Wednesday, 29 January 2020

ഓർമ്മയിലെ സ്നേഹവേരുകൾ



                    അത്താഴം കഴിച്ച പാത്രങ്ങൾ കഴുകി വച്ചതിനു ശേഷം,  കഴുകിയുണക്കിയ പുതപ്പുമെടുത്ത്  രാധമ്മ ചെല്ലുമ്പോൾ, ചരടു പൊട്ടിയ പട്ടത്തെ പോലെ ഗോപിമാഷിന്റെ മനസ്സ് എവിടെയൊക്കെയോ അലയുകയായിരുന്നു. മുറിയിൽ രാധമ്മയുടെ സാമീപ്യമറിഞ്ഞ ഗോപിമാഷ് :" ആ പൊതപ്പിങ്ങു തന്നേരേ, അപ്പുറത്താണ് വാല്യക്കാരിയുടെ മുറി.”

                   അടുത്ത മുറിയിൽ ഉറക്കത്തെ ക്ഷണിക്കാതെ സീലിങ്ങിൽ നോക്കി കിടക്കുമ്പോൾ, ഗോപിമാഷിന്റെ വാക്കുകൾ ഭാരിച്ച പാറക്കല്ലുകളായി നെഞ്ചിൻകൂടിനു മുകളിലിരുന്ന് ഹൃദയത്തെ ഞെരിച്ചു.രണ്ടു മൂന്നു ദിവസമായി മാഷിൽ ചില പന്തീകേടുകൾ കാണുന്നു. പരസ്പര ബന്ധമില്ലാത്ത സംസാരം, ഉറക്കക്കുറവ്....

             കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഒരോ സംഭവങ്ങൾ മനസ്സിലേക്ക് പാഞ്ഞു കയറി.നീലയും കറുപ്പും കലർന്ന വരയൻ ഷർട്ടും വെള്ളമുണ്ടു മുടുത്ത് കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകി കണ്ണടയെടുത്ത് മൂക്കിൻ പാലത്തിലുറപ്പിച്ച് പോകാനൊരുങ്ങുമ്പോൾ "ഇതെവിടേക്കാണെ"ന്ന് രാധമ്മ അന്വേഷിച്ചു.

               ഓടക്കാലിയിലേക്കെന്നു പറഞ്ഞിറങ്ങുമ്പോൾ രാധമ്മ യുടെ ഉള്ളിലൂടെ ചിന്തകൾ തീവണ്ടി പോലെ കൂകി പാഞ്ഞു." മാഷ് ആദ്യമാ യി ജോലിക്ക് ജോയിൻ ചെയ്തത് ഓടക്കാലിയിലെ സ്കൂളിലായിരുന്നു. അതിനുശേഷം എത്ര സ്കൂളുകൾ മാറിയിരിക്കുന്നു. ഇതിപ്പോ റിട്ടയർ ചെയ്തിട്ട് ഒന്നര വർഷമായി. പിന്നെ എന്തിനാണോ... തലയ്ക്കുള്ളിൽ ആ ചോദ്യചിഹ്നംകുരുങ്ങിക്കിടന്നു. മുറ്റത്തിറങ്ങിയ അദ്ദേഹം പക്ഷെ ഉടനെത്തന്നെ തിരികെ വീട്ടിലേക്ക് കയറി ഒന്നും മിണ്ടാതെ മുറിയിൽ പോയിക്കിടന്നു.

ഓർമ്മയുടെ കണ്ണികൾ എവിടെയൊക്കെയോ അറ്റു പോകുന്നുണ്ടെന്ന് രാധമ്മക്ക് ഒരു ഞെട്ടലുണ്ടായി.

ഒന്നു രണ്ടാഴ്ചകൾക്കു ശേഷമുള്ള ഒരു പകൽ.

ഗോപി മാഷ് ഊണു കഴിക്കാനിരുന്നപ്പോഴാണ് നന്ദൻ വീട്ടിലേക്ക് കയറി വന്നത്. മാഷിന്റെ എതിർവശത്തെ കസേരയിൽ നന്ദനിരുന്നു. കറുത്ത ഫ്രയിമിനകത്തെ കട്ടിലെൻസുകൾക്കുള്ളിലൂടെ മാഷ് അവനെ നോക്കി.

" അമ്മാവാ" .. നന്ദന്റെ വിളിയ്ക്ക് , ഭാവഭേദമൊന്നുമില്ലാത്ത നോട്ടമായിരുന്നു മാഷിന്റെ മറുപടി.

" ഇപ്പോ മരുന്നൊക്കെയുണ്ടോ?"

" എനിയ്ക്ക് വയ്യായ്കയൊന്നുമില്ല" എന്ന് മാഷ് നീരസം കാണിച്ചു.

" പെണ്ണമ്മേ" എന്ന ഗോപി മാഷിന്റെ നീട്ടി വിളിയുടെ അറ്റത്ത് ചോറും കറികളുമായി അവരെത്തി.

ഗോപിമാഷിന്റെ രസമുകുളങ്ങൾ അദ്ദേഹത്തിന്റെ അമ്മയുടെ കൈപ്പുണ്യത്തെ ഓർത്തെടുത്തു.

