുവന്ന വികൃതങ്ങളായ എന്തോ രൂപങ്ങൾ തെളിഞ്ഞു വന്നു. അത് പിന്നെ.. വെള്ളത്തിലലിഞ്ഞ് ഇല്ലാതായി.
                    അയാളുടെ കൈയിലിരുന്ന പണക്കിഴി അയാൾ പടിമേൽ വച്ചു.പടി മേലിരുന്ന വെറ്റിലച്ചെല്ലം തുറന്ന് അയാൾ വെറ്റില തുമ്പുകീറി പുരികത്തിന് വശത്തായി ഒട്ടിച്ചു. അയാൾ അർത്ഥഗർഭമായി ചിരിച്ചുകൊണ്ടിരുന്നു. ചുണ്ണാമ്പ് തേച്ച് പുകയില കൂട്ടി വെറ്റില വായിൽ തിരുകുമ്പോൾ അയാളുടെ തീക്ഷ്ണമായ കണ്ണുകൾ അവളെ ഉഴിഞ്ഞു കൊണ്ടിരുന്നു. ശുഭ്ര വസ്ത്രധാരിയായ അയാൾ ഇടയ്ക്ക് തോളിൽ കിടന്നിരുന്ന വേഷ്ടിയഥാസ്ഥാനത്ത് ഒതുക്കിയിട്ടു കൊണ്ടിരുന്നു. അയാളുടെ വാല്യക്കാരൻ എന്നു തോന്നിച്ചിരുന്ന, ആളോട് സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ചിരിക്കുമ്പോൾ വെളിപ്പെട്ടിരുന്ന വെറ്റിലക്കറ പിടിച്ച നിരയൊക്കാത്ത പല്ലുകൾ ഒരു ക്രൂര ഭാവം അയാൾക്കു സമ്മാനിച്ചിരുന്നു.
അതെ . അയാൾ ക്രൂരനായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ -
       മദ്ധ്യവയസ്ക്കൻ തോണിയൊഴുകിക്കൊണ്ടിരിക്കേ എഴുന്നേറ്റ് മുന്നോട്ട് കാലെടുത്ത് വച്ചു. തോണിയൊന്നിളകിയാടി. അയാൾ ഒരു കസർത്ത് കളിച്ച് അവൾക്കരികിൽ വന്നിരുന്നു. അയാൾ തന്റെ ഇടം കയ്യാൽ അവളെ സ്വ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു. മൃഗ രാജനെ  ഭയക്കുന്ന പേടമാന്റെ മിഴികളായിരുന്നു അവൾക്കപ്പോൾ.
     തോണി കരയ്ക്കടുക്കാറായപ്പോഴാണ് തോണിക്കാരൻ ഓർമ്മയിൽ നിന്നുണർന്നത്. തോണിക്കാരൻ ഉത്തരമില്ലാത്ത"" ഒരു ചോദ്യം കൂടി ഉതിർത്തു.
 " ഞാൻ മോളെ വീട്ടിലെത്തിക്കട്ടേ? " മൗനം.
         തോണിയിൽ നിന്നിറങ്ങിയ അവൾ, തിരിഞ്ഞു നോക്കാതെ, എങ്ങോട്ടെന്നില്ലാതെ, ഒരു ഭ്രാന്തിയെ പോലെ .....

Thursday, 11 February 2016

കള്ളൻ






                 കിടപ്പുമുറിയിൽ വേണ്ടതിലധികം പ്രകാശമുണ്ടായിരുന്നത് അയാളെ     അലോസരപ്പെടുത്തി.തെളിഞ്ഞു നിന്ന സീറോ ബൾബിന്റെ വെളിച്ചവും ചാർജ്ജു ചെയ്യാൻ വച്ച മൊബൈൽ ഫോണിന്റെ വെളിച്ചവും കൂടിച്ചേർന്ന് കിടപ്പുമുറിയുടെ രഹസ്യ സ്വഭാവത്തെ ഹനിക്കുന്നതായി അയാൾക്കു തോന്നി.

