Friday, 9 December 2022

ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

                       പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,ജനലിലൂടെ ഒഴുകിവരുന്ന കാറ്റേറ്റ്  ശ്രാവന്തി ഒന്ന് മയങ്ങി പോയി.ചാരുകസേരയിൽ കിടക്കുന്ന ശ്രാവന്തിയുടെ ശരീരത്തിലേക്കു പത്രത്താളുകൾ അമ്മയോടൊട്ടി ക്കിടക്കുന്ന കുഞ്ഞിനെ പോലെ ചേർന്ന് കിടന്നു.മയക്കത്തിൻ്റെ ആലസ്യത്തി ലേക്ക് വഴുതി വീണ ശ്രാവന്തിയുടെ കാതുകളിൽ മൊബൈലിൻ്റെ റിങ്ങ് ടോൺ മുഴങ്ങിയതും അവർ ഒരു ഞെട്ടലോടെ ഉണർന്ന് ടീപോയിൽ ഇരുന്ന മൊബൈൽ കയ്യിലെടുത്തു. സാധാരണ മകളാണ് ഈ സമയത്ത് ഫോൺ വിളിക്കാറ്. രാവിലെ മക്കളെ സ്കൂളിലും ഭർത്താവിനെ ഓഫീസിലേക്കും യാത്രയാക്കി, അവൾ ഓഫീസിൽ എത്തുമ്പോ സമയം ഒമ്പതരയാകും. മകളുടെ വിളി പ്രതീക്ഷിച്ച് നോക്കുമ്പോ പരിചിതമല്ലാത്ത ഒരു നമ്പർ. ശ്രാവന്തി കോളെടുക്കാൻ മടിച്ചു. ഫോൺ ശബ്ദം നിലച്ചു. ശ്രാവന്തി വീണ്ടും പത്രത്താളുകൾ നിവർത്തി. വീണ്ടും ഫോൺ റിങ് ചെയ്യുന്നു. ശ്രാവന്തി ഇത്തവണ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. മറുതലയ്ക്കൽ നിന്നും" ജയന്തിയാണ്, ജയന്തിദാസ്". ശ്രാവന്തിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.  ജയന്തിദാസിൻ്റെ സുന്ദരമായ   മുഖവും രൂപവും മനസ്സിലേക്കോടി വന്നു.കൂടെ പത്തിരുപത് കൊല്ലം മുമ്പത്തെ ഓർമ്മകളും.

                  "എൻ്റെ മോൻ്റെ കല്യാണമാണ് അടുത്ത മാസം 8 ാം തീയതി. നീ വന്നേ പറ്റൂ, ഒരൊഴിവും പറയരുത്." ജയന്തിയുടെ ശബ്ദത്തിന് ഇപ്പോഴും യൗവനമാണ്.

പോകാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും ശ്രമിക്കാമെന്ന് ശ്രാവന്തി മറുപടി കൊടുത്തു. കല്യാണ ഒരുക്കങ്ങളുടെ തിരക്കിലായതിനാൽ ജയന്തി സംസാരം കാര്യമാത്രമായി ഒതുക്കി. "എന്തായാലും ഞാൻ നിന്നെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തേക്കാം... നമ്മുടൊപ്പം കോളേജിൽ ഉണ്ടായിരുന്ന എല്ലാരും തന്നെ വരുന്നുണ്ട്. കോഴിക്കോട് ന്ന്  ഇങ്ങ് വരാൻ നിനക്ക് കൂട്ട് സുഷമ ഉണ്ടാകും."

                  ശ്രാവന്തി വീണ്ടും പത്രത്താളു നിവർത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.കണ്ണുകൾ പത്രത്താളുകളിലെ അക്ഷരക്കൂട്ടങ്ങളിലൂടെ, കൂട്ടം തെറ്റിയ ചെമ്മരിയാട്ടിൻ കുട്ടിയെ പോലെ അലഞ്ഞു . മനസ്സ് പിടികൊടുക്കാതെ ഓടിയകന്നു. " ജയന്തിയും ശ്രാവന്തിയും ഒരുമിച്ച് കോളേജിൻ്റെ ഇടനാഴികളിലൂടെ നടന്നു .ഇരുവരും അന്ന് ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ ലെക്ചറർമാരായിരുന്നു. തണൽ വീഴ്ത്തി നിൽക്കുന്ന വൻമരങ്ങൾ തലയുയ ർത്തി നിൽക്കുന്ന വിശാലമായ കാമ്പസ്.പഠിച്ചിരുന്ന  അതേ കോളേജിലേക്ക് ഒരധ്യാപികയായി വരാൻ കഴിഞ്ഞതും ആദ്യമായി ക്ലാസ്സ് മുറിയിലേക്ക് കാലെടുത്തു വച്ചതും .... അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും കുളിര് കോരുന്നു. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നപ്പോൾ അക്ഷരങ്ങളിലൂടെ വെറുതെ അലഞ്ഞിരുന്ന കണ്ണുകൾ , ഫോണിലേക്ക് ശ്രദ്ധിച്ചു ജയന്തി ആഡഡ് ശ്രാവന്തി ടു ദ് ഗ്രൂപ്പ്" ജയന്തീസ് സൺസ് വെഡ്ഡിങ്ങ്".

             ഗ്രൂപ്പിലെ പാർട്ടിസിപ്പൻ്റ്സ് ആരൊക്കെയെന്ന് നോക്കുമ്പോൾ ശ്രാവന്തിയിൽ ഒരു കുട്ടിയുടെ കൗതുകം ഉയിരെടുത്തു. എല്ലാവരുടേയും പ്രൊഫൈൽ പിക്ച്ചേർഴ്സ് ഒക്കെ എടുത്ത് നോക്കിയ ശേഷം  അവർ മടിയിൽ നിന്നും പത്രം എടുത്ത് മാറ്റി കണ്ണുകൾ അടച്ച് മനോരാജ്യത്തിൽ മുഴുകി.

     ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജയന്തിദാസ്.പി.ജി. പഠനകാലത്ത് ഹോസ്റ്റലിൽ റൂംമേറ്റ് ആയിരുന്ന സുഷമയാണ് മറ്റൊരു സുഹൃത്ത്. സുഷമ കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റി ലായിരുന്നു. അന്നൊക്കെ കാൻറീനിൽ ഇവർ മൂവരും ഒപ്പമിരുന്നാണ് ഊണു കഴിച്ചിരുന്നത്. സുഷമ കൊണ്ടു വരുന്ന രസികൻ അച്ചാറിൻ്റെയും ചമ്മന്തിയുടേയും രുചി ഇപ്പോഴും നാവിലൂറുന്നു. ജയന്തിയുടെ നല്ലസ്സൽ കൊടംപുളിയിട്ടു വച്ച മീൻ കറി. വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറുമായിരുന്നു.

   ഒരു ദിവസം ഉണ്ണാനിരിക്കുമ്പോൾ എതിരെയുള്ള മേശയ്ക്കരികിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ. അറിയാതെ ആ പയ്യനിൽ നോട്ടം ഉടക്കിപ്പോയി. യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയും ശ്രാവന്തിയുടെ കണ്ണുകളിലുടക്കി. ഒരുൾവലിവോടെ ശ്രാവന്തിനോട്ടം പിൻവലിച്ചു.

        അടുത്ത ദിവസം ശ്രാവന്തിയുടെ കണ്ണുകൾ അവനു വേണ്ടി പരതുന്നുണ്ടായിരുന്നു. ജയന്തിയും സുഷമയും അവളെ കളിയാക്കാ തിരുന്നില്ല." രണ്ടു പിള്ളേരുടെ അമ്മയാണ്... എന്നിട്ടും ഒരു ചെറിയ പയ്യനെക്കണ്ടപ്പോ.... ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അയാൾ പുതിയതായി ജോയിൻ ചെയ്ത ഹിന്ദി ലെക്ചററാണ്. അധികം പ്രായമൊന്നുമില്ല.

" ഛേ.... നീ തമാശ മതിയാക്ക് ... വളരെ പരിചിതമായൊരു മുഖം... എങ്ങോ കണ്ട് മറന്നത് പോലെ.

         മറ്റൊരു ദിവസം ശ്രാവന്തി കാൻറീനിൽ ഒരു ചായ ഓഡർ ചെയ്ത് കാത്തിരിക്കയായിരുന്നു. എതിരെയുള്ള മേശയ്ക്കരികിൽ അയാൾ വന്നിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു.

ശ്രാവന്തി ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ അവൻ്റെ മേശക്കടുത്തേക്ക് ചെന്നു. അവനെതിരെയിരുന്നു. "മാഡം, ഏത് ഡിപ്പാർട്ട്മെൻ്റിലാണ്?" ഖനമുള്ളതെങ്കിലും വിനയം നിറഞ്ഞ ശബ്ദം.

" ഞാൻ ബോട്ടണി ഡിപ്പാർട്ട്മെൻ്റിലാണ്. കഴിഞ്ഞ പതിനാറ് വർഷമായി ഇവിടെ പഠിപ്പിക്കുന്നു."

അയാൾ പറഞ്ഞു തുടങ്ങി" ഞാൻ പ്രഫുൽ. ഹിന്ദി ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞയാഴ്ച ജോയിൻ ചെയ്തു. മലയാളിയാണെങ്കിലും  യു.പിയിലായിരുന്നു ഇതുവരെ.   " ശ്രാവന്തി അവൻ്റെ മുഖത്ത് നോക്കി ഇമവെട്ടാതെയിരുന്നു.

  പെട്ടെന്ന് ഉടലെടുത്ത അവരുടെ ഗാഢമായ സുഹൃത്ത് ബന്ധത്തെ മറ്റുള്ളവർ വിചിത്രമായാണ് കണ്ടത്. അവരുടെ മക്കളേക്കാൾ ഏഴോ എട്ടോ മാത്രം വയസ്സു കൂടുതലുള്ള ഒരു പയ്യനുമായി ഇതെന്ത് ഫ്രണ്ട് ഷിപ്പ്.

            ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ സംസാരപ്രിയനായ  പ്രഫുൽ അവനെ കുറിച്ച് വളരെയേറെ കാര്യങ്ങൾ  പറഞ്ഞു.  പ്രഫുല്ലിൻ്റെ കുട്ടിക്കാലത്തെ ഒരനുഭവം അവൻ പങ്കു വച്ചപ്പോൾ ശ്രാവന്തി ശരിക്കും അദ്ഭുതപ്പെട്ടു.ഒരിക്കൽ അവധിക്കാലത്തു നാട്ടിൽ വന്നപ്പോൾ,  കൂട്ടുകാർ ചേർന്ന് കുട്ടിയും കോലും കളിക്കുകയും , ദൂരെ തെറിച്ചു വീണ കുട്ടി അന്വേഷിച്ചു ചെന്ന് കൈതച്ചെടികൾക്കിടയിൽ കൈയിട്ടതും, കൈയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ട് കൈവലിച്ച്, നോക്കിയപ്പോൾ തൊട്ടത് ഒരു അണലിപ്പാമ്പാണെന്ന് തിരിച്ചറിഞ്ഞതുമായ കഥ. അന്ന് ജീവനും കൊണ്ട് താനും അഷറഫ് എന്ന കൂട്ടുകാരനും ഓടി രക്ഷപെട്ടത് പറഞ്ഞ് അവൻ അന്നും ദീർഘനിശ്വാസ മുതിർത്തു. 

      പ്രഫുലിൻ്റെ കുട്ടിക്കാലത്തൊക്കെ കുട്ടികൾ ഇങ്ങനെയുള്ള കളികൾ ഒക്കെ കളിക്കുമായിരുന്നോ എന്ന് ശ്രാവന്തി അതിശയിച്ചു ഏകദേശം ആ കാലത്തൊക്കെയാണ് കേബിൾ ടിവിയൊക്കെ പ്രചാരത്തിലായിത്തുടങ്ങു ന്നത്. കുട്ടികൾ ടിവിക്കു മുന്നിൽ ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കാലം. ശ്രാവന്തിയോർത്തു.. ഇത് ഒരു പക്ഷേ അവൻ്റെ അച്ഛന്റെയോ അമ്മയുടേയോ അനുഭവങ്ങൾ കേട്ടത്, അവൻ അവൻ്റേതായി പറയുന്നതായിരിക്കാം. പക്ഷെ, പെട്ടെന്നാണ് ശ്രാവന്തിയുടെ മനസ്സിലേക്ക് ഞെട്ടലോടെ ഒരോർമ്മ കടന്നു വന്നത്.

ഒരിക്കൽ ശ്രാവന്തിയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരനായിരുന്ന കിഷോറിന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവൻ അന്ന് ഒറ്റയ്ക്കായിരുന്നു കുട്ടിയും കോലിൻറേം കമ്പ് തേടിപ്പോയത്. അവൻ പാമ്പിനെക്കണ്ട് ഭയന്നോടി വന്ന് തന്നോടാണ് ആ അനുഭവം പങ്കു വച്ചത്. ഒരേ അനുഭവം... വളരെ യാദൃശ്ചികമായി തോന്നി അവൾക്ക്. അവൾ അദ്ഭുതത്തോടെ പ്രഫുല്ലിൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വീണ്ടും സിരകളിലുടെ ഒരു വൈദ്യുത ചലനം .കിഷോറിൻ്റെ അതേ ഛായ. അയൽപക്കക്കാരായ കുട്ടികളും തൻ്റെ ചേട്ടനും അനുജനും ബന്ധുക്കളായ കുട്ടികളും കൂടി മൊത്തം 7 - 8 കുട്ടികൾ ഉണ്ടാകും മദ്ധ്യവേനൽ അവധിക്കാലത്ത് കളിക്കാൻ. തന്നേപ്പോലെ തന്നെ കിഷോറും അവധിക്കാലത്ത് അമ്മ വീട്ടിൽ വരുന്നതാണ്. വർഷത്തിൽ രണ്ടു മാസം മാത്രം കാണുകയും കൂടെ കളിക്കുകയും ചെയ്തവർ. കുറേ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഏറ്റവും അടുപ്പം കിഷോറുമായിട്ടായിരുന്നു, കിഷോറിന് തന്നോടും ഒരു പ്രത്യേക മമത ഉണ്ടായിരുന്നു.

        കിഷോറിന്റെ അതേ മുഖഛായ ,ശ്രാവന്തി ഒന്നും മിണ്ടാതെ പ്രഫുല്ലിന്റെ മുഖത്തേക്ക് നോക്കിയിരുന്നു . "മാഡം ..എന്തോ ചിന്തയിലാണെന്നു തോന്നുന്നല്ലോ .പ്രഫുല്ലിന്റെ ശബ്ദം ശ്രാവന്തിയെ ചിന്തകളിൽ നിന്നും ഉണർത്തി.പ്രഫുൽ ശ്രാവന്തിയെ നോക്കി ചിരിച്ചു."ഏതു ലോകത്തായിരുന്നു മാഡം ..എവിടൊക്കെയോ പോയി വന്നല്ലോ.ശ്രാവന്തി അവന്റെ നിരയൊത്ത പല്ലുകൾ ശ്രദ്ധിച്ചു .എല്ലാ പല്ലുകളും നിരയൊത്തു ഇരിക്കുമ്പോൾ മേൽച്ചുണ്ടിനെ  കുറച്ചു പുറത്തേക്കു തള്ളിച്ചു കൊണ്ട് നിൽക്കുന്ന ഒരു കോമ്പല്ല് .പല്ലിളകുന്ന പ്രായത്തിൽ കൃത്യ സമയത്തു പറിച്ചുകളഞ്ഞില്ലെ ങ്കിൽ  പല്ലു കോന്ത്രമ്പല്ല് ആകും എന്ന് 'അമ്മ പറയാറുള്ളത് ഓർത്തു."നീ കിഷോറിന്റെ പല്ലു കണ്ടിട്ടില്ലേ .."ശ്രാവന്തിക്ക് ഇത് വളരെ യാദൃശ്ചികമായി തോന്നി .പ്രഫുല്ലിനു കിഷോറിന്റെ ഛായ മാത്രമല്ല ആ കോന്ത്രമ്പല്ല് പോലും അത് പോലെ ...പക്ഷെ എങ്ങനെ ?എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ.

അന്നുറങ്ങാൻ കിടക്കുമ്പോഴും ശ്രാവന്തിയുടെ ചിന്തകളിൽ പ്രഫുൽ പറഞ്ഞ ഓരോ  കാര്യങ്ങൾ നിറഞ്ഞു നിന്നു .പ്രഫുല്ലും കൂട്ടുകാരും ഒരിക്കൽ ഒളിച്ചു കളിക്കുമ്പോൾ അവന്റെ അനുജത്തി വലിയ ചെമ്പിൽ കയറി ഒളിച്ചതും ഒടുവിൽ എണീക്കാൻ പറ്റാതെ കരഞ്ഞപ്പോൾ ,അവൻ അവളെ വേദനിപ്പിക്കാതെ മടക്കിവച്ച കാലുകൾ അതെ അവസ്ഥയിൽ വച്ച് കൊണ്ട് അവളെ പൊക്കിയെടുത്ത കഥയും ഓർത്തു.ഇതു പോലെ ഉള്ള അനുഭവം തന്റെ കൂട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്.തന്റെ വീടിനു അടുത്തുള്ള പറമ്പിൽ വെള്ളം നിറക്കാൻ കൊണ്ടുവച്ച ഒരു വല്യ പാത്രത്തിനുള്ളിൽ കയറി ഒളിച്ചിരിന്നതും ,എഴുന്നേൽക്കാൻ കഴിയാതിരുന്ന തന്നെ കിഷോർ തന്റെ കക്ഷത്തിലൂടെ കൈ കോർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചതും ഇന്നലത്തെ പോലെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.പക്ഷെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടു കാലഘട്ടത്തിൽ ജീവിച്ച രണ്ടു വ്യക്തികൾക്ക് എങ്ങനെ ഒരേ അനുഭവങ്ങൾ തന്നെയുണ്ടാകും.വളരെ വിചിത്രമായി തോന്നുന്നു.


കിഷോറിന്  ഒരു മകനുണ്ടായിരുന്നെങ്കിൽ പ്രഫുല്ലിന്റെ അതേ പ്രായമായിരിക്കും.പക്ഷെ അത് അസംഭാവ്യമായ കാര്യമല്ലേ.കിഷോറിനു 14 ഉം തനിക്കു 12 ഉം വയസ്സുള്ള കാലം.നീണ്ട മധ്യവേനൽ അവധിക്കാലം. തിമിർത്തു കളിച്ചു,അവധി തീരാൻ ഇനി രണ്ടോ മൂന്നോ ദിവസം മാത്രം .ആറേഴു കുട്ടികൾ ചേർന്ന് ഒളിച്ചു കളിക്കുന്നു.സമയം സന്ധ്യയോടടുത്തു. തൊഴുത്തിന് പിന്നിലും പൊന്തക്കാടുകൾക്കിടയിലും വന്മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്നിരുന്ന എല്ലാരേയും കണ്ടുപിടിച്ചു.കിഷോറിനെ മാത്രം കണ്ടുകിട്ടിയില്ല.അല്ലെങ്കിലും കിഷോർ അങ്ങനെയാ...ആരും വിചാരിക്കാത്ത ഇടങ്ങളിൽ ആയിരിക്കും ഒളിക്കുക..ഇതെവിടെ പോയൊളിച്ചു..ഇനി വീട്ടിലേക്കു തിരിച്ചു പോയി കാണുമോ എന്നൊക്കെ ചിന്തിച്ചു.  .ഇരുൾ വീണു തുടങ്ങിയത് കൊണ്ട് ഓരോ കുട്ടികളായി തിരിച്ചു പോയി.ശ്രാവന്തി ...എന്ന് അവളുടെ 'അമ്മ നീട്ടി വിളിച്ചപ്പോൾ അവൾ പറമ്പിലൂടെ ഓടി മുളങ്കമ്പുകൾ കൊണ്ട് കെട്ടിയ  വേലിയിൽ ഇടയ്ക്കു പട്ടിക കൊണ്ടുണ്ടാക്കിയ ചെറിയ പടി തുറന്നു അവൾ വീട്ടിലേക്കു ഓടി കയറി.

                കുളി കഴിഞ്ഞു വിളക്ക് വച്ച് നാമം ജപിച്ചു കൊണ്ടിരുന്നപ്പോഴാണ് കിഷോറിനെ അന്വേഷിച്ചു അവന്റെ 'അമ്മ വന്നത് .താനത് കേട്ടു ഭയന്നു . കിഷോറിന്റെ മാമനും തന്റെ അമ്മാവന്മാരും ചേർന്ന് അവനെ അന്വേഷി ച്ചിറങ്ങി .താനും ചേട്ടനും വീടിന്റെ ഉമ്മറത്ത് നോക്കി നിന്നു . ആദ്യം ഒന്നിച്ചായിരുന്ന ടോർച്ചു വെളിച്ചം പിന്നീട് പലവഴി തിരിയുന്നതും ദൂരേക്ക് പോയി കാണാതാവുന്നതും കണ്ടു.ഭയന്ന് കരഞ്ഞു കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.അടുത്ത ദിവസം ഉണർന്നപ്പോഴും കിഷോറിനെ കണ്ടെത്താ നായില്ല എന്ന വാർത്തയാണ് അറിഞ്ഞത്.കൂടെ കളിച്ചിരുന്ന സുഹൃത്തായ പ്രദീപൻ പറഞ്ഞു കിഷോർ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന കശുമാവിൽ ഒളിക്കാൻ വേണ്ടി കയറുന്നതു കണ്ടു എന്ന്.കിഷോർ മരത്തിൽ നിന്നും തോട്ടിലേക്ക് വീണു ഒഴുകി പ്പോയി എന്ന വാർത്ത പെട്ടെന്ന് പരന്നു.പക്ഷെ സത്യാവസ്ഥ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല.മരിച്ചുവെങ്കിൽ ശരീരം കണ്ടുകിട്ടണ്ടെ.ശ്രാവന്തിക്ക് അവൻ ഒഴുകി എവിടെയോ എത്തി രക്ഷപെട്ടു ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.അതിനടുത്ത ദിവസം മധ്യവേനൽ അവധി കഴിയുന്നതോടു കൂടി അച്ഛൻ വന്നു അവളെയും അമ്മയെയും കൂട്ടികൊണ്ടുപോയി.

                      

അത്രയേറെ കളിച്ചു രസിച്ച ആ അവധിക്കാലം പക്ഷെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാടും ബാക്കിയാക്കിയാണ്  കഴിഞ്ഞു പോയത്.കിഷോറിന്റെ 'അമ്മ മകനില്ലാതെ ആ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോയി കാണും.അടുത്ത വര്ഷം താൻ വയസ്സറിയിച്ചു വല്യ കുട്ടിയായി എന്ന് ഒരു ന്യായം പറഞ്ഞു മധ്യവേനൽ അവധിക്കു 'അമ്മ വീട്ടിലെ താമസം രണ്ടു ദിവസത്തിൽ ഒതുക്കി.ആ രണ്ടു ദിവസത്തിൽ കളിയ്ക്കാൻ പോലും തന്നെ വിട്ടില്ല.കിഷോറിന്റെ 'അമ്മ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല എന്ന് വല്യമ്മയും അമ്മൂമ്മയും ഒക്കെ അമ്മയോടുള്ള സംസാരത്തിനിടയിൽ പറയുന്നത് കേട്ട്,മനസ്സിലെ വിഷമം ആരോടും പറയാനാകാതെ ശ്രാവന്തി എല്ലാം ഉള്ളിലൊതുക്കി. കാലം കുറേ കടന്നുപോയപ്പോൾ  കിഷോറിന്റെ തിരോധാനത്തെ കുറിച്ച് ആരും ചിന്തിക്കാതായി.  

              ചിന്തയുടെ തേരോട്ടത്തിനിടയിൽ എപ്പോഴോ ശ്രാവന്തി  ഉറങ്ങിപ്പോയി .ഉണർന്നപ്പോൾ ആദ്യം ചെയ്തത് അടുത്തിരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കുകയാണ്.ജയന്തി ആഡഡ് പ്രഫുൽ ടു ദി ഗ്രൂപ് ജയന്തീസ് സൺസ് വെഡ്‌ഡിങ് .ശ്രാവന്തി പ്രഫുല്ലിന്റെ പ്രൊഫൈൽ പിക്ചർ എടുത്തു നോക്കി.അവന്റെ ഫോട്ടോക്ക് പകരം ,ഒരു ഓം, അതിനു ചുറ്റും രണ്ടു വൃത്തങ്ങളും മാത്രം .സാധാരണ മക്കളുടെ മെസ്സേജസ് മാത്രം നോക്കുമാ യിരുന്ന ശ്രാവന്തി ഇപ്പോൾ വെഡ്‌ഡിങ്  ഗ്രൂപ്പിന്റെ അപ്ഡേറ്സ് നോക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോരുത്തരായി തംപ്സ് അപ്ഉം  ഐ ആം കമ്മിങ് ഫോർ ദി വെഡ്‌ഡിങ് എന്ന മെസ്സേജസ് ഉം ഇടാൻ തുടങ്ങി.പ്രഫുൽ കൂടി വരുന്നുണ്ട് എന്നറിഞ്ഞ ശ്രാവന്തി കല്യാണത്തിന് പോകാൻ തീരുമാനിച്ചു.

                   ശ്രാവന്തിയെ സാധാരണത്തേതിൽ നിന്നും വ്യത്യസ്തയായി വളരെ സന്തോഷവതിയായി കണ്ടപ്പോൾ മകൻ ചോദിചു."എന്ത് തോന്നി.ഇങ്ങനെ മിടുക്കി യായിരിക്കാൻ?ഇന്ന് എന്ത് അദ്‌ഭുതമാണ് സംഭവിച്ചത്?ശ്രാവന്തി കൂട്ടുകാരിയുടെ മകന്റെ കല്യാണത്തിന് പോകുന്നു എന്ന് കേട്ടപ്പോൾ മകന് വളരെ സന്തോഷമായി.റിട്ടയര്മെന്റിനു ശേഷം അമ്മയെ എപ്പോഴും ഒരു ക്ഷീണഭാവത്തോടെ മാത്രമേ അവൻ കണ്ടിട്ടുള്ളൂ." വൗ ..ഗ്രേറ്റ് അമ്മാ ....എത്ര നാള്  കൂടിയാണ് 'അമ്മ ഒരു ചടങ്ങിന് പോകാൻ തീരുമാനിക്കുന്നത്."

    

                           "നീ അറിഞ്ഞോ ...പ്രഫുൽ വരുന്നുണ്ട്."

