ലമ്പടാ.....
അയാൾ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കല്ല, ഒരോ മുറികളിലായി ഒരോരുത്തർ താമസിച്ചിരുന്നു. ആ വീട്ടിൽ ഒരു തത്തയും താമസിച്ചിരുന്നു. തത്ത അതിൻ്റെ കൂട്ടിൽ ഒറ്റയ്ക്കായിരുന്നു. അയാൾ തത്തയ്ക്ക് പഴങ്ങളും പയറും കൂട്ടിലിട്ടു കൊടുത്തു. തത്ത വളരെ വേഗത്തിൽ കറ് കറ്കറ്കറ് എന്ന് ഒക്കെ കൊത്തിത്തിന്നു. കുറെ പയർമണികളും പഴത്തിൻ്റെ നുറുക്കുകളും അഴികൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിച്ചുപോയി. തത്ത ഒരു ധാരാളിയായിരുന്നു.ഇനിയും കുറെയേറെ ഭക്ഷണപദാർത്ഥങ്ങൾ അയാളുടെ ശേഖരത്തിലുണ്ടാകുമെന്നും, തനിക്ക് വിശക്കുമ്പോൾ ആവശ്യാനുസരണം തന്നു കൊണ്ടിരിക്കുമെന്നുമുള്ള തത്തയുടെ അമിതമായ ആത്മവിശ്വാസമാണ് തത്തയെ അങ്ങനെയാക്കിത്തീർത്തത്.
അയാളുടെ ഭാര്യയും മകനും മകളും എന്തുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി മുറിക്കുള്ളിൽ അടച്ചു കൂടിയത് എന്ന് തത്തയ്ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. തത്തയ്ക്ക് അദ്ഭുതം തോന്നി, അതിലേറെ സംശയവും. സ്വാതന്ത്ര്യം അനുഭവിച്ച് യഥേഷ്ടം വിഹരിച്ചിരുന്നവർ ഒരോരുത്തരായി ആമ തോടിനുള്ളിലേക്ക് ഉൾവലിയുന്നത് പോലെ അപ്രതൃക്ഷരായി. തത്തയ്ക്ക് ഇടയ്ക്ക് അടക്കാനാവാത്ത ചിരിയും വന്നു. തന്നെ പാരതന്ത്ര്യത്തിൻ്റെ ലോകത്തിലേക്ക് പറഞ്ഞു വിട്ടവർ എന്ത് കാരണത്താലായാലും തന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കട്ടെ എന്ന് തത്ത ആത്മഗതം ചെയ്തു.
തത്തയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം അയാളും അടുത്ത മുറിക്കുള്ളിൽ കയറി കതകടച്ചു. തുറന്നു കിടന്ന ജനലിലൂടെ തത്ത അയാളെ കാണുന്നുണ്ടായിരുന്നു. പക്ഷേ അധികം താമസിയാതെ അയാൾ ആ ജനലും അടച്ചു. തത്തയ്ക്ക് ചിരി വന്നു. ഇപ്പോൾ എല്ലാരും തന്നെപ്പോലെയായി. തത്ത നിലമറന്ന് ചിരിച്ചു. ചിരിച്ച് ചിരിച്ച് തത്തക്ക് ചുമ വന്നു, കണ്ണുകളിൽ നീർ നിറഞ്ഞു. ചിരിച്ച് മടുത്ത തത്ത കൂട്ടിലിരുന്ന് വിശ്രമിച്ചു. തെല്ലിട കഴിഞ്ഞപ്പോൾ തത്തയ്ക്ക് വിശക്കാൻ തുടങ്ങി. തത്ത കൂട്ടിൽ തന്റെ ചുറ്റും കണ്ണോടിച്ചു. ചോളം കിടക്കുന്നുണ്ട്. പക്ഷെ അത് ഇഷ്ടമല്ലാത്തത് കൊണ്ട് തത്ത അത് തൊട്ടില്ല. അയാളെ തത്ത സാധാരണ വിളിക്കാറുള്ളത് പോലെ" ലമ്പടാ... ലമ്പടാ..." എന്ന് വിളിക്കാൻ തുടങ്ങി. അയാളുടെ പേര് ലംബോധരൻ എന്നായിരുന്നു. അയാളുടെ സുഹൃത്തുക്കൾ ഇരുണ്ട് തുടങ്ങുന്ന നേരങ്ങളിൽ മദ്യസേവയ്ക്കായി, അയാളെ," ലമ്പോ... എടാ..." എന്ന് നീട്ടി വിളിക്കുമായിരുന്നു. ആ വിളിയെ ഒന്ന് ഹ്രസ്വമാക്കി "ലമ്പടാ..." എന്ന് തത്ത വിളിച്ച് ശീലിച്ചിരുന്നു.