                 കിടപ്പുമുറിയിലെ ഡ്രസ്സിംഗ് ഏര്യയിലെ കർട്ടന് പിന്നിൽ അയാൾ നിന്നു. താഴ്ത്തിയിട്ട കൊതുകുവലയ്ക്കുള്ളിൽ മെത്തയിൽ സാറ്റിൻതുണി കൊണ്ടു  വെളുത്ത നൈറ്റി ധരിച്ച സ്ത്രീ ഉറങ്ങിക്കിടന്നു. അരണ്ട വെളിച്ചത്തിൽ മിനുമിനുത്ത അവളുടെ ശരീരം, ശോഭയാർന്നതായി കാണപ്പെട്ടു. ഒരു നിമിഷം അവളുടെ നഗ്നമേനി അയാൾ സങ്കൽപ്പിച്ചു. ഉടൻ തന്നെ കണ്ണുകൾ പിൻവലിച്ചു.

                അയാൾ ശബ്ദമുണ്ടാക്കാതെ അലമാരക്കടുത്തേക്ക് നീങ്ങി. ശബ്ദുണ്ടാകാതിരാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് അയാൾ അലമാര മെല്ലെ തുറന്നു. അവൾ ചെറിയ ഞരക്കത്തോടെ തിരിഞ്ഞു കിടന്നു. സാമാന്യത്തിലധികം വലുപ്പമുണ്ടായിരുന്ന അവളുടെ നിതംബം, ശില്പ സൗന്ദര്യത്തെ വെല്ലുന്നതായിരുന്നു. യൗവ്വനം അവളിൽ മുഴച്ചു നിന്നു.

                 അലമാരക്കകത്തെ പ്രത്യേക അറയുടെ താക്കോൽ അതിന്മേൽ തന്നെ തൂങ്ങി നിന്നിരുന്നു. അയാൾ ആ പ്രത്യേക അറ തുറന്നു. വിരലുകൾ അതിനുള്ളിൽ പരതി.

                 പെട്ടെന്ന് മുറിയിലിരുന്ന മൊബൈൽ ഫോണിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. അയാൾ ഞൊടിയിടയിൽ കർട്ടന് പിന്നിൽ മറഞ്ഞു.
         
അവൾ ഉണർന്നു. ഉറക്കച്ചടവോടെ മൊബൈൽ ഫോൺ പ്ലഗ്ഗിൽ നിന്നും അഴിച്ചെടുത്തു. അതിലേക്ക് ഉറ്റുനോക്കി.വന്ന സന്ദേശം വായിച്ചു. അവൾ നിദ്ര വിട്ട് ജാഗരൂക യായി കാണപ്പെട്ടു. അയാൾ പതുങ്ങി നിന്നു.
               
                   കിടക്കയിൽ നിന്ന് എഴുന്നേറ്റ അവൾ അഴിഞ്ഞു വീണ മുടിയിഴകൾ വീണ്ടും അലസമായി കെട്ടി വച്ച്, കിടപ്പുമുറി വിട്ട് പുറത്തേയ്ക്ക് പോയി.                            
                      അയാൾ തുറന്നു വച്ച അലമാരയുടെ പ്രത്യേക അറയും അലമാര തന്നെയും ചേർത്തടച്ചു. വീണ്ടും പഴയ സ്ഥാനത്ത് മറഞ്ഞു നിന്നു. തുറന്നു കിടന്ന അലമാര അവളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതോർത്ത് അയാൾ നിശ്വസിച്ചു.

              അവൾ എന്തിനായിരിക്കും മുറിക്ക് പുറത്ത് പോയത്? എപ്പോൾ തിരിച്ചു വരുമായിരിക്കും? എന്ത് സന്ദേശമായിരിക്കും ഫോണിൽ വന്നത്? ആരായിരിക്കും സന്ദേശമയച്ചിട്ടുണ്ടാകുക? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ നിമിഷാർദ്ധത്തിനുള്ളിൽ അയാളുടെ മനസ്സിലൂടെ കടന്നുപോയി.

                    ഏതാനും നിമിഷങ്ങൾ കഴിഞ്ഞതേയുള്ളൂ, ഇളം നീല ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ ഒരു യുവാവ് അവളോടൊത്ത് ആ മുറിയിലേക്ക് കടന്നുവന്നു.യുവാവ് സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നു.യുവാവ് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു. അവർ ദീർഘമായ ഒരു ചുംബനത്തിലേർപ്പെട്ടു.
                     