                         "ഹോ...'അമ്മ ഇനിയും പ്രഫുല്ലിന്റെ നിഗൂഢതകൾ  മറന്നില്ലേ ..വീണ്ടും സത്യം തേടിയുള്ള യാത്രയാണോ?"ഇത്രയും പറഞ്ഞു മകൻ ഓഫീസിൽ ലേക്ക് തയാറായി പോയി കഴിഞ്ഞപ്പോൾ ,അവൾ വീണ്ടും മനോവ്യാപാരത്തിൽ മുഴുകി.

                          പ്രഫുൽ പഠിച്ചു വളർന്നത്  ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് .പക്ഷെ എന്ത് കൊണ്ടോ അവനു  കേരളത്തോട് ,അതിയായ സ്‌നേഹമായി രുന്നു.അവന്റെ അച്ഛൻ പറഞ്ഞറിഞ്ഞ കേരളത്തോടുള്ള സ്നേഹം.അങ്ങനെ യാണ് പഠനം എല്ലാം കഴിഞ്ഞപ്പോൾ അവൻ ഇവിടെ കോളേജിൽ ജോലിക്ക പേക്ഷിച്ചതും ഹിന്ദി ലെക്ചറർ ആയി ജോയിൻ ചെയ്തതും .സംസാരപ്രിയനാ യിരുന്ന പ്രഫുൽ ബറെയ്‌ലിയെ കുറിച്ച് അവിടത്തെ  ജീവിതത്തെ കുറിച്ച് ഒക്കെ  യാത്രകളിഷ്ടപ്പെടുന്ന, വായനയിഷ്ട പ്പെടുന്ന ശ്രാവന്തിയോട് സംസാരി ച്ചിരുന്നു.ബറെയ്‌ലി മഹാഭാരത കാലഘട്ട ത്തിലെ പാഞ്ചാലരാജധാനിയുടെ തലസ്ഥാനമായിരുന്നെന്നും പാഞ്ചാലിയുടെ ജന്മസ്ഥലമായിരുന്നെന്നും ഉള്ള അറിവ് ശ്രാവന്തിക്ക് പുതുതായി രുന്നു.എപ്പോഴെങ്കിലും ബറേലിയിൽ ചെല്ലുമെങ്കിൽ,അവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കൊണ്ടുപോകാം എന്നും പുരാതന ഹിന്ദി കവിയായിരുന്ന തുളസീ ദാസിന്റെ ആലയമായിരുന്ന തുളസീമഠത്തിൽ കൊണ്ടുപോകാമെന്നും അവൻ പറഞ്ഞിരുന്നു,ഹിന്ദു പുരാണങ്ങൾ അനുസരിച്ചു രാമായണ കർത്താവായ വാല്മീകിയുടെ പുനർ ജന്മമായിരുന്നു തുളസീദാസ് എന്നും .

        "പ്രഫുൽ....പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ?ശ്രാവന്തി അദ്‌ഭുതപ്പെട്ടു .

        "ഉണ്ട്,ഉണ്ടല്ലോ.വിശ്വാസം എന്നല്ല...അത് സത്യമാണല്ലോ."

      " ഇക്കാലത്തൊക്കെ ഇത് ആര് വിശ്വസിക്കും?എന്ത് തെളിവ് ആണ് ഉള്ളത്.ചില കെട്ടുകഥകൾ അല്ലാതെ?

         "തെളിവുകൾ അല്ല അനുഭവങ്ങൾ ആണ് ഒരാളെ വിശ്വസിപ്പിക്കുകയും അവിശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.എന്ന് പറഞ്ഞു അവൻ ചിരിച്ചു.

         അവന്റെ നിരയൊത്ത പല്ലുകൾക്കിടയിൽ നിരതെറ്റിയിരിക്കുന്ന ആ ഒരു പല്ല് അവളെ കിഷോറിന്റെ ഓർമയിലേക്ക് കൊണ്ടുപോയി ...പുനർജ്ജന്മം ....എന്നൊന്നുണ്ടോ..... ഇനി പ്രഫുൽ കിഷോറിന്റെ............അവൾ ആത്മഗതം ചെയ്തു.

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച കോളേജിൽ എത്തിയപ്പോൾ പ്രഫുൽ ലീവിട്ടു യു പി യിൽ  പോയതായി അറിഞ്ഞു.തന്നോട് വെള്ളിയാഴ്ച കുറെയേ റെ നേരം സംസാരിച്ചിട്ടും ഇങ്ങനെയൊരു യാത്രയുടെ കാര്യം പറയാഞ്ഞ തെന്തു എന്നവൾ ചിന്തിച്ചു.

അവന്റെ സഹമുറിയൻ പയ്യന് ചിക്കെൻ പോക്സ് വന്നുവെന്നും, പ്രഫുല്ലിനു  ശരീരത്തിൽ ഒന്ന് പൊങ്ങിയപ്പോൾ ആർക്കും സംശയത്തിന് ഇട  കൊടുക്കും മുമ്പ് അവൻ സ്ഥലം വിട്ടു എന്നും മറ്റുള്ളവർ പറഞ്ഞു അറിഞ്ഞു. അവൻ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോയി രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവൻ തിരികെയെത്തിയില്ല.

     പരീക്ഷകൾ കഴിഞ്ഞു അവധിക്കാലമായതോടെ ,സാധാരണത്തേതു പോലെ ഒരു യാത്ര പ്ലാൻ ചെയ്യാം എന്ന് ഭർത്താവ് പറഞ്ഞപ്പോൾ ,ശ്രാവന്തി "നമുക്ക്‌ ഇപ്രാവശ്യം കാൺപൂരിലെ എന്റെ ചേട്ടന്റെ വീട്ടിലേക്കു പോയാലോ എന്ന് ചോദിച്ചതിന് പിന്നിൽ മറ്റു ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. കാൺപൂർ  എത്തി ചേട്ടന്റെ കുടുംബത്തോടൊപ്പം ഒരാഴ്ച ചെലവഴിക്കുകയും അവരോടൊപ്പം അവിടെ ഉള്ള സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കുകയും ചെയ്തു.ഇതിനിടയിൽ,നാത്തൂനേ കൂട്ടു പിടിച്ചു പ്രഫുൽ പറഞ്ഞ മേൽവിലാസം തേടി പോകുകയും ചെയ്തു.കോളേജിന്റെ ഓഫീസിൽ നിന്നും സംഘടിപ്പിച്ച പ്രഫുൽ ന്റെ ലാൻഡ് ഫോൺ നമ്പറിൽ പലവട്ടം വിളിച്ചു നോക്കിയെങ്കിലും ,റിങ് ചെയ്തതല്ലാതെ മറുതലക്കൽ ആരും ഫോൺ എടുത്തില്ല.നാത്തൂന് ഭാഷ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നത് കൊണ്ട് അല്പം എളുപ്പമായി കാര്യങ്ങൾ.അവൻ പഠിച്ചിരുന്ന ക്രൈസ്റ്റ് ചർച്ച്  കോളേജ് കണ്ടു.അവിടെ നിന്നും അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു വളവു തിരിഞ്ഞു നൂറു മീറ്ററോളം മുന്നോട് പോയപ്പോൾ ചന്ദൻ മാർഗ് എന്നെഴുതിയ ഒരു പഴയ ബോർഡ് കണ്ടു.ചന്ദൻ മാർഗിലൂടെ മുന്നോട്ട് പോകുമ്പോൾ ഒരു പഴയ അപ്പാർട്മെന്റ്സ് ഉയർന്നു നിൽക്കുന്നത് കണ്ടു.ഓട്ടോയിൽ നിന്നും കുനിഞ്ഞു നോക്കി വായിച്ചു  ജ്യോതി അപ്പാർട്മെ ന്റ്സ്.അതെ ഇത് തന്നെ..അതിന്റെ രണ്ടാം നിലയിലെ പതിനൊന്നാം നമ്പർ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു കാത്ത് നിൽക്കുമ്പോൾ പലതരം ചിന്തകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. മൂന്നുനാലു തവണ ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ 12 -ആം നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു.പ്രായ മായ ഒരു സ്ത്രീ ഡോർ തുറന്നു ചോദ്യരൂപേണ തുറിച്ചു നോക്കി.നാത്തൂൻ അവർക്കുള്ള മറുപടി എന്നോണം "യെ ഫ്ലാറ്റ് മേം കോയി നഹി ഹേ ക്യാ "എന്ന് ചോദിച്ചതിന് "കെഹും  ഉഹാം നാ  രഹേലാ " എന്ന് ഭോജ്‌പുരിയിൽ മറുപടി പറഞ്ഞു.എന്റെ മുഖഭാവം കണ്ടപ്പോൾ പറഞ്ഞത് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ അവർ "യഹാ കോയി നഹി റഹ്താ ഹേ ...ദോ തീൻ സാൽ സെ "എന്ന് പറഞ്ഞു കൊണ്ട് വാതിൽ അടച്ചു.

രണ്ടു മൂന്നു വര്ഷമായിട്ടു ആരും ഇല്ലെന്നോ....ഇതെന്ത് കഥ.

 നിനക്ക് സ്ഥലം തെറ്റിയതായിരിക്കാം.അവന്റെ വീട് മറ്റെവിടെയോ ആയിരിക്കും എന്ന് പറഞ്ഞു നാത്തൂൻ പടികൾ ഇറങ്ങി തുടങ്ങി.

        "ഇവർ പുതിയ താമസക്കാര് ആയിരിക്കും,അവർക്കു അറിയാത്തതായിരിക്കാം എന്ന് ശ്രാവന്തി ആശ്വസിക്കാൻ ശ്രമിച്ചു.

      കോളേജ് തുറന്നിട്ട് ഒരാഴ്ച ആയിരുന്നു.യാത്ര കഴിഞ്ഞു വന്നു രണ്ടു ദിവസം വിശ്രമിച്ചു വീണ്ടും കോളേജിൽ ചെന്നപ്പോൾ ജയന്തി പറഞ്ഞു ..."നീ എവിടെ പോയി ..പ്രഫുൽ വന്നിരുന്നു..അവൻ ഈ ജോലി രാജി വച്ചു .റിലീവ് ചെയ്തു പോയി .ഹൈദരാബാദ് ലെ ഒരു കോളേജിലേക്കാണ് ഇനി എന്നാണ് പറഞ്ഞത്.നിന്നെ അന്വേഷിച്ചിരുന്നു".


                     രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ  യൂണിവേഴ്സിറ്റികൾ  ചേർന്ന്  ഒരു നാഷണൽ ലെവൽ ലിറ്റററി ഫെസ്റ്റിവൽ നടത്തുന്നത് അറിഞ്ഞു . ശ്രാവന്തിയുടെ കോളേജിൽ നിന്ന് ഇംഗ്ലീഷ് ഹിന്ദി വിഭാഗക്കാർ മത്സരിക്കു ന്നുണ്ട് .സംഭവം നടക്കുന്നത് ഹൈദരാബാദിലും.തന്റെ ഡിപ്പാർട്മെന്റ് ബോട്ടണി ആണെങ്കിലും ഭാഷ അധ്യാപകരുടെ കൂടെ ശ്രാവന്തിയും പ്രിൻസിപ്പലിന്റെ അനുവാദം എടുത്തു യാത്രയിൽ ഒപ്പം കൂടി.ശ്രാവന്തി ക്കുറപ്പുണ്ടായിരുന്നു,ഹിന്ദി മഹാവിദ്യാലയ ജൂനിയർ കോളേജിലെ അധ്യാപകാരുടെ കൂടെ സാഹിത്യം ഇഷ്ടപ്പെടുന്ന പ്രഫുല്ലും  കാണുമെന്ന്. അവിടെ മത്സരങ്ങൾക്കും വർക്ഷോപ്പുകൾക്കും  ആയി എത്തുന്ന എല്ലാ കോളേജുകളിൽ നിന്നും വന്നവർക്കും മുറികൾ സൗകര്യം ചെയ്തിരുന്നു . ശ്രാവന്തി ഹിന്ദി അധ്യാപികയോടൊപ്പം അവിടെ ഒക്കെ നടന്നു കണ്ടു. കൂട്ടത്തിൽ നല്ലകുണ്ട്ടയിലെ  ഹിന്ദി ജൂനിയർ കോളേജ് ലെ വിദ്യാർത്ഥി  സംഘത്തെ അന്വേഷിക്കുകയായിരുന്നു ലക്‌ഷ്യം.ഏറെ നേരത്തെ ശ്രമത്തിനു ശേഷം ആ കോളേജിലെ ഒരു വിദ്യാർത്ഥിയെ കണ്ടുമുട്ടി.ആ കുട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പ്രഫുൽ സർ വന്നിരുന്നെന്നും ,എന്നാൽ കുട്ടികളുടെ ചാർജ് മറ്റൊരു അധ്യാപകനെ ഏൽപ്പിച്ചു കഴിഞ്ഞ ദിവസം തന്നെ മടങ്ങി എന്നും അറിയാൻ കഴിഞ്ഞു.ആ കുട്ടിയോട് പ്രഫുൽനെ കുറിച്ച്  കൂടുതൽ ചോദിച്ചപ്പോൾ ,മാം പറയുന്ന സർ   തന്നെയാണോ എന്ന് തനിക്ക് അറിയില്ലെന്നും റൂം ലേക്ക് വന്നാൽ സർ ന്റെ ഒരു ഫോട്ടോ ഉണ്ടെന്നും അത് കാണിക്കാം എന്നും പറഞ്ഞു.

ആ ഫോട്ടോയിലേക്കു നോക്കിയ ശ്രാവന്തിക്ക് അപരിചിതത്വം തോന്നി. അല്ല.ഇതല്ല.പക്ഷെ ഹിന്ദി ടീച്ചർ തറപ്പിച്ചു പറഞ്ഞു..."ഇത് തന്നെയാണ് നമ്മുടെ കോളേജിൽ ഉണ്ടായിരുന്ന പ്രഫുൽ..നോക്ക്...മുഖത്തു ചിക്കൻ പോക്സിൻറെ പാടുകൾ...അവിടന്നു പ്രഫുൽ പോയത് ചിക്കൻ പോക്സ് വന്നപ്പോഴാണല്ലോ ....അത് കാരണമാണ് ശ്രാവന്തിക്ക് വ്യത്യാസം തോന്നുന്നത്."ശ്രാവന്തി മറുപടി ഒന്നും പറയാതെ മുറിയിലേക്ക് തിരിച്ചു.

മനസ്സിൽ വീണ്ടും പഴയ  കുട്ടിക്കിഷോറിന്റെ ഓർമ്മകൾ തിക്കിത്തിരക്കി. അന്ന് ഒരു പക്ഷെ താൻ കിഷോറിനെ കാണുന്നില്ലെന്ന് വിളിച്ചു കരഞ്ഞി രുന്നെങ്കിൽ ,കിഷോറിനെ കണ്ടെത്താൻ സാധിച്ചേനെ.അന്ന് 'അമ്മ വിളിച്ചപ്പോൾ താൻ ഒളിച്ചു കളിച്ചതും കിഷോറിനെ കാണുന്നില്ല  എന്നതും  പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കിഷോർ ഈ ലോകം വിട്ടു പോകില്ലാ യിരുന്നു.കിഷോറിന്റെ തിരോധാനത്തിനു താൻ  ഒരു കാരണം ആയി  എന്നത് ഒരു തീരാദുഖമായി. .പക്ഷെ കിഷോർനെ പറ്റി പിന്നീടു ഒരു അറിയിപ്പും കിട്ടാത്തിടത്തോളം അവൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് തന്നെ ശ്രാവന്തി വിശ്വസിച്ചു.

    മനോരാജ്യത്തിൽ കഴിഞ്ഞ ശ്രാവന്തി വാട്സ്ആപ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത് .ഇനി രണ്ടു ദിവസം കൂടിയേ കല്യാണത്തിന് ബാക്കിയുള്ളൂ.പഴയ കോളേജ് സുഹൃത്തുക്കളിൽ പന്ത്രണ്ട് പേര് വരുന്നുണ്ട്. അപ്പോഴേക്കും അവളുടെ മകൻ കടന്നു വന്നു.'അമ്മ പുതിയ സാരി ഒന്നും എടുത്തില്ലേ ?മറ്റന്നാളല്ലേ കല്യാണം?

       ഓ..പുതിയതൊന്നും വേണ്ട.ഒന്ന് പോണം ..എല്ലാരേം ഒന്ന് കാണണം.പ്രഫുലിനേം കാണാമല്ലോ എന്ന സന്തോഷം.

    കല്യാണ തലേന്ന് സന്ധ്യയോടെ തന്നെ സുഷമയുടെ കൂടെ ശ്രാവന്തി ഗുരുവായൂരിൽ എത്തി ജയന്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ താമസിച്ചു.അന്ന് രാത്രി പത്തു മണിയോടെ ആണ് പ്രഫുൽ എത്തുന്നത് എന്ന് ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിഞ്ഞു.ഗ്രൂപ്പിൽ നിന്നും നമ്പർ കിട്ടിയെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു പുതുമ ഒട്ടും ചോർന്നു പോകാതിരിക്കാൻ ,മനപ്പൂർവം വിളിക്കാതിരുന്നു.

             അടുത്ത ദിവസം  ഏകദേശം ഒൻപതു മണിയോടെ ശ്രാവന്തി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി.ദൂരെ നിന്ന് തന്നെ ഒരാൾ പുറം തിരിഞ്ഞു നിന്ന് മറ്റാരോടോ സംസാരിക്കുന്നത് കണ്ടു ..ശ്രാവന്തി പ്രഫുൽ എന്ന് വിളിച്ചതും ആള് തിരിഞ്ഞു നോക്കി.അൽപാപ്പമായി വെള്ളവരകൾ വീണ തലമുടി,വയസ്സ് നാൽപതു ആയിട്ടുണ്ടാകും,ശ്രാവന്തിക്ക് പ്രിയപ്പെട്ട പ്രഫുൽ....അവർക്കു അവൻ മകനായിരുന്നോ ...അനുജൻ ആയിരുന്നോ..

         വർഷങ്ങൾക്കു മുമ്പ് പറയാതിരുന്ന ഒരു കഥ കൂടി അന്ന് പ്രഫുൽ ശ്രാവന്തിക്കായി പറഞ്ഞു .അവന്റെ അച്ഛന്റെ പേര് കിഷോർ എന്നാണ്,കേരളത്തിലെ ഒരു ഗ്രാമത്തിൽ കുട്ടിക്കാലം ചിലവഴിച്ചിരുന്ന കിഷോർ.മധ്യവേനൽ അവധിക്കാലത്ത് 'അമ്മ വീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയതും മരത്തിൽ കയറിയതും,മരത്തിൽ നിന്നും പിടി വിട്ടു താഴെ തോട്ടിൽ വീണു ഒഴുകി പ്പോയതും ,എങ്ങനെയോ ഭാഗ്യം കൊണ്ട് മാത്രം ഏതോ കര പറ്റിയതും,ആരുടെയൊക്കെയോ കരുണയാൽ  വീട്ടിൽ എത്തിപ്പെട്ടതും ആയ കഥ.അപ്പോഴേക്കും കിഷോറിന്റെ  അച്ഛന് യു പിയിൽ  ജോലിയായതിനെ  തുടർന്ന് കുടുംബം യു പി യിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു.പിന്നീട് കിഷോർ ആരുടെയൊക്കെയോ സഹായത്താൽ അവന്റെ കുടുംബത്തിൽ എത്തിപ്പെട്ടു.അതവന്റെ പുനർജന്മമായിരുന്നു എന്ന് തന്നെ പറയാം. 

ശ്രാവന്തിയുടെ കണ്ണുകളിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞു.ഉള്ളം നിറഞ്ഞു.വലിയൊരു ഭാരം ഇറക്കി വച്ച് രാത്രി അവർ സ്വസ്ഥമായി ഉറങ്ങി.

                   അന്ന് വൈകിട്ട്  ശ്രാവന്തിയുടെ മകൻ പ്രഫുല്ലിനെ വിളിച്ചു."താങ്ക്സ് സൊ മച്ച് പ്രഫുൽ സർ "എന്റെ അമ്മക്ക് ഒത്തിരി സന്തോഷമായി. കിഷോറിന്റെ തിരോധാനത്തിന് അമ്മയാണ് കാരണക്കാരി എന്ന ഒരു കുറ്റബോധത്താൽ ആ മനസ്സിന് എന്നും ഒരു നീറൽ ആയിരുന്നു.അത് കൊണ്ട് തന്നെയാണ് സർ നെ കണ്ടപ്പോൾ കിഷോർ ന്റെ ഛായ  തോന്നിയതും കിഷോറിന്റെ മകനാണ് താങ്കൾ എന്നും ഒക്കെ ഉള്ള തോന്നൽ ഉണ്ടായത്.ഒത്തിരി നന്ദി.

ഇറ്റ് സ് മൈ പ്ലഷർ .എബൗ ഓൾ ഇട്സ് ഫോർ മൈ ശ്രാവന്തി മാം .


Saturday, 25 December 2021

ലമ്പടാ.....

                                                                              ലമ്പടാ.....

                                     അയാൾ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കല്ല, ഒരോ മുറികളിലായി ഒരോരുത്തർ താമസിച്ചിരുന്നു. ആ വീട്ടിൽ ഒരു തത്തയും താമസിച്ചിരുന്നു. തത്ത അതിൻ്റെ കൂട്ടിൽ ഒറ്റയ്ക്കായിരുന്നു. അയാൾ തത്തയ്ക്ക് പഴങ്ങളും പയറും കൂട്ടിലിട്ടു കൊടുത്തു. തത്ത വളരെ വേഗത്തിൽ കറ് കറ്കറ്കറ് എന്ന് ഒക്കെ കൊത്തിത്തിന്നു. കുറെ പയർമണികളും പഴത്തിൻ്റെ നുറുക്കുകളും അഴികൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിച്ചുപോയി. തത്ത ഒരു ധാരാളിയായിരുന്നു.ഇനിയും കുറെയേറെ ഭക്ഷണപദാർത്ഥങ്ങൾ അയാളുടെ ശേഖരത്തിലുണ്ടാകുമെന്നും, തനിക്ക് വിശക്കുമ്പോൾ ആവശ്യാനുസരണം തന്നു കൊണ്ടിരിക്കുമെന്നുമുള്ള തത്തയുടെ അമിതമായ ആത്മവിശ്വാസമാണ് തത്തയെ അങ്ങനെയാക്കിത്തീർത്തത്.

                                    അയാളുടെ ഭാര്യയും മകനും മകളും എന്തുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി മുറിക്കുള്ളിൽ അടച്ചു കൂടിയത് എന്ന് തത്തയ്ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. തത്തയ്ക്ക് അദ്ഭുതം തോന്നി, അതിലേറെ സംശയവും. സ്വാതന്ത്ര്യം അനുഭവിച്ച് യഥേഷ്ടം വിഹരിച്ചിരുന്നവർ ഒരോരുത്തരായി ആമ തോടിനുള്ളിലേക്ക് ഉൾവലിയുന്നത് പോലെ അപ്രതൃക്ഷരായി. തത്തയ്ക്ക് ഇടയ്ക്ക് അടക്കാനാവാത്ത ചിരിയും വന്നു. തന്നെ പാരതന്ത്ര്യത്തിൻ്റെ ലോകത്തിലേക്ക് പറഞ്ഞു വിട്ടവർ എന്ത് കാരണത്താലായാലും തന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കട്ടെ എന്ന് തത്ത ആത്മഗതം ചെയ്തു.

                            തത്തയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം അയാളും അടുത്ത മുറിക്കുള്ളിൽ കയറി കതകടച്ചു. തുറന്നു കിടന്ന ജനലിലൂടെ തത്ത അയാളെ കാണുന്നുണ്ടായിരുന്നു. പക്ഷേ അധികം താമസിയാതെ അയാൾ ആ ജനലും അടച്ചു. തത്തയ്ക്ക് ചിരി വന്നു. ഇപ്പോൾ എല്ലാരും തന്നെപ്പോലെയായി. തത്ത നിലമറന്ന് ചിരിച്ചു. ചിരിച്ച് ചിരിച്ച് തത്തക്ക് ചുമ വന്നു, കണ്ണുകളിൽ നീർ നിറഞ്ഞു. ചിരിച്ച് മടുത്ത തത്ത കൂട്ടിലിരുന്ന് വിശ്രമിച്ചു. തെല്ലിട കഴിഞ്ഞപ്പോൾ തത്തയ്ക്ക് വിശക്കാൻ തുടങ്ങി. തത്ത കൂട്ടിൽ തന്റെ ചുറ്റും കണ്ണോടിച്ചു. ചോളം കിടക്കുന്നുണ്ട്. പക്ഷെ അത് ഇഷ്ടമല്ലാത്തത് കൊണ്ട് തത്ത അത് തൊട്ടില്ല. അയാളെ തത്ത സാധാരണ വിളിക്കാറുള്ളത് പോലെ" ലമ്പടാ... ലമ്പടാ..." എന്ന് വിളിക്കാൻ തുടങ്ങി. അയാളുടെ പേര് ലംബോധരൻ എന്നായിരുന്നു. അയാളുടെ സുഹൃത്തുക്കൾ ഇരുണ്ട് തുടങ്ങുന്ന നേരങ്ങളിൽ മദ്യസേവയ്ക്കായി, അയാളെ," ലമ്പോ... എടാ..." എന്ന് നീട്ടി വിളിക്കുമായിരുന്നു. ആ വിളിയെ ഒന്ന് ഹ്രസ്വമാക്കി "ലമ്പടാ..." എന്ന് തത്ത വിളിച്ച് ശീലിച്ചിരുന്നു.


