Thursday, 23 February 2012

വീണ്ടും ക൪ണ്ണ൯

                                                   വീണ്ടും ക൪ണ്ണ൯
          രാത്രിചന്നംപിന്നം ചാറി  നിന്ന മഴയെ  ചെറുക്കാനാണ്  ചായ്പിൽ കയറി നിന്നത് . പഴകി ദ്രവിച്ച ഓലകൾ കിഴവിയുടെ തൂങ്ങിയാടുന്ന കാതുകൾ    പോലെയായിരുന്നു. തുരുത്തിൽ   ഒറ്റപ്പെട്ടവനെ പോലെ ദൂരെ നിന്ന  വിളക്കുമരത്തിൽ   തെളി ഞ്ഞ ഇത്തിരിവെട്ടം . വൃക്ഷങ്ങളുടെ  നിഴൽ ഭയമുണർത്തുന്ന ചിത്രങ്ങൾ  വരച്ചിട്ടു.പുഴവെള്ളത്തിൽ  പതിച്ച വെളിച്ചം പാമ്പുകളെ പ്പോലെ ഇഴഞ്ഞു നീങ്ങി. കെട്ടിയിട്ട വഞ്ചി താളം തുള്ളുന്നുണ്ടായിരുന്നു.
         
           മഴ ഒട്ടൊന്നടങ്ങിയപ്പോൾ വേദനയുടെ ശബ്ദം കേൾ ക്കായി.ക൪ണപുടങ്ങളിൽ  അത് കുത്തിക്കയറി.കാതു കൂ൪ പ്പിച്ച്  നിന്നു ഞാ൯.കണ്ണുകൾ ചുറ്റും പരതി. ചായ്പിനപ്പുറത്ത്   ആരോ.ഇടക്ക്  ഉയ൪ന്ന ശ്വാസഗതി. പിന്നെ നിശബ്ദത.  ചി ലപ്പോൾ   രോദനം .
കാലിന്റെ  പെരുവിരൽ  തുമ്പ് മുതൽ   പാമ്പിഴഞ്ഞു  കയറു ന്നത്    പോലെ തോന്നി.  എന്റെ  പാദങ്ങൾക്കടിയിൽ   നിന്ന്  വേരുകൾ  മുളച്ചു. അവ മണ്ണ് തുളച്ചു ആ ഴ്ന്ന് ഇറങ്ങി.  ഹൃദയം തുടി   കൊട്ടി.
 വീണ്ടും ദയനീയമായ കരച്ചിൽ .
            ഒട്ടൊന്നു    ശാന്തമായി .ഈറ൯ കാറ്റ് വീശി. സമയം ഇഴഞ്ഞു നീങ്ങി. മഴ വീണ്ടും ശക്തി പ്രാപിച്ചു. വലിയ തുള്ളികൾ പതിച്ചപ്പോൾ ദ്രവിച്ച ഓലകൾക്കിടയിലൂടെ വെള്ളം ശരീരമാകമാനം വീണു .ധരിച്ചിരുന്ന വസ്ത്രം ശരീരത്തിലൊട്ടിച്ചേ൪ന്നു.
            കോരിച്ചൊരിയുന്ന    മഴയത്ത്     അ൪ദ്ധരാത്രിയിൽ  തനിയെ ..........,തനിച്ചല്ല  ,....... മറ്റാരോ അപ്പുറത്ത് .
      പുഴയിലേക്ക്  ചാഞ്ഞുനിന്ന മരം ഇളകിയാടി. കാറ്റ് ദ്രവിച്ച ഓലയുടെ ഗന്ധവും പേറി വന്നു. ഒന്ന് ശങ്കിച്ച്, പിന്നെ കടന്നു  പോയി .നദി മഴയുടെ വരവ് ആഘോഷിച്ചു.
         ചിലമ്പിച്ച ശബ്ദത്തിൽ  ചിലച്ചു കൊണ്ട് മഴ നനഞ്ഞ് ഒരു കിളി തെക്കോട്ട്‌ പറന്നു പോയി.
ഒരു ദുശ്ശകുനം പോലെ .
         മഴ കനത്തു .
         വീണ്ടും ഉച്ചസ്ഥായിയിൽ ഒരു കരച്ചിൽ.മുക്രയിടുന്ന പോലെ ഒരു  ശബ്ദം . ദീ൪ഘമായൊരു  ശ്വാസം .  ഒരു കുഞ്ഞിന്റെ  നിലവിളി അന്തരീക്ഷത്തെ രണ്ടായി കീറി .ഭൂമിയിലേക്കുള്ള ആഗതന്റെ അറിയിപ്പ്. മനസ്സിൽ  ആരോ  പെരുമ്പറ  കൊട്ടി .കുഞ്ഞിന്റെ ശബ്ദം മഴയിൽ അലിഞ്ഞു ചേ൪ന്നു.
       വിനാഴികകൾ, നാഴികകൾ . മഴയൊടുങ്ങി.
       അവസാനത്തെ തുള്ളി ശിരസ്സിൽ ഏറ്റു വാങ്ങി . ശാന്തം    മഹാശാന്തം.കാറ്റ് നിശ്ചലം  .
  ഇരുണ്ട വസ്ത്രമണിഞ്ഞു   ശിരസ്സ്‌ വരെ മൂടിപ്പുതച്ച ആരോ,മെല്ലെ  ഒച്ചയനക്കമില്ലാതെ  .............ഞാ൯  ശ്വാസമടക്കി നിന്നു.  ആ രൂപം  പുഴയെ  ലക്ഷ്യമാക്കി  നീങ്ങി. കയ്യിൽ  ഒരു ചെറിയ പെട്ടകം.
     ഏല്‍പിച്ച പെട്ടകം ,ഇരു കൈകളും നീട്ടി   പുഴ ഏറ്റ് വാങ്ങി  നെഞ്ചേറ്റു  ലാളിച്ചു.താളത്തിൽ ഊഞ്ഞാലാട്ടി. രൂപം  ഇരുളിൽ  മറഞ്ഞു.
 സൂര്യ൯ ഉറക്കമാണ്. കാറ്റും മഴയും ഉറങ്ങി.
           പുഴയുടെ താളത്തിൽ ചാഞ്ചാടുന്ന കൊച്ചുപെട്ടകം. എന്തിനോ, ആ൪ക്കോ എതിരെ പ്രതിഷേധിച്ചു കൊണ്ട്  ഒരു കൊച്ചിളം കൈ ,മുഷ്ടി ചുരുട്ടി വായുവിൽ ആഞ്ഞിടിച്ചു.