Monday, 17 September 2018

ശിവാനിക്കുളം

                              ഓഫീലെത്തുമ്പോൾ പ്യൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "സാറന്മാരൊക്കെ ഊണു കഴിക്കാൻ പോയേക്കാണ്. ഒരരമുക്കാ മണിക്കൂർ കഴിഞ്ഞേ വരൂ. വിഷ്ണു വാച്ചിലേക്ക് നോക്കി. സമയം രണ്ടരയായിരിക്കുന്നു." ഇത്ര വൈകിയാണോ ഇവരൊക്കെ ഭക്ഷണം കഴിക്കുന്നത്?

                           ഒരു മണിക്കൂറത്തെ കാര്യമല്ലേയുള്ളൂ.. ഈ ചുറ്റുവട്ടത്ത് തന്നെ സമയം പോക്കാമെന്ന് കരുതി അയാൾ മെല്ലെ നടന്നു. "നാളെ നാളെ നീളെ നീളെ."നാളേയ്ക്കു വയ്ക്കുന്ന കാര്യങ്ങൾ ഒക്കെ ഗണപതിക്കല്യാണം പോലാ. തന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അലസത കൂടെപ്പിറപ്പാണ്. സ്കൂൾ പഠന കാലത്തും അദ്ധ്യാപകരിൽ നിന്നും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് ഇതാണ്." നിന്റെ യീ അലസത മാറ്റി വച്ചാൽ നീ ഉയരങ്ങളിൽ എത്തിച്ചേരും."

                        "പ്രസിദ്ധീകരിച്ചു വന്ന എല്ലാ കവിതകളും തന്നെ സുഹൃത്തുക്കൾ താൻ കാണാതെ എടുത്തു കൊണ്ടു പോയ് പോസ്റ്റ് ചെയ്തതും പത്രമാഫീസിൽ കൊടുത്തതും ഒക്കെയാണ്. മടിയനാണെങ്കിലും ഇത് രണ്ടാമത്തെ എം.എ യാണ് ഇപ്പോൾ എടുക്കാൻ പോകുന്നത്. ഈ വെള്ളിയാഴ്ചയ്ക്കകം പരീക്ഷാഫീസ് അടയ്ക്കണം. ഇന്ന് ചൊവ്വ. വിഷ്ണു ഓർത്തു. ആദ്യമായിട്ടായിരിക്കും താൻ അനുവദിച്ചിട്ടുള്ള അവസാന ദിവസത്തിനു മുൻപേ ഒരു കാര്യം ചെയ്യാൻ പോകുന്നത്."

                        ഇരുവശങ്ങളിലും ചെടിച്ചട്ടികളിൽ ചെടി വളർന്നു നിൽക്കുന്ന ടാറിട്ട വഴിയിലൂടെ അയാൾ നടന്നു. പത്തു മീറ്ററോളം നടന്നു കഴിഞ്ഞപ്പോൾ ടാറിട്ട വഴി ഇടത്തേക്ക് ചരിഞ്ഞു പോകുന്നിടത്ത് നിന്ന് ചെമ്മൺ പാത തുടങ്ങി. ഓഫീസ് കെട്ടിടങ്ങൾ അവിടെ അവസാനിക്കുന്നു. ആ വലിയ കാമ്പസിൽ കുറച്ചു ദൂരേ മാറി ബോയ്സ് ഹോസ്റ്റലാണ്. അയാൾ വശങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്ന ചെമ്മൺ പാതയിലൂടെ നടത്തം തുടർന്നു.  ഇടത്തേക്ക് തല അൽപം ചരിച്ച് ഹോസ്റ്റലിലെ രണ്ടാം നിലയിലെ അറ്റത്തെ മുറിയിലേയ്ക്ക് നോക്കി. എം.എ മലയാളം പഠിച്ചിരുന്ന കാലത്ത് അയാളുടെ വാസസ്ഥലമായിരുന്ന മുറി. ആ മുറി കാഴ്ചയിൽ ഒരു വ്യത്യാസവുമില്ലാതെ തുടരുന്നു. ഇളകിയിരുന്ന ജനൽപ്പാളി അതേ അവസ്ഥ തുടരുന്നു.

                      ആ ജനൽപ്പാളി തുറന്നാൽ പിന്നെ അതിനെ വരുതിയിലാ ക്കണ മെങ്കിൽ താഴേക്കു തൂങ്ങിയ ജനൽപ്പാളിയെ താഴെപ്പിടിച്ച് ഉയർത്തി ജനലൊപ്പമെത്തിച്ച് പിന്നെ ഒരാൾ വരാന്തയിലിറങ്ങി  പുറത്ത് നിന്ന് ഒരു കുത്തും കൊടുത്ത് യഥാസമയം അകത്ത് നിന്ന് മറ്റൊരാൾ കുറ്റിയിടുകയും വേണം. ഇളം മഞ്ഞ നിറത്തിലുള്ള ചുമരിൽ പെയിന്റ് പിന്നെ അടിച്ചിട്ടില്ല. അന്ന് കയറിയ പച്ചപ്പാവിക്ക് കുറച്ചു കൂടി കട്ടി കൂടിയിരിക്കുന്നു. തുറന്നിട്ട ജനാലക്കമ്പിയിലും വരാന്തയുടെ അറ്റത്ത് കുത്തിച്ചാരി നിർത്തിയ മുളയിലുമായി കെട്ടിയ അഴയിൽ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ അല്പം മുമ്പു പെയ്ത മഴയിൽ നനഞ്ഞൊട്ടി കിടക്കുന്നു.

                   ചെമ്മൺ പാതയിലൂടെ ഓരോ അടി വയ്ക്കുമ്പോഴും നനഞ്ഞ മണ്ണ് ചെരുപ്പിൽ തട്ടി തെറിച്ചു കൊണ്ടിരുന്നു. വാക മുത്തശ്ശി ഇപ്പോഴും പൂത്ത് നിൽക്കുന്നു. ഈ വാകമരത്തിന് എത്ര പ്രായമുണ്ടാകും. അയാളുടെ നിഗമനത്തിൽ ഒരു നൂറ് വയസ്സിനുമേൽ കാണും. വാകമുത്തശ്ശി വിരിച്ച ചുവന്ന പരവതാനി മേൽ നടന്ന് അയാൾ ആ വിശാലമായ കുളത്തിനരികിൽ എത്തി.