                               തത്തയുടെ വിളിക്ക് മറുപടിയൊന്നും വന്നില്ല. അപ്പോഴാണ് ഒരു മണിശബ്ദം കേട്ടത്. ആരോ കോളിംഗ് ബെൽ അടിച്ചതാണ്. തത്തയ്ക്ക് കാര്യം പിടികിട്ടി, ആരോ പുറത്ത് വന്നിട്ടുണ്ട്. ഒരു മുറിയുടെ വാതിൽ തുറന്നു. അയാളുടെ ഭാര്യ മുറിക്ക് പുറത്തിറങ്ങി പോയി മുൻവാതിൽ തുറന്നു കൊടുത്തു. തത്ത ചാഞ്ഞും ചെരിഞ്ഞും നോക്കി. ഇല്ല പരിചയമില്ല, അല്ല ഇനി പരിചയം ഉണ്ടെങ്കിൽ കൂടി മനസ്സിലാക്കാനും പറ്റാത്തവണ്ണം ഒരു തരം വെള്ള വസ്ത്രം കൊണ്ട് വന്നയാളുടെ ശരീരം മൊത്തം മൂടിയിരുന്നു. വായും മൂക്കും മൂടിയിരുന്നു, കണ്ണുകൾ മാത്രമാണ് പുറത്ത് കാണാവുന്നത്. അതുകൊണ്ട് തന്നെ വന്നത് ആണോ പെണ്ണോ എന്നത് പോലും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ജെൻഡർ ന്യൂട്രൽ വസ്ത്രമാണല്ലോ എന്ന് തത്ത ആശ്ചര്യപ്പെട്ടു. തത്ത അധികം ചിന്തിച്ച് തല പുണ്ണാക്കിയില്ല. അയാളുടെ ഭാര്യ വാതിൽ തുറന്നു കൊടുത്തതിന് ശേഷം തൻ്റെ യടുത്ത് വരുമെന്ന് തത്തയൊന്ന് പ്രതീക്ഷിച്ചു.പ്രതീക്ഷ അസ്ഥാനത്തായിരുന്നെന്ന് ഉടൻ തന്നെ തത്തയ്ക്ക് ബോധ്യപ്പെട്ടു. വന്നയാൾ ഏതാനും നിമിഷങ്ങൾക്കകം തിരികെ പോവുകയും അയാളുടെ ഭാര്യ മുറിയുടെ കതകടക്കുകയും ചെയ്തു. തത്തയ്ക്ക് പന്തീകേട് തോന്നിത്തുടങ്ങി.

                            ഇനിയും അയാളെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ തത്ത ചോളം കൊത്തിത്തിന്നാൻ തുടങ്ങി. തത്ത തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോളം കൊത്തിത്തിന്നു കൊണ്ടിരുന്നു. കുറച്ച് ചോള മണികൾ അഴികൾക്കിടയിലൂടെ താഴെ തറയിലേക്ക് തെറിച്ചുപോയി. തത്ത താഴെ വീണു പോയ ചോളമണികളിലേക്ക് നോക്കി. പെട്ടെന്ന് എന്തോ വെളിപാടുണ്ടായത് പോലെ സൂക്ഷിച്ചു തിന്നാൻ തുടങ്ങി. പകുതി ചോള മണികൾ തിന്നു കഴിഞ്ഞപ്പോൾ ബാക്കി പകുതി തത്ത നീക്കി വച്ചു. അടുത്ത ദിവസങ്ങളിൽ തത്ത വളരെ കുറച്ച് ചോളമണികൾ മാത്രം കഴിച്ചു. തത്ത ധാരാളിയല്ലാതായി തീർന്നു. മാത്രമല്ല ചോളമണികൾക്ക് നല്ല സ്വാദുള്ളതായും അനുഭവപ്പെട്ടു.

                   ചില ദിവസങ്ങളിൽ വെള്ള വസ്ത്രo ധരിച്ചവർ വരുകയും പോവുകയും ചെയ്തു. തത്തയുടെ ജീവിതത്തിൽ പക്ഷെ മാറ്റമൊന്നും വന്നില്ല. ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല. മറ്റൊരു ദിവസം വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ വന്ന് അയാളുടെ ഭാര്യയേയും മകനേയും മകളേയും എങ്ങോട്ടോ കൊണ്ടു പോയി. തത്തക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.  

              അന്ന് തത്ത ഒരു ചോളമണി മാത്രമാണ് തിന്നത്. ഒരു ചോള മണി മാത്രം ബാക്കിയായി. തത്ത അത് പൊന്നുപോലെ സൂക്ഷിച്ചു. തത്ത ഒരു ദീർഘദർശിയായി മാറിയിരുന്നു. മുറിക്കുള്ളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഭക്ഷണം കഴിച്ചിരുന്നത് എന്ന് തത്ത ആശ്ചര്യപ്പെട്ടു. പുറത്തേക്ക് തുറക്കുന്ന ജനലുകളിലൂടെ പുറത്ത് നിന്ന് ആരൊക്കെയോ ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത് തത്ത കണ്ടിരുന്നില്ലല്ലോ.

                    അടുത്ത ദിവസം ബാക്കിയായ ആ ഒറ്റ ചോളമണിയെ തത്ത മൂർച്ചയേറിയ കൊക്ക് കൊണ്ട് കൃത്യം രണ്ടായി ഭാഗിച്ചു. ഒരു പകുതി കഴിച്ചു. മറുപകുതി അടുത്ത ദിവസത്തേക്കായി നീക്കി വച്ചു, പക്ഷെ നിർഭാഗ്യകരം അഴികൾക്കിടയിലൂടെ ആ പകുതി താഴേക്ക് പതിക്കുകയാണുണ്ടായത്. തത്തയുടെ കണ്ണുകളിൽ അപായ സൂചനയുടെ ചിഹ്നം തെളിഞ്ഞു.

              തത്തക്ക് വിശക്കുന്നുണ്ടായിരുന്നു. തത്തക്ക് സങ്കടം വന്നു, ദേഷ്യവും. തത്ത ചിറകുകൾ കൊണ്ട് കൂടിൻ്റെ അഴികളിൽ അടിച്ചു കൊണ്ടിരുന്നു. ചുണ്ടുകൾ കൊണ്ട് അഴികളിൽ കടിച്ചു. ഒടുവിൽ പിരിമുറുക്കത്തിൽ തത്ത തൻ്റെ ചിറകിൽ കടിച്ചു. മൂർച്ചയേറിയ ചുണ്ടുകൾ കൊണ്ട് വീണ്ടും വീണ്ടും കടിച്ചു. ഒടുവിൽ ഉപ്പുരസം അനുഭവപ്പെട്ടു തത്തയ്ക്ക്. തത്തയുടെ ചുവന്ന ചുണ്ടുകൾ കടും ചുവപ്പായി മാറി. തത്തയുടെ ചിറകിലെ തൂവലുകൾ ഒരോ ദിവസം ഒരോന്നായി മുറിഞ്ഞു വീണു. ചിറകിലെ തൂവലുകൾ തീർന്നപ്പോൾ വാലിലെ തൂവലുകളും മുറിഞ്ഞു വീഴാൻ തുടങ്ങി. തത്ത ചുവക്കെ ചിരിച്ചു. തത്ത ഒരു മൊട്ട തത്തയായി മാറി.


അയാൾ അപ്പോഴും മുറിക്കുള്ളിലായിരുന്നു. ഉണ്ടും ഉറങ്ങിയും കഴിഞ്ഞു കൂടിയ അയാൾക്ക് പക്ഷെ അന്ന് ജനാലയിലെ മുട്ടിവിളിയുണ്ടായില്ല. ഭക്ഷണപ്പൊതിയും വന്നില്ല. അയാൾ പുറത്തേക്കുള്ള ജനൽ തുറന്ന് കാത്തിരുന്നു. ഇല്ല, ആരും ഇല്ല.അയാൾ വരാന്തയിലേക്കുള്ള ജാലകം തുറന്നു. അവിടെയാണല്ലോ തത്തക്കൂട് തൂങ്ങിയിരുന്നത്. അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു. അയാൾ തത്തയെ നോക്കി. തത്ത അയാളെ നോക്കി ലമ്പടാ എന്ന് വിളിച്ചു. തത്ത മുളച്ച് വന്ന തൂവലിൽ കടിച്ചു. പിന്നെ ചുവക്കെ ചിരിച്ചു. അയാൾ തത്തയെ കൗതുകം കലർന്ന താത്പര്യത്തോടെ വീക്ഷിച്ചു. അയാളുടെ ചൂണ്ടുവിരൽ പതുക്കെ ചുണ്ടുകൾക്കിടയിലേക്ക് ഉയർന്നു.പല്ലുകൾക്കിടയിൽ അമർന്നു ഞെരിഞ്ഞു. ഉപ്പുരസം. അയാൾ തത്തയെ നോക്കി ചുവക്കെ ചിരിച്ചു.





( കോവിഡ് കാലത്ത് ഒരു തത്തക്കുണ്ടായ അനുഭവം)



                     


                          

Sunday, 23 February 2020

ഏകാന്തതയുടെ മണലാഴി


                 


                        ഉഷ്ണക്കാറ്റേറ്റുള്ള പകൽ യാത്രയും അതിലുപരി ഹൃദയത്തെ പറിച്ചെടുക്കുന്ന പോലുള്ള വ്യഥയും ചേർന്നുണ്ടാക്കിയ ക്ഷീണത്താൽ കിടന്നയുടനുറക്കത്തിലമർന്ന തൃലോക് നാഥിനെ പാതിരാത്രിയാലെ പ്പോഴോ ഉപേക്ഷിച്ച് നിദ്രാദേവി കടന്നു കളഞ്ഞു. ത്രിലോകിന്റെ നേത്രാന്തരപടലത്തിൽ ഇരുളിലും റാമിന്റെ പ്രതിഛായ പതിഞ്ഞു. റാം അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് നാലു വർഷങ്ങൾ പിന്നിടു മ്പോൾ ത്രിലോകിന്റെ ഒരു ചെറുവിരലനക്കം പോലും റാമിനെ ബോധ മണ്ഡലത്തിലേക്കുണർത്തുവാൻ മാത്രം ഗാഢമായിരുന്നു അവർക്കിടയിലെ ആത്മബന്ധം.അയാളുടെ ഇടം കൈത്തലം അവന്റെ മുതുകിലൂടെ മുൻ കാലുകളുടെ മുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും തഴുകി. റാം സ്നേഹത്താൽ തലകുനിച്ച്, മുഖം അയാൾക്കരികിലേക്ക് നീട്ടി. അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്തെ ഒരു കൊച്ചു കുട്ടിയെയെന്ന പോലെ  ചേർത്തു പിടിച്ചു. അവന്റെ നെറ്റിത്തടത്തിൽ അയാൾ തന്റെ ചുണ്ടുകൾ ചേർത്തു.അയാളുടെ ഹൃദയത്തിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവ മിഴിനീർ ചാലുകളായി.

                       ആ രാത്രിയുടെ ബാക്കിയിൽ ഉണർന്നിരുന്ന ത്രിലോകിന്റെ മനസ്സിലൂടെ മടങ്ങി വരാത്ത കാലത്തിന്റെ മായാത്ത കാഴ്ചകൾ മദ്യത്തിൽ നിന്നും നുരയെന്ന പോലെ പതഞ്ഞു പൊങ്ങി.നന്നേ ചെറുപ്പം മുതൽ തന്റെ പിതാവ് കൈലാഷ് നാഥിനൊപ്പം, വലിയ ഒട്ടകകൂട്ടങ്ങളെയും തെളിച്ച് ഹനുമൻഗറിൽ നിന്നും ദിവസങ്ങൾ നീണ്ട യാത്ര പുഷ്കറിൽ വന്നവസാനിക്കു ന്നതും , ബഹുവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുഷ്ക്കറിലെ തെരുവോ രക്കാഴ്ചകളെ അദ്ഭുതക്കണ്ണുകൾ ഒപ്പിയെടുക്കുന്നതും,തങ്ങളുടെ ഒട്ടകങ്ങളെ വില പറഞ്ഞ് വിൽക്കുന്നതും, പുതിയവയെ വിലപേശി വാങ്ങുന്നതും ഒടുവിൽ കാർത്തിക പൂർണ്ണിമയിൽ പുഷ്കറിലെ സ്നാനഘട്ടങ്ങളിൽ ഒന്നിൽ മുങ്ങി നിവർന്ന് , വീണ്ടും ഒരു വർഷത്തേക്കുള്ള കർമ്മചിന്തകളുമായി പിൻവാങ്ങുന്നതും എല്ലാം .

                     യാത്ര തുടങ്ങിയതിന്റെ ആറാം പകൽ അവർ പുഷ്കറിൽ എത്തിച്ചേർന്നു. ലോകത്തുള്ള എല്ലാ പാതകളും പുഷ്കറിലേക്ക് നീണ്ടു. ഒട്ടകക്കൂട്ടങ്ങൾ, കുതിരകൾ, ഈ ലോകത്തെ മുഴുവൻ ജനങ്ങൾ, നാടൻ കലാകാർ, കച്ചവടക്കാർ, എല്ലാവരുടെയും കാലുകൾ ചലിക്കുന്നതും, എല്ലാ ചക്രങ്ങളും ഉരുളുന്നതും ഒരേ ദിശയിലേക്ക് തന്നെ. ശബ്ദായമാനമായ അന്തരീക്ഷം.

                     നവമിക്ക് ഇനി രണ്ടു നാൾ കൂടി ബാക്കി. വിലപേശലുകളും കച്ചവട ങ്ങളും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തരിശായി കിടന്നിരുന്ന ആ മണൽ മൈതാനത്ത്,മഴയത്ത് പൊട്ടി മുളച്ച കൂണുകൾ പോലെ ആയിരക്കണ ക്കിന് കൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് തൃലോകിന്റേതായി രുന്നു.നഗരമാകെ നിറങ്ങളിൽ മുങ്ങി,കല്യാ ണത്തിന് ഒരുങ്ങിയിറങ്ങിയ നവോഢയെ പോലെ പ്രശോഭിച്ചു.മേള മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് ഭീമൻ ചക്രങ്ങളും, യന്ത്ര ഊഞ്ഞാലുകളും, യന്ത്ര ക്കുതിരകളും രാവിനെ പകലാക്കി.
               
                    ഒട്ടകവണ്ടികളിൽ നിറച്ചു കൊണ്ടു വന്നിരുന്ന പാത്രങ്ങളും, ധാന്യങ്ങളും, വസ്ത്രങ്ങളും എല്ലാം തൃലോകും  മൂത്ത മകൻ ആഞ്ജനേയും രണ്ടാമൻ ഭോലാറാമും, മരുമകൻ ശിവറാമും മറ്റുള്ളവരും ചേർന്ന് കൂടാരത്തിലേക്ക് എടുത്തു വച്ചു. കൂടാരത്തിന് പുറത്ത് മടക്ക് നിവർത്തിയ രണ്ടു ചൂടിക്കട്ടിലുകൾ നിരത്തിയിട്ടു. കാലങ്ങളായുള്ള ഒരു സമ്പ്രദായം. സമ്പ്രദായം മാത്രമല്ല, ഇത് അവരുടെ ജീവിതമാണ്.

                  കുറച്ചു നേരത്തിനകം തൃലോക് നാഥിന്റെ ഭാര്യ അംബാദേവി അവരുടെ ഒട്ടകങ്ങൾക്കായുള്ള  ഗോതമ്പും മറ്റു ധാന്യങ്ങളും പ്രത്യേക അനുപാതത്തിൽ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ഭക്ഷണവുമായി വന്നു. അവ അവരുടെ എല്ലാ ഒട്ടകങ്ങൾക്കുമായി വീതിച്ച് അവയുടെ പാത്രങ്ങളിലാക്കി കൊടുത്തു.

ചൂടിക്കട്ടിലിൽ കിടന്നു വിശ്രമിക്കുകയായിരുന്ന തൃലോക് പതുക്കെ റാമിനരികിലേക്ക് നീങ്ങി. അതാണല്ലോ അയാളുടെ ശീലം.

            ത്രിലോക് അവനെ പാൽ നുകരുന്ന കുഞ്ഞിനെ അമ്മയെന്ന പോലെ തലോടിക്കൊണ്ടിരുന്നു.റാം ആ തലോടൽ ആസ്വദിക്കുന്നുണ്ടായിരുന്നു.

             ത്രിലോക്  തലോടൽ  ഒന്ന്  നിർത്തിയപ്പോൾ അവൻ തീറ്റയും നിർത്തി.  " ഖാവോ ബേട്ടാ... ഖാവോ" യെന്ന് തൃലോക് വീണ്ടും തലോടി.
       
           തൃലോകിന്റെ മുഖത്ത് വ്യഥകൾ തീർത്ത ഭൂപടം വ്യക്തമായിരുന്നു. അയാൾ കടന്നു വന്ന വഴികളുടേയും അനുഭവങ്ങളുടേയും അടയാളങ്ങൾ നെറ്റിത്തടങ്ങളിലും കൺകോണുകളിലും കവിൾ ത്തടങ്ങളിലും  ജരകളായിപതിഞ്ഞു കിടന്നു. അയാൾ ധരിച്ചിരുന്ന വെളുത്ത അങ്കർഖയും ധോത്തിയും പഴക്കത്താൽ നരച്ച മഞ്ഞ നിറമുള്ളതായി മാറിയിരുന്നു. അയാളുടെ തലയുടെ ഇരട്ടി വലുപ്പമുള്ള,വർണ്ണാഭമായ തലേക്കെട്ടിന്റെ ഭാരം പോലും എല്ലിച്ച ആ ശരീരത്തിന് താങ്ങാനാവുന്ന തിനും അപ്പുറമാണെന്ന് തോന്നി.ചുട്ടുപൊള്ളുന്ന വരണ്ട മണലിലൂടെ കാലങ്ങൾ സഞ്ചരിച്ചു എന്നതിന് അയാളുടെ വിണ്ട് കീറിയ ഉപ്പൂറ്റികൾ സാക്ഷി.പഴക്കത്താൽ പതിഞ്ഞതും ദ്വാരങ്ങളുള്ളതുമായ വില കുറഞ്ഞ തുകൽ ചെരുപ്പുകൾ അയാളുടെ പാദങ്ങളോട് പൊരുത്തപ്പെടാതെ നിന്നു.


                തൃലോക്റാമിന്റെ സഹധർമിണി റൊട്ടിയും ദാലും സബ്ജിയും പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവരുടെ മരുമകളായ കഞ്ചനും മകൾ ആര്തിയും , അവരെ  സഹായിക്കുന്നുണ്ടായിരുന്നു.രാവേറേച്ചെന്നിട്ടും ഉറങ്ങാൻ പറ്റാതെ കൂടാരത്തിൽ വിരിച്ച കനം കുറഞ്ഞ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ത്രിലോകിനെ ശ്രദ്ധിച്ച അംബാദേവി തന്റെ, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന  ചുളിഞ്ഞ കൈത്തലം കൊണ്ട് അയാളുടെ ചുമലുകൾ ആഞ്ഞു കുലുക്കി " എന്താണ് ഉറക്കത്തെ കെടുത്തുന്ന ചിന്ത"യെന്ന് ആരാഞ്ഞു.   

                " നമ്മുടെ മോളെ ക്കുറിച്ച്"
" നിങ്ങൾ പേടിക്കാതെ. അവൾ സുരക്ഷിതയാണല്ലോ. സാധ്ന മാമിയെന്നാൽ അവൾക്ക് ജീവനാണ്."
 അൽക്കയെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഒരോ കോശങ്ങളിലൂടെയും ഇരമ്പിപ്പാഞ്ഞു.
" അവൾ എത്ര മിടുക്കിയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു ഗതി അവൾക്ക് കൊടുത്തത്. ഹേ... ഭഗവാൻ"" എന്ന് ത്രിലോക് പരിതപിച്ചു.
" ഓപ്പറേഷൻ നടത്തിയാൽ എല്ലാം ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്....  ആ വാക്കുകൾ ഭഗവാന്റേതാണ്..നിങ്ങൾ അവ വിശ്വസിക്കൂ." എന്നവർ ആശ്വസിപ്പിച്ചു.

   " എല്ലാം നടക്കും..... പക്ഷെ..." എന്നിങ്ങനെ തൃലോക് അർദ്ധോക്തിയിൽ നിർത്തി.
" നമുക്ക് നമ്മുടെ അൽക്കയല്ലേ വലുത്....??? എന്ന് തൃലോകിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്ത് അംബാദേവി ചോദിച്ചു." ഇന്നത്തെ ഉറക്കം കെടുത്തിയിട്ടോ നാളെ ഉണരാതിരുന്നിട്ടോ ഭൂമി ഉരുളാതിരിക്കില്ല; സൂര്യനുദിക്കാതെയും...." എന്ന്  അംബാദേവി ദാർശനികയായി.

            മേള മൈതാനം കൺ തുറന്നത് നിറച്ചാർത്തുകൾക്കിടയിലേക്കാണ്. അങ്കോർഖയും ധോത്തിയും ധരിച്ച്, വലുപ്പമുള്ള തലപ്പാവുകൾ ചൂടി,കൈയിൽ നീളൻ ചൂരൽ വടികളേന്തി ഒട്ടകങ്ങളെ ആജ്ഞാനുസൃതം ചലിപ്പിക്കുന്ന വൃദ്ധരും ചെറുപ്പക്കാരും പകിട്ടാർന്ന ഖാഗ്രയും ചോളിയും ധരിച്ച് ഓഡ് നിയാൽ ശിരസ്സു മറച്ച സ്ത്രീകളും, ചെമ്പിച്ച മുടി അലസമായി പാറിക്കിടക്കുന്ന കുട്ടികളും , ഒരു പിടി മണൽ വാരി മുകളിലേക്കെറി ഞ്ഞാൽ ഒരു തരി പോലും താഴെയെത്താത്ത വണ്ണം മൈതാനത്ത് നിറഞ്ഞു കഴിഞ്ഞു.

                   
               റാമിന്റെ നീളമുള്ള കഴുത്തിൽ പല നിറങ്ങളിലുള്ള മുത്തുകൾ കൊരുത്തെടുത്ത മാലകൾ അയാൾ അണിയിച്ചു. റാം അത് ഇഷ്ടപ്പെടുന്നത് പോലെ തലകുലുക്കി.കാൽ മുട്ടുകൾക്ക് മുകളിലായി ചരടിൽ കെട്ടിയ കിലുങ്ങുന്ന മണികൾ അലങ്കാരങ്ങളായി ശോഭിച്ചു. പാദ ചലനങ്ങൾക്കാപ്പം താളം തുള്ളുന്ന ചിലങ്കകളും കെട്ടിയ റാം" ഖൂബ് സൂരത്താണ്".

                ഒരു  മദ്ധ്യവയസ്ക്കനും മകനെന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരനും വന്ന് റാമിനെ കണ്ടു. മറ്റ് ഒട്ടകങ്ങളെ കണ്ടിട്ടും അവർക്ക് റാമിലാണ് താത്പര്യം ജനിച്ചത്.
               
               തൃലോക് പറഞ്ഞു. യേ മേരാ ബേട്ടാ... യേ ഖൂബ് സൂരത്ത് ഹേ, ബുദ്ധിമാൻഹേ ഔർ പ്യാരാ ഭീ ഹേ".അവൻ സുന്ദരനാണ്, ബുദ്ധിമാനാണ്, സ്നേഹധനനാണ്. റാമിനെ വർണ്ണിക്കാൻ തൃലോകിന് ഭാഷാജ്ഞാനം പോരാതെ വന്നു.

                അവന്റെ നീണ്ട കഴുത്ത് നോക്കൂ...., ചെറുതും കൂർത്തതുമായ കർണ്ണങ്ങൾ നോക്കൂ, ഉരുണ്ട കണ്ണുകളും, ചെറിയ വാലും നിങ്ങൾ കാണുന്നില്ലേ.... വർണ്ണന നീണ്ടു.

   " ഒക്കെ ശരി തന്നെ. വിലയെത്രയെന്ന് പറയൂ".
   "അറുപതിനായിരം".

   " അത് കുറച്ചു കൂടുതലല്ലേ"

  " അമ്പതിനായിരം വരെ പറഞ്ഞിട്ട് കൊടുത്തില്ല." തൃലോക് ഈ പറഞ്ഞത് ഒരു നുണയായിരുന്നു. ആ അച്ഛനും മകനും പിന്നെ അവിടെ നിന്നില്ല.

            പലരും വില ചോദിച്ചു വന്നെങ്കിലും എല്ലാരും വില കൊണ്ടടുക്കാതെ പിന്തിരിയുകയാണുണ്ടായത്.

             തൃലോകും സംഘവും അവിടെയെത്തിച്ചേർന്നതിന്റെ രണ്ടാം ദിവസമാണ് സമ്പന്നൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരാളും ശിങ്കിടിയും വന്നത്. അയാൾ പകിട്ടാർന്ന വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. പട്ടിന്റെ തലപ്പാവ് വച്ചിരുന്നു. അയാൾ അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നു. വൃത്തിയായി താടിരോമങ്ങൾ ക്ഷൗരം ചെയ്ത മുഖത്ത് മീശ പിരിച്ച് വച്ചിരുന്ന അയാൾ പാൻ മസാല ചവച്ചു കൊണ്ടിരുന്നു.

     തൃലോക് നാഥ് റാം ഒഴികെയുള്ള മറ്റു ഒട്ടകങ്ങളെയാണ് ആദ്യം അയാൾക്ക് പരിചയപ്പെടുത്തിയത്." യേ നഹീ.... മുഛെ വോ വാലാ ചാഹിയെ" അയാളുടെ ചൂണ്ടുവിരൽ റാമിനു നേരെയായിരുന്നു.

         " ഉസ്കാ കീമത് ഹേ ഏക് ലാഖ്"

അയാൾ കട്ടിയുള്ള പുരികങ്ങൾ ഉയർത്തി, നാവിനാൽ പാൻമസാലയെ കവിളിലേക്കൊതുക്കി മുഖമൊന്നുയർത്തി അമർത്തിമൂളുകയല്ലാതെ മറുപടി പറഞ്ഞില്ല.

   അന്നേ ദിവസം കനിഷ്ക് എന്നു പേരായ ഒരു ഒട്ടകത്തെ തൃലോക് മുപ്പതി നായിരം  രൂപയ്ക്ക് വിറ്റഴിച്ചു. ഇരുട്ട് വ്യാപിച്ചു. ആരാവല്ലി മലനിരകൾ പ്രൗഢഗംഭീരമായി ഉയർന്നു നിന്നു.

           കൂടാരത്തിനുള്ളിൽ അംബാദേവിയും മകളും മരുമകളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ മുഴുകിയിരുന്നു. തൃലോക് നാഥ് കൂടാരത്തിന് പുറത്ത് തന്റെ ചൂടിക്കട്ടിലിൽ ചിന്തകളിൽ മുഴുകിയിരിക്കുന്നത് അംബാ ദേവി തന്റെ പണികൾക്കിടയിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം തൃലോക് നാഥും അംബാദേവിയും കോസടി വിരിച്ച് കിടന്നു വെങ്കിലും അയാൾക്ക് ഉറങ്ങാനായില്ല. അയാൾ അസ്വസ്ഥനായിരുന്നു.

             " നിങ്ങൾ എന്താണ് ചിന്തിക്കുന്നത്.'' അംബാദേവിക്ക് അയാളുടെ മനസ്സറിയാമെങ്കിലും തുടർന്നു" ഞാൻ നേരത്തേ ശ്രദ്ധിച്ചിരുന്നു. റൊട്ടിയും നിങ്ങൾക്കേറെ ഇഷ്ടപ്പെട്ട സബ്ജിയും കഴിക്കുമ്പോഴും , നിങ്ങളുടെ മനസ്സിൽ വേറെയെന്തൊക്കെയോ ആയിരുന്നു.