തത്തയുടെ വിളിക്ക് മറുപടിയൊന്നും വന്നില്ല. അപ്പോഴാണ് ഒരു മണിശബ്ദം കേട്ടത്. ആരോ കോളിംഗ് ബെൽ അടിച്ചതാണ്. തത്തയ്ക്ക് കാര്യം പിടികിട്ടി, ആരോ പുറത്ത് വന്നിട്ടുണ്ട്. ഒരു മുറിയുടെ വാതിൽ തുറന്നു. അയാളുടെ ഭാര്യ മുറിക്ക് പുറത്തിറങ്ങി പോയി മുൻവാതിൽ തുറന്നു കൊടുത്തു. തത്ത ചാഞ്ഞും ചെരിഞ്ഞും നോക്കി. ഇല്ല പരിചയമില്ല, അല്ല ഇനി പരിചയം ഉണ്ടെങ്കിൽ കൂടി മനസ്സിലാക്കാനും പറ്റാത്തവണ്ണം ഒരു തരം വെള്ള വസ്ത്രം കൊണ്ട് വന്നയാളുടെ ശരീരം മൊത്തം മൂടിയിരുന്നു. വായും മൂക്കും മൂടിയിരുന്നു, കണ്ണുകൾ മാത്രമാണ് പുറത്ത് കാണാവുന്നത്. അതുകൊണ്ട് തന്നെ വന്നത് ആണോ പെണ്ണോ എന്നത് പോലും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ജെൻഡർ ന്യൂട്രൽ വസ്ത്രമാണല്ലോ എന്ന് തത്ത ആശ്ചര്യപ്പെട്ടു. തത്ത അധികം ചിന്തിച്ച് തല പുണ്ണാക്കിയില്ല. അയാളുടെ ഭാര്യ വാതിൽ തുറന്നു കൊടുത്തതിന് ശേഷം തൻ്റെ യടുത്ത് വരുമെന്ന് തത്തയൊന്ന് പ്രതീക്ഷിച്ചു.പ്രതീക്ഷ അസ്ഥാനത്തായിരുന്നെന്ന് ഉടൻ തന്നെ തത്തയ്ക്ക് ബോധ്യപ്പെട്ടു. വന്നയാൾ ഏതാനും നിമിഷങ്ങൾക്കകം തിരികെ പോവുകയും അയാളുടെ ഭാര്യ മുറിയുടെ കതകടക്കുകയും ചെയ്തു. തത്തയ്ക്ക് പന്തീകേട് തോന്നിത്തുടങ്ങി.
ഇനിയും അയാളെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ തത്ത ചോളം കൊത്തിത്തിന്നാൻ തുടങ്ങി. തത്ത തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോളം കൊത്തിത്തിന്നു കൊണ്ടിരുന്നു. കുറച്ച് ചോള മണികൾ അഴികൾക്കിടയിലൂടെ താഴെ തറയിലേക്ക് തെറിച്ചുപോയി. തത്ത താഴെ വീണു പോയ ചോളമണികളിലേക്ക് നോക്കി. പെട്ടെന്ന് എന്തോ വെളിപാടുണ്ടായത് പോലെ സൂക്ഷിച്ചു തിന്നാൻ തുടങ്ങി. പകുതി ചോള മണികൾ തിന്നു കഴിഞ്ഞപ്പോൾ ബാക്കി പകുതി തത്ത നീക്കി വച്ചു. അടുത്ത ദിവസങ്ങളിൽ തത്ത വളരെ കുറച്ച് ചോളമണികൾ മാത്രം കഴിച്ചു. തത്ത ധാരാളിയല്ലാതായി തീർന്നു. മാത്രമല്ല ചോളമണികൾക്ക് നല്ല സ്വാദുള്ളതായും അനുഭവപ്പെട്ടു.
ചില ദിവസങ്ങളിൽ വെള്ള വസ്ത്രo ധരിച്ചവർ വരുകയും പോവുകയും ചെയ്തു. തത്തയുടെ ജീവിതത്തിൽ പക്ഷെ മാറ്റമൊന്നും വന്നില്ല. ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല. മറ്റൊരു ദിവസം വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ വന്ന് അയാളുടെ ഭാര്യയേയും മകനേയും മകളേയും എങ്ങോട്ടോ കൊണ്ടു പോയി. തത്തക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.