                    ഒരര മണിക്കൂർ സമയം പോക്കാൻ ഏറ്റവും പറ്റിയ സ്ഥലം. ഇത്ര പ്രകൃതിരമണീയമായ സ്ഥലത്തിരുന്നാൽ മണിക്കൂറുകൾ കടന്നു പോകുന്നത് അറിയുകയേയില്ല. വലിയ കുളത്തിനു ചുറ്റുമായി ഇരുമ്പു ബെഞ്ചുകൾ തുരുമ്പിച്ചു കിടന്നു. വീണു കിടന്നിരുന്ന വെള്ളത്തുള്ളികളെ അവഗണിച്ചു കൊണ്ട് മുളങ്കാടുകൾ തിങ്ങി നിൽക്കുന്നതിനടുത്തെ കസേരയിൽ അയാളിരുന്നു. ഉണങ്ങിയ മുളയിലകൾ മഴനനഞ്ഞ് മണ്ണിൽ പതിഞ്ഞു കിടന്നു. ചുറ്റും പലയിനം മരങ്ങൾ ഇടതൂർന്ന് വളർന്നു നിന്നു.. ജലപ്പരപ്പിൽ പച്ചയും മഞ്ഞയും നിറങ്ങളിലുള്ള ഇലകൾ വീണു കിടന്നു. കിളികളുടെ കലപില ശബ്ദവും കർണപുടം തുളയ്ക്കുന്ന ചീവീടിന്റെ ശബ്ദവും അന്തരീക്ഷത്തെ മുഖരിതമാക്കി. അയാൾ വെള്ളത്തിലേക്ക് നോക്കിയിരുന്നു.  ജലോപരിതലത്തിനുമേൽ ചില ഉണ്ടക്കണ്ണുകൾ പൊങ്ങി കിടക്കുന്നു.പ്രാണികളെ കാത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തവളകളെ പണ്ട്, കുട്ടിക്കാലത്ത് പാട വരമ്പിലൂടെ നടക്കുമ്പോൾ മാത്രമാണ് കണ്ടിട്ടുള്ളത്.  സയൻസ് ലാബുകളിൽ മലർത്തിയിട്ട് കീറുന്ന പകുതി ജീവനുള്ള തവളകളെയാണ് പിന്നെ കണ്ടിട്ടുള്ളത്. രോമ കൂപങ്ങളെ ഉണർത്തിക്കൊണ്ട് തണുത്ത കാറ്റ് ശരീരത്തെ തഴുകിക്കൊണ്ട് കടന്നു പോയി.

                        അയാൾ ഇതു വരെ കണ്ടിട്ടില്ലാത്തതും ഇനി കാണാനിടയില്ലാത്തതുമായ ശിവാനിയെ കുറിച്ചോർത്തു. ശിവാനി ഒരു കേട്ടറിവ് മാത്രമാണയാൾക്ക്. കാലങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരതിസുന്ദരി. മലയാളം എംഎ പഠനകാലത്ത് ഹോസ്റ്റൽ അന്തേവാസികൾക്കിടയിൽ ശിവാനിക്കഥകൾ നിറഞ്ഞു നിന്നു. ചെമ്പകപ്പൂവിന്റെ നിറം, നിതംബം മറഞ്ഞു കിടക്കുന്ന ഇടതൂർന്ന ചുരുണ്ട മുടി, വടിവൊത്ത ശരീരം, ചുവന്ന കല്ലു തിളങ്ങുന്ന മൂക്കുത്തി.... ആ കഥകൾ കേട്ടാൽ ആരായാലും ശിവാനിയെ മനസാ ഒന്നു പ്രണയിച്ചു പോകും. കഥകൾ പറഞ്ഞിരുന്ന ആരും ശിവാനിയെ കണ്ടിട്ടില്ല. കഥകൾ പറഞ്ഞു കേട്ട്, പിന്നെ കൈമാറി കൈമാറി അങ്ങനെ ശിവാനിയിന്നും ഹോസ്റ്റലിലെ ഒരോ കോണുകളിലും ജീവിക്കുന്നു.

                     ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ശിവാനി. ഒരന്തർജ്ജനം അന്നൊക്കെ കോളേജിൽ പഠിക്കാൻ പോകുന്നത് അസാധാരണമായിരുന്നു. പലരും മോഹിച്ചിരുന്നെങ്കിലും അവൾ ഇഷ്ടപ്പെട്ടതും, അവളോട് ഇഷ്ടം പറഞ്ഞപ്പോൾ മറുത്തൊരക്ഷരം പറയാതെ സമ്മതം മൂളിയും അവളെ പഠിപ്പിച്ചിരുന്ന ഫ്രഡറിക് മാഷിനോടായിരുന്നു. പ്രപഞ്ചശക്തികൾ തോറ്റു പോകുന്ന പ്രണയം.പിന്നീട് ശിവാനിയുടെ വീട്ടുകാരുടെ എതിർപ്പ്, ശിവാനിയുടേയും പ്രൊഫസറുടേയും തിരോധാനം, അന്വേഷണങ്ങൾ, അഭ്യൂഹങ്ങൾ, കെട്ടുകഥകൾ.... രണ്ടു പേരും കൂടി മദിരാശിയിലെത്തി എന്ന അഭ്യൂഹത്തിന് ആയുസ്സ്   നാലാം നാൾ ശിവാനിയുടെ മൃതദേഹം കുളത്തിൽ പൊങ്ങുന്നത് വരേ ഉണ്ടായുള്ളൂ. ശിവാനിയുടെ മരണം ആത്മഹത്യയെന്നും കൊലപാതകമെന്നും രണ്ടു വിധം വാദമുഖങ്ങളുയർന്നു. ഫ്രഡറിക്കിനെ വർഷങ്ങൾക്കു ശേഷം വയനാട്ടിന്റെ ഏതോ ഭാഗത്ത് കണ്ടെന്നു ചിലർ,ശിവാനിയുടെ ശരീരം കണ്ടെത്തിയ കുളത്തിൽ നിന്ന്‌ മാസങ്ങൾക്കു ശേഷം കണ്ടെത്തിയ അസ്ഥികൂടം ഫ്രഡറികിന്റേതായിരുന്നെന്ന് ആണയിട്ടു മറ്റു ചിലർ. ഈ വാദം ശരി വയ്ക്കുന്ന ചില വയോധികരെ ഇപ്പോഴും കാണാം. ഫ്രെഡറിക് പോയ് തുലയട്ടെ.