               " കുഛ് നഹി"
" നിങ്ങളെന്തിനാ റാമിന് ഒരു ലക്ഷം പറഞ്ഞത്? അതല്ലെ ആ സമ്പന്നൻ പോയത്.?""

" അയാളെ കണ്ടാലറിയാം.... അയാൾ സമ്പന്നനാണ്... അയാൾക്ക് റാമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഇനിയും വരുമെന്നുറപ്പാണ്. അതു കൊണ്ടാണ് ഞാൻ വില കൂട്ടി പറഞ്ഞത്."

അംബാദേവി അവിശ്വാസത്തോടെ അയാളെ നോക്കി.
തൃലോക് തുടർന്നു." ഇത്രയും തുക കിട്ടിയാലേ അൽക്കയുടെ ഓപ്പറേഷന്റെ ചെലവുകൾക്ക് ശേഷവും ബാക്കിയാവൂ. അടുത്ത മേള വരെ കഴിച്ചു കൂട്ടണ്ടേ?"

പട്ട് തലപ്പാവു വച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ സമ്പന്നനെ തൃലോ കിന് അപ്പോഴും കൺമുമ്പിൽ കാണാമായിരുന്നു." അയാൾ ഇനി വരരുത് എന്ന് തൃലോക് മനസാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി തന്നെയാണയാൾ വില കൂട്ടി പറഞ്ഞതും.


                     ഉറക്കം വരാതെ കിടന്ന തൃലോക് കൂടാരത്തിന് വെളിയിലേക്ക് നടക്കുമ്പോൾ അംബാദേവിയുടെ കൂർക്കം വലി മുഴങ്ങുന്നുണ്ടായിരുന്നു. മറ്റു ഒട്ടകങ്ങൾക്കൊപ്പം റാമും നിന്നുറങ്ങുകയായിരുന്നു. റാമിന്റെ ശരീരത്തി ലൂടെ അയാളുടെ പരുപരുത്ത വിരലുകൾ തലോടി. ആ വിരലുകൾ അവന്റെ മുഖത്തേക്ക് നീങ്ങി. അവന്റെ നെറ്റിമേൽ അയാൾ ചുണ്ടുകൾ ചേർത്തു. അശ്രുകണങ്ങൾ ഇറ്റു വീണു റാമിന്റെ മുഖത്തെ നനുത്ത രോമങ്ങൾ തൃലോകിന്റെ കണ്ണുനീരാൽ നനഞ്ഞു. റാം തൃലോകിന്റെ മുഖത്തേക്ക് നോക്കി. അവൻ മുഖം അയാളുടേതിനോടടുപ്പിച്ചു. തൃലോക് ഗദ്ഗദ കണ്ഠനായി.
" റാം ബേട്ടാ.... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല."

 റാം എല്ലാം മനസ്സിലാക്കുന്ന പോലെ തലയാട്ടുകയും അയാളുടെ കവിളിൽ മുഖമുരുമുകയും ചെയ്തു. എത്രയോ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.

                     അയാൾ അംബാദേവിയുടെ ഉറക്കത്തെ കെടുത്താതെ അരികിൽ ചെന്നു കിടന്നു. അവർ അയാൾക്കനഭിമുഖമായി ചരിഞ്ഞു കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്നു.

          മണിക്കൂറുകൾ പിന്നെയും പിന്നിട്ടു. നിറമുള്ള പ്രഭാതത്തിലേക്ക് എല്ലാരും കണ്ണ് തുറന്നു. മൈതാനം വീണ്ടും മുഖരിതമായി. ഒട്ടകത്തെ വിൽക്കാനും വാങ്ങാനും വന്നവരുടെ തിരക്കുകൾ. കല്ലുകൾ കൂട്ടിവച്ചു ണ്ടാക്കിയ അടുപ്പ് കത്തിക്കുന്നതിനായി ഒട്ടകത്തിന്റെ കാഷ്ഠം ശേഖരി ക്കുന്നവർ ഒരു ഭാഗത്ത്, ഒട്ടകത്തിന് തിന്നാനായി ആരിവേപ്പില തലച്ചുമടായി കൊണ്ടുവരുന്നവർ മറുഭാഗത്ത്. അന്നും ആ മൈതാനത്ത് എത്രയോ കച്ചവടങ്ങൾ നടന്നു.

                ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. മേള മൈതാനം ഏകദേശം ഒഴിഞ്ഞു തുടങ്ങി. പറ്റം പറ്റമായി ആളുകൾ ഒഴിഞ്ഞു പോയ് തുടങ്ങി.

               തൃലോക് റാമും മകൻ ആഞ്ജനേയും ചൂടിക്കട്ടിലിൽ ഇരുന്നു. അവർ വിൽക്കാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ റാം ഒഴികേ എല്ലാത്തിനേയും  വിറ്റഴിച്ചു.

                 " ബാപ്പൂ..... ഇനി നമ്മൾ കാത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കച്ചവട മൊക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു" ഒഴിഞ്ഞു തുടങ്ങിയ മൈതാനത്തേക്ക് നോക്കി ആഞ്ജനേയ്  പറഞ്ഞു.

                  " നാളത്തെ ഒരു ദിവസം കൂടി കാത്തിട്ട് നമുക്ക് തിരിക്കാം." "അടുത്ത ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ റാമിനെ പിരിയേണ്ടി വരില്ലല്ലോ" എന്ന് തൃലോക് ആശ്വസിച്ചു.

                 " പക്ഷെ, ബാപ്പു.. അൽക്കയുടെ ചികിത്സയുടെ ചെലവ് നമ്മൾ എങ്ങനെ കണ്ടെത്തും"

          " അതിനൊക്കെ നമുക്ക് വേറെ വഴി കാണാതിരിക്കില്ല" യെന്ന് തൃലോക് പറയുമ്പോഴും അയാളുടെ ഉള്ളിൽ അതേ ചോദ്യം അലയടിക്കുന്നുണ്ടാ യിരുന്നു.

                       വർഷങ്ങൾക്ക് മുൻപ് പിതാജി പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി " ഒട്ടകങ്ങൾ നമുക്ക് കച്ചവടച്ചരക്കുകളാണ്. അവയെ ഒരിക്കലും ഹൃദയത്തിൽ പിടിച്ചിരുത്തരുത്. ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവയെ പിരിയേണ്ടിവരും."

                 റാമിന്റെ തൊട്ടിയിൽ ചനയും ഗോതമ്പും ചേർത്ത അവന്റെ പ്രിയ ഭക്ഷണം വലം കൈ കൊണ്ട് ഇളക്കി യോജിപ്പിച്ച്, റാമിന്റെ മുന്നിലേക്ക് നീക്കി വച്ച ശേഷം അംബാ ദേവി തൃലോകിന് അരികിലായി വന്നിരുന്നു.
" ഇനിയിപ്പോ ആരു വരാനാ...." ആളൊക്കെ ഒഴിഞ്ഞല്ലോ "എന്നവർ പരിതപിച്ചു." നിങ്ങൾ വില കൂട്ടി പറഞ്ഞതു കൊണ്ടല്ലേ വന്നയാൾ മടങ്ങിയത്?" എന്നവർ പരിഭവിച്ചു.

                  ഉറക്കമന്യമായ ഒരു രാത്രി കൂടി പിന്നിട്ടു. മടങ്ങാം എന്നു തന്നെ അവർ തീരുമാനിച്ചു. മകളുടെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനായില്ല യെന്ന ആധി മനസ്സിലുള്ളപ്പോഴും റാമിനെ പിരിയേണ്ടി വന്നില്ലല്ലോയെന്നതിൽ അയാൾ സ്വകാര്യമായി ആശ്വസിച്ചു. ആഞ്ജനേയും ശിവറാമും ചേർന്ന് ഒട്ടകവണ്ടികളിൽ പാത്രങ്ങളും, വസ്ത്രങ്ങളടങ്ങുന്ന ചണത്തിന്റെ സഞ്ചികളും, കോസടികളും, എന്നു വേണ്ട അവർ കൊണ്ടുവന്ന എല്ലാ സാധനങ്ങളും ഒതുക്കി വച്ചു. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ആ സംഘം നാലു ഒട്ടകവണ്ടികളിലായി യാത്ര തുടങ്ങിക്കഴിഞ്ഞു. മേള മൈതാനത്തിൽ അങ്ങിങ്ങായി കാണുന്ന ചിലരൊഴിച്ചാൽ ഏറെക്കുറെ ശൂന്യമായിരുന്നു. ലക്ഷക്കണക്കിന് ആളുകളും ഒട്ടകങ്ങളും നിറഞ്ഞു നിന്ന മൈതാനത്ത് അവശേഷിപ്പുകൾ മാത്രം.

               
                      തൃലോകിന്റെ പേരമകൻ നയിച്ചിരുന്ന ഒട്ടകവണ്ടിയിൽ പുറംതിരിഞ്ഞിരുന്ന തൃലോകിന്റേയും അംബാദേവിയുടേയും കണ്ണുകളിൽ മരുഭൂമിയുടെ ഏകാന്തത നിഴലിച്ചു. അവർക്ക് മുമ്പേ പോയ വണ്ടികൾ ഏറേ ദൂരം മുന്നിലായി കഴിഞ്ഞിരിക്കുന്നു. വണ്ടി ആടിയും ഉലഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. മേള മൈതാനം അങ്ങു ദൂരെ ഒരു മഞ്ഞപ്പരവതാനി വിരിച്ചതു പോലെ കാണപ്പെട്ടു. അതിൽ പൊട്ടു പോലെ ഒരു ചെറിയ രൂപം. ഒന്നല്ല രണ്ട് രൂപങ്ങൾ. തൃലോക് കണ്ണുകൾ ഇറുക്കി, കൈപ്പത്തി കൊണ്ട് കണ്ണിനു മേൽ മറ പിടിച്ച് സൂഷ്മമായി വീക്ഷിച്ചു. ആ രൂപങ്ങൾ വലുതായി വരുന്നു. അവ അടുത്തേക്ക് വരുകയാണ്. അയാളുടെ കണ്ണുകളിൽ പതിഞ്ഞ അവ്യക്ത ബിംബങ്ങൾക്ക് വ്യക്തത കൈവന്ന് തുടങ്ങിയിരുന്നു.ആ രൂപങ്ങൾ പൊടി പറത്തിക്കൊണ്ട്  തങ്ങളുടെ അടുത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. തൃലോകിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം ജനിച്ചു.

                രണ്ടു കുതിരപ്പുറത്തായി പാഞ്ഞു വന്ന രണ്ടു പേർ തൃലോകിന്റെ ഒട്ടകവണ്ടിയെ തടസ്സപ്പെടുത്തി ക്കൊണ്ട് മുന്നിലായി നിലയുറപ്പിച്ചു.

  " നിൽക്കൂ ഭായി" എന്ന് പറഞ്ഞ് കൊണ്ട് രണ്ടു ദിവസം മുമ്പു വന്ന ആ സമ്പന്നൻ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. മുറുക്കി ചുവപ്പിച്ച പല്ലുകൾ വെളിവാകും വിധം അയാൾ ചിരിച്ചു. അയാളുടെ മോതിരങ്ങളിലെ രത്നങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി , ചുരുട്ടിവച്ചിരുന്ന നീളൻ മീശ, ഇടംകൈവിരലുകളാൽ അയാൾ ഒന്നു കൂടി ചുരുട്ടി. കീശയിൽ നിന്നും അയാൾ നോട്ടു കെട്ടുകൾ പുറത്തെടുത്തു." യേ... ഏക് ലാഖ് ദസ് ഹജാർ...... ദസ് ഹജാർ തോ ജ്യാദാ ഹേ" എന്ന് അയാൾ ധാരാളിത്തത്തിന്റെ ചിരി ചിരിച്ചു.

              ഉയരാൻ മടിച്ചു  നിന്ന തൃലോകിന്റെ വലം കരം പിടിച്ചുയർത്തി അതിൽ അയാൾ നോട്ടുകെട്ടുകൾ വച്ചു കൊടുത്തു. അപ്പോഴേക്കും അവരുടെ മുന്നിലായി നീങ്ങിയിരുന്ന ആഞ്ജനേയിന്റേയും ശിവറാമിന്റെ യും വണ്ടികൾ ദൃശൃഗോചരമല്ലാതായിരുന്നു. തൃലോകിനു പിന്നാലെ അംബാദേവിയും വണ്ടിയിൽ നിന്നു ഇറങ്ങി നിന്നിരുന്നു. വണ്ടിയെ നിയന്ത്രിച്ചിരുന്ന, ആഞ്ജനേയിന്റെ പുത്രൻ ഋഷഭ്, റാമിന്റെ കഴുത്തിൽ നിന്നും വണ്ടിയിലേക്ക് ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി.റാമിന്റെ  കഴുത്തിലെ കടിഞ്ഞാൺ സ്വന്തം കൈകളാലാക്കിയ ധനികൻ കറ പിടിച്ച പല്ലുകൾ ദൃശ്യമാകും വിധം ചുവക്കെച്ചിരിച്ചു.

                റാം ഇല്ലാത്ത ആ വണ്ടിയുടെ അരികിൽ തൃലോകും അംബാദേവിയും നിന്നു. കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയങ്ങളുള്ള കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഒരു മറ തീർത്തു. അയാൾ കണ്ണുകൾ ഇറുകെ പൂട്ടി. അപ്പോഴേക്കും ഋഷഭ് തങ്ങളുടെ സംഘത്തിൽ നിന്നും മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് വണ്ടിയിൽ പൂട്ടിയിരുന്നു. വണ്ടിയിൽ കയറാൻ മടിച്ചു നിന്ന തൃലോകിനെയും അംബാദേവിയെയും ഋഷഭ് നിർബന്ധിച്ചു കയറ്റി. മരുഭൂമിയിലൂടെ അവരുടെ വണ്ടി യാത്ര തുടർന്നു. തൃലോകിന്റെ കണ്ണുകൾ അപ്പോഴും റാമിലായിരുന്നു.

                   റാമിൽ നിന്നും തൃലോക് അകന്നു കൊണ്ടിരുന്നു. ധനികൻ അപ്പോൾ റാമിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു.റാം ധനികന്റെ ആജ്ഞകളെ ചെറുത്തു തോറ്റു. അവർ എതിർദിശയിൽ യാത്ര ആരംഭിച്ചു. അയാളുടെ കുതിര അവരോടൊപ്പം ചെറിയ വേഗത്തിൽ ഓടിക്കൊണ്ടി രുന്നു. തൃലോകിന്റെ കണ്ണുകളിൽ റാം ഒരു ബിന്ദുവായ് മാത്രം മാറി. ഏതാനും നിമിഷങ്ങൾക്കകം ശൂന്യം,... മണലാഴി മാത്രം. ഏകാന്തതയുടെ മണലാഴി.
                   
ശുഭം.

         

Wednesday, 29 January 2020

ഓർമ്മയിലെ സ്നേഹവേരുകൾ



                    അത്താഴം കഴിച്ച പാത്രങ്ങൾ കഴുകി വച്ചതിനു ശേഷം,  കഴുകിയുണക്കിയ പുതപ്പുമെടുത്ത്  രാധമ്മ ചെല്ലുമ്പോൾ, ചരടു പൊട്ടിയ പട്ടത്തെ പോലെ ഗോപിമാഷിന്റെ മനസ്സ് എവിടെയൊക്കെയോ അലയുകയായിരുന്നു. മുറിയിൽ രാധമ്മയുടെ സാമീപ്യമറിഞ്ഞ ഗോപിമാഷ് :" ആ പൊതപ്പിങ്ങു തന്നേരേ, അപ്പുറത്താണ് വാല്യക്കാരിയുടെ മുറി.”

                   അടുത്ത മുറിയിൽ ഉറക്കത്തെ ക്ഷണിക്കാതെ സീലിങ്ങിൽ നോക്കി കിടക്കുമ്പോൾ, ഗോപിമാഷിന്റെ വാക്കുകൾ ഭാരിച്ച പാറക്കല്ലുകളായി നെഞ്ചിൻകൂടിനു മുകളിലിരുന്ന് ഹൃദയത്തെ ഞെരിച്ചു.രണ്ടു മൂന്നു ദിവസമായി മാഷിൽ ചില പന്തീകേടുകൾ കാണുന്നു. പരസ്പര ബന്ധമില്ലാത്ത സംസാരം, ഉറക്കക്കുറവ്....

             കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഒരോ സംഭവങ്ങൾ മനസ്സിലേക്ക് പാഞ്ഞു കയറി.നീലയും കറുപ്പും കലർന്ന വരയൻ ഷർട്ടും വെള്ളമുണ്ടു മുടുത്ത് കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകി കണ്ണടയെടുത്ത് മൂക്കിൻ പാലത്തിലുറപ്പിച്ച് പോകാനൊരുങ്ങുമ്പോൾ "ഇതെവിടേക്കാണെ"ന്ന് രാധമ്മ അന്വേഷിച്ചു.

               ഓടക്കാലിയിലേക്കെന്നു പറഞ്ഞിറങ്ങുമ്പോൾ രാധമ്മ യുടെ ഉള്ളിലൂടെ ചിന്തകൾ തീവണ്ടി പോലെ കൂകി പാഞ്ഞു." മാഷ് ആദ്യമാ യി ജോലിക്ക് ജോയിൻ ചെയ്തത് ഓടക്കാലിയിലെ സ്കൂളിലായിരുന്നു. അതിനുശേഷം എത്ര സ്കൂളുകൾ മാറിയിരിക്കുന്നു. ഇതിപ്പോ റിട്ടയർ ചെയ്തിട്ട് ഒന്നര വർഷമായി. പിന്നെ എന്തിനാണോ... തലയ്ക്കുള്ളിൽ ആ ചോദ്യചിഹ്നംകുരുങ്ങിക്കിടന്നു. മുറ്റത്തിറങ്ങിയ അദ്ദേഹം പക്ഷെ ഉടനെത്തന്നെ തിരികെ വീട്ടിലേക്ക് കയറി ഒന്നും മിണ്ടാതെ മുറിയിൽ പോയിക്കിടന്നു.

ഓർമ്മയുടെ കണ്ണികൾ എവിടെയൊക്കെയോ അറ്റു പോകുന്നുണ്ടെന്ന് രാധമ്മക്ക് ഒരു ഞെട്ടലുണ്ടായി.

ഒന്നു രണ്ടാഴ്ചകൾക്കു ശേഷമുള്ള ഒരു പകൽ.

ഗോപി മാഷ് ഊണു കഴിക്കാനിരുന്നപ്പോഴാണ് നന്ദൻ വീട്ടിലേക്ക് കയറി വന്നത്. മാഷിന്റെ എതിർവശത്തെ കസേരയിൽ നന്ദനിരുന്നു. കറുത്ത ഫ്രയിമിനകത്തെ കട്ടിലെൻസുകൾക്കുള്ളിലൂടെ മാഷ് അവനെ നോക്കി.

" അമ്മാവാ" .. നന്ദന്റെ വിളിയ്ക്ക് , ഭാവഭേദമൊന്നുമില്ലാത്ത നോട്ടമായിരുന്നു മാഷിന്റെ മറുപടി.

" ഇപ്പോ മരുന്നൊക്കെയുണ്ടോ?"

" എനിയ്ക്ക് വയ്യായ്കയൊന്നുമില്ല" എന്ന് മാഷ് നീരസം കാണിച്ചു.

" പെണ്ണമ്മേ" എന്ന ഗോപി മാഷിന്റെ നീട്ടി വിളിയുടെ അറ്റത്ത് ചോറും കറികളുമായി അവരെത്തി.

ഗോപിമാഷിന്റെ രസമുകുളങ്ങൾ അദ്ദേഹത്തിന്റെ അമ്മയുടെ കൈപ്പുണ്യത്തെ ഓർത്തെടുത്തു.

" ഇപ്പോഴുള്ള വേലക്കാരിക്ക് നല്ല കൈപ്പുണ്യാ... എന്റെ അമ്മയെ പോലെ"


" അമ്മായിയെ മറന്നോ.." എന്ന് നന്ദൻ തുടങ്ങിയപ്പോൾ തടഞ്ഞു കൊണ്ട്, മാഷ്  " അവള് മോളുടെ വീട്ടിൽ പോയിട്ട്..... പിന്നെ,.... ....."എന്ന് ഓർമ്മയുടെ വേരുകൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു."


" പെണ്ണമ്മേ"യെന്ന എന്ന അടുത്ത വിളിയുടെ അറ്റത്തായ് കൈ കഴുകാൻ വെള്ളവും തുടയ്ക്കാൻ ശീലയും മേശമേലെത്തി.

ശേഷം, ഗോപി മാഷ് ഉച്ചമയക്കത്തിലമർന്നു.

" പ്രശ്നങ്ങൾ കൂടിയോ അമ്മായീ.... " നന്ദൻ ആകുലപ്പെട്ടു.

" ഇടയ്ക്കൊക്കെ പഴയ കാര്യങ്ങളോർത്തെടുത്ത് സ്വയം പറഞ്ഞു കൊണ്ടിരിക്കും. പത്രത്തിൽ നോക്കി ഇമവെട്ടാതെ, ഒന്നും വായിക്കാതെ ഏറേ നേരം ചാരുകസേരയിൽ കിടക്കും. മാഷിന്റെ കൈപിടിച്ച് വന്ന് കേറുമ്പോ പാചകമൊന്നും എനിക്ക്  വശമില്ലായിരുന്നു. എന്നെ മാഷിന്റെ അമ്മയാണ് ഒക്കെ പഠിപ്പിച്ചത്. പിന്നീട് എന്നോട് പറയും" ങും... എന്റെ അമ്മേടെ കൈപുണ്യം നിനക്കുമുണ്ട്." രാധമ്മയുടെ ശബ്ദത്തിൽ തേങ്ങലിന്റെ ഇടർച്ചയുണ്ടായി. പണ്ടൊക്കെ സ്നേഹം കൂടുമ്പോ " രാധമ്മാ " ന്നു തെകച്ചു വിളിക്കില്ല..." രാമ്മ" അത്രേ വിളിക്കൂ."ആ ഞാനിപ്പോ പഴയ അടിച്ചു തളിക്കാരി  പെണ്ണമ്മയായെ"ന്നവർ തേങ്ങി.

നന്ദന്റെ ഉപദേശ പ്രകാരമാണ് അവർ പഴയ ഓർമ്മകളെ, ക്ലാവു പിടിച്ച ഓട്ടുപാത്രങ്ങളെന്ന പോലെ വിളക്കിയെടുക്കാൻ ശ്രമിച്ചത്.പ്രണയം തളിർത്ത നാളുകളിൽ ഒന്നു ചേർന്നു പാടിയ ഈണങ്ങളിലൊന്ന് വീണ്ടും കേൾപ്പിച്ച പ്പോൾ മാഷിന്റെ കണ്ണുകളിൽ ഓർമ്മകൾ തിരയിളക്കി.

മുറപ്പെണ്ണിനെ കെട്ടാനുള്ള മാഷിന്റെ വീട്ടുകാരുടെ നിർബന്ധത്തെ തോൽപിച്ച് രാധമ്മയുടെ കഴുത്തിൽ മിന്നുചാർത്തിയതിനെപ്പറ്റി അവർ വാചാലയായപ്പോൾ മാഷിന്റെ അധരങ്ങളിൽ ചെറുചിരി മൊട്ടിട്ടു.

അലമാരയുടെ അടിത്തട്ടിൽ നിന്നും താളുകൾ ഇളകിയ, അരികുകളിൽ, പൂപ്പൽ മഞ്ഞപടർത്തിയ പൂർവകാല ഫോട്ടോകൾ മാഷിന്റെ മുന്നിൽ നിരത്തുമ്പോൾ രാധമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം കത്തി. മാഷിന്റെ മുഖത്ത് പ്രകാശം പരക്കുകയും കവിളുകൾ തുടുക്കുകയും മിഴികൾ വിടരുകയും ചെയ്തു. വിറയാർന്ന വിരലുകൾ ഫോട്ടോകളിലൂടെ മൃദുവായി സഞ്ചരിച്ചു." രാധമ്മ" മാഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

വലം കൈത്തലം മാറിൽ അമർത്തി" രാധമ്മ" എന്ന് അവർ ഉരുവിട്ടു കൊണ്ടിരുന്നു. ഗോപി മാഷിന്റെ കണ്ണുകൾ അവരുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക്, ഹൃദയത്തുടിപ്പോടെ സഞ്ചരിച്ചു." രാധമ്മ" യെന്ന് മാഷിന് കണ്ഠമിടറി.സ്നേഹത്തിന്റെ വറ്റാത്ത ഉറവ തേടി, വീണ്ടും   ഓർമ്മയിലെ സ്നേഹ വേരുകൾ. എല്ലാ സ്നേഹവും വാരിപ്പിടിച്ച് രാധമ്മ ഗോപി മാഷിനെ ദൃഢാലിംഗനത്തിലമർത്തി.  അവരുടെ ചെവിക്കു പിന്നിലായി മാഷിന്റെ ചുണ്ടുകൾ തണുപ്പ് പടർത്തി.





Monday, 18 November 2019

രക്ഷകൻ

                     

      ആറേമുക്കാലായതേയുള്ളൂ, പക്ഷേ ഭൂമി ഇരുട്ടിന്റെ കമ്പളം വാരിപ്പുതച്ചു കഴിഞ്ഞു. ഓരോ രോമകൂപങ്ങളിലൂടെയും കുളിർകോരിയിട്ട് ഇടമുറിയാതെ മഴ പെയ്തു കൊണ്ടിരുന്നു. മണ്ണിലേക്ക് നൂണ്ടിറങ്ങുന്ന വേരുകൾ പോലെ മേഘ പാളികളിൽ  നിന്ന് മിന്നലുകൾ താഴേക്ക് ആഴ്ന്നിറങ്ങി. ബസ് വളരെ മന്ദഗതിയിൽ ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.                    
  

"റോസ ചേച്ചീടെ ഒണക്കച്ചപ്പാത്തീം പരിപ്പുകറീം കഴിക്കാതെ ഇന്നു രക്ഷ പെടണം.തന്നെയല്ല ഇന്നു ഒരു രാത്രി കൂടി ഹോസ്റ്റലിൽ തങ്ങിയാൽ നാളെ വെളുപ്പിനുണരേണ്ടി വരും. എന്നാലേ നാട്ടിലേയ്ക്കുള്ള ആദ്യത്തെ ബസ് കിട്ടൂ.ഇതിപ്പോ ഏറിപ്പോയാ എട്ടരയ്ക്കു വീടെത്താം. സ്വസ്ഥം... അമ്മയു ണ്ടാക്കിയ ഭക്ഷണം കഴിക്കാം. നാളെ രാവിലെ മതിയാവോളം കിടന്നുറ ങ്ങാം." ഈ ചിന്തകളാണ് ഷൈലയെ വെള്ളിയാഴ്ച വൈകിട്ട് തന്നെ ബസ് കേറാൻ പ്രേരിപ്പിച്ചത്.