                      കർട്ടനു പിന്നിൽ അയാൾ നിന്ന് വിയർത്തു. വല്ലാത്ത അവസ്ഥയിലാണല്ലോ താൻ വന്ന് പെട്ടത് എന്നയാൾ ഓർത്തു.യുവാവും സ്ത്രീയും  ഉറങ്ങിയാൽ മാത്രമേ തനിക്കീമുറിയിൽ നിന്നും മോചനമുള്ളൂ. അയാൾ തന്റെ പോക്കറ്റിൽ കയ്യിടുകയും കുറച്ചുനേരം മുമ്പ് അലമാരയിൽ നിന്നും കൈക്കലാക്കിയ ക്രഡിറ്റ് കാർഡുകളിൽ പിടിക്കുകയും . ഒന്നുകൂടി പോക്കറ്റിൽ തിരുകുകയും ചെയ്തു .കണ്ണിൽ തടഞ്ഞ നോട്ടുകെട്ടുകൾ യുവതിക്കു വന്ന മൊബൈൽ സന്ദേശത്തിന്റെ ശബ്ദത്തിന്റെ ഞെട്ടലിൽ, കൈയിലൊതുക്കാൻ കഴിയാഞ്ഞതിൽ അയാൾ ആത്മാർത്ഥമായും ഖേദിച്ചു.

                         യുവാവും സ്ത്രീയും കട്ടിലിലേക്ക് ചാഞ്ഞു. അവർ പരസ്പരം കെട്ടിപ്പുണർന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. നഗ്നരായി, പരിപൂർണ്ണ നഗ്നർ. ആദവും ഹവ്വയും.കർട്ടന് പിന്നിൽ ശ്വാസമടക്കി അയാൾ നിന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള മേളനം.സൃഷ്ടിയുടെ ആദ്യ ചുവട് വയ്പ്പ്. സർപ്പത്തെപ്പോലെ അവൾ യുവാവിനെ വരിഞ്ഞു ചുറ്റി.

                        യുവാവിന്റെയും യുവതിയുടേയും ശ്രദ്ധയിൽപ്പെടാതെ രണ്ടു കണ്ണുകൾ തിളങ്ങി. കണ്ണുകൾ പിൻവലിക്കാതെ തന്നെ അയാൾ ഒരു രക്ഷപെടലിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചു.യുവാവും യുവതിയും  നിദ്രയെ പുൽകിയതിനു ശേഷം അലമാരയിലെ പണം കൈക്കലാക്കി വന്ന വഴിയേ പുറത്തുകടക്കാം. അല്ലെങ്കിൽ അവർ ഉറക്കത്തിലമരും മുൻപ് തന്നെ കണ്ടുപിടിച്ചാൽ ബൽറ്റിൽ തിരുകിയ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി അവരുടെ കൈവശവും അലമാരയിലുമുള്ള പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ട് മുൻ വാതിലിലൂടെ ജേതാവിനെപ്പോലെ പുറത്തു പോകാം. കത്തികാണിച്ച് ഭീഷണിപ്പെടുത്തുമ്പോൾ യുവാവ് തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ ആത്മരക്ഷാർത്ഥം കത്തിയെടുത്ത് യുവാവിന്റെ നെഞ്ചിൽ ആഞ്ഞു കുത്തി കൈയിൽ കിട്ടുന്നതുമെടുത്ത് ഓടി രക്ഷപെടാം.

                        ചിന്തകൾ മനസ്സിലൂടെ കടന്നു പോകവേ, കോളിംഗ് ബെൽ ശബ്ദം. വീണ്ടുമൊരു ഞെട്ടൽ... അവർ ഇരുവരും കുതറി മാറുന്നത് അയാൾ കണ്ടു. ശരീരത്തിലെ രക്തസഞ്ചാരം നിലച്ച പോലെ യുവാവ് വിളറി വെളുത്തു .

                 " ഇന്ന് ഒഫീഷ്യൽ ടൂറിലാണെന്നും നാളെ വൈകീട്ടേ എത്തൂ എന്നുമാണ് എന്നോട് പറഞ്ഞിരുന്നത്"യുവതി കിതപ്പോടെ പറഞ്ഞു. ഇരുവരും ധൃതി യിൽ ഉരിഞ്ഞിട്ട വസ്ത്രങ്ങളെടുത്ത് അണിഞ്ഞു. സ്ഥാനം മാറിയിരുന്ന കിടക്കവിരി പെട്ടെന്ന് നേരെയാക്കി. കർട്ടനു പിന്നിൽ അയാൾ നിന്നു പരിഭ്രമിച്ചു.

