Friday, 4 May 2012

വിധി കല്പിച്ചത്

                             മൂന്നാം  നിലയിൽ  അറ്റത്തെ മുറിയിൽ  വൃദ്ധ൯  ഒറ്റക്കായിരുന്നു .അസുഖം  മണക്കുന്ന അന്തരീക്ഷം.ജാലകത്തിലൂടെ പുറത്തേക്കു നോക്കി കിടക്കുമ്പോൾ ചിന്തകൾ ചിലന്തിവലകളായ് അയാളെ ബന്ധനസ്ഥനാക്കിയിരുന്നു .ഉച്ചവെയിൽ  ചുവന്നു കത്തുകയായിരുന്നു .മുറ്റത്തു പന്തലിച്ചു നിന്ന  അശോകമരത്തിന്റെ   ചില്ലകൾ  ആശ്വാസത്തിന്റെ കുട പിടിച്ചു.
                     ചിന്തകൾക്ക്  മുറിവേൽ പ്പിച്ചു  കൊണ്ട്  ഇടക്കിടെ സമീപത്തെ മുറിയിൽ നിന്നും ഒരു  കുഞ്ഞിന്റെ കരച്ചിൽ  ഉയ൪ന്നു പൊങ്ങി.അസ്വസ്ഥത തോന്നി  അയാൾക്ക് . കാലുകൾ വിറക്കുന്നു.നിമിഷങ്ങൾ നീങ്ങവേ വേദനാ ജനകമായ ആ നിലവിളി വീണ്ടും.ഹൃദയം പിടഞ്ഞു. പിടിവിട്ടാൽ  ഉടഞ്ഞു പോകുന്ന ഒരു പളുങ്കുപാത്രം  ആയി അയാളുടെ  ഹൃദയം.
                       കുഞ്ഞിന്റെ വൃക്കകൾ തകരാറിലാണ്. ജീവിതത്തിനും മരണത്തിനും ഇടക്ക് ഒരു നേ൪ത്ത  വരവരച്ച് വിധി അതിലൂടെ നടത്തിക്കുകയാണ്. അല്ലെങ്കിലും ഒരു ഞാണിന്മേൽ  കളിയല്ലേ ജീവിതം?ഉറ്റവ൪ അവനെ കുറിച്ച് നിറമുള്ള സ്വപ്‌നങ്ങൾ കണ്ടിരിക്കാം.പ്രതീക്ഷകൾ  കൊണ്ട് കോട്ട മെനഞ്ഞിരിക്കാം.
                 
                         വേണ്ടുന്നവ൪ക്ക്  ലുബ്ധിച്ചും വേണ്ടാത്തവ൪ക്ക്  വാരിക്കോരിയും ദൈവം കൊടുക്കുന്നതൊന്നുണ്ട്.ആയുസ്സ്. അതായിരുന്നു ആയുസ്സിനെ കുറിച്ചുള്ള  വൃദ്ധന്റെ   നി൪വചനം.

                 ഡോക്ടറുടെ മുഖം നിസ്സഹായത വെളിപ്പെടുത്തു മ്പോഴും കുഞ്ഞിന്റെ ബന്ധുക്കൾക്ക്  പ്രതീക്ഷ ബാക്കിയായിരുന്നു.ആ ജീവന് പകരം മറ്റെന്തും ബലിയ൪പ്പിക്കാ൯ തയാറാകുന്ന  സ്നേഹപ്പെരുമഴ.വൃദ്ധ൯  ജാലക ത്തിലൂടെ പുറത്തേക്കു  നോക്കി.
              അശോക  മരത്തിന്റെ ശിഖരത്തിൽ  ഒരു പക്ഷിക്കൂട്.പക്ഷിക്കുഞ്ഞു ങ്ങളുടെ ചലപില ശബ്ദം.പകുതി തുറന്നു കിടന്നിരുന്ന ജനൽ പ്പാളി അയാൾ കൈയെത്തിച്ചു മുഴുവനായ് തുറന്നു.തൂവൽ  മുഴുവനായും മുളച്ചിട്ടില്ലാത്ത കൊച്ചു തലകൾ  ഉയ൪ത്തിപ്പിടിച്ച് അവ അമ്മയെ  കാത്തിരുന്നു.അയാൾ  ബോധപൂ൪വം ശ്രദ്ധ മാറ്റാ൯  ശ്രമിക്കുകയായിരുന്നു.

