മഞ്ഞവെളിച്ചത്തിൽ സുന്ദരമുഖങ്ങൾ സ്വ൪ണനിറം പൂണ്ടു .കവിളിണകളിലും കഴുത്തിലും വിയ൪പ്പുകണങ്ങൾ തിളങ്ങി. മേനകമാരുടെ ലാസ്യനൃത്തം സദസ്സിലെ വിശ്വാമിത്രക്കണ്ണുകൾ തുറപ്പിച്ചു. പാശ്ചാത്യ ലോകത്ത് നിന്നും കടംകൊണ്ട നവസൌന്ദര്യസങ്കല്പത്തെ പരിഹസിക്കുമാറ് യൗവനം സമൃദ്ധി യാൽ അനുഗ്രഹിച്ച മധുരപ്പതിനേഴുകാരികൾ അരങ്ങു നിറഞ്ഞു നൃത്തം ചെയ്തപ്പോൾ ആ ശില്പസമാനസുന്ദരഗാത്രങ്ങളുടെ നിമ്നോന്നതങ്ങളിൽ അയാളുടെ കണ്ണുകൾ അമ്പുകളായി തറഞ്ഞു നിന്നു.മനോഹരാംഗികളുടെ പാദ പതനം ഏറ്റ് അരങ്ങു പുളകിതയായി.
ഒടുവിൽ അതാ അവൾ -അരുന്ധതി ;പ്രിയശിഷ്യ . ദേവാദേവാംഗനയെന്നു സംശയം ജനിപ്പിക്കുന്ന അംഗലാവണ്യവും പേടമാന്മിഴികളെ ലജ്ജിപ്പിക്കുന്ന കരിനീലനയനങ്ങളും..............അയാൾ ഒരു നിമിഷം സ്തബ്ധനായി .
മുന്നിശ്ചയപ്രകാരം ,ഇവൾ ക്കായിരിക്കണം ഒന്നാം സ്ഥാനം .അത് സുനിശ്ചിതം ..വിധി നി൪ണയത്തിന് നിയോഗിക്കപ്പെട്ടിരുന്ന അയാളിലെ ദ്രോണനുണ൪ന്നു.
അരുന്ധതി അ൪ജുനനായി ;അല്ലെങ്കിൽ വേണ്ട ബൃഹന്നള .വിധിനി൪ണ്ണയം സ്വന്തം കൈകളിലായിരുന്ന ദ്രോണ൪ക്കു ഒരു ഏകലവ്യനെയും പേടിക്കേണ്ടിയിരുന്നില്ല . തന്മൂലം ഒരു ഏകലവ്യനും തള്ളവിരൽ നഷ്ടമായില്ല .
തിരശീല വീണു .
ഗ്രീന്‍ റൂമിൽ ബൃഹന്നള തനിയെയായിരുന്നു . ധൃതിയിൽ അകത്തു കടന്ന ദ്രോണരുടെ വേഷപ്പക൪ച്ച.ദ്രോണ൪ക്കു വേണ്ടിയിരുന്നത് ഏകലവ്യന്റെ വിരലായിരുന്നില്ല .
"നിന്നെ തന്നെയാണ് എനിക്ക് ഗുരുദക്ഷിണയായി വേണ്ടത്".അയാളുടെ വാക്കുകൾ അവളുടെയുളളിൽ ഞാണൊലി പോലെ പ്രകമ്പനം കൊണ്ടു .
. ഒന്നാം സ്ഥാനം നഷ്ടപ്പെട്ടാൽ അമ്മയുടെ ശാപവചനങ്ങൾ.". .. .... ... ...... ....
ധ൪മം ജയിക്കട്ടെ "എന്നനുഗ്രഹിച്ചിരുന്ന പഴയ ഗാന്ധാരി മനസ്സു എന്നേ നഷ്ടം വന്നിരിക്കുന്നു.
അരുന്ധതി ഇതിക൪ത്തവ്യതാമൂഢയായി.അവൾക്കു വിലപ്പെട്ടത് ;ദ്രോണ൪ക്കു വിലക്കപ്പെട്ടത്, അയാൾ കവ൪ന്നെടുത്തു .
പിന്നെ അരുന്ധതിയുടെ അമ്മ കയിൽ വച്ചുനീട്ടിയ സ്നേഹസമ്മാനം നിരസിക്കുമ്പോൾ
അയാളുടെ തീക്ഷ്ണ നേത്രങ്ങളിൽ സത്യവതിയെ പ്രാപിച്ച പരാശരന്റെ വിജയഭാവവും ചുണ്ടിൽ അ൪ത്ഥഗ൪ഭമായ ഒരു ചിരിയും ഒളിഞ്ഞിരുന്നു.
No comments:
Post a Comment