                    യുവതി കർട്ടന്റെ ഭാഗത്തേക്ക്  കൈ ചൂണ്ടി.കർട്ടനു പിന്നിൽ, ബൽറ്റിൽ തിരുകിയ കത്തിയുടെ പിടിയിൽ, പിടിമുറുക്കി അയാൾ. അവൾ തിടുക്കത്തിൽ മുറി വിട്ട് പുറത്തുപോയി.യുവാവ് കർട്ടന് പിന്നിലേക്ക് നീങ്ങി. കർട്ടനു പിന്നിൽ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകൾ യുവാവിൽ ഞെട്ടലുളവാക്കി.യുവാവിന്റെ വായ് പൊത്തിപിടിച്ചു കൊണ്ട് അയാൾ..." നീ ?" യുവാവ് അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ടു ചോദിച്ചു" നീ കള്ളൻ......?"


                               " അതെ ഞാൻ പണം കക്കാൻ വന്ന കള്ളൻ. നീയോ?"ചില സംസാരങ്ങൾക്ക് ശേഷം അവർ ഒരു ഒത്തുതീർപ്പിലെത്തി. നാലുകണ്ണുകൾ കിടപ്പുമുറിയുടെ വാതിലിലേക്ക് ഉറ്റുനോക്കി നിന്നു.

                യുവതിയും കൂടെ സ്യൂട്ട് ധരിച്ച ഒരു പുരുഷനും മുറിയിലേക്ക് കടന്നുവന്നു. അയാൾ ഓവർകോട്ട് അഴിച്ച് കസേര മേൽ നിക്ഷേപിച്ചു. അയാൾ അഴിച്ചു നൽകിയ ടൈ, യുവതി കസേരയിന്മേൽഇട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റിയിട്ട് ഹാങ്ങറിൽ തൂങ്ങിയിരുന്ന നിശാവസ്ത്രമണിഞ്ഞു.

                    യുവതി അയാളെ കട്ടിലിലേക്ക് അനുഗമിച്ചു.ഇരുവരും കട്ടിലിലേക്ക് ചാഞ്ഞു. പുരുഷൻ ക്ഷീണിതനായിരുന്നു. കർട്ടനു പിന്നിൽ നിന്നും നാലു കണ്ണുകൾ അവരെ സാകൂതം നോക്കി. അയാൾ ഉറങ്ങുന്നതുംകാത്ത്......



                        അയാൾ ഉറങ്ങുന്നതും കാത്ത് അവളും................  
               

                     

Sunday, 10 January 2016

പഴയ പുസ്തകത്താളുകള്‍


                          

                  കളങ്കമറ്റ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി  .ഇളം ചൊടികൾ നിദ്രയിൽ ഇടയ്ക്കിടെ  പുഞ്ചിരി തൂകുകയും മറ്റു ചിലപ്പോൾ വിതുമ്പുകയും ചെയ്തു .
                   കുഞ്ഞ്  സ്വപ്നം കാണുകയാണ് .എന്ത് സ്വപ്നമായിരിക്കും കാണുന്നത്?മുജ്ജന്മത്തിലെ കാര്യങ്ങളോ,ഉദരത്തിനുള്ളിലെ അനുഭവങ്ങളോ ?സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടോ ? പല ചിന്തകൾ മനസിലൂടെ കടന്നു പോയി.  ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സ്വപ്നം ഒരു അദ്ഭുതമായിത്തുടരുന്നു .സ്വപ്‌നങ്ങൾ നമ്മെ അജ്ഞാതലോകത്തേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു .പക്ഷെ സ്വപ്നം,സ്വപ്നം മാത്രമാണ് .
                      മധുരം ചാലിച്ച പുഞ്ചിരി,അവൾക്കു സന്തോഷമേകി . നിദ്രയിലാണെ ങ്കിൽ പോലും കുഞ്ഞ്  വിതുമ്പുന്നത് അവൾക്കു ഹൃദയഭേദകമായി. കുഞ്ഞിൻറെ  നെറുകയിൽ  ചുണ്ടു ചേർത്ത് പിൻവാങ്ങി അവനരികിൽ ഒരു കാവൽ  മാലാഖയെപ്പോലെയിരുന്നു അവൾ.
         