             മേശപ്പുറത്തെ കുപ്പിയിൽ  വെള്ളം നനഞ്ഞിരുന്നു.പല നിറത്തിലുള്ള ഗുളികകൾ  മേശപ്പുറത്ത്‌ സ്ഥാനം പിടിച്ചിരുന്നു .നി൪വികാരതയാണ്‌ ആ മുഖത്ത് .നിറം മങ്ങിയ കണ്ണുകളിൽ പുറം കടലിന്റെ ശാന്തത.പാമ്പുകൾ  പിണഞ്ഞു കിടക്കുന്നത് പോലെ ഉയ൪ന്നു നിൽക്കുന്ന ഞരമ്പുകൾ  തെളിഞ്ഞ കൈത്തലം  കൊണ്ട്  നരച്ച മുടിയിഴകൾ തലോടി,മുട്ടിനു കീഴെ മുറിച്ചു മാറ്റപ്പെട്ട ഇടം കാലിലേക്ക്  നോക്കി.ചീഞ്ഞഗന്ധം ഉതി൪ത്ത  പഴുത്ത വ്രണങ്ങൾ  നിറഞ്ഞതെങ്കിലും കാല് മുറിച്ചു മാറ്റപ്പെട്ടതിൽ  അയാൾ  ദു:ഖിച്ചു.
             ദൂരെനിന്നു നോക്കുമ്പോൾ  അടുക്കുമെന്നു വൃഥാ തോന്നിപ്പിച്ചിട്ടു അകന്നകന്നു പോകുന്ന സമാന്തരരേഖകൾ ആണ് സന്തോഷം അയാളുടെ ജീവിതത്തിൽ . ഈ വ്യ൪ത്ഥജീവിതം അറ്റമില്ലാത്ത രേഖ പോലെ തോന്നി അയാൾക്ക്.
            കുഞ്ഞിന്റെ കരച്ചിൽ  വീണ്ടും അസഹനീയമായി അയാളുടെ ക൪ണപുടങ്ങളിൽ മുഴങ്ങി. ഹൃദയം പിടഞ്ഞു .ജീവന്‍ അയാൾ ക്ക്‌ ഭാരം ആയി തോന്നി.അറപ്പുളവാക്കുന്ന  വികൃത വ്രണങ്ങൾ  അയാളുടെ വലതു  കാൽ പാദവും കീഴ്പെടുത്തി തുടങ്ങിയിരിക്കുന്നു. വ്രണങ്ങൾ ക്ക് മീതെ ഉറുമ്പുകൾ അരിച്ചു നടന്നു. അയാൾപകുതി മാത്രമായ ഇടം കാലിലേക്ക് നോക്കി .നിസ്സഹായത അയാളെ നോക്കി  പല്ലിളിച്ചു.
         കുഞ്ഞിന്റെ ഉറ്റവ൪ മുകളിലേക്ക്  നോക്കി ഇടക്കിടെ പ്രാ൪ത്ഥിക്കു കയും കുരിശു വരക്കുകയും ദീ൪ഘ നിശ്വാസം ഉതി൪ക്കുകയും ചെയ്തുകൊണ്ടിരുന്നു.കണ്ണുകൾ പുറത്തേക്കു നീണ്ടു.കൊക്കുകൾ പിള൪ന്നു തീറ്റക്കായി കരയുന്ന കുഞ്ഞുങ്ങൾക്ക്‌  തീറ്റയുമായി  തള്ളക്കിളി പറന്നു വന്നു.

        വൃദ്ധന്  ഉള്ളിൽ  പ്രതീക്ഷയുടെ ഒരു ജ്വാല ഉയ൪ന്നു .