                    എന്തായാലും ശിവാനി ഇന്നും എല്ലാരുടേയും മനസ്സിലുണ്ട്. എന്തിനേറെ പറയുന്നു അയാളിരിക്കുന്ന കുളത്തിനു പോലും ശിവാനിക്കുളമെന്നാണ് പേര്. ശിവാനി മരിച്ച കുളമായത് കൊണ്ട് ശിവാനിക്കുളം. വീണ്ടും ശിവാനിയെ ഈ കുളത്തിലും പരിസരത്തുമായി കണ്ടിട്ടുണ്ടെന്നു പറയുന്നവരുമുണ്ട്. മുല്ലപ്പൂവിരിഞ്ഞു തുടങ്ങുന്ന സന്ധ്യാസമയങ്ങളിൽ  ചില്ല് ചിതറുന്ന പോലുള്ള അവളുടെ ചിരി പലരിലും ഉന്മാദ മുണർത്തിയിരുന്നു. മുമ്പെപ്പോഴോ നാട്ടുകാർ ഈ കുളത്തിൽ കുളിക്കാറുണ്ടായിരുന്നെന്നും പിന്നീടാണ് കുളമിരിക്കുന്ന സ്ഥലം കൂടി ഉൾപ്പെടുത്തി ക്യാംപസ് മതിൽ ഉയർന്നതെന്നും കേട്ടുകേൾവി. പകൽ പോലും ഈ കുളത്തിനരികിൽ പോകാൻ ജനങ്ങൾക്ക് ഭീതിയാണ്. കുളത്തിനരികിൽ പോയിരിക്കുന്നവരെ ശിവാനിയാകർഷിക്കുമെന്നും കുളത്തിലേക്ക് വലിച്ചു കൊണ്ടു പോകുമെന്നു മൊക്കെയാണ് കഥകൾ. ശിവാനിയുടെ മരണശേഷം പല കാലങ്ങളിലായി അഞ്ചാറു പേർ ആ കുളത്തിൽ മരിച്ചിട്ടുണ്ടെന്നതാണ് കേട്ടറിവ്.

                   വിഷ്ണുവിന് യക്ഷിക്കഥകൾ കേൾക്കാൻ ഇഷ്ടമാണ്. വേറൊന്നുമല്ല, ഈ കഥകൾ പറയുന്നവരുടെ ഭാവന മാനം മുട്ടെയാണ്. നേരിട്ടറിയുന്ന കാര്യങ്ങളെന്ന ഭാവേനയാണ് വിശദീകരണങ്ങൾ. അതിശയോക്‌തിക്ക് ഒരു അറുതിയും കാണില്ല. സ്വാഭാവികതയുടെ ഒരംശം പോലുമില്ലാത്ത കഥകൾ പറഞ്ഞ് പറഞ്ഞ് അതൊക്കെ ചരിത്രമാക്കി മാറ്റും. പക്ഷെ ആ കഥകൾക്കൊക്കെ ഒരു ഭംഗിയുണ്ടെന്നത് സത്യം തന്നെ. എന്നിട്ട് ഈ കഥകൾ പറയുന്നവൻ മാര് തന്നെ പേടിച്ച് അരേല് ഏലസ് കെട്ടി നടക്കും. ശരീരത്ത് കെട്ടാവുന്നിടത്തൊക്കെ ചരടുകൾ ജപിച്ചു കെട്ടും.

                    എന്തു കൊണ്ടോ അയാൾക്കിതിലൊന്നും വിശ്വാസം തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഭീതിയുമില്ല. അതു കൊണ്ടാണല്ലോ ഈ അരമണിക്കൂർ നേരം പോക്കാനായി ഈ കുളക്കര തന്നെ തെരഞ്ഞെടുത്തതും. ഇനി ഈ പറഞ്ഞതു പോലെ ശിവാനി കുളത്തിൽ നിന്ന് കയറി വന്നാലും സന്തോഷം തന്നെ. കുറച്ചു നേരം ലോഹ്യം പറഞ്ഞിരിക്കാമല്ലോ. കാറ്റത്ത് ഇല്ലിക്കാടുകൾ ആടിയുലഞ്ഞു. ഇലകൾ പൊഴിഞ്ഞു. ചുറ്റും കണ്ണോടിച്ചയാൾ ഇരുന്നു.

                   നാലു വർഷം മുൻപുള്ള എം എ മലയാളം പഠന കാലം. ഒരിടവപ്പാതിക്കാലമായിരുന്നു. ഹോസ്റ്റൽ മുറിയിൽ സഹമുറിയന്മാരായ ഞങ്ങൾ നാലു പേരിരുന്ന് സൊറ പറഞ്ഞിരുന്ന ഒരു രാത്രി. പെട്ടെന്നാണ് കറണ്ട് പോയത്. ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു. കുറ്റിയിടാതെ ചാരി വച്ചിരുന്ന ജനൽപ്പാളി തുറന്ന് വല്ലാത്തൊരു ശബ്ദത്തോടെ പുറം ചുമരിൽ പോയിടിച്ചു നിന്നു. ആ ജനാലയിലൂടെ നോക്കിയാൽ കാണാം ഇപ്പോൾ അയാളിരിക്കുന്ന ഈ ബെഞ്ചും കുളവും.

" എന്തൊരു തണുത്ത കാറ്റ്. എടാ.. ജനാലയിലൂടെ മഴച്ചാറ്റൽ അകത്തു കയറുന്നെടാ.. ആ ജനാലയടച്ചിട്"..... വിഷ്ണു വിളിച്ചു പറഞ്ഞു.

" നീയടച്ചിട്.... ഈ രാത്രീല് എനിക്കൊന്നും പറ്റില്ല വരാന്തേലേക്കിറങ്ങാൻ...." ജയശങ്കർ അത് പറഞ്ഞ് കാലുകൾ കൂടി കസേര മേലേക്ക് പിണച്ചു വച്ചു.

 നേരത്തേ പറഞ്ഞല്ലോ... ആ ജനാലയടക്കാൻ രണ്ടു പേർ ഒന്നിച്ചു ശ്രമിക്കണം. ഒരാൾ അകത്തു നിന്നും മറ്റൊരാൾ പുറത്തുനിന്നും.

                   അപ്പോഴാണ് രതീശൻ പറഞ്ഞത്" നീ പുറത്ത് പോയി തള്ളിത്തരാമെങ്കിൽ ഞാനിവിടന്നു കുറ്റിയിടാം." ഉള്ളിൽ നിന്ന് ജനലിനടുത്തേക്ക് ചെല്ലാൻ പോലും മറ്റാരും ധൈര്യം കാണിക്കാത്ത നേരത്താണ് രതീശൻ ഇത്രയെങ്കിലും ധൈര്യം പറഞ്ഞത്. ശരിയെന്ന് പറഞ്ഞ് അയാൾ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ്... രതീശൻ പറഞ്ഞത്" വിഷ്ണൂ... ഇറങ്ങല്ലേ... നീയിങ്ങുവാ... ഇതിലൂടെ നോക്ക് ആ കൊളത്തിലേക്ക്.... ഒരു പെണ്ണ്.... ഇത് അത് തന്നെ.... "ഇരുട്ടിൽ അവന്റെ കണ്ണുകൾ തിളങ്ങി.