                       കാലം ആവർത്തനമില്ലാതെ നിമിഷങ്ങളായ് ,മണിക്കൂറുകളായ്, പിന്നെ വർഷങ്ങളായ്.....ഇങ്ങിനി  വരാത്തവണ്ണം  ശൂന്യതയിൽ ലയിക്കുന്നു.എന്തെല്ലാം മാറ്റങ്ങൾ .
                       ചിന്തകൾ  മനസ്സിൽ കടലിരമ്പലെന്നപോലെ .
                       പഴയ പുസ്തകങ്ങളുടെ ഗന്ധം അന്തരീക്ഷത്തിൽ ചൂഴ്ന്നു നില്ക്കുന്ന പോലെ .ആ പഴമയിൽ അവളെന്നും പുതുമ കണ്ടെത്തി.അത് അവളുടെ ജീവിതത്തിൻറെ ഭാഗമായി മാറി.കാലം മനസ്സിൽ കോറിയിട്ട് പോയ ചിത്രങ്ങൾ തേങ്ങലുകളായ് അവശേഷിച്ചു.
                       അന്ന് -
                       മേശമേൽ ചൂരൽവടിയുടെ പ്രഹരമേറ്റപ്പോൾ അവൾ ഞെട്ടി.കയ്യിലിരുന്ന പുസ്തകത്തിൻറെ ഒരേട്‌ കീറിപ്പോയി. ആനന്ദവല്ലി യുടേതാണ്  പുസ്തകം.
                      അധ്യാപികയോട്‌ ആനന്ദവല്ലി പരാതിപ്പെട്ടു."ഇന്ദുലേഖ എന്റെ   പുസ്തകം കീറി ടീച്ചർ ".അന്ന് ടീച്ചറുടെ തല്ലും ശകാരവും കിട്ടി .ഇനി മറ്റുള്ളവരുടെ പുസ്തകം കൈ കൊണ്ടു തൊട്ടു പോകരുതെന്നൊരു താക്കീതും .
                     പുത്തൻ പുസ്തകങ്ങളുടെ,പുതുമയുടെ ഗന്ധം അവൾക്കേറെയിഷ്ടമായിരുന്നു.പക്ഷെ പുതുമണമുള്ള പുത്തൻ പുസ്തകങ്ങൾ  അവൾക്കന്യമായിരുന്നു . ഒരു വർഷത്തിനു മുമ്പേ പിറന്നതുകൊണ്ടുമാത്രം,തൻറെ ചേച്ചിയായ,ചേച്ചി തന്നെയൊരു രണ്ടാമൂഴക്കാരിയാക്കി  മാറ്റി.ചേച്ചിയുടെ പഴയ പുസ്തകങ്ങളായിരുന്നു അവൾക്കു പുത്തൻ.
                        ഒരു വേനലവധിക്കാലത്ത് ചേച്ചിയുടെ പഴയ പാഠപുസ്തകത്തിൻറെ ഏടുകൾ അവൾ ഇളക്കി മാറ്റിയിട്ടു.ഇത്തവണ പുതിയ പാഠപുസ്തകം കിട്ടുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ.പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തികൊണ്ടു അടുത്ത ദിവസം മേശമേലിരിക്കുന്നു തുന്നിക്കെട്ടിയ പഴയ പുസ്തകം.
                        പെൻസിൽ കൊണ്ട് കോറിയിട്ടിരുന്ന ആ പഴയ കടലാസുകെട്ടിനെ മനോഹരമായ വർണക്കടലാസിനാൽ പൊതിഞ്ഞിട്ടും ഒരു ഏച്ചുകെട്ടൽ മുഴച്ചു നിന്നു .മഞ്ഞച്ച താളുകൾ അവളെ നോക്കി പല്ലിളിച്ചു.
                        അവളുടെ ഉള്ളിൽ ചേച്ചിയോടുള്ള അസൂയ,പക എന്നീ വികാരങ്ങൾ കിളിർത്തു  പൊങ്ങി. കുഞ്ഞു മനസ്സിനു താങ്ങാവുന്നതിനപ്പുറമായിരുന്നു അന്നാ  ദുഃഖം.താളുകൾ പഴകിയ ഗന്ധം,തൊട്ടാലൊട്ടുന്ന നിറം മങ്ങിയ താളുകൾ അവളുടെ ജീവിതത്തിൻറെ നിറം കെടുത്തി.ചേച്ചിക്ക് പൊക്കം കൂടിയപ്പോൾ, ചേച്ചിയുടെ വസ്ത്രങ്ങൾ  അവൾ ധരിച്ചു.   ഇനിയത്തെ ജന്മത്തിലെങ്കിലും ഒരു കടിഞ്ഞൂൽ സന്താനമായി ജനിപ്പിക്കണേ എന്നവൾ പ്രാർത്ഥിച്ചു .
                          പിന്നീടെപ്പോഴോ കാലപ്രവാഹത്തിൽ,വളർച്ചയുടെ ഏതോ ഘട്ടത്തിൽ,അവളുടെ ചിന്തകളുടെ,ആഗ്രഹങ്ങളുടെ നിസ്സാരത അവൾക്കു ബോധ്യപ്പെട്ടു.അതോർത്തവൾ  ചിരിച്ചു.
                          ഓർമ്മയുടെ  ഓളങ്ങളിൽ വിടവ് വീഴ്ത്തി, കുഞ്ഞിൻറെ ചിണുങ്ങൽ .ഒരു പഴയ താരാട്ടിൻറെ ഈണം മെല്ലെ മൂളി.മൃദു മേനിയിൽ മെല്ലെ താളം പിടിച്ചു.അവൻ അതിൽ ലയിച്ചു.സുഷുപ്തിയിലേക്കു വീണ്ടും.
                          ചിന്തകൾ വീണ്ടും അവളെ കടന്നു വന്ന വീഥികളിലേക്ക് കൊണ്ട് പോയി.അസുഖമെന്തെന്നു നിർണയിക്കപ്പെട്ടിരുന്നില്ല . ഇടയ്ക്കിടെയുള്ള തലചുറ്റലും വലതുഭാഗത്ത് വാരിയെല്ലുകൾക്കു കീഴിലായി ആയിരം കഴുകന്മാർ കൊത്തിപ്പറിക്കുന്ന പോലുള്ള വേദനയും.പ്രസവത്തിനു ശേഷം വയ്യായ്ക കൂടി വന്നു.

