ഒറ്റപ്പെട്ടു നിന്നിരുന്ന ആ ഇളം നീല ചായമടിച്ച ഇരുനില കെട്ടിടത്തിന്റെ മുറ്റത്തു കൂടെ മദ്ധ്യവയസിലേക്കടുത്തു കൊണ്ടിരിക്കുന്ന ദമ്പതികൾ നടന്നു നീങ്ങി. ഏറെ നാളത്തെ താമസത്തിനു ശേഷമുള്ള ഒരു പോക്കാണീ കാണുന്നതെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ രണ്ടു വലിയ തുകൽ സഞ്ചികളും ഒരു ചെറിയ കവറും ഉണ്ടായിരുന്നു അവരുടെ പക്കൽ. കുറേ നാൾ അന്യസ്ഥലത്ത് താമസിച്ചതിന്റെയാണോ അറിയില്ല ഒരു അസ്വസ്ഥത സമ്മാനിച്ച ക്ഷീണ ഭാവം മുഖത്ത് വ്യക്തമായിരുന്നു.
കെട്ടിടത്തിന്റെ ചുറ്റുമതിൽ കടന്നു കഴിയുമ്പോൾ തന്നെ തണൽ മരങ്ങൾക്കു കീഴിലായി ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരുന്നു. നിരയിലാദ്യം കിടന്ന ഓട്ടോക്കകത്ത് ദിനപ്പത്രം വായിച്ചു കൊണ്ടിരുന്ന ഡ്രൈവർ പത്രം മടക്കി, പിന്നെയും മടക്കി, പിന്നെയും മടക്കി പിന്നൊന്ന് ചുരുട്ടി കൈയുയർത്തി കമ്പിക്കിടയിൽ തിരുകി.ഒന്നു നടുനീർത്തിയിരുന്നിട്ട് ദമ്പതികളെ ഒരു ചെറുമുഖചലനത്തോടെ ഓട്ടോയിലേക്ക് ക്ഷണിച്ചു. എങ്ങോട്ടാണെന്ന ഭാവത്തിൽ അയാൾ തിരിഞ്ഞു നോക്കിയതിന് മുന്നോട്ട് കൈചൂണ്ടി അയാൾ പോകാൻ ആംഗ്യം കാണിച്ചു . ഡ്രൈവർ കുനിഞ്ഞ് ലിവർ വലിച്ചു പൊക്കി വണ്ടി സ്റ്റാർട്ട് ചെയ്തു.മഴയത്ത് തുള്ളിച്ചാടുന്ന കൊച്ചുകുട്ടിയെ പോലെ തുള്ളിത്തെറിച്ചു കൊണ്ട് ഓട്ടോ മുന്നോട്ട്നീങ്ങി.
" മദ്യം ദുഃഖമാണുണ്ണീ" എന്ന് പിന്നിൽ എഴുതിയിരുന്ന ആ ഓട്ടോ അവരെയും വഹിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. പിന്നെ ആദ്യത്തെ വലത്തേ തിരിവിലേക്ക് തിരിഞ്ഞ് തത്ക്കാലം സ്ക്രീനിൽ നിന്നും ഔട്ടായി.
കാറ്റത്ത് ഇലച്ചാർത്തുകൾ ഇളകിയാടിയപ്പോഴാണ് നീലചായ മടിച്ച കെട്ടിടത്തിന്റെ മുകളിലെ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ ശ്രദ്ധയിൽ പെട്ടത്." ഡോൺ ബോസ്കോ ഡീ അഡിക്ഷൻസെന്റർ, താമര മുറ്റം.." ഓഹോ... അപ്പോ അതാണ് കാര്യം.
ഇത്തരുണത്തിൽ ഈ ദമ്പതികളുടെ ഫ്ലാഷ് ബാക്ക് അറിയേണ്ടത് അത്യാവശൃമായി ഭവിച്ചിരിക്കയാൽ ഇനി ഭൂതകാലത്തിലേക്കൊരെത്തി നോട്ടം.
" എന്തോന്നാ മനുഷ്യാ... എത്ര നേരായീ ഈ വെള്ളടി തൊടങ്ങീട്ട്. ഇതൊന്ന് നിർത്തിക്കൂടേ".
