Monday, 18 November 2019

രക്ഷകൻ

                     

      ആറേമുക്കാലായതേയുള്ളൂ, പക്ഷേ ഭൂമി ഇരുട്ടിന്റെ കമ്പളം വാരിപ്പുതച്ചു കഴിഞ്ഞു. ഓരോ രോമകൂപങ്ങളിലൂടെയും കുളിർകോരിയിട്ട് ഇടമുറിയാതെ മഴ പെയ്തു കൊണ്ടിരുന്നു. മണ്ണിലേക്ക് നൂണ്ടിറങ്ങുന്ന വേരുകൾ പോലെ മേഘ പാളികളിൽ  നിന്ന് മിന്നലുകൾ താഴേക്ക് ആഴ്ന്നിറങ്ങി. ബസ് വളരെ മന്ദഗതിയിൽ ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.                    
  

"റോസ ചേച്ചീടെ ഒണക്കച്ചപ്പാത്തീം പരിപ്പുകറീം കഴിക്കാതെ ഇന്നു രക്ഷ പെടണം.തന്നെയല്ല ഇന്നു ഒരു രാത്രി കൂടി ഹോസ്റ്റലിൽ തങ്ങിയാൽ നാളെ വെളുപ്പിനുണരേണ്ടി വരും. എന്നാലേ നാട്ടിലേയ്ക്കുള്ള ആദ്യത്തെ ബസ് കിട്ടൂ.ഇതിപ്പോ ഏറിപ്പോയാ എട്ടരയ്ക്കു വീടെത്താം. സ്വസ്ഥം... അമ്മയു ണ്ടാക്കിയ ഭക്ഷണം കഴിക്കാം. നാളെ രാവിലെ മതിയാവോളം കിടന്നുറ ങ്ങാം." ഈ ചിന്തകളാണ് ഷൈലയെ വെള്ളിയാഴ്ച വൈകിട്ട് തന്നെ ബസ് കേറാൻ പ്രേരിപ്പിച്ചത്.

സരിക കുറേ നിർബന്ധിച്ചതാണ്. "ഡീ... ഇന്നു പോവല്ലേ... ഇന്നു ഞാൻ റൂമിലൊറ്റക്കാകും നീ പോയാല്. ഒന്നിച്ചു പോകാം നാളെ." പക്ഷെ അന്ന് തന്നെ പോകണം എന്ന തീരുമാനത്തിൽ ഷൈല ഉറച്ചു നിന്നു


ഓഫീസിൽ നിന്ന് മുപ്പത് മിനിട്ടു മുൻപേ ഇറങ്ങി ഓട്ടോ പിടിച്ച് ഹോസ്റ്റലിലെത്തി നേരത്തെ ഒരുക്കി വച്ച ബാഗുമെടുത്ത് സരികയോട് ക്ഷമാപണമുഖത്തോടെ യാത്ര പറഞ്ഞ്, റോസച്ചേച്ചി വച്ചു നീട്ടിയ ചായയോട് ഒരു മയവുമില്ലാതെ വേണ്ടെന്ന് പറഞ്ഞ്, തീ കൊളുത്തിയ സിഗരറ്റ് ഉടൻ ചവിട്ടി കെടുത്തേണ്ടി വന്ന നീരസം പ്രകടമായിരുന്ന ഓട്ടോക്കാരന്റെ മുഖത്ത് നോക്കി" ചേട്ടാ... പെട്ടെന്ന് ആ വെഞ്ഞാറും മൂട് ബസ് സ്റ്റോപ്പിലൊന്നെത്തിച്ചുതാ ...." എന്നു പറഞ്ഞു പുറപ്പെട്ടതാണ്.

അപ്പോൾ മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു.. വെള്ളിയാഴ്ച ആയതിനാലാ കണം ബസ്സ്റ്റോപ്പിൽ തിരക്കു കൂടുതലായിരുന്നു. കുട പിടിച്ചിട്ടും അവളും ബാഗും നനയുകയായിരുന്നു. വസ്ത്രം ശരീരത്തോടൊട്ടിയപ്പോൾ അവൾക്ക് ഈർഷ്യ അനുഭവപ്പെട്ടു. വെയിറ്റിംഗ് ഷെഡിലും അതിനു ചുറ്റുമുള്ള ഭാഗങ്ങളിലും യാത്രക്കാർ തിക്കിത്തിരക്കി.

ഇടക്കിടെ ഒരോ ബസുകൾ വന്നും പോയ്‌ക്കൊണ്ടുമിരുന്നു. നിറഞ്ഞു പെയ്യുന്ന മഴയിൽ ബസിന്റെ ബോർഡ് വായിക്കാൻ നന്നേ ബുദ്ധിമുട്ടി. അഞ്ചേമുക്കാലിനു വരേണ്ട ബസ് ആറു മണിയായിട്ടും എത്തിയില്ല. തിരികെ ഹോസ്റ്റലിലേക്ക് പോയാലോ എന്ന ചിന്തയുളവായി. അടുത്ത മൂന്നു ബസുകൾക്കു കൂടി കാത്തു നോക്കാം എന്ന് തീരുമാനിച്ച് അവൾ നിന്നു. ആദ്യം വന്ന രണ്ടു ബസും കൊല്ലത്തേ ക്കുള്ളതായിരുന്നു. മൂന്നാമതു വന്ന ബസ് എറണാകുളത്തേയ്ക്കുള്ളതും. ഇടം കൈ കൊണ്ട് കുടയിൽ മുറുകെപ്പിടിച്ചും വലം കൈകൊണ്ട് ഷോളിന്റെ ഇരു അഗ്രങ്ങളും ചേർത്ത് പിടിച്ചും അവൾ മനസ്സില്ലാമനസ്സോടെ തിരികെ നടന്നു തുടങ്ങിയതും, ഒരു ബസ് വന്നു നിന്നതിന്റെ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു. അവൾ തിരിഞ്ഞു നോക്കി. പത്തനംതിട്ട എന്ന ബോർഡ് വായിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങി. മറുത്തൊന്നും ചിന്തിക്കാതെ അവൾ ബസിലേക്ക് ഓടിക്കയറുമ്പോൾ അവൾക്കായി ഒഴിഞ്ഞിട്ടതു പോലൊരു സീറ്റ്. ജനൽ വശത്ത് മഴത്തുള്ളികൾ വീണു കിടന്നിരുന്നതു കൊണ്ടാണ് ആ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നത്. സീറ്റിൽ ഇപ്പുറവശത്തിരുന്ന തടിച്ച സ്ത്രീയുടെ കാൽമുട്ടുകൾ സൃഷ്ടിച്ച തടസ്സത്തെ ആയാസപ്പെട്ട് ഭേദിച്ച്,ബാഗിൽ നിന്നും തൂവാല എടുത്തു സീറ്റ് തുടച്ച് ഇരിപ്പുറപ്പിച്ചു. ഷട്ടർ അടഞ്ഞു കിടന്നു. തോളിൽ നിന്നും ബാഗ് അഴിച്ചെടുത്ത് മടിയിലേക്ക് വച്ച് സീറ്റിലേക്ക് ചാരിയിരുന്ന് അവൾ നിശ്വസിച്ചു. ബസിൽ കയറിയതിന്റെ ആശ്വാസം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവളിൽ നിന്നും മാഞ്ഞു. ബസ് മന്ദഗതിയിലാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവ് അവളിൽ പിരിമുറുക്കം സൃഷ്ടിച്ചു. ഇങ്ങനെയാണ് ഈ ബസ് പോകുന്നതെങ്കിൽ ഒൻപത് മണിയെങ്കിലുമാകും ഇന്ന് വീടെത്താൻ.

പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്. അച്ഛനെ വിളിച്ച് പറഞ്ഞിട്ടില്ല ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കണമെന്ന്. തിടുക്കത്തിൽ ബാഗിന്റെ സൈഡ് പോക്കറ്റ് തുറന്ന് മൊബൈൽ എടുത്ത് അവൾ വിളിച്ചു. മൂന്നുവട്ടം ശ്രമിച്ചു. പക്ഷെ കോൾ കണക്ടാകുന്നില്ല. പലയാവർത്തി ശ്രമിച്ചിട്ടും കോൾ കണക്ടാകാത്തതിന്റെ പിരിമുറുക്കം അവളിൽ സൃഷ്ടിച്ച ചേഷ്ടകൾ അടുത്തിരുന്ന സ്ത്രീയുടെ ശ്രദ്ധയെ ആകർഷിച്ചു. അവർ അസ്വസ്ഥതാ ഭാവത്തോടെ പുരികങ്ങൾ കൊണ്ട് ചോദ്യമുണർത്തി.

സ്റ്റോപുകൾ ഒരോന്നായി പിന്നിടുന്നു.ആളുകൾ ഇറങ്ങുകയും, കയറുകയും ചെയ്തു കൊണ്ടിരുന്നു. ഇരുട്ട് കനപ്പെട്ടു. എല്ലാ ഷട്ടറുകളും അടഞ്ഞു കിടന്നു. ബസ് എവിടെയെത്തിയെന്നു പോലും അറിയാൻ കഴിയുന്നില്ല. അവൾ വാച്ചിലേക്കു നോക്കി. ഏഴു മണിയായതേയുള്ളൂചെറിയ ഉയരത്തിൽ ഷട്ടർ തുറന്നു പിടിച്ച് തല കുനിച്ച് അവൾ പുറത്തേക്ക് നോക്കി. മഴ ശക്തമായി തന്നെ തുടരുന്നു. ഓരോ കടകളുടേയും ബോർഡുകളിൽ അവൾ സ്ഥലപ്പേരിനായി പരതി. ആഴ്ചക്കൊരിക്കൽ പോകുന്ന വഴികൾ, പക്ഷെ ഇപ്പോൾ അപരിചിതങ്ങളായി തോന്നി അവൾക്ക്. ഒരു കടയുടെ പേരിന്റെ താഴെ കിളിമാനൂർ എന്ന സ്ഥലനാമം തെളിഞ്ഞു കാണും വരെ അവൾ തൽസ്ഥിതി തുടർന്നു.


" ദൈവമേ കിളിമാനൂരിൽ എത്തിയതേയുള്ളൂ. ഇനിയെപ്പോഴാണ് അങ്ങെത്തുക. ഉയർത്തിപ്പിടിച്ചിരുന്ന ഷട്ടർ താഴ്ത്തി അവൾ മിഴികൾ പൂട്ടി സീറ്റിലേക്ക് ചാരിയിരുന്നു. പിൻ കഴുത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ..... അവൾ ശങ്കയോടെ മുഖം തിരിച്ചു നോക്കി. പിൻസീറ്റിൽ ഇരുന്നിരുന്ന മുൻവരിയിലെ പല്ലുകൾ നഷ്ടമായിരുന്ന മദ്ധ്യവയസ്കൻ തുറിച്ചു നോക്കി. ആഭാസൻ എന്നവൾ പിറുപിറുത്തു.സീറ്റിൽ ചാരി നിന്നിരുന്നൊ രാൾ ബസിന്റെ സൈഡ് ബോഡിയിൽ താങ്ങ് കൊടുത്തിരുന്ന കൈയിലെ കുടയിൽ നിന്നും ഒരു തുള്ളി വെള്ളം അവളുടെ കഴുത്തിലേക്കുറ്റി വീണ് അവളുടെ ശങ്കയെ കെടുത്തി.


പട്ടണ പ്രദേശം പിന്നിടുമ്പോൾ ബസ് വേഗത്തിൽ സഞ്ചരിക്കുമെന്നും കൃത്യസമയത്ത് എത്താൻ സാധിക്കുമെന്നും അവൾ ആശ്വസിക്കാൻ ശ്രമി ച്ചു. അവൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് ചിന്തിക്കുവാ നാരംഭിച്ചു." നാളെ പുരികം പ്ലക്ക് ചെയ്യണം. മുടിയൊന്നൊതുക്കി വെട്ടണം. പുതിയ സാരിക്ക് തയ്ച്ച് കിട്ടിയ ബ്ലൗസ് അത്ര പാകമല്ല. അതൊന്ന് ആൾട്ടർ ചെയ്യിക്കണം." ഞായറാഴ്ചയാണ് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞിട്ടുള്ളത്. ആള് എറണാകുളത്താണ് ജോലി ചെയ്യുന്നത്. ആർക്കിയോളജി വകുപ്പിൽ. അമ്മ വാട്ട്സ് ആപ്പിൽ അയച്ചു തന്ന ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മയുമച്ഛനും കുറച്ച് യാഥാസ്തികരായതു കൊണ്ട് ആളുടെ ഫോൺ നമ്പറൊനും അവൾക്ക് കൊടുത്തിരുന്നില്ല. അവളുടെ ഒരു ഫോട്ടോ ആൾക്കും അയച്ചു കൊടുത്തി ട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു.

ചിന്തകൾക്കിടയിൽ വീണ്ടും അച്ഛനെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ കടന്നു വന്നു. വീണ്ടും മൊബൈൽ എടുത്ത് കോളിനു ശ്രമിച്ചു. പക്ഷെ നിഷ് ഫലം.റേഞ്ചില്ല. ബാറ്ററി ചാർജ്ജും തീരാറായിരിക്കുന്നു. മനസ്സിൽ ആശങ്കകൾ ഉടലെടുക്കുന്നു. സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞാൽ വീണ്ടും ഒരു പതിനഞ്ചു മിനിട്ടു നടക്കണം വീടെത്താൻ. മെയിൻ റോഡിൽ നിന്നും ഒരു നൂറു മീറ്ററോളം അകത്തേക്കുള്ള വഴിയിൽ നടന്നു കഴിഞ്ഞാ ൽ പിന്നെ  കുറച്ച് ഇടുങ്ങിയ വഴിയാണ്. വഴിയുടെ ഇടതുവശത്ത് ഒരു കന്യാ സ്ത്രീ മഠവും , അന്തേവാസികളുടെ സുരക്ഷയ്ക്കായി തീർത്ത വൻ മതിലും, മതിലിനു മുകളിലൂടെ പുറത്തേക്ക് പൂത്തുലഞ്ഞു ചാഞ്ഞു കിടക്കുന്ന ബോഗൻ വില്ല ചെടികളും വലതുവശത്ത് ഒഴിഞ്ഞ പറമ്പിൽ വഴിയോട് ചേർന്ന് മുളങ്കാടുകളും. അതു വഴിയേ പകലുപോലും പോകുമ്പോൾ ഭയം മനസ്സിൽ മാറാല കെട്ടാറുണ്ട്.

അവൾ ചുറ്റിലും കണ്ണോടിച്ചു. ഒരോ സ്റ്റോപുകൾ പിന്നിടുമ്പോഴും ബസിൽ ആളുകളുടെ എണ്ണം കൂടുന്നതോടൊപ്പം സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നത് അവളിൽ ഭയം കലർന്ന അസ്വസ്ഥത സൃഷ്ടിച്ചു. ബാക്കിയുള്ള  സ്ത്രീകളിലാരും ഇറങ്ങല്ലേ എന്നവൾ ആത്മാർത്ഥമായും ആഗ്രഹിച്ചു.

അച്ഛനുമമ്മയും അവളോട് എപ്പോഴും പറയാറുണ്ട് വൈകുന്നേരങ്ങളിൽ യാത്ര പുറപ്പെടേണ്ടതില്ലെന്ന്. എപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ള തും. എന്നാൽ എന്തോ ഇന്നങ്ങനെ തോന്നിപ്പോയി. ഒന്നു കൂടി അച്ഛനേയും അമ്മയേയും വിളിക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും ഫോണിന്റെ ശ്വാസം നിലച്ചു. ഫോൺ ബാഗിന്റെ സൈഡ് പോക്കറ്റിൽ തിരുകി. സകല ദൈവങ്ങ ളേയും അവൾ പ്രാർത്ഥിച്ചു. ഷട്ടർ വീണ്ടും ഉയർത്തി നോക്കി. മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഷട്ടർ അവൾ ക്ലിപ്പിട്ടുറപ്പിച്ചു.


തണുത്ത കാറ്റടിച്ചു കയറി. അവൾ പുറത്തേക്ക് നോക്കിയിരുന്നു . ആയൂരിൽ എത്തിയിരിക്കുന്നു. ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ സ്റ്റോപ്പെ ത്തും , അവൾ കണക്കു കൂട്ടി. സ്ത്രീകളുടെ എണ്ണം വീണ്ടും കുറഞ്ഞിരിക്കു ന്നു. താനുൾപ്പെടെ ഇനി നാലു പേരേ അവശേഷിക്കുന്നുള്ളൂ എന്ന ചിന്ത അവളിൽ ഒരു അരക്ഷിതത്വ ബോധം ഉണർത്തി.. അടുത്തിരുന്ന തടിച്ച സ്ത്രീ ഒന്നിറങ്ങിയിരുന്നെങ്കിൽ ഒന്നു സൗകര്യമായിരിക്കാമായിരുന്നു എന്ന് ചിന്തിച്ചിരുന്ന അവൾ ഇപ്പോൾ ആ സ്ത്രീ ഇറങ്ങരുതേയെന്ന് പ്രാർത്ഥിച്ചു. ആ സ്ത്രീ അടുത്ത സ്റ്റോപ്പിലിറങ്ങിയപ്പോൾ ആരും അടുത്ത് വന്നിരിക്കരുതേയെന്നും അവൾ പ്രാർത്ഥിച്ചു.


അടുത്ത് നിന്നിരുന്നൊരാൾ അവളുടെ സീറ്റിൽ ചാരി നിന്നു.ഭാഗ്യം അടു ത്തിരുന്നില്ലല്ലോ... അവൾ ആശ്വസിച്ചു. അൽപനേരം കഴിഞ്ഞ്  പിൻ ഭാഗത്തെ ഏതോ ഒരു സീറ്റിലിരുന്നിരുന്ന ഒരാൾ അവളുടെ സീറ്റിലേക്ക് വന്നിരുന്നത് അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. അവളുടെ മടിയിലിരുന്ന ചെറിയ ബാഗെടുത്ത് അവൾ അവരു ടെ ഇടയിലായി വച്ചു.അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങിയപ്പോൾ അവളൊന്നാശ്വസിച്ചു. അവളെ കൂടാതെയുണ്ടായിരുന്ന രണ്ടു സ്ത്രീകളും അവിടെ യിറങ്ങി. പരിഭ്രമ ത്തോടെ അവൾ ചുറ്റിലും കണ്ണോടിച്ചു. ബസിൽ ഇപ്പോൾ അധികം ആളുക ളില്ല. എല്ലാരും ഇരുന്നിട്ടും ചില സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ചിലതിൽ ഒരാൾ മാത്രം. ഇനി നാലാമത്തേതാണ് അവളുടെ സ്റ്റോപ്പ്. ഇടവിട്ട് അവൾ വാച്ചിലേക്കും വിൻഡോയിലൂടെ പുറത്തേയ്ക്കും നോക്കിക്കൊണ്ടിരുന്നു


അടുത്ത സ്റ്റോപ്പിൽ രണ്ടു പേർ ഇറങ്ങി. എന്നിട്ടും ബസ് എടുക്കുന്നില്ല. അവൾ പരിഭ്രമത്തോടെ എത്തിനോക്കി. ബസിറങ്ങി കഴിഞ്ഞപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി തുക കിട്ടാനുള്ള കാര്യം അവർ ഓർത്തത്. കണ്ടക്ടർ കൊടുത്ത നോട്ടുകളിലൊന്നിലെ ചെറിയൊരു കീറലാണ് തർക്ക വിഷയം. എരിയുന്ന കനലിൽ നിൽക്കുന്ന അവസ്ഥയായിരുന്നു  അവൾക്കപ്പോൾ. ഏതാനും നിമിഷങ്ങൾക്കു ശേഷം ബസ് ഓടിത്തുടങ്ങിഒടുവിൽ അവളു ടെ സ്റ്റോപ്പിൽ ബസ് ഒരു ഞരക്കത്തോടെ നിന്നു. അവൾ ഇറങ്ങി.അവൾക്ക് പിന്നിലായി മറ്റൊരാളും. ചെറുതായി ചാറിക്കൊണ്ടിരുന്ന മഴയെ അവഗണി ച്ചു കൊണ്ടവൾ നടന്നു. അവൾ തല ചെറുതായി ചലിപ്പിച്ച് വലതു തോളിനു മുകളിലൂടെ പിന്നിലൂടെ വരുന്നയാളെ ശ്രദ്ധിച്ചു. ഒരു മദ്ധ്യവയസ്ക്കൻ. അവളുടെ പിന്നിലൂടെ മൊബൈലിൽ സംസാരിച്ചു കൊണ്ട് അയാൾ നടന്നു. ഇടക്ക് നടത്തവും ഇടയ്ക്ക് ഓട്ടവുമായി അവൾ മുന്നോട്ട് നീങ്ങി.മഴ ബലപ്പെട്ടു. അവൾ ബാഗിൽ നിന്നും കുടയെടുത്ത് നിവർത്തി. ചാർജ്ജ് തീർന്നെങ്കിലും അവൾ മൊബൈൽ എടുത്ത് അവൾ ചെവിയോട് ചേർത്തു. അവൾ ആഞ്ഞു നടന്നു. ഇടത് വശത്തായി ഉയരമുള്ള മതിലിന്റെ സംരക്ഷണയിൽ തലപൊക്കി നിൽക്കുന്ന മഠം കാണാം. സുരക്ഷയുടെ താഴിട്ടു പൂട്ടിയ ഗേറ്റിന്റെ അഴികൾക്കിടയിലൂടെ വ്യക്തമല്ലാത്ത ഒരു ദൃശ്യം മാത്രം കാണാം. കറുത്ത നിറമുള്ള ഒരു നായ വഴിയിലേക്ക് നോക്കി മുരണ്ടു.പൂത്തു നിൽക്കുന്ന ബോഗൻവില്ലച്ചെടികളുടെ ശാഖകൾ മതിലിനു മുകളിലൂടെ വഴിയിലേക്ക് ചാഞ്ഞു കിടന്നു. എതിർവശത്തെ ഒഴിഞ്ഞ പറമ്പിലെ ഇല്ലിക്കാടുകൾ കുഴലൂതി.

ഒരു നൂറു നൂറ്റമ്പതടി കൂടി കഴിഞ്ഞാൽ ഒരു വളവായി. വളവ് കഴിഞ്ഞ് കിട്ടിയാൽ രക്ഷപ്പെട്ടു. അവളോർത്തു. പിന്നെ കുറച്ച് ആൾ പെരുമാറ്റമുള്ള വഴിയാണ്. അവിടെ നിന്ന് അഞ്ചു മിനിട്ട് കൂടി നടന്നാൽ വീടെത്തും. അയാൾ അപ്പോഴും അവളുടെ പിന്നാലെ തന്നെയുണ്ടായി രുന്നു. ആ വളവ് പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും അവൾക്കു സമാധാനമായി. അവൾ അപ്പോൾ ഓടുകയായിരുന്നു. ഗേറ്റ് തുറന്ന് അവൾ വീട്ടിലേക്കോ ടി.ഉമ്മറത്ത് ആരുമില്ല. വാതിൽ മുട്ടിയപ്പോൾ അമ്മയാണ് വന്ന് വാതിൽ തുറന്നത്." ഇതെന്താ ഇപ്പോ. നീ സാധാരണ ശനിയാഴ്ചകളിലല്ലേ വരാറ്? നീയെന്താ ഫോൺ ചെയ്യാഞ്ഞത്."