                                       ഒഴിവാക്കാനാവാത്തത് , മനുഷ്യനിയന്ത്രണങ്ങൾ ക്കതീതമായത് സംഭവിച്ചു.മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞ് നഷ്ടപ്പെടലിൻറെ വേദനയറിയാതെ മോണ കാട്ടി ചിരിച്ചു;നിഷ്കളങ്കമായി.
                              കുഞ്ഞ് അവൾക്കൊരു പ്രേരണയായി.
                              വീണ്ടുമൊരു രണ്ടാമൂഴം അവൾക്കായ് കാത്തിരുന്നു.ആ കുഞ്ഞിനവൾ അമ്മയായി,ചേച്ചിയുടെ ഭർത്താവിൻറെ പുതിയ ഭാര്യയായി വേഷം പകർന്നാടി .കുഞ്ഞിനെ അവൾ ജീവന് തുല്യം സ്നേഹിച്ചു.അവനു സ്നേഹം നിഷേധിക്കപ്പെടാതിരിക്കാൻ,സ്വാർത്ഥതയുടെ  മുള പൊട്ടാതിരിക്കാൻ, ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള ആഗ്രഹത്തെ അവൾ നുള്ളി മാറ്റി.
                                  ഭർത്താവ്  കൊണ്ടു  വന്ന മഞ്ഞ ജമന്തിപ്പൂക്കൾ മേശമേൽ ചില്ലുപാത്രത്തിലിരുന്ന് വിളറി ച്ചിരിച്ചു.മൂക്ക് തുളക്കുന്ന രൂക്ഷഗന്ധം.അത് പതുക്കെ പഴയപുസ്തകത്താളുകളുടെ മഞ്ഞച്ച ഗന്ധമായി മാറി അവളുടെ ഉള്ളിൽ  നിറഞ്ഞു.  
                            ജീവിതത്തിൽ വസന്തം വിരുന്നു വന്നു.വിരിഞ്ഞ പുഷ്പങ്ങൾക്കൊക്കെ പഴയ പുസ്തകത്തിൻറെ മണമായിരുന്നു.അതവളുടെ ജീവിതമായിരുന്നു.പഴമ എന്നും അവൾക്കു പുതുമയായി.
                          ഭർത്താവ് അവളോട്‌ ചോദിച്ചു."പോയ്‌ വരുമ്പോൾ എന്താണ് കൊണ്ടുവരേണ്ടത്?"
                          "പഴയ പുസ്തകത്താളുകൾ "അവൾ മൊഴിഞ്ഞു.