" ഞാൻ പണിയെടുത്ത് സമ്പാദിച്ച കാശു കൊടുത്ത് ഞാൻ വാങ്ങിയ എക്സെക്സെക്സ് റം........ ഉം.... മ്മ ഉം.... മ്മ ഉം.... മ്മ എന്നിങ്ങനെ കുപ്പിക്ക് മൂന്നുമ്മയും കൊടുത്ത് ശേഷിച്ച തുള്ളികൾ കുപ്പി പൊക്കി തല കുത്തി പിടിച്ച് അണ്ണാക്കിലേക്ക് കമിഴ്ത്തി പിന്നെ സ്വിച്ചിട്ട പോലെ സോഫമേൽ മലർന്നു. ഇടയ്ക്കിടെ ഉയർന്ന അപശബ്ദ മൊഴിച്ചാൽ മറ്റെല്ലാം ശാന്തം.
" എന്റെ കർത്താവേ... ഇതിയാനെന്തൊക്കെയാ പണ്ട് പറഞ്ഞിരുന്നേ... ഞാനിന്നേ വരെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല, ഇനീം തൊടുകേല..."
മലർന്നടിച്ച് കിടന്നിരുന്ന അയാൾ ഒന്നുയർന്നു..." നിന്നാണേ.. നിന്റെ കുഞ്ഞുങ്ങളാണേ അല്ല നമ്മുടെ കുഞ്ഞുങ്ങളാണേ.... നമ്മുടെ തന്ന ല്യോടീ....."
"ദേ.... എന്റെ വായിലിരിക്കണതൊന്നും കേക്കണ്ട"
" ഓ... ശരി നമ്മുടെ സ്വന്തം കുഞ്ഞുങ്ങളാണേ സത്യം. ഞാൻ ഇന്നിനി മദ്യം കൈകൊണ്ട് തൊടത്തില്ല."
" ഇന്നിനിയോ?"
" അല്ലെടീ.... ഇന്നല്ല... ഇനി
" ഈ സത്യം ചെയ്യലുതൊടങ്ങീട്ടു കൊറച്ചുകാലായി."
" ഇതിയാന്റെയൊക്കെ മനസ്സിലിരിപ്പെന്താന്നാ ഞാൻ ചിന്തിക്കണേ. ആരോഗ്യത്തിന് ഇത് കൊള്ളത്തില്ലെന്ന് മലയാളത്തീ പോരാഞ്ഞിട്ട് ഇംഗ്ലീഷിലും കൂടെ എഴുതി വച്ചിട്ടുണ്ട്. എന്തായാലും വാങ്ങി മോന്തി ക്കോളും... മോന്തിത്തൊടങ്ങിയാ പിന്നെ മോങ്ങാൻ തൊടങ്ങും... പിന്നെ മോങ്ങലുംമോന്തലും". പിന്നെ ഒറ്റ വീഴ്ചയാണ്. മേത്തിട്ട് പടക്കം പൊട്ടിച്ചാപോലും അറിയൂല."
ആദ്യമൊക്കെ വാരാന്ത്യങ്ങളിൽ മാത്രമായിരുന്ന മദ്യപാനശീലം പിന്നങ്ങ് പൂത്തുലഞ്ഞു. എൽസമ്മ ആദ്യമത് കാര്യമായെടുത്തിരുന്നില്ല. "ഓ....രണ്ടു പെഗ്ഗൊക്കെ അടിക്കാത്ത ആണെന്നാ.. ആണാന്നേ... "എന്ന അടുത്ത വീട്ടിലെ ലില്ലിക്കുട്ടീടെ അഭിപ്രായത്തോട് എൽസമ്മയും യോജിച്ചു. വാരാന്ത്യം എന്നുള്ളത് നിത്യേനയായി മാറാൻ അധികം കാലമൊന്നും വേണ്ടി വന്നില്ല.
എൽസമ്മയുടെ ഉള്ളിൽ ആധി പെരുത്ത് തുടങ്ങിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. മദ്യപാനം ഒരു സ്ഥിരം പരിപാടിയായി മാറിയെങ്കിലും ടോമിച്ചൻ കൃത്യമായി ഓഫീസിൽ പോകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു പോന്നത് കൊണ്ട് എൽസമ്മ ടോമിച്ചനോട് എതിർത്തൊന്നും പറയാനും പോയില്ല. .
അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുലർച്ചെ അടുക്കളയിൽ വച്ചിരുന്ന പഴക്കുലയിൽ നിന്ന് ഏതാനും പഴങ്ങൾ എലി കരണ്ടു തിന്നതായി കണ്ടത്. ഏഴെട്ടു മാസം മുമ്പേ ഒരു എലി കുടുംബത്തെ നാമാവശേഷമാക്കിയതിനു ശേഷം മറ്റൊരു എലിക്കുഞ്ഞു പോലും എൽ സമ്മയുടെ സാമ്രാജ്യത്തിൽ കടന്നു കയറാൻ ധൈര്യപ്പെട്ടിട്ടില്ല. ഇതിപ്പോ എവിടന്നു വന്നു എന്ന് വിസ്മയിച്ചു കൊണ്ടാണ് എൽസമ്മ അടുക്കളയിലെ കബോഡ് തുറന്നത്. എലിക്കെണി തേടി തേടി ചെന്ന എൽസമ്മ യുടെ കൈകൾ തടഞ്ഞത് ടോമിച്ചൻ കുടിച്ചു കുടിച്ചു വറ്റിച്ച് തീർത്ത് വച്ചിരുന്ന കുപ്പികളിലാണ്. സത്യം പറയാലോ.. ഒരു ഞെട്ടലായിരുന്നു എൽസമ്മയ്ക്ക്." ഇതിയാനൊറ്റക്കാണോ ഇത്രയും കുപ്പികൾ കാലിയാക്കിയത്? ഈ പോക്കു പോയാലിതെവിടെ ചെന്നു നിക്കും ഈശോയേ". കാലം പോകപ്പോകേ കുടി കൂടിക്കൂടി വന്നു കൊണ്ടിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മാസത്തിലെ രണ്ടാമത്തെ വെള്ളി. രണ്ടാം ശനിയാഴ്ച ടോമിച്ചന് അവധിയാണ്. എൽസമ്മ ചിന്തിച്ചു." ഇന്ന് വൈകിട്ട് എത്തിക്കഴിഞ്ഞാൽ കുടി ഡബിളായിരിക്കും. എൽസമ്മയുടെ മസ്തിഷ്കത്തിൽ മിന്നൽ വേഗത്തിൽ ഒരാശയം മിന്നിക്കെട്ടു. ടോമിച്ചൻ വളരെ ബോധ പൂർവ്വം ഒരോ പ്രാവശ്യം വാങ്ങുന്ന കുപ്പിയും വീട്ടിലെ വിവിധയിടങ്ങളിലായി മാറ്റി മാറ്റി വയ്ക്കുമെങ്കിലും എൽ സമ്മക്ക് അത് കണ്ടു പിടിക്കുന്നതിൽ അതീവ നൈപുണ്യമുണ്ടായിരുന്നു. അങ്ങനെയാണ് ബെഡ് റൂമിലെ ഡ്രസിംങ് ടേബിളിന്റെ യും ചുമരിന്റെയും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് ഒളിപ്പിച്ചു വച്ചിരുന്ന" വൈറ്റ് മിസ് ചീഫ്" എൽസമ്മ കണ്ടു പിടിച്ചത്. സുതാര്യമായ വെളുത്ത കുപ്പി മേലെ നീല ലേബൽ ഒട്ടിച്ചിരിക്കുന്നു. അതിൽ നടുക്ക് വെളുത്ത പശ്ചാത്തലത്തിൽ നീലയും ചുവപ്പും അക്ഷരത്തിൽ" വൈറ്റ് മിസ് ചീഫ്" എന്നെഴുതി യിരിക്കുന്നു." ങ്‌ഹും.. അൾട്രാ പ്യുവർ വോഡ് ക."