ഒന്നിനും ഉത്തരം കൊടുക്കാതെ" എനിക്കെന്താ നേരത്തേ വന്നൂടേ" എന്ന് പരിഭവിച്ചു കൊണ്ട് അവൾ മുറിയിലേക്ക് കടന്നു. അന്നേറെ വൈകിയാണ് അവളുടെ അച്ഛൻ വന്നത്.ഒടുവിൽ അത്താഴത്തിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അവൾ സ്വപ്ന ലോകത്തിലേക്ക് കടന്നു. പെണ്ണ്കാണലിനുള്ള ഒരുക്കങ്ങൾ. ഇളം നീല നിറമുള്ള പട്ടു സാരി ചുറ്റി, മുടി നീള ത്തിൽ പിന്നിയിട്ട് , മുല്ലപ്പൂ ചൂടി ചായയുമായി ഇതുവരെ കാണാത്ത ഒരാൾക്കു മുമ്പിൽ, തല കുമ്പിട്ട് നിൽക്കുന്നതും , രോമാവൃതമായ ഉറച്ച മാംസപേശികളുള്ള കൈ നീണ്ടു വന്ന ചായ കപ്പ് എടുക്കുമ്പോൾ ആ കൈയുടെ ഉടമയെ ഒന്നു പാളി നോക്കുന്നതും, അച്ഛൻ പറഞ്ഞതനുസരിച്ച് അയാളോട് മാത്രമായി സംസാരിക്കുന്നതും അവൾ മനസ്സിന്റെ ക്യാൻവാ സിൽ വരച്ചു ചേർത്തു. ഇനി മുതൽ അയാളാണ് തന്റെ രക്ഷകൻ. തന്റെ യാത്രകളിൽ അയാൾ അകമ്പടി സേവിക്കും. തന്നെ ശ്യംഗാരക്കണ്ണുകളാൽ തുറിച്ചു നോക്കുന്നവരെ അയാൾ തന്റെ തീക്ഷ്ണ നോട്ടങ്ങളാൽ ദഹിപ്പിക്കും. തന്റെ ദേഹത്ത് അനാവശ്യമായി ഒരാളുടെ നിഴൽ പതിഞ്ഞാൽ പോലും അയാൾ അവനെ എതിർത്തു തോൽപ്പിക്കും.. തനിക്കു ചുറ്റും അയാൾ സുരക്ഷയുടെ ഒരു കവചം തീർക്കും. തന്നെ ജീവനു തുല്യം സ്നേഹിക്കും. സ്വപ്നങ്ങൾ കണ്ട് കണ്ട്, സ്വപ്നങ്ങളുടെ രാജകുമാരി എപ്പോഴോ ഉറക്കത്തി ന്റെ മടിയിലേക്ക് തലചായ്ച്ചു.

അടുത്ത ദിവസം പതിവിന് വിപരീതമായി അവൾ നേരത്തേ തന്നെ ഉണർന്നു. അമ്മയിട്ട ഒരു കട്ടൻ ചായ കുടിച്ചു ഉടനെ പോയി കുളിച്ചു വന്നു. കുറച്ചു സമയം കഴിഞ്ഞ് പ്രാതൽ ഒരുക്കി തീൻമേശയിൽ വച്ചിട്ട് മകളെ വിളിക്കാനായി പോയ അമ്മ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെട്ടു. ഈ കുട്ടി ഇന്നെന്താ എല്ലാം പതിവിന് വിപരീതമാണ ല്ലോ. " കുളിക്കാൻ പറഞ്ഞാലും മടി പിടിച്ച് പ്രാതൽ കഴിഞ്ഞിട്ടേ കുളിക്കൂ എന്ന് വാശി പിടിക്കാറുള്ള താ...വീട്ടിലെത്തിയാൽ ബാഗിൽ നിന്ന് തുണികൾ വലിച്ചു പുറത്തിട്ടാൽ പോകാൻ നേരം ഞാൻ വേണം ബാഗൊരുക്കി കൊടുക്കാൻ. ഇന്നിതാ ബാഗിൽ വസ്ത്രങ്ങളൊക്കെ ഒതുക്കി പെറുക്കി വയ്ക്കുന്നു." അമ്മയോർ ത്തു." ഇന്ന് ഇവൾക്കെന്താ പറ്റീത്?"

തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അമ്മ തന്നെ സ്വയം ചിന്തിച്ചെടു ത്തു.".... പെണ്ണിനെ കാണാൻ വരുന്നൂന്ന് പറഞ്ഞപ്പോ തന്നെ അവള് ഒരുക്കങ്ങൾ തുടങ്ങി. ങ്‌ഹും. ഇങ്ങനെ വേണം .... മറ്റൊരു വീട്ടിൽ ചെന്നു കേറാനുള്ളതല്ലേ...."

തീൻമേശയിൽ വന്നിരുന്ന് എടുത്തു വച്ച പ്രാതൽ കഴിച്ചതിനു ശേഷം ഉടനെ ബാഗെടുത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി." നീ എന്താ ഈ കാണിക്കുന്നേ. എവിടെ പോകുന്നു.?...
അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ല.

അച്ഛൻ ചോദിക്കുന്നു." നാളെ അവർ നിന്നെ കാണാൻ വരുമ്പോൾ ഞാനെന്തു പറയും? നീ സമ്മതിച്ചത് കൊണ്ടല്ലേ നാളെ..." ചോദ്യം മുഴുമിപ്പിച്ചില്ല.

മറുപടി അതിനും കിട്ടിയില്ല.

അവളെ പോകുന്നതിൽ നിന്ന് തടയാൻ അവർ ആവത് ശ്രമിച്ചു.

അവൾ മനസ്സിലുരുവിട്ടു:" എന്നെ സംരക്ഷിക്കാൻ എനിക്ക് തന്നെ കഴിയണം. മറ്റുള്ളവർ ചില നേരങ്ങളിൽ സംരക്ഷകരായേക്കാം. ഇതുവരെ പരിചയമില്ലാത്തൊരാൾ വന്ന് എന്റെ രക്ഷകനാകുമെന്ന് വിശ്വസിയ്ക്ക വയ്യ. സ്വയം വിറ്റഴിക്കപ്പെടേണ്ട ഒരു ഉപഭോഗവസ്തു പോലെ ആരുടേയും മുമ്പിൽ പ്രദർശിപ്പിക്കാനും ഇനി ഞാനില്ല. എന്റെ സംരക്ഷണം എന്റെ ചുമതല."
ജീൻസും ഷർട്ടും ധരിച്ച് മുടിയൊതുക്കി വച്ച് ബാഗ് ഇരു തോളുകളിലുമായി തൂക്കി, മൂർച്ചയുള്ളൊരു കത്തി ഇടുപ്പിൽ തിരുകി പടി കടന്ന് അവൾ പോകുന്നത് അവർ നോക്കി നിന്നു.








Sunday, 22 September 2019

ബാൽക്കണിയിലെ കസേര

                    
                          ദൂരക്കാഴ്ച മറയ്ക്കുന്നൊരു മൂടുപടം സൃഷ്ടിക്കുകയായിരുന്നു അപ്പോ ൾ മഴ. അടയ്ക്കാത്ത ജാലകങ്ങൾ, കാറ്റിൽ താളം തെറ്റിയ മഴത്തുള്ളി കൾക്ക് അകത്തേക്ക് പ്രവേശനമൊരുക്കി. നിരത്തുകളിലൂടെ മഴവെള്ളം പുഴയായൊ ഴുകി. വൈകിട്ട്  സ്കൂളുകളിൽ കൂട്ടമണി മുഴങ്ങിയ നേരം. വീടണയാൻ വെമ്പൽ  കൊള്ളുന്ന കുഞ്ഞു മനസ്സു കൾ. ചെറുതും വലുതുമായ പലതരം വാഹനങ്ങളുടെ ചീറിപ്പായലുകൾ. മഴ നനഞ്ഞ ചില ശ്വാനന്മാർ കടത്തിണ്ണ കൾ തേടി. ഇലച്ചാർത്തുകൾ കുട പിടിച്ച മരച്ചില്ലകളിലിരുന്ന് ചിറകുകൾ കുടഞ്ഞു കൊണ്ട് കാക്കക്കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു ചില കാകന്മാർ.

                        മഴ ചാറ്റൽ വക വയ്ക്കാതെ വൃദ്ധ ബാൽക്കണിയിലെ പഴയ ഇരുമ്പു കസേരയിലിരുന്ന് വെറുതെ മഴയിലേക്ക് നോക്കുകയായിരുന്നു.തെങ്ങിൻ തലപ്പുകൾ കാറ്റിനൊപ്പം നൃത്തം വച്ചു. മരങ്ങൾ തലകുനിച്ചു നിന്ന് മഴയിൽ കുളിച്ചു .ശരീരത്തിൽ പതിച്ച മഴത്തുള്ളികളെ വൃദ്ധ ഗൗനിച്ചതേയില്ല. എങ്ങു നിന്നെന്നറിഞ്ഞില്ല, തിടുക്കത്തിൽ ഒരു മൈന പറന്നു വന്ന് ബാൽക്കണി യുടെ കൈവരിയിൽ ഇരിപ്പുറപ്പിച്ചു. അത് ചിറകുകൾ നിവർത്തിക്കുട യുകയും ശരീരത്തിലെ തൂവലുകൾ വിറപ്പിക്കുകയും ചെയ്തു.വൃദ്ധ മൈനയെ സാകൂതം നോക്കി. മൈന അങ്ങുമിങ്ങും നീങ്ങുകയും തിരിയുകയും ചെയ്തു കൊണ്ടിരുന്നു. അവർ മൈനയ്ക്കു നേരേ തന്റെ വലതുകരം നീട്ടി. അല്പം ഭയന്നിട്ടെന്ന പോലെ ഒന്നു ഞെട്ടി അല്പം ഉയർന്നു പറന്നിട്ട് വീണ്ടും കൈവരി യിൽ സ്ഥാനമുറപ്പിച്ചു. മൈനയുടെ സംശയ ഭാവം മെല്ലെ സൗഹൃദഭാവ ത്തിനു വഴി മാറി. വൃദ്ധയുടെ നീട്ടിപ്പിടിച്ച വലതുകരത്തിൽ അവൻ
തെല്ലൊരു മടിയോടെയെങ്കിലും വന്നിരുന്നു .

                    വൃദ്ധ ചോദിച്ചു: നീയ് ഒറ്റയ്ക്കേയുള്ളൂ?"
മൈന വൃദ്ധയെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി." ഞാനും നിന്നെ പോലെ തന്നെ ഒറ്റയാ" എന്ന് പറഞ്ഞു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു.   അപ്പോൾ ഇരു കണ്ണുകളുടേയും കോണുകളിൽ വരകൾ രൂപപ്പെടുകയും യൗവനത്തിലെ സൗന്ദര്യ ലക്ഷണമായിരുന്ന നുണക്കുഴി, കവിളിലെ വരകളോടൊപ്പം ചേർന്ന് വലിയ വരകളാകുകയും ചെയ്തു. അല്പനേരത്തെ സംഭാഷണം അവർക്കിടയിൽ ഒരപൂർവ്വ സൗഹൃദത്തിന് നാന്ദി കുറിച്ചു.

                  അപ്പോഴേയ്ക്കും മഴ പെയ്തു തോർന്നിരുന്നു. വൃദ്ധ എഴുന്നേറ്റ് തറയിലെ വെള്ളത്തുള്ളികളിൽ തെന്നാതെ സൂക്ഷ്മതയോടെ കൈവരിയിൽ പിടിച്ച് അടിവച്ചടി വച്ച് മുറിക്കുള്ളിലേക്ക് പോവുകയും ഏതാനും നിമിഷങ്ങൾക്കകം കൈക്കുമ്പിളിൽ ധാന്യങ്ങളുമായി തിരികെ വരുകയും ചെയ്തു. വൃദ്ധ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പോലെ മൈന കസേര ക്കയ്യിൽ ഇരിപ്പുണ്ടായിരുന്നു." നിനക്കിതൊക്കെ ഇഷ്ടാവോ" ന്നു ചോദിച്ചു കൊണ്ട് വൃദ്ധ കസേരയിലിരുന്ന് കൈക്കുമ്പിൾ തുറന്ന് മൈനയ്ക്കു നേരെ നീട്ടി. വളരെ ഇഷ്ടത്തോടെ അവൻ അത് കൊത്തിക്കൊറിക്കുകയും സ്നേഹ വായ്‌പ്പോടെ വൃദ്ധയെ നോക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്കിടയിൽ ഗാഢമായ ഒരു ആത്മബന്ധം സംജാതമായി.

                മറ്റൊരു ദിവസം....
ബാൽക്കണിയിലെ ഇരുമ്പുകസേരയിൽ ഇളം നീലയിൽ വെള്ളപ്പൊട്ടുകളു ള്ള നൈറ്റി ധരിച്ച് വൃദ്ധ ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് ഇരുന്നു. ഇളം തെന്നലിൽ മുഖത്താകെ വീണു പറന്ന നര കയറിയ മുടിയിഴകളെ അവർ ചുളിവു വീണ വിരലുകളാൽ ചെവിക്കു പിന്നിലേക്ക് ഒതുക്കി. കൈകളിലേക്ക് പൊഴിഞ്ഞു വീണ വെള്ളിനൂലു പോലുള്ള മുടിയിഴകളെ കൈവിരലുകളാൽ ചുരുട്ടി അവർ ഒരു ഗോളമാക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും അവൻ ബാൽക്കണി യുടെ കൈവരിയിൽ വന്നെത്തിയിരുന്നു. ഇമ്പമാർന്ന ശബ്ദത്താൽ അവൻ  വൃദ്ധയുടെ ശ്രദ്ധയെ ക്ഷണിച്ചു. വൃദ്ധയുടെ കൈവിരലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുടിച്ചുരുളുകൾ വായുവിലൂടെ സഞ്ചരിച്ചു.

            മുഖത്ത് പ്രത്യക്ഷമായ സന്തോഷത്തെ കൃത്രിമമായ പരിഭവം കൊണ്ട് മറച്ചിട്ട് വൃദ്ധയാരാഞ്ഞു." ങ്‌ഹും.. ൻന്തേ ഇന്നു വൈകീത്? പ്പോ.. ന്നെ ഇഷ്ടല്യാണ്ടായീ.. ല്ലേ നിനക്ക്? നിനക്കെന്താ കൂട്ടുകാരിയെ കിട്ടിയോ? എന്ന് ചോദിച്ചു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. ചിരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.  നീണ്ട ഒരു ചുമയിലാണ് ആ ചിരി ചെന്നവസാനിച്ചത്. വൃദ്ധയുടെ ചിരി, സന്തോഷം പടർത്തിയ അവന്റെ മുഖത്ത് ചുമ ആശങ്ക പരത്തി. അവൻ ചിറകുകൾ പടപടാ അടിക്കുകയും ഉയർന്നു പൊങ്ങുകയും വീണ്ടും ഇരിക്കുകയും തലവെട്ടിച്ച് അങ്ങുമിങ്ങും നോക്കുകയും ചെയ്തു." നീ ഭയന്നു പോയോ" എന്ന് ചോദിച്ച് വൃദ്ധ വീണ്ടും ചിരിച്ചപ്പോൾ, അവൻ  കസേരക്കയ്യിൽ വന്നിരുന്നു.അപ്പോൾ അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിരുന്നു.

                    കസേരക്കാലിനടുത്തിരുന്ന പാത്രത്തിൽ നിന്നും ധാന്യങ്ങൾ വലം കൈയിലേക്ക് പകർന്ന് വൃദ്ധ അവനു നേരെ നീട്ടി. ധാന്യ മണികൾ കൊറി ക്കുമ്പോൾ വൃദ്ധ ഇടം കൈ കൊണ്ട് അവന്റെ തലയിലെ നനുത്ത തൂവലു കളിൽ തലോടി. " എന്റെ മോനും ഇതു പോലെ ഞാൻ തലോടിക്കൊടുക്കു മായിരുന്നു. അവൻ കുട്ടിക്കാലത്ത് എപ്പോഴും തലോടലിനായി എന്റെ അരികിൽ വന്നിരിക്കുമായിരുന്നു." ഞാൻ വളർന്ന് വലിയ ആളായി കഴി ഞ്ഞാലും അമ്മ ഇങ്ങനെയാക്കിത്തരണം" എന്ന്  കൊച്ചു കുട്ടിയുടെ ശബ്ദ മനുകരിച്ചു കൊണ്ട് പറഞ്ഞിട്ട് വൃദ്ധ തുടർന്നു" ഇങ്ങനെയൊക്കെ പറഞ്ഞ അവനിന്നെവിടെ.... ന്നെ തനിച്ചാക്കി പോയില്ലേ?"

                   അപ്പോൾ ആകാശത്തിന്റെ പടിഞ്ഞാറൻ അതിരുകളിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. വൃദ്ധ അകലങ്ങളിലേക്ക് നോക്കി. മേഘങ്ങളിൽ നിന്ന് മഴ അലിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കൽക്കട്ടാ ജീവിതകാലത്ത് അബനീദ്രനാഥ് ആർട്ട് ഗ്യാലറിയിൽ കണ്ട ' നിരഞ്ജൻ ചൗധരി' യുടെ മഴമേഘങ്ങൾ എന്ന ജലച്ചായ ചിത്രം അവരുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിഞ്ഞു വന്നു. വൃദ്ധ നോക്കിയിരിക്കേ മഴമേഘങ്ങളലിഞ്ഞിറങ്ങി മഴയിങ്ങടുത്തേക്ക് വന്നു. വൃദ്ധയുടെ ഓർമ്മകളും മഴയിലേക്കലിഞ്ഞിറങ്ങി.

                   അവർ ഒരു സ്വപ്നത്തിലെന്നവണ്ണം പറഞ്ഞു തുടങ്ങി." മായേച്ചീടേം മോഹനേട്ടന്റേം ഒപ്പാണ് ഞാനന്ന് പള്ളിക്കൂടത്തിൽ പോയ് കൊണ്ടിരുന്നത്. വീടിന്റെ തെക്കുവശത്തുള്ള പാടത്തിന്റെ വരമ്പത്തു കൂടെ നടന്നു വേണം റോഡിലേക്കെത്താൻ. അവിടന്ന് ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി നടന്നാൽ പള്ളിക്കൂടത്തിലെത്താം. വെള്ളത്തുള്ളി താളം തുള്ളിക്കളിക്കുന്ന ചേമ്പില പറിച്ചു തരുമായിരുന്നു അന്നൊക്കെ മോഹനേട്ടൻ. ആ ചേമ്പിലയിൽ ഉരുണ്ടുകളിക്കണ വെള്ളത്തുള്ളി താഴെവീണുടയാതെ കൊണ്ടു പോകുന്നത് എനിക്കൊരു ഹരമായിരുന്നു. ആ തുള്ളീലേക്ക് സൂക്ഷിച്ചു നോക്കിയാല് ആകാശത്തിന്റെ നീലേം മരങ്ങളുടെ പച്ചേം, എന്തിന് ഈ ലോകം മുഴുവൻ തന്നെ കാണാം.

                   ഞങ്ങള് മൂവരും അന്നൊക്കെ മുത്തശ്ശന്റെ കാലൻകൊട പിടിച്ചാ നടന്നിരുന്നത്. മുത്തശ്ശൻ മരിച്ചു പോയപ്പോ മുത്തശ്ശന്റെ അധികാരചിഹ്നമാ യിരുന്ന ആ കൊട ഒരു വവ്വാലിനെ പോലെ ഉത്തരത്തിൽ തഴകീഴായി തൂങ്ങി ക്കിടന്നിരുന്നു. പിന്നത്തെ കാലവർഷത്തിന് അമ്മ ആ കൊടയെടുത്ത് ഞങ്ങൾക്ക് തന്നു.

                 കോരിച്ചൊരിയുന്ന മഴ പെയ്ത ഒരുസായാഹ്നം. പള്ളിക്കൂടത്തിൽ നിന്നു തിരികെ വരുമ്പോൾ മായേച്ചി എന്റെ ഇടത്തും മോഹനേട്ടൻ എന്റെ വലതുമായി നടന്നു. പാട വരമ്പിന്റെ അരികിലെ തോട്ടിലെ വെള്ളത്തിൽ പറ്റം പറ്റമായ് നിറയെ ചെറുമീനുകൾ. മീനുകളെ പിടിച്ചു തരണമെന്ന് ഞാൻ വാശി പിടിച്ചപ്പോഴാണ് മോഹനേട്ടൻ ആ കാലൻകൊട മലർത്തിപ്പിടിച്ച് വെള്ളത്തിൽ മുക്കിയത്. വെള്ളത്തോടൊപ്പം മീനുകൾ കുടയിൽ കയറിയിട്ടുണ്ടാകം എന്ന് പ്രതീക്ഷിച്ച് മഴയിൽ കുതിർന്ന ഞാൻ കൈ കൊട്ടി തുള്ളിച്ചാടി. മോഹനേട്ടൻ കുട സാവധാനം ഉയർത്തി. ഒരൊറ്റ മീൻ പോലു മില്ല. എല്ലാ ജീവികൾക്കുമുണ്ട് ഇങ്ങനെയൊരു സഹജവാസന. പ്രാണന് ആപത്ത് വരുന്ന വേളകളിൽ സ്വജീവനെ എങ്ങനെ രക്ഷിക്കാമെന്ന് ഭ്രൂണാ വസ്ഥയിൽ തന്നെ ഒരോ ജീവികളും പഠിക്കുന്നു. മോഹനേട്ടന്  വാശിയായി. കൊട വീണ്ടും വെള്ളത്തിൽ മുക്കി ഉയർത്തി, ഒന്നല്ല പലവട്ടം. മീനുകൾ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു. കൊടയിലെ വെള്ളത്തിലെ തുറിച്ചു നോക്കുന്ന ഞങ്ങളുടെ മുഖങ്ങൾ കൊട വീണ്ടും താഴ്ത്തിയപ്പോൾ വെള്ള ത്തിൽ വീണു പൊട്ടി. അനുഭവസമ്പത്താൽ നേടിയെടുത്ത കൃത്യത യും ചടുലമാർന്ന കൈവഴക്കത്താലും പന്ത്രണ്ടാം തവണ മോഹനേട്ടൻ നാലു ചെറുമീനുകളെ കൊടയിലാക്കുക തന്നെ ചെയ്തു.


            യുദ്ധത്തിൽ വിജയം വരിച്ച യോദ്ധാവിനെ പോലെ മോഹനേട്ടൻ അട്ടഹസിച്ചു. ഇടംകൈത്തണ്ടയിൽ മലർത്തി പിടിച്ച കുട തൂങ്ങിക്കിടന്നു. കൊടയിലെ കുളത്തിൽ നാലു ചെറുമീനുകൾ നീന്തിത്തുടിച്ചു. ഉണ്ണുമ്പോൾ എന്നും മുത്തശ്ശി വാഗ്ദാനം ചെയ്തിരുന്ന ആകാശത്തെ അമ്പിളിയെ കൈയിൽ കിട്ടിയ പോലെ ഞാൻ സന്തോഷത്തിലാറാടി. മായേച്ചീടെ കണ്ണുകളിൽ മോഹനേട്ടനോടുള്ള ആരാധനാഭാവം സ്ഫുലിംഗങ്ങളായി മാറി. മോഹനേട്ട നുള്ളതാണ് മായേച്ചിയെന്ന് മാമൻ പലപ്പോഴും അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. അത് മായേച്ചിക്കും അറിയാം. ഇതോടു കൂടി മായേച്ചി എന്തായാ ലും മോഹനേട്ടനെ മനസാ വരിച്ചു എന്നു തന്നെ ഊഹിക്കാം.