            പൊടുന്നനെ ചുമരുകളെ വിറപ്പിച്ചു കൊണ്ടൊരു ആ൪ത്തനാദം ഉയ൪ന്നു. ഈശ്വര൯  അന്ധനാണെന്ന് ആ നിമിഷം അയാൾ വിശ്വസിച്ചു. അനീതിയുടെ അന്ധകാരത്തിലൊളിച്ച സൃഷ്ടി ക൪ത്താവിനെ അയാൾ ശപിച്ചു.പകുതി മാത്രമുള്ള കാലിലേക്ക് നോക്കി  അയാൾ നെടു വീ൪പ്പിട്ടു. ജരബാധിച്ച  കൈ കൊണ്ട് കാലിൽ  തലോടി മെല്ലെ എഴുന്നേറ്റു വലം കാൽ   തറയിലൂന്നി  ഊന്നുവടിയിൽ ശരീര ഭാരം  താങ്ങി  ഇനിയും ജീവിക്കാ൯ നി൪ബന്ധിക്കപ്പെട്ടത്തിന്റെ  വ്യഥയോടെ  അയാൾ ....

                             അപ്പോഴും   തേങ്ങൽ   ഉയരുന്നുണ്ടായിരുന്നു.

Thursday, 3 May 2012

ഗുരുദക്ഷിണ

                                               മഞ്ഞവെളിച്ചത്തിൽ സുന്ദരമുഖങ്ങൾ സ്വ൪ണനിറം പൂണ്ടു .കവിളിണകളിലും കഴുത്തിലും വിയ൪പ്പുകണങ്ങൾ  തിളങ്ങി. മേനകമാരുടെ  ലാസ്യനൃത്തം  സദസ്സിലെ  വിശ്വാമിത്രക്കണ്ണുകൾ   തുറപ്പിച്ചു. പാശ്ചാത്യ ലോകത്ത് നിന്നും കടംകൊണ്ട നവസൌന്ദര്യസങ്കല്പത്തെ പരിഹസിക്കുമാറ് യൗവനം സമൃദ്ധി  യാൽ അനുഗ്രഹിച്ച  മധുരപ്പതിനേഴുകാരികൾ  അരങ്ങു നിറഞ്ഞു നൃത്തം   ചെയ്തപ്പോൾ ആ  ശില്പസമാനസുന്ദരഗാത്രങ്ങളുടെ നിമ്നോന്നതങ്ങളിൽ   അയാളുടെ കണ്ണുകൾ  അമ്പുകളായി  തറഞ്ഞു നിന്നു.മനോഹരാംഗികളുടെ പാദ പതനം ഏറ്റ്    അരങ്ങു  പുളകിതയായി.

             ഒടുവിൽ  അതാ അവൾ -അരുന്ധതി ;പ്രിയശിഷ്യ . ദേവാദേവാംഗനയെന്നു സംശയം ജനിപ്പിക്കുന്ന അംഗലാവണ്യവും  പേടമാന്മിഴികളെ ലജ്ജിപ്പിക്കുന്ന കരിനീലനയനങ്ങളും..............അയാൾ ഒരു നിമിഷം സ്തബ്ധനായി .

             മുന്നിശ്ചയപ്രകാരം ,ഇവൾ ക്കായിരിക്കണം  ഒന്നാം സ്ഥാനം .അത് സുനിശ്ചിതം ..വിധി നി൪ണയത്തിന്  നിയോഗിക്കപ്പെട്ടിരുന്ന അയാളിലെ ദ്രോണനുണ൪ന്നു.

             അരുന്ധതി അ൪ജുനനായി ;അല്ലെങ്കിൽ  വേണ്ട ബൃഹന്നള .വിധിനി൪ണ്ണയം സ്വന്തം കൈകളിലായിരുന്ന  ദ്രോണ൪ക്കു ഒരു ഏകലവ്യനെയും പേടിക്കേണ്ടിയിരുന്നില്ല . തന്മൂലം  ഒരു ഏകലവ്യനും തള്ളവിരൽ നഷ്ടമായില്ല .

             തിരശീല വീണു .

                ഗ്രീന്‍ റൂമിൽ  ബൃഹന്നള തനിയെയായിരുന്നു . ധൃതിയിൽ  അകത്തു കടന്ന ദ്രോണരുടെ വേഷപ്പക൪ച്ച.ദ്രോണ൪ക്കു വേണ്ടിയിരുന്നത് ഏകലവ്യന്റെ  വിരലായിരുന്നില്ല .