" ഇപ്പോഴുള്ള വേലക്കാരിക്ക് നല്ല കൈപ്പുണ്യാ... എന്റെ അമ്മയെ പോലെ"


" അമ്മായിയെ മറന്നോ.." എന്ന് നന്ദൻ തുടങ്ങിയപ്പോൾ തടഞ്ഞു കൊണ്ട്, മാഷ്  " അവള് മോളുടെ വീട്ടിൽ പോയിട്ട്..... പിന്നെ,.... ....."എന്ന് ഓർമ്മയുടെ വേരുകൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു."


" പെണ്ണമ്മേ"യെന്ന എന്ന അടുത്ത വിളിയുടെ അറ്റത്തായ് കൈ കഴുകാൻ വെള്ളവും തുടയ്ക്കാൻ ശീലയും മേശമേലെത്തി.

ശേഷം, ഗോപി മാഷ് ഉച്ചമയക്കത്തിലമർന്നു.

" പ്രശ്നങ്ങൾ കൂടിയോ അമ്മായീ.... " നന്ദൻ ആകുലപ്പെട്ടു.

" ഇടയ്ക്കൊക്കെ പഴയ കാര്യങ്ങളോർത്തെടുത്ത് സ്വയം പറഞ്ഞു കൊണ്ടിരിക്കും. പത്രത്തിൽ നോക്കി ഇമവെട്ടാതെ, ഒന്നും വായിക്കാതെ ഏറേ നേരം ചാരുകസേരയിൽ കിടക്കും. മാഷിന്റെ കൈപിടിച്ച് വന്ന് കേറുമ്പോ പാചകമൊന്നും എനിക്ക്  വശമില്ലായിരുന്നു. എന്നെ മാഷിന്റെ അമ്മയാണ് ഒക്കെ പഠിപ്പിച്ചത്. പിന്നീട് എന്നോട് പറയും" ങും... എന്റെ അമ്മേടെ കൈപുണ്യം നിനക്കുമുണ്ട്." രാധമ്മയുടെ ശബ്ദത്തിൽ തേങ്ങലിന്റെ ഇടർച്ചയുണ്ടായി. പണ്ടൊക്കെ സ്നേഹം കൂടുമ്പോ " രാധമ്മാ " ന്നു തെകച്ചു വിളിക്കില്ല..." രാമ്മ" അത്രേ വിളിക്കൂ."ആ ഞാനിപ്പോ പഴയ അടിച്ചു തളിക്കാരി  പെണ്ണമ്മയായെ"ന്നവർ തേങ്ങി.

നന്ദന്റെ ഉപദേശ പ്രകാരമാണ് അവർ പഴയ ഓർമ്മകളെ, ക്ലാവു പിടിച്ച ഓട്ടുപാത്രങ്ങളെന്ന പോലെ വിളക്കിയെടുക്കാൻ ശ്രമിച്ചത്.പ്രണയം തളിർത്ത നാളുകളിൽ ഒന്നു ചേർന്നു പാടിയ ഈണങ്ങളിലൊന്ന് വീണ്ടും കേൾപ്പിച്ച പ്പോൾ മാഷിന്റെ കണ്ണുകളിൽ ഓർമ്മകൾ തിരയിളക്കി.

മുറപ്പെണ്ണിനെ കെട്ടാനുള്ള മാഷിന്റെ വീട്ടുകാരുടെ നിർബന്ധത്തെ തോൽപിച്ച് രാധമ്മയുടെ കഴുത്തിൽ മിന്നുചാർത്തിയതിനെപ്പറ്റി അവർ വാചാലയായപ്പോൾ മാഷിന്റെ അധരങ്ങളിൽ ചെറുചിരി മൊട്ടിട്ടു.

അലമാരയുടെ അടിത്തട്ടിൽ നിന്നും താളുകൾ ഇളകിയ, അരികുകളിൽ, പൂപ്പൽ മഞ്ഞപടർത്തിയ പൂർവകാല ഫോട്ടോകൾ മാഷിന്റെ മുന്നിൽ നിരത്തുമ്പോൾ രാധമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം കത്തി. മാഷിന്റെ മുഖത്ത് പ്രകാശം പരക്കുകയും കവിളുകൾ തുടുക്കുകയും മിഴികൾ വിടരുകയും ചെയ്തു. വിറയാർന്ന വിരലുകൾ ഫോട്ടോകളിലൂടെ മൃദുവായി സഞ്ചരിച്ചു." രാധമ്മ" മാഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

വലം കൈത്തലം മാറിൽ അമർത്തി" രാധമ്മ" എന്ന് അവർ ഉരുവിട്ടു കൊണ്ടിരുന്നു. ഗോപി മാഷിന്റെ കണ്ണുകൾ അവരുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക്, ഹൃദയത്തുടിപ്പോടെ സഞ്ചരിച്ചു." രാധമ്മ" യെന്ന് മാഷിന് കണ്ഠമിടറി.സ്നേഹത്തിന്റെ വറ്റാത്ത ഉറവ തേടി, വീണ്ടും   ഓർമ്മയിലെ സ്നേഹ വേരുകൾ. എല്ലാ സ്നേഹവും വാരിപ്പിടിച്ച് രാധമ്മ ഗോപി മാഷിനെ ദൃഢാലിംഗനത്തിലമർത്തി.  അവരുടെ ചെവിക്കു പിന്നിലായി മാഷിന്റെ ചുണ്ടുകൾ തണുപ്പ് പടർത്തി.