              അപ്പോഴാണ് മൂവർക്കും സ്ഥല കാല ബോധം ഉണ്ടായത്. പുസ്തക സഞ്ചി യടക്കം ആകെ നനഞ്ഞു കുളിച്ചു. എന്റെ ഇരുവരിയിലേയും പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ആരും ഉമ്മറത്തുണ്ടാകല്ലേയെന്ന് കാവിലെ ഭഗവതിയെ വിളിച്ച് പ്രാർത്ഥിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു. അമ്മ അടുക്കള യിൽ ചായക്ക് കടിയുണ്ടാക്കുന്ന തിരക്കിലായിരിക്കണം. വല്യമ്മ മിക്ക വാറും ജോലിക്കാർ പോകുന്നത് വരെ പിന്നാമ്പുറത്ത് തന്നെയാകും. ജോലി കൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നും കാന്തി മതി അങ്ങേലെ നാരായണ നുമായി കൊഞ്ചുന്നുണ്ടോയെന്നും സൂക്ഷ്മനിരീക്ഷണം നടത്തലാണ് വല്യമ്മേടെ മുഖ്യപണി." ഒന്നു കണ്ണു തെറ്റിയാ ഇവറ്റകളൊന്നും പണിയെടു ക്കൂല.ഒരോ കുനിഷ്ടും കുന്യായ്മേം പറഞ്ഞോണ്ടിരുന്നോളും.? വല്യമ്മേടെ ഈ പരാതികൾ നാലു ചുമരുകളിൽ തട്ടി എപ്പോഴും അലയടിച്ചു കൊണ്ടി രിക്കും."

             അഴിഞ്ഞു വീണ മുടിക്കെട്ടിനെ രണ്ടു കൈകൾ കൊണ്ടും വകഞ്ഞെ ടുത്ത് ചുറ്റിപ്പിടിച്ച് ഉയർത്തി ഒരു വട്ടം കറക്കി ഒരു നീണ്ട ഗോളാകൃതിയി ലാക്കി തലയ്ക്കു പിന്നിൽ കെട്ടിവച്ചു കൊണ്ട് " നീ വല്ലതും കേക്കണു ണ്ടാ"യെന്ന് മൈനയെ നോക്കി വൃദ്ധ ചോദിച്ചു. അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിന്നു." നിനക്കീ കഥയൊക്കെ രസിക്കണൊണ്ടാ?" എന്ന വൃദ്ധയുടെ ചോദ്യത്തിന് ചിറകനക്കി കൊക്കൊന്ന് പിളർന്ന് ഒരുചെറുശബ്ദ ത്താൽ ഇഷ്ടമറിയിച്ചു.

            " ങ്‌ഹും... നിനക്കറിയാൻ കൊതിയായല്ലേ അന്നെനിക്ക് അടി കിട്ടിയോന്ന്...... ന്നാ കേട്ടോ..." അവന്റെ കണ്ണുകളിൽ ഉത്സാഹം തിരി തെളിച്ചു.
   " പിന്നാമ്പുറത്തായിരിക്കും എന്ന് വിചാരിച്ചിരുന്ന വലിയമ്മ പൂമുഖത്ത് അരമതിലിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അമ്മ അങ്ങുമിങ്ങും ഉലാത്തു ന്നു. പോരാത്തതിന് വലിയമ്മയുടെ മകൻ ശ്രീരാമേട്ടൻ പൂമുഖത്തെ ചാരുക സേരയിൽ നീണ്ടു നിവർന്നു കിടക്കുന്നു. എല്ലാ കണ്ണുകളും കൂരമ്പുകളായി.

              " ന്തായീ കാണണേ.. വെള്ളത്തിൽ വീണോ കൂട്ട്യോള്.. പള്ളിക്കൂടം വിട്ടാല് നേരെയിങ്ങു പോന്നോണംന്ന് പറഞ്ഞിട്ടില്ലേ... കണ്ട അസത്ത് ജാതി ക്കുട്ട്യോളുടെ കൂടെ കളിച്ചിട്ടുണ്ടാകും. സമയെത്രായീന്ന് വല്ല നിശ്ച്യോണ്ടോ മൂന്നിനും" ഒറ്റശ്വാസത്തിലുള്ള അമ്മയുടെ ചോദ്യങ്ങൾ തണുത്ത ശരീരത്തിന് മേൽ തീ കോരിയിട്ടു.
           
              മായേച്ചീം മോഹനേട്ടനും ഉമ്മറച്ചുമരിൽ തൂങ്ങിയിരുന്ന ഗമണ്ടൻ ക്ലോക്കിലേക്ക് നോക്കി. സമയം നോക്കാൻ വലിയപിടിയില്ലാതിരുന്ന എനിക്ക് അവരുടെ മുഖഭാവത്തിൽ നിന്നും പക്ഷെ കാര്യം പിടി കിട്ടി യിരുന്നു. നാലു മണിക്ക് തിരികെ എത്താറുള്ള ഞങ്ങൾ അന്നെത്തിയത് അഞ്ചരക്കാണ്.
             

            ഞങ്ങൾ ഉമ്മറത്തേക്ക് കയറിയതും" ഇതു കണ്ടോ ചിറ്റേ ഇവർ അസത്തു പിള്ളേരെ പോലെ തോട്ടീന്ന് മീൻ പിടിച്ചു നിന്നാ നേരം കളഞ്ഞത്" എന്ന് പറഞ്ഞതും കൊട പിടിച്ചു വാങ്ങി മുറ്റത്തേക്ക് വെള്ളം കമിഴ്ത്തി ക്കളഞ്ഞതും ഞൊടിയിടയിൽ കഴിഞ്ഞു. നാലു ചെറുമീനുകൾ പ്രാണവായു വിനായ് വായ് പിളർന്നു.

            " ഡാ..രാമാ.... കുട്ട്യോളെ വെഷമിപ്പിക്കാതെ... സരോജം.... അവർക്കൊരു കുപ്പിയെടുത്ത് കൊട്" എന്ന വല്യമ്മയുടെ വാക്കുകൾ വായിൽ നിന്നും മുഴുവനായ് പുറത്തേയ്ക്ക് വീഴും മുമ്പേ മോഹനേട്ടൻ വെള്ളം നിറച്ച കുപ്പിയുമായ് മുറ്റത്തെത്തി ചെറുമീനുകളെ കൈവെള്ള യിലെടുത്ത് കുപ്പിയിലേക്കിടുകയും ചെയ്തു. ചെകിള യനക്കി മീനുകൾ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും, വാലാട്ടിക്കൊണ്ട് നന്ദിയും പ്രകടിപ്പിച്ചു.

              മീനിനെ ഇടാനായി കുപ്പിയിൽ അവശേഷിച്ചിരുന്ന മൂന്നാലു വറ്റൽ മുളകുകൾ അടുപ്പിലേക്കിട്ടതും അത് കരിഞ്ഞ ഗന്ധം ഉയർന്ന് അമ്മയും വല്യമ്മയും മത്സരിച്ച് തുമ്മിയതും മോഹനേട്ടന് ശകാരം കിട്ടിയതും എല്ലാം അതിന്റെ ബാക്കിപത്രം."
" ഓർത്തു ചിരിക്കാനായിട്ട് ഇങ്ങനെ കൊറേയുണ്ട് ജീവിതത്തിൽ. നിനക്കിങ്ങനെ  കഥ വല്ലതുമുണ്ടോ പറയാനായിട്ട് ?.... ഒരു അർദ്ധ വിരാമത്തിനു ശേഷം വൃദ്ധ തുടർന്നു" ങ്‌ഹും... നിനക്ക് കഥ കേട്ടിരിക്കാനാ ണിഷ്ടം ന്നെനിക്കറിയാം." പകൽ വിളക്ക് അപ്പോഴേക്കും മറഞ്ഞിരുന്നു." കഥ പറഞ്ഞ് സമയം പോയത് ഞാനറിഞ്ഞില്ല."

മൈന മനസ്സില്ലാ മനസ്സോടെ ഒരു ചെറുപുഞ്ചിരിയാൽ യാത്ര ചൊല്ലി.

         ബാൽക്കണിയിലെ ഇരുമ്പു കസേരയിലെ കാത്തിരുപ്പ് വൃദ്ധയുടെ നിത്യകർമ്മമായ് മാറിയിരുന്നു. മറ്റൊരു സായാഹ്നം, പതിവുതെറ്റിക്കാതെ പച്ച പുതച്ചു നിൽക്കുന്ന മലകളുടെ മാറിൽ നിന്നും മൈന വൃദ്ധയുടെ സമീപം പറന്നെത്തി." ആ മലയുടെ മുകളിലാണോ നിന്റെ വീട്?" എന്ന ചോദ്യത്തിന് അവൻ സമ്മത ഭാവത്തിൽ ശിരസ്സനക്കി." നിനക്കറിയോ ആ മലയുടെ താഴ്വരയിലാണ് ഞാൻ ജനിച്ചു വളർന്ന വീട്. ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വീട്. അവന്റെ മിഴികളിൽ ജിജ്ഞാസ നിറഞ്ഞു നിന്നു.

       
           " ഞാനെങ്ങനെ ഇവിടെത്തീന്നല്ലേ നിന്റെയീ നോട്ടത്തിന്റെ യർത്ഥം". എന്റെ മംഗലമെല്ലാം കഴിഞ്ഞ് ന്റെ നാരാണേട്ടന്റെ കൂടെ കൽക്കട്ടായി ലായിരുന്നു കൊറേക്കാലം. മക്കള് രണ്ടാളും അവിടെത്തന്നാ ജനിച്ചതും വളർന്നതും. മൂത്തവനില്ലേ.. വിനയൻ.. അവനിപ്പോഴും അവിടെത്തന്നാ... ഒരു ബംഗാളിപ്പെണ്ണിനെയാ അവൻ കെട്ടീത്...." വൃദ്ധമുഖം താഴ്ത്തി ഒന്ന് ഒതുക്കിച്ചിരിച്ചു. "അവന് മൊഹബത്തായിരുന്നു."

               നാരാണേട്ടൻ ജോലീന്ന് റിട്ടേറായപ്പോ പിന്നെ ലക്കിടീലെ നാരാണേട്ട ന്റെ വീട്ടിലായിരുന്നു താമസം. പിന്നെ നാരാണേട്ടനങ്ങു പോയേ.... എന്നെ ക്കൂടി കൊണ്ടോണം ന്നു പറഞ്ഞിട്ട് കേട്ടില്ല. എപ്പഴും ഞാൻ അടുത്ത് വേണം ന്ന് നിർബന്ധം ഉള്ള ആളാരുന്നു. ന്നിട്ടെന്താ...? ന്നെ തനിച്ചാക്കി പോയില്ലേ...... ന്നെ കൂട്ടാനുള്ള സമയാവുമ്പോ ഇങ്ങു വരാംന്നു പറഞ്ഞിട്ടുണ്ട്. ന്റെ സമയം എപ്പഴാണോ....."

             ഞാനവിടെ തന്നെ നിന്നോളാംന്നു പറഞ്ഞതാ... പക്ഷേ ന്റെ എളേ മോനില്ലേ.. രാജീവൻ... അവനൊരേ നിർബന്ധം.." അമ്മ ഒറ്റയ്ക്കൊന്നും നിക്കണ്ട. കൂടെ പോന്നാ മതീന്ന്......" പ്രായാകുമ്പോ അങ്ങനാ... പിന്നെ... മക്കള് പറഞ്ഞാ പിന്നെ അച്ഛനമ്മമാര് അനുസരിക്കണം.

             രഹസ്യമായൊരു ആഗ്രഹം ന്റെ മനസ്സിലും  ഉണ്ടായിരുന്നു ഇങ്ങു പോരുമ്പോഴ്... ദൂരെ ആ മലയുടെ താഴ്വാരത്തിൽ ഉള്ള എന്റെ തറവാടു ണ്ടലോ.... ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ആ വലിയ വീട്. അവിടെ ചെന്ന് ഞാനൊന്ന് വിളിച്ചാ മതി.... കൊച്ചുപാവാടയും ബ്ലൗസുമണിഞ്ഞ മായേച്ചി യും ട്രൗസറും ഷർട്ടുമണിഞ്ഞ മോഹനേട്ടനും ഇറങ്ങിവരും... എനിക്കുറപ്പാ... ഞാനും കുഞ്ഞുടുപ്പൊക്കെയിട്ട് ... വീണ്ടും പാട വരമ്പിൽ കൂടെയൊക്കെ യങ്ങനെ......... ഒരു നെടു നീളൻ നിശ്വാസത്തോടെ അവർ പറഞ്ഞു നിർത്തി.  നിശ്ശബ്ദമായ ചില നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നു." നാരാണേട്ടൻ വന്നു വിളിക്കും മുൻപ് ഒരു ദിവസമെങ്കിലും അവിടെ താമസി ക്കണം ന്നാഗ്രഹംണ്ട്.... പക്ഷേ രാജീവൻ സമ്മതിക്കില്ല ല്ലോ."


            വൃദ്ധ രഹസ്യം പറയുന്ന പോലെ ശബ്ദം താഴ്ത്തിക്കൊണ്ട് മൈനയോട് പറഞ്ഞു." ആരും കേക്കണ്ട. രാജീവന് നാരാണേട്ടന്റെ സ്വഭാവം തന്നാ.... അവിടെ വൃത്തീല്ല... ഇവിടെ വൃത്തീല്ല... അതൊക്കെ പ്പോ ജീർണിച്ചു കെടക്കയാവും... ഓടൊക്കെ എളകീട്ടുണ്ടാകും.... തട്ടിൻ പൊറത്തൊക്കെ എലികളുടെ ബഹളാവും.... അസുഖം വരാൻ പിന്നെ വേറെ കാരണോന്നും വേണ്ട.ഇതൊക്കെയാ അവന്റെ ഒരോ ചിന്തകള് ." അവർ മുഖത്തോട് ചേർത്ത് പിടിച്ചിരുന്ന വലം കൈപ്പത്തി താഴ്ത്തിക്കൊണ്ട് കുലുങ്ങിച്ചിരിച്ചു.

            സമ്മതിക്കില്ലാന്ന് ഉറപ്പുണ്ടായിട്ടും വൃദ്ധ മകനോട് ആഗ്രഹം മറച്ചു വച്ചില്ല ." അമ്മ ഇപ്പോ അങ്ങോട്ടൊന്നും പോവണ്ട. അവിടെപ്പോ ആരും ഇല്ലല്ലോ.. പിന്നെ ആരെക്കാണാനാ.... ഇവിടെ ഞാനും ദേവൂം മോളൂട്ടീം ഒക്കെയില്ലേ?" അവർ മകനോട് പിന്നൊന്നും പറഞ്ഞില്ല. 

         " എനിക്ക് നിന്നെപ്പോലെ പറക്കാനറിയുമായിരുന്നെങ്കിൽ ഞാനങ്ങ് പറന്നുപോയേനേ....."
മൈന ഒരു ശബ്ദമുയർത്തി." ഓ... മകനോടൊപ്പം വന്ന ഞാനെങ്ങനെ ഒറ്റയ്ക്കായീന്നലേ നിന്റെ സംശയം. ഞാൻ പറയാം... ന്റെ മോന് നല്ലൊരു ഓഫറു വന്നു, അങ്ങ് നെതർലന്റ്സിൽ... എത്രയോ നാളത്തെ പ്രാർത്ഥനേ ടേം പരിശ്രമത്തിന്റേം ഒക്കെ ഫലാ.... അമ്മമാരെപ്പഴും മക്കൾക്ക് നല്ലത് ഭവിക്കണം ന്നലേ മോഹിക്കൂ..... ".
               പിന്നീടുള്ള ദിവസങ്ങളിൽ രാജീവനും ദേവൂം എന്തൊക്കെയോ ഗൗരവതരമായി ചർച്ച ചെയ്യുന്നതും ചിന്തിക്കുന്നതും ഒക്കെ കണ്ടു. ഞാനതിലൊന്നും തല ഇട്ടില്ല.എന്തിനേറെ പറയുന്നു. ദേവൂം മോളും അവനോടൊപ്പം പോയി. ഞാനിവിടെ ഇങ്ങനെ ഒറ്റയ്ക്കായി. മാളൂട്ടി ഉണ്ടെങ്കീ അവളോരോ വർത്തമാനങ്ങൾ പറഞ്ഞിരിക്കും.അന്ന് ഞാൻ പറഞ്ഞതാ ന്നെന്റെ തറവാട്ടിൽ കൊണ്ടു വിട്ടാമതീന്ന്. അതാവുമ്പോ ആ തൊടീലൊ ക്കെ ഒന്നിറങ്ങി നടക്കാം. അവിടെ മുറ്റമാകെ ഇലഞ്ഞിപ്പൂക്കൾ മെത്ത വിരിച്ചിട്ടുണ്ടാകും. പണ്ടൊക്കെ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കി യെടുത്ത് ഞങ്ങൾ മാല കോർക്കുമായിരുന്നു. ദാ... ഇപ്പഴും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എനിക്ക് ആസ്വദിക്കാം....

            അമ്മയ്ക്ക് പ്പോ ഇവിടെ എന്താ ഒരു കൊറവ് എന്നാണ് അവൻ എന്നോട് ചോദിച്ചത്." ഇവിടെ കൊറവുകളേയുള്ളൂ എന്ന് പറയാനാണ് എനിക്കപ്പോ തോന്നീത്.

അമ്മയ്ക്കൊരു ജോലിക്കാരിയെ ഏർപ്പാടാക്കീട്ടുണ്ട്.കൂടാതെ വിളിപ്പുറത്തെ ത്താൻ അടുത്ത ഫ്ലാറ്റുകളിലെല്ലാം താമസക്കാരുണ്ട്, സെക്യൂരിറ്റിയുണ്ട്, അമ്മ മണ്ണ് തൊടണ്ട, ആവശ്യമുള്ളതൊക്കെ ജോലിക്കാരിയെത്തിച്ചോളും" എന്നിങ്ങനെ ഫ്ലാറ്റിൽ ജീവിച്ചാൽ എനിക്കുണ്ടാകുന്ന മെച്ചങ്ങളെ അവൻ അക്കമിട്ട് നിരത്തി.

          മൈനയുമായുള്ള മുഖാമുഖം അവർ തുടർന്നു" അതന്നെ കുഴപ്പം. നിനക്കറിയോ മണ്ണിന്റെ ഗന്ധം എനിക്കെന്തിഷ്ടാന്ന് . ഒരോ മഴ പൊഴിയു മ്പോഴും മണ്ണിന്റെ ഗന്ധം നുകരാനായി ഞാൻ കാത്തിരിക്കും. പക്ഷെ, ഞാനിന്നൊരു ആകാശജീവിയല്ലെ... എല്ലാം എനിക്കന്യമാണ്. എനിക്കിഷ്ടമുള്ള തെല്ലാം ഇന്ന് അകലെയാണ്." ഉമ്മറത്തെ തൂണുകളിലൂടെ പടർന്നു പൂത്തു നിന്നിരുന്ന മുല്ല ച്ചെടികളിപ്പോഴും അവിടെക്കാണുമോ. മായേച്ചിക്ക് മുല്ലപ്പൂമാല മുടിയിൽ ചൂടാനായിരുന്നു ഇഷ്ടം,എനിക്ക് അവ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാനും...." വൃദ്ധ താഴേക്ക് കൈചൂണ്ടി." നീയതു കണ്ടോ...?"  ആകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ മിഴി തുറന്നത് പോലെ താഴെ പച്ചപ്പിൽ എണ്ണമറ്റ വെള്ളപ്പൊട്ടുകൾ." അവ മുല്ലപ്പൂക്കളല്ലേ?" എന്ന ചോദ്യത്തിന് മൈന മറുപടിയോതാതെ വൃദ്ധയുടെ ശരീരത്തിലേക്ക് നോക്കുകയാണ് ചെയ്തത്. പച്ച നിറത്തിൽ വെള്ളപ്പൊട്ടു കളുള്ള നൈറ്റിയാണ് അവർ ധരിച്ചിരുന്നത്.


                   അപ്പോൾ അവർക്ക് ശരീരത്തിൽ നിറയെ മുല്ല വള്ളികൾ പടർന്നു കയറിയതായും, മുല്ലപ്പൂവിന്റെ ഗന്ധം വായുവിൽ നിറയുന്നതായും അനുഭവപ്പെട്ടു. നിറഞ്ഞ ചിരിയോടെ അവർ ചോദിച്ചു" നിനക്കീ കഥകൾ മടുത്തുവോ?" അവൻ ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു.

         " നിനക്കെന്നെ പറക്കാൻ പഠിപ്പിക്കാവോ? മൈന ആവർത്തിച്ച് ചിറകടിച്ച് സന്തോഷം പ്രകടിപ്പിച്ചു. വൃദ്ധ തുടർന്നു." നിനക്കറിയില്ലല്ലോ.... അല്ലേലും ഞാൻ പറയാതെ നീയെങ്ങനാ അറിയുക. അന്നൊക്കെ അച്ഛൻ ലീവിനു വരുമ്പോ അച്ഛന്റെ കൈപിടിച്ച് ആ പാറയുടെ മുകളിലേക്ക് നടക്കാൻ പോകുമായിരുന്നു. അവർ അകലേക്ക് കൈ ചൂണ്ടി. ഒരിക്കൽ എനിക്കും പക്ഷികളെ പോലെ പറക്കാൻ പഠിക്കണംന്ന് ഞാൻ ശഠിച്ചു." നീ പഠിച്ച് പൈലറ്റാകൂ എന്നാണ് അച്ഛൻ തന്ന മറുപടി.

            " അല്ല എനിക്കിപ്പോ പറക്കണം ന്നു പറഞ്ഞ് കൈകൾ ഇരുവശങ്ങളി ലേക്കും നീട്ടിപ്പിടിച്ച് ഞാൻ മലമുകളിലേക്ക് ഓടി. അപ്പോൾ എന്റെ ഭാരം കുറയുന്നതായും വായുവിലൂടെ പറക്കുന്നതായും തോന്നി."

" നീയെന്നെ പഠിപ്പിച്ചാൽ ഞാൻ നിന്നോടൊത്ത് പറന്നു വരാം."

            ദിവസങ്ങൾ കടന്നു പോയിക്കൊണ്ടേയിരുന്നു. വൃദ്ധ കഥ പറയുകയും മൈന കേൾക്കുകയും ചെയ്തു കൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയായിരുന്നു. ഏറെ വൈകിയെങ്കിലും അവൻ പറന്നെത്തുമ്പോൾ പ്രതീക്ഷ കൈവെടിയാതെ വൃദ്ധ കാത്തിരിക്കുകയാ യിരുന്നു.