സരിക കുറേ നിർബന്ധിച്ചതാണ്. "ഡീ... ഇന്നു പോവല്ലേ... ഇന്നു ഞാൻ റൂമിലൊറ്റക്കാകും നീ പോയാല്. ഒന്നിച്ചു പോകാം നാളെ." പക്ഷെ അന്ന് തന്നെ പോകണം എന്ന തീരുമാനത്തിൽ ഷൈല ഉറച്ചു നിന്നു


ഓഫീസിൽ നിന്ന് മുപ്പത് മിനിട്ടു മുൻപേ ഇറങ്ങി ഓട്ടോ പിടിച്ച് ഹോസ്റ്റലിലെത്തി നേരത്തെ ഒരുക്കി വച്ച ബാഗുമെടുത്ത് സരികയോട് ക്ഷമാപണമുഖത്തോടെ യാത്ര പറഞ്ഞ്, റോസച്ചേച്ചി വച്ചു നീട്ടിയ ചായയോട് ഒരു മയവുമില്ലാതെ വേണ്ടെന്ന് പറഞ്ഞ്, തീ കൊളുത്തിയ സിഗരറ്റ് ഉടൻ ചവിട്ടി കെടുത്തേണ്ടി വന്ന നീരസം പ്രകടമായിരുന്ന ഓട്ടോക്കാരന്റെ മുഖത്ത് നോക്കി" ചേട്ടാ... പെട്ടെന്ന് ആ വെഞ്ഞാറും മൂട് ബസ് സ്റ്റോപ്പിലൊന്നെത്തിച്ചുതാ ...." എന്നു പറഞ്ഞു പുറപ്പെട്ടതാണ്.

അപ്പോൾ മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു.. വെള്ളിയാഴ്ച ആയതിനാലാ കണം ബസ്സ്റ്റോപ്പിൽ തിരക്കു കൂടുതലായിരുന്നു. കുട പിടിച്ചിട്ടും അവളും ബാഗും നനയുകയായിരുന്നു. വസ്ത്രം ശരീരത്തോടൊട്ടിയപ്പോൾ അവൾക്ക് ഈർഷ്യ അനുഭവപ്പെട്ടു. വെയിറ്റിംഗ് ഷെഡിലും അതിനു ചുറ്റുമുള്ള ഭാഗങ്ങളിലും യാത്രക്കാർ തിക്കിത്തിരക്കി.

ഇടക്കിടെ ഒരോ ബസുകൾ വന്നും പോയ്‌ക്കൊണ്ടുമിരുന്നു. നിറഞ്ഞു പെയ്യുന്ന മഴയിൽ ബസിന്റെ ബോർഡ് വായിക്കാൻ നന്നേ ബുദ്ധിമുട്ടി. അഞ്ചേമുക്കാലിനു വരേണ്ട ബസ് ആറു മണിയായിട്ടും എത്തിയില്ല. തിരികെ ഹോസ്റ്റലിലേക്ക് പോയാലോ എന്ന ചിന്തയുളവായി. അടുത്ത മൂന്നു ബസുകൾക്കു കൂടി കാത്തു നോക്കാം എന്ന് തീരുമാനിച്ച് അവൾ നിന്നു. ആദ്യം വന്ന രണ്ടു ബസും കൊല്ലത്തേ ക്കുള്ളതായിരുന്നു. മൂന്നാമതു വന്ന ബസ് എറണാകുളത്തേയ്ക്കുള്ളതും. ഇടം കൈ കൊണ്ട് കുടയിൽ മുറുകെപ്പിടിച്ചും വലം കൈകൊണ്ട് ഷോളിന്റെ ഇരു അഗ്രങ്ങളും ചേർത്ത് പിടിച്ചും അവൾ മനസ്സില്ലാമനസ്സോടെ തിരികെ നടന്നു തുടങ്ങിയതും, ഒരു ബസ് വന്നു നിന്നതിന്റെ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു. അവൾ തിരിഞ്ഞു നോക്കി. പത്തനംതിട്ട എന്ന ബോർഡ് വായിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങി. മറുത്തൊന്നും ചിന്തിക്കാതെ അവൾ ബസിലേക്ക് ഓടിക്കയറുമ്പോൾ അവൾക്കായി ഒഴിഞ്ഞിട്ടതു പോലൊരു സീറ്റ്. ജനൽ വശത്ത് മഴത്തുള്ളികൾ വീണു കിടന്നിരുന്നതു കൊണ്ടാണ് ആ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നത്. സീറ്റിൽ ഇപ്പുറവശത്തിരുന്ന തടിച്ച സ്ത്രീയുടെ കാൽമുട്ടുകൾ സൃഷ്ടിച്ച തടസ്സത്തെ ആയാസപ്പെട്ട് ഭേദിച്ച്,ബാഗിൽ നിന്നും തൂവാല എടുത്തു സീറ്റ് തുടച്ച് ഇരിപ്പുറപ്പിച്ചു. ഷട്ടർ അടഞ്ഞു കിടന്നു. തോളിൽ നിന്നും ബാഗ് അഴിച്ചെടുത്ത് മടിയിലേക്ക് വച്ച് സീറ്റിലേക്ക് ചാരിയിരുന്ന് അവൾ നിശ്വസിച്ചു. ബസിൽ കയറിയതിന്റെ ആശ്വാസം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവളിൽ നിന്നും മാഞ്ഞു. ബസ് മന്ദഗതിയിലാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവ് അവളിൽ പിരിമുറുക്കം സൃഷ്ടിച്ചു. ഇങ്ങനെയാണ് ഈ ബസ് പോകുന്നതെങ്കിൽ ഒൻപത് മണിയെങ്കിലുമാകും ഇന്ന് വീടെത്താൻ.

പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്. അച്ഛനെ വിളിച്ച് പറഞ്ഞിട്ടില്ല ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കണമെന്ന്. തിടുക്കത്തിൽ ബാഗിന്റെ സൈഡ് പോക്കറ്റ് തുറന്ന് മൊബൈൽ എടുത്ത് അവൾ വിളിച്ചു. മൂന്നുവട്ടം ശ്രമിച്ചു. പക്ഷെ കോൾ കണക്ടാകുന്നില്ല. പലയാവർത്തി ശ്രമിച്ചിട്ടും കോൾ കണക്ടാകാത്തതിന്റെ പിരിമുറുക്കം അവളിൽ സൃഷ്ടിച്ച ചേഷ്ടകൾ അടുത്തിരുന്ന സ്ത്രീയുടെ ശ്രദ്ധയെ ആകർഷിച്ചു. അവർ അസ്വസ്ഥതാ ഭാവത്തോടെ പുരികങ്ങൾ കൊണ്ട് ചോദ്യമുണർത്തി.

സ്റ്റോപുകൾ ഒരോന്നായി പിന്നിടുന്നു.ആളുകൾ ഇറങ്ങുകയും, കയറുകയും ചെയ്തു കൊണ്ടിരുന്നു. ഇരുട്ട് കനപ്പെട്ടു. എല്ലാ ഷട്ടറുകളും അടഞ്ഞു കിടന്നു. ബസ് എവിടെയെത്തിയെന്നു പോലും അറിയാൻ കഴിയുന്നില്ല. അവൾ വാച്ചിലേക്കു നോക്കി. ഏഴു മണിയായതേയുള്ളൂചെറിയ ഉയരത്തിൽ ഷട്ടർ തുറന്നു പിടിച്ച് തല കുനിച്ച് അവൾ പുറത്തേക്ക് നോക്കി. മഴ ശക്തമായി തന്നെ തുടരുന്നു. ഓരോ കടകളുടേയും ബോർഡുകളിൽ അവൾ സ്ഥലപ്പേരിനായി പരതി. ആഴ്ചക്കൊരിക്കൽ പോകുന്ന വഴികൾ, പക്ഷെ ഇപ്പോൾ അപരിചിതങ്ങളായി തോന്നി അവൾക്ക്. ഒരു കടയുടെ പേരിന്റെ താഴെ കിളിമാനൂർ എന്ന സ്ഥലനാമം തെളിഞ്ഞു കാണും വരെ അവൾ തൽസ്ഥിതി തുടർന്നു.


" ദൈവമേ കിളിമാനൂരിൽ എത്തിയതേയുള്ളൂ. ഇനിയെപ്പോഴാണ് അങ്ങെത്തുക. ഉയർത്തിപ്പിടിച്ചിരുന്ന ഷട്ടർ താഴ്ത്തി അവൾ മിഴികൾ പൂട്ടി സീറ്റിലേക്ക് ചാരിയിരുന്നു. പിൻ കഴുത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ..... അവൾ ശങ്കയോടെ മുഖം തിരിച്ചു നോക്കി. പിൻസീറ്റിൽ ഇരുന്നിരുന്ന മുൻവരിയിലെ പല്ലുകൾ നഷ്ടമായിരുന്ന മദ്ധ്യവയസ്കൻ തുറിച്ചു നോക്കി. ആഭാസൻ എന്നവൾ പിറുപിറുത്തു.സീറ്റിൽ ചാരി നിന്നിരുന്നൊ രാൾ ബസിന്റെ സൈഡ് ബോഡിയിൽ താങ്ങ് കൊടുത്തിരുന്ന കൈയിലെ കുടയിൽ നിന്നും ഒരു തുള്ളി വെള്ളം അവളുടെ കഴുത്തിലേക്കുറ്റി വീണ് അവളുടെ ശങ്കയെ കെടുത്തി.


പട്ടണ പ്രദേശം പിന്നിടുമ്പോൾ ബസ് വേഗത്തിൽ സഞ്ചരിക്കുമെന്നും കൃത്യസമയത്ത് എത്താൻ സാധിക്കുമെന്നും അവൾ ആശ്വസിക്കാൻ ശ്രമി ച്ചു. അവൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് ചിന്തിക്കുവാ നാരംഭിച്ചു." നാളെ പുരികം പ്ലക്ക് ചെയ്യണം. മുടിയൊന്നൊതുക്കി വെട്ടണം. പുതിയ സാരിക്ക് തയ്ച്ച് കിട്ടിയ ബ്ലൗസ് അത്ര പാകമല്ല. അതൊന്ന് ആൾട്ടർ ചെയ്യിക്കണം." ഞായറാഴ്ചയാണ് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞിട്ടുള്ളത്. ആള് എറണാകുളത്താണ് ജോലി ചെയ്യുന്നത്. ആർക്കിയോളജി വകുപ്പിൽ. അമ്മ വാട്ട്സ് ആപ്പിൽ അയച്ചു തന്ന ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മയുമച്ഛനും കുറച്ച് യാഥാസ്തികരായതു കൊണ്ട് ആളുടെ ഫോൺ നമ്പറൊനും അവൾക്ക് കൊടുത്തിരുന്നില്ല. അവളുടെ ഒരു ഫോട്ടോ ആൾക്കും അയച്ചു കൊടുത്തി ട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു.

ചിന്തകൾക്കിടയിൽ വീണ്ടും അച്ഛനെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ കടന്നു വന്നു. വീണ്ടും മൊബൈൽ എടുത്ത് കോളിനു ശ്രമിച്ചു. പക്ഷെ നിഷ് ഫലം.റേഞ്ചില്ല. ബാറ്ററി ചാർജ്ജും തീരാറായിരിക്കുന്നു. മനസ്സിൽ ആശങ്കകൾ ഉടലെടുക്കുന്നു. സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞാൽ വീണ്ടും ഒരു പതിനഞ്ചു മിനിട്ടു നടക്കണം വീടെത്താൻ. മെയിൻ റോഡിൽ നിന്നും ഒരു നൂറു മീറ്ററോളം അകത്തേക്കുള്ള വഴിയിൽ നടന്നു കഴിഞ്ഞാ ൽ പിന്നെ  കുറച്ച് ഇടുങ്ങിയ വഴിയാണ്. വഴിയുടെ ഇടതുവശത്ത് ഒരു കന്യാ സ്ത്രീ മഠവും , അന്തേവാസികളുടെ സുരക്ഷയ്ക്കായി തീർത്ത വൻ മതിലും, മതിലിനു മുകളിലൂടെ പുറത്തേക്ക് പൂത്തുലഞ്ഞു ചാഞ്ഞു കിടക്കുന്ന ബോഗൻ വില്ല ചെടികളും വലതുവശത്ത് ഒഴിഞ്ഞ പറമ്പിൽ വഴിയോട് ചേർന്ന് മുളങ്കാടുകളും. അതു വഴിയേ പകലുപോലും പോകുമ്പോൾ ഭയം മനസ്സിൽ മാറാല കെട്ടാറുണ്ട്.

അവൾ ചുറ്റിലും കണ്ണോടിച്ചു. ഒരോ സ്റ്റോപുകൾ പിന്നിടുമ്പോഴും ബസിൽ ആളുകളുടെ എണ്ണം കൂടുന്നതോടൊപ്പം സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നത് അവളിൽ ഭയം കലർന്ന അസ്വസ്ഥത സൃഷ്ടിച്ചു. ബാക്കിയുള്ള  സ്ത്രീകളിലാരും ഇറങ്ങല്ലേ എന്നവൾ ആത്മാർത്ഥമായും ആഗ്രഹിച്ചു.

അച്ഛനുമമ്മയും അവളോട് എപ്പോഴും പറയാറുണ്ട് വൈകുന്നേരങ്ങളിൽ യാത്ര പുറപ്പെടേണ്ടതില്ലെന്ന്. എപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ള തും. എന്നാൽ എന്തോ ഇന്നങ്ങനെ തോന്നിപ്പോയി. ഒന്നു കൂടി അച്ഛനേയും അമ്മയേയും വിളിക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും ഫോണിന്റെ ശ്വാസം നിലച്ചു. ഫോൺ ബാഗിന്റെ സൈഡ് പോക്കറ്റിൽ തിരുകി. സകല ദൈവങ്ങ ളേയും അവൾ പ്രാർത്ഥിച്ചു. ഷട്ടർ വീണ്ടും ഉയർത്തി നോക്കി. മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഷട്ടർ അവൾ ക്ലിപ്പിട്ടുറപ്പിച്ചു.


തണുത്ത കാറ്റടിച്ചു കയറി. അവൾ പുറത്തേക്ക് നോക്കിയിരുന്നു . ആയൂരിൽ എത്തിയിരിക്കുന്നു. ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ സ്റ്റോപ്പെ ത്തും , അവൾ കണക്കു കൂട്ടി. സ്ത്രീകളുടെ എണ്ണം വീണ്ടും കുറഞ്ഞിരിക്കു ന്നു. താനുൾപ്പെടെ ഇനി നാലു പേരേ അവശേഷിക്കുന്നുള്ളൂ എന്ന ചിന്ത അവളിൽ ഒരു അരക്ഷിതത്വ ബോധം ഉണർത്തി.. അടുത്തിരുന്ന തടിച്ച സ്ത്രീ ഒന്നിറങ്ങിയിരുന്നെങ്കിൽ ഒന്നു സൗകര്യമായിരിക്കാമായിരുന്നു എന്ന് ചിന്തിച്ചിരുന്ന അവൾ ഇപ്പോൾ ആ സ്ത്രീ ഇറങ്ങരുതേയെന്ന് പ്രാർത്ഥിച്ചു. ആ സ്ത്രീ അടുത്ത സ്റ്റോപ്പിലിറങ്ങിയപ്പോൾ ആരും അടുത്ത് വന്നിരിക്കരുതേയെന്നും അവൾ പ്രാർത്ഥിച്ചു.


അടുത്ത് നിന്നിരുന്നൊരാൾ അവളുടെ സീറ്റിൽ ചാരി നിന്നു.ഭാഗ്യം അടു ത്തിരുന്നില്ലല്ലോ... അവൾ ആശ്വസിച്ചു. അൽപനേരം കഴിഞ്ഞ്  പിൻ ഭാഗത്തെ ഏതോ ഒരു സീറ്റിലിരുന്നിരുന്ന ഒരാൾ അവളുടെ സീറ്റിലേക്ക് വന്നിരുന്നത് അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. അവളുടെ മടിയിലിരുന്ന ചെറിയ ബാഗെടുത്ത് അവൾ അവരു ടെ ഇടയിലായി വച്ചു.അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങിയപ്പോൾ അവളൊന്നാശ്വസിച്ചു. അവളെ കൂടാതെയുണ്ടായിരുന്ന രണ്ടു സ്ത്രീകളും അവിടെ യിറങ്ങി. പരിഭ്രമ ത്തോടെ അവൾ ചുറ്റിലും കണ്ണോടിച്ചു. ബസിൽ ഇപ്പോൾ അധികം ആളുക ളില്ല. എല്ലാരും ഇരുന്നിട്ടും ചില സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ചിലതിൽ ഒരാൾ മാത്രം. ഇനി നാലാമത്തേതാണ് അവളുടെ സ്റ്റോപ്പ്. ഇടവിട്ട് അവൾ വാച്ചിലേക്കും വിൻഡോയിലൂടെ പുറത്തേയ്ക്കും നോക്കിക്കൊണ്ടിരുന്നു


അടുത്ത സ്റ്റോപ്പിൽ രണ്ടു പേർ ഇറങ്ങി. എന്നിട്ടും ബസ് എടുക്കുന്നില്ല. അവൾ പരിഭ്രമത്തോടെ എത്തിനോക്കി. ബസിറങ്ങി കഴിഞ്ഞപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി തുക കിട്ടാനുള്ള കാര്യം അവർ ഓർത്തത്. കണ്ടക്ടർ കൊടുത്ത നോട്ടുകളിലൊന്നിലെ ചെറിയൊരു കീറലാണ് തർക്ക വിഷയം. എരിയുന്ന കനലിൽ നിൽക്കുന്ന അവസ്ഥയായിരുന്നു  അവൾക്കപ്പോൾ. ഏതാനും നിമിഷങ്ങൾക്കു ശേഷം ബസ് ഓടിത്തുടങ്ങിഒടുവിൽ അവളു ടെ സ്റ്റോപ്പിൽ ബസ് ഒരു ഞരക്കത്തോടെ നിന്നു. അവൾ ഇറങ്ങി.അവൾക്ക് പിന്നിലായി മറ്റൊരാളും. ചെറുതായി ചാറിക്കൊണ്ടിരുന്ന മഴയെ അവഗണി ച്ചു കൊണ്ടവൾ നടന്നു. അവൾ തല ചെറുതായി ചലിപ്പിച്ച് വലതു തോളിനു മുകളിലൂടെ പിന്നിലൂടെ വരുന്നയാളെ ശ്രദ്ധിച്ചു. ഒരു മദ്ധ്യവയസ്ക്കൻ. അവളുടെ പിന്നിലൂടെ മൊബൈലിൽ സംസാരിച്ചു കൊണ്ട് അയാൾ നടന്നു. ഇടക്ക് നടത്തവും ഇടയ്ക്ക് ഓട്ടവുമായി അവൾ മുന്നോട്ട് നീങ്ങി.മഴ ബലപ്പെട്ടു. അവൾ ബാഗിൽ നിന്നും കുടയെടുത്ത് നിവർത്തി. ചാർജ്ജ് തീർന്നെങ്കിലും അവൾ മൊബൈൽ എടുത്ത് അവൾ ചെവിയോട് ചേർത്തു. അവൾ ആഞ്ഞു നടന്നു. ഇടത് വശത്തായി ഉയരമുള്ള മതിലിന്റെ സംരക്ഷണയിൽ തലപൊക്കി നിൽക്കുന്ന മഠം കാണാം. സുരക്ഷയുടെ താഴിട്ടു പൂട്ടിയ ഗേറ്റിന്റെ അഴികൾക്കിടയിലൂടെ വ്യക്തമല്ലാത്ത ഒരു ദൃശ്യം മാത്രം കാണാം. കറുത്ത നിറമുള്ള ഒരു നായ വഴിയിലേക്ക് നോക്കി മുരണ്ടു.പൂത്തു നിൽക്കുന്ന ബോഗൻവില്ലച്ചെടികളുടെ ശാഖകൾ മതിലിനു മുകളിലൂടെ വഴിയിലേക്ക് ചാഞ്ഞു കിടന്നു. എതിർവശത്തെ ഒഴിഞ്ഞ പറമ്പിലെ ഇല്ലിക്കാടുകൾ കുഴലൂതി.

ഒരു നൂറു നൂറ്റമ്പതടി കൂടി കഴിഞ്ഞാൽ ഒരു വളവായി. വളവ് കഴിഞ്ഞ് കിട്ടിയാൽ രക്ഷപ്പെട്ടു. അവളോർത്തു. പിന്നെ കുറച്ച് ആൾ പെരുമാറ്റമുള്ള വഴിയാണ്. അവിടെ നിന്ന് അഞ്ചു മിനിട്ട് കൂടി നടന്നാൽ വീടെത്തും. അയാൾ അപ്പോഴും അവളുടെ പിന്നാലെ തന്നെയുണ്ടായി രുന്നു. ആ വളവ് പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും അവൾക്കു സമാധാനമായി. അവൾ അപ്പോൾ ഓടുകയായിരുന്നു. ഗേറ്റ് തുറന്ന് അവൾ വീട്ടിലേക്കോ ടി.ഉമ്മറത്ത് ആരുമില്ല. വാതിൽ മുട്ടിയപ്പോൾ അമ്മയാണ് വന്ന് വാതിൽ തുറന്നത്." ഇതെന്താ ഇപ്പോ. നീ സാധാരണ ശനിയാഴ്ചകളിലല്ലേ വരാറ്? നീയെന്താ ഫോൺ ചെയ്യാഞ്ഞത്."

ഒന്നിനും ഉത്തരം കൊടുക്കാതെ" എനിക്കെന്താ നേരത്തേ വന്നൂടേ" എന്ന് പരിഭവിച്ചു കൊണ്ട് അവൾ മുറിയിലേക്ക് കടന്നു. അന്നേറെ വൈകിയാണ് അവളുടെ അച്ഛൻ വന്നത്.ഒടുവിൽ അത്താഴത്തിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അവൾ സ്വപ്ന ലോകത്തിലേക്ക് കടന്നു. പെണ്ണ്കാണലിനുള്ള ഒരുക്കങ്ങൾ. ഇളം നീല നിറമുള്ള പട്ടു സാരി ചുറ്റി, മുടി നീള ത്തിൽ പിന്നിയിട്ട് , മുല്ലപ്പൂ ചൂടി ചായയുമായി ഇതുവരെ കാണാത്ത ഒരാൾക്കു മുമ്പിൽ, തല കുമ്പിട്ട് നിൽക്കുന്നതും , രോമാവൃതമായ ഉറച്ച മാംസപേശികളുള്ള കൈ നീണ്ടു വന്ന ചായ കപ്പ് എടുക്കുമ്പോൾ ആ കൈയുടെ ഉടമയെ ഒന്നു പാളി നോക്കുന്നതും, അച്ഛൻ പറഞ്ഞതനുസരിച്ച് അയാളോട് മാത്രമായി സംസാരിക്കുന്നതും അവൾ മനസ്സിന്റെ ക്യാൻവാ സിൽ വരച്ചു ചേർത്തു. ഇനി മുതൽ അയാളാണ് തന്റെ രക്ഷകൻ. തന്റെ യാത്രകളിൽ അയാൾ അകമ്പടി സേവിക്കും. തന്നെ ശ്യംഗാരക്കണ്ണുകളാൽ തുറിച്ചു നോക്കുന്നവരെ അയാൾ തന്റെ തീക്ഷ്ണ നോട്ടങ്ങളാൽ ദഹിപ്പിക്കും. തന്റെ ദേഹത്ത് അനാവശ്യമായി ഒരാളുടെ നിഴൽ പതിഞ്ഞാൽ പോലും അയാൾ അവനെ എതിർത്തു തോൽപ്പിക്കും.. തനിക്കു ചുറ്റും അയാൾ സുരക്ഷയുടെ ഒരു കവചം തീർക്കും. തന്നെ ജീവനു തുല്യം സ്നേഹിക്കും. സ്വപ്നങ്ങൾ കണ്ട് കണ്ട്, സ്വപ്നങ്ങളുടെ രാജകുമാരി എപ്പോഴോ ഉറക്കത്തി ന്റെ മടിയിലേക്ക് തലചായ്ച്ചു.

അടുത്ത ദിവസം പതിവിന് വിപരീതമായി അവൾ നേരത്തേ തന്നെ ഉണർന്നു. അമ്മയിട്ട ഒരു കട്ടൻ ചായ കുടിച്ചു ഉടനെ പോയി കുളിച്ചു വന്നു. കുറച്ചു സമയം കഴിഞ്ഞ് പ്രാതൽ ഒരുക്കി തീൻമേശയിൽ വച്ചിട്ട് മകളെ വിളിക്കാനായി പോയ അമ്മ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെട്ടു. ഈ കുട്ടി ഇന്നെന്താ എല്ലാം പതിവിന് വിപരീതമാണ ല്ലോ. " കുളിക്കാൻ പറഞ്ഞാലും മടി പിടിച്ച് പ്രാതൽ കഴിഞ്ഞിട്ടേ കുളിക്കൂ എന്ന് വാശി പിടിക്കാറുള്ള താ...വീട്ടിലെത്തിയാൽ ബാഗിൽ നിന്ന് തുണികൾ വലിച്ചു പുറത്തിട്ടാൽ പോകാൻ നേരം ഞാൻ വേണം ബാഗൊരുക്കി കൊടുക്കാൻ. ഇന്നിതാ ബാഗിൽ വസ്ത്രങ്ങളൊക്കെ ഒതുക്കി പെറുക്കി വയ്ക്കുന്നു." അമ്മയോർ ത്തു." ഇന്ന് ഇവൾക്കെന്താ പറ്റീത്?"

തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അമ്മ തന്നെ സ്വയം ചിന്തിച്ചെടു ത്തു.".... പെണ്ണിനെ കാണാൻ വരുന്നൂന്ന് പറഞ്ഞപ്പോ തന്നെ അവള് ഒരുക്കങ്ങൾ തുടങ്ങി. ങ്‌ഹും. ഇങ്ങനെ വേണം .... മറ്റൊരു വീട്ടിൽ ചെന്നു കേറാനുള്ളതല്ലേ...."

തീൻമേശയിൽ വന്നിരുന്ന് എടുത്തു വച്ച പ്രാതൽ കഴിച്ചതിനു ശേഷം ഉടനെ ബാഗെടുത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി." നീ എന്താ ഈ കാണിക്കുന്നേ. എവിടെ പോകുന്നു.?...
അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ല.