അന്ന് തത്ത ഒരു ചോളമണി മാത്രമാണ് തിന്നത്. ഒരു ചോള മണി മാത്രം ബാക്കിയായി. തത്ത അത് പൊന്നുപോലെ സൂക്ഷിച്ചു. തത്ത ഒരു ദീർഘദർശിയായി മാറിയിരുന്നു. മുറിക്കുള്ളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഭക്ഷണം കഴിച്ചിരുന്നത് എന്ന് തത്ത ആശ്ചര്യപ്പെട്ടു. പുറത്തേക്ക് തുറക്കുന്ന ജനലുകളിലൂടെ പുറത്ത് നിന്ന് ആരൊക്കെയോ ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത് തത്ത കണ്ടിരുന്നില്ലല്ലോ.
അടുത്ത ദിവസം ബാക്കിയായ ആ ഒറ്റ ചോളമണിയെ തത്ത മൂർച്ചയേറിയ കൊക്ക് കൊണ്ട് കൃത്യം രണ്ടായി ഭാഗിച്ചു. ഒരു പകുതി കഴിച്ചു. മറുപകുതി അടുത്ത ദിവസത്തേക്കായി നീക്കി വച്ചു, പക്ഷെ നിർഭാഗ്യകരം അഴികൾക്കിടയിലൂടെ ആ പകുതി താഴേക്ക് പതിക്കുകയാണുണ്ടായത്. തത്തയുടെ കണ്ണുകളിൽ അപായ സൂചനയുടെ ചിഹ്നം തെളിഞ്ഞു.
തത്തക്ക് വിശക്കുന്നുണ്ടായിരുന്നു. തത്തക്ക് സങ്കടം വന്നു, ദേഷ്യവും. തത്ത ചിറകുകൾ കൊണ്ട് കൂടിൻ്റെ അഴികളിൽ അടിച്ചു കൊണ്ടിരുന്നു. ചുണ്ടുകൾ കൊണ്ട് അഴികളിൽ കടിച്ചു. ഒടുവിൽ പിരിമുറുക്കത്തിൽ തത്ത തൻ്റെ ചിറകിൽ കടിച്ചു. മൂർച്ചയേറിയ ചുണ്ടുകൾ കൊണ്ട് വീണ്ടും വീണ്ടും കടിച്ചു. ഒടുവിൽ ഉപ്പുരസം അനുഭവപ്പെട്ടു തത്തയ്ക്ക്. തത്തയുടെ ചുവന്ന ചുണ്ടുകൾ കടും ചുവപ്പായി മാറി. തത്തയുടെ ചിറകിലെ തൂവലുകൾ ഒരോ ദിവസം ഒരോന്നായി മുറിഞ്ഞു വീണു. ചിറകിലെ തൂവലുകൾ തീർന്നപ്പോൾ വാലിലെ തൂവലുകളും മുറിഞ്ഞു വീഴാൻ തുടങ്ങി. തത്ത ചുവക്കെ ചിരിച്ചു. തത്ത ഒരു മൊട്ട തത്തയായി മാറി.
അയാൾ അപ്പോഴും മുറിക്കുള്ളിലായിരുന്നു. ഉണ്ടും ഉറങ്ങിയും കഴിഞ്ഞു കൂടിയ അയാൾക്ക് പക്ഷെ അന്ന് ജനാലയിലെ മുട്ടിവിളിയുണ്ടായില്ല. ഭക്ഷണപ്പൊതിയും വന്നില്ല. അയാൾ പുറത്തേക്കുള്ള ജനൽ തുറന്ന് കാത്തിരുന്നു. ഇല്ല, ആരും ഇല്ല.അയാൾ വരാന്തയിലേക്കുള്ള ജാലകം തുറന്നു. അവിടെയാണല്ലോ തത്തക്കൂട് തൂങ്ങിയിരുന്നത്. അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു. അയാൾ തത്തയെ നോക്കി. തത്ത അയാളെ നോക്കി ലമ്പടാ എന്ന് വിളിച്ചു. തത്ത മുളച്ച് വന്ന തൂവലിൽ കടിച്ചു. പിന്നെ ചുവക്കെ ചിരിച്ചു. അയാൾ തത്തയെ കൗതുകം കലർന്ന താത്പര്യത്തോടെ വീക്ഷിച്ചു. അയാളുടെ ചൂണ്ടുവിരൽ പതുക്കെ ചുണ്ടുകൾക്കിടയിലേക്ക് ഉയർന്നു.പല്ലുകൾക്കിടയിൽ അമർന്നു ഞെരിഞ്ഞു. ഉപ്പുരസം. അയാൾ തത്തയെ നോക്കി ചുവക്കെ ചിരിച്ചു.
( കോവിഡ് കാലത്ത് ഒരു തത്തക്കുണ്ടായ അനുഭവം)