           " ഇന്നെന്തേ വൈകീത്?'' ഒരു ജാള്യത മായാതെ നിൽക്കുന്നത് കണ്ടിട്ട് വൃദ്ധ പറഞ്ഞു." ചിരിക്കു നീ.... എനിക്കൊരു പരിഭവോല്ലാട്ടോ..... ആരോടും ഇല്ല."

           '' കൊറേ കാര്യങ്ങളുണ്ട് ഇന്ന് പറയാൻ"..... ഒരു സ്വപ്നത്തിലെന്ന പോലെ അവർ പറഞ്ഞു തുടങ്ങി." നിനക്കറിയാലോ മോഹനേട്ടനെ... നീ വിചാരിക്കും പോലെ മായേച്ചീം മോഹനേട്ടനും തമ്മിലെ വിവാഹം നടന്നില്ല. മായേച്ചിയെ അങ്ങ് കോഴിക്കോടുള്ള ഒരു രാമദാസനാണ് കല്യാണം കഴിച്ചത്. അദ്ദേഹ ത്തിന് ഹരിയാനയിലായിരുന്നു ജോലി. മായേച്ചി അങ്ങു കൂടെ പോയി. ഏറെനാൾ മോഹനേട്ടൻ നിരാശാ കാമുകനായി നടന്നു. ഒടുവിൽ നരകയറി ത്തുടങ്ങിയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. മകളുടെ കല്യാണം ക്ഷണിക്കാനായി ഇന്ന് മോഹനേട്ടൻ വന്നിരുന്നു. എത്ര നാളുകൾക്ക് ശേഷമാണ് കാണുന്നത്. എനിക്ക് സന്തോഷായി.

            വൃദ്ധ അലമാരയിൽ നിന്ന് ആകാശനീലിമയാർന്ന ഒരു സാരിയെടുത്തു കൊണ്ടുവന്നു. അത് നിവർത്തി അവർ തോളിലൂടെ വിരിച്ചിട്ടു. മൈന സന്തോഷാധിക്യത്താലെന്ന പോലെ പലവട്ടം പറന്നുയരുകയും തിരിച്ചിരി ക്കുകയും ചെയ്തു.

                      " അതൊക്കെ പോട്ടെ. നീയെന്നെ പറക്കാൻ പഠിപ്പിച്ചില്ലല്ലോ ഇനിയും"... മൈന ചിറകുകൾ വിടർത്തി വൃദ്ധയെ ഒരു ഹ്രസ്വനോട്ട മെറിഞ്ഞു. ചെറുദൂരം വട്ടമിട്ട് പറന്ന് തിരികെ കൈപ്പിടിയിൽ വന്നിരുന്നു. കസേരയിൽ ഇരുന്ന് അവർ  ഇരുവശത്തേക്കും നീട്ടിയ കൈകൾ ഉയർത്തുക യും താഴ്ത്തുകയും ചെയ്തു. എന്നിട്ട് പൊട്ടിച്ചിരിച്ചു.

                        അടുത്ത പകൽ പെട്ടെന്ന് കടന്നുപോണമെന്നവർ ആഗ്രഹിച്ചു. വൃദ്ധ ബാൽക്കണിയിലെ കസേരയിൽ അകലെ മലകളിലേക്ക് നോക്കി യിരുന്നു. അപരാഹ്ന സൂര്യന്റെ യാത്രയെ അവരുടെ കണ്ണുകൾ അനുഗമിച്ചു. മൈന എത്തിയത് അവർ കണ്ടിരുന്നില്ല. നീല സാരിയുടുത്തിരുന്ന അവരുടെ കൈത്തണ്ടയിൽ വന്നിരുന്നപ്പോഴാണ് അവർ അവനെ ശ്രദ്ധിച്ചത്.

                     വൃദ്ധ എന്തോ ഓർത്തെടുക്കുകയായിരുന്നു. പിന്നെ പൊട്ടിച്ചിരിച്ചു. '' അന്നവന് എട്ടോ പത്തോ വയസ്സു കാണും. ജ്ഞാനപ്പാനയുടെ ഒരു ഭാഗം വായിച്ച് സാരം പറഞ്ഞു കൊടുക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു." അടുത്ത ജന്മത്തിൽ അമ്മ തന്നെ വേണം എനിക്ക് അമ്മയായിട്ട് . എന്നിട്ട് സത്യം ചെയ്യിക്കുക കൂടി ചെയ്തു." എന്നിട്ടിപ്പോ...... വൃദ്ധ ദീർഘനിശ്വാസ ത്തോടെ വിരാമമിട്ടു. പിന്നെ കുലുങ്ങി കുലുങ്ങി ചിരിച്ചു.

         അവൻ ഭയന്നെന്ന പോലെ ദൂരേയ്ക്ക് മാറിയിരുന്നു." നീയും പോവാണോ അകലേയ്ക്ക്... ഈ വേഷത്തിൽ കണ്ടിട്ടാണോ നീ കണ്ണുമിഴിക്കുന്നത്. വൃദ്ധ ധാന്യ മണികൾ കൈവെള്ളയിലിട്ട് അവനു നേരേ നീട്ടി. അവൻ ധാന്യ മണികൾ കൊത്തിപ്പെറുക്കി. അവർ ഇടം കൈ കൊണ്ട് അവനെ തലോടി. അപ്പോൾ വൃദ്ധയുടെ മിഴികൾ അവനോട് സംസാരിക്കുന്നുണ്ടായിരുന്നു . അവൻ സ്നേഹവായ്പ്പോടെ നോക്കി. കണ്ണുകൾ യാത്രാമൊഴി ചൊല്ലി. അവൻ പറന്നകലുന്നത് അവർ നോക്കിയിരുന്നു.

                പതിവിനു വിപരീതമായി അവൻ പോയതിനു ശേഷവും വൃദ്ധ ആ ഇരുപ്പ് തുടർന്നു. സൂര്യൻ പോയ് മറയുന്നതും ഇരുട്ട് പടരുന്നതും കണ്ടു. അനേക സഹസ്രം താരകങ്ങൾ കൺ ചിമ്മുന്നതും കണ്ടു. വൃദ്ധയുടെ കാതുകളിൽ മോഹനേട്ടന്റെ വാക്കുകൾ അലയടിച്ചു." ലീലാ മണി എന്തിനാ ഇങ്ങനെ തനിച്ച്  കഴിയുന്നത്... തറവാടിനടുത്ത് തന്നയല്ലേ ഞാൻ താമസിക്കു ന്നത്. അവിടെ കൂടെ നിക്കാലോ... തറവാടിന് ഇപ്പോഴും കേടുപാടൊന്നുമില്ല. നല്ല പണിത്തരല്ലേ. ഒന്നു പെയിന്റടിപ്പിച്ചാ അവിടേയും താമസിക്കാം. ഞങ്ങളൊക്കെ അടുത്തുണ്ടാവും. എല്ലാം ഞാൻ ചെയ്യിക്കാം." 


              " ഒന്നും വേണ്ട. ഇവിടെത്തന്നെ നിന്നാ മതീന്നാ രാജീവൻ പറഞ്ഞിരിക്കണത്. ഇവിടിപ്പോ എല്ലാ സൗകര്യങ്ങളുണ്ടല്ലോ. ഞാനിപ്പോ ഒരാകാശജീവിയാ..... രാജീവൻ വരട്ടെ.. എന്നിട്ട് വരണ്ണ്ട് ഞാൻ അങ്ങോട്ടൊക്കെ."

" രാജീവനല്ലേ രണ്ടാഴ്ച മുൻപ് വന്നത്. അവന്റെ ഭാര്യേടെ അനിയന്റെ കല്യാണാരുന്നല്ലോ... രണ്ടു ദിവസത്തേക്കു മാത്രം വന്നതാ. ഉടനെ തിരിച്ചു പോകും എന്നും പറഞ്ഞു. അതൊക്കെ പോട്ടെ. ലീലാ മണി കല്യാണത്തിനുവരണം. ഞാൻ വണ്ടി ഏർപ്പാടാക്കാം."രാജീവൻ നാട്ടിൽ വന്നിട്ട് തന്നെ കാണാൻ വരാഞ്ഞതിനെ കുറിച്ച് വൃദ്ധയും , അതറിഞ്ഞെന്ന പോലെ മോഹനേട്ടനും അതേ കുറിച്ച് പിന്നെ സംസാരിച്ചില്ല.

"രാജീവൻ ഇനി വരുമോ...." വൃദ്ധ ചിന്തിച്ചു. എന്തായാലും നാരാണേട്ടൻ വരാതിരിക്കില്ല. ഈ സാരിയിൽ എന്നെ കാണുമ്പോ നാരാണേട്ടന് സന്തോഷാവും. എത്രയോ നാളുകൾക്ക് മുൻപ് വാങ്ങിത്തന്നതാണിത് .... ഇത്ര നാളുകൾ കഴിഞ്ഞിട്ടും ഞാനിത് സൂക്ഷിച്ചു വച്ചിരുന്നത് ഇതിനു വേണ്ടി തന്നെയാണ്.നാരാണേട്ടന്റെ ഒപ്പമുള്ള യാത്ര എത്ര രസകരമായിരിക്കും. കുളിർ കാറ്റു വീശുന്ന ഈ രാത്രിയുടെ നിശ്ശബ്ദതയിൽ ഭൂമി നിദ്രയിലാണ്ടു കിടക്കുമ്പോൾ നക്ഷത്രങ്ങൾ തെളിച്ച ഇത്തിരി വെട്ടത്തിൽ നാരാണേട്ടന്റെ ഇടം കൈയിൽ പിടിച്ച് മറുകൈ ഉയർത്തി വീശി, ആകാശത്തിന്റെ ചരുവിലൂടെ , മലകൾക്കു മുകളിലൂടെ കളകളാരവം മുഴക്കുന്ന അരുവികൾ കണ്ട് കണ്ട്,.....ഈ യാത്രക്കായ് എത്ര നാളുകളായി കാത്തിരിക്കുന്നു.  വൃദ്ധയുടെ ശരീരം ഭാരമില്ലാത്തതായ് മാറി.നക്ഷത്രങ്ങളും വൃദ്ധയും മാത്രം മിഴി തുറന്നിരുന്ന രാത്രിയുടെ ഏതോ നിമിഷങ്ങളിൽ ബാൽക്കണിയിലെ കസേര ശൂന്യമായി.

             

Monday, 17 December 2018

പ് ഫാ.... നായിന്റെ മോനേ...


                               ഒറ്റപ്പെട്ടു നിന്നിരുന്ന ആ ഇളം നീല ചായമടിച്ച ഇരുനില കെട്ടിടത്തിന്റെ മുറ്റത്തു കൂടെ മദ്ധ്യവയസിലേക്കടുത്തു കൊണ്ടിരിക്കുന്ന ദമ്പതികൾ നടന്നു നീങ്ങി. ഏറെ നാളത്തെ താമസത്തിനു ശേഷമുള്ള ഒരു പോക്കാണീ കാണുന്നതെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ  രണ്ടു വലിയ തുകൽ സഞ്ചികളും ഒരു ചെറിയ കവറും ഉണ്ടായിരുന്നു അവരുടെ പക്കൽ. കുറേ നാൾ അന്യസ്ഥലത്ത് താമസിച്ചതിന്റെയാണോ അറിയില്ല ഒരു അസ്വസ്ഥത സമ്മാനിച്ച ക്ഷീണ ഭാവം മുഖത്ത് വ്യക്തമായിരുന്നു.

                              കെട്ടിടത്തിന്റെ ചുറ്റുമതിൽ കടന്നു കഴിയുമ്പോൾ തന്നെ തണൽ മരങ്ങൾക്കു കീഴിലായി ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരുന്നു. നിരയിലാദ്യം കിടന്ന ഓട്ടോക്കകത്ത് ദിനപ്പത്രം വായിച്ചു കൊണ്ടിരുന്ന ഡ്രൈവർ പത്രം മടക്കി, പിന്നെയും മടക്കി, പിന്നെയും മടക്കി പിന്നൊന്ന് ചുരുട്ടി കൈയുയർത്തി കമ്പിക്കിടയിൽ തിരുകി.ഒന്നു നടുനീർത്തിയിരുന്നിട്ട് ദമ്പതികളെ ഒരു ചെറുമുഖചലനത്തോടെ ഓട്ടോയിലേക്ക് ക്ഷണിച്ചു. എങ്ങോട്ടാണെന്ന ഭാവത്തിൽ അയാൾ തിരിഞ്ഞു നോക്കിയതിന് മുന്നോട്ട് കൈചൂണ്ടി അയാൾ പോകാൻ ആംഗ്യം കാണിച്ചു . ഡ്രൈവർ കുനിഞ്ഞ് ലിവർ വലിച്ചു പൊക്കി വണ്ടി സ്റ്റാർട്ട് ചെയ്തു.മഴയത്ത് തുള്ളിച്ചാടുന്ന കൊച്ചുകുട്ടിയെ പോലെ തുള്ളിത്തെറിച്ചു കൊണ്ട് ഓട്ടോ മുന്നോട്ട്നീങ്ങി.

                    " മദ്യം ദുഃഖമാണുണ്ണീ" എന്ന് പിന്നിൽ എഴുതിയിരുന്ന ആ ഓട്ടോ അവരെയും വഹിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. പിന്നെ ആദ്യത്തെ വലത്തേ തിരിവിലേക്ക് തിരിഞ്ഞ് തത്ക്കാലം സ്ക്രീനിൽ നിന്നും ഔട്ടായി.

                       കാറ്റത്ത് ഇലച്ചാർത്തുകൾ ഇളകിയാടിയപ്പോഴാണ് നീലചായ മടിച്ച കെട്ടിടത്തിന്റെ മുകളിലെ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ ശ്രദ്ധയിൽ പെട്ടത്." ഡോൺ ബോസ്കോ ഡീ അഡിക്ഷൻസെന്റർ, താമര മുറ്റം.." ഓഹോ... അപ്പോ അതാണ് കാര്യം.
                           
                         ഇത്തരുണത്തിൽ ഈ ദമ്പതികളുടെ ഫ്ലാഷ് ബാക്ക് അറിയേണ്ടത് അത്യാവശൃമായി ഭവിച്ചിരിക്കയാൽ ഇനി ഭൂതകാലത്തിലേക്കൊരെത്തി നോട്ടം.

                          " എന്തോന്നാ മനുഷ്യാ... എത്ര നേരായീ ഈ വെള്ളടി തൊടങ്ങീട്ട്. ഇതൊന്ന് നിർത്തിക്കൂടേ".
" ഞാൻ പണിയെടുത്ത് സമ്പാദിച്ച കാശു കൊടുത്ത് ഞാൻ വാങ്ങിയ എക്സെക്സെക്സ് റം........ ഉം.... മ്മ ഉം.... മ്മ ഉം.... മ്മ എന്നിങ്ങനെ കുപ്പിക്ക് മൂന്നുമ്മയും കൊടുത്ത് ശേഷിച്ച തുള്ളികൾ കുപ്പി പൊക്കി തല കുത്തി പിടിച്ച് അണ്ണാക്കിലേക്ക് കമിഴ്ത്തി പിന്നെ സ്വിച്ചിട്ട പോലെ സോഫമേൽ മലർന്നു. ഇടയ്ക്കിടെ ഉയർന്ന അപശബ്ദ മൊഴിച്ചാൽ മറ്റെല്ലാം ശാന്തം.

                  " എന്റെ കർത്താവേ... ഇതിയാനെന്തൊക്കെയാ പണ്ട് പറഞ്ഞിരുന്നേ... ഞാനിന്നേ വരെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല, ഇനീം തൊടുകേല..."
മലർന്നടിച്ച് കിടന്നിരുന്ന അയാൾ ഒന്നുയർന്നു..." നിന്നാണേ.. നിന്റെ കുഞ്ഞുങ്ങളാണേ അല്ല നമ്മുടെ കുഞ്ഞുങ്ങളാണേ.... നമ്മുടെ തന്ന ല്യോടീ....."
"ദേ.... എന്റെ വായിലിരിക്കണതൊന്നും കേക്കണ്ട"
" ഓ... ശരി നമ്മുടെ സ്വന്തം കുഞ്ഞുങ്ങളാണേ സത്യം. ഞാൻ ഇന്നിനി മദ്യം കൈകൊണ്ട് തൊടത്തില്ല."
" ഇന്നിനിയോ?"
" അല്ലെടീ.... ഇന്നല്ല... ഇനി
" ഈ സത്യം ചെയ്യലുതൊടങ്ങീട്ടു കൊറച്ചുകാലായി."

                 " ഇതിയാന്റെയൊക്കെ മനസ്സിലിരിപ്പെന്താന്നാ ഞാൻ ചിന്തിക്കണേ. ആരോഗ്യത്തിന് ഇത് കൊള്ളത്തില്ലെന്ന് മലയാളത്തീ പോരാഞ്ഞിട്ട് ഇംഗ്ലീഷിലും കൂടെ എഴുതി വച്ചിട്ടുണ്ട്. എന്തായാലും വാങ്ങി മോന്തി ക്കോളും... മോന്തിത്തൊടങ്ങിയാ പിന്നെ മോങ്ങാൻ തൊടങ്ങും... പിന്നെ മോങ്ങലുംമോന്തലും". പിന്നെ ഒറ്റ വീഴ്ചയാണ്. മേത്തിട്ട് പടക്കം പൊട്ടിച്ചാപോലും അറിയൂല."

               ആദ്യമൊക്കെ വാരാന്ത്യങ്ങളിൽ മാത്രമായിരുന്ന മദ്യപാനശീലം പിന്നങ്ങ് പൂത്തുലഞ്ഞു. എൽസമ്മ ആദ്യമത് കാര്യമായെടുത്തിരുന്നില്ല. "ഓ....രണ്ടു പെഗ്ഗൊക്കെ അടിക്കാത്ത ആണെന്നാ.. ആണാന്നേ... "എന്ന അടുത്ത വീട്ടിലെ ലില്ലിക്കുട്ടീടെ അഭിപ്രായത്തോട് എൽസമ്മയും യോജിച്ചു. വാരാന്ത്യം എന്നുള്ളത് നിത്യേനയായി മാറാൻ അധികം കാലമൊന്നും വേണ്ടി വന്നില്ല.

                എൽസമ്മയുടെ ഉള്ളിൽ ആധി പെരുത്ത് തുടങ്ങിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. മദ്യപാനം ഒരു സ്ഥിരം പരിപാടിയായി മാറിയെങ്കിലും ടോമിച്ചൻ കൃത്യമായി ഓഫീസിൽ പോകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു പോന്നത് കൊണ്ട് എൽസമ്മ ടോമിച്ചനോട് എതിർത്തൊന്നും പറയാനും പോയില്ല. .
                അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുലർച്ചെ അടുക്കളയിൽ വച്ചിരുന്ന പഴക്കുലയിൽ നിന്ന് ഏതാനും പഴങ്ങൾ എലി കരണ്ടു തിന്നതായി കണ്ടത്. ഏഴെട്ടു മാസം മുമ്പേ ഒരു എലി കുടുംബത്തെ നാമാവശേഷമാക്കിയതിനു ശേഷം മറ്റൊരു എലിക്കുഞ്ഞു പോലും എൽ സമ്മയുടെ സാമ്രാജ്യത്തിൽ കടന്നു കയറാൻ ധൈര്യപ്പെട്ടിട്ടില്ല. ഇതിപ്പോ എവിടന്നു വന്നു എന്ന് വിസ്മയിച്ചു കൊണ്ടാണ് എൽസമ്മ അടുക്കളയിലെ കബോഡ് തുറന്നത്. എലിക്കെണി തേടി തേടി ചെന്ന എൽസമ്മ യുടെ കൈകൾ  തടഞ്ഞത് ടോമിച്ചൻ കുടിച്ചു കുടിച്ചു വറ്റിച്ച് തീർത്ത് വച്ചിരുന്ന കുപ്പികളിലാണ്. സത്യം പറയാലോ.. ഒരു ഞെട്ടലായിരുന്നു എൽസമ്മയ്ക്ക്." ഇതിയാനൊറ്റക്കാണോ ഇത്രയും കുപ്പികൾ കാലിയാക്കിയത്? ഈ പോക്കു പോയാലിതെവിടെ ചെന്നു നിക്കും ഈശോയേ". കാലം പോകപ്പോകേ കുടി കൂടിക്കൂടി വന്നു കൊണ്ടിരുന്നു.

              അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മാസത്തിലെ രണ്ടാമത്തെ വെള്ളി. രണ്ടാം ശനിയാഴ്ച ടോമിച്ചന് അവധിയാണ്. എൽസമ്മ ചിന്തിച്ചു." ഇന്ന് വൈകിട്ട് എത്തിക്കഴിഞ്ഞാൽ കുടി ഡബിളായിരിക്കും. എൽസമ്മയുടെ മസ്തിഷ്കത്തിൽ മിന്നൽ വേഗത്തിൽ ഒരാശയം മിന്നിക്കെട്ടു. ടോമിച്ചൻ വളരെ ബോധ പൂർവ്വം ഒരോ പ്രാവശ്യം വാങ്ങുന്ന കുപ്പിയും വീട്ടിലെ വിവിധയിടങ്ങളിലായി മാറ്റി മാറ്റി വയ്ക്കുമെങ്കിലും എൽ സമ്മക്ക് അത് കണ്ടു പിടിക്കുന്നതിൽ അതീവ നൈപുണ്യമുണ്ടായിരുന്നു. അങ്ങനെയാണ് ബെഡ് റൂമിലെ ഡ്രസിംങ് ടേബിളിന്റെ യും ചുമരിന്റെയും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് ഒളിപ്പിച്ചു വച്ചിരുന്ന" വൈറ്റ് മിസ് ചീഫ്" എൽസമ്മ കണ്ടു പിടിച്ചത്. സുതാര്യമായ വെളുത്ത കുപ്പി മേലെ നീല ലേബൽ ഒട്ടിച്ചിരിക്കുന്നു. അതിൽ നടുക്ക് വെളുത്ത പശ്ചാത്തലത്തിൽ നീലയും ചുവപ്പും അക്ഷരത്തിൽ" വൈറ്റ് മിസ് ചീഫ്" എന്നെഴുതി യിരിക്കുന്നു." ങ്‌ഹും.. അൾട്രാ പ്യുവർ വോഡ് ക."

                 നീലയിൽ ചുവന്ന ചെറിയ വരയുള്ള അടപ്പു തുറന്ന് എൽസമ്മ മണത്തു നോക്കി."എന്നാ മണമായിത്. ഇതൊക്കെ എങ്ങനെ കുടിക്കുന്നോ എന്തോ". പകുതി തീർത്തു വച്ചിരുന്ന ആ കുപ്പി ശ്രദ്ധാപൂർവ്വം വാഷ്ബേസിനിൽ തലകുത്തി പിടിച്ച് ഏകദേശം ഇരുന്നൂറ് മില്ലി മദ്യം ഒഴുക്കിക്കളഞ്ഞു.അപ്പോഴാണ് കുപ്പിയിലേക്ക് തുല്യ അളവിൽ വെള്ളം ചേർത്ത് നേർപ്പിക്കാമെന്ന അതി ബുദ്ധിക്ക് തടയിട്ടു കൊണ്ടൊരു പ്രത്യേക അടപ്പു പോലൊരു സംവിധാനം കുപ്പിക്കഴുത്തിൽ ഉണ്ടെന്നു എൽസമ്മ തിരിച്ചറിഞ്ഞത്. ടാപ്പ് തുറന്ന് കുറച്ചു വെള്ളം ഒഴുക്കി വിട്ട് വാഷ്ബേസിനിൽ നിന്നുയർന്ന് വന്ന മദ്യഗന്ധം ഇല്ലാതാക്കി. അടപ്പ് വളരെ കൃത്യമായി അടച്ച് ഒന്നു കൂടി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി സാരിത്തലപ്പുകൊണ്ട് അടപ്പിനു ചുറ്റും ഒന്ന് ഒപ്പിയെടുത്ത് ആ കുപ്പി യഥാസ്ഥാനത്ത് തിരികെ വച്ചു.