അച്ഛൻ ചോദിക്കുന്നു." നാളെ അവർ നിന്നെ കാണാൻ വരുമ്പോൾ ഞാനെന്തു പറയും? നീ സമ്മതിച്ചത് കൊണ്ടല്ലേ നാളെ..." ചോദ്യം മുഴുമിപ്പിച്ചില്ല.

മറുപടി അതിനും കിട്ടിയില്ല.

അവളെ പോകുന്നതിൽ നിന്ന് തടയാൻ അവർ ആവത് ശ്രമിച്ചു.

അവൾ മനസ്സിലുരുവിട്ടു:" എന്നെ സംരക്ഷിക്കാൻ എനിക്ക് തന്നെ കഴിയണം. മറ്റുള്ളവർ ചില നേരങ്ങളിൽ സംരക്ഷകരായേക്കാം. ഇതുവരെ പരിചയമില്ലാത്തൊരാൾ വന്ന് എന്റെ രക്ഷകനാകുമെന്ന് വിശ്വസിയ്ക്ക വയ്യ. സ്വയം വിറ്റഴിക്കപ്പെടേണ്ട ഒരു ഉപഭോഗവസ്തു പോലെ ആരുടേയും മുമ്പിൽ പ്രദർശിപ്പിക്കാനും ഇനി ഞാനില്ല. എന്റെ സംരക്ഷണം എന്റെ ചുമതല."
ജീൻസും ഷർട്ടും ധരിച്ച് മുടിയൊതുക്കി വച്ച് ബാഗ് ഇരു തോളുകളിലുമായി തൂക്കി, മൂർച്ചയുള്ളൊരു കത്തി ഇടുപ്പിൽ തിരുകി പടി കടന്ന് അവൾ പോകുന്നത് അവർ നോക്കി നിന്നു.








Sunday, 22 September 2019

ബാൽക്കണിയിലെ കസേര

                    
                          ദൂരക്കാഴ്ച മറയ്ക്കുന്നൊരു മൂടുപടം സൃഷ്ടിക്കുകയായിരുന്നു അപ്പോ ൾ മഴ. അടയ്ക്കാത്ത ജാലകങ്ങൾ, കാറ്റിൽ താളം തെറ്റിയ മഴത്തുള്ളി കൾക്ക് അകത്തേക്ക് പ്രവേശനമൊരുക്കി. നിരത്തുകളിലൂടെ മഴവെള്ളം പുഴയായൊ ഴുകി. വൈകിട്ട്  സ്കൂളുകളിൽ കൂട്ടമണി മുഴങ്ങിയ നേരം. വീടണയാൻ വെമ്പൽ  കൊള്ളുന്ന കുഞ്ഞു മനസ്സു കൾ. ചെറുതും വലുതുമായ പലതരം വാഹനങ്ങളുടെ ചീറിപ്പായലുകൾ. മഴ നനഞ്ഞ ചില ശ്വാനന്മാർ കടത്തിണ്ണ കൾ തേടി. ഇലച്ചാർത്തുകൾ കുട പിടിച്ച മരച്ചില്ലകളിലിരുന്ന് ചിറകുകൾ കുടഞ്ഞു കൊണ്ട് കാക്കക്കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു ചില കാകന്മാർ.

                        മഴ ചാറ്റൽ വക വയ്ക്കാതെ വൃദ്ധ ബാൽക്കണിയിലെ പഴയ ഇരുമ്പു കസേരയിലിരുന്ന് വെറുതെ മഴയിലേക്ക് നോക്കുകയായിരുന്നു.തെങ്ങിൻ തലപ്പുകൾ കാറ്റിനൊപ്പം നൃത്തം വച്ചു. മരങ്ങൾ തലകുനിച്ചു നിന്ന് മഴയിൽ കുളിച്ചു .ശരീരത്തിൽ പതിച്ച മഴത്തുള്ളികളെ വൃദ്ധ ഗൗനിച്ചതേയില്ല. എങ്ങു നിന്നെന്നറിഞ്ഞില്ല, തിടുക്കത്തിൽ ഒരു മൈന പറന്നു വന്ന് ബാൽക്കണി യുടെ കൈവരിയിൽ ഇരിപ്പുറപ്പിച്ചു. അത് ചിറകുകൾ നിവർത്തിക്കുട യുകയും ശരീരത്തിലെ തൂവലുകൾ വിറപ്പിക്കുകയും ചെയ്തു.വൃദ്ധ മൈനയെ സാകൂതം നോക്കി. മൈന അങ്ങുമിങ്ങും നീങ്ങുകയും തിരിയുകയും ചെയ്തു കൊണ്ടിരുന്നു. അവർ മൈനയ്ക്കു നേരേ തന്റെ വലതുകരം നീട്ടി. അല്പം ഭയന്നിട്ടെന്ന പോലെ ഒന്നു ഞെട്ടി അല്പം ഉയർന്നു പറന്നിട്ട് വീണ്ടും കൈവരി യിൽ സ്ഥാനമുറപ്പിച്ചു. മൈനയുടെ സംശയ ഭാവം മെല്ലെ സൗഹൃദഭാവ ത്തിനു വഴി മാറി. വൃദ്ധയുടെ നീട്ടിപ്പിടിച്ച വലതുകരത്തിൽ അവൻ
തെല്ലൊരു മടിയോടെയെങ്കിലും വന്നിരുന്നു .

                    വൃദ്ധ ചോദിച്ചു: നീയ് ഒറ്റയ്ക്കേയുള്ളൂ?"
മൈന വൃദ്ധയെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി." ഞാനും നിന്നെ പോലെ തന്നെ ഒറ്റയാ" എന്ന് പറഞ്ഞു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു.   അപ്പോൾ ഇരു കണ്ണുകളുടേയും കോണുകളിൽ വരകൾ രൂപപ്പെടുകയും യൗവനത്തിലെ സൗന്ദര്യ ലക്ഷണമായിരുന്ന നുണക്കുഴി, കവിളിലെ വരകളോടൊപ്പം ചേർന്ന് വലിയ വരകളാകുകയും ചെയ്തു. അല്പനേരത്തെ സംഭാഷണം അവർക്കിടയിൽ ഒരപൂർവ്വ സൗഹൃദത്തിന് നാന്ദി കുറിച്ചു.

                  അപ്പോഴേയ്ക്കും മഴ പെയ്തു തോർന്നിരുന്നു. വൃദ്ധ എഴുന്നേറ്റ് തറയിലെ വെള്ളത്തുള്ളികളിൽ തെന്നാതെ സൂക്ഷ്മതയോടെ കൈവരിയിൽ പിടിച്ച് അടിവച്ചടി വച്ച് മുറിക്കുള്ളിലേക്ക് പോവുകയും ഏതാനും നിമിഷങ്ങൾക്കകം കൈക്കുമ്പിളിൽ ധാന്യങ്ങളുമായി തിരികെ വരുകയും ചെയ്തു. വൃദ്ധ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പോലെ മൈന കസേര ക്കയ്യിൽ ഇരിപ്പുണ്ടായിരുന്നു." നിനക്കിതൊക്കെ ഇഷ്ടാവോ" ന്നു ചോദിച്ചു കൊണ്ട് വൃദ്ധ കസേരയിലിരുന്ന് കൈക്കുമ്പിൾ തുറന്ന് മൈനയ്ക്കു നേരെ നീട്ടി. വളരെ ഇഷ്ടത്തോടെ അവൻ അത് കൊത്തിക്കൊറിക്കുകയും സ്നേഹ വായ്‌പ്പോടെ വൃദ്ധയെ നോക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്കിടയിൽ ഗാഢമായ ഒരു ആത്മബന്ധം സംജാതമായി.

                മറ്റൊരു ദിവസം....
ബാൽക്കണിയിലെ ഇരുമ്പുകസേരയിൽ ഇളം നീലയിൽ വെള്ളപ്പൊട്ടുകളു ള്ള നൈറ്റി ധരിച്ച് വൃദ്ധ ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് ഇരുന്നു. ഇളം തെന്നലിൽ മുഖത്താകെ വീണു പറന്ന നര കയറിയ മുടിയിഴകളെ അവർ ചുളിവു വീണ വിരലുകളാൽ ചെവിക്കു പിന്നിലേക്ക് ഒതുക്കി. കൈകളിലേക്ക് പൊഴിഞ്ഞു വീണ വെള്ളിനൂലു പോലുള്ള മുടിയിഴകളെ കൈവിരലുകളാൽ ചുരുട്ടി അവർ ഒരു ഗോളമാക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും അവൻ ബാൽക്കണി യുടെ കൈവരിയിൽ വന്നെത്തിയിരുന്നു. ഇമ്പമാർന്ന ശബ്ദത്താൽ അവൻ  വൃദ്ധയുടെ ശ്രദ്ധയെ ക്ഷണിച്ചു. വൃദ്ധയുടെ കൈവിരലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുടിച്ചുരുളുകൾ വായുവിലൂടെ സഞ്ചരിച്ചു.

            മുഖത്ത് പ്രത്യക്ഷമായ സന്തോഷത്തെ കൃത്രിമമായ പരിഭവം കൊണ്ട് മറച്ചിട്ട് വൃദ്ധയാരാഞ്ഞു." ങ്‌ഹും.. ൻന്തേ ഇന്നു വൈകീത്? പ്പോ.. ന്നെ ഇഷ്ടല്യാണ്ടായീ.. ല്ലേ നിനക്ക്? നിനക്കെന്താ കൂട്ടുകാരിയെ കിട്ടിയോ? എന്ന് ചോദിച്ചു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. ചിരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.  നീണ്ട ഒരു ചുമയിലാണ് ആ ചിരി ചെന്നവസാനിച്ചത്. വൃദ്ധയുടെ ചിരി, സന്തോഷം പടർത്തിയ അവന്റെ മുഖത്ത് ചുമ ആശങ്ക പരത്തി. അവൻ ചിറകുകൾ പടപടാ അടിക്കുകയും ഉയർന്നു പൊങ്ങുകയും വീണ്ടും ഇരിക്കുകയും തലവെട്ടിച്ച് അങ്ങുമിങ്ങും നോക്കുകയും ചെയ്തു." നീ ഭയന്നു പോയോ" എന്ന് ചോദിച്ച് വൃദ്ധ വീണ്ടും ചിരിച്ചപ്പോൾ, അവൻ  കസേരക്കയ്യിൽ വന്നിരുന്നു.അപ്പോൾ അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിരുന്നു.

                    കസേരക്കാലിനടുത്തിരുന്ന പാത്രത്തിൽ നിന്നും ധാന്യങ്ങൾ വലം കൈയിലേക്ക് പകർന്ന് വൃദ്ധ അവനു നേരെ നീട്ടി. ധാന്യ മണികൾ കൊറി ക്കുമ്പോൾ വൃദ്ധ ഇടം കൈ കൊണ്ട് അവന്റെ തലയിലെ നനുത്ത തൂവലു കളിൽ തലോടി. " എന്റെ മോനും ഇതു പോലെ ഞാൻ തലോടിക്കൊടുക്കു മായിരുന്നു. അവൻ കുട്ടിക്കാലത്ത് എപ്പോഴും തലോടലിനായി എന്റെ അരികിൽ വന്നിരിക്കുമായിരുന്നു." ഞാൻ വളർന്ന് വലിയ ആളായി കഴി ഞ്ഞാലും അമ്മ ഇങ്ങനെയാക്കിത്തരണം" എന്ന്  കൊച്ചു കുട്ടിയുടെ ശബ്ദ മനുകരിച്ചു കൊണ്ട് പറഞ്ഞിട്ട് വൃദ്ധ തുടർന്നു" ഇങ്ങനെയൊക്കെ പറഞ്ഞ അവനിന്നെവിടെ.... ന്നെ തനിച്ചാക്കി പോയില്ലേ?"

                   അപ്പോൾ ആകാശത്തിന്റെ പടിഞ്ഞാറൻ അതിരുകളിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. വൃദ്ധ അകലങ്ങളിലേക്ക് നോക്കി. മേഘങ്ങളിൽ നിന്ന് മഴ അലിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കൽക്കട്ടാ ജീവിതകാലത്ത് അബനീദ്രനാഥ് ആർട്ട് ഗ്യാലറിയിൽ കണ്ട ' നിരഞ്ജൻ ചൗധരി' യുടെ മഴമേഘങ്ങൾ എന്ന ജലച്ചായ ചിത്രം അവരുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിഞ്ഞു വന്നു. വൃദ്ധ നോക്കിയിരിക്കേ മഴമേഘങ്ങളലിഞ്ഞിറങ്ങി മഴയിങ്ങടുത്തേക്ക് വന്നു. വൃദ്ധയുടെ ഓർമ്മകളും മഴയിലേക്കലിഞ്ഞിറങ്ങി.

                   അവർ ഒരു സ്വപ്നത്തിലെന്നവണ്ണം പറഞ്ഞു തുടങ്ങി." മായേച്ചീടേം മോഹനേട്ടന്റേം ഒപ്പാണ് ഞാനന്ന് പള്ളിക്കൂടത്തിൽ പോയ് കൊണ്ടിരുന്നത്. വീടിന്റെ തെക്കുവശത്തുള്ള പാടത്തിന്റെ വരമ്പത്തു കൂടെ നടന്നു വേണം റോഡിലേക്കെത്താൻ. അവിടന്ന് ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി നടന്നാൽ പള്ളിക്കൂടത്തിലെത്താം. വെള്ളത്തുള്ളി താളം തുള്ളിക്കളിക്കുന്ന ചേമ്പില പറിച്ചു തരുമായിരുന്നു അന്നൊക്കെ മോഹനേട്ടൻ. ആ ചേമ്പിലയിൽ ഉരുണ്ടുകളിക്കണ വെള്ളത്തുള്ളി താഴെവീണുടയാതെ കൊണ്ടു പോകുന്നത് എനിക്കൊരു ഹരമായിരുന്നു. ആ തുള്ളീലേക്ക് സൂക്ഷിച്ചു നോക്കിയാല് ആകാശത്തിന്റെ നീലേം മരങ്ങളുടെ പച്ചേം, എന്തിന് ഈ ലോകം മുഴുവൻ തന്നെ കാണാം.

                   ഞങ്ങള് മൂവരും അന്നൊക്കെ മുത്തശ്ശന്റെ കാലൻകൊട പിടിച്ചാ നടന്നിരുന്നത്. മുത്തശ്ശൻ മരിച്ചു പോയപ്പോ മുത്തശ്ശന്റെ അധികാരചിഹ്നമാ യിരുന്ന ആ കൊട ഒരു വവ്വാലിനെ പോലെ ഉത്തരത്തിൽ തഴകീഴായി തൂങ്ങി ക്കിടന്നിരുന്നു. പിന്നത്തെ കാലവർഷത്തിന് അമ്മ ആ കൊടയെടുത്ത് ഞങ്ങൾക്ക് തന്നു.

                 കോരിച്ചൊരിയുന്ന മഴ പെയ്ത ഒരുസായാഹ്നം. പള്ളിക്കൂടത്തിൽ നിന്നു തിരികെ വരുമ്പോൾ മായേച്ചി എന്റെ ഇടത്തും മോഹനേട്ടൻ എന്റെ വലതുമായി നടന്നു. പാട വരമ്പിന്റെ അരികിലെ തോട്ടിലെ വെള്ളത്തിൽ പറ്റം പറ്റമായ് നിറയെ ചെറുമീനുകൾ. മീനുകളെ പിടിച്ചു തരണമെന്ന് ഞാൻ വാശി പിടിച്ചപ്പോഴാണ് മോഹനേട്ടൻ ആ കാലൻകൊട മലർത്തിപ്പിടിച്ച് വെള്ളത്തിൽ മുക്കിയത്. വെള്ളത്തോടൊപ്പം മീനുകൾ കുടയിൽ കയറിയിട്ടുണ്ടാകം എന്ന് പ്രതീക്ഷിച്ച് മഴയിൽ കുതിർന്ന ഞാൻ കൈ കൊട്ടി തുള്ളിച്ചാടി. മോഹനേട്ടൻ കുട സാവധാനം ഉയർത്തി. ഒരൊറ്റ മീൻ പോലു മില്ല. എല്ലാ ജീവികൾക്കുമുണ്ട് ഇങ്ങനെയൊരു സഹജവാസന. പ്രാണന് ആപത്ത് വരുന്ന വേളകളിൽ സ്വജീവനെ എങ്ങനെ രക്ഷിക്കാമെന്ന് ഭ്രൂണാ വസ്ഥയിൽ തന്നെ ഒരോ ജീവികളും പഠിക്കുന്നു. മോഹനേട്ടന്  വാശിയായി. കൊട വീണ്ടും വെള്ളത്തിൽ മുക്കി ഉയർത്തി, ഒന്നല്ല പലവട്ടം. മീനുകൾ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു. കൊടയിലെ വെള്ളത്തിലെ തുറിച്ചു നോക്കുന്ന ഞങ്ങളുടെ മുഖങ്ങൾ കൊട വീണ്ടും താഴ്ത്തിയപ്പോൾ വെള്ള ത്തിൽ വീണു പൊട്ടി. അനുഭവസമ്പത്താൽ നേടിയെടുത്ത കൃത്യത യും ചടുലമാർന്ന കൈവഴക്കത്താലും പന്ത്രണ്ടാം തവണ മോഹനേട്ടൻ നാലു ചെറുമീനുകളെ കൊടയിലാക്കുക തന്നെ ചെയ്തു.


            യുദ്ധത്തിൽ വിജയം വരിച്ച യോദ്ധാവിനെ പോലെ മോഹനേട്ടൻ അട്ടഹസിച്ചു. ഇടംകൈത്തണ്ടയിൽ മലർത്തി പിടിച്ച കുട തൂങ്ങിക്കിടന്നു. കൊടയിലെ കുളത്തിൽ നാലു ചെറുമീനുകൾ നീന്തിത്തുടിച്ചു. ഉണ്ണുമ്പോൾ എന്നും മുത്തശ്ശി വാഗ്ദാനം ചെയ്തിരുന്ന ആകാശത്തെ അമ്പിളിയെ കൈയിൽ കിട്ടിയ പോലെ ഞാൻ സന്തോഷത്തിലാറാടി. മായേച്ചീടെ കണ്ണുകളിൽ മോഹനേട്ടനോടുള്ള ആരാധനാഭാവം സ്ഫുലിംഗങ്ങളായി മാറി. മോഹനേട്ട നുള്ളതാണ് മായേച്ചിയെന്ന് മാമൻ പലപ്പോഴും അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. അത് മായേച്ചിക്കും അറിയാം. ഇതോടു കൂടി മായേച്ചി എന്തായാ ലും മോഹനേട്ടനെ മനസാ വരിച്ചു എന്നു തന്നെ ഊഹിക്കാം.

              അപ്പോഴാണ് മൂവർക്കും സ്ഥല കാല ബോധം ഉണ്ടായത്. പുസ്തക സഞ്ചി യടക്കം ആകെ നനഞ്ഞു കുളിച്ചു. എന്റെ ഇരുവരിയിലേയും പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ആരും ഉമ്മറത്തുണ്ടാകല്ലേയെന്ന് കാവിലെ ഭഗവതിയെ വിളിച്ച് പ്രാർത്ഥിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു. അമ്മ അടുക്കള യിൽ ചായക്ക് കടിയുണ്ടാക്കുന്ന തിരക്കിലായിരിക്കണം. വല്യമ്മ മിക്ക വാറും ജോലിക്കാർ പോകുന്നത് വരെ പിന്നാമ്പുറത്ത് തന്നെയാകും. ജോലി കൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നും കാന്തി മതി അങ്ങേലെ നാരായണ നുമായി കൊഞ്ചുന്നുണ്ടോയെന്നും സൂക്ഷ്മനിരീക്ഷണം നടത്തലാണ് വല്യമ്മേടെ മുഖ്യപണി." ഒന്നു കണ്ണു തെറ്റിയാ ഇവറ്റകളൊന്നും പണിയെടു ക്കൂല.ഒരോ കുനിഷ്ടും കുന്യായ്മേം പറഞ്ഞോണ്ടിരുന്നോളും.? വല്യമ്മേടെ ഈ പരാതികൾ നാലു ചുമരുകളിൽ തട്ടി എപ്പോഴും അലയടിച്ചു കൊണ്ടി രിക്കും."

             അഴിഞ്ഞു വീണ മുടിക്കെട്ടിനെ രണ്ടു കൈകൾ കൊണ്ടും വകഞ്ഞെ ടുത്ത് ചുറ്റിപ്പിടിച്ച് ഉയർത്തി ഒരു വട്ടം കറക്കി ഒരു നീണ്ട ഗോളാകൃതിയി ലാക്കി തലയ്ക്കു പിന്നിൽ കെട്ടിവച്ചു കൊണ്ട് " നീ വല്ലതും കേക്കണു ണ്ടാ"യെന്ന് മൈനയെ നോക്കി വൃദ്ധ ചോദിച്ചു. അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിന്നു." നിനക്കീ കഥയൊക്കെ രസിക്കണൊണ്ടാ?" എന്ന വൃദ്ധയുടെ ചോദ്യത്തിന് ചിറകനക്കി കൊക്കൊന്ന് പിളർന്ന് ഒരുചെറുശബ്ദ ത്താൽ ഇഷ്ടമറിയിച്ചു.

            " ങ്‌ഹും... നിനക്കറിയാൻ കൊതിയായല്ലേ അന്നെനിക്ക് അടി കിട്ടിയോന്ന്...... ന്നാ കേട്ടോ..." അവന്റെ കണ്ണുകളിൽ ഉത്സാഹം തിരി തെളിച്ചു.
   " പിന്നാമ്പുറത്തായിരിക്കും എന്ന് വിചാരിച്ചിരുന്ന വലിയമ്മ പൂമുഖത്ത് അരമതിലിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അമ്മ അങ്ങുമിങ്ങും ഉലാത്തു ന്നു. പോരാത്തതിന് വലിയമ്മയുടെ മകൻ ശ്രീരാമേട്ടൻ പൂമുഖത്തെ ചാരുക സേരയിൽ നീണ്ടു നിവർന്നു കിടക്കുന്നു. എല്ലാ കണ്ണുകളും കൂരമ്പുകളായി.

              " ന്തായീ കാണണേ.. വെള്ളത്തിൽ വീണോ കൂട്ട്യോള്.. പള്ളിക്കൂടം വിട്ടാല് നേരെയിങ്ങു പോന്നോണംന്ന് പറഞ്ഞിട്ടില്ലേ... കണ്ട അസത്ത് ജാതി ക്കുട്ട്യോളുടെ കൂടെ കളിച്ചിട്ടുണ്ടാകും. സമയെത്രായീന്ന് വല്ല നിശ്ച്യോണ്ടോ മൂന്നിനും" ഒറ്റശ്വാസത്തിലുള്ള അമ്മയുടെ ചോദ്യങ്ങൾ തണുത്ത ശരീരത്തിന് മേൽ തീ കോരിയിട്ടു.
           
              മായേച്ചീം മോഹനേട്ടനും ഉമ്മറച്ചുമരിൽ തൂങ്ങിയിരുന്ന ഗമണ്ടൻ ക്ലോക്കിലേക്ക് നോക്കി. സമയം നോക്കാൻ വലിയപിടിയില്ലാതിരുന്ന എനിക്ക് അവരുടെ മുഖഭാവത്തിൽ നിന്നും പക്ഷെ കാര്യം പിടി കിട്ടി യിരുന്നു. നാലു മണിക്ക് തിരികെ എത്താറുള്ള ഞങ്ങൾ അന്നെത്തിയത് അഞ്ചരക്കാണ്.
             

            ഞങ്ങൾ ഉമ്മറത്തേക്ക് കയറിയതും" ഇതു കണ്ടോ ചിറ്റേ ഇവർ അസത്തു പിള്ളേരെ പോലെ തോട്ടീന്ന് മീൻ പിടിച്ചു നിന്നാ നേരം കളഞ്ഞത്" എന്ന് പറഞ്ഞതും കൊട പിടിച്ചു വാങ്ങി മുറ്റത്തേക്ക് വെള്ളം കമിഴ്ത്തി ക്കളഞ്ഞതും ഞൊടിയിടയിൽ കഴിഞ്ഞു. നാലു ചെറുമീനുകൾ പ്രാണവായു വിനായ് വായ് പിളർന്നു.

            " ഡാ..രാമാ.... കുട്ട്യോളെ വെഷമിപ്പിക്കാതെ... സരോജം.... അവർക്കൊരു കുപ്പിയെടുത്ത് കൊട്" എന്ന വല്യമ്മയുടെ വാക്കുകൾ വായിൽ നിന്നും മുഴുവനായ് പുറത്തേയ്ക്ക് വീഴും മുമ്പേ മോഹനേട്ടൻ വെള്ളം നിറച്ച കുപ്പിയുമായ് മുറ്റത്തെത്തി ചെറുമീനുകളെ കൈവെള്ള യിലെടുത്ത് കുപ്പിയിലേക്കിടുകയും ചെയ്തു. ചെകിള യനക്കി മീനുകൾ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും, വാലാട്ടിക്കൊണ്ട് നന്ദിയും പ്രകടിപ്പിച്ചു.

              മീനിനെ ഇടാനായി കുപ്പിയിൽ അവശേഷിച്ചിരുന്ന മൂന്നാലു വറ്റൽ മുളകുകൾ അടുപ്പിലേക്കിട്ടതും അത് കരിഞ്ഞ ഗന്ധം ഉയർന്ന് അമ്മയും വല്യമ്മയും മത്സരിച്ച് തുമ്മിയതും മോഹനേട്ടന് ശകാരം കിട്ടിയതും എല്ലാം അതിന്റെ ബാക്കിപത്രം."
" ഓർത്തു ചിരിക്കാനായിട്ട് ഇങ്ങനെ കൊറേയുണ്ട് ജീവിതത്തിൽ. നിനക്കിങ്ങനെ  കഥ വല്ലതുമുണ്ടോ പറയാനായിട്ട് ?.... ഒരു അർദ്ധ വിരാമത്തിനു ശേഷം വൃദ്ധ തുടർന്നു" ങ്‌ഹും... നിനക്ക് കഥ കേട്ടിരിക്കാനാ ണിഷ്ടം ന്നെനിക്കറിയാം." പകൽ വിളക്ക് അപ്പോഴേക്കും മറഞ്ഞിരുന്നു." കഥ പറഞ്ഞ് സമയം പോയത് ഞാനറിഞ്ഞില്ല."

മൈന മനസ്സില്ലാ മനസ്സോടെ ഒരു ചെറുപുഞ്ചിരിയാൽ യാത്ര ചൊല്ലി.