നീലയിൽ ചുവന്ന ചെറിയ വരയുള്ള അടപ്പു തുറന്ന് എൽസമ്മ മണത്തു നോക്കി."എന്നാ മണമായിത്. ഇതൊക്കെ എങ്ങനെ കുടിക്കുന്നോ എന്തോ". പകുതി തീർത്തു വച്ചിരുന്ന ആ കുപ്പി ശ്രദ്ധാപൂർവ്വം വാഷ്ബേസിനിൽ തലകുത്തി പിടിച്ച് ഏകദേശം ഇരുന്നൂറ് മില്ലി മദ്യം ഒഴുക്കിക്കളഞ്ഞു.അപ്പോഴാണ് കുപ്പിയിലേക്ക് തുല്യ അളവിൽ വെള്ളം ചേർത്ത് നേർപ്പിക്കാമെന്ന അതി ബുദ്ധിക്ക് തടയിട്ടു കൊണ്ടൊരു പ്രത്യേക അടപ്പു പോലൊരു സംവിധാനം കുപ്പിക്കഴുത്തിൽ ഉണ്ടെന്നു എൽസമ്മ തിരിച്ചറിഞ്ഞത്. ടാപ്പ് തുറന്ന് കുറച്ചു വെള്ളം ഒഴുക്കി വിട്ട് വാഷ്ബേസിനിൽ നിന്നുയർന്ന് വന്ന മദ്യഗന്ധം ഇല്ലാതാക്കി. അടപ്പ് വളരെ കൃത്യമായി അടച്ച് ഒന്നു കൂടി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി സാരിത്തലപ്പുകൊണ്ട് അടപ്പിനു ചുറ്റും ഒന്ന് ഒപ്പിയെടുത്ത് ആ കുപ്പി യഥാസ്ഥാനത്ത് തിരികെ വച്ചു.
വൈകിട്ട് പതിവുപോലെ ഓഫീസിൽ നിന്നെത്തിയ ടോമിച്ചൻ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി ക്കൊണ്ടുവന്ന സാധനങ്ങൾ തീൻ മേശമേൽ നിരത്തി വച്ചു. ഒരു മണിക്കൂറിനുള്ളിൽ കുളി കഴിഞ്ഞ് ടിവിക്കു മുന്നിൽ സ്ഥാനം പിടിച്ച ടോമിച്ചന്റെ കൈവിരലുകൾ റിമോട്ടിന്റെ ബട്ടനുകളിൽ മാറി മാറി പതിഞ്ഞു. അയാൾ എല്ലാം ന്യൂസ് ചാനലുകളിലുടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി. പിന്നെ പതുക്കെ ബെഡ് റൂമിൽ കടന്ന് പറിക്കരുതെന്ന് മുന്നറിയിപ്പ് വച്ചിടത്തെ പുഷ്പങ്ങൾ പറിച്ചെടുക്കുമ്പോഴുള്ള മുഖഭാവത്തോടെ ഡ്രസിങ്ങ് ടേബിളിന്റെ യും ചുമരിന്റെ യും ഇടയിലുള്ള ചെറിയ വിടവിൽ വച്ചിരുന്ന വൈറ്റ് മിസ് ചീഫും ഗ്ലാസ്സും എടുത്ത് ഗ്ലാസ്സിലേക്കൊന്ന് ശക്തിയായി ഊതി പിന്നെ ഉടുമുണ്ടിന്റെ കോന്തല കൊണ്ടൊന്നു തുടച്ചു. പിന്നെ, കുപ്പിയിലേക്കൊന്ന് സസൂക്ഷ്മം നോക്കി ഒരു സംശയ ദൃഷ്ടിയോടെ ചൂണ്ടുവിരലിൽ പ്രത്യേക അളവടയാളങ്ങൾ ഉള്ളതു പോലെ ചൂണ്ടുവിരൽ ചേർത്ത് പിടിച്ച് ഒത്തു നോക്കി.എന്തോ ചിന്തിക്കുന്ന പോലെ തല ചെരിച്ച്, ഒരു വശം പുരികമുയർത്തി കൃഷ്ണമണി മേലോട്ടാക്കി, പിന്നെ ബെഡ് റൂമിലേക്ക് ഒന്നുമറിയാത്ത ഭാവത്തോടെ കടന്നു വന്ന എൽസമ്മയെ കണ്ണുകളാലൊന്നുഴിഞ്ഞ്, പിന്നെ എന്തോ ആവട്ടെയെന്ന ഭാവത്തിൽ ങാ...എന്നൊരു ചെറു ശബ്ദത്തോടെ ഒന്ന് ഏങ്കോണിച്ച് വായ് തുറന്നടച്ച് ശിഷ്ടമുള്ള വൈറ്റ് മിസ് ചീഫ് ഗ്ലാസിലേക്ക് പകർന്ന് അയാൾ ലീവിങ് റൂമിലേക്ക് നടന്നു. വീണ്ടും ചാനലുകളിലേക്ക് അയാൾ ഊളിയിട്ടു.