                " ഒന്നു പോടാ.. ആ വളവിലെ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ ആ വാഴക്കൈ നിന്നാടുന്നതാ ആ കാണണേ.. അല്ലാതെയക്ഷീം ഭൂതോന്നൂ അല്ല. പിന്നേ.. പെണ്ണിന് വട്ടല്ലേ ഈ രാത്രീല് കൊതുകുകടീം കൊണ്ട് കൊളക്കരേല് വന്ന് നിക്കാൻ."

                  വിഷ്ണു രതീശൻ പറഞ്ഞത് തീരെ വക വയ്ക്കാതെ വാതിൽ തുറന്ന് വരാന്തയിലിറങ്ങി. ജനാല പുറത്ത് നിന്ന് ശക്തമായി തള്ളി രതീശൻ ഉള്ളിൽ നിന്ന് കുറ്റിയിട്ടു. ജയശങ്കറും അൻവറും നേരത്തേ തന്നെ അവരവരുടെ കിടക്കയിൽ കയറി പുതച്ചു മൂടി കണ്ണ് മിഴിച്ച് ചെവിവട്ടം പിടിച്ച് കെടക്കുകയാണ്. കുറച്ചു നേരം കഴിഞ്ഞു. വിഷ്ണു അകത്തേക്ക് കയറി വന്നിട്ടില്ല. രതീശനാണെങ്കിൽ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കാൻ മാത്രമുള്ള ധൈര്യമില്ല. വാതിൽ ചാരിക്കിടന്നു. ചെറിയ കാറ്റത്ത് അത് അങ്ങുമിങ്ങും ആടിക്കൊണ്ടിരുന്നു. ജനൽപ്പാളി വീണ്ടും തുറന്നു നോക്കാനും രതീശന് ഭയം തോന്നി. വിഷ്ണു എവിടെയാണ്. എന്താണ് പറ്റിയത്? ജയശങ്കറും അൻവറും കണ്ണു മിഴിച്ച് ഒരേ കിടപ്പു തുടർന്നു.

                സമയം ഇഴഞ്ഞു നീങ്ങി. രതീശൻ ധൈര്യം സംഭരിച്ച് വാതിലിനടുത്തേക്ക് നീങ്ങി. ചാരിക്കിടന്ന വാതിലിനടുത്തേക്ക് രതീശന്റെ വിറയാർന്ന കൈകൾ നീണ്ടു. പെട്ടെന്നാണ് ഒരു ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടത്. രതീശൻ ഒരലർച്ചയോടെ പിന്നാക്കം നീങ്ങി. ജയ ശങ്കറും അൻവറും ഒന്നു കൂടി ചുരുണ്ടു കൂടി.

              " എന്തിനാടാ ചെക്കന്മാരേ നീയൊക്കെ ആണാന്നും പറഞ്ഞ് തൂക്കി ഇട്ടോണ്ട് നടക്കുന്നേ?" എന്ന് പറഞ്ഞു കൊണ്ട് വിഷ്ണു അകത്തേക്ക് കയറി വാതിലടച്ചു. രണ്ടു മൂന്നു വട്ടം ചിമ്മി ചിമ്മി പിന്നെ കറണ്ട് വന്നു. ആമ തോടിനുള്ളിൽ നിന്ന് തല വെളിയിൽ ഇടും പോലെ പുതപ്പിനടിയിൽ നിന്നും ജയശങ്കറിന്റേം അൻവറിന്റേം തല വെളിയിൽ വന്നു.

              " നിനക്ക് വല്ലാത്ത ധൈര്യം തന്നെടേ" എന്ന് രതീശൻ അദ്ഭുതം കൂറി."
              " ചുമ്മാതല്ലെടാ എനിക്ക് വിഷ്ണു വെന്ന് പേരിട്ടത്. വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടാ ഞാൻ ജനിച്ചതെന്നമ്മ പറഞ്ഞിട്ടുണ്ട്."

                 " നരച്ച ഷർട്ടൂട്ട്, മുണ്ടുമുടുത്ത് ഊശാൻ താടീം തടവിനടക്കുന്നൊരു വിഷ്ണു... കൂട്ടുകാർ മുമ്പു കളിയാക്കിയിരുന്നതയാൾ ഓർത്തു.രണ്ട് പെൺമക്കൾ ജനിച്ചതിനു ശേഷം ഒരാൺ കുട്ടിയുണ്ടാകാൻ വേണ്ടി കൊതിച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് വിഷ്ണുവിന്റെ ജനനം. വീടിന്റെ അൽപം കിഴക്കുമാറിയുള്ള ഒരു ചെറിയ ക്ഷേത്രം. കൃഷ്ണനാണ് അവിടത്തെ പ്രതിഷ്ഠ.  രാവിലെ മുതൽ ഉച്ചവരെ കൃഷ്ണന്റെ ഭാവത്തിൽ, പക്ഷെ വൈകിട്ടായാൽ ആളുമാറി.. പിന്നെ വിഷ്ണുവായിരിക്കും. അതായിരുന്നു ആ ക്ഷേത്രത്തിലെ സങ്കൽപം. വിഷ്ണുഭാവത്തിലിരിക്കുന്ന സമയങ്ങളിൽ തുടർച്ചയായി ഒൻപത് ദിവസം ചെന്ന് തൊഴുതാൽ ഉദ്ദേശിച്ച കാര്യം നടക്കും. പക്ഷെ സാധാരണ നിലയിൽ ഒൻപത് ദിവസങ്ങൾ അടുപ്പിച്ച് തടസ്സം കൂടാതെ ക്ഷേത്രത്തിൽ പോകാൻ സാധിക്കാതെ എന്തെങ്കിലും തടസ്സം വന്നു പെടും എന്നാണ് പഴമക്കാർ പറയുന്നത്. അത്രയും ഈശ്വരാധീനം ഉള്ളവർക്ക് മാത്രമേ മുടക്കം കൂടാതെ ഈക്കാര്യം സാധ്യമാകൂ. അങ്ങനെ അയാളുടെ അമ്മ ഒൻപത് ദിവസം തുടർച്ചയായ് തൊഴുതതിന്റെ ഫലമായ് ഉണ്ടായത് കൊണ്ടാണ് വിഷ്ണുവെന്ന് പേരിട്ടത്. വിഷ്ണുവിന്റെ ചൈതന്യം തന്റെ മകനിൽ  പ്രകാശിക്കുന്നു എന്നാണ് അവന്റെ അമ്മയുടെ അവകാശവാദം.