         ബാൽക്കണിയിലെ ഇരുമ്പു കസേരയിലെ കാത്തിരുപ്പ് വൃദ്ധയുടെ നിത്യകർമ്മമായ് മാറിയിരുന്നു. മറ്റൊരു സായാഹ്നം, പതിവുതെറ്റിക്കാതെ പച്ച പുതച്ചു നിൽക്കുന്ന മലകളുടെ മാറിൽ നിന്നും മൈന വൃദ്ധയുടെ സമീപം പറന്നെത്തി." ആ മലയുടെ മുകളിലാണോ നിന്റെ വീട്?" എന്ന ചോദ്യത്തിന് അവൻ സമ്മത ഭാവത്തിൽ ശിരസ്സനക്കി." നിനക്കറിയോ ആ മലയുടെ താഴ്വരയിലാണ് ഞാൻ ജനിച്ചു വളർന്ന വീട്. ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വീട്. അവന്റെ മിഴികളിൽ ജിജ്ഞാസ നിറഞ്ഞു നിന്നു.

       
           " ഞാനെങ്ങനെ ഇവിടെത്തീന്നല്ലേ നിന്റെയീ നോട്ടത്തിന്റെ യർത്ഥം". എന്റെ മംഗലമെല്ലാം കഴിഞ്ഞ് ന്റെ നാരാണേട്ടന്റെ കൂടെ കൽക്കട്ടായി ലായിരുന്നു കൊറേക്കാലം. മക്കള് രണ്ടാളും അവിടെത്തന്നാ ജനിച്ചതും വളർന്നതും. മൂത്തവനില്ലേ.. വിനയൻ.. അവനിപ്പോഴും അവിടെത്തന്നാ... ഒരു ബംഗാളിപ്പെണ്ണിനെയാ അവൻ കെട്ടീത്...." വൃദ്ധമുഖം താഴ്ത്തി ഒന്ന് ഒതുക്കിച്ചിരിച്ചു. "അവന് മൊഹബത്തായിരുന്നു."

               നാരാണേട്ടൻ ജോലീന്ന് റിട്ടേറായപ്പോ പിന്നെ ലക്കിടീലെ നാരാണേട്ട ന്റെ വീട്ടിലായിരുന്നു താമസം. പിന്നെ നാരാണേട്ടനങ്ങു പോയേ.... എന്നെ ക്കൂടി കൊണ്ടോണം ന്നു പറഞ്ഞിട്ട് കേട്ടില്ല. എപ്പഴും ഞാൻ അടുത്ത് വേണം ന്ന് നിർബന്ധം ഉള്ള ആളാരുന്നു. ന്നിട്ടെന്താ...? ന്നെ തനിച്ചാക്കി പോയില്ലേ...... ന്നെ കൂട്ടാനുള്ള സമയാവുമ്പോ ഇങ്ങു വരാംന്നു പറഞ്ഞിട്ടുണ്ട്. ന്റെ സമയം എപ്പഴാണോ....."

             ഞാനവിടെ തന്നെ നിന്നോളാംന്നു പറഞ്ഞതാ... പക്ഷേ ന്റെ എളേ മോനില്ലേ.. രാജീവൻ... അവനൊരേ നിർബന്ധം.." അമ്മ ഒറ്റയ്ക്കൊന്നും നിക്കണ്ട. കൂടെ പോന്നാ മതീന്ന്......" പ്രായാകുമ്പോ അങ്ങനാ... പിന്നെ... മക്കള് പറഞ്ഞാ പിന്നെ അച്ഛനമ്മമാര് അനുസരിക്കണം.

             രഹസ്യമായൊരു ആഗ്രഹം ന്റെ മനസ്സിലും  ഉണ്ടായിരുന്നു ഇങ്ങു പോരുമ്പോഴ്... ദൂരെ ആ മലയുടെ താഴ്വാരത്തിൽ ഉള്ള എന്റെ തറവാടു ണ്ടലോ.... ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ആ വലിയ വീട്. അവിടെ ചെന്ന് ഞാനൊന്ന് വിളിച്ചാ മതി.... കൊച്ചുപാവാടയും ബ്ലൗസുമണിഞ്ഞ മായേച്ചി യും ട്രൗസറും ഷർട്ടുമണിഞ്ഞ മോഹനേട്ടനും ഇറങ്ങിവരും... എനിക്കുറപ്പാ... ഞാനും കുഞ്ഞുടുപ്പൊക്കെയിട്ട് ... വീണ്ടും പാട വരമ്പിൽ കൂടെയൊക്കെ യങ്ങനെ......... ഒരു നെടു നീളൻ നിശ്വാസത്തോടെ അവർ പറഞ്ഞു നിർത്തി.  നിശ്ശബ്ദമായ ചില നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നു." നാരാണേട്ടൻ വന്നു വിളിക്കും മുൻപ് ഒരു ദിവസമെങ്കിലും അവിടെ താമസി ക്കണം ന്നാഗ്രഹംണ്ട്.... പക്ഷേ രാജീവൻ സമ്മതിക്കില്ല ല്ലോ."


            വൃദ്ധ രഹസ്യം പറയുന്ന പോലെ ശബ്ദം താഴ്ത്തിക്കൊണ്ട് മൈനയോട് പറഞ്ഞു." ആരും കേക്കണ്ട. രാജീവന് നാരാണേട്ടന്റെ സ്വഭാവം തന്നാ.... അവിടെ വൃത്തീല്ല... ഇവിടെ വൃത്തീല്ല... അതൊക്കെ പ്പോ ജീർണിച്ചു കെടക്കയാവും... ഓടൊക്കെ എളകീട്ടുണ്ടാകും.... തട്ടിൻ പൊറത്തൊക്കെ എലികളുടെ ബഹളാവും.... അസുഖം വരാൻ പിന്നെ വേറെ കാരണോന്നും വേണ്ട.ഇതൊക്കെയാ അവന്റെ ഒരോ ചിന്തകള് ." അവർ മുഖത്തോട് ചേർത്ത് പിടിച്ചിരുന്ന വലം കൈപ്പത്തി താഴ്ത്തിക്കൊണ്ട് കുലുങ്ങിച്ചിരിച്ചു.

            സമ്മതിക്കില്ലാന്ന് ഉറപ്പുണ്ടായിട്ടും വൃദ്ധ മകനോട് ആഗ്രഹം മറച്ചു വച്ചില്ല ." അമ്മ ഇപ്പോ അങ്ങോട്ടൊന്നും പോവണ്ട. അവിടെപ്പോ ആരും ഇല്ലല്ലോ.. പിന്നെ ആരെക്കാണാനാ.... ഇവിടെ ഞാനും ദേവൂം മോളൂട്ടീം ഒക്കെയില്ലേ?" അവർ മകനോട് പിന്നൊന്നും പറഞ്ഞില്ല. 

         " എനിക്ക് നിന്നെപ്പോലെ പറക്കാനറിയുമായിരുന്നെങ്കിൽ ഞാനങ്ങ് പറന്നുപോയേനേ....."
മൈന ഒരു ശബ്ദമുയർത്തി." ഓ... മകനോടൊപ്പം വന്ന ഞാനെങ്ങനെ ഒറ്റയ്ക്കായീന്നലേ നിന്റെ സംശയം. ഞാൻ പറയാം... ന്റെ മോന് നല്ലൊരു ഓഫറു വന്നു, അങ്ങ് നെതർലന്റ്സിൽ... എത്രയോ നാളത്തെ പ്രാർത്ഥനേ ടേം പരിശ്രമത്തിന്റേം ഒക്കെ ഫലാ.... അമ്മമാരെപ്പഴും മക്കൾക്ക് നല്ലത് ഭവിക്കണം ന്നലേ മോഹിക്കൂ..... ".
               പിന്നീടുള്ള ദിവസങ്ങളിൽ രാജീവനും ദേവൂം എന്തൊക്കെയോ ഗൗരവതരമായി ചർച്ച ചെയ്യുന്നതും ചിന്തിക്കുന്നതും ഒക്കെ കണ്ടു. ഞാനതിലൊന്നും തല ഇട്ടില്ല.എന്തിനേറെ പറയുന്നു. ദേവൂം മോളും അവനോടൊപ്പം പോയി. ഞാനിവിടെ ഇങ്ങനെ ഒറ്റയ്ക്കായി. മാളൂട്ടി ഉണ്ടെങ്കീ അവളോരോ വർത്തമാനങ്ങൾ പറഞ്ഞിരിക്കും.അന്ന് ഞാൻ പറഞ്ഞതാ ന്നെന്റെ തറവാട്ടിൽ കൊണ്ടു വിട്ടാമതീന്ന്. അതാവുമ്പോ ആ തൊടീലൊ ക്കെ ഒന്നിറങ്ങി നടക്കാം. അവിടെ മുറ്റമാകെ ഇലഞ്ഞിപ്പൂക്കൾ മെത്ത വിരിച്ചിട്ടുണ്ടാകും. പണ്ടൊക്കെ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കി യെടുത്ത് ഞങ്ങൾ മാല കോർക്കുമായിരുന്നു. ദാ... ഇപ്പഴും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എനിക്ക് ആസ്വദിക്കാം....

            അമ്മയ്ക്ക് പ്പോ ഇവിടെ എന്താ ഒരു കൊറവ് എന്നാണ് അവൻ എന്നോട് ചോദിച്ചത്." ഇവിടെ കൊറവുകളേയുള്ളൂ എന്ന് പറയാനാണ് എനിക്കപ്പോ തോന്നീത്.

അമ്മയ്ക്കൊരു ജോലിക്കാരിയെ ഏർപ്പാടാക്കീട്ടുണ്ട്.കൂടാതെ വിളിപ്പുറത്തെ ത്താൻ അടുത്ത ഫ്ലാറ്റുകളിലെല്ലാം താമസക്കാരുണ്ട്, സെക്യൂരിറ്റിയുണ്ട്, അമ്മ മണ്ണ് തൊടണ്ട, ആവശ്യമുള്ളതൊക്കെ ജോലിക്കാരിയെത്തിച്ചോളും" എന്നിങ്ങനെ ഫ്ലാറ്റിൽ ജീവിച്ചാൽ എനിക്കുണ്ടാകുന്ന മെച്ചങ്ങളെ അവൻ അക്കമിട്ട് നിരത്തി.

          മൈനയുമായുള്ള മുഖാമുഖം അവർ തുടർന്നു" അതന്നെ കുഴപ്പം. നിനക്കറിയോ മണ്ണിന്റെ ഗന്ധം എനിക്കെന്തിഷ്ടാന്ന് . ഒരോ മഴ പൊഴിയു മ്പോഴും മണ്ണിന്റെ ഗന്ധം നുകരാനായി ഞാൻ കാത്തിരിക്കും. പക്ഷെ, ഞാനിന്നൊരു ആകാശജീവിയല്ലെ... എല്ലാം എനിക്കന്യമാണ്. എനിക്കിഷ്ടമുള്ള തെല്ലാം ഇന്ന് അകലെയാണ്." ഉമ്മറത്തെ തൂണുകളിലൂടെ പടർന്നു പൂത്തു നിന്നിരുന്ന മുല്ല ച്ചെടികളിപ്പോഴും അവിടെക്കാണുമോ. മായേച്ചിക്ക് മുല്ലപ്പൂമാല മുടിയിൽ ചൂടാനായിരുന്നു ഇഷ്ടം,എനിക്ക് അവ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാനും...." വൃദ്ധ താഴേക്ക് കൈചൂണ്ടി." നീയതു കണ്ടോ...?"  ആകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ മിഴി തുറന്നത് പോലെ താഴെ പച്ചപ്പിൽ എണ്ണമറ്റ വെള്ളപ്പൊട്ടുകൾ." അവ മുല്ലപ്പൂക്കളല്ലേ?" എന്ന ചോദ്യത്തിന് മൈന മറുപടിയോതാതെ വൃദ്ധയുടെ ശരീരത്തിലേക്ക് നോക്കുകയാണ് ചെയ്തത്. പച്ച നിറത്തിൽ വെള്ളപ്പൊട്ടു കളുള്ള നൈറ്റിയാണ് അവർ ധരിച്ചിരുന്നത്.


                   അപ്പോൾ അവർക്ക് ശരീരത്തിൽ നിറയെ മുല്ല വള്ളികൾ പടർന്നു കയറിയതായും, മുല്ലപ്പൂവിന്റെ ഗന്ധം വായുവിൽ നിറയുന്നതായും അനുഭവപ്പെട്ടു. നിറഞ്ഞ ചിരിയോടെ അവർ ചോദിച്ചു" നിനക്കീ കഥകൾ മടുത്തുവോ?" അവൻ ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു.

         " നിനക്കെന്നെ പറക്കാൻ പഠിപ്പിക്കാവോ? മൈന ആവർത്തിച്ച് ചിറകടിച്ച് സന്തോഷം പ്രകടിപ്പിച്ചു. വൃദ്ധ തുടർന്നു." നിനക്കറിയില്ലല്ലോ.... അല്ലേലും ഞാൻ പറയാതെ നീയെങ്ങനാ അറിയുക. അന്നൊക്കെ അച്ഛൻ ലീവിനു വരുമ്പോ അച്ഛന്റെ കൈപിടിച്ച് ആ പാറയുടെ മുകളിലേക്ക് നടക്കാൻ പോകുമായിരുന്നു. അവർ അകലേക്ക് കൈ ചൂണ്ടി. ഒരിക്കൽ എനിക്കും പക്ഷികളെ പോലെ പറക്കാൻ പഠിക്കണംന്ന് ഞാൻ ശഠിച്ചു." നീ പഠിച്ച് പൈലറ്റാകൂ എന്നാണ് അച്ഛൻ തന്ന മറുപടി.

            " അല്ല എനിക്കിപ്പോ പറക്കണം ന്നു പറഞ്ഞ് കൈകൾ ഇരുവശങ്ങളി ലേക്കും നീട്ടിപ്പിടിച്ച് ഞാൻ മലമുകളിലേക്ക് ഓടി. അപ്പോൾ എന്റെ ഭാരം കുറയുന്നതായും വായുവിലൂടെ പറക്കുന്നതായും തോന്നി."

" നീയെന്നെ പഠിപ്പിച്ചാൽ ഞാൻ നിന്നോടൊത്ത് പറന്നു വരാം."

            ദിവസങ്ങൾ കടന്നു പോയിക്കൊണ്ടേയിരുന്നു. വൃദ്ധ കഥ പറയുകയും മൈന കേൾക്കുകയും ചെയ്തു കൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയായിരുന്നു. ഏറെ വൈകിയെങ്കിലും അവൻ പറന്നെത്തുമ്പോൾ പ്രതീക്ഷ കൈവെടിയാതെ വൃദ്ധ കാത്തിരിക്കുകയാ യിരുന്നു.

           " ഇന്നെന്തേ വൈകീത്?'' ഒരു ജാള്യത മായാതെ നിൽക്കുന്നത് കണ്ടിട്ട് വൃദ്ധ പറഞ്ഞു." ചിരിക്കു നീ.... എനിക്കൊരു പരിഭവോല്ലാട്ടോ..... ആരോടും ഇല്ല."

           '' കൊറേ കാര്യങ്ങളുണ്ട് ഇന്ന് പറയാൻ"..... ഒരു സ്വപ്നത്തിലെന്ന പോലെ അവർ പറഞ്ഞു തുടങ്ങി." നിനക്കറിയാലോ മോഹനേട്ടനെ... നീ വിചാരിക്കും പോലെ മായേച്ചീം മോഹനേട്ടനും തമ്മിലെ വിവാഹം നടന്നില്ല. മായേച്ചിയെ അങ്ങ് കോഴിക്കോടുള്ള ഒരു രാമദാസനാണ് കല്യാണം കഴിച്ചത്. അദ്ദേഹ ത്തിന് ഹരിയാനയിലായിരുന്നു ജോലി. മായേച്ചി അങ്ങു കൂടെ പോയി. ഏറെനാൾ മോഹനേട്ടൻ നിരാശാ കാമുകനായി നടന്നു. ഒടുവിൽ നരകയറി ത്തുടങ്ങിയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. മകളുടെ കല്യാണം ക്ഷണിക്കാനായി ഇന്ന് മോഹനേട്ടൻ വന്നിരുന്നു. എത്ര നാളുകൾക്ക് ശേഷമാണ് കാണുന്നത്. എനിക്ക് സന്തോഷായി.

            വൃദ്ധ അലമാരയിൽ നിന്ന് ആകാശനീലിമയാർന്ന ഒരു സാരിയെടുത്തു കൊണ്ടുവന്നു. അത് നിവർത്തി അവർ തോളിലൂടെ വിരിച്ചിട്ടു. മൈന സന്തോഷാധിക്യത്താലെന്ന പോലെ പലവട്ടം പറന്നുയരുകയും തിരിച്ചിരി ക്കുകയും ചെയ്തു.

                      " അതൊക്കെ പോട്ടെ. നീയെന്നെ പറക്കാൻ പഠിപ്പിച്ചില്ലല്ലോ ഇനിയും"... മൈന ചിറകുകൾ വിടർത്തി വൃദ്ധയെ ഒരു ഹ്രസ്വനോട്ട മെറിഞ്ഞു. ചെറുദൂരം വട്ടമിട്ട് പറന്ന് തിരികെ കൈപ്പിടിയിൽ വന്നിരുന്നു. കസേരയിൽ ഇരുന്ന് അവർ  ഇരുവശത്തേക്കും നീട്ടിയ കൈകൾ ഉയർത്തുക യും താഴ്ത്തുകയും ചെയ്തു. എന്നിട്ട് പൊട്ടിച്ചിരിച്ചു.

                        അടുത്ത പകൽ പെട്ടെന്ന് കടന്നുപോണമെന്നവർ ആഗ്രഹിച്ചു. വൃദ്ധ ബാൽക്കണിയിലെ കസേരയിൽ അകലെ മലകളിലേക്ക് നോക്കി യിരുന്നു. അപരാഹ്ന സൂര്യന്റെ യാത്രയെ അവരുടെ കണ്ണുകൾ അനുഗമിച്ചു. മൈന എത്തിയത് അവർ കണ്ടിരുന്നില്ല. നീല സാരിയുടുത്തിരുന്ന അവരുടെ കൈത്തണ്ടയിൽ വന്നിരുന്നപ്പോഴാണ് അവർ അവനെ ശ്രദ്ധിച്ചത്.

                     വൃദ്ധ എന്തോ ഓർത്തെടുക്കുകയായിരുന്നു. പിന്നെ പൊട്ടിച്ചിരിച്ചു. '' അന്നവന് എട്ടോ പത്തോ വയസ്സു കാണും. ജ്ഞാനപ്പാനയുടെ ഒരു ഭാഗം വായിച്ച് സാരം പറഞ്ഞു കൊടുക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു." അടുത്ത ജന്മത്തിൽ അമ്മ തന്നെ വേണം എനിക്ക് അമ്മയായിട്ട് . എന്നിട്ട് സത്യം ചെയ്യിക്കുക കൂടി ചെയ്തു." എന്നിട്ടിപ്പോ...... വൃദ്ധ ദീർഘനിശ്വാസ ത്തോടെ വിരാമമിട്ടു. പിന്നെ കുലുങ്ങി കുലുങ്ങി ചിരിച്ചു.

         അവൻ ഭയന്നെന്ന പോലെ ദൂരേയ്ക്ക് മാറിയിരുന്നു." നീയും പോവാണോ അകലേയ്ക്ക്... ഈ വേഷത്തിൽ കണ്ടിട്ടാണോ നീ കണ്ണുമിഴിക്കുന്നത്. വൃദ്ധ ധാന്യ മണികൾ കൈവെള്ളയിലിട്ട് അവനു നേരേ നീട്ടി. അവൻ ധാന്യ മണികൾ കൊത്തിപ്പെറുക്കി. അവർ ഇടം കൈ കൊണ്ട് അവനെ തലോടി. അപ്പോൾ വൃദ്ധയുടെ മിഴികൾ അവനോട് സംസാരിക്കുന്നുണ്ടായിരുന്നു . അവൻ സ്നേഹവായ്പ്പോടെ നോക്കി. കണ്ണുകൾ യാത്രാമൊഴി ചൊല്ലി. അവൻ പറന്നകലുന്നത് അവർ നോക്കിയിരുന്നു.

                പതിവിനു വിപരീതമായി അവൻ പോയതിനു ശേഷവും വൃദ്ധ ആ ഇരുപ്പ് തുടർന്നു. സൂര്യൻ പോയ് മറയുന്നതും ഇരുട്ട് പടരുന്നതും കണ്ടു. അനേക സഹസ്രം താരകങ്ങൾ കൺ ചിമ്മുന്നതും കണ്ടു. വൃദ്ധയുടെ കാതുകളിൽ മോഹനേട്ടന്റെ വാക്കുകൾ അലയടിച്ചു." ലീലാ മണി എന്തിനാ ഇങ്ങനെ തനിച്ച്  കഴിയുന്നത്... തറവാടിനടുത്ത് തന്നയല്ലേ ഞാൻ താമസിക്കു ന്നത്. അവിടെ കൂടെ നിക്കാലോ... തറവാടിന് ഇപ്പോഴും കേടുപാടൊന്നുമില്ല. നല്ല പണിത്തരല്ലേ. ഒന്നു പെയിന്റടിപ്പിച്ചാ അവിടേയും താമസിക്കാം. ഞങ്ങളൊക്കെ അടുത്തുണ്ടാവും. എല്ലാം ഞാൻ ചെയ്യിക്കാം." 


              " ഒന്നും വേണ്ട. ഇവിടെത്തന്നെ നിന്നാ മതീന്നാ രാജീവൻ പറഞ്ഞിരിക്കണത്. ഇവിടിപ്പോ എല്ലാ സൗകര്യങ്ങളുണ്ടല്ലോ. ഞാനിപ്പോ ഒരാകാശജീവിയാ..... രാജീവൻ വരട്ടെ.. എന്നിട്ട് വരണ്ണ്ട് ഞാൻ അങ്ങോട്ടൊക്കെ."

" രാജീവനല്ലേ രണ്ടാഴ്ച മുൻപ് വന്നത്. അവന്റെ ഭാര്യേടെ അനിയന്റെ കല്യാണാരുന്നല്ലോ... രണ്ടു ദിവസത്തേക്കു മാത്രം വന്നതാ. ഉടനെ തിരിച്ചു പോകും എന്നും പറഞ്ഞു. അതൊക്കെ പോട്ടെ. ലീലാ മണി കല്യാണത്തിനുവരണം. ഞാൻ വണ്ടി ഏർപ്പാടാക്കാം."രാജീവൻ നാട്ടിൽ വന്നിട്ട് തന്നെ കാണാൻ വരാഞ്ഞതിനെ കുറിച്ച് വൃദ്ധയും , അതറിഞ്ഞെന്ന പോലെ മോഹനേട്ടനും അതേ കുറിച്ച് പിന്നെ സംസാരിച്ചില്ല.

"രാജീവൻ ഇനി വരുമോ...." വൃദ്ധ ചിന്തിച്ചു. എന്തായാലും നാരാണേട്ടൻ വരാതിരിക്കില്ല. ഈ സാരിയിൽ എന്നെ കാണുമ്പോ നാരാണേട്ടന് സന്തോഷാവും. എത്രയോ നാളുകൾക്ക് മുൻപ് വാങ്ങിത്തന്നതാണിത് .... ഇത്ര നാളുകൾ കഴിഞ്ഞിട്ടും ഞാനിത് സൂക്ഷിച്ചു വച്ചിരുന്നത് ഇതിനു വേണ്ടി തന്നെയാണ്.നാരാണേട്ടന്റെ ഒപ്പമുള്ള യാത്ര എത്ര രസകരമായിരിക്കും. കുളിർ കാറ്റു വീശുന്ന ഈ രാത്രിയുടെ നിശ്ശബ്ദതയിൽ ഭൂമി നിദ്രയിലാണ്ടു കിടക്കുമ്പോൾ നക്ഷത്രങ്ങൾ തെളിച്ച ഇത്തിരി വെട്ടത്തിൽ നാരാണേട്ടന്റെ ഇടം കൈയിൽ പിടിച്ച് മറുകൈ ഉയർത്തി വീശി, ആകാശത്തിന്റെ ചരുവിലൂടെ , മലകൾക്കു മുകളിലൂടെ കളകളാരവം മുഴക്കുന്ന അരുവികൾ കണ്ട് കണ്ട്,.....ഈ യാത്രക്കായ് എത്ര നാളുകളായി കാത്തിരിക്കുന്നു.  വൃദ്ധയുടെ ശരീരം ഭാരമില്ലാത്തതായ് മാറി.നക്ഷത്രങ്ങളും വൃദ്ധയും മാത്രം മിഴി തുറന്നിരുന്ന രാത്രിയുടെ ഏതോ നിമിഷങ്ങളിൽ ബാൽക്കണിയിലെ കസേര ശൂന്യമായി.

             

Monday, 17 December 2018

പ് ഫാ.... നായിന്റെ മോനേ...


                               ഒറ്റപ്പെട്ടു നിന്നിരുന്ന ആ ഇളം നീല ചായമടിച്ച ഇരുനില കെട്ടിടത്തിന്റെ മുറ്റത്തു കൂടെ മദ്ധ്യവയസിലേക്കടുത്തു കൊണ്ടിരിക്കുന്ന ദമ്പതികൾ നടന്നു നീങ്ങി. ഏറെ നാളത്തെ താമസത്തിനു ശേഷമുള്ള ഒരു പോക്കാണീ കാണുന്നതെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ  രണ്ടു വലിയ തുകൽ സഞ്ചികളും ഒരു ചെറിയ കവറും ഉണ്ടായിരുന്നു അവരുടെ പക്കൽ. കുറേ നാൾ അന്യസ്ഥലത്ത് താമസിച്ചതിന്റെയാണോ അറിയില്ല ഒരു അസ്വസ്ഥത സമ്മാനിച്ച ക്ഷീണ ഭാവം മുഖത്ത് വ്യക്തമായിരുന്നു.