                  വൈകിട്ട് പതിവുപോലെ ഓഫീസിൽ നിന്നെത്തിയ ടോമിച്ചൻ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി ക്കൊണ്ടുവന്ന സാധനങ്ങൾ തീൻ മേശമേൽ നിരത്തി വച്ചു. ഒരു മണിക്കൂറിനുള്ളിൽ കുളി കഴിഞ്ഞ് ടിവിക്കു മുന്നിൽ സ്ഥാനം പിടിച്ച ടോമിച്ചന്റെ കൈവിരലുകൾ റിമോട്ടിന്റെ ബട്ടനുകളിൽ മാറി മാറി പതിഞ്ഞു. അയാൾ എല്ലാം ന്യൂസ് ചാനലുകളിലുടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി. പിന്നെ പതുക്കെ ബെഡ് റൂമിൽ കടന്ന് പറിക്കരുതെന്ന് മുന്നറിയിപ്പ് വച്ചിടത്തെ പുഷ്പങ്ങൾ പറിച്ചെടുക്കുമ്പോഴുള്ള മുഖഭാവത്തോടെ ഡ്രസിങ്ങ് ടേബിളിന്റെ യും ചുമരിന്റെ യും ഇടയിലുള്ള ചെറിയ വിടവിൽ വച്ചിരുന്ന വൈറ്റ് മിസ് ചീഫും ഗ്ലാസ്സും എടുത്ത് ഗ്ലാസ്സിലേക്കൊന്ന് ശക്തിയായി ഊതി പിന്നെ ഉടുമുണ്ടിന്റെ കോന്തല കൊണ്ടൊന്നു തുടച്ചു. പിന്നെ, കുപ്പിയിലേക്കൊന്ന് സസൂക്ഷ്മം നോക്കി ഒരു സംശയ ദൃഷ്ടിയോടെ ചൂണ്ടുവിരലിൽ പ്രത്യേക അളവടയാളങ്ങൾ ഉള്ളതു പോലെ ചൂണ്ടുവിരൽ ചേർത്ത് പിടിച്ച് ഒത്തു നോക്കി.എന്തോ ചിന്തിക്കുന്ന പോലെ തല ചെരിച്ച്, ഒരു വശം പുരികമുയർത്തി കൃഷ്ണമണി മേലോട്ടാക്കി, പിന്നെ ബെഡ് റൂമിലേക്ക് ഒന്നുമറിയാത്ത ഭാവത്തോടെ കടന്നു വന്ന എൽസമ്മയെ കണ്ണുകളാലൊന്നുഴിഞ്ഞ്, പിന്നെ എന്തോ ആവട്ടെയെന്ന ഭാവത്തിൽ ങാ...എന്നൊരു ചെറു ശബ്ദത്തോടെ ഒന്ന് ഏങ്കോണിച്ച് വായ് തുറന്നടച്ച് ശിഷ്ടമുള്ള വൈറ്റ് മിസ് ചീഫ് ഗ്ലാസിലേക്ക് പകർന്ന് അയാൾ ലീവിങ് റൂമിലേക്ക് നടന്നു. വീണ്ടും ചാനലുകളിലേക്ക് അയാൾ ഊളിയിട്ടു.

               " എൽസമ്മ മുറുമുറുത്തു..." നിങ്ങളിതെന്നാ ഭാവിച്ചാ.... മനുഷ്യാ. രണ്ടു പെൺ പിള്ളേര് വളർന്നു വരുന്നു എന്നുള്ള എന്തേലും വിചാരം നിങ്ങൾക്കുണ്ടോ? അവര് വല്ലോന്റേം കൂടെ എറങ്ങിപ്പോകുമ്പോ നിങ്ങളു പഠിച്ചോളും". കുട്ടികളുടെ മുറിയിൽ നിന്ന് ഉയർന്നു കേട്ടിരുന്ന പാഠ പാരായണം ഒരു നിമിഷം നിന്ന് പകരം കുറച്ച് ശബ്ദത്തിൽ ഉയർന്നുപൊങ്ങിപ്പോയ ഒരു ഒതുക്കിച്ചിരി അലയടിച്ചു. എൽസമ്മ ഒരു കൊടുങ്കാറ്റായ്... "രണ്ടും കിളിച്ചോണ്ടിരുന്നോ.. എനിക്ക് ദാ പെരുത്ത് വരുന്നുണ്ട്.

                 എൽ സമ്മയുടെ ആധി കൂടിവരുന്ന തിന് ആനുപാതികമായി ടോമിച്ചന്റെ മദ്യപാനവും കൂടി വന്നു. ആ ശീലം നിർത്തിക്കാനായി എൽസമ്മ പല ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു കൊണ്ടിരുന്നു. അതിനിടയിലാണ് ഒരു ദിവസം എൽസമ്മയുടെ ചിറ്റപ്പൻ പട്ടാളത്തീന്നു പിരിഞ്ഞു വന്ന സക്കറിയ ചാച്ചൻ വന്നത്. കുറേ നാളുകൾക്കു ശേഷമാണ് സക്കറിയാ ചാച്ചന്റെ വരവ്.." എന്തേ.. മോളമ്മ യാന്റിയെ കൂടെക്കൂട്ടാഞ്ഞത്" എന്ന എൽസമ്മയുടെ പരിഭവത്തിന് മറുപടി പറയുന്നതിനിടയിലാണ് സക്കറിയച്ചാച്ചൻ കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു സഞ്ചിയെടുത്ത് ടോമിച്ചന് നീട്ടിയത്. എൽസമ്മയുടെ മുഖത്ത് പൊടുന്നനെ വന്ന ഭാവമാറ്റത്തിൽ എന്തോ പന്തീ കേടുണ്ടെന്ന് ചാച്ചന് ബോധ്യപ്പെട്ടു. പൂനിലാവുദിച്ചതു പോലെ മുഖം തെളിഞ്ഞ ടോമിച്ചൻ കുപ്പികൾ നിറച്ച സഞ്ചി വളരെ ഭദ്രമായി അകത്ത് കൊണ്ട് പോയ് വച്ച് മടങ്ങി വന്ന് പണ്ട് പഠിപ്പിച്ച അദ്ധ്യാപകരെ പിന്നീട് കണ്ടുമുട്ടുമ്പോഴുള്ള ഒരു ഭവ്യതയോടെ സക്കറിയ ചാച്ചന് ആതിഥ്യമരുളി.

                    ഒരു ഞായറാഴ്ച. ഇന്നു തന്നാവട്ടെ, ക്രിസ്റ്റീന ചേച്ചി പറഞ്ഞ കാര്യം പ്രാവർത്തികമാക്കണം. എൽസമ്മയുടെ അടുത്ത ശ്രമം. പുലർ വേളകളിൽ മദ്യലഹരിയിൽ നിന്നു മുക്തനും ഉന്‌മേഷവാനുമായി കാണപ്പെട്ട ടോമിച്ചനെ എൽസമ്മ വിളിച്ചു." ടോമിച്ചാ...' വാ പെട്ടെന്ന് പോകാം. അവരെല്ലാം പോയി കഴിഞ്ഞു. വൈകി ച്ചെന്നാൽ അച്ചനെന്തേലും പറയും."

               " ഈശോയേ... അച്ചനെന്തെല്ലാം പറയുവോ എന്തോ.. ഇനി അച്ചൻ പറഞ്ഞാൽ തന്നെ ടോമിച്ചൻ കേക്കുവോ. ഇനി ഞാനിതെല്ലാം അച്ചനോട് പറഞ്ഞെന്നും പറഞ്ഞ് എന്നോട് തട്ടിക്കേറുവോ..." പലവിധ ചിന്തകളുമായി എൽസമ്മ ടോമിച്ചന്റെ സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന് പള്ളിലേക്ക് പോയി. എന്തിനേറേ പറയുന്നു.. പളളീലച്ചന്റെ ഉപദേശത്തിനു ശേഷം ടോമിച്ചൻ പള്ളീൽ പോക്ക് നിർത്തി.

                   മറ്റൊരു ഞായറാഴ്ച. എൽസമ്മയും മക്കളും പള്ളീന്നു മടങ്ങുന്നു. രണ്ടു പയ്യന്മാർ എതിരെ നടന്നു വരുന്നു. അവർ കടന്നു പോയതും എൽ സമ്മയുടെ പെട്ടെന്നുള്ള നീക്കമായിരുന്നു. അതിലൊരു പയ്യനെ ടപ്പേ ന്നൊരടി. എൽ സമ്മയുടെ മക്കളും പയ്യന്മാരും ഒരു പോലെ ഞെട്ടി." എന്തോന്നാടാ നിന്റെ ഷർട്ടേലെഴുതിയേക്കുന്നേ...? വെൻ ഐ റെഡ് എബൗട്ട് ദ  ഈവിൾസ് ഓഫ് ഡ്രിങ്കിങ് ഐ സ്റ്റോപ്പ്ഡ് റീഡിങ്ങ്". എൽ സമ്മക്ക് തലക്ക് നല്ല വെളിവില്ലെന്ന് വിചാരിച്ച് പയ്യൻമാർ ഞൊടിയിടയിൽ സ്ഥലം കാലിയാക്കി. മക്കൾ കമാ ന്നൊരക്ഷരം ഉരിയാടാതെ എൽസമ്മയെ പിന്തുടർന്നു.

                 ടോമിച്ചൻ ഒരു കറ തീർന്ന മദ്യപാനിയായി തീർന്നിരിക്കുന്നു. ഹതാശയയായി എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്ന വേളയിലാണ് ഒരു മാമോദീസ ചടങ്ങിനു പോയപ്പോൾ എൽസമ്മ തന്റെ കോളേജ് സുഹൃത്തും സെക്കന്റ് കസിനുമായ ബെന്നിയെ കണ്ടുമുട്ടിയത്. സംസാരിച്ച് സംസാരിച്ച് ഒടുവിൽ ടോമിച്ചന്റെ മദ്യപാനശീലത്തിലെത്തി നിന്നും അവരുടെ സംഭാഷണം.

                      ബെന്നിച്ചന്റെ ഉപദേശ പ്രകാരമാണ് എൽസമ്മ അവസാന ശ്രമം നടത്തിയത്. അതിന് ഫലം കാണുക തന്നെ ചെയ്തു. കേവലം ഒരു മാസത്തിനകം ടോമിച്ചന്റെ മദ്യപാനശീലം പാടെ മാറി. അയൽക്കാരും സുഹൃത്തുക്കളും ഇടവകയിലെ ആളുകളും ടോമിച്ചന്റെ മാറ്റം കണ്ട് അന്തം വിട്ടു. പള്ളീല് കൃത്യമായി പോകാതിരുന്ന ആള് എല്ലാ ഞായറാഴ്ചകളിലും പള്ളീൽ പോയിത്തുടങ്ങി. പലരും ടോമിച്ചനോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.. ക്ഷമ കെട്ട് ഒരു ദിവസം ഫെർണാണ്ട സച്ചൻ ചോദിച്ചു." എടോ.. ടോമിച്ചാ... തന്റെ ഭാര്യ ഒരു മിടുക്കി തന്നെ... ഞാൻ ഉപദേശിച്ചിട്ട്  പള്ളീല് കേറാണ്ടായ തന്നെയെങ്ങനാ എൽസമ്മ ഇങ്ങനെ മാറ്റിയെടുത്തത്.? എനിക്ക് മറ്റാരെയെങ്കിലും ഉപദേശിക്കാലോ.."

"ങ്‌ഹാ! ഞാൻ അച്ചനോട് അത് പറയാൻ തന്നാ വന്നത്."

" എന്നാ പറ ടോമിച്ചാ"

" ഇതത്ര ഗൗരവമാകും ന്ന് ഞാൻ വിചാരിച്ചില്ല. ഒരു ദിവസം ഞാൻ വെള്ളടിച്ചോണ്ടിരുന്നപ്പോ അവൾ ഒരു ചില്ല് ഗ്ലാസ്സ് ഊക്കോടെ എന്റടുത്ത് കൊണ്ടു വച്ചു. ഞാൻ ചോദ്യഭാവത്തിൽ നോക്കി. അവൾ പറഞ്ഞു." ഇനി ഞാനായിട്ടെന്തിനാ.. വേണ്ടാന്ന് വയ്ക്കണേ... ഇതിയാന് ഞാനിന്ന് കമ്പനി തരാം."


                 " ദദാടീ.. പറയണേ.. അടിച്ച വഴിയേ പോയിലെങ്കീ പോയ വഴിയേ അടി.... നീയാ ഗ്ലാസിങ്ങു താ..."
" ചിയേഴ്സ്"
"ചിയേഴ്സ്".
" അന്ന് ഞങ്ങൾ രണ്ടു പേരും ബോധം കെട്ടുറങ്ങി. സ്കൂൾ വെക്കേഷൻ സമയമായതു കൊണ്ട് കുട്ടികൾ വല്യമ്മച്ചീടെ അടുത്തായിരുന്നു. അടുത്ത ദിവസം രണ്ടു മൂന്നു പെഗ്ഗടിച്ചപ്പോഴേക്കും അവൾ പാട്ടുപാടി തുടങ്ങി."        ചക്കാട്ടു വീട്ടിൽ 
                  കൊച്ചുവറീതിന്റെ
                    മോളാണു ഞാൻ.. ഹാ..
                  കൊച്ചുവറീതിന്റെ
                    മോളാണു ഞാൻ...... എന്റെ കയ്യിലിരുന്ന കുപ്പി വാങ്ങി അവൾ മട മടാന്നു കുടിച്ചു. പിന്നെ ബോധം കെട്ടു കിടന്നു. മണിക്കൂറുകൾ ഒരേ കിടപ്പ്." അച്ചോ... അവളുടെ പോക്ക് ശരിയല്ലെന്ന് അപ്പഴാ അറിഞ്ഞത്. ഏതാണ്ട് ഒരു  ആറു മാസം കൊണ്ട് അവൾ മദ്യത്തിനടിമയായി മാറി. അച്ചോ ഞാനിനി എന്തു ചെയ്യണം."

                    ഓട്ടോ ഒരു ശബ്ദത്തോടെ വീടിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. ടോമിച്ചൻ ഓർമ്മയിൽ നിന്ന് വീട്ടു മുറ്റത്തേക്ക് കാലെടുത്ത് വച്ചു. "ചേട്ടാ ഒക്കെ ശരിയായോ ചേട്ടാ.". ഓട്ടോ ഡ്രൈവർ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.

" ങ്‌ഹാ.... ശരിയായീന്നാ പറഞ്ഞേ."

" പ്ഫാ...! നായിന്റെ മോനേ"" എൽ സമ്മയുടെ വായിൽ നിന്നും അക്ഷരങ്ങൾ കുതിച്ചു ചാടി.പിന്നാലെ  ഓട്ടോയിൽ നിന്ന് എൽ സമ്മയും.









Monday, 17 September 2018

ശിവാനിക്കുളം

                              ഓഫീലെത്തുമ്പോൾ പ്യൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "സാറന്മാരൊക്കെ ഊണു കഴിക്കാൻ പോയേക്കാണ്. ഒരരമുക്കാ മണിക്കൂർ കഴിഞ്ഞേ വരൂ. വിഷ്ണു വാച്ചിലേക്ക് നോക്കി. സമയം രണ്ടരയായിരിക്കുന്നു." ഇത്ര വൈകിയാണോ ഇവരൊക്കെ ഭക്ഷണം കഴിക്കുന്നത്?

                           ഒരു മണിക്കൂറത്തെ കാര്യമല്ലേയുള്ളൂ.. ഈ ചുറ്റുവട്ടത്ത് തന്നെ സമയം പോക്കാമെന്ന് കരുതി അയാൾ മെല്ലെ നടന്നു. "നാളെ നാളെ നീളെ നീളെ."നാളേയ്ക്കു വയ്ക്കുന്ന കാര്യങ്ങൾ ഒക്കെ ഗണപതിക്കല്യാണം പോലാ. തന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അലസത കൂടെപ്പിറപ്പാണ്. സ്കൂൾ പഠന കാലത്തും അദ്ധ്യാപകരിൽ നിന്നും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് ഇതാണ്." നിന്റെ യീ അലസത മാറ്റി വച്ചാൽ നീ ഉയരങ്ങളിൽ എത്തിച്ചേരും."

                        "പ്രസിദ്ധീകരിച്ചു വന്ന എല്ലാ കവിതകളും തന്നെ സുഹൃത്തുക്കൾ താൻ കാണാതെ എടുത്തു കൊണ്ടു പോയ് പോസ്റ്റ് ചെയ്തതും പത്രമാഫീസിൽ കൊടുത്തതും ഒക്കെയാണ്. മടിയനാണെങ്കിലും ഇത് രണ്ടാമത്തെ എം.എ യാണ് ഇപ്പോൾ എടുക്കാൻ പോകുന്നത്. ഈ വെള്ളിയാഴ്ചയ്ക്കകം പരീക്ഷാഫീസ് അടയ്ക്കണം. ഇന്ന് ചൊവ്വ. വിഷ്ണു ഓർത്തു. ആദ്യമായിട്ടായിരിക്കും താൻ അനുവദിച്ചിട്ടുള്ള അവസാന ദിവസത്തിനു മുൻപേ ഒരു കാര്യം ചെയ്യാൻ പോകുന്നത്."

                        ഇരുവശങ്ങളിലും ചെടിച്ചട്ടികളിൽ ചെടി വളർന്നു നിൽക്കുന്ന ടാറിട്ട വഴിയിലൂടെ അയാൾ നടന്നു. പത്തു മീറ്ററോളം നടന്നു കഴിഞ്ഞപ്പോൾ ടാറിട്ട വഴി ഇടത്തേക്ക് ചരിഞ്ഞു പോകുന്നിടത്ത് നിന്ന് ചെമ്മൺ പാത തുടങ്ങി. ഓഫീസ് കെട്ടിടങ്ങൾ അവിടെ അവസാനിക്കുന്നു. ആ വലിയ കാമ്പസിൽ കുറച്ചു ദൂരേ മാറി ബോയ്സ് ഹോസ്റ്റലാണ്. അയാൾ വശങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്ന ചെമ്മൺ പാതയിലൂടെ നടത്തം തുടർന്നു.  ഇടത്തേക്ക് തല അൽപം ചരിച്ച് ഹോസ്റ്റലിലെ രണ്ടാം നിലയിലെ അറ്റത്തെ മുറിയിലേയ്ക്ക് നോക്കി. എം.എ മലയാളം പഠിച്ചിരുന്ന കാലത്ത് അയാളുടെ വാസസ്ഥലമായിരുന്ന മുറി. ആ മുറി കാഴ്ചയിൽ ഒരു വ്യത്യാസവുമില്ലാതെ തുടരുന്നു. ഇളകിയിരുന്ന ജനൽപ്പാളി അതേ അവസ്ഥ തുടരുന്നു.

                      ആ ജനൽപ്പാളി തുറന്നാൽ പിന്നെ അതിനെ വരുതിയിലാ ക്കണ മെങ്കിൽ താഴേക്കു തൂങ്ങിയ ജനൽപ്പാളിയെ താഴെപ്പിടിച്ച് ഉയർത്തി ജനലൊപ്പമെത്തിച്ച് പിന്നെ ഒരാൾ വരാന്തയിലിറങ്ങി  പുറത്ത് നിന്ന് ഒരു കുത്തും കൊടുത്ത് യഥാസമയം അകത്ത് നിന്ന് മറ്റൊരാൾ കുറ്റിയിടുകയും വേണം. ഇളം മഞ്ഞ നിറത്തിലുള്ള ചുമരിൽ പെയിന്റ് പിന്നെ അടിച്ചിട്ടില്ല. അന്ന് കയറിയ പച്ചപ്പാവിക്ക് കുറച്ചു കൂടി കട്ടി കൂടിയിരിക്കുന്നു. തുറന്നിട്ട ജനാലക്കമ്പിയിലും വരാന്തയുടെ അറ്റത്ത് കുത്തിച്ചാരി നിർത്തിയ മുളയിലുമായി കെട്ടിയ അഴയിൽ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ അല്പം മുമ്പു പെയ്ത മഴയിൽ നനഞ്ഞൊട്ടി കിടക്കുന്നു.

                   ചെമ്മൺ പാതയിലൂടെ ഓരോ അടി വയ്ക്കുമ്പോഴും നനഞ്ഞ മണ്ണ് ചെരുപ്പിൽ തട്ടി തെറിച്ചു കൊണ്ടിരുന്നു. വാക മുത്തശ്ശി ഇപ്പോഴും പൂത്ത് നിൽക്കുന്നു. ഈ വാകമരത്തിന് എത്ര പ്രായമുണ്ടാകും. അയാളുടെ നിഗമനത്തിൽ ഒരു നൂറ് വയസ്സിനുമേൽ കാണും. വാകമുത്തശ്ശി വിരിച്ച ചുവന്ന പരവതാനി മേൽ നടന്ന് അയാൾ ആ വിശാലമായ കുളത്തിനരികിൽ എത്തി.

                    ഒരര മണിക്കൂർ സമയം പോക്കാൻ ഏറ്റവും പറ്റിയ സ്ഥലം. ഇത്ര പ്രകൃതിരമണീയമായ സ്ഥലത്തിരുന്നാൽ മണിക്കൂറുകൾ കടന്നു പോകുന്നത് അറിയുകയേയില്ല. വലിയ കുളത്തിനു ചുറ്റുമായി ഇരുമ്പു ബെഞ്ചുകൾ തുരുമ്പിച്ചു കിടന്നു. വീണു കിടന്നിരുന്ന വെള്ളത്തുള്ളികളെ അവഗണിച്ചു കൊണ്ട് മുളങ്കാടുകൾ തിങ്ങി നിൽക്കുന്നതിനടുത്തെ കസേരയിൽ അയാളിരുന്നു. ഉണങ്ങിയ മുളയിലകൾ മഴനനഞ്ഞ് മണ്ണിൽ പതിഞ്ഞു കിടന്നു. ചുറ്റും പലയിനം മരങ്ങൾ ഇടതൂർന്ന് വളർന്നു നിന്നു.. ജലപ്പരപ്പിൽ പച്ചയും മഞ്ഞയും നിറങ്ങളിലുള്ള ഇലകൾ വീണു കിടന്നു. കിളികളുടെ കലപില ശബ്ദവും കർണപുടം തുളയ്ക്കുന്ന ചീവീടിന്റെ ശബ്ദവും അന്തരീക്ഷത്തെ മുഖരിതമാക്കി. അയാൾ വെള്ളത്തിലേക്ക് നോക്കിയിരുന്നു.  ജലോപരിതലത്തിനുമേൽ ചില ഉണ്ടക്കണ്ണുകൾ പൊങ്ങി കിടക്കുന്നു.പ്രാണികളെ കാത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തവളകളെ പണ്ട്, കുട്ടിക്കാലത്ത് പാട വരമ്പിലൂടെ നടക്കുമ്പോൾ മാത്രമാണ് കണ്ടിട്ടുള്ളത്.  സയൻസ് ലാബുകളിൽ മലർത്തിയിട്ട് കീറുന്ന പകുതി ജീവനുള്ള തവളകളെയാണ് പിന്നെ കണ്ടിട്ടുള്ളത്. രോമ കൂപങ്ങളെ ഉണർത്തിക്കൊണ്ട് തണുത്ത കാറ്റ് ശരീരത്തെ തഴുകിക്കൊണ്ട് കടന്നു പോയി.