                  കാരണമെന്തായിരുന്നാലും വിഷ്ണുവിന് ഒരു പ്രത്യേക ധൈര്യമുണ്ടായിരുന്നു ചെറുപ്പം മുതലേ. അവന്റെയുള്ളിൽ വിഷ്ണു കുടിയിരിക്കുന്നു എന്ന് അമ്മ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിച്ചതിന്റെ ഒരു ധൈര്യമായിരിക്കും. ഇപ്പോഴാണേൽ പോരാത്തതിന് സൈക്കോളജി പഠനവും. അത് എല്ലാ കാര്യങ്ങളിലും ഒരു മനശ്ശാസ്ത്രപരമായ സമീപനം ഉണ്ടാക്കാൻ അയാളിൽ പ്രേരണ ചെലുത്തി ക്കൊണ്ടിരുന്നു.

                    വീണ്ടും മുള ങ്കാടുകൾക്കിടയിലൂടെ വന്നൊരു കാറ്റ് കുളത്തിലെ ജലപ്പരപ്പിലൂടെ ഒഴുകിയെത്തി അയാളുടെ കവിളിൽ തലോടി. വല്ലാത്ത സുഖമുള്ളൊരു കാറ്റ്. കുളത്തിനു ചുറ്റും എന്തെല്ലാം തരം മരങ്ങളാണ്. നാഗലിംഗമരം, ഞാവൽ മരം, പാല, ചെമ്പകം പിന്നെ പേരറിയാത്ത കുറെ വൻ മരങ്ങളും. പാമ്പുകളെ പ്പോലെ മരങ്ങളിൽ നിന്നിഴഞ്ഞിറങ്ങി വരുന്ന വേരുകൾ പരസ്പരം ഇണ ചേർന്നു കിടന്നു. സത്യത്തിൽ ഈ മരങ്ങളും കുളവും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പണ്ടത്തെ ഏതോ ഒരു ദീർഘദർശി കൊരുത്തെടുത്തതായിരിക്കും ഈ ശിവാനിക്കഥ.ഭയം  പടർന്നു പന്തലിക്കുന്ന ഒരു വള്ളിച്ചെടിയേപ്പോലെയാണ്. ചുറ്റിപ്പിണഞ്ഞാൽ പിടി വിടുവിക്കുക ദുഷ്കരം തന്നെ. ശിവാനിക്കഥ കഥകളും ഉപകഥകളുമൊക്കെയായി കെട്ടുപിണഞ്ഞ് പടർന്ന് പന്തലിച്ചു.

                     വളർന്നു നിൽക്കുന്ന അപൂർവ്വ വൃക്ഷലതാദികളെ നശിപ്പിക്കാതിരിക്കാൻ, വരും തലമുറകൾക്കായ് കരുതിവയ്ക്കാൻ ക്രാന്തദർശികളായ ആരുടെയൊക്കെയോ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയങ്ങളല്ലേ സർപ്പക്കാവുകളും സർപ്പകോപവും മറ്റും. പണ്ട് സ്കൂൾ അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ വിശാലമായ പറമ്പിന്റെ ഒരറ്റത്ത് ഉണ്ടായിരുന്ന സർപ്പക്കാവ് അയാളുടെ ഓർമ്മയിൽ വിരിഞ്ഞു. ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന ചിതൽപ്പുറ്റുകൾ. അവ കാണുമ്പോൾ തന്നെ അയാളുടെ ചേച്ചിമാർക്ക് ഭീതിയായിരുന്നു,അതിനടുത്ത് നിൽക്കുന്ന ഞാവൽ മരത്തിലെ കുടുകുടെ പഴുത്തു കിടക്കുന്ന ഞാവൽപ്പഴങ്ങൾ കാണുമ്പോൾ  കൊതിയും.

                      അന്നൊക്കെ അതിസാഹസികമായി വിഷ്ണു ആ മരത്തിൽ കയറുകയും തോളിൽ തൂക്കിയ ബാഗിൽ കടും വയലറ്റ് നിറത്തിലുള്ള പഴുത്ത ഞാവൽപ്പഴങ്ങൾ ശേഖരിച്ച് കൊണ്ടുവരുകയും ചെയ്തിരുന്നു. ആ കാവിനകത്ത് കയറരുതെന്നും വിലക്ക് ലംഘിച്ചാൽ സർപ്പകോപമുണ്ടാകുമെന്നുമാണ് അമ്മ പറഞ്ഞു പഠിപ്പിച്ചിരുന്നത്. പക്ഷേ വിഷ്ണുവിന് അന്നേ ഇതിലൊന്നും വിശ്വാസമോ പേടിയോ ഇല്ലായിരുന്നു. പ്രകൃതിയിലെ വിഭവങ്ങൾ പ്രകൃതിയുടെ മക്കൾക്കവകാശപ്പെട്ടതാണ്. ആ പഴങ്ങൾ  മരത്തിൽക്കയറി യെടുത്താൽ എന്താണു കുഴപ്പം. ഞാവൽപ്പഴം തിന്നുന്ന അണ്ണാനും കിളികൾക്കുമൊക്കെ യുണ്ടാകുമോ സർപ്പകോപം?


                       അപ്പൂപ്പനും അമ്മയ്ക്കുമൊക്കെ കാഴ്ച കുറവായിരുന്നു. കണ്ണുകൾ ഇറുക്കെ പിടിച്ച് കൈപ്പടം കണ്ണിന് മറ വച്ചാണ് അവർ നോക്കിയിരുന്നത്. തന്നെയുമല്ല, അവരുടെ തല അനിയന്ത്രിതമായി ആടി ക്കൊണ്ടിരുന്നു. കഴുത്തിലെ പേശികളുടെ ബലക്കുറവിനെ പക്ഷെ അമ്മ സർപ്പകോപമായി ചിത്രീകരിച്ചു. ചേച്ചിമാരൊക്കെ ആ കഥ വിശ്വസിച്ചിരുന്നെങ്കിലും അവന് അന്നേ തന്നെ അതിൽ വിശ്വാസം തോന്നിയിരുന്നില്ല. പക്ഷെ എന്നിരുന്നാലും ചേച്ചിമാർ ഞാവൽപ്പഴക്കൊതിച്ചികളായിരുന്നു. വിഷ്ണു എടുത്തു കൊടുക്കുന്ന ഞാവൽപ്പഴങ്ങൾ തിന്നിട്ട് ആരും അറിയാതിരിക്കാനായി കിണറ്റുവെള്ളം കോരി നാവിൽ പറ്റിയിരുന്ന വയലറ്റ് നിറം കഴുകിക്കളയാൻ ശ്രമിക്കുമായിരുന്നു. എന്നിട്ടും പോകാൻ കൂട്ടാക്കാത്ത നിറത്തെ പല്ലുകളുടെ അഗ്രത്താൽ നാവിൽ അമർത്തി ഉരക്കുമായിരുന്നു. എന്നിട്ട് ഇരുവരും നാക്കു നീട്ടി കാണിച്ചിട്ട് അനോന്യം ചോദിക്കും " നെറം പോയോടീ."