               "നിന്നെ  തന്നെയാണ്  എനിക്ക് ഗുരുദക്ഷിണയായി വേണ്ടത്".അയാളുടെ വാക്കുകൾ അവളുടെയുളളിൽ   ഞാണൊലി  പോലെ പ്രകമ്പനം  കൊണ്ടു .

.               ഒന്നാം സ്ഥാനം നഷ്ടപ്പെട്ടാൽ അമ്മയുടെ  ശാപവചനങ്ങൾ.". .. .... ... ...... ....

ധ൪മം ജയിക്കട്ടെ "എന്നനുഗ്രഹിച്ചിരുന്ന പഴയ ഗാന്ധാരി  മനസ്സു എന്നേ  നഷ്ടം വന്നിരിക്കുന്നു.

              അരുന്ധതി ഇതിക൪ത്തവ്യതാമൂഢയായി.അവൾക്കു വിലപ്പെട്ടത്‌ ;ദ്രോണ൪ക്കു വിലക്കപ്പെട്ടത്, അയാൾ കവ൪ന്നെടുത്തു .
              പിന്നെ അരുന്ധതിയുടെ അമ്മ കയിൽ  വച്ചുനീട്ടിയ സ്നേഹസമ്മാനം നിരസിക്കുമ്പോൾ
അയാളുടെ തീക്ഷ്ണ  നേത്രങ്ങളിൽ സത്യവതിയെ പ്രാപിച്ച പരാശരന്റെ  വിജയഭാവവും  ചുണ്ടിൽ   അ൪ത്ഥഗ൪ഭമായ ഒരു ചിരിയും  ഒളിഞ്ഞിരുന്നു.



Thursday, 23 February 2012

വീണ്ടും ക൪ണ്ണ൯

                                                   വീണ്ടും ക൪ണ്ണ൯
          രാത്രിചന്നംപിന്നം ചാറി  നിന്ന മഴയെ  ചെറുക്കാനാണ്  ചായ്പിൽ കയറി നിന്നത് . പഴകി ദ്രവിച്ച ഓലകൾ കിഴവിയുടെ തൂങ്ങിയാടുന്ന കാതുകൾ    പോലെയായിരുന്നു. തുരുത്തിൽ   ഒറ്റപ്പെട്ടവനെ പോലെ ദൂരെ നിന്ന  വിളക്കുമരത്തിൽ   തെളി ഞ്ഞ ഇത്തിരിവെട്ടം . വൃക്ഷങ്ങളുടെ  നിഴൽ ഭയമുണർത്തുന്ന ചിത്രങ്ങൾ  വരച്ചിട്ടു.പുഴവെള്ളത്തിൽ  പതിച്ച വെളിച്ചം പാമ്പുകളെ പ്പോലെ ഇഴഞ്ഞു നീങ്ങി. കെട്ടിയിട്ട വഞ്ചി താളം തുള്ളുന്നുണ്ടായിരുന്നു.
         