                              കെട്ടിടത്തിന്റെ ചുറ്റുമതിൽ കടന്നു കഴിയുമ്പോൾ തന്നെ തണൽ മരങ്ങൾക്കു കീഴിലായി ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരുന്നു. നിരയിലാദ്യം കിടന്ന ഓട്ടോക്കകത്ത് ദിനപ്പത്രം വായിച്ചു കൊണ്ടിരുന്ന ഡ്രൈവർ പത്രം മടക്കി, പിന്നെയും മടക്കി, പിന്നെയും മടക്കി പിന്നൊന്ന് ചുരുട്ടി കൈയുയർത്തി കമ്പിക്കിടയിൽ തിരുകി.ഒന്നു നടുനീർത്തിയിരുന്നിട്ട് ദമ്പതികളെ ഒരു ചെറുമുഖചലനത്തോടെ ഓട്ടോയിലേക്ക് ക്ഷണിച്ചു. എങ്ങോട്ടാണെന്ന ഭാവത്തിൽ അയാൾ തിരിഞ്ഞു നോക്കിയതിന് മുന്നോട്ട് കൈചൂണ്ടി അയാൾ പോകാൻ ആംഗ്യം കാണിച്ചു . ഡ്രൈവർ കുനിഞ്ഞ് ലിവർ വലിച്ചു പൊക്കി വണ്ടി സ്റ്റാർട്ട് ചെയ്തു.മഴയത്ത് തുള്ളിച്ചാടുന്ന കൊച്ചുകുട്ടിയെ പോലെ തുള്ളിത്തെറിച്ചു കൊണ്ട് ഓട്ടോ മുന്നോട്ട്നീങ്ങി.

                    " മദ്യം ദുഃഖമാണുണ്ണീ" എന്ന് പിന്നിൽ എഴുതിയിരുന്ന ആ ഓട്ടോ അവരെയും വഹിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. പിന്നെ ആദ്യത്തെ വലത്തേ തിരിവിലേക്ക് തിരിഞ്ഞ് തത്ക്കാലം സ്ക്രീനിൽ നിന്നും ഔട്ടായി.

                       കാറ്റത്ത് ഇലച്ചാർത്തുകൾ ഇളകിയാടിയപ്പോഴാണ് നീലചായ മടിച്ച കെട്ടിടത്തിന്റെ മുകളിലെ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ ശ്രദ്ധയിൽ പെട്ടത്." ഡോൺ ബോസ്കോ ഡീ അഡിക്ഷൻസെന്റർ, താമര മുറ്റം.." ഓഹോ... അപ്പോ അതാണ് കാര്യം.
                           
                         ഇത്തരുണത്തിൽ ഈ ദമ്പതികളുടെ ഫ്ലാഷ് ബാക്ക് അറിയേണ്ടത് അത്യാവശൃമായി ഭവിച്ചിരിക്കയാൽ ഇനി ഭൂതകാലത്തിലേക്കൊരെത്തി നോട്ടം.

                          " എന്തോന്നാ മനുഷ്യാ... എത്ര നേരായീ ഈ വെള്ളടി തൊടങ്ങീട്ട്. ഇതൊന്ന് നിർത്തിക്കൂടേ".
" ഞാൻ പണിയെടുത്ത് സമ്പാദിച്ച കാശു കൊടുത്ത് ഞാൻ വാങ്ങിയ എക്സെക്സെക്സ് റം........ ഉം.... മ്മ ഉം.... മ്മ ഉം.... മ്മ എന്നിങ്ങനെ കുപ്പിക്ക് മൂന്നുമ്മയും കൊടുത്ത് ശേഷിച്ച തുള്ളികൾ കുപ്പി പൊക്കി തല കുത്തി പിടിച്ച് അണ്ണാക്കിലേക്ക് കമിഴ്ത്തി പിന്നെ സ്വിച്ചിട്ട പോലെ സോഫമേൽ മലർന്നു. ഇടയ്ക്കിടെ ഉയർന്ന അപശബ്ദ മൊഴിച്ചാൽ മറ്റെല്ലാം ശാന്തം.

                  " എന്റെ കർത്താവേ... ഇതിയാനെന്തൊക്കെയാ പണ്ട് പറഞ്ഞിരുന്നേ... ഞാനിന്നേ വരെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല, ഇനീം തൊടുകേല..."
മലർന്നടിച്ച് കിടന്നിരുന്ന അയാൾ ഒന്നുയർന്നു..." നിന്നാണേ.. നിന്റെ കുഞ്ഞുങ്ങളാണേ അല്ല നമ്മുടെ കുഞ്ഞുങ്ങളാണേ.... നമ്മുടെ തന്ന ല്യോടീ....."
"ദേ.... എന്റെ വായിലിരിക്കണതൊന്നും കേക്കണ്ട"
" ഓ... ശരി നമ്മുടെ സ്വന്തം കുഞ്ഞുങ്ങളാണേ സത്യം. ഞാൻ ഇന്നിനി മദ്യം കൈകൊണ്ട് തൊടത്തില്ല."
" ഇന്നിനിയോ?"
" അല്ലെടീ.... ഇന്നല്ല... ഇനി
" ഈ സത്യം ചെയ്യലുതൊടങ്ങീട്ടു കൊറച്ചുകാലായി."

                 " ഇതിയാന്റെയൊക്കെ മനസ്സിലിരിപ്പെന്താന്നാ ഞാൻ ചിന്തിക്കണേ. ആരോഗ്യത്തിന് ഇത് കൊള്ളത്തില്ലെന്ന് മലയാളത്തീ പോരാഞ്ഞിട്ട് ഇംഗ്ലീഷിലും കൂടെ എഴുതി വച്ചിട്ടുണ്ട്. എന്തായാലും വാങ്ങി മോന്തി ക്കോളും... മോന്തിത്തൊടങ്ങിയാ പിന്നെ മോങ്ങാൻ തൊടങ്ങും... പിന്നെ മോങ്ങലുംമോന്തലും". പിന്നെ ഒറ്റ വീഴ്ചയാണ്. മേത്തിട്ട് പടക്കം പൊട്ടിച്ചാപോലും അറിയൂല."

               ആദ്യമൊക്കെ വാരാന്ത്യങ്ങളിൽ മാത്രമായിരുന്ന മദ്യപാനശീലം പിന്നങ്ങ് പൂത്തുലഞ്ഞു. എൽസമ്മ ആദ്യമത് കാര്യമായെടുത്തിരുന്നില്ല. "ഓ....രണ്ടു പെഗ്ഗൊക്കെ അടിക്കാത്ത ആണെന്നാ.. ആണാന്നേ... "എന്ന അടുത്ത വീട്ടിലെ ലില്ലിക്കുട്ടീടെ അഭിപ്രായത്തോട് എൽസമ്മയും യോജിച്ചു. വാരാന്ത്യം എന്നുള്ളത് നിത്യേനയായി മാറാൻ അധികം കാലമൊന്നും വേണ്ടി വന്നില്ല.

                എൽസമ്മയുടെ ഉള്ളിൽ ആധി പെരുത്ത് തുടങ്ങിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. മദ്യപാനം ഒരു സ്ഥിരം പരിപാടിയായി മാറിയെങ്കിലും ടോമിച്ചൻ കൃത്യമായി ഓഫീസിൽ പോകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു പോന്നത് കൊണ്ട് എൽസമ്മ ടോമിച്ചനോട് എതിർത്തൊന്നും പറയാനും പോയില്ല. .
                അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുലർച്ചെ അടുക്കളയിൽ വച്ചിരുന്ന പഴക്കുലയിൽ നിന്ന് ഏതാനും പഴങ്ങൾ എലി കരണ്ടു തിന്നതായി കണ്ടത്. ഏഴെട്ടു മാസം മുമ്പേ ഒരു എലി കുടുംബത്തെ നാമാവശേഷമാക്കിയതിനു ശേഷം മറ്റൊരു എലിക്കുഞ്ഞു പോലും എൽ സമ്മയുടെ സാമ്രാജ്യത്തിൽ കടന്നു കയറാൻ ധൈര്യപ്പെട്ടിട്ടില്ല. ഇതിപ്പോ എവിടന്നു വന്നു എന്ന് വിസ്മയിച്ചു കൊണ്ടാണ് എൽസമ്മ അടുക്കളയിലെ കബോഡ് തുറന്നത്. എലിക്കെണി തേടി തേടി ചെന്ന എൽസമ്മ യുടെ കൈകൾ  തടഞ്ഞത് ടോമിച്ചൻ കുടിച്ചു കുടിച്ചു വറ്റിച്ച് തീർത്ത് വച്ചിരുന്ന കുപ്പികളിലാണ്. സത്യം പറയാലോ.. ഒരു ഞെട്ടലായിരുന്നു എൽസമ്മയ്ക്ക്." ഇതിയാനൊറ്റക്കാണോ ഇത്രയും കുപ്പികൾ കാലിയാക്കിയത്? ഈ പോക്കു പോയാലിതെവിടെ ചെന്നു നിക്കും ഈശോയേ". കാലം പോകപ്പോകേ കുടി കൂടിക്കൂടി വന്നു കൊണ്ടിരുന്നു.

              അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മാസത്തിലെ രണ്ടാമത്തെ വെള്ളി. രണ്ടാം ശനിയാഴ്ച ടോമിച്ചന് അവധിയാണ്. എൽസമ്മ ചിന്തിച്ചു." ഇന്ന് വൈകിട്ട് എത്തിക്കഴിഞ്ഞാൽ കുടി ഡബിളായിരിക്കും. എൽസമ്മയുടെ മസ്തിഷ്കത്തിൽ മിന്നൽ വേഗത്തിൽ ഒരാശയം മിന്നിക്കെട്ടു. ടോമിച്ചൻ വളരെ ബോധ പൂർവ്വം ഒരോ പ്രാവശ്യം വാങ്ങുന്ന കുപ്പിയും വീട്ടിലെ വിവിധയിടങ്ങളിലായി മാറ്റി മാറ്റി വയ്ക്കുമെങ്കിലും എൽ സമ്മക്ക് അത് കണ്ടു പിടിക്കുന്നതിൽ അതീവ നൈപുണ്യമുണ്ടായിരുന്നു. അങ്ങനെയാണ് ബെഡ് റൂമിലെ ഡ്രസിംങ് ടേബിളിന്റെ യും ചുമരിന്റെയും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് ഒളിപ്പിച്ചു വച്ചിരുന്ന" വൈറ്റ് മിസ് ചീഫ്" എൽസമ്മ കണ്ടു പിടിച്ചത്. സുതാര്യമായ വെളുത്ത കുപ്പി മേലെ നീല ലേബൽ ഒട്ടിച്ചിരിക്കുന്നു. അതിൽ നടുക്ക് വെളുത്ത പശ്ചാത്തലത്തിൽ നീലയും ചുവപ്പും അക്ഷരത്തിൽ" വൈറ്റ് മിസ് ചീഫ്" എന്നെഴുതി യിരിക്കുന്നു." ങ്‌ഹും.. അൾട്രാ പ്യുവർ വോഡ് ക."

                 നീലയിൽ ചുവന്ന ചെറിയ വരയുള്ള അടപ്പു തുറന്ന് എൽസമ്മ മണത്തു നോക്കി."എന്നാ മണമായിത്. ഇതൊക്കെ എങ്ങനെ കുടിക്കുന്നോ എന്തോ". പകുതി തീർത്തു വച്ചിരുന്ന ആ കുപ്പി ശ്രദ്ധാപൂർവ്വം വാഷ്ബേസിനിൽ തലകുത്തി പിടിച്ച് ഏകദേശം ഇരുന്നൂറ് മില്ലി മദ്യം ഒഴുക്കിക്കളഞ്ഞു.അപ്പോഴാണ് കുപ്പിയിലേക്ക് തുല്യ അളവിൽ വെള്ളം ചേർത്ത് നേർപ്പിക്കാമെന്ന അതി ബുദ്ധിക്ക് തടയിട്ടു കൊണ്ടൊരു പ്രത്യേക അടപ്പു പോലൊരു സംവിധാനം കുപ്പിക്കഴുത്തിൽ ഉണ്ടെന്നു എൽസമ്മ തിരിച്ചറിഞ്ഞത്. ടാപ്പ് തുറന്ന് കുറച്ചു വെള്ളം ഒഴുക്കി വിട്ട് വാഷ്ബേസിനിൽ നിന്നുയർന്ന് വന്ന മദ്യഗന്ധം ഇല്ലാതാക്കി. അടപ്പ് വളരെ കൃത്യമായി അടച്ച് ഒന്നു കൂടി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി സാരിത്തലപ്പുകൊണ്ട് അടപ്പിനു ചുറ്റും ഒന്ന് ഒപ്പിയെടുത്ത് ആ കുപ്പി യഥാസ്ഥാനത്ത് തിരികെ വച്ചു.


                  വൈകിട്ട് പതിവുപോലെ ഓഫീസിൽ നിന്നെത്തിയ ടോമിച്ചൻ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി ക്കൊണ്ടുവന്ന സാധനങ്ങൾ തീൻ മേശമേൽ നിരത്തി വച്ചു. ഒരു മണിക്കൂറിനുള്ളിൽ കുളി കഴിഞ്ഞ് ടിവിക്കു മുന്നിൽ സ്ഥാനം പിടിച്ച ടോമിച്ചന്റെ കൈവിരലുകൾ റിമോട്ടിന്റെ ബട്ടനുകളിൽ മാറി മാറി പതിഞ്ഞു. അയാൾ എല്ലാം ന്യൂസ് ചാനലുകളിലുടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി. പിന്നെ പതുക്കെ ബെഡ് റൂമിൽ കടന്ന് പറിക്കരുതെന്ന് മുന്നറിയിപ്പ് വച്ചിടത്തെ പുഷ്പങ്ങൾ പറിച്ചെടുക്കുമ്പോഴുള്ള മുഖഭാവത്തോടെ ഡ്രസിങ്ങ് ടേബിളിന്റെ യും ചുമരിന്റെ യും ഇടയിലുള്ള ചെറിയ വിടവിൽ വച്ചിരുന്ന വൈറ്റ് മിസ് ചീഫും ഗ്ലാസ്സും എടുത്ത് ഗ്ലാസ്സിലേക്കൊന്ന് ശക്തിയായി ഊതി പിന്നെ ഉടുമുണ്ടിന്റെ കോന്തല കൊണ്ടൊന്നു തുടച്ചു. പിന്നെ, കുപ്പിയിലേക്കൊന്ന് സസൂക്ഷ്മം നോക്കി ഒരു സംശയ ദൃഷ്ടിയോടെ ചൂണ്ടുവിരലിൽ പ്രത്യേക അളവടയാളങ്ങൾ ഉള്ളതു പോലെ ചൂണ്ടുവിരൽ ചേർത്ത് പിടിച്ച് ഒത്തു നോക്കി.എന്തോ ചിന്തിക്കുന്ന പോലെ തല ചെരിച്ച്, ഒരു വശം പുരികമുയർത്തി കൃഷ്ണമണി മേലോട്ടാക്കി, പിന്നെ ബെഡ് റൂമിലേക്ക് ഒന്നുമറിയാത്ത ഭാവത്തോടെ കടന്നു വന്ന എൽസമ്മയെ കണ്ണുകളാലൊന്നുഴിഞ്ഞ്, പിന്നെ എന്തോ ആവട്ടെയെന്ന ഭാവത്തിൽ ങാ...എന്നൊരു ചെറു ശബ്ദത്തോടെ ഒന്ന് ഏങ്കോണിച്ച് വായ് തുറന്നടച്ച് ശിഷ്ടമുള്ള വൈറ്റ് മിസ് ചീഫ് ഗ്ലാസിലേക്ക് പകർന്ന് അയാൾ ലീവിങ് റൂമിലേക്ക് നടന്നു. വീണ്ടും ചാനലുകളിലേക്ക് അയാൾ ഊളിയിട്ടു.

               " എൽസമ്മ മുറുമുറുത്തു..." നിങ്ങളിതെന്നാ ഭാവിച്ചാ.... മനുഷ്യാ. രണ്ടു പെൺ പിള്ളേര് വളർന്നു വരുന്നു എന്നുള്ള എന്തേലും വിചാരം നിങ്ങൾക്കുണ്ടോ? അവര് വല്ലോന്റേം കൂടെ എറങ്ങിപ്പോകുമ്പോ നിങ്ങളു പഠിച്ചോളും". കുട്ടികളുടെ മുറിയിൽ നിന്ന് ഉയർന്നു കേട്ടിരുന്ന പാഠ പാരായണം ഒരു നിമിഷം നിന്ന് പകരം കുറച്ച് ശബ്ദത്തിൽ ഉയർന്നുപൊങ്ങിപ്പോയ ഒരു ഒതുക്കിച്ചിരി അലയടിച്ചു. എൽസമ്മ ഒരു കൊടുങ്കാറ്റായ്... "രണ്ടും കിളിച്ചോണ്ടിരുന്നോ.. എനിക്ക് ദാ പെരുത്ത് വരുന്നുണ്ട്.

                 എൽ സമ്മയുടെ ആധി കൂടിവരുന്ന തിന് ആനുപാതികമായി ടോമിച്ചന്റെ മദ്യപാനവും കൂടി വന്നു. ആ ശീലം നിർത്തിക്കാനായി എൽസമ്മ പല ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു കൊണ്ടിരുന്നു. അതിനിടയിലാണ് ഒരു ദിവസം എൽസമ്മയുടെ ചിറ്റപ്പൻ പട്ടാളത്തീന്നു പിരിഞ്ഞു വന്ന സക്കറിയ ചാച്ചൻ വന്നത്. കുറേ നാളുകൾക്കു ശേഷമാണ് സക്കറിയാ ചാച്ചന്റെ വരവ്.." എന്തേ.. മോളമ്മ യാന്റിയെ കൂടെക്കൂട്ടാഞ്ഞത്" എന്ന എൽസമ്മയുടെ പരിഭവത്തിന് മറുപടി പറയുന്നതിനിടയിലാണ് സക്കറിയച്ചാച്ചൻ കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു സഞ്ചിയെടുത്ത് ടോമിച്ചന് നീട്ടിയത്. എൽസമ്മയുടെ മുഖത്ത് പൊടുന്നനെ വന്ന ഭാവമാറ്റത്തിൽ എന്തോ പന്തീ കേടുണ്ടെന്ന് ചാച്ചന് ബോധ്യപ്പെട്ടു. പൂനിലാവുദിച്ചതു പോലെ മുഖം തെളിഞ്ഞ ടോമിച്ചൻ കുപ്പികൾ നിറച്ച സഞ്ചി വളരെ ഭദ്രമായി അകത്ത് കൊണ്ട് പോയ് വച്ച് മടങ്ങി വന്ന് പണ്ട് പഠിപ്പിച്ച അദ്ധ്യാപകരെ പിന്നീട് കണ്ടുമുട്ടുമ്പോഴുള്ള ഒരു ഭവ്യതയോടെ സക്കറിയ ചാച്ചന് ആതിഥ്യമരുളി.

                    ഒരു ഞായറാഴ്ച. ഇന്നു തന്നാവട്ടെ, ക്രിസ്റ്റീന ചേച്ചി പറഞ്ഞ കാര്യം പ്രാവർത്തികമാക്കണം. എൽസമ്മയുടെ അടുത്ത ശ്രമം. പുലർ വേളകളിൽ മദ്യലഹരിയിൽ നിന്നു മുക്തനും ഉന്‌മേഷവാനുമായി കാണപ്പെട്ട ടോമിച്ചനെ എൽസമ്മ വിളിച്ചു." ടോമിച്ചാ...' വാ പെട്ടെന്ന് പോകാം. അവരെല്ലാം പോയി കഴിഞ്ഞു. വൈകി ച്ചെന്നാൽ അച്ചനെന്തേലും പറയും."

               " ഈശോയേ... അച്ചനെന്തെല്ലാം പറയുവോ എന്തോ.. ഇനി അച്ചൻ പറഞ്ഞാൽ തന്നെ ടോമിച്ചൻ കേക്കുവോ. ഇനി ഞാനിതെല്ലാം അച്ചനോട് പറഞ്ഞെന്നും പറഞ്ഞ് എന്നോട് തട്ടിക്കേറുവോ..." പലവിധ ചിന്തകളുമായി എൽസമ്മ ടോമിച്ചന്റെ സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന് പള്ളിലേക്ക് പോയി. എന്തിനേറേ പറയുന്നു.. പളളീലച്ചന്റെ ഉപദേശത്തിനു ശേഷം ടോമിച്ചൻ പള്ളീൽ പോക്ക് നിർത്തി.

                   മറ്റൊരു ഞായറാഴ്ച. എൽസമ്മയും മക്കളും പള്ളീന്നു മടങ്ങുന്നു. രണ്ടു പയ്യന്മാർ എതിരെ നടന്നു വരുന്നു. അവർ കടന്നു പോയതും എൽ സമ്മയുടെ പെട്ടെന്നുള്ള നീക്കമായിരുന്നു. അതിലൊരു പയ്യനെ ടപ്പേ ന്നൊരടി. എൽ സമ്മയുടെ മക്കളും പയ്യന്മാരും ഒരു പോലെ ഞെട്ടി." എന്തോന്നാടാ നിന്റെ ഷർട്ടേലെഴുതിയേക്കുന്നേ...? വെൻ ഐ റെഡ് എബൗട്ട് ദ  ഈവിൾസ് ഓഫ് ഡ്രിങ്കിങ് ഐ സ്റ്റോപ്പ്ഡ് റീഡിങ്ങ്". എൽ സമ്മക്ക് തലക്ക് നല്ല വെളിവില്ലെന്ന് വിചാരിച്ച് പയ്യൻമാർ ഞൊടിയിടയിൽ സ്ഥലം കാലിയാക്കി. മക്കൾ കമാ ന്നൊരക്ഷരം ഉരിയാടാതെ എൽസമ്മയെ പിന്തുടർന്നു.

                 ടോമിച്ചൻ ഒരു കറ തീർന്ന മദ്യപാനിയായി തീർന്നിരിക്കുന്നു. ഹതാശയയായി എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്ന വേളയിലാണ് ഒരു മാമോദീസ ചടങ്ങിനു പോയപ്പോൾ എൽസമ്മ തന്റെ കോളേജ് സുഹൃത്തും സെക്കന്റ് കസിനുമായ ബെന്നിയെ കണ്ടുമുട്ടിയത്. സംസാരിച്ച് സംസാരിച്ച് ഒടുവിൽ ടോമിച്ചന്റെ മദ്യപാനശീലത്തിലെത്തി നിന്നും അവരുടെ സംഭാഷണം.

                      ബെന്നിച്ചന്റെ ഉപദേശ പ്രകാരമാണ് എൽസമ്മ അവസാന ശ്രമം നടത്തിയത്. അതിന് ഫലം കാണുക തന്നെ ചെയ്തു. കേവലം ഒരു മാസത്തിനകം ടോമിച്ചന്റെ മദ്യപാനശീലം പാടെ മാറി. അയൽക്കാരും സുഹൃത്തുക്കളും ഇടവകയിലെ ആളുകളും ടോമിച്ചന്റെ മാറ്റം കണ്ട് അന്തം വിട്ടു. പള്ളീല് കൃത്യമായി പോകാതിരുന്ന ആള് എല്ലാ ഞായറാഴ്ചകളിലും പള്ളീൽ പോയിത്തുടങ്ങി. പലരും ടോമിച്ചനോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.. ക്ഷമ കെട്ട് ഒരു ദിവസം ഫെർണാണ്ട സച്ചൻ ചോദിച്ചു." എടോ.. ടോമിച്ചാ... തന്റെ ഭാര്യ ഒരു മിടുക്കി തന്നെ... ഞാൻ ഉപദേശിച്ചിട്ട്  പള്ളീല് കേറാണ്ടായ തന്നെയെങ്ങനാ എൽസമ്മ ഇങ്ങനെ മാറ്റിയെടുത്തത്.? എനിക്ക് മറ്റാരെയെങ്കിലും ഉപദേശിക്കാലോ.."

"ങ്‌ഹാ! ഞാൻ അച്ചനോട് അത് പറയാൻ തന്നാ വന്നത്."

" എന്നാ പറ ടോമിച്ചാ"

" ഇതത്ര ഗൗരവമാകും ന്ന് ഞാൻ വിചാരിച്ചില്ല. ഒരു ദിവസം ഞാൻ വെള്ളടിച്ചോണ്ടിരുന്നപ്പോ അവൾ ഒരു ചില്ല് ഗ്ലാസ്സ് ഊക്കോടെ എന്റടുത്ത് കൊണ്ടു വച്ചു. ഞാൻ ചോദ്യഭാവത്തിൽ നോക്കി. അവൾ പറഞ്ഞു." ഇനി ഞാനായിട്ടെന്തിനാ.. വേണ്ടാന്ന് വയ്ക്കണേ... ഇതിയാന് ഞാനിന്ന് കമ്പനി തരാം."


                 " ദദാടീ.. പറയണേ.. അടിച്ച വഴിയേ പോയിലെങ്കീ പോയ വഴിയേ അടി.... നീയാ ഗ്ലാസിങ്ങു താ..."
" ചിയേഴ്സ്"
"ചിയേഴ്സ്".
" അന്ന് ഞങ്ങൾ രണ്ടു പേരും ബോധം കെട്ടുറങ്ങി. സ്കൂൾ വെക്കേഷൻ സമയമായതു കൊണ്ട് കുട്ടികൾ വല്യമ്മച്ചീടെ അടുത്തായിരുന്നു. അടുത്ത ദിവസം രണ്ടു മൂന്നു പെഗ്ഗടിച്ചപ്പോഴേക്കും അവൾ പാട്ടുപാടി തുടങ്ങി."        ചക്കാട്ടു വീട്ടിൽ 
                  കൊച്ചുവറീതിന്റെ
                    മോളാണു ഞാൻ.. ഹാ..
                  കൊച്ചുവറീതിന്റെ
                    മോളാണു ഞാൻ...... എന്റെ കയ്യിലിരുന്ന കുപ്പി വാങ്ങി അവൾ മട മടാന്നു കുടിച്ചു. പിന്നെ ബോധം കെട്ടു കിടന്നു. മണിക്കൂറുകൾ ഒരേ കിടപ്പ്." അച്ചോ... അവളുടെ പോക്ക് ശരിയല്ലെന്ന് അപ്പഴാ അറിഞ്ഞത്. ഏതാണ്ട് ഒരു  ആറു മാസം കൊണ്ട് അവൾ മദ്യത്തിനടിമയായി മാറി. അച്ചോ ഞാനിനി എന്തു ചെയ്യണം."

                    ഓട്ടോ ഒരു ശബ്ദത്തോടെ വീടിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. ടോമിച്ചൻ ഓർമ്മയിൽ നിന്ന് വീട്ടു മുറ്റത്തേക്ക് കാലെടുത്ത് വച്ചു. "ചേട്ടാ ഒക്കെ ശരിയായോ ചേട്ടാ.". ഓട്ടോ ഡ്രൈവർ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.

" ങ്‌ഹാ.... ശരിയായീന്നാ പറഞ്ഞേ."

" പ്ഫാ...! നായിന്റെ മോനേ"" എൽ സമ്മയുടെ വായിൽ നിന്നും അക്ഷരങ്ങൾ കുതിച്ചു ചാടി.പിന്നാലെ  ഓട്ടോയിൽ നിന്ന് എൽ സമ്മയും.