                     അയാളിരുന്നതിനടുത്ത് അപ്പോൾ വീശിയ കാറ്റിൽ വീണ പഴുത്ത ഞാവൽപ്പഴത്തിലേക്ക് അയാളുടെ കൈകൾ നീണ്ടു. ഞാവൽ പ്പഴം അയാൾ കൊതിയോടെ നുണഞ്ഞു. നാവു നീട്ടി നാവിൽ പറ്റിയ വയലറ്റ് നിറം നോക്കി. അയാളുടെ ചുണ്ടിൽ ചെറുമന്ദഹാസം മൊട്ടിട്ടു." എന്താ നാവും നീട്ടിയിരിക്കുന്നത് വിഷ്ണൂ" പെട്ടെന്നുള്ള ചോദ്യം കേട്ടയാൾ തിരിഞ്ഞു നോക്കി. ഇങ്ങനെയൊരുവൾ നടന്നുവരുന്നത് അയാൾ കണ്ടതേയില്ല. ഇവൾ ഏതു വഴി വന്നു? എപ്പോൾ വന്നു? ഞൊടിയിടയിൽ അനേകം ചോദ്യങ്ങൾ തീവണ്ടിയേപ്പോലെമനസ്സിലൂടെ കുതിച്ചു പാഞ്ഞു. അയാളുടെ മുഖത്ത്  ചോദ്യ ഭാവം നിഴലിച്ചതു കൊണ്ടാകാം അവൾ ചോദിച്ചു." എന്നെ മനസ്സിലായില്ലാല്ലേ?"

                    'കണ്ട് പരിചയിച്ച മുഖം, പക്ഷെ ഓർമ്മ വരുന്നില്ല. ഓർമ്മയില്ലെന്ന് എങ്ങനെ പറയും.. അവൾ തന്നെ പേരു വിളിച്ചല്ലേ സംസാരിച്ചത്?'

                    വിഷ്ണു ആശയക്കുഴപ്പത്തിലായി.

 അവൾ പറഞ്ഞു തുടങ്ങി." വിഷ്ണു മറന്നു. വിഷ്ണു എം.എ.ക്ക് പഠിക്കുന്ന സമയത്ത് ഞാൻ എം എസിക്ക് ഉണ്ടായിരുന്നു. ഓർക്കുന്നോ... കെമിസ്ട്രി ലാബിന്റെ അടുത്തുള്ള ഇടനാഴിയിലൂടെ നടന്നു വേണമായിരുന്നു നിങ്ങളുടെ മലയാളം ക്ലാസിലേക്കെത്താൻ".

" ഓ... ഓർമ്മയുണ്ട്...കുറച്ചുകാലായില്ലേ.... പിന്നെ ഇപ്പോ പ്രതീക്ഷിക്കുന്നില്ലല്ലോ... അതു കൊണ്ട്.... വിഷ്ണു പരുങ്ങി.
 " എന്റെ പേരോർമ്മയുണ്ടോ?" ഉണ്ടെന്നോ ഇല്ലെന്നോ അർത്ഥമാക്കാവുന്ന വിധത്തിൽ അയാൾ തല ചലിപ്പിച്ചു.

" ഇയാൾക്ക് ഓർമ്മയില്ലെ നെനിക്കറിയാം... വെറുതെ കഷ്ടപ്പെടണ്ട . ഞാൻ ജ്വാല".

  അവളെക്കാണുമ്പോൾ തീകത്തുന്നേ...... ഫയർ ഫോഴ്സിനെ വിളിക്കൂ.... എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത് അയാൾക്ക് ഓർമ്മ വന്നു.

           വെറുതെ കളിയാക്കിയിരുന്നതല്ല.. അവൾ തീജ്വാല പോലെയായിരുന്നു. ഒരു ജ്വലിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അവൾ.കുറച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അവളുടെ സൗന്ദര്യം ജ്വലിക്കുന്നു. ജ്വാല തുടർന്നു:" ഞാൻ എം. എസി പരീക്ഷ കഴിഞ്ഞതോടെ നാട്ടിലേക്ക് പോയി. പിന്നെ ഫലം വരുന്നതിന് മുന്നേ തന്നെ കല്യാണം കഴിഞ്ഞു. ഒരു മോളുണ്ടായി. പി എച്ച് ഡി ചെയ്യണോന്നൊക്കെ വിചാരിച്ചിരുന്നപ്പോഴാണ് മോളെ പ്രഗ്നന്റ് ആയതും പ്രസവിച്ചതും. പിന്നെ നീണ്ടു പോയി. ഇപ്പോ മോക്ക് നാലു വയസ്സു കഴിഞ്ഞു. പി എച്ച് ഡി ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്."

           വിഷ്ണു എല്ലാം മൂളിക്കേട്ടു." നാരായണൻ കുട്ടി സാറിനെ കാണാൻ വേണ്ടിയാ ഞാനിപ്പോ വന്നത്. സാറ് ഓഫീസിലില്ല, അതു കൊണ്ട് ഞാനിങ്ങനെ നടന്നപ്പോഴാണ് വിഷ്ണൂനെ കണ്ടത്. സാറ് പുറത്തെവിടെയോ അത്യാവശ്യമായിട്ട് പോയതാണെന്നും കുറച്ചു കഴിയുമ്പോ വരുമെന്നും ഓഫീസ് സ്റ്റാഫ് പറഞ്ഞു. എന്തായാലും ഞാൻ വിഷ്ണൂന് കമ്പനി തരാം. വിഷ്ണുവിന് അടുത്തായി ജ്വാലയിരുന്നു.വിഷ്ണു അറിയാതെ തന്നെ അവന്റെ കണ്ണുകൾ ജ്വാലയെ ഒന്നുഴിഞ്ഞു. അവൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കല്യാണം കഴിഞ്ഞെന്നു കൂടി തോന്നുന്നില്ല. കണ്ണുകൾ മിഴിനീർ തെളിഞ്ഞതു പോലെ തിളങ്ങി. നനഞ്ഞ കുടയുടെ അടുക്ക് തെറ്റിയ കറുത്ത ശീലയെ ഒതുക്കി വയ്ക്കുന്ന അവളുടെ കൈകളിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു. വെളുത്തു മെലിഞ്ഞ നീണ്ട വിരലുകൾ. വിരലുകൾക്ക് ഇത്രയേറെ സൗന്ദര്യം ഉണ്ടാകാം എന്ന് അപ്പോൾ മാത്രം അവൻ മനസ്സിലാക്കി. നഖങ്ങൾ നീണ്ടതും നിറം പുരട്ടിയതുമായിരുന്നു. അവളുടെ കണ്ണുകളിലെ വശ്യത അവനെ കെട്ടിയിട്ടു.?