                        അയാൾ ഇതു വരെ കണ്ടിട്ടില്ലാത്തതും ഇനി കാണാനിടയില്ലാത്തതുമായ ശിവാനിയെ കുറിച്ചോർത്തു. ശിവാനി ഒരു കേട്ടറിവ് മാത്രമാണയാൾക്ക്. കാലങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരതിസുന്ദരി. മലയാളം എംഎ പഠനകാലത്ത് ഹോസ്റ്റൽ അന്തേവാസികൾക്കിടയിൽ ശിവാനിക്കഥകൾ നിറഞ്ഞു നിന്നു. ചെമ്പകപ്പൂവിന്റെ നിറം, നിതംബം മറഞ്ഞു കിടക്കുന്ന ഇടതൂർന്ന ചുരുണ്ട മുടി, വടിവൊത്ത ശരീരം, ചുവന്ന കല്ലു തിളങ്ങുന്ന മൂക്കുത്തി.... ആ കഥകൾ കേട്ടാൽ ആരായാലും ശിവാനിയെ മനസാ ഒന്നു പ്രണയിച്ചു പോകും. കഥകൾ പറഞ്ഞിരുന്ന ആരും ശിവാനിയെ കണ്ടിട്ടില്ല. കഥകൾ പറഞ്ഞു കേട്ട്, പിന്നെ കൈമാറി കൈമാറി അങ്ങനെ ശിവാനിയിന്നും ഹോസ്റ്റലിലെ ഒരോ കോണുകളിലും ജീവിക്കുന്നു.

                     ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ശിവാനി. ഒരന്തർജ്ജനം അന്നൊക്കെ കോളേജിൽ പഠിക്കാൻ പോകുന്നത് അസാധാരണമായിരുന്നു. പലരും മോഹിച്ചിരുന്നെങ്കിലും അവൾ ഇഷ്ടപ്പെട്ടതും, അവളോട് ഇഷ്ടം പറഞ്ഞപ്പോൾ മറുത്തൊരക്ഷരം പറയാതെ സമ്മതം മൂളിയും അവളെ പഠിപ്പിച്ചിരുന്ന ഫ്രഡറിക് മാഷിനോടായിരുന്നു. പ്രപഞ്ചശക്തികൾ തോറ്റു പോകുന്ന പ്രണയം.പിന്നീട് ശിവാനിയുടെ വീട്ടുകാരുടെ എതിർപ്പ്, ശിവാനിയുടേയും പ്രൊഫസറുടേയും തിരോധാനം, അന്വേഷണങ്ങൾ, അഭ്യൂഹങ്ങൾ, കെട്ടുകഥകൾ.... രണ്ടു പേരും കൂടി മദിരാശിയിലെത്തി എന്ന അഭ്യൂഹത്തിന് ആയുസ്സ്   നാലാം നാൾ ശിവാനിയുടെ മൃതദേഹം കുളത്തിൽ പൊങ്ങുന്നത് വരേ ഉണ്ടായുള്ളൂ. ശിവാനിയുടെ മരണം ആത്മഹത്യയെന്നും കൊലപാതകമെന്നും രണ്ടു വിധം വാദമുഖങ്ങളുയർന്നു. ഫ്രഡറിക്കിനെ വർഷങ്ങൾക്കു ശേഷം വയനാട്ടിന്റെ ഏതോ ഭാഗത്ത് കണ്ടെന്നു ചിലർ,ശിവാനിയുടെ ശരീരം കണ്ടെത്തിയ കുളത്തിൽ നിന്ന്‌ മാസങ്ങൾക്കു ശേഷം കണ്ടെത്തിയ അസ്ഥികൂടം ഫ്രഡറികിന്റേതായിരുന്നെന്ന് ആണയിട്ടു മറ്റു ചിലർ. ഈ വാദം ശരി വയ്ക്കുന്ന ചില വയോധികരെ ഇപ്പോഴും കാണാം. ഫ്രെഡറിക് പോയ് തുലയട്ടെ.

                    എന്തായാലും ശിവാനി ഇന്നും എല്ലാരുടേയും മനസ്സിലുണ്ട്. എന്തിനേറെ പറയുന്നു അയാളിരിക്കുന്ന കുളത്തിനു പോലും ശിവാനിക്കുളമെന്നാണ് പേര്. ശിവാനി മരിച്ച കുളമായത് കൊണ്ട് ശിവാനിക്കുളം. വീണ്ടും ശിവാനിയെ ഈ കുളത്തിലും പരിസരത്തുമായി കണ്ടിട്ടുണ്ടെന്നു പറയുന്നവരുമുണ്ട്. മുല്ലപ്പൂവിരിഞ്ഞു തുടങ്ങുന്ന സന്ധ്യാസമയങ്ങളിൽ  ചില്ല് ചിതറുന്ന പോലുള്ള അവളുടെ ചിരി പലരിലും ഉന്മാദ മുണർത്തിയിരുന്നു. മുമ്പെപ്പോഴോ നാട്ടുകാർ ഈ കുളത്തിൽ കുളിക്കാറുണ്ടായിരുന്നെന്നും പിന്നീടാണ് കുളമിരിക്കുന്ന സ്ഥലം കൂടി ഉൾപ്പെടുത്തി ക്യാംപസ് മതിൽ ഉയർന്നതെന്നും കേട്ടുകേൾവി. പകൽ പോലും ഈ കുളത്തിനരികിൽ പോകാൻ ജനങ്ങൾക്ക് ഭീതിയാണ്. കുളത്തിനരികിൽ പോയിരിക്കുന്നവരെ ശിവാനിയാകർഷിക്കുമെന്നും കുളത്തിലേക്ക് വലിച്ചു കൊണ്ടു പോകുമെന്നു മൊക്കെയാണ് കഥകൾ. ശിവാനിയുടെ മരണശേഷം പല കാലങ്ങളിലായി അഞ്ചാറു പേർ ആ കുളത്തിൽ മരിച്ചിട്ടുണ്ടെന്നതാണ് കേട്ടറിവ്.

                   വിഷ്ണുവിന് യക്ഷിക്കഥകൾ കേൾക്കാൻ ഇഷ്ടമാണ്. വേറൊന്നുമല്ല, ഈ കഥകൾ പറയുന്നവരുടെ ഭാവന മാനം മുട്ടെയാണ്. നേരിട്ടറിയുന്ന കാര്യങ്ങളെന്ന ഭാവേനയാണ് വിശദീകരണങ്ങൾ. അതിശയോക്‌തിക്ക് ഒരു അറുതിയും കാണില്ല. സ്വാഭാവികതയുടെ ഒരംശം പോലുമില്ലാത്ത കഥകൾ പറഞ്ഞ് പറഞ്ഞ് അതൊക്കെ ചരിത്രമാക്കി മാറ്റും. പക്ഷെ ആ കഥകൾക്കൊക്കെ ഒരു ഭംഗിയുണ്ടെന്നത് സത്യം തന്നെ. എന്നിട്ട് ഈ കഥകൾ പറയുന്നവൻ മാര് തന്നെ പേടിച്ച് അരേല് ഏലസ് കെട്ടി നടക്കും. ശരീരത്ത് കെട്ടാവുന്നിടത്തൊക്കെ ചരടുകൾ ജപിച്ചു കെട്ടും.

                    എന്തു കൊണ്ടോ അയാൾക്കിതിലൊന്നും വിശ്വാസം തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഭീതിയുമില്ല. അതു കൊണ്ടാണല്ലോ ഈ അരമണിക്കൂർ നേരം പോക്കാനായി ഈ കുളക്കര തന്നെ തെരഞ്ഞെടുത്തതും. ഇനി ഈ പറഞ്ഞതു പോലെ ശിവാനി കുളത്തിൽ നിന്ന് കയറി വന്നാലും സന്തോഷം തന്നെ. കുറച്ചു നേരം ലോഹ്യം പറഞ്ഞിരിക്കാമല്ലോ. കാറ്റത്ത് ഇല്ലിക്കാടുകൾ ആടിയുലഞ്ഞു. ഇലകൾ പൊഴിഞ്ഞു. ചുറ്റും കണ്ണോടിച്ചയാൾ ഇരുന്നു.

                   നാലു വർഷം മുൻപുള്ള എം എ മലയാളം പഠന കാലം. ഒരിടവപ്പാതിക്കാലമായിരുന്നു. ഹോസ്റ്റൽ മുറിയിൽ സഹമുറിയന്മാരായ ഞങ്ങൾ നാലു പേരിരുന്ന് സൊറ പറഞ്ഞിരുന്ന ഒരു രാത്രി. പെട്ടെന്നാണ് കറണ്ട് പോയത്. ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു. കുറ്റിയിടാതെ ചാരി വച്ചിരുന്ന ജനൽപ്പാളി തുറന്ന് വല്ലാത്തൊരു ശബ്ദത്തോടെ പുറം ചുമരിൽ പോയിടിച്ചു നിന്നു. ആ ജനാലയിലൂടെ നോക്കിയാൽ കാണാം ഇപ്പോൾ അയാളിരിക്കുന്ന ഈ ബെഞ്ചും കുളവും.

" എന്തൊരു തണുത്ത കാറ്റ്. എടാ.. ജനാലയിലൂടെ മഴച്ചാറ്റൽ അകത്തു കയറുന്നെടാ.. ആ ജനാലയടച്ചിട്"..... വിഷ്ണു വിളിച്ചു പറഞ്ഞു.

" നീയടച്ചിട്.... ഈ രാത്രീല് എനിക്കൊന്നും പറ്റില്ല വരാന്തേലേക്കിറങ്ങാൻ...." ജയശങ്കർ അത് പറഞ്ഞ് കാലുകൾ കൂടി കസേര മേലേക്ക് പിണച്ചു വച്ചു.

 നേരത്തേ പറഞ്ഞല്ലോ... ആ ജനാലയടക്കാൻ രണ്ടു പേർ ഒന്നിച്ചു ശ്രമിക്കണം. ഒരാൾ അകത്തു നിന്നും മറ്റൊരാൾ പുറത്തുനിന്നും.

                   അപ്പോഴാണ് രതീശൻ പറഞ്ഞത്" നീ പുറത്ത് പോയി തള്ളിത്തരാമെങ്കിൽ ഞാനിവിടന്നു കുറ്റിയിടാം." ഉള്ളിൽ നിന്ന് ജനലിനടുത്തേക്ക് ചെല്ലാൻ പോലും മറ്റാരും ധൈര്യം കാണിക്കാത്ത നേരത്താണ് രതീശൻ ഇത്രയെങ്കിലും ധൈര്യം പറഞ്ഞത്. ശരിയെന്ന് പറഞ്ഞ് അയാൾ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ്... രതീശൻ പറഞ്ഞത്" വിഷ്ണൂ... ഇറങ്ങല്ലേ... നീയിങ്ങുവാ... ഇതിലൂടെ നോക്ക് ആ കൊളത്തിലേക്ക്.... ഒരു പെണ്ണ്.... ഇത് അത് തന്നെ.... "ഇരുട്ടിൽ അവന്റെ കണ്ണുകൾ തിളങ്ങി.

                " ഒന്നു പോടാ.. ആ വളവിലെ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ ആ വാഴക്കൈ നിന്നാടുന്നതാ ആ കാണണേ.. അല്ലാതെയക്ഷീം ഭൂതോന്നൂ അല്ല. പിന്നേ.. പെണ്ണിന് വട്ടല്ലേ ഈ രാത്രീല് കൊതുകുകടീം കൊണ്ട് കൊളക്കരേല് വന്ന് നിക്കാൻ."

                  വിഷ്ണു രതീശൻ പറഞ്ഞത് തീരെ വക വയ്ക്കാതെ വാതിൽ തുറന്ന് വരാന്തയിലിറങ്ങി. ജനാല പുറത്ത് നിന്ന് ശക്തമായി തള്ളി രതീശൻ ഉള്ളിൽ നിന്ന് കുറ്റിയിട്ടു. ജയശങ്കറും അൻവറും നേരത്തേ തന്നെ അവരവരുടെ കിടക്കയിൽ കയറി പുതച്ചു മൂടി കണ്ണ് മിഴിച്ച് ചെവിവട്ടം പിടിച്ച് കെടക്കുകയാണ്. കുറച്ചു നേരം കഴിഞ്ഞു. വിഷ്ണു അകത്തേക്ക് കയറി വന്നിട്ടില്ല. രതീശനാണെങ്കിൽ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കാൻ മാത്രമുള്ള ധൈര്യമില്ല. വാതിൽ ചാരിക്കിടന്നു. ചെറിയ കാറ്റത്ത് അത് അങ്ങുമിങ്ങും ആടിക്കൊണ്ടിരുന്നു. ജനൽപ്പാളി വീണ്ടും തുറന്നു നോക്കാനും രതീശന് ഭയം തോന്നി. വിഷ്ണു എവിടെയാണ്. എന്താണ് പറ്റിയത്? ജയശങ്കറും അൻവറും കണ്ണു മിഴിച്ച് ഒരേ കിടപ്പു തുടർന്നു.

                സമയം ഇഴഞ്ഞു നീങ്ങി. രതീശൻ ധൈര്യം സംഭരിച്ച് വാതിലിനടുത്തേക്ക് നീങ്ങി. ചാരിക്കിടന്ന വാതിലിനടുത്തേക്ക് രതീശന്റെ വിറയാർന്ന കൈകൾ നീണ്ടു. പെട്ടെന്നാണ് ഒരു ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടത്. രതീശൻ ഒരലർച്ചയോടെ പിന്നാക്കം നീങ്ങി. ജയ ശങ്കറും അൻവറും ഒന്നു കൂടി ചുരുണ്ടു കൂടി.

              " എന്തിനാടാ ചെക്കന്മാരേ നീയൊക്കെ ആണാന്നും പറഞ്ഞ് തൂക്കി ഇട്ടോണ്ട് നടക്കുന്നേ?" എന്ന് പറഞ്ഞു കൊണ്ട് വിഷ്ണു അകത്തേക്ക് കയറി വാതിലടച്ചു. രണ്ടു മൂന്നു വട്ടം ചിമ്മി ചിമ്മി പിന്നെ കറണ്ട് വന്നു. ആമ തോടിനുള്ളിൽ നിന്ന് തല വെളിയിൽ ഇടും പോലെ പുതപ്പിനടിയിൽ നിന്നും ജയശങ്കറിന്റേം അൻവറിന്റേം തല വെളിയിൽ വന്നു.

              " നിനക്ക് വല്ലാത്ത ധൈര്യം തന്നെടേ" എന്ന് രതീശൻ അദ്ഭുതം കൂറി."
              " ചുമ്മാതല്ലെടാ എനിക്ക് വിഷ്ണു വെന്ന് പേരിട്ടത്. വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടാ ഞാൻ ജനിച്ചതെന്നമ്മ പറഞ്ഞിട്ടുണ്ട്."

                 " നരച്ച ഷർട്ടൂട്ട്, മുണ്ടുമുടുത്ത് ഊശാൻ താടീം തടവിനടക്കുന്നൊരു വിഷ്ണു... കൂട്ടുകാർ മുമ്പു കളിയാക്കിയിരുന്നതയാൾ ഓർത്തു.രണ്ട് പെൺമക്കൾ ജനിച്ചതിനു ശേഷം ഒരാൺ കുട്ടിയുണ്ടാകാൻ വേണ്ടി കൊതിച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് വിഷ്ണുവിന്റെ ജനനം. വീടിന്റെ അൽപം കിഴക്കുമാറിയുള്ള ഒരു ചെറിയ ക്ഷേത്രം. കൃഷ്ണനാണ് അവിടത്തെ പ്രതിഷ്ഠ.  രാവിലെ മുതൽ ഉച്ചവരെ കൃഷ്ണന്റെ ഭാവത്തിൽ, പക്ഷെ വൈകിട്ടായാൽ ആളുമാറി.. പിന്നെ വിഷ്ണുവായിരിക്കും. അതായിരുന്നു ആ ക്ഷേത്രത്തിലെ സങ്കൽപം. വിഷ്ണുഭാവത്തിലിരിക്കുന്ന സമയങ്ങളിൽ തുടർച്ചയായി ഒൻപത് ദിവസം ചെന്ന് തൊഴുതാൽ ഉദ്ദേശിച്ച കാര്യം നടക്കും. പക്ഷെ സാധാരണ നിലയിൽ ഒൻപത് ദിവസങ്ങൾ അടുപ്പിച്ച് തടസ്സം കൂടാതെ ക്ഷേത്രത്തിൽ പോകാൻ സാധിക്കാതെ എന്തെങ്കിലും തടസ്സം വന്നു പെടും എന്നാണ് പഴമക്കാർ പറയുന്നത്. അത്രയും ഈശ്വരാധീനം ഉള്ളവർക്ക് മാത്രമേ മുടക്കം കൂടാതെ ഈക്കാര്യം സാധ്യമാകൂ. അങ്ങനെ അയാളുടെ അമ്മ ഒൻപത് ദിവസം തുടർച്ചയായ് തൊഴുതതിന്റെ ഫലമായ് ഉണ്ടായത് കൊണ്ടാണ് വിഷ്ണുവെന്ന് പേരിട്ടത്. വിഷ്ണുവിന്റെ ചൈതന്യം തന്റെ മകനിൽ  പ്രകാശിക്കുന്നു എന്നാണ് അവന്റെ അമ്മയുടെ അവകാശവാദം.

                  കാരണമെന്തായിരുന്നാലും വിഷ്ണുവിന് ഒരു പ്രത്യേക ധൈര്യമുണ്ടായിരുന്നു ചെറുപ്പം മുതലേ. അവന്റെയുള്ളിൽ വിഷ്ണു കുടിയിരിക്കുന്നു എന്ന് അമ്മ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിച്ചതിന്റെ ഒരു ധൈര്യമായിരിക്കും. ഇപ്പോഴാണേൽ പോരാത്തതിന് സൈക്കോളജി പഠനവും. അത് എല്ലാ കാര്യങ്ങളിലും ഒരു മനശ്ശാസ്ത്രപരമായ സമീപനം ഉണ്ടാക്കാൻ അയാളിൽ പ്രേരണ ചെലുത്തി ക്കൊണ്ടിരുന്നു.

                    വീണ്ടും മുള ങ്കാടുകൾക്കിടയിലൂടെ വന്നൊരു കാറ്റ് കുളത്തിലെ ജലപ്പരപ്പിലൂടെ ഒഴുകിയെത്തി അയാളുടെ കവിളിൽ തലോടി. വല്ലാത്ത സുഖമുള്ളൊരു കാറ്റ്. കുളത്തിനു ചുറ്റും എന്തെല്ലാം തരം മരങ്ങളാണ്. നാഗലിംഗമരം, ഞാവൽ മരം, പാല, ചെമ്പകം പിന്നെ പേരറിയാത്ത കുറെ വൻ മരങ്ങളും. പാമ്പുകളെ പ്പോലെ മരങ്ങളിൽ നിന്നിഴഞ്ഞിറങ്ങി വരുന്ന വേരുകൾ പരസ്പരം ഇണ ചേർന്നു കിടന്നു. സത്യത്തിൽ ഈ മരങ്ങളും കുളവും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പണ്ടത്തെ ഏതോ ഒരു ദീർഘദർശി കൊരുത്തെടുത്തതായിരിക്കും ഈ ശിവാനിക്കഥ.ഭയം  പടർന്നു പന്തലിക്കുന്ന ഒരു വള്ളിച്ചെടിയേപ്പോലെയാണ്. ചുറ്റിപ്പിണഞ്ഞാൽ പിടി വിടുവിക്കുക ദുഷ്കരം തന്നെ. ശിവാനിക്കഥ കഥകളും ഉപകഥകളുമൊക്കെയായി കെട്ടുപിണഞ്ഞ് പടർന്ന് പന്തലിച്ചു.

                     വളർന്നു നിൽക്കുന്ന അപൂർവ്വ വൃക്ഷലതാദികളെ നശിപ്പിക്കാതിരിക്കാൻ, വരും തലമുറകൾക്കായ് കരുതിവയ്ക്കാൻ ക്രാന്തദർശികളായ ആരുടെയൊക്കെയോ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയങ്ങളല്ലേ സർപ്പക്കാവുകളും സർപ്പകോപവും മറ്റും. പണ്ട് സ്കൂൾ അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ വിശാലമായ പറമ്പിന്റെ ഒരറ്റത്ത് ഉണ്ടായിരുന്ന സർപ്പക്കാവ് അയാളുടെ ഓർമ്മയിൽ വിരിഞ്ഞു. ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന ചിതൽപ്പുറ്റുകൾ. അവ കാണുമ്പോൾ തന്നെ അയാളുടെ ചേച്ചിമാർക്ക് ഭീതിയായിരുന്നു,അതിനടുത്ത് നിൽക്കുന്ന ഞാവൽ മരത്തിലെ കുടുകുടെ പഴുത്തു കിടക്കുന്ന ഞാവൽപ്പഴങ്ങൾ കാണുമ്പോൾ  കൊതിയും.

                      അന്നൊക്കെ അതിസാഹസികമായി വിഷ്ണു ആ മരത്തിൽ കയറുകയും തോളിൽ തൂക്കിയ ബാഗിൽ കടും വയലറ്റ് നിറത്തിലുള്ള പഴുത്ത ഞാവൽപ്പഴങ്ങൾ ശേഖരിച്ച് കൊണ്ടുവരുകയും ചെയ്തിരുന്നു. ആ കാവിനകത്ത് കയറരുതെന്നും വിലക്ക് ലംഘിച്ചാൽ സർപ്പകോപമുണ്ടാകുമെന്നുമാണ് അമ്മ പറഞ്ഞു പഠിപ്പിച്ചിരുന്നത്. പക്ഷേ വിഷ്ണുവിന് അന്നേ ഇതിലൊന്നും വിശ്വാസമോ പേടിയോ ഇല്ലായിരുന്നു. പ്രകൃതിയിലെ വിഭവങ്ങൾ പ്രകൃതിയുടെ മക്കൾക്കവകാശപ്പെട്ടതാണ്. ആ പഴങ്ങൾ  മരത്തിൽക്കയറി യെടുത്താൽ എന്താണു കുഴപ്പം. ഞാവൽപ്പഴം തിന്നുന്ന അണ്ണാനും കിളികൾക്കുമൊക്കെ യുണ്ടാകുമോ സർപ്പകോപം?