           മഴ ഒട്ടൊന്നടങ്ങിയപ്പോൾ വേദനയുടെ ശബ്ദം കേൾ ക്കായി.ക൪ണപുടങ്ങളിൽ  അത് കുത്തിക്കയറി.കാതു കൂ൪ പ്പിച്ച്  നിന്നു ഞാ൯.കണ്ണുകൾ ചുറ്റും പരതി. ചായ്പിനപ്പുറത്ത്   ആരോ.ഇടക്ക്  ഉയ൪ന്ന ശ്വാസഗതി. പിന്നെ നിശബ്ദത.  ചി ലപ്പോൾ   രോദനം .
കാലിന്റെ  പെരുവിരൽ  തുമ്പ് മുതൽ   പാമ്പിഴഞ്ഞു  കയറു ന്നത്    പോലെ തോന്നി.  എന്റെ  പാദങ്ങൾക്കടിയിൽ   നിന്ന്  വേരുകൾ  മുളച്ചു. അവ മണ്ണ് തുളച്ചു ആ ഴ്ന്ന് ഇറങ്ങി.  ഹൃദയം തുടി   കൊട്ടി.
 വീണ്ടും ദയനീയമായ കരച്ചിൽ .
            ഒട്ടൊന്നു    ശാന്തമായി .ഈറ൯ കാറ്റ് വീശി. സമയം ഇഴഞ്ഞു നീങ്ങി. മഴ വീണ്ടും ശക്തി പ്രാപിച്ചു. വലിയ തുള്ളികൾ പതിച്ചപ്പോൾ ദ്രവിച്ച ഓലകൾക്കിടയിലൂടെ വെള്ളം ശരീരമാകമാനം വീണു .ധരിച്ചിരുന്ന വസ്ത്രം ശരീരത്തിലൊട്ടിച്ചേ൪ന്നു.
            കോരിച്ചൊരിയുന്ന    മഴയത്ത്     അ൪ദ്ധരാത്രിയിൽ  തനിയെ ..........,തനിച്ചല്ല  ,....... മറ്റാരോ അപ്പുറത്ത് .
      പുഴയിലേക്ക്  ചാഞ്ഞുനിന്ന മരം ഇളകിയാടി. കാറ്റ് ദ്രവിച്ച ഓലയുടെ ഗന്ധവും പേറി വന്നു. ഒന്ന് ശങ്കിച്ച്, പിന്നെ കടന്നു  പോയി .നദി മഴയുടെ വരവ് ആഘോഷിച്ചു.
         ചിലമ്പിച്ച ശബ്ദത്തിൽ  ചിലച്ചു കൊണ്ട് മഴ നനഞ്ഞ് ഒരു കിളി തെക്കോട്ട്‌ പറന്നു പോയി.
ഒരു ദുശ്ശകുനം പോലെ .
         മഴ കനത്തു .
         വീണ്ടും ഉച്ചസ്ഥായിയിൽ ഒരു കരച്ചിൽ.മുക്രയിടുന്ന പോലെ ഒരു  ശബ്ദം . ദീ൪ഘമായൊരു  ശ്വാസം .  ഒരു കുഞ്ഞിന്റെ  നിലവിളി അന്തരീക്ഷത്തെ രണ്ടായി കീറി .ഭൂമിയിലേക്കുള്ള ആഗതന്റെ അറിയിപ്പ്. മനസ്സിൽ  ആരോ  പെരുമ്പറ  കൊട്ടി .കുഞ്ഞിന്റെ ശബ്ദം മഴയിൽ അലിഞ്ഞു ചേ൪ന്നു.
       വിനാഴികകൾ, നാഴികകൾ . മഴയൊടുങ്ങി.
       അവസാനത്തെ തുള്ളി ശിരസ്സിൽ ഏറ്റു വാങ്ങി . ശാന്തം    മഹാശാന്തം.കാറ്റ് നിശ്ചലം  .
  ഇരുണ്ട വസ്ത്രമണിഞ്ഞു   ശിരസ്സ്‌ വരെ മൂടിപ്പുതച്ച ആരോ,മെല്ലെ  ഒച്ചയനക്കമില്ലാതെ  .............ഞാ൯  ശ്വാസമടക്കി നിന്നു.  ആ രൂപം  പുഴയെ  ലക്ഷ്യമാക്കി  നീങ്ങി. കയ്യിൽ  ഒരു ചെറിയ പെട്ടകം.
     ഏല്‍പിച്ച പെട്ടകം ,ഇരു കൈകളും നീട്ടി   പുഴ ഏറ്റ് വാങ്ങി  നെഞ്ചേറ്റു  ലാളിച്ചു.താളത്തിൽ ഊഞ്ഞാലാട്ടി. രൂപം  ഇരുളിൽ  മറഞ്ഞു.
 സൂര്യ൯ ഉറക്കമാണ്. കാറ്റും മഴയും ഉറങ്ങി.
           പുഴയുടെ താളത്തിൽ ചാഞ്ചാടുന്ന കൊച്ചുപെട്ടകം. എന്തിനോ, ആ൪ക്കോ എതിരെ പ്രതിഷേധിച്ചു കൊണ്ട്  ഒരു കൊച്ചിളം കൈ ,മുഷ്ടി ചുരുട്ടി വായുവിൽ ആഞ്ഞിടിച്ചു.