           വിഷ്ണുവിന് വലിയ ധൈര്യമാണല്ലേ?"
          " എന്തേ അങ്ങനെ ചോദിച്ചേ?"

          " ഈ കൊളത്തിനടുത്തേക്ക് ആരും വരാറില്ലല്ലോ. ഈ വഴിക്കു കൂടി ആരും പോകാറില്ല. ഇത് ഒരു ഷോട്ട് കട്ടാണെങ്കിലും പെൺകുട്ടികൾ ആ മതിലിനെച്ചുറ്റിയാണ്  ഹോസ്റ്റലിലേക്ക് പോണത്.

          " അങ്ങനെയാണേൽ ജ്വാലയും ധൈര്യവതി തന്നെ" എന്ന് പറഞ്ഞ് അവൻ ചിരിച്ചു. പിന്നെ തുടർന്നു:" അതൊക്കെ ചുമ്മാ കഥകളല്ലേ... ആരും ഒന്നും നേരിട്ട് കണ്ടവരില്ല. അവര് പറഞ്ഞു.. ഇവര് പറഞ്ഞു. മറ്റവര് കണ്ടു.... ഒന്ന് ഒറപ്പിച്ചു ചോദിച്ചാൽ" ഞാനല്ല, ഞാൻ കണ്ടില്ല... അവനോട് ആരോ പറഞ്ഞതാ.... എന്നാക്കെ യാ വിവരണങ്ങൾ. ഒറ്റെണ്ണത്തിനും ഒരു സാമാന്യ ബുദ്ധിയില്ല.... ചിന്താശേ ഷീയില്ല.....

" ജ്വാലയുടെ ചിരി അവന്റെ ചങ്കിൽ തറഞ്ഞു കയറി. പെട്ടെന്ന് വെളിച്ചം മങ്ങിയതു കണ്ട് വിഷ്ണു ആകാശത്തേക്ക് നോക്കി. ഞൊടിയിടയിലാണ് വലിയ കാറ്റു വീശിയത്. ഇല്ലിപ്പടർപ്പുകൾ ആടിയുലഞ്ഞു. മരങ്ങളിൽ പറ്റി നിന്ന വെള്ളത്തുള്ളികൾ താഴേക്ക് പതിച്ചു. മഞ്ഞച്ച ഇലകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് താഴേക്ക് പറന്നിറങ്ങി. അവയിലൊന്ന് വിഷ്ണുവിന്റെ ചുമലിൽ ഷർട്ടിന്റെ കോളറിൽ വന്നിരുന്ന് ചെവിയിൽ കിന്നരിക്കാൻ ശ്രമിച്ചു. ജ്വാലയുടെ വിരലുകൾ വിഷ്ണുവിന്റെ കഴുത്തിലേക്ക് നീണ്ടു. വളരെ കൃത്യതയോടെ ആ ഇലയുടെ ഞെട്ടിൽ പിടിച്ചുയർത്തി കൊണ്ട് അതിനെ വട്ടം ചുറ്റിച്ചു. ഒരു നിമിഷാർദ്ധത്തിൽ ജ്വാലയുടെ വിരലുകളുടെ കുളിർ സ്പർശനം ഒരു തണുപ്പായ് അരിച്ചു കയറി സുഷുമ്നയിലൂടെ കടന്നു പോയത് വിഷ്ണുവറിഞ്ഞു.

             മഴകോരിച്ചൊരിഞ്ഞു." നമുക്ക് ഇവിടുന്ന് മാറാം."

" വേണ്ട, എന്റെ കുടയുണ്ടല്ലോ.." കുട നിവർത്തിക്കൊണ്ട് ജ്വാല വിഷ്ണുവിനടുത്തേക്ക് ചേർന്നിരുന്നു." ആളുകൾ കണ്ടാൽ ഭ്രാന്താണെന്ന് വിചാരിക്കും. വിഷ്ണു പറഞ്ഞു..

" പറയട്ടേ.... അല്ലേ തന്നെ ഇപ്പോ ആരാ ഇവിടെയൊള്ളത്.. നമ്മളെക്കാണാൻ."" എത്ര നേരമങ്ങനെ ഇരുന്നെന്നോ എപ്പോഴാണ് മഴ തോർന്നതെന്നോ?? എപ്പോഴാണ് മടങ്ങിയതെന്നോ അവന് ഓർമ്മയില്ല.

                   ഇന്ന് ബുധനാഴ്ച. ഇനി ഫീസടക്കാൻ രണ്ടു ദിവസം കൂടി ബാക്കി. വിഷ്ണു നേരേ ഓഫീസിലേക്കു പോയി. സാർ ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് എപ്പഴാ എത്തിയത്? ഇന്നലെ ഞാൻ കൊറേ നേരം കാത്തു. എന്നിട്ടാ മടങ്ങിയത്. വിഷ്ണു തിരിച്ചു നടക്കുകയായിരുന്നു. ജ്വാല മനസ്സിലേക്ക് കടന്നു വന്നു." വിഷ്ണു ...." ജ്വാലയുടെ ശബ്ദം. വിഷ്ണു തിരിഞ്ഞു നോക്കി. ഇല്ല... ആരുമില്ല.


                " തോന്നിയതായിരുന്നോ" എന്ന് സംശയിച്ചു. ഏകനായ് നടന്നപ്പോൾ കഴിഞ്ഞ ദിവസം ജ്വാലയെ കണ്ടതും സംസാരിച്ചതും ഓർത്തു നടക്കുകയായിരുന്നു അയാൾ. അതായിരിക്കാം പെട്ടെന്ന് അവളുടെ ശബ്ദം കേട്ട പോലെ തോന്നിയത്.
   