                       അപ്പൂപ്പനും അമ്മയ്ക്കുമൊക്കെ കാഴ്ച കുറവായിരുന്നു. കണ്ണുകൾ ഇറുക്കെ പിടിച്ച് കൈപ്പടം കണ്ണിന് മറ വച്ചാണ് അവർ നോക്കിയിരുന്നത്. തന്നെയുമല്ല, അവരുടെ തല അനിയന്ത്രിതമായി ആടി ക്കൊണ്ടിരുന്നു. കഴുത്തിലെ പേശികളുടെ ബലക്കുറവിനെ പക്ഷെ അമ്മ സർപ്പകോപമായി ചിത്രീകരിച്ചു. ചേച്ചിമാരൊക്കെ ആ കഥ വിശ്വസിച്ചിരുന്നെങ്കിലും അവന് അന്നേ തന്നെ അതിൽ വിശ്വാസം തോന്നിയിരുന്നില്ല. പക്ഷെ എന്നിരുന്നാലും ചേച്ചിമാർ ഞാവൽപ്പഴക്കൊതിച്ചികളായിരുന്നു. വിഷ്ണു എടുത്തു കൊടുക്കുന്ന ഞാവൽപ്പഴങ്ങൾ തിന്നിട്ട് ആരും അറിയാതിരിക്കാനായി കിണറ്റുവെള്ളം കോരി നാവിൽ പറ്റിയിരുന്ന വയലറ്റ് നിറം കഴുകിക്കളയാൻ ശ്രമിക്കുമായിരുന്നു. എന്നിട്ടും പോകാൻ കൂട്ടാക്കാത്ത നിറത്തെ പല്ലുകളുടെ അഗ്രത്താൽ നാവിൽ അമർത്തി ഉരക്കുമായിരുന്നു. എന്നിട്ട് ഇരുവരും നാക്കു നീട്ടി കാണിച്ചിട്ട് അനോന്യം ചോദിക്കും " നെറം പോയോടീ."


                     അയാളിരുന്നതിനടുത്ത് അപ്പോൾ വീശിയ കാറ്റിൽ വീണ പഴുത്ത ഞാവൽപ്പഴത്തിലേക്ക് അയാളുടെ കൈകൾ നീണ്ടു. ഞാവൽ പ്പഴം അയാൾ കൊതിയോടെ നുണഞ്ഞു. നാവു നീട്ടി നാവിൽ പറ്റിയ വയലറ്റ് നിറം നോക്കി. അയാളുടെ ചുണ്ടിൽ ചെറുമന്ദഹാസം മൊട്ടിട്ടു." എന്താ നാവും നീട്ടിയിരിക്കുന്നത് വിഷ്ണൂ" പെട്ടെന്നുള്ള ചോദ്യം കേട്ടയാൾ തിരിഞ്ഞു നോക്കി. ഇങ്ങനെയൊരുവൾ നടന്നുവരുന്നത് അയാൾ കണ്ടതേയില്ല. ഇവൾ ഏതു വഴി വന്നു? എപ്പോൾ വന്നു? ഞൊടിയിടയിൽ അനേകം ചോദ്യങ്ങൾ തീവണ്ടിയേപ്പോലെമനസ്സിലൂടെ കുതിച്ചു പാഞ്ഞു. അയാളുടെ മുഖത്ത്  ചോദ്യ ഭാവം നിഴലിച്ചതു കൊണ്ടാകാം അവൾ ചോദിച്ചു." എന്നെ മനസ്സിലായില്ലാല്ലേ?"

                    'കണ്ട് പരിചയിച്ച മുഖം, പക്ഷെ ഓർമ്മ വരുന്നില്ല. ഓർമ്മയില്ലെന്ന് എങ്ങനെ പറയും.. അവൾ തന്നെ പേരു വിളിച്ചല്ലേ സംസാരിച്ചത്?'

                    വിഷ്ണു ആശയക്കുഴപ്പത്തിലായി.

 അവൾ പറഞ്ഞു തുടങ്ങി." വിഷ്ണു മറന്നു. വിഷ്ണു എം.എ.ക്ക് പഠിക്കുന്ന സമയത്ത് ഞാൻ എം എസിക്ക് ഉണ്ടായിരുന്നു. ഓർക്കുന്നോ... കെമിസ്ട്രി ലാബിന്റെ അടുത്തുള്ള ഇടനാഴിയിലൂടെ നടന്നു വേണമായിരുന്നു നിങ്ങളുടെ മലയാളം ക്ലാസിലേക്കെത്താൻ".

" ഓ... ഓർമ്മയുണ്ട്...കുറച്ചുകാലായില്ലേ.... പിന്നെ ഇപ്പോ പ്രതീക്ഷിക്കുന്നില്ലല്ലോ... അതു കൊണ്ട്.... വിഷ്ണു പരുങ്ങി.
 " എന്റെ പേരോർമ്മയുണ്ടോ?" ഉണ്ടെന്നോ ഇല്ലെന്നോ അർത്ഥമാക്കാവുന്ന വിധത്തിൽ അയാൾ തല ചലിപ്പിച്ചു.

" ഇയാൾക്ക് ഓർമ്മയില്ലെ നെനിക്കറിയാം... വെറുതെ കഷ്ടപ്പെടണ്ട . ഞാൻ ജ്വാല".

  അവളെക്കാണുമ്പോൾ തീകത്തുന്നേ...... ഫയർ ഫോഴ്സിനെ വിളിക്കൂ.... എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത് അയാൾക്ക് ഓർമ്മ വന്നു.

           വെറുതെ കളിയാക്കിയിരുന്നതല്ല.. അവൾ തീജ്വാല പോലെയായിരുന്നു. ഒരു ജ്വലിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അവൾ.കുറച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അവളുടെ സൗന്ദര്യം ജ്വലിക്കുന്നു. ജ്വാല തുടർന്നു:" ഞാൻ എം. എസി പരീക്ഷ കഴിഞ്ഞതോടെ നാട്ടിലേക്ക് പോയി. പിന്നെ ഫലം വരുന്നതിന് മുന്നേ തന്നെ കല്യാണം കഴിഞ്ഞു. ഒരു മോളുണ്ടായി. പി എച്ച് ഡി ചെയ്യണോന്നൊക്കെ വിചാരിച്ചിരുന്നപ്പോഴാണ് മോളെ പ്രഗ്നന്റ് ആയതും പ്രസവിച്ചതും. പിന്നെ നീണ്ടു പോയി. ഇപ്പോ മോക്ക് നാലു വയസ്സു കഴിഞ്ഞു. പി എച്ച് ഡി ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്."

           വിഷ്ണു എല്ലാം മൂളിക്കേട്ടു." നാരായണൻ കുട്ടി സാറിനെ കാണാൻ വേണ്ടിയാ ഞാനിപ്പോ വന്നത്. സാറ് ഓഫീസിലില്ല, അതു കൊണ്ട് ഞാനിങ്ങനെ നടന്നപ്പോഴാണ് വിഷ്ണൂനെ കണ്ടത്. സാറ് പുറത്തെവിടെയോ അത്യാവശ്യമായിട്ട് പോയതാണെന്നും കുറച്ചു കഴിയുമ്പോ വരുമെന്നും ഓഫീസ് സ്റ്റാഫ് പറഞ്ഞു. എന്തായാലും ഞാൻ വിഷ്ണൂന് കമ്പനി തരാം. വിഷ്ണുവിന് അടുത്തായി ജ്വാലയിരുന്നു.വിഷ്ണു അറിയാതെ തന്നെ അവന്റെ കണ്ണുകൾ ജ്വാലയെ ഒന്നുഴിഞ്ഞു. അവൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കല്യാണം കഴിഞ്ഞെന്നു കൂടി തോന്നുന്നില്ല. കണ്ണുകൾ മിഴിനീർ തെളിഞ്ഞതു പോലെ തിളങ്ങി. നനഞ്ഞ കുടയുടെ അടുക്ക് തെറ്റിയ കറുത്ത ശീലയെ ഒതുക്കി വയ്ക്കുന്ന അവളുടെ കൈകളിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു. വെളുത്തു മെലിഞ്ഞ നീണ്ട വിരലുകൾ. വിരലുകൾക്ക് ഇത്രയേറെ സൗന്ദര്യം ഉണ്ടാകാം എന്ന് അപ്പോൾ മാത്രം അവൻ മനസ്സിലാക്കി. നഖങ്ങൾ നീണ്ടതും നിറം പുരട്ടിയതുമായിരുന്നു. അവളുടെ കണ്ണുകളിലെ വശ്യത അവനെ കെട്ടിയിട്ടു.?

           വിഷ്ണുവിന് വലിയ ധൈര്യമാണല്ലേ?"
          " എന്തേ അങ്ങനെ ചോദിച്ചേ?"

          " ഈ കൊളത്തിനടുത്തേക്ക് ആരും വരാറില്ലല്ലോ. ഈ വഴിക്കു കൂടി ആരും പോകാറില്ല. ഇത് ഒരു ഷോട്ട് കട്ടാണെങ്കിലും പെൺകുട്ടികൾ ആ മതിലിനെച്ചുറ്റിയാണ്  ഹോസ്റ്റലിലേക്ക് പോണത്.

          " അങ്ങനെയാണേൽ ജ്വാലയും ധൈര്യവതി തന്നെ" എന്ന് പറഞ്ഞ് അവൻ ചിരിച്ചു. പിന്നെ തുടർന്നു:" അതൊക്കെ ചുമ്മാ കഥകളല്ലേ... ആരും ഒന്നും നേരിട്ട് കണ്ടവരില്ല. അവര് പറഞ്ഞു.. ഇവര് പറഞ്ഞു. മറ്റവര് കണ്ടു.... ഒന്ന് ഒറപ്പിച്ചു ചോദിച്ചാൽ" ഞാനല്ല, ഞാൻ കണ്ടില്ല... അവനോട് ആരോ പറഞ്ഞതാ.... എന്നാക്കെ യാ വിവരണങ്ങൾ. ഒറ്റെണ്ണത്തിനും ഒരു സാമാന്യ ബുദ്ധിയില്ല.... ചിന്താശേ ഷീയില്ല.....

" ജ്വാലയുടെ ചിരി അവന്റെ ചങ്കിൽ തറഞ്ഞു കയറി. പെട്ടെന്ന് വെളിച്ചം മങ്ങിയതു കണ്ട് വിഷ്ണു ആകാശത്തേക്ക് നോക്കി. ഞൊടിയിടയിലാണ് വലിയ കാറ്റു വീശിയത്. ഇല്ലിപ്പടർപ്പുകൾ ആടിയുലഞ്ഞു. മരങ്ങളിൽ പറ്റി നിന്ന വെള്ളത്തുള്ളികൾ താഴേക്ക് പതിച്ചു. മഞ്ഞച്ച ഇലകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് താഴേക്ക് പറന്നിറങ്ങി. അവയിലൊന്ന് വിഷ്ണുവിന്റെ ചുമലിൽ ഷർട്ടിന്റെ കോളറിൽ വന്നിരുന്ന് ചെവിയിൽ കിന്നരിക്കാൻ ശ്രമിച്ചു. ജ്വാലയുടെ വിരലുകൾ വിഷ്ണുവിന്റെ കഴുത്തിലേക്ക് നീണ്ടു. വളരെ കൃത്യതയോടെ ആ ഇലയുടെ ഞെട്ടിൽ പിടിച്ചുയർത്തി കൊണ്ട് അതിനെ വട്ടം ചുറ്റിച്ചു. ഒരു നിമിഷാർദ്ധത്തിൽ ജ്വാലയുടെ വിരലുകളുടെ കുളിർ സ്പർശനം ഒരു തണുപ്പായ് അരിച്ചു കയറി സുഷുമ്നയിലൂടെ കടന്നു പോയത് വിഷ്ണുവറിഞ്ഞു.

             മഴകോരിച്ചൊരിഞ്ഞു." നമുക്ക് ഇവിടുന്ന് മാറാം."

" വേണ്ട, എന്റെ കുടയുണ്ടല്ലോ.." കുട നിവർത്തിക്കൊണ്ട് ജ്വാല വിഷ്ണുവിനടുത്തേക്ക് ചേർന്നിരുന്നു." ആളുകൾ കണ്ടാൽ ഭ്രാന്താണെന്ന് വിചാരിക്കും. വിഷ്ണു പറഞ്ഞു..

" പറയട്ടേ.... അല്ലേ തന്നെ ഇപ്പോ ആരാ ഇവിടെയൊള്ളത്.. നമ്മളെക്കാണാൻ."" എത്ര നേരമങ്ങനെ ഇരുന്നെന്നോ എപ്പോഴാണ് മഴ തോർന്നതെന്നോ?? എപ്പോഴാണ് മടങ്ങിയതെന്നോ അവന് ഓർമ്മയില്ല.

                   ഇന്ന് ബുധനാഴ്ച. ഇനി ഫീസടക്കാൻ രണ്ടു ദിവസം കൂടി ബാക്കി. വിഷ്ണു നേരേ ഓഫീസിലേക്കു പോയി. സാർ ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് എപ്പഴാ എത്തിയത്? ഇന്നലെ ഞാൻ കൊറേ നേരം കാത്തു. എന്നിട്ടാ മടങ്ങിയത്. വിഷ്ണു തിരിച്ചു നടക്കുകയായിരുന്നു. ജ്വാല മനസ്സിലേക്ക് കടന്നു വന്നു." വിഷ്ണു ...." ജ്വാലയുടെ ശബ്ദം. വിഷ്ണു തിരിഞ്ഞു നോക്കി. ഇല്ല... ആരുമില്ല.


                " തോന്നിയതായിരുന്നോ" എന്ന് സംശയിച്ചു. ഏകനായ് നടന്നപ്പോൾ കഴിഞ്ഞ ദിവസം ജ്വാലയെ കണ്ടതും സംസാരിച്ചതും ഓർത്തു നടക്കുകയായിരുന്നു അയാൾ. അതായിരിക്കാം പെട്ടെന്ന് അവളുടെ ശബ്ദം കേട്ട പോലെ തോന്നിയത്.
   
               അയാൾ നടന്നു.
" വിഷ്ണൂ.... വീണ്ടും അയാൾ വിളി കേട്ട ഭാഗത്തേയ്ക്ക് നോക്കി. കല്യാണം കഴിഞ്ഞ് മൂന്നാലു വർഷം കഴിഞ്ഞ പെണ്ണാണ്. അതിന്റെ ഒരു പക്വതയു മില്ല. ഒരൊളിച്ചു കളി. അയാൾ ചാരിക്കിടന്ന ക്ലാസ്സ് മുറിയുടെ വാതിൽ തുറന്നു കയറി.
  " ങ്‌ഹാ... വിളിച്ചിട്ടിവിടെ വന്നൊളിച്ചിരിക്കയാണോ.." അയാൾ പിന്തിരിഞ്ഞിരുന്ന അവളുടെ ചുമലിൽ മെല്ലെ തൊട്ടു. അവൾ തിരിഞ്ഞു നോക്കിയില്ല. അയാൾ തല ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

               " ഹോ.. സോറി പെങ്ങളെ... എനിക്ക് ആളു മാറിപ്പോയതാ..." അവളുടെ കണ്ണുകൾ ഏതോ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്നു. ഇമവെട്ടിയില്ല. അയാൾക്ക് ഒരസ്വസ്ഥത അനുഭവപ്പെട്ടു. അയാൾ പിന്തിരിയാതെ കാലുകൾ പിന്നാക്കം വച്ച് ആ മുറിയിൽ നിന്ന് പുറത്തു കടന്നു. പിന്നെ പെട്ടെന്ന് പിന്തിരിഞ്ഞ്  ഇടനാഴിയിലൂടെ അതിവേഗം നടന്നു.. അല്ല ....അതൊരു ഓട്ടമായിരുന്നു... എതിരെ വന്നയാളുടെ കണ്ണുകളിൽ സംശയം ഒരു പന്തമായ് കത്തി. ഇടനാഴി കഴിഞ്ഞ് ഒതുക്കുകളിറങ്ങി ആർട്ട്സ് ബ്ലോക്കിനടുത്തെത്തിയപ്പോൾ അയാളുടെ സുഹൃത്തുക്കൾ നിൽക്കുന്നത് കണ്ടപ്പോഴാണ് വിഷ്ണുവിന്റെ ശ്വാസഗതി സാധാരണ നിലയിലായത് ."

             " എന്തെടാ നീ പട്ടിയണക്കുന്ന പോലെ അണക്കുന്നത്.?"

" ഞാൻ ആ ക്ലാസ്റൂമിൽ ജ്വാലയുടെ വിളി കേട്ട്... അവിടെയൊരു പെണ്ണ്... അത് ജ്വാലയല്ല... പക്ഷെ അവളെന്തോ.. അവളുടെ മുഖം കണ്ടപ്പോ... ജ്വാലയുടെ ശബ്ദം ഞാൻ കേട്ടതാണ്... പക്ഷെ" അയാളുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീണു."

           " ഏത് ജ്വാല... ഞങ്ങൾക്കൊന്നുമറിയാത്തൊരു ജ്വാല... പറയെടാ...."
            " ഛെ! നിങ്ങൾക്കോർമ്മയില്ലേ പഴേ.. നമ്മൾ മലയാളം ക്ലാസിലേക്ക് പോകുന്ന വഴി കാണാറില്ലേ... എം എ സിക്ക് പഠിച്ചിരുന്ന... മറ്റേ സുന്ദരി.."

            " അവളോ"

            " അതേടാ... ഇന്നലെകണ്ടു ഞാൻ ജ്വാലയെ.. അവള് കല്യാണോക്കെ കഴിഞ്ഞ് കുട്ടിയൊക്കെയായി.... ഇപ്പോ പി എച്ച് ഡി ചെയ്യുന്നു.ഇന്നലെ ഓഫീസിൽ ആളില്ലാതിരുന്നതു കൊണ്ടാണ് ഞാൻ കൊളത്തിനരികിൽ പോയിരുന്നത്. അപ്പോഴാണ് അവൾ വന്നത്. ഞങ്ങൾ എത്രയോ നേരം സംസാരിച്ചിരുന്നു. അവൾ ഇന്നും വരുമെന്ന് പറഞ്ഞിരുന്നു. എനിക്കൊറപ്പാ ഞാൻ അവളുടെ ശബ്ദം തന്നെയാ കേട്ടത്."

               " വിഷ്ണൂ.. നീയാ പഴയ ജ്വാലയെകുറിച്ചാണോ പറയണത്? അവൾ കല്യാണം കഴിഞ്ഞ് പോയെന്നൊള്ള തൊക്കെ സത്യം തന്നെ.പക്ഷെ.. അവൾ ഇന്നില്ല.... ജീവിച്ചിരിപ്പില്ല. കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും പല കഥകൾ പത്രത്തിലൊക്കെ വന്നു. 

              വിഷ്ണുവിന്റെ സിരകളിലൂടെ രക്തം കുതിച്ചു പാഞ്ഞു." അപ്പോൾ ഇന്നലെ കൊളത്തിനരികിൽ ഞാൻ കണ്ടത്...? ഞാനുമായി സംസാരിച്ചിരുന്നത്...?   

             അയാളുടെ ഞരമ്പുകൾ ത്രസിച്ചു. കാലുകളിലൂടെ കയറിയ കുളിർ ഉച്ചി വരെയെത്തി. മനസ്സിലൂടെ ഓർമ്മകളുടെ തീവണ്ടി കൂകി പാഞ്ഞു.
    വിഷ്ണു വീണ്ടും ഉറപ്പിച്ചു പറഞ്ഞു "അത് ജ്വാല തന്നെ. നിങ്ങൾക്കു തെറ്റിയതാകും." കൂട്ടുകാർ അവനെ കളിയാക്കി." നീ ശരിക്കും പേടിച്ചു. ല്ലേ? നിന്റെ കഴുത്തിന്റെ പിൻ ഭാഗത്തതാ ചോര പൊടിഞ്ഞിരിക്കുന്നു."

         ജ്വാലയുടെ കൈവിരൽ സ്പർശിച്ചപ്പോൾ അനുഭവപ്പെട്ട അതേ കുളിര് അവനപ്പോൾ അനുഭവപ്പെട്ടു. വിഷ്ണുവിന്റെ കൈവിരലുകൾ അറിയാതെ പിൻ കഴുത്തിൽ തലോടി"...

        " ചുമ്മാ പറഞ്ഞതാടാ... നീ പേടിക്കുമോന്നറിയാൻ.."

        " പിന്നീട് ബസിൽ നിന്നിറങ്ങി സന്ധ്യയാകും മുൻപെ തണൽ മരങ്ങൾ ഇരുട്ടു ചാർത്തിയ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ... കഴുത്തിന്റെ പിൻ ഭാഗത്ത് ഒരു തുള്ളി നനവ് കിനിഞ്ഞിറങ്ങുന്നത് പോലെ... വിഷ്ണുവിന്റെ വിരലുകൾ അറിയാതെ പിൻ കഴുത്തിലേക്ക് നീങ്ങി.



















Thursday, 30 November 2017

മധുര പ്രതീക്ഷ



                      ശേഖരൻ തമ്പി ഉറ്റു  നോക്കിക്കൊണ്ടിരുന്നു.ആദ്യം മൂന്നാലെണ്ണേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എണ്ണം കൂടിക്കൂടി വന്നു.ഇപ്പോ ഒരു പത്ത് പതിനഞ്ചെണ്ണം കാണും.തമ്പിയുടെ കണ്ണുകളിൽ ഒരു കുട്ടിക്കൗതുകം നിറഞ്ഞു നിന്നു. മൂന്നു നാലു തുള്ളി ചായ ടീ പോയിയിൽ വീണു കിടന്നു.അതിനു ചുറ്റും ഉറുമ്പുകൾ നിരന്നു നിന്നു തല കുമ്പിട്ട് ചായ ഊറ്റിയൂറ്റി കുടിച്ചു കൊണ്ടു നിന്നു.ഏകനായ് വിരസചിത്തനായ് ഇരുന്ന ഏതൊക്കെയോ ദിവസങ്ങളിൽ അനിമൽ പ്ലാനറ്റ് വച്ചപ്പോൾ കണ്ട, കാട്ടുകുളത്തിനരികിൽ  നീളമുള്ള കാലുകൾ കവച്ചു വച്ച് കഷ്ടപ്പെട്ട് നിന്ന് വെള്ളം കുടിച്ചിരുന്ന ജിറാഫിൻ കൂട്ടത്തെ തമ്പിക്ക് ഓർമ്മ വന്നു.തമ്പിക്ക് ചിരി വന്നു.കുഞ്ഞനുറുമ്പുകളെ കണ്ടപ്പോൾ ഒത്തിരി ഉയരമുള്ള ജിറാഫിനെ ഓർമ്മ വന്നതിൽ.