" എൽസമ്മ മുറുമുറുത്തു..." നിങ്ങളിതെന്നാ ഭാവിച്ചാ.... മനുഷ്യാ. രണ്ടു പെൺ പിള്ളേര് വളർന്നു വരുന്നു എന്നുള്ള എന്തേലും വിചാരം നിങ്ങൾക്കുണ്ടോ? അവര് വല്ലോന്റേം കൂടെ എറങ്ങിപ്പോകുമ്പോ നിങ്ങളു പഠിച്ചോളും". കുട്ടികളുടെ മുറിയിൽ നിന്ന് ഉയർന്നു കേട്ടിരുന്ന പാഠ പാരായണം ഒരു നിമിഷം നിന്ന് പകരം കുറച്ച് ശബ്ദത്തിൽ ഉയർന്നുപൊങ്ങിപ്പോയ ഒരു ഒതുക്കിച്ചിരി അലയടിച്ചു. എൽസമ്മ ഒരു കൊടുങ്കാറ്റായ്... "രണ്ടും കിളിച്ചോണ്ടിരുന്നോ.. എനിക്ക് ദാ പെരുത്ത് വരുന്നുണ്ട്.
എൽ സമ്മയുടെ ആധി കൂടിവരുന്ന തിന് ആനുപാതികമായി ടോമിച്ചന്റെ മദ്യപാനവും കൂടി വന്നു. ആ ശീലം നിർത്തിക്കാനായി എൽസമ്മ പല ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു കൊണ്ടിരുന്നു. അതിനിടയിലാണ് ഒരു ദിവസം എൽസമ്മയുടെ ചിറ്റപ്പൻ പട്ടാളത്തീന്നു പിരിഞ്ഞു വന്ന സക്കറിയ ചാച്ചൻ വന്നത്. കുറേ നാളുകൾക്കു ശേഷമാണ് സക്കറിയാ ചാച്ചന്റെ വരവ്.." എന്തേ.. മോളമ്മ യാന്റിയെ കൂടെക്കൂട്ടാഞ്ഞത്" എന്ന എൽസമ്മയുടെ പരിഭവത്തിന് മറുപടി പറയുന്നതിനിടയിലാണ് സക്കറിയച്ചാച്ചൻ കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു സഞ്ചിയെടുത്ത് ടോമിച്ചന് നീട്ടിയത്. എൽസമ്മയുടെ മുഖത്ത് പൊടുന്നനെ വന്ന ഭാവമാറ്റത്തിൽ എന്തോ പന്തീ കേടുണ്ടെന്ന് ചാച്ചന് ബോധ്യപ്പെട്ടു. പൂനിലാവുദിച്ചതു പോലെ മുഖം തെളിഞ്ഞ ടോമിച്ചൻ കുപ്പികൾ നിറച്ച സഞ്ചി വളരെ ഭദ്രമായി അകത്ത് കൊണ്ട് പോയ് വച്ച് മടങ്ങി വന്ന് പണ്ട് പഠിപ്പിച്ച അദ്ധ്യാപകരെ പിന്നീട് കണ്ടുമുട്ടുമ്പോഴുള്ള ഒരു ഭവ്യതയോടെ സക്കറിയ ചാച്ചന് ആതിഥ്യമരുളി.