               അയാൾ നടന്നു.
" വിഷ്ണൂ.... വീണ്ടും അയാൾ വിളി കേട്ട ഭാഗത്തേയ്ക്ക് നോക്കി. കല്യാണം കഴിഞ്ഞ് മൂന്നാലു വർഷം കഴിഞ്ഞ പെണ്ണാണ്. അതിന്റെ ഒരു പക്വതയു മില്ല. ഒരൊളിച്ചു കളി. അയാൾ ചാരിക്കിടന്ന ക്ലാസ്സ് മുറിയുടെ വാതിൽ തുറന്നു കയറി.
  " ങ്‌ഹാ... വിളിച്ചിട്ടിവിടെ വന്നൊളിച്ചിരിക്കയാണോ.." അയാൾ പിന്തിരിഞ്ഞിരുന്ന അവളുടെ ചുമലിൽ മെല്ലെ തൊട്ടു. അവൾ തിരിഞ്ഞു നോക്കിയില്ല. അയാൾ തല ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

               " ഹോ.. സോറി പെങ്ങളെ... എനിക്ക് ആളു മാറിപ്പോയതാ..." അവളുടെ കണ്ണുകൾ ഏതോ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്നു. ഇമവെട്ടിയില്ല. അയാൾക്ക് ഒരസ്വസ്ഥത അനുഭവപ്പെട്ടു. അയാൾ പിന്തിരിയാതെ കാലുകൾ പിന്നാക്കം വച്ച് ആ മുറിയിൽ നിന്ന് പുറത്തു കടന്നു. പിന്നെ പെട്ടെന്ന് പിന്തിരിഞ്ഞ്  ഇടനാഴിയിലൂടെ അതിവേഗം നടന്നു.. അല്ല ....അതൊരു ഓട്ടമായിരുന്നു... എതിരെ വന്നയാളുടെ കണ്ണുകളിൽ സംശയം ഒരു പന്തമായ് കത്തി. ഇടനാഴി കഴിഞ്ഞ് ഒതുക്കുകളിറങ്ങി ആർട്ട്സ് ബ്ലോക്കിനടുത്തെത്തിയപ്പോൾ അയാളുടെ സുഹൃത്തുക്കൾ നിൽക്കുന്നത് കണ്ടപ്പോഴാണ് വിഷ്ണുവിന്റെ ശ്വാസഗതി സാധാരണ നിലയിലായത് ."

             " എന്തെടാ നീ പട്ടിയണക്കുന്ന പോലെ അണക്കുന്നത്.?"

" ഞാൻ ആ ക്ലാസ്റൂമിൽ ജ്വാലയുടെ വിളി കേട്ട്... അവിടെയൊരു പെണ്ണ്... അത് ജ്വാലയല്ല... പക്ഷെ അവളെന്തോ.. അവളുടെ മുഖം കണ്ടപ്പോ... ജ്വാലയുടെ ശബ്ദം ഞാൻ കേട്ടതാണ്... പക്ഷെ" അയാളുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീണു."

           " ഏത് ജ്വാല... ഞങ്ങൾക്കൊന്നുമറിയാത്തൊരു ജ്വാല... പറയെടാ...."
            " ഛെ! നിങ്ങൾക്കോർമ്മയില്ലേ പഴേ.. നമ്മൾ മലയാളം ക്ലാസിലേക്ക് പോകുന്ന വഴി കാണാറില്ലേ... എം എ സിക്ക് പഠിച്ചിരുന്ന... മറ്റേ സുന്ദരി.."

            " അവളോ"

            " അതേടാ... ഇന്നലെകണ്ടു ഞാൻ ജ്വാലയെ.. അവള് കല്യാണോക്കെ കഴിഞ്ഞ് കുട്ടിയൊക്കെയായി.... ഇപ്പോ പി എച്ച് ഡി ചെയ്യുന്നു.ഇന്നലെ ഓഫീസിൽ ആളില്ലാതിരുന്നതു കൊണ്ടാണ് ഞാൻ കൊളത്തിനരികിൽ പോയിരുന്നത്. അപ്പോഴാണ് അവൾ വന്നത്. ഞങ്ങൾ എത്രയോ നേരം സംസാരിച്ചിരുന്നു. അവൾ ഇന്നും വരുമെന്ന് പറഞ്ഞിരുന്നു. എനിക്കൊറപ്പാ ഞാൻ അവളുടെ ശബ്ദം തന്നെയാ കേട്ടത്."

               " വിഷ്ണൂ.. നീയാ പഴയ ജ്വാലയെകുറിച്ചാണോ പറയണത്? അവൾ കല്യാണം കഴിഞ്ഞ് പോയെന്നൊള്ള തൊക്കെ സത്യം തന്നെ.പക്ഷെ.. അവൾ ഇന്നില്ല.... ജീവിച്ചിരിപ്പില്ല. കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും പല കഥകൾ പത്രത്തിലൊക്കെ വന്നു. 

              വിഷ്ണുവിന്റെ സിരകളിലൂടെ രക്തം കുതിച്ചു പാഞ്ഞു." അപ്പോൾ ഇന്നലെ കൊളത്തിനരികിൽ ഞാൻ കണ്ടത്...? ഞാനുമായി സംസാരിച്ചിരുന്നത്...?   

             അയാളുടെ ഞരമ്പുകൾ ത്രസിച്ചു. കാലുകളിലൂടെ കയറിയ കുളിർ ഉച്ചി വരെയെത്തി. മനസ്സിലൂടെ ഓർമ്മകളുടെ തീവണ്ടി കൂകി പാഞ്ഞു.
    വിഷ്ണു വീണ്ടും ഉറപ്പിച്ചു പറഞ്ഞു "അത് ജ്വാല തന്നെ. നിങ്ങൾക്കു തെറ്റിയതാകും." കൂട്ടുകാർ അവനെ കളിയാക്കി." നീ ശരിക്കും പേടിച്ചു. ല്ലേ? നിന്റെ കഴുത്തിന്റെ പിൻ ഭാഗത്തതാ ചോര പൊടിഞ്ഞിരിക്കുന്നു."

         ജ്വാലയുടെ കൈവിരൽ സ്പർശിച്ചപ്പോൾ അനുഭവപ്പെട്ട അതേ കുളിര് അവനപ്പോൾ അനുഭവപ്പെട്ടു. വിഷ്ണുവിന്റെ കൈവിരലുകൾ അറിയാതെ പിൻ കഴുത്തിൽ തലോടി"...

        " ചുമ്മാ പറഞ്ഞതാടാ... നീ പേടിക്കുമോന്നറിയാൻ.."

        " പിന്നീട് ബസിൽ നിന്നിറങ്ങി സന്ധ്യയാകും മുൻപെ തണൽ മരങ്ങൾ ഇരുട്ടു ചാർത്തിയ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ... കഴുത്തിന്റെ പിൻ ഭാഗത്ത് ഒരു തുള്ളി നനവ് കിനിഞ്ഞിറങ്ങുന്നത് പോലെ... വിഷ്ണുവിന്റെ വിരലുകൾ അറിയാതെ പിൻ കഴുത്തിലേക്ക് നീങ്ങി.