                        ഒന്ന് ഊതിയാൽ പറന്നു പോകുന്ന നേർത്ത ശരീരമുള്ള ഒരു പ്രത്യേകതരം ഉറുമ്പുകൾ.കടിച്ചു നോവിക്കുന്ന നെയ്യുറുമ്പിനെ പോലെയല്ല ഇവ.വളരെ സാധുക്കളാണ്.പഞ്ച പാവങ്ങൾ.തമ്പിനോക്കിയിരിക്കേ അവ ആ ചായക്കുളം കുടിച്ച് വറ്റിച്ചു.തമ്പിയുടെ കൗതുകം തീരാഞ്ഞതിനാൽ അയാൾ മേശമേൽ തന്റെ ഭാര്യയായ കുമുദം തനിക്കായ് എടുത്ത് വച്ച ഫ്ലാസ്ക്കിലെ കട്ടൻ ചായ യിൽ നിന്ന് ഒരു തുള്ളി ടീ പോയി മേൽ ഉറ്റിച്ചു.ഒന്നു രണ്ട് ഉറുമ്പുകൾ വന്ന് തല കുമ്പിട്ട് നാക്ക് അതിൽ തൊട്ടു.പക്ഷെ അവ തിരിച്ചു നടക്കുകയാണ് ഉണ്ടായത്.അതിനു ശേഷവും മധുര പ്രതീക്ഷയിൽ രണ്ടു മൂന്നെണ്ണം വന്നു.തല താഴ്ത്തി നാവ് മുട്ടിച്ച് തിരിച്ചു പോയി.ടീ പോയി മേൽ അങ്ങുമിങ്ങും വഴിതെറ്റിയ പോലെ അലഞ്ഞു തിരിഞ്ഞ ഉറുമ്പുകളെ കട്ടനിലേക്ക് വഴിതിരിച്ചു വിടാനായി തമ്പി അയാളുടെ വിരലുകൾ തട വച്ച് ഒരു വിഫല ശ്രമം നടത്തി.ഉറുമ്പുകൾ മധുരം ചേർത്ത ചായയേ കൂടിക്കൂ എന്ന തിരിച്ചറിവ് അതോടെ തമ്പിക്ക് ഉണ്ടായി.

                        തമ്പിയും കുമുദവും ആരൊക്കെയാണെന്ന് പരിചയപ്പെടുത്തേണ്ട സമയം അധികരിച്ചു. ഇനി  നീട്ടുന്നില്ല. വാട്ടർ അഥോറിറ്റിയിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ ആണ് തമ്പി.തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് സേവനമനുഷ്ഠിച്ചത്.
ഔദ്യോഗിക കാലഘട്ടം കഴിയുന്നതിന് ഏകദേശം മൂന്നു കൊല്ലം മുമ്പു തന്നെ ഒരു ഡോക്ടർ തമ്പിയുടെ രക്തത്തിൽ പഞ്ചാരയുടെ അളവ് കൂടുതലാണെന്ന കണ്ടെത്തൽ നടത്തിയിരുന്നു.അതോടെ കുമുദം തന്റെ ഭർത്താവിന്റെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.തമ്പിക്ക് വളരെ ചെറുപ്പകാലത്ത് തന്നെ, കൃത്യമായി പറഞ്ഞാൽ ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ കഷണ്ടി കയറിയതാണ്. മുപ്പതുകളുടെ പകുതിയായപ്പോഴേക്കും ബാക്കി യുണ്ടായിരു ന്ന  മുടിയിഴകളിൽ വെള്ളി കെട്ടി തുടങ്ങുകയും കൊടവയർ ചാടുകയും ചെയ്തു.ചുരുക്കിപ്പറഞ്ഞാൽ കാഴ്ചയിൽ ഉള്ളതിനേക്കാൾ പത്തുവയസ്സധികം തോന്നും.

                       കുമുദം വിദ്യാഭ്യാസവകുപ്പിൻ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിലെ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്.കുമുദത്തിന് ഇനിയും പത്തുവർഷം ബാക്കിയുണ്ട്   റിട്ടയർമെന്റിന്. ഇടതൂർന്ന് ചന്തി മറഞ്ഞ് കിടക്കുന്ന മുടിയിഴകളിൽ ഒന്നിനു പോലും വെളുത്ത നിറമില്ല. പ്രസവിക്കാത്തതിനാൽ ശരീരത്തിനിതു വരെ ഒരു ഉടവും തട്ടിയിട്ടില്ല.ഉരുളി കമിഴ്ത്തിനോക്കിയിട്ടും കുട്ടിയുണ്ടാകാത്തതിനാൽ ഉരുളിക്കല്ല കുഴപ്പമെന്ന് അവർ കണ്ടെത്തി.ശേഖരൻ തമ്പിയാണ് ഇക്കാര്യത്തിൽ കുഴപ്പക്കാരൻ എന്ന് പക്ഷേ ഡോക്ടർ കണ്ടെത്തിയിരുന്നു. ദമ്പതികൾ അക്കാര്യത്തെക്കുറിച്ചങ്ങ് ബോധപൂർവ്വം മറന്നു.ഇരുവരും സന്തോഷത്തോടെയങ്ങ്  ജീവിച്ചു.

                    കൂടുതൽ സമയവും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന തമ്പി വായനയും ടിവി കാണലുമൊക്കെയായി നേരം പോക്കി.ദിവസവും വൈകുന്നേരങ്ങളിൽ കുറച്ച് നടക്കാൻ നേപ്പിയർ മ്യൂസിയത്തിൽ പോകും.നടത്തം കഴിഞ്ഞാൽ അവിടെയുള്ള തുരുമ്പിച്ച കസേരകളിൽ ഒന്നിൽ ഇരിക്കും. സ്ഥിരം കണ്ടു കണ്ട് പിന്നെ പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളായി മാറിയ ചിലരോടൊത്ത് കൊച്ചുവർത്തമാനങ്ങളും രാഷ്ട്രീയവും ഒക്കെ പറഞ്ഞ് സായാഹ്നം സമ്പുഷ്ട മാക്കും. കുമുദം വീട്ടിൽ എത്തുമ്പോഴേക്കും തമ്പിയുമെത്തും.ഇതാണ് തമ്പിയുടെ റിട്ടയർമെന്റ് ജീവിതം.

                      അന്നും പതിവുപോലെ തമ്പി നേപ്പിയർ മ്യൂസിയത്തിലെ തുരുമ്പിച്ച കസേരകളിലൊന്നിൽ ഇരുന്നു.അപ്പോഴാണ് വളരെ യാദ്യച്ഛികമായി തിരുവനന്തപുരത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രമോഹനെ കണ്ടത്.വർഷങ്ങൾ കുറച്ച് കഴിഞ്ഞെങ്കിലും ഒറ്റ നോട്ടത്തിൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കുറച്ചു നേരം ഒരുമിച്ച് ഇരുന്ന് അവർ പഴങ്കഥകൾ പറഞ്ഞു.അക്കൂട്ടത്തിൽ ചന്ദ്ര മോഹൻ പറഞ്ഞ ഒരു കാര്യമാണ് നമ്മുടെ കഥാനായകന്റെ ജീവിതത്തിന്റെ ഒഴുക്കിന് ദിശാമാറ്റം സംഭവിപ്പിച്ചത്.
            ചന്ദ്രമോഹൻ പറഞ്ഞു: കഴിഞ്ഞയാഴ്ച ഞാൻ തമ്പിയെക്കുറിച്ചോർത്തതേയുള്ളൂ. ദാ.... തമ്പിമുന്നിലെത്തിയിരിക്കുന്നു.
            തമ്പി: ചുമ്മാതങ്ങനെ ഓർത്തോ?
            ചന്ദ്രമോഹൻ: കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ സ്റ്റാച്യുവിലൂടെ കാറിൽ പോകുമ്പോൾ തമ്പീടെ ഭാര്യയെ കണ്ടു.ഒരാൾ കൂടെയുണ്ടായിരുന്നു.അപ്പോഴാണ് തമ്പിയെ ഓർത്തത്.
            തമ്പി: ഏയ്.നിങ്ങൾക്ക് ആളു മാറിപ്പോയതായിരിക്കും. അവൾ ആ സമയത്ത് ഓഫീസിലായിരിക്കും.
            ചന്ദ്രമോഹൻ: അല്ലല്ല. എനിക്ക്കുമുദത്തെ കണ്ടാലറിയില്ലേ.അതു കുമുദം തന്നെ.

 വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഭാര്യയുടെ പേരു പോലും മറന്നിട്ടില്ലല്ലോ ഈ കൊശവൻ എന്നയാൾ മനസ്സിലോർത്തു.

             തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചിന്തകളിൽ മുഴുവൻ സ്റ്റാച്യുവിലൂടെ റോഡ് മുറിച്ച് കടന്ന് പോകുന്ന കുമുദവും ആ ഒരാളുമായിരുന്നു.

             "കുമൂ, ഇന്ന് പഴയ ആ ചന്ദ്രമോഹനെ കണ്ടു.''
             "ഏത് ചന്ദ്രമോഹൻ?"
             "എന്റെ കൂടെ വാട്ടറഥോറിറ്റീലുണ്ടാരുന്ന''
             ''ഓ,... ആ പൊക്കോള്ള ചുരുണ്ട മുടിയുള്ള വെളുത്ത..... ല്ലേ?"
 ''ഇത്രയെല്ലാം ഇവളോർത്തു വച്ചിരിക്കുന്നോ" എന്ന് ചിന്തിച്ച തമ്പി പറഞ്ഞു."ചന്ദ്രമോഹൻ നിന്നെ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാച്യുവിൽ വച്ച് കണ്ടെന്ന് പറഞ്ഞു.ആരോ കൂടെയുണ്ടാരുന്നൂന്നും പറഞ്ഞു."
              " അയാൾക്ക് ആള് തെറ്റീതാ.. ഞാൻ ഓഫീസിൽ തന്നെയായിരുന്നു.അന്നാണേ നല്ല ജോലിത്തിരക്കുമായിരു ന്നു."
            തമ്പിയുടെ മനസ്സിൽ കുമുദത്തെ ക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും വെറുതെ  ചിന്തകൾ നുരഞ്ഞു പതഞ്ഞു.സ്റ്റാച്യുവിലൂടെ നടന്നു പോകുന്ന കുമുദവും പിന്നെ ഒരാളും.

           വീണ്ടും സൂര്യനുദിച്ചു. കുമുദം മറ്റെല്ലാരെയും പോലെ രാവിലെ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു.പിന്നെ അടുക്കളയിലേക്ക് കയറി.പണിക്കാരിയെ നിർത്തുന്നത് കുമുദത്തിന് ഇഷ്ടമല്ല.എല്ലാം സ്വയം ചെയ്യണം.തമ്പിക്ക് ഇടക്ക് കുടിക്കാൻ വേണ്ട മധുരമിടാത്ത കട്ടൻചായ ഫ്ലാസ്ക്കിലാക്കി ടീ പോയി മേൽ വച്ചു.ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും പാത്രത്തിലാക്കി തീൻ മേശയിൽ വച്ചു. പ്രാതൽ തീൻമേശയിൽ ഇരുന്നു കഴിച്ച ശേഷം കുമുദം സോഫയിൽ വന്നിരുന്ന് പത്രവാർത്തകൾ ടീ പോയി മേൽ വച്ച ഗ്ലാസ്സിലെ മധുരമുള്ള ചായയോടൊപ്പം അലിയിച്ചിറക്കി.രണ്ടു മൂന്നു തുള്ളി മധുരച്ചായ ടീപ്പോയി മേൽ വീണു.ഉറുമ്പുകൾ വന്നു.ചായക്കുളം വറ്റിച്ചു."എത്ര പെട്ടെന്നാണ് മധുരം തേടി ഉറുമ്പുകൾ വരുന്നത്.അവക്കൊന്നും ഷുഗറൂല്ല, പഞ്ചാരേമില്ല."തമ്പി ചിന്തിച്ചു.

            കുമുദം ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ തമ്പിഒറ്റയ്ക്കായി.തമ്പി പഴയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു. വർഷങ്ങൾക്കു മുൻപ് കുഞ്ഞിക്കാല് കാണണമെന്ന് അമിതമായി ആഗ്രഹിക്കുകയും അതിനായ് പ്രയത്നിക്കുകയും ചെയ്ത നാളുകൾ.താൻ ഒരു പരാജയമാണെന്ന തമ്പിയുടെ തിരിച്ചറിവിന്റെ നാളുകൾ.അന്നൊരിക്കൽ കുമുദം ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ട് കണ്ടിരിക്കുന്നതിനിടയിലാണ് ഇരുട്ട് വ്യാപിപ്പിച്ചു കൊണ്ട് വൈദ്യുതിയുടെ പ്രവാഹം നിന്നത്."ഈ കറണ്ടും നിങ്ങളും ഒരുപോലാ."

             കുമുദത്തിന്റെ ഈ ഉപമയുടെ സാരം തമ്പിക്ക് പെട്ടെന്ന് പിടികിട്ടീല.എന്നാൽ കുമുദം തുടർന്നപ്പോൾ പൂർണ്ണമായും പിടി കിട്ടി." ഇഷ്ടപ്പെട്ട ഒരു സിനിമ കണ്ടു കണ്ട് ഹരം പിടിച്ച്, ക്ലൈ മാക് സെത്തുമ്പോൾ ഇപ്പോ പ്രതീക്ഷിച്ചത് സംഭവിക്കും എന്ന അവസ്ഥയെത്തുമ്പോ... കട്ട്.. ദാ പോയി... കറണ്ട്."

              തമ്പിയോർത്തു."കുമുദം തന്നേക്കാൾ പതിമൂന്ന് വയസ്സിനിളയതാണ്.പോരാത്തതിന് ഇപ്പോഴും നല്ല ആരോഗ്യവും സൗന്ദര്യവും ചുറുചുറുക്കും.ഒള്ളതിലും ഒരു പത്തു വയസ്സുകൊറവേ തോന്നൂ.എന്നിട്ടും അവൾ പരാതി പറയുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ല".ദിവസങ്ങൾ വരുന്നു. വരുന്നതിലും വേഗം പോകുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ തമ്പിയുടെ ഉച്ചമയക്കത്തിന്റെ കൂർക്കം വലിക്ക് മേലെ മൊബൈൽ മണിനാദം മുഴങ്ങി.അങ്ങേത്തലയ്ക്കൽ നിന്ന് തമ്പിയുടെ ചിരകാല സുഹൃത്തായ നാഗേന്ദ്രന്റെ ശബ്ദം. ഒരരമണിക്കൂറിനുളളിൽ ഞാൻ തമ്പിയണ്ണന്റെ വീട്ടിലെത്തും ഒരുങ്ങിനിന്നോണം. എന്റെ കൂടെ ഒരു പർച്ചേസിന് വരണം.
"ശ്ശോ.. എന്തിനാടോ ഞാൻ വരുന്നേ?"
"തമ്പിയണ്ണന് സൂസൻ മരിയയെ ഓർമ്മയില്ലേ?"
"ഏത് സൂസൻ?"
"എന്റെ ഓഫീസിലെ...തമ്പിയണ്ണനറിയാം.. ഒരിക്കേ ഓണാഘോഷത്തിന് കനകക്കുന്നില്  ഞങ്ങളുടെ ഓഫീസിന്റെ വക സ്റ്റാളിട്ടപ്പോ.... ഓർക്കുന്നോ.... അന്ന് പരിചയപ്പെടുത്തീത്.അവര് നാളെ പെൻഷനാകുന്നു. ഒരു ഗിഫ്റ്റ് കൊടുക്കണം.അത് വാങ്ങേണ്ട പണി എന്റെ തലേല് വീണു".

             നാഗേന്ദ്രൻ നിർബന്ധിച്ചപ്പോ പിന്നെ തമ്പിയെ തിർത്തില്ല.അങ്ങനെയാണ് തമ്പി അന്ന് നഗരത്തിലെ ആ വലിയ ഷോപ്പിങ് മാളിൽ എത്തിച്ചേർന്നത്.രണ്ടു പേരും ചേർന്ന് ഒരോരോ നിലകളിലായി സൂസന് ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന സാധനം തേടി നടന്നു.ഇതിനിടയിൽ തമ്പിയുടെ നോട്ടം മാളിലെ ഒരു കണ്ണാടിയിൽ പതിഞ്ഞു.അതിൽ കണ്ട മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ പിൻഭാഗത്തിന് കുമുദത്തിന്റെ പിൻഭാഗവുമായി നല്ല ഛായ., പിൻഛായ. കുമുദം ഉടുത്തത് മഞ്ഞസാരിയായിരുന്നോ? തമ്പിക്ക്  ഓർത്തെടുക്കാനായില്ല.കണ്ണാടിയിലെ പ്രതിരൂപത്തിന്റെ അവകാശിയെ കണ്ടെത്താൻ തമ്പി ശ്രമിച്ചെങ്കിലും നടന്നില്ല. മാളിലെ അനവധി കണ്ണാടികളും പ്രതിരൂപങ്ങളും ചേർന്ന് അയാളെ കബളിപ്പിച്ചു.തമ്പി ഒരോ സ്ത്രീകളെയും മാറി മാറി നോക്കി." ഇതൊക്കെ നിർത്തിക്കൂടേ ഇനി" എന്ന നാഗേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയായി ഒരു ഇളിഭ്യച്ചിരി ചിരിക്കാനേ തമ്പിക്കായുള്ളൂ.

       അന്ന് വൈകിട്ട് കുമുദം വരാനായി തമ്പി കാത്തിരുന്നു. സാരിയുടെ നിറം മഞ്ഞ തന്നെയാണോ എന്ന് കണ്ടെത്തണം.തമ്പി ടിവി കണ്ടിരുന്നു. ഗേറ്റിന്റെ ശബ്ദം. പിന്നെ വാതിലിന്റെ പിടിതാണു.വാതിൽ തുറക്കപ്പെട്ടു.മഞ്ഞ സാരിയിൽ കുമുദം പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ ഇങ്ങനെ നോക്കുന്നേ?"കുമുദം ചോദിച്ചു.
"ഇന്ന് നീ കൂടുതൽ സുന്ദരിയായിരിക്കുന്നു."അവർ ഒരു ചെറുമന്ദഹാസം ചൊരിഞ്ഞ് അകത്തേക്ക് പോയി.തമ്പി വിഷയത്തിലേക്ക് കടക്കാനായി തക്കം പാർത്തു.പിന്നെ പറഞ്ഞു."ഇന്ന് നിന്നെ പോലെ ഒരു സ്ത്രീയെ ഞാൻ കണ്ടു."
" എന്നെ പോലെയെന്ന് പറഞ്ഞ് ഒരോ പെണ്ണുങ്ങളെ നോക്കി അടി മേടിച്ചു കൂട്ടണ്ട." എന്ന് പറഞ്ഞ് അവൾ വശ്യമായ ഒരു പുഞ്ചിരി പൊഴിച്ചു.ആ ചിരിയിൽ ഇത്ര നാൾ കാണാത്ത ഒരു വശ്യത ഒളിഞ്ഞിരിക്കുന്നതായി തമ്പിക്ക് അനുഭവപ്പെട്ടു.

"ഇത്  കുമു തന്നെയോ?അതോയക്ഷിയോ? കുമുദത്തിന്റെ ദേഹത്ത് വല്ല യക്ഷിയും കയറിക്കൂടിയോ.അയാളുടെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു.അന്ന് രാത്രി തമ്പി പലവട്ടം ഞെട്ടിയെണീറ്റു. കുമുദത്തിന്റെ നഖങ്ങൾ നീളുന്നുണ്ടോ യെന്നും ദംഷ്ട്രകൾ ഇറങ്ങിവരുന്നുണ്ടോയെന്നും നോക്കി.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന രാവിന്റെ നീല വെളിച്ചത്തിൽ കുമുദത്തിന്റെ ചുണ്ടുകളുടെ വശ്യതയിൽ അയാളുടെ കണ്ണുകൾ കോർത്തു.അപ്പോൾ വായുവിൽ മുല്ലപ്പൂ ഗന്ധം നിറഞ്ഞു.

           എന്തായാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല. കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.അയാളുടെ മനസ്സിലൊരു കുറ്റാന്വേഷകൻ ഉണർന്നു പ്രവർത്തിച്ചു.ചന്ദ്ര മോഹൻ കണ്ടെന്നു പറഞ്ഞതും താൻ മഞ്ഞസാരിക്കാരിയെ കണ്ടതും ഒരു ഉച്ച നേരത്താണ്.അതിനാൽ ഉച്ച നേരത്ത് തന്നെ അന്വേഷണം തുടങ്ങാം എന്ന് തീരുമാനിച്ചു.അന്ന്  കുമുദം രാവിലെ ഓഫീസിലേക്കിറങ്ങിയപ്പോൾ തമ്പി  പതിവിലും വിപരീതമായി അവളുടെ സാരിയേതെന്ന് ശ്രദ്ധിച്ചു.നീലയും കറുപ്പും നിറങ്ങളിലുള്ള ഷിഫോൺ സാരി. ഉച്ചയൂണിന് ശേഷം തമ്പി തന്റെ കാറിൽ കുമുദത്തിന്റെ ഓഫീസിന്റെ പരിസരത്തിലൂടെയൊക്കെ കറങ്ങി.ചുറ്റുവട്ടത്തെ കടകളിൽ കയറി അനാവശ്യമായി സാധനങ്ങൾക്ക് വില പേശി.

              സമയം രണ്ടര.കുമുദത്തിന്റെ ഓഫീസിന്റെ മുന്നിലെ വഴിയിലൂടെ നീലയും കറുപ്പും കലർന്ന സാരി." അത്  കുമു തന്നെ".ഞൊടിയിടയിൽ അവൾ ഒരു ഓട്ടോയിൽ കയറി സ്ഥലം വിട്ടത് അയാൾ കണ്ടു.തമ്പി തന്റെ കാറിൽ പിന്തുടർന്നു.കാറ് പാളയത്തെത്തും വരെ ആ ഓട്ടോയെ കണ്ടിരുന്നു.പിന്നെ ഇടയ്ക്ക് കാഴ്ച മുറിഞ്ഞു.നേപ്പിയർ മ്യൂസിയത്തിനടുത്ത് എത്തിയപ്പോൾ വീണ്ടും ആ ഓട്ടോ കണ്ടു.തമ്പി പിന്തുടർന്നു വെള്ളയമ്പലത്തെ ഒരുഅപ്പാർട്ട് മെന്റിലേക്ക് ആ ഓട്ടോ കയറിപ്പോകും വരെ .തമ്പിയേറെ ശ്രമിച്ചെങ്കിലും നീലസാരിക്കാരിയുടെ മുഖം കാണാനൊത്തില്ല.വൈകിട്ട് തമ്പി ടിവി കാണുകയായിരുന്നു. കുമുദം വന്നു.തമ്പിക്ക് ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

                "ഇന്ന് ജോസ് സാറിന് പ്രൊമോഷൻ കിട്ടിയ വകയിൽ പാർട്ടിയുണ്ടായിരുന്നു. കുറെ മധുരം കഴിച്ചു.ഒത്തിരി ബാക്കിയായി. ഇങ്ങു കൊണ്ടു വന്നിട്ടും കാര്യമില്ലല്ലോ, കുമുദം പറഞ്ഞു.   മധുരം കഴിക്കാൻ പറ്റാത്തവർ മധുരത്തെ കുറിച്ച് ചിന്തിക്കരുത്,പറയരുത്, കൊതിക്കരുത്. തമ്പിയോർത്തു.അത് കഴിക്കുന്നവർ കഴിക്കട്ടെ.മധുര പ്രതീക്ഷയില്ലാത്ത തമ്പി അന്ന് സുഖമായുറങ്ങി.