ഒരു ഞായറാഴ്ച. ഇന്നു തന്നാവട്ടെ, ക്രിസ്റ്റീന ചേച്ചി പറഞ്ഞ കാര്യം പ്രാവർത്തികമാക്കണം. എൽസമ്മയുടെ അടുത്ത ശ്രമം. പുലർ വേളകളിൽ മദ്യലഹരിയിൽ നിന്നു മുക്തനും ഉന്‌മേഷവാനുമായി കാണപ്പെട്ട ടോമിച്ചനെ എൽസമ്മ വിളിച്ചു." ടോമിച്ചാ...' വാ പെട്ടെന്ന് പോകാം. അവരെല്ലാം പോയി കഴിഞ്ഞു. വൈകി ച്ചെന്നാൽ അച്ചനെന്തേലും പറയും."
" ഈശോയേ... അച്ചനെന്തെല്ലാം പറയുവോ എന്തോ.. ഇനി അച്ചൻ പറഞ്ഞാൽ തന്നെ ടോമിച്ചൻ കേക്കുവോ. ഇനി ഞാനിതെല്ലാം അച്ചനോട് പറഞ്ഞെന്നും പറഞ്ഞ് എന്നോട് തട്ടിക്കേറുവോ..." പലവിധ ചിന്തകളുമായി എൽസമ്മ ടോമിച്ചന്റെ സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന് പള്ളിലേക്ക് പോയി. എന്തിനേറേ പറയുന്നു.. പളളീലച്ചന്റെ ഉപദേശത്തിനു ശേഷം ടോമിച്ചൻ പള്ളീൽ പോക്ക് നിർത്തി.
മറ്റൊരു ഞായറാഴ്ച. എൽസമ്മയും മക്കളും പള്ളീന്നു മടങ്ങുന്നു. രണ്ടു പയ്യന്മാർ എതിരെ നടന്നു വരുന്നു. അവർ കടന്നു പോയതും എൽ സമ്മയുടെ പെട്ടെന്നുള്ള നീക്കമായിരുന്നു. അതിലൊരു പയ്യനെ ടപ്പേ ന്നൊരടി. എൽ സമ്മയുടെ മക്കളും പയ്യന്മാരും ഒരു പോലെ ഞെട്ടി." എന്തോന്നാടാ നിന്റെ ഷർട്ടേലെഴുതിയേക്കുന്നേ...? വെൻ ഐ റെഡ് എബൗട്ട് ദ ഈവിൾസ് ഓഫ് ഡ്രിങ്കിങ് ഐ സ്റ്റോപ്പ്ഡ് റീഡിങ്ങ്". എൽ സമ്മക്ക് തലക്ക് നല്ല വെളിവില്ലെന്ന് വിചാരിച്ച് പയ്യൻമാർ ഞൊടിയിടയിൽ സ്ഥലം കാലിയാക്കി. മക്കൾ കമാ ന്നൊരക്ഷരം ഉരിയാടാതെ എൽസമ്മയെ പിന്തുടർന്നു.
ടോമിച്ചൻ ഒരു കറ തീർന്ന മദ്യപാനിയായി തീർന്നിരിക്കുന്നു. ഹതാശയയായി എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്ന വേളയിലാണ് ഒരു മാമോദീസ ചടങ്ങിനു പോയപ്പോൾ എൽസമ്മ തന്റെ കോളേജ് സുഹൃത്തും സെക്കന്റ് കസിനുമായ ബെന്നിയെ കണ്ടുമുട്ടിയത്. സംസാരിച്ച് സംസാരിച്ച് ഒടുവിൽ ടോമിച്ചന്റെ മദ്യപാനശീലത്തിലെത്തി നിന്നും അവരുടെ സംഭാഷണം.
ബെന്നിച്ചന്റെ ഉപദേശ പ്രകാരമാണ് എൽസമ്മ അവസാന ശ്രമം നടത്തിയത്. അതിന് ഫലം കാണുക തന്നെ ചെയ്തു. കേവലം ഒരു മാസത്തിനകം ടോമിച്ചന്റെ മദ്യപാനശീലം പാടെ മാറി. അയൽക്കാരും സുഹൃത്തുക്കളും ഇടവകയിലെ ആളുകളും ടോമിച്ചന്റെ മാറ്റം കണ്ട് അന്തം വിട്ടു. പള്ളീല് കൃത്യമായി പോകാതിരുന്ന ആള് എല്ലാ ഞായറാഴ്ചകളിലും പള്ളീൽ പോയിത്തുടങ്ങി. പലരും ടോമിച്ചനോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.. ക്ഷമ കെട്ട് ഒരു ദിവസം ഫെർണാണ്ട സച്ചൻ ചോദിച്ചു." എടോ.. ടോമിച്ചാ... തന്റെ ഭാര്യ ഒരു മിടുക്കി തന്നെ... ഞാൻ ഉപദേശിച്ചിട്ട് പള്ളീല് കേറാണ്ടായ തന്നെയെങ്ങനാ എൽസമ്മ ഇങ്ങനെ മാറ്റിയെടുത്തത്.? എനിക്ക് മറ്റാരെയെങ്കിലും ഉപദേശിക്കാലോ.."
"ങ്‌ഹാ! ഞാൻ അച്ചനോട് അത് പറയാൻ തന്നാ വന്നത്."
" എന്നാ പറ ടോമിച്ചാ"
" ഇതത്ര ഗൗരവമാകും ന്ന് ഞാൻ വിചാരിച്ചില്ല. ഒരു ദിവസം ഞാൻ വെള്ളടിച്ചോണ്ടിരുന്നപ്പോ അവൾ ഒരു ചില്ല് ഗ്ലാസ്സ് ഊക്കോടെ എന്റടുത്ത് കൊണ്ടു വച്ചു. ഞാൻ ചോദ്യഭാവത്തിൽ നോക്കി. അവൾ പറഞ്ഞു." ഇനി ഞാനായിട്ടെന്തിനാ.. വേണ്ടാന്ന് വയ്ക്കണേ... ഇതിയാന് ഞാനിന്ന് കമ്പനി തരാം."
" ദദാടീ.. പറയണേ.. അടിച്ച വഴിയേ പോയിലെങ്കീ പോയ വഴിയേ അടി.... നീയാ ഗ്ലാസിങ്ങു താ..."
" ചിയേഴ്സ്"
"ചിയേഴ്സ്".
" അന്ന് ഞങ്ങൾ രണ്ടു പേരും ബോധം കെട്ടുറങ്ങി. സ്കൂൾ വെക്കേഷൻ സമയമായതു കൊണ്ട് കുട്ടികൾ വല്യമ്മച്ചീടെ അടുത്തായിരുന്നു. അടുത്ത ദിവസം രണ്ടു മൂന്നു പെഗ്ഗടിച്ചപ്പോഴേക്കും അവൾ പാട്ടുപാടി തുടങ്ങി." ചക്കാട്ടു വീട്ടിൽ
കൊച്ചുവറീതിന്റെ
മോളാണു ഞാൻ.. ഹാ..
കൊച്ചുവറീതിന്റെ
മോളാണു ഞാൻ...... എന്റെ കയ്യിലിരുന്ന കുപ്പി വാങ്ങി അവൾ മട മടാന്നു കുടിച്ചു. പിന്നെ ബോധം കെട്ടു കിടന്നു. മണിക്കൂറുകൾ ഒരേ കിടപ്പ്." അച്ചോ... അവളുടെ പോക്ക് ശരിയല്ലെന്ന് അപ്പഴാ അറിഞ്ഞത്. ഏതാണ്ട് ഒരു ആറു മാസം കൊണ്ട് അവൾ മദ്യത്തിനടിമയായി മാറി. അച്ചോ ഞാനിനി എന്തു ചെയ്യണം."
ഓട്ടോ ഒരു ശബ്ദത്തോടെ വീടിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. ടോമിച്ചൻ ഓർമ്മയിൽ നിന്ന് വീട്ടു മുറ്റത്തേക്ക് കാലെടുത്ത് വച്ചു. "ചേട്ടാ ഒക്കെ ശരിയായോ ചേട്ടാ.". ഓട്ടോ ഡ്രൈവർ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.
" ങ്‌ഹാ.... ശരിയായീന്നാ പറഞ്ഞേ."
" പ്ഫാ...! നായിന്റെ മോനേ"" എൽ സമ്മയുടെ വായിൽ നിന്നും അക്ഷരങ്ങൾ കുതിച്ചു ചാടി.പിന്നാലെ ഓട്ടോയിൽ നിന്ന് എൽ